അച്ചപ്പം

നാലുമണി ചായയോടൊപ്പവും വിരുന്നിനും വിളമ്പാന്‍ വീട്ടില്‍ തന്നെ തയാറാക്കിവെക്കാവുന്ന  പലഹാരമാണ് അച്ചപ്പം. അച്ചപ്പമുണ്ടാക്കാനുള്ള പാചകകുറിപ്പ് ഇതാ.

ചേരുവകള്‍:

കുതിര്‍ത്ത പച്ചരി പൊടിച്ചത് -അര കിലോ
പഞ്ചസാര -മധുരം ആവശ്യത്തിനിടാം
കട്ടിത്തേങ്ങാപ്പാല്‍ -രണ്ട് കപ്പ്
കോഴിമുട്ട -നാലെണ്ണം
എള്ള് കഴുകിയത് -മൂന്ന് ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -ഒരു നുള്ള്
ഉപ്പ്, വെളിച്ചെണ്ണ -ആവശ്യത്തിന്

തയാറാക്കുന്ന വിധം:

കോഴിമുട്ടയും ആവശ്യത്തിന് പഞ്ചസാരയും ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും ഒരുമിച്ചാക്കി നന്നായി അടിച്ച് പതപ്പിക്കുക. അതിലേക്ക് തേങ്ങാപ്പാല്‍ ചേര്‍ത്ത് ഇളക്കി യോജിപ്പിച്ചതിനുശേഷം അരിപ്പൊടി അല്‍പാല്‍പമായി ഇട്ട് കലക്കുക. അതിലേക്ക് എള്ളും ഉപ്പും ചേര്‍ക്കണം.
പൊരിക്കുന്ന സമയത്തിന് അര മണിക്കൂര്‍ മുമ്പുതന്നെ അച്ചപ്പം ചുടുന്ന അച്ച് പുളികലക്കിയ വെള്ളത്തില്‍ ഇട്ടുവെക്കണം. എണ്ണ തിളക്കുമ്പോള്‍ അച്ചെടുത്ത് കഴുകി തുടച്ച് എണ്ണയില്‍ അഞ്ചു മിനിറ്റ് ഇട്ടുവെച്ചതിനുശേഷം അച്ചെടുത്ത് കലക്കിവെച്ചിരിക്കുന്ന മാവില്‍ പകുതിഭാഗം മാത്രം മുക്കി മെല്ലെ ഒന്ന് കുടഞ്ഞശേഷം തിളക്കുന്ന വെളിച്ചെണ്ണയില്‍ മുക്കിപ്പിടിക്കുക. ഒരു മിനിറ്റിനുശേഷം അച്ച് കുലുക്കുക. അപ്പോള്‍ അച്ചില്‍നിന്ന് മാവ് വേറിട്ട് എണ്ണയില്‍ വീഴും. അല്‍പനേരത്തിനുശേഷം അച്ചപ്പം ഒന്ന് മറിച്ചിട്ട് പാകത്തിന് മൂപ്പോടെ വറുത്തുകോരാം. (വെള്ളം ഏറിയെന്ന് തോന്നിയാല്‍ ആവശ്യത്തിന് മൈദ ചേര്‍ക്കാം).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.