വിഷുവിരുന്ന്

വിഷുക്കാലമത്തെി.തൊടിയില്‍ മഞ്ഞപ്പട്ടണിഞ്ഞ് കണിക്കൊന്ന പൂത്തുതുടങ്ങി. അടുക്കളയില്‍ നിന്ന് പടരട്ടെ വിശേഷപ്പെട്ട വിഷു വിഭവങ്ങളുടെ കൊതിയൂറുന്ന മണം!

സീതപ്പഴം, ഇളനീര്‍ സ്പെഷല്‍ പാല്‍പായസം

ചേരുവകള്‍:
1) നന്നായി പഴുത്ത നല്ല കാമ്പുള്ള സീതപ്പഴം : നാല് എണ്ണം
2) കരിക്കുപ്രായം കഴിഞ്ഞ നേരിയ ഇളനീര്‍ കാമ്പ് സ്കൂപ്പുചെയ്തെടുത്തത്: ഒരു കപ്പ്
3) പാല്‍: രണ്ട് ലിറ്റര്‍
4) പഞ്ചസാര: ഒന്നര  രണ്ട് കപ്പ്
5) അണ്ടിപ്പരിപ്പ് കുതിര്‍ത്തത് അര കപ്പ്
6) ഏലക്കാപൊടി: മുക്കാല്‍ ടീസ്പൂണ്‍
7) ബദാം കുതിര്‍ത്തരിഞ്ഞത്: ഒന്നര ടേബ്ള്‍ സ്പൂണ്‍
8) നെയ്യ്: ഒരു ടേബ്ള്‍ സ്പൂണ്‍
9) അണ്ടിപ്പരിപ്പ്: രണ്ട് ടേബ്ള്‍ സ്പൂണ്‍
10) കുങ്കുമപ്പൂ: അല്‍പം/ റോസ് എസ്സന്‍സ്: മൂന്ന്  നാല് തുള്ളി

പാകം ചെയ്യുന്ന വിധം:
സീതപ്പഴം തൊലിയും കുരുവും കളഞ്ഞ് ഒന്നര കപ്പ് പാലില്‍ നന്നായി ഞരടി ദശ മുഴുവന്‍ പാലില്‍ അലിയിച്ചെടുക്കണം. വലിയ കണ്ണുള്ള അരിപ്പയില്‍ അരിച്ചു വെക്കണം.
കരിക്കുപ്രായം കഴിഞ്ഞ പാടപോലെയുള്ള ഇളനീര്‍ സ്കൂപ്പു ചെയ്തെടുത്ത് കുറച്ചു പാലും ചേര്‍ത്ത് മിക്സിയില്‍ നന്നായി അരച്ചെടുക്കണം.
അണ്ടിപ്പരിപ്പ് കുതിര്‍ത്തത് കുറച്ച് പാലും ചേര്‍ത്ത് മിക്സിയില്‍ അരച്ചെടുക്കണം.
ഉരുളിയില്‍ സീതപ്പഴത്തിന്‍െറ ദശ, കരിക്കുകാമ്പ് അരച്ചത്, അണ്ടിപ്പരിപ്പ് അരച്ചത് ബാക്കിയുള്ള പാല് എല്ലാം ചേര്‍ത്ത് ഇടത്തരം ചൂടില്‍ ഇളക്കിക്കൊണ്ടിരിക്കണം. തിളക്കുമ്പോള്‍ ആവശ്യാനുസരണം പഞ്ചസാര ചേര്‍ത്ത് കൊടുക്കാം. തിളച്ച് കുറുകിത്തുടങ്ങുമ്പോള്‍ ഏലക്കാപ്പൊടിയും ബദാം അരിഞ്ഞതും ചേര്‍ത്തിളക്കി ഇറക്കി വെക്കണം. അണ്ടിപ്പരിപ്പ് നെയ്യില്‍ വറുത്ത് പായസത്തില്‍ ഒഴിക്കണം. കുങ്കുമപ്പൂ ഉണ്ടെങ്കില്‍ മുകളില്‍ വിതറാം. ഇല്ളെങ്കില്‍ രണ്ടുമൂന്നു തുള്ളി റോസ് എസ്സന്‍സ് ചേര്‍ക്കാം.
ആവി പോകത്തക്കവിധത്തില്‍ പായസം അടച്ചുവെച്ച് അര മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞ് എല്ലാം നന്നായി സെറ്റായി കഴിഞ്ഞാല്‍ ഉപയോഗിക്കാം.
വളരെ വ്യത്യസ്തമായ, നല്ല രുചികരമായ സീതപ്പഴം, ഇളനീര്‍ പാല്‍പായസമാകട്ടെ ഇത്തവണത്തെ വിഷു സ്പെഷല്‍.

കുഞ്ഞുരുള, കുഞ്ഞിക്കോല്‍, കദളിപ്പഴം പ്രഥമന്‍

ചേരുവകള്‍:
1) വറുത്തു വെച്ച അരിപ്പൊടി: ഒരു കപ്പ്
2) കദളിപ്പഴം നുറുക്കിയത്: ഒരു കപ്പ്
3) ശര്‍ക്കര: അര കിലോഗ്രാം
4) പഞ്ചസാര: ഒരു ടേബ്ള്‍ സ്പൂണ്‍
5) നെയ്യ്: കാല്‍ കപ്പ്
6) തേങ്ങാപാല്‍: ഒന്നാം പാല്‍: രണ്ട് കപ്പ്, രണ്ടാം പാല്‍: ഏഴ്  എട്ട് കപ്പ്
7) ഏലക്കാ പൊടി, ചുക്കു പൊടി, ജീരകപ്പൊടി: മുക്കാല്‍ ടീസ്പൂണ്‍ വീതം
8) തേങ്ങാക്കൊത്ത്: അര ടേബ്ള്‍ സ്പൂണ്‍
9) അണ്ടിപ്പരിപ്പ്: എട്ട്  പത്ത് എണ്ണം
10) ബദാം കുതിര്‍ത്തരിഞ്ഞത്: ഒരു ടേബ്ള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം
രണ്ട് കപ്പ് തിളച്ച വെള്ളത്തില്‍ ഒരു നുള്ള് ഉപ്പിട്ട് അരിപ്പൊടി പത്തിരിക്ക് കുഴക്കുന്നപോലെ കുഴച്ച് നെയ്യ്തൊട്ട് മയം വരുത്തി ചെറിയ ചെറിയ ഉരുളകളും ഒരു സെന്‍റിമീറ്റര്‍ വലുപ്പമുള്ള കുഞ്ഞിക്കോലുകളും തയാറാക്കണം. ഇവ ആവിയില്‍ വെച്ചോ ഓവനില്‍ വെച്ചോ വേവിച്ചെടുക്കണം. പച്ചവെള്ളം ഒഴിച്ച് കഴുകി പശ കളഞ്ഞ് അരിപ്പയില്‍ ഇട്ട് വെള്ളം ഊറ്റിയെടുത്ത് ഒരു പാത്രത്തിലാക്കി പഞ്ചസാര ചേര്‍ത്ത് ഇളക്കി വെക്കണം.
ഉരുളിയില്‍ ശര്‍ക്കര ഉരുക്കിയത് അരിച്ചൊഴിച്ച് തയാറാക്കിവെച്ച അരിപ്പൊടി ഉരുളകളും പഴം അരിഞ്ഞുവെച്ചതും കുറച്ച് നെയ്യും ഒഴിച്ച് കുറെ നേരം ഇളക്കി എല്ലാം ഒന്നു യോജിച്ചുകഴിഞ്ഞതിനുശേഷം രണ്ടാം പാല്‍ ഒഴിച്ചു കൊടുക്കാം. അടിയില്‍ പിടിക്കാതെ ഇളക്കിക്കൊണ്ടിരിക്കണം. നന്നായി തിളച്ച് കുറച്ചൊന്നു കുറുകിക്കഴിഞ്ഞാല്‍ ഒന്നാം പാല്‍ ഒഴിച്ചു കൊടുക്കാം. ഏലക്ക, ചുക്ക്, ജീരകം പൊടികളും ചേര്‍ക്കാം. നന്നായി ഇളക്കി തിളവരുന്നതിന് തൊട്ടുമുമ്പായി ഇറക്കിവെക്കാം.
നെയ്യില്‍ തേങ്ങാക്കൊത്തും അണ്ടിപ്പരിപ്പും മൂപ്പിച്ച് ഒഴിക്കണം. ബദാം അരിഞ്ഞതും വിതറി ആവി പോകത്തക്കവിധത്തില്‍ അടച്ചുവെക്കണം. അര മണിക്കൂര്‍ കഴിഞ്ഞ് പ്രഥമന്‍ നന്നായി സെറ്റായിക്കഴിഞ്ഞതിന് ശേഷം ഉപയോഗിക്കാം.
ഈ കുഞ്ഞുരുള, കുഞ്ഞിക്കോല്‍, കദളിപ്പഴം പ്രഥമന്‍ വളരെ രുചികരമാണ്. ഏവര്‍ക്കും ഇഷ്ടപ്പെടും.

കുഞ്ഞിക്കലത്തപ്പം ചേരുവകള്‍:

1) പൊന്നി അരി: ഒരു കപ്പ് (കുതിര്‍ത്ത് നല്ല മയത്തില്‍ വെള്ളം കൂടാതെ അരച്ചെടുക്കണം)
2) മൈദ: ഒരു ടേബ്ള്‍ സ്പൂണ്‍
3) പഞ്ചസാര: ഒന്നരരണ്ട് കപ്പ്
4) പാല്‍: ഒരു കപ്പ്
5) ഏലക്കാ പൊടി: ഒരു ടീസ്പൂണ്‍
6) എള്ള്, സാജീരകം: ഒരു ടീസ്പൂണ്‍ വീതം
7) പെരുംജീരകം: അര ടീസ്പൂണ്‍
8) ജാതിക്കാപൊടി: ഒരു നുള്ള്
9) അണ്ടിപ്പരിപ്പ് നുറുക്കിയത്, കിസ്മിസ്: ഒന്നര ടേബ്ള്‍ സ്പൂണ്‍ വീതം
10) ബദാം അരിഞ്ഞത്: ഒരു ടേബ്ള്‍ സ്പൂണ്‍
11) വെളിച്ചെണ്ണ: ആവശ്യാനുസരണം
12) നെയ്യ്: കുറച്ച്

പാകം ചെയ്യുന്നവിധം
ഒന്നു മുതല്‍ പത്തു വരെയുള്ള ചേരുവകള്‍ ഇഡ്ഡലിമാവിന്‍െറ അയവില്‍ യോജിപ്പിച്ച് രണ്ടു മണിക്കൂര്‍ കുതിരാന്‍ വെക്കണം.
ചെറിയ ചീനച്ചട്ടി ചൂടാകുമ്പോള്‍ മുക്കാല്‍ കപ്പ് വെളിച്ചെണ്ണയും ഒരു ടീസ്പൂണ്‍ നെയ്യും ഒഴിച്ച് തിള വരുമ്പോള്‍ ഒരു കയില്‍ മാവ് ഒഴിക്കുക. ചീനച്ചട്ടിയിലെ എണ്ണ ചുറ്റുവശത്തുനിന്നും അപ്പത്തിന് മുകളിലേക്ക് കയിലുകൊണ്ട് തേകി ഒഴിച്ചുകൊണ്ടിരിക്കണം. തീ ക്രമീകരിച്ച് അപ്പം ഉള്ള് വേവുന്നതുവരെ ഇങ്ങനെ തേകിക്കൊണ്ടിരിക്കണം.  അപ്പം മറിച്ചിട്ട് വേവിക്കരുത്. ആരുപോലെ നന്നായി പൊങ്ങിവരും. ചെറിയ ചൂടില്‍ അപ്പം പാകമായിക്കഴിഞ്ഞാല്‍ നേരിയ വെള്ള പഴന്തുണിയോ ടിഷ്യൂ പേപ്പറോ നിരത്തിയ പരന്ന പാത്രത്തിലേക്ക് കോരിയിട്ട് എണ്ണ തുടച്ചെടുക്കാം. വീണ്ടും ഓരോ കയില്‍ ഒഴിച്ച് ഇതുപോലെ അപ്പം പാകമാക്കിയെടുക്കാം. ചീനച്ചട്ടിയില്‍ നെയ്യപ്പത്തിനും മറ്റും ഒഴിക്കുന്നത്ര എണ്ണ ഒഴിക്കരുത്. എണ്ണ വറ്റുന്നതിനനുസരിച്ച് കുറേശ്ശ ഒഴിച്ചു കൊടുത്താല്‍ മതി.
വെളുത്ത നിറമുള്ള വളരെ മൃദുവായ, ആര് കാണാനും ഭംഗിയായിരിക്കും. വളരെ രുചികരവും. രണ്ട് മൂന്നു ദിവസത്തേക്ക് കേടുവരില്ല. ചൂടാറിയാല്‍ വായു കയറാതെ ടിന്നിലടച്ചു വെക്കാം. പഞ്ചസാരക്കു പകരം ദ്വീപ് ചക്കര ഉപയോഗിച്ച് കുഞ്ഞിക്കലത്തപ്പം ഉണ്ടാക്കാം. അല്‍പം ക്രീം കളര്‍ ആയിരിക്കും. വിശേഷാവസരങ്ങളില്‍ വിരുന്നൊരുക്കാനും കണിവെക്കാനും മറ്റും നന്നായിരിക്കും.

പഴുത്ത ചക്കച്ചുളയും നേന്ത്രപ്പഴവും ചേര്‍ത്ത കുമ്പിളപ്പം

ചേരുവകള്‍:
1) നല്ല പഴുത്ത മധുരമുള്ള ചക്കച്ചുള അരിഞ്ഞത്: ഒന്നര കപ്പ്
2) പഴുത്ത നേന്ത്രപ്പഴം ചെറുതായരിഞ്ഞത്: ഒരു കപ്പ്
3) തേങ്ങ ചിരകിയത്: ഒന്നര കപ്പ്
4) ഏലക്ക പൊടി: ഒരു ടീസ്പൂണ്‍
5) വറുത്ത എള്ള്: ഒരു ടീസ്പൂണ്‍
6) സാജീരകം: മുക്കാല്‍ ടീസ്പൂണ്‍
7) ശര്‍ക്കര: 250 ഗ്രാം അല്ളെങ്കില്‍ പഞ്ചസാര ഒരു കപ്പ്
8) വറുത്ത പത്തിരിപ്പൊടി: രണ്ട് കപ്പ്
9) ഉപ്പ്: കുറച്ച്
10) തിളച്ച വെള്ളം: നാല് കപ്പ്
11) പഞ്ചസാര: രണ്ട് ടേബ്ള്‍ സ്പൂണ്‍
12) നെയ്യ്: കുറച്ച്

പാകം ചെയ്യുന്ന വിധം:
അല്‍പം നെയ്യില്‍ ചക്കച്ചുളയും നേന്ത്രപ്പഴവും അരിഞ്ഞുവെച്ചത് വഴറ്റണം. ഇതിലേക്ക് തേങ്ങ ചിരകിയത് ചേര്‍ത്തിളക്കണം. എള്ള്, ഏലക്ക, സാജീരകത്തില്‍ പകുതി എന്നിവയും ചേര്‍ത്ത് ഇളക്കി ഇറക്കി വെക്കണം.
ശര്‍ക്കര ചീകിയെടുത്ത് (പഞ്ചസാരയാണെങ്കില്‍ അതോ) ഈ കൂട്ടിലേക്ക് ചേര്‍ത്ത് ഇളക്കി വെക്കണം.
തിളച്ച വെള്ളത്തിലേക്ക് ഉപ്പും പഞ്ചസാരയും സാജീരകത്തില്‍ പകുതിയും ചേര്‍ത്തിളക്കിയതില്‍ അരിപ്പൊടി ഇട്ട് നന്നായി കുഴച്ച് കൈയില്‍ മയം പുരട്ടി ചെറുനാരങ്ങാ വലുപ്പത്തിലുള്ള ഉരുളകളായി വെക്കണം.
പച്ചപ്ളാവില 1015 എണ്ണം കഴുകിത്തുടച്ചെടുത്ത് മയം പുരട്ടണം. പച്ച ഈര്‍ക്കില്‍ കഷണങ്ങള്‍ കൊണ്ട് പ്ളാവില നീളത്തില്‍ വളച്ച് കുമ്പിളുകള്‍ തയാറാക്കണം. ഈ കുമ്പിളുകളില്‍ തയാറാക്കി വെച്ച അരിമാവ് ഒരേ കനത്തില്‍ പരത്തി അകത്ത് ഒന്നര ടേബ്ള്‍ സ്പൂണ്‍ വീതം ചക്കച്ചുള നേന്ത്രപ്പഴക്കൂട്ട് വെച്ച് അരിമാവ് കൊണ്ട് കുമ്പിളടച്ച് വിരലുകള്‍കൊണ്ട് ഷേപ്  ചെയ്തെടുക്കണം. ഇങ്ങനെ എല്ലാ കുമ്പിളുകളും തയാറാക്കി, അപ്പച്ചെമ്പിലോ ഇഡ്ഡലിച്ചെമ്പിലോ വെച്ച് ആവി കയറ്റണം. ആവിയില്‍ കുമ്പിളുകള്‍ വെന്തു കഴിഞ്ഞാല്‍ തീ ഓഫ് ചെയ്ത് ചൂടാറിയാല്‍ ഉപയോഗിക്കാവുന്നതാണ്.
വരട്ടി വെച്ച ചക്ക ഉപയോഗിച്ചും കുമ്പിളപ്പം തയാറാക്കാം. നേന്ത്രപ്പഴം മാത്രം ഉപയോഗിച്ചും കുമ്പിളപ്പം തയാറാക്കാം. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന കുമ്പിളപ്പം കണിവെക്കാനും പറ്റിയ വിഭവമാണ്.

മാമ്പഴവും നേന്ത്രപ്പഴവും കൊണ്ട് വിശേഷപ്പെട്ട കാളന്‍

ചേരുവകള്‍:
1) പഴുത്ത നല്ല കാമ്പുള്ള സുഗന്ധമുള്ള ഇനം മാമ്പഴം (തൊലി കളഞ്ഞ് കുറച്ചു വലിയ കഷണങ്ങളായി മുറിച്ചു വെക്കണം) : ഒന്ന് വലുത്
2) നേന്ത്രപ്പഴം (തൊലി കളഞ്ഞ് നെടുകെ മുറിച്ച് ഒരിഞ്ച് കഷണങ്ങളാക്കണം) : ഒന്ന് വലുത്
3) പച്ചമുളക് നീളത്തിലരിഞ്ഞത്: മൂന്ന് എണ്ണം
4) ഇഞ്ചി ചെറുതായരിഞ്ഞത്: ഒരു ടേബ്ള്‍ സ്പൂണ്‍
5) മുളക് പൊടി: ഒരു ടീസ്പൂണ്‍
6) ഉപ്പ് : ആവശ്യത്തിന്
7) തേങ്ങ ചിരകിയത്: ഒരു കപ്പ്
8) മഞ്ഞള്‍ പൊടി: അര ടീസ്പൂണ്‍
9) ജീരകം: അര ടീസ്പൂണ്‍
10) നല്ല പുളിയുള്ള തൈര്: രണ്ട് കപ്പ്
11) വെളിച്ചെണ്ണ : രണ്ട് ടേബ്ള്‍ സ്പൂണ്‍
12) കടുക്: അര ടീസ്പൂണ്‍
13) ഉലുവ: കാല്‍ ടീസ്പൂണ്‍
14) ചുവന്ന മുളക്: രണ്ട് മൂന്ന് എണ്ണം നുറുക്കിയത്
15) കറിവേപ്പില: കുറച്ച്
16) മുളക് പൊടി: കാല്‍ ടീസ്പൂണ്‍
17) മഞ്ഞള്‍ പൊടി: കാല്‍ ടീസ്പൂണ്‍
18) ഉലുവപ്പൊടി: അല്‍പം
19) കുരുമുളകു പൊടി: മുക്കാല്‍ ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം:
ഒരു കുക്കറില്‍ മാങ്ങാ കഷണങ്ങളും നേന്ത്രപ്പഴക്കഷണങ്ങളും മൂന്നു മുതല്‍ ആറ് വരെയുള്ള ചേരുവകളും മുക്കാല്‍ കപ്പ് വെള്ളവുമൊഴിച്ച് ഒരു വിസില്‍ വരുന്നതുവരെ അടുപ്പില്‍ വെക്കുക.
മഞ്ഞള്‍ പൊടിയും ജീരകവും ചേര്‍ത്ത് തേങ്ങ അരച്ചെടുക്കണം. വേവിച്ച കഷണങ്ങളിലേക്ക് കട്ട ഉടച്ച തൈരും തേങ്ങാക്കൂട്ടും ചേര്‍ത്ത് തിളക്കുമ്പോള്‍ കുറച്ച് കറിവേപ്പില ചേര്‍ത്ത് ഇറക്കി വെക്കാം. സര്‍വ് ചെയ്യാനുള്ള പാത്രത്തിലേക്ക് ഈ കറി ഒഴിക്കണം.
വെളിച്ചെണ്ണയില്‍ കടുക്, ഉലുവ, മുളക്, കറിവേപ്പില എന്നിവ മൂപ്പിച്ച് തീ ഓഫാക്കുക. 16 മുതല്‍ 19 വരെ ചേര്‍ത്ത് ഇളക്കി ഉടനെ കറിക്ക് മുകളില്‍ ഭംഗിയായി ഒഴിക്കുക. ഇളക്കരുത്. വിളമ്പിക്കൊടുക്കുമ്പോള്‍ കുറേശ്ശ വറവും കിട്ടത്തക്ക വിധത്തില്‍ കയിലുകൊണ്ട് കോരിയെടുത്താല്‍ മതി. വളരെ രുചികരവും വ്യത്യസ്തവുമായ മാമ്പഴവും നേന്ത്രപ്പഴവും കൊണ്ടുള്ള കാളന്‍ തയാര്‍.
വിഷു വിഭവങ്ങളില്‍ ഈ കാളന്‍ ഉണ്ടാക്കി കഴിച്ചു നോക്കൂ. സൂപ്പര്‍! ഞാന്‍ ഗാരന്‍റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.