തെറ്റ്റോഡിലെ ഉണ്ണിയപ്പം

വിപ്ളവ സ്മരണകളുറങ്ങുന്ന തിരുനെല്ലിക്കാടുകള്‍ക്ക് നടുവിലെ മൂന്നുംകൂടിയ കവലയാണ് തെറ്റ്റോഡ്. മാനന്തവാടിയില്‍ നിന്നുള്ള റോഡ് രണ്ടായി പിരിഞ്ഞ് തിരുനെല്ലി ക്ഷേത്രത്തിലേക്കും കര്‍ണാടകയിലെ കുടകിലേക്കും തെറ്റുന്നത് ഇവിടെ നിന്നാണ്. അതുകൊണ്ടായിരിക്കാം കാട്ടിനുള്ളിലെ ഈ കവല തെറ്റ്റോഡെന്ന് അറിയപ്പെടുന്നതും.

തെറ്റ്റോഡ് കവല ഇന്ന് ഏറെ പ്രസിദ്ധമാണ്. മറ്റൊന്നുംകൊണ്ടല്ല, ഇവിടെയാണ് കുട്ടേട്ടന്‍െറ ‘ജംഗിള്‍വ്യൂ’ എന്ന പ്രസിദ്ധമായ ഉണ്ണിയപ്പക്കട. തിരുനെല്ലി ക്ഷേത്രത്തിലേക്കും കുടകിലേക്കും പോകുന്ന സഞ്ചാരികള്‍ക്ക് കുട്ടേട്ടന്‍െറ കട ഒരാശ്വാസകേന്ദ്രം മാത്രമല്ല ഒരു ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ കൂടിയാണ്. തിരുനെല്ലി ക്ഷേത്രത്തിലെ പൂജാസമയങ്ങളും തോല്‍പ്പെട്ടി, നാഗര്‍ഹോള വന്യജീവി സങ്കേതങ്ങളിലെ സന്ദര്‍ശന സമയവും കുട്ടേട്ടന്‍െറ ‘ജംഗിള്‍വ്യൂ’ ഹോട്ടലില്‍ നിന്നറിയാം. സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഉണ്ണിയപ്പവുമായി കുട്ടേട്ടനും കുടുംബവും സദാസമയവും ജംഗിള്‍വ്യൂവിലുണ്ടാകും.

വനമധ്യത്തിലൂടെ കടന്നുപോകുന്നവരാരും ഉണ്ണിയപ്പത്തിന്‍െറ രുചിയറിയാതെ പോകാറില്ല. വാഹനങ്ങള്‍ നിര്‍ത്തി ഉണ്ണിയപ്പം പാര്‍സലാക്കി കൊണ്ടുപോകുന്നവരും ഏറെയാണ്. തെറ്റ്റോഡില്‍ വനംവകുപ്പിന്‍െറ ലീസ് ഭൂമിയിലാണ് കുട്ടേട്ടന്‍െറ കട. മുളച്ചീന്തുകൊണ്ടുള്ള ചുവരില്‍ മണ്ണ് മെഴുകിയും മുളകൊണ്ടുള്ള ഇരിപ്പിടവും പുല്ലുമേഞ്ഞ മേല്‍ക്കൂരക്കുമേല്‍ ഷീറ്റ് പാകിയതുമാണ് ‘ജംഗിള്‍വ്യൂ’. ഉണ്ണിയപ്പത്തോടൊപ്പം ഇവിടത്തെ ദോശയും ചട്ടിണിയും മോരും പ്രമാദമാണെന്ന് യാത്രികര്‍.

ഉണ്ണിയപ്പത്തിന്‍െറ രുചിക്കൂട്ടിനോടൊപ്പം കുട്ടേട്ടന്‍െറ കൈപ്പുണ്യവും ചേര്‍ന്നാലേ കുട്ടേട്ടന്‍െറ സ്പെഷല്‍ ഉണ്ണിയപ്പമാകൂ. അതുകൊണ്ടുതന്നെയാണ് കര്‍ണാടകയിലേക്കും മറ്റു ജില്ലകളിലേക്കും ഉണ്ണിയപ്പം ഇവിടെനിന്ന് കയറ്റുമതിയായി പോകുന്നതും. കുടകില്‍ നിന്നുള്ള മില്ലരിയും വെള്ള ശര്‍ക്കരയും കുറ്റ്യാടിയില്‍ നിന്നുള്ള ശുദ്ധമായ വെളിച്ചെണ്ണയും ഞാലിപ്പൂവന്‍ പഴവും ഏലക്കായും ജീരകവും പശുവിന്‍ നെയ്യും തേങ്ങാക്കഷണങ്ങളും ചേര്‍ത്താണ് ഉണ്ണിയപ്പമുണ്ടാക്കുന്നത്. അരി നനച്ച് പൊടിക്കുന്നതിന് യന്ത്രസഹായമൊന്നുമില്ല കുട്ടേട്ടന്. പഴയകാലത്തെ പുളിമരത്തിന്‍െറ കുറ്റികൊണ്ടുള്ള ഉരലില്‍ ഇടിച്ചാണ് അരിപ്പൊടി തയാറാക്കുന്നത്. വിറകടുപ്പില്‍ വലിയ ഉരുളിയിലാണ് ഉണ്ണിയപ്പം പാകം ചെയ്യുന്നത്. ഭാര്യ ഇന്ദിരയും മക്കളായ വിനോദും വിജീഷും ഉണ്ണിയപ്പ നിര്‍മാണത്തിന് സഹായികളായുണ്ട്. ദിനംപ്രതി 1500ഓളം ഉണ്ണിയപ്പം ഉണ്ടാക്കിയാല്‍ തന്നെ വൈകീട്ടോടെ എല്ലാം കാലിയാകും. പ്രശസ്തരായ ഒട്ടേറെപ്പേര്‍ കുട്ടേട്ടന്‍െറ ചായപ്പീടികയില്‍ കയറി ഉണ്ണിയപ്പത്തിന്‍െറ സ്വാദറിഞ്ഞിട്ടുണ്ട്. ഗായകന്‍ എം.ജി. ശ്രീകുമാര്‍, നടന്‍ ഓംപുരി, രേവതി എന്നിവര്‍ ചിലര്‍ മാത്രം.

കടുവയും കാട്ടാനകളും കാട്ടുപോത്തും വിഹരിക്കുന്ന വനമധ്യത്തിലേക്ക് നാലു പതിറ്റാണ്ടുമുമ്പാണ് കുട്ടേട്ടനും കുടുംബവും എത്തിപ്പെടുന്നത്. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ സ്വദേശിയായ ആലിപ്പറമ്പ് ശിവദാസനെന്ന കുട്ടേട്ടന് ഇപ്പോള്‍ വയസ്സ് 70 ആയെങ്കിലും ചുറുചുറുക്കിന് ഒട്ടും കുറവില്ല. 1958ല്‍ തിരുനെല്ലി ദേവസ്വത്തിന് വനംവകുപ്പ് പാട്ടത്തിന് നല്‍കിയ 25 സെന്‍റ് ഭൂമിയിലാണ് കുട്ടേട്ടനും കുടുംബവും കഴിയുന്നത്. ഇവിടെയാണ് പീടികയും. അക്കാലത്ത് തിരുനെല്ലി ക്ഷേത്രത്തിലേക്കുള്ള യാത്രക്കാര്‍ക്ക് വഴിപറഞ്ഞുകൊടുക്കാനും വിശ്രമിക്കാനുമായുള്ള ഒരു ഇടത്താവളമായിട്ടായിരുന്നു തെറ്റ്റോഡിലെ ഈ സ്ഥലം അനുവദിച്ചിരുന്നത്.

കാട്ടുമൃഗങ്ങളുടെ ശല്യം കാരണം നേരത്തേയുള്ള കടക്കാര്‍ ഒഴിഞ്ഞു പോകുകയായിരുന്നു. ദേവസ്വത്തില്‍നിന്ന് വാടകക്കെടുത്ത സ്ഥലത്ത് ചായക്കടയും താമസവും ഒന്നിച്ചു കൊണ്ടുപോകാനായിരുന്നു കുട്ടേട്ടന്‍െറ പ്ളാന്‍. കാടിനോടും കാട്ടുമൃഗങ്ങളോടും ആത്മബന്ധം പുലര്‍ത്തിയാണ് ഓരോ ദിവസവും ഈ കുടുംബം കഴിഞ്ഞുകൂടുന്നത്. അതുകൊണ്ടുതന്നെ കാട്ടുമൃഗങ്ങളില്‍ നിന്നുള്ള ആക്രമണവും വലിയ അളവിലൊന്നും ഇതുവരെ ഉണ്ടായിട്ടില്ളെന്ന് കുട്ടേട്ടന്‍െറ സാക്ഷ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.