\'മൈസൂര്‍ പാക്ക്\' ഉണ്ടായതിങ്ങനെ!

ദക്ഷിണേന്ത്യയിലെ ശക്തമായ മൈസൂര്‍ രാജ്യം ഭരിച്ചിരുന്നത് വൊഡയാര്‍ രാജവംശമായിരുന്നു. 1935ല്‍ കൃഷ്ണരാജ വൊഡയാര്‍ ആയിരുന്നു രാജാവ്. ഇപ്പോഴത്തെ മൈസൂര്‍ കൊട്ടാരം രാജവസതിയും. എല്ലാ കാര്യങ്ങളിലും സൂക്ഷ്മത പുലര്‍ത്തിയിരുന്ന കൃഷ്ണരാജക്ക് ഭക്ഷണ കാര്യത്തിലും തന്‍േറതായ നിഷ്ഠയുണ്ടായിരുന്നു.

കൃഷ്ണരാജയുടെ മുഖ്യ പാചകക്കാരനായിരുന്നു മാദപ്പ. ഒരിക്കല്‍ രാജാവിനുള്ള ഉച്ച ഭക്ഷണമെല്ലാം തയാറാക്കിയ മാദപ്പ, താലത്തിലെ മധുരം വിളമ്പുന്ന ഭാഗം ഒഴിഞ്ഞു കിടക്കുന്നതായി കണ്ടെത്തി. ഊണ്‍ താലം നിറക്കാതെ രാജാവിനു മുന്നില്‍ എത്തിക്കുന്നതെങ്ങനെ? കുറഞ്ഞ സമയത്തിനുള്ളില്‍ ഒരു മധുര വിഭവമുണ്ടാക്കാന്‍ മാദപ്പ തീരുമാനിച്ചു. കടലമാവും നെയ്യും പഞ്ചസാര സിറപ്പില്‍ ചേര്‍ത്ത് മിശ്രിതമാക്കി അദ്ദേഹം താലത്തില്‍ വിളമ്പി.

രാജാവ് ഭക്ഷണം കഴിച്ചു തീര്‍ന്നപ്പോഴേക്കും ഈ മിശ്രിതം ഉറച്ചു കട്ടയായിരുന്നു. ഈ വിഭവം ഇഷ്ടപ്പെട്ട രാജാവ് കൊട്ടാര വിഭവങ്ങളില്‍ അത് ഉള്‍പ്പെടുത്തുകയും ചെയ്തു. മാദപ്പ തന്‍റെ ഈ പരീക്ഷണത്തെ 'മൈസൂര്‍ പക്ക' എന്നാണ് വിളിച്ചത്. 'പക്ക' എന്നതിന്‍െറ അര്‍ഥം കന്നഡയില്‍ 'മധുരക്കൂട്ട്' എന്നാണ്. മാദപ്പയുടെ 'മൈസൂര്‍ പക്ക' മൈസൂരില്‍ മാത്രമല്ല ദക്ഷിണേന്ത്യയിലാകെ പ്രസിദ്ധമായി.

ദക്ഷിണേന്ത്യയിലെ ദസറ ആഘോഷത്തിന്‍റെ ഭാഗമായി ഉണ്ടാക്കുന്ന 51 പരമ്പരാഗത വിഭവങ്ങളില്‍ രാജാവാണ് 'മൈസൂര്‍ പാക്ക്'. വിവാഹം, പിറന്നാള്‍ ഉള്‍പ്പെടെ ഏതു വിജയാഘോഷമായാലും 'മൈസൂര്‍ പാക്ക്' വിളമ്പാത്ത താലങ്ങളില്ല. വിഭവങ്ങള്‍ വിളമ്പുന്നത് പൂര്‍ത്തിയാകാന്‍ 'മൈസൂര്‍ പാക്ക്' പ്രധാനമാണെന്നാണ് സ്ത്രീകളുടെ വാദം.

മൈസൂര്‍ പാക്ക് തയാറാക്കുന്ന വിധം:
ആവശ്യമായ വസ്തുക്കള്‍:

  • അരിച്ച കടലമാവ് ^ ഒരു കപ്പ്
  • പഞ്ചസാര  ^ ഒന്നര കപ്പ്
  • നെയ്യ്  ^  രണ്ടു കപ്പ്
  • വെള്ളം  ^ ഒന്നര കപ്പ്

തയാറാക്കേണ്ട വിധം:
ആദ്യം നെയ്യ് നന്നായി ഉരുക്കിവെക്കുക. പിന്നീട് കടലമാവില്‍ രണ്ട് സ്പൂണ്‍ നെയ്യ് ചേര്‍ത്തിളക്കി വയ്ക്കുക. ഒരു പരന്ന പാത്രത്തില്‍ പഞ്ചസാരയും വെള്ളവും കലര്‍ത്തി നന്നായി ചൂടാക്കുക. നന്നായി ചൂടാകാന്‍ തുടങ്ങുമ്പോള്‍ കടലമാവ് ഇതിലിട്ട് ഇളക്കുക. ഇതില്‍ ഒരു സ്പൂണ്‍ നെയ്യ് ചേര്‍ക്കുക. ചെറു തീയില്‍ ഒരു വിധം കുറുകാന്‍ തുടങ്ങുമ്പേള്‍ നെയ്യ് കുറച്ചു കുറച്ചായി ചേര്‍ത്തിളക്കുക. പിന്നീട് ഇത് നന്നായി ഇളകിയ ശേഷം ഒരു പരന്ന പാത്രത്തില്‍ ഒഴിക്കുക. അധികം തണുക്കുന്നതിനു മുമ്പായി ആവശ്യം അനുസരിച്ച് ചെറിയ കഷണങ്ങളായി ഒരു കത്തി കൊണ്ട് മുറിക്കുക. തണുത്ത ശേഷം വായു കടക്കാത്ത പാത്രത്തിലാക്കി അടച്ചുവെക്കുക. ഏകദേശം 10 ദിവസത്തോളം ഇത് കേടുകൂടാതിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.