ഊണ്‍മേശാ മര്യാദകള്‍

ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം. ഊണ്‍മേശയില്‍ നിരത്തിയ വിഭവങ്ങളെ  ആക്രമിച്ച് കീഴ്പ്പെടുത്തുന്ന മലയാളിയെ കണ്ടാണോ ഈ ചൊല്ലുണ്ടായതെന്ന് തോന്നിപ്പോകും. മലയാളിയുടെ ചിട്ടകളില്‍നിന്ന് പലപ്പോഴും വിട്ടുനില്‍ക്കുന്നതാണ് ഊണ്‍മേശാ മര്യാദകള്‍. അനുകരണ കലയില്‍ അഗ്രഗണ്യനായ മലയാളി കണ്ടുപഠിക്കാന്‍ മറന്ന  ശീലങ്ങളില്‍ പ്രധാനമാണിത്. സല്‍ക്കാരവേളയില്‍ നല്ല ഭക്ഷണമൊരുക്കിത്തരുന്നവരെ അവഗണിക്കുന്നതിന് തുല്യമാണ് ‘നന്നായി ഭക്ഷണം’ കഴിക്കാത്തത്. വയറുനിറഞ്ഞശേഷം അല്‍പംകൂടി കഴിക്കുക എന്നതല്ല നന്നായി ഭക്ഷണം കഴിക്കുക എന്നതുകൊണ്ടുദ്ദേശിക്കുന്നത്. വീട്ടിലെന്നല്ല, സല്‍ക്കാരവേളകളിലും എന്തിന് റസ്റ്റാറന്‍റിലെ തീന്‍മേശകളില്‍പോലും നിര്‍ബന്ധമായി പാലിച്ചിരിക്കേണ്ട മര്യാദയാണിത്.
ആകര്‍ഷകമായ തീന്‍മേശ രുചിയുള്ള ഭക്ഷണം കഴിക്കാനുള്ള വിളംബരമാണ്. ആഡംബരത്തിലുപരി വൃത്തിയും വെടിപ്പുമാണ് തീന്‍മേശക്കലങ്കാരം. മേശവിരിയും  തൂവാലയും പ്ളേറ്റും സ്പൂണും ഫോര്‍ക്കും കത്തിയും ഗ്ളാസുമെല്ലാം ഇതില്‍ സുപ്രധാന പങ്കുകാരാണ്. ഭക്ഷണം കഴിക്കുന്നവരുടെ കൈയെത്തുന്ന അകലത്തില്‍ ടിഷ്യുപേപ്പര്‍ വെക്കണം. ഊണ്‍മേശക്ക് നടുവില്‍ പുതുമയും ലാളിത്യവും പേറുന്ന പൂക്കൂട വെക്കാം. അതിഥികളെ  ആകര്‍ഷിക്കാന്‍ അതുമതി.

സ്ഥാനം പ്രധാനം
പുതിയ മേശവിരിയിട്ടശേഷം അതിനുമുകളില്‍ പ്ളേറ്റുകള്‍ നിരത്താം. ഇടതുകൈകൊണ്ടാണ് ഫോര്‍ക് ഉപയോഗിക്കേണ്ടത്. അതിനാല്‍, പ്ളേറ്റിന്‍െറ ഇടതുവശത്താണ് ഫോര്‍ക്കിന് സ്ഥാനം. കത്തിയും സ്പൂണും വലതുപക്ഷക്കാരാണ്. വെറുതെ ഇടത്തും വലത്തും വെച്ചതുകൊണ്ടായില്ല. ഫോര്‍ക്കിന്‍െറ മുള്ളുകള്‍ മാനംനോക്കിയിരിക്കണം. സ്പൂണിന്‍െറ തലയും അതേപടിതന്നെ. പ്ളേറ്റിന്‍െറ അടിവശത്തിന് സമാന്തരമായാണ് ഇവയുടെ വാല്‍ഭാഗം വരേണ്ടത്. കത്തിയില്‍നിന്ന് അല്‍പം മുന്നോട്ടുമാറി വലതുവശത്തുതന്നെയാകണം ഗ്ളാസിന്‍െറ ഇരിപ്പ്. കൈകൊണ്ടാണ് ഭക്ഷണം കഴിക്കുന്നതെങ്കില്‍ വെള്ളം കുടിക്കാനുള്ള ഗ്ളാസിന് ഇടതുചായ്വാകാം. തൂവാലയോ നാപ്കിനോ പാത്രത്തിനുള്ളില്‍ ഭംഗിയുള്ള ആകൃതിയില്‍ മടക്കിവെക്കാം.

വിളമ്പല്‍ മര്യാദ
അതിഥിയോട് അനുവാദം ചോദിച്ചശേഷം വേണം വിളമ്പാന്‍. ഇരിക്കുന്ന ആളുടെ വലതുവശത്തുനിന്നാണ് ആദ്യം വിളമ്പേണ്ടത്. ഭക്ഷണം സ്വയം എടുത്ത് കഴിക്കാനുള്ള സ്വാതന്ത്ര്യമൊരുക്കുന്നതും നന്ന്. ഏറ്റവും അടുത്തിരിക്കുന്ന വിഭവം ആദ്യം വിളമ്പുക. ഇടതുവശത്തിരിക്കുന്ന ആള്‍ക്ക് വിളമ്പിക്കൊടുക്കുന്നത് നല്ല അതിഥിയുടെ ലക്ഷണമാണ്. അതിനുശേഷം സ്വന്തം പാത്രത്തില്‍ വിളമ്പാം. വലതുവശത്തിരിക്കുന്നയാള്‍ക്ക് വിളമ്പി നല്‍കാന്‍ വാശി പിടിക്കാതെ വിഭവപ്പാത്രം അവര്‍ക്ക് കൈമാറാം. ഭക്ഷണം കഴിക്കാന്‍ അമിതമായി നിര്‍ബന്ധിക്കരുത്. മരത്തില്‍ കയറുമ്പോള്‍ പിടിക്കാനും വിശക്കുമ്പോള്‍ വയറുനിറയെ ഭക്ഷണം കഴിക്കാനും ആരും പറയേണ്ടല്ലോ എന്ന പഴഞ്ചൊല്ല് ഓര്‍മിക്കുന്നത് കൊള്ളാം. കഴിച്ചുതുടങ്ങിയശേഷം വീണ്ടും വിളമ്പുമ്പോള്‍ അതിഥിയുടെ അനുമതി തേടണം.

കഴിച്ചുതുടങ്ങാം

  • സല്‍ക്കാരങ്ങള്‍ക്കുള്ള തീന്‍മേശയിലെ ഭക്ഷണതുടക്കം മിക്കവാറും സൂപ്പോടെയാകും. എടുക്കുന്നതിലും കുടിക്കുന്നതിലുമെല്ലാമുണ്ട് ചിട്ട. സൂപ്പു കുടിക്കാനുള്ള സ്പൂണ്‍ വലതുകൈയിലാണ് പിടിക്കേണ്ടത്. സ്പൂണ്‍ സൂപ്പിലേക്ക് താഴ്ത്തി നിങ്ങള്‍ ഇരിക്കുന്നതിന്‍െറ എതിര്‍വശത്തേക്ക് കോരിയെടുക്കണം. ശബ്ദത്തോടെ വലിച്ചുകുടിക്കരുത്. ഒച്ചയുണ്ടാക്കാതെ രുചിച്ചിറക്കാം.  
  • ഭക്ഷണം അല്‍പാല്‍പം എടുത്താണ് കഴിക്കേണ്ടത്. ഭക്ഷണം ചവച്ചരക്കുന്ന ശബ്ദം ഒരു കാരണവശാലും പുറത്തുകേള്‍ക്കരുത്. ഭക്ഷണം വായില്‍വെച്ച് സംസാരിക്കരുത്. സംസാരിക്കേണ്ടിവന്നാല്‍ വായിലുള്ള ഭക്ഷണം കഴിച്ചശേഷം മാത്രം പ്രതികരിക്കുക.
  • തീന്‍മേശക്ക് മുന്നിലിരുന്ന് ഉറക്കെ സംസാരിക്കുക, തുമ്മുക, ചുമക്കുക തുടങ്ങിയവ ഒഴിവാക്കണം. ഭക്ഷണം നെറുകയില്‍ പോകാന്‍ ഇടയായാല്‍ വേഗം വെള്ളംകുടിക്കണം. കൈകൊണ്ടോ, തൂവാലകൊണ്ടോ വായ് നന്നായ് മറച്ചുപിടിച്ചശേഷം വേണം ചുമക്കാന്‍.
  • ഷാള്‍, മറ്റു വസ്ത്രഭാഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ മുട്ടാതെ സൂക്ഷിക്കണം. കുട്ടികളുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധവേണം.
  • കഴിക്കുന്നതിനിടെ സ്പൂണോ, ഫോര്‍ക്കോ ഭക്ഷണ പദാര്‍ഥങ്ങളോ വീണാല്‍ കുനിഞ്ഞെടുക്കരുത്. പകരം മറ്റൊന്ന് ആവശ്യപ്പെടാം.
  • സ്പൂണും ഫോര്‍ക്കും വെറുതെ പാത്രത്തില്‍ തട്ടിച്ച് ശബ്ദമുണ്ടാക്കരുത്. ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ ഇവ തമ്മില്‍ തട്ടിച്ച് കളിക്കുകയോ ശബ്ദമുണ്ടാക്കുകയോ ചെയ്യരുത്.
  • ഭക്ഷണം കഴിക്കുന്നതിന്‍െറ ഇടവേളയില്‍ സ്പൂണും ഫോര്‍ക്കും പാത്രത്തില്‍തന്നെ വെക്കണം. സ്പൂണിന്‍െറ തലഭാഗവും ഫോര്‍ക്കിന്‍െറ മുകള്‍ഭാഗവും പാത്രത്തില്‍ കമഴ്ത്തി ‘എ’ എന്ന ഇംഗ്ളീഷ് അക്ഷരമാതൃകയിലാണ് വെക്കേണ്ടത്.
  • ഭക്ഷണം കഴിച്ചശേഷമുള്ള സ്പൂണ്‍ വെപ്പിനുമുണ്ട് ചിട്ട. ഫോര്‍ക്കും കത്തിയും പ്ളേറ്റിന് കുറുകെ വെക്കണം. കത്തിയുടെ മൂര്‍ച്ചഭാഗം അകത്തേക്കു വരണം. ഫോര്‍ക്കിന്‍െറ മുള്ളുകള്‍ താഴേക്കിരിക്കണം. കത്തിയുടെ അടുത്ത് ഇടത്തായി വേണം ഫോര്‍ക്ക് കമഴ്ത്തിവെക്കാന്‍. ഉപയോഗിച്ചവ തിരികെ മേശമേല്‍ വെക്കരുത്.
  • ബുഫേ രീതിയിലുള്ള ഭക്ഷണം കഴിക്കലിനുമുണ്ട് അതിന്‍േറതായ ചിട്ടകള്‍. പ്ളേറ്റില്‍ എടുത്ത് കൈയില്‍ പിടിച്ച് കഴിക്കുന്നതാണ് ഒരു രീതി. ഇറച്ചിയും മറ്റും ചെറിയ കഷണങ്ങളായി വേണം വിളമ്പാന്‍. സ്പൂണിലെടുത്തു കഴിക്കാന്‍ സൗകര്യത്തിനാണിത്. എല്ലില്ലാത്തതായാല്‍ ഏറെ നന്ന്.
  • എല്ലാ വിഭവങ്ങളും ഒരുമിച്ച് പ്ളേറ്റ് നിറച്ചെടുക്കരുത്. ഓരോന്നും പ്രത്യേകമെടുത്ത് കഴിക്കാം. ഭക്ഷണം പാഴാക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കസേരയില്‍ നിവര്‍ന്നിരുന്നുവേണം കഴിക്കാന്‍. സാവധാനത്തിലും രുചിയറിഞ്ഞും വേണമതെന്നുമാത്രം.

,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.