നോമ്പുരുചി വിളമ്പാന്‍ ലൈലത്താത്ത റെഡി.....

ചട്ടിപ്പത്തിരിയോ സമ്മൂസയോ ഉന്നക്കായയോ... നോമ്പുവിഭവങ്ങള്‍ ഏതുമാകട്ടെ ലൈലത്താത്തനെ ഒന്നുവിളിച്ചാല്‍ മതി പറഞ്ഞ സമയത്ത് സാധനം റെഡി. റമദാന്‍ വിരുന്നെത്തിയതോടെ കോഴിക്കോട് പുതിയങ്ങാടിയിലെ ലൈലത്താത്തക്ക് തിരക്കോട് തിരക്കാണ്. നോമ്പുതുറക്കാന്‍ നാട്ടുകാര്‍ക്കും അയല്‍വാസികള്‍ക്കുമെല്ലാം ഈ വീട്ടമ്മയുടെ വിഭവങ്ങള്‍ തന്നെ കിട്ടണം. ഇതിന് കാരണം ഇവരുടെ കൈപുണ്യവും ആവശ്യക്കാരോടുള്ള സമീപനവുമാണ്. കോഴിക്കോടന്‍ ആതിഥേയമര്യാദ വേണ്ടുവോളമുള്ള ഇവര്‍ തന്‍െറ അടുത്തെത്തുന്നവരെ നിരാശപ്പെടുത്തി അയക്കാതിരിക്കാന്‍ അതീവശ്രദ്ധ പുലര്‍ത്താറുണ്ട്.

നേരംപോക്കിനായാണ് പാരമ്പര്യമായി പകര്‍ന്നുകിട്ടിയ രുചിക്കൂട്ടുകള്‍ ലൈല നാട്ടുകാര്‍ക്ക് വിളമ്പിയത്. എന്നാല്‍ ഇിത് മറ്റ് രണ്ട് സ്ത്രീകള്‍ക്ക് കൂടി തൊഴില്‍ നല്‍കുന്ന ഒരു ചെറുസംരംഭമായി വളര്‍ന്നുകഴിഞ്ഞു. ഗള്‍ഫ് നാടുകളിലും ലൈലയുടെ പലഹാരങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. ഗള്‍ഫിലേക്ക് കൊടുത്തയക്കാനായി കടുക്കപ്പം, ചുക്കപ്പം, ചട്ടിപ്പത്തിരി എന്നിവ ആവശ്യപ്പെട്ട് ധാരാളം ഓര്‍ഡറുകള്‍ ലൈലയെ തേടിയത്തെുന്നു. ചുക്കപ്പം, കടുക്കപ്പം എന്നിവ കേടുകൂടാതെ ദീര്‍ഘനാള്‍ ഇരിക്കുമെന്നതിനാല്‍ ഇതിന് ഗള്‍ഫുകാര്‍ക്കിടയില്‍ നല്ല ഡിമാന്‍്റാണ്.

നോമ്പുകാലത്ത് ചട്ടിപ്പത്തിരി, സമ്മൂസ, ഉക്കായ, കട് ലറ്റ്, പഴം നിറച്ചത്, തരിപ്പോള, കോഴി നിറച്ചതും പത്തിരിയും എങ്ങനെ നാടന്‍ വിഭവങ്ങള്‍ക്ക് തന്നെയാണ് ആവശ്യക്കാര്‍ ഏറെയുള്ളതെന്ന് ലൈല പറയുന്നു. നഗരത്തിലെ ചില പ്രധാന ബേക്കറികളിലേക്കും ഇവര്‍ വിഭവങ്ങള്‍ തയാറാക്കി നല്‍കുന്നുണ്ട്. ലൈലക്ക് പൂര്‍ണപിന്തുണയുമായി ഭര്‍ത്താവും മകളും കൂടെയുണ്ട്.

മാധ്യമം ഓണ്‍ലൈനിന്‍െറ വായനകാര്‍ക്കായി ചില രുചിക്കൂട്ടുകള്‍ ലൈലത്താത്ത പങ്കുവെക്കുന്നു....

ഇറച്ചി ചട്ടിപ്പത്തിരി

ചേരുവകള്‍:

  1.     ഇറച്ചി വേവിച്ചുപൊടിച്ചത് - ഒരു കപ്പ്
  2.     സവാള ചെറുതായി അരിഞ്ഞത് - 2 കപ്പ്
  3.     പച്ചമുളക് - ആറെണ്ണം
  4.     ഇഞ്ചി - ചെറിയ കഷ്ണം
  5.     മുളകുപൊടി - കാല്‍ ടീസ്പൂണ്‍
  6.     മഞ്ഞള്‍പ്പൊടി - കാല്‍ ടീസ്പൂണ്‍
  7.     കറിവേപ്പില, മല്ലിയില - ആവശ്യത്തിന്
  8.     ഗരംമസാല - ഒരു നുള്ള്
  9.     ഉപ്പ് - പാകത്തിന്
  10.     സസ്യഎണ്ണ - ആവശ്യത്തിന്
  11.     കോഴിമുട്ട - എട്ടെണ്ണം
  12.     കസ്കസ് വറുത്തത് - 2 ടേബ്ള്‍ സ്പൂണ്‍
  13.     തേങ്ങാപ്പാല്‍ - കാല്‍ കപ്പ്
  14.     കിസ്മിസ്, അണ്ടിപ്പരിപ്പ് - കാല്‍ കപ്പ് വീതം
  15.     നെയ്യ - രണ്ടു സ്പൂണ്‍
  16.     മൈദ - ഒരു വലിയ കപ്പ് (ഏഴു പത്തിരിക്കുള്ളത്)
  17.     ഏലക്കായ പൊടിച്ചത് - ഒരു ടീസ്പൂണ്‍


തയാറാക്കുന്ന വിധം:

ഒരു പാന്‍ അടുപ്പില്‍വെച്ച് കുറച്ച് സസ്യ എണ്ണ ഒഴിച്ച് 2 മുതല്‍ ഒമ്പതുവരെയുള്ള ചേരുവകള്‍ വഴറ്റിയതിന് ശേഷം വേവിച്ച് പൊടിച്ച ഇറച്ചിയും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ച് വെക്കുക. നേരിയ ചൂടുവെള്ളത്തില്‍ ഒരു നുളള് ഉപ്പ് ചേര്‍ത്ത് മൈദാപ്പൊടി നന്നായി കുഴച്ച് ചെറിയ ഉരുളകളാക്കുക. ഓരോ ഉരുളയും ഉണ്ടാക്കുന്ന പാത്രത്തിന്‍െറ വട്ടത്തില്‍ നേരിയതായി പരത്തിയതിന് ശേഷം ചെറുതായി ഒന്ന് വഴറ്റിയെടുക്കുക. പാനില്‍ ഒരു സ്പൂണ്‍ എണ്ണ ഒഴിച്ച് നാല് കോഴിമുട്ട ഒരുനുള്ള് ഉപ്പ് ചേര്‍ത്ത് ചിക്കിയെടുക്കുക. ബാക്കി മുട്ടയും എലക്കായ പൊടിച്ചതും മൂന്ന് പച്ചമുളക് ചെറുതായി അരിഞ്ഞതും തേങ്ങാപ്പാലും കറിവേപ്പില നുറുക്കിയതും പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി കലക്കിവെക്കുക. ഇറച്ചിക്കൂട്ടില്‍ കുറച്ച് കസ്കസും മുട്ട ചിക്കിയതും ചേര്‍ത്തിളക്കുക.

ഒരു പരന്ന കുഴിയുള്ള പാത്രത്തില്‍ നെയ്യ തൂവിയശേഷം വഴറ്റിവെച്ചിരിക്കുന്ന പത്തിരി ഒരോന്നായി കലക്കിവെച്ചിരിക്കുന്ന മുട്ടക്കൂട്ടില്‍ മുക്കിവെക്കുക. പത്തിരികള്‍ക്കിടയില്‍ ഇറച്ചിക്കൂട്ട് നിരത്താന്‍ മറക്കരുത്. മൂഴുവന്‍ പത്തിരിയും ഇതുപോലെ അണിയായി നിരത്തുക. പാത്രത്തില്‍ ആദ്യം വെക്കുന്ന പത്തിരി മുട്ടക്കൂട്ടില്‍ മുക്കരുത്. അടിവശം പെട്ടെന്ന് കരിഞ്ഞുപോകാന്‍ സാധ്യതയുണ്ട്. ബാക്കി വരുന്ന മുട്ടക്കൂട്ട് പത്തിരികളുടെ മുകളില്‍ ഒഴിച്ച് കൈകൊണ്ട് നന്നായി അമര്‍ത്തുക. ഏറ്റവും മുകളിലായി അണ്ടിപരിപ്പും കിസ്മിസും കസ്കസും വിതറുക. ശേഷം പാത്രം അടച്ചുവെച്ച് ചെറുതീയില്‍ നന്നായി വേവിച്ചടെുക്കുക. നല്ലപോലെ വെന്തന്നെുകണ്ടാല്‍ പാനിലേക്ക് മറിച്ചിട്ട് നേരിയ തീയില്‍ കുറച്ചുസമയം കൂടി അടുപ്പില്‍ വെക്കുക. വ്യത്യസ്ത രുചിയുള്ള ഇറച്ചി ചട്ടിപ്പത്തിരി തയ്യാര്‍.

ഉന്നക്കായ

ചേരുവകള്‍:

  1.     മുട്ട- എട്ട് എണ്ണം
  2.     പാകം കുറഞ്ഞ പഴം - ഒരു കിലോ
  3.     പഞ്ചസാര - അരകപ്പ്, കൂടുതല്‍ വേണമെങ്കില്‍ ചേര്‍ക്കാം
  4.     വെള്ള കസ്കസ് - 50 ഗ്രാം
  5.     അണ്ടിപരിപ്പ് , കിസ്മിസ് - 100 ഗ്രാം
  6.     എലക്ക പൊടിച്ചത് - അര സ്പൂണ്‍
  7.     നെയ്യ- ഒരു ടീസ്പൂണ്‍
  8.     എണ്ണ - വറുക്കാന്‍ ആവശ്യത്തിന്


തയാറാക്കുന്ന വിധം:

പഴം അപ്പചെമ്പിലിട്ട് പുഴുങ്ങി എടുക്കുക. തൊലികളഞ്ഞശേഷം ചൂടോടെ മിക്സിയിലിട്ട് അല്‍പ്പം പഞ്ഞസാര ചേര്‍ത്ത് അരച്ചടെുക്കുക. ഒരു പാത്രത്തില്‍ മുട്ട പൊട്ടിച്ച് പഞ്ചസാര ചേര്‍ത്ത് നന്നായി അടിച്ചടെുക്കുക. ഒരു പാന്‍ അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ അല്‍പ്പം നെയ്യ് ഒഴിച്ച് മുട്ടക്കൂട്ട് നന്നായി ചിക്കി എടുക്കുക . ഇതിലേക്ക് അണ്ടിപരിപ്പ് , കിസ്മിസ്, ഏലക്ക, കസ്കസ് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. അരച്ച് വെച്ച പഴം എടുത്തു നാരങ്ങാ വലുപ്പത്തില്‍ ഉരുട്ടി അല്‍പ്പം എണ്ണ തൊട്ട് കൈപത്തിയില്‍ വെച്ച് പരത്തുക. ഇതിന് നടുവിലേക്ക് അല്‍പ്പം മുട്ടക്കൂട്ടു വെച്ച് അത് നന്നായി മൂടി ഉന്നക്കായയുടെ രൂപത്തില്‍ ഉരുട്ടിയെടുക്കുക. ആവശ്യമുള്ളത്ര ഇത്തരത്തില്‍ ഉണ്ടാക്കിയെടുക്കുക. ശേഷം ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ ഉന്നക്കായകള്‍ പൊരിച്ചടെുക്കാം. മുട്ടക്ക് പകരം തേങ്ങ ചിരവിയത് വെച്ചും ഉന്നക്കായ ഉണ്ടാക്കിയെടുക്കാം
തയാറാക്കിയത്: നാന്‍സി ബീഗം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.