മട്ടന്‍ കാടമുട്ടക്കറി

മട്ടന്‍ കാടമുട്ടക്കറി
ചേരുവകള്‍:

  • കാടമുട്ട പുഴുങ്ങി തോലുകളഞ്ഞത് -10
  • ആട്ടിറച്ചി -500 ഗ്രാം
  • പച്ചമുളക്, ചുവന്നുള്ളി, വെളുത്തുള്ളി, ഇഞ്ചി ഇവ ഓരോന്നും ചതച്ചത് -ഒന്നര ടീസ്പൂണ്‍ വീതം
  • കുരുമുളകുപൊടി -ഒന്നര ടീസ്പൂണ്‍
  • ഉപ്പ് -പാകത്തിന്
  • ഗരംമസാലപ്പൊടി, മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍ വീതം

1. ചെറുതായി നുറുക്കിയ ആട്ടിറച്ചിയില്‍ പച്ചമസാലകള്‍ ചതച്ചതും പൊടികളും ഉപ്പും ചേര്‍ത്ത് വേവിക്കുക.

  • തേങ്ങ വറുത്തത് -ഒരു ചെറിയ ഗ്ളാസ്
  • പച്ചത്തേങ്ങ -വറുത്ത തേങ്ങയുടെ അതേ അളവ്
  • ബദാം കുതിര്‍ത്തത് -പത്തെണ്ണം
  • ചുവന്നുള്ളി -അഞ്ചെണ്ണം

2. ഇവയെല്ലാം മിക്സിയില്‍ പാകത്തിന് വെള്ളവും ചേര്‍ത്ത് നന്നായി അരക്കുക.

  • സവാള കൊത്തിയരിഞ്ഞത് -മൂന്ന്
  • പച്ചമുളക് ചെറുതായരിഞ്ഞത് -നാല്
  • കറിവേപ്പില, മല്ലിയില -ആവശ്യത്തിന്
  • ചെറുനാരങ്ങാ നീര് -ഒരു നാരങ്ങയുടെ
  • റ്റുമാറ്റോ സോസ് -രണ്ട് ടീസ്പൂണ്‍
  • മട്ടന്‍ സ്റ്റോക് -ഒന്ന്

തയാറാക്കുന്ന വിധം:
ഒരു ഫ്രൈപാനില്‍ അല്‍പം വെളിച്ചെണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ സവാള, പച്ചമുളക്, കറിവേപ്പില എന്നിവ ഇട്ട് പകുതി വേവാകുന്നതുവരെ വയറ്റുക. അതിലേക്ക് വേവിച്ചുവെച്ച ആട്ടിറച്ചിയും അരച്ചുവെച്ച തേങ്ങാ അരപ്പും ചേര്‍ത്ത് തിളപ്പിക്കുക.
അടുപ്പ് ഓഫാക്കിയതിനു ശേഷം കാടമുട്ടയും ചെറുനാരങ്ങാനീരും റ്റുമാറ്റോ സോസും ചേര്‍ക്കാം. ഡിപ്പില്‍ വിളമ്പിയതിനുശേഷം മല്ലിയില വിതറാം. സൂപ്പര്‍... കുറുമ.... റെഡി

പെപ്പര്‍ മഷ്റൂം ഫ്രൈ
ചേരുവകള്‍:

  • കൂണ്‍ കഷണങ്ങളാക്കിയത് -500 ഗ്രാം
  • സവാള കൊത്തിയരിഞ്ഞത് -250 ഗ്രാം
  • കുരുമുളകുപൊടി -രണ്ട് ടീസ്പൂണ്‍
  • തക്കാളി അരിഞ്ഞത് -മൂന്ന്
  • പച്ചമുളക്, ഇഞ്ചി ചതച്ചത് -ഒരു ടേബ്ള്‍സ്പൂണ്‍ വീതം
  • ഗരം മസാലപ്പൊടി -അര ടീസ്പൂണ്‍
  • ഉപ്പ്, വെളിച്ചെണ്ണ, കറിവേപ്പില -ആവശ്യത്തിന്

തയാറാക്കുന്ന വിധം:
ഒരു നോണ്‍സ്റ്റിക് പാനില്‍ അല്‍പം വെളിച്ചെണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ സവാളയിട്ട് മൂപ്പിക്കുക. ഏകദേശം മൂത്തു വരുമ്പോള്‍ തക്കാളിയും പച്ചമുളകും ഇഞ്ചിയും ചതച്ചത് ഉപ്പും കൂടി ചേര്‍ത്ത് നാലു മിനിട്ട് അടച്ചുവെക്കുക. അവയെല്ലാം ഏകദേശം ഗ്രേവി പരുവത്തിലായിക്കഴിയുമ്പോള്‍ ഇതിലേക്ക് കുരുമുളകുപൊടിയും ഗരംമസാലപ്പൊടിയും ചേര്‍ക്കാം. ഇനി മഷ്റൂമുകൂടി ചേര്‍ത്ത് ചെറുതീയില്‍ ഫ്രൈ ആക്കി എടുക്കാം. (തീ വളരെ കുറച്ചു വെക്കുകയാണെങ്കില്‍ ഗ്രേവിയിലെ ജലാംശം മതിയാകും മഷ്റൂം വെന്തു കിട്ടാന്‍).

മഷ്റൂം നൂഡ്ല്‍സ്
ചേരുവകള്‍:

  • ചെറുതാക്കി നുറുക്കിയ മഷ്റൂം -ഒരു കപ്പ്
  • ഗരംമസാലപ്പൊടി -കാല്‍ ടീസ്പൂണ്‍
  • കുരുമുളകുപൊടി -കാല്‍ ടീസ്പൂണ്‍
  • ഉപ്പ് -പാകത്തിന്
  • വിനാഗിരി -ഒരു ടേബ്ള്‍ സ്പൂണ്‍ (ഈ ചേരുവകളെല്ലാം ഒന്നിച്ചു ചേര്‍ത്ത് മഷ്റൂമില്‍ പുരട്ടി 10 മിനിറ്റിനു ശേഷം മൊരിയാതെ വറുത്തെടുക്കണം.)
  • നൂഡ്ല്‍സ് മീഡിയം പാക്കറ്റ് -ഒന്ന്
  • കോഴിമുട്ട ചിക്കിയത് -രണ്ട്
  • സവാള കൊത്തിയരിഞ്ഞത് -മൂന്ന്
  • പച്ചമുളക് വട്ടത്തിലരിഞ്ഞത് -നാല്
  • ഇഞ്ചി കൊത്തിയരിഞ്ഞത് -ഒരു കഷണം
  • റ്റുമാറ്റോ സോസ് -രണ്ട് സ്പൂണ്‍
  • ഉപ്പ്, വെളിച്ചെണ്ണ, മല്ലിയില -ആവശ്യത്തിന്

തയാറാക്കുന്നവിധം:
ആദ്യം നൂഡ്ല്‍സ് വേവിച്ച് ഊറ്റുക. ഒരു ഫ്രൈപാനില്‍ വെളിച്ചെണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ സവാളയും പച്ചമുളക്, ഇഞ്ചി ഇവ ഒരുമിച്ചിട്ട് വഴറ്റുക. പകുതി മൂപ്പായിക്കഴിഞ്ഞതിനു ശേഷം തീ നന്നായി കുറക്കുക. എന്നിട്ട് മുട്ട ചിക്കിയതും റ്റുമാറ്റോ സോസും നൂഡ്ല്‍സ് മസാലയും ചേര്‍ത്തിളക്കുക. ശേഷം പുഴുങ്ങിയെടുത്ത നൂഡ്ല്‍സും മഷ്റൂമും ചേര്‍ത്ത് യോജിപ്പിക്കാം.
മല്ലിയില വിതറി ചൂടോടെ കഴിക്കാം.

പൊട്ടറ്റോ എഗ് സ്റ്റൂ
ചേരുവകള്‍:

  • പുഴുങ്ങിപ്പൊടിച്ച പൊട്ടറ്റോ -മൂന്ന്
  • പുഴുങ്ങിയ കാടമുട്ട -10
  • കട്ടിത്തേങ്ങാപാല്‍ -ഒരു കപ്പ്
  • ചിക്കന്‍ സ്റ്റോക് -ഒന്ന്
  • പച്ചമുളക് അരിഞ്ഞത് -ആറ്
  • സവാള കൊത്തിയരിഞ്ഞത് -മൂന്ന് വലുത്
  • പെരുംജീരകപ്പൊടി -ഒരു ടീസ്പൂണ്‍
  • കറിവേപ്പില, ഉപ്പ്, വെളിച്ചെണ്ണ, കടുക് -ആവശ്യത്തിന്

തയാറാക്കുന്ന വിധം:
ഒരു ഫ്രൈപാനില്‍ അല്‍പം വെളിച്ചെണ്ണയൊഴിച്ച് സവാളയും പച്ചമുളകുമിട്ട് പകുതി വേവാകുന്നതുവരെ വഴറ്റുക. തീ നന്നായി കുറച്ചതിനു ശേഷം പൊട്ടറ്റോ പൊടിച്ചതും തേങ്ങാപ്പാലും പെരുംജീരകപ്പൊടിയും ചിക്കന്‍ സ്റ്റോക്കും ചേര്‍ത്തിളക്കിക്കൂട്ടണം. ചെറിയ തീയില്‍ തിള വരുന്നതുവരെ വെക്കുക. അടുപ്പില്‍നിന്നിറക്കിയതിനു ശേഷം മുട്ടത്തോലു കളഞ്ഞതും പാകത്തിനുപ്പും ചേര്‍ക്കാം. വെളിച്ചെണ്ണയില്‍ കടുകും വേപ്പിലയും വറുത്ത് ചേര്‍ക്കാം.
തയാറാക്കിയത്: ഷീബ നബീല്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.