കേക്ക് സ്പെഷ്യല്‍

കാരമല്‍ കേക്ക്

  • മൈദ -രണ്ടേകാല്‍ കപ്പ്
  • വെണ്ണ -ഒരു കപ്പ്
  • പഞ്ചസാര -ഒന്നര കപ്പ്
  • വാനില എസന്‍സ് -ഒന്നര കപ്പ്
  • ബേക്കിങ് പൗഡര്‍ -ഒരു ടീസ്പൂണ്‍
  • സോഡപ്പൊടി -അര ടീസ്പൂണ്‍
  • ഓറഞ്ച് ജ്യൂസ് -ഒരു ടീസ്പൂണ്‍
  • പഞ്ചസാര കരിച്ച സിറപ് -ആവശ്യത്തിന്
  • കശുവണ്ടി നുറുക്ക് -അല്‍പം
  • കിസ്മിസ് -അല്‍പം
  • മുട്ട -മൂന്ന്

പാകം ചെയ്യുന്ന വിധം:
മൈദയില്‍ ബേക്കിങ് പൗഡറും സോഡപ്പൊടിയും അരച്ചെടുക്കുക. വെണ്ണയും പഞ്ചസാര പൊടിച്ചതും നന്നായി ബീറ്റര്‍ കൊണ്ടടിച്ചശേഷം മുട്ട ഓരോന്നായി ചേര്‍ത്തടിക്കണം. ഇതിലേക്ക് തയാറാക്കിവെച്ചിരിക്കുന്ന മൈദ കുറേശ്ശ സ്പൂണ്‍ കൊണ്ടിളക്കി ചേര്‍ക്കുക. കളര്‍ വേണ്ടതുപോലെ കാരമല്‍ ചേര്‍ക്കണം. ഓറഞ്ചുനീരും വാനില എസന്‍സും ചേര്‍ത്തിളക്കണം. എല്ലാം ചേര്‍ത്തുകഴിഞ്ഞശേഷം അയവു പാകമായില്ളെങ്കില്‍ അല്‍പം പാല്‍കൂടി ചേര്‍ക്കാം. കശുവണ്ടിയും കിസ്മിസും ചേര്‍ത്തിളക്കണം. ബേക്കിങ് ട്രേയില്‍ വെണ്ണ പുരട്ടി മാവ് തൂവുക. കേക്ക് കൂട്ടൊഴിച്ച് ചൂടാക്കിയ ഓവനില്‍ 190 ഡിഗ്രി ചൂടില്‍ ബേക് ചെയ്തെടുക്കുക.

ഫ്രൈഡ് കേക്ക്

  • മുട്ട -മൂന്ന്
  • പഞ്ചസാര പൊടിച്ചത് -ഒരു കപ്പ്
  • മൈദ -അര കിലോ
  • സോഡപ്പൊടി -കാല്‍ ചെറിയ സ്പൂണ്‍
  • ഉപ്പ് -പാകത്തിന്
  • വെള്ളം -മുക്കാല്‍ കപ്പ് (ആവശ്യത്തിന്)
  • എണ്ണ -വറുക്കാന്‍

പാകം ചെയ്യുന്ന വിധം:
മുട്ട നന്നായി പതപ്പിച്ച് പഞ്ചസാര ചേര്‍ത്ത് വീണ്ടും അടിച്ച് അലിയിക്കുക. മൈദയും സോഡപ്പൊടിയും ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. കഴിയുമെങ്കില്‍ ഇടഞ്ഞുവെക്കുക. മൈദ മാവിന്‍െറ നടുവില്‍ ഒരു കുഴിയുണ്ടാക്കി അതില്‍ മുട്ട-പഞ്ചസാര മിശ്രിതം ഒഴിച്ചിളക്കി യോജിപ്പിക്കുക. പാകത്തിന് വെള്ളവും ചേര്‍ത്ത് ചപ്പാത്തിക്ക് കുഴക്കുന്നതുപോലെ കുഴച്ച് 15 മിനിറ്റ് മാറ്റിവെക്കുക. ഈ മാവില്‍നിന്ന് വലിയ ഉരുളകള്‍ ഉരുട്ടിയെടുത്ത്, അരയിഞ്ച് കനത്തില്‍ വട്ടത്തില്‍ പരത്തുക. പരത്തിയ മാവ് ചെറിയ ചതുരക്കഷ്ണങ്ങളാക്കി മുറിക്കുക. ഓരോ ചതുരക്കഷ്ണങ്ങളുടെയും ഒരുവശം കത്തികൊണ്ട് ചെറുതായി വെട്ടിക്കൊടുക്കുക. ഇത് മുഴുവന്‍ ചൂടായ എണ്ണയിലിട്ട് കരുകരുപ്പായി വറുത്തുകോരുക. വറുക്കുമ്പോള്‍ ഈ കേക്ക് നന്നായി പൊള്ളിവരും. മുകളില്‍ പഞ്ചസാര പൊടിച്ചത് വിതറി ചൂടോടെ വിളമ്പാം.

ബട്ടര്‍ കേക്ക്

  • ബട്ടര്‍ -150 ഗ്രാം
  • മുട്ട -നാല്
  • മൈദ -200 ഗ്രാം
  • പഞ്ചസാര -200 ഗ്രാം
  • ബേക്കിങ് പൗഡര്‍ -അര ടീസ്പൂണ്‍
  • നാരങ്ങനീര് -അര ടീസ്പൂണ്‍
  • പാല്‍ -അരക്കപ്പ്
  • അണ്ടിപ്പരിപ്പ് -അഞ്ച്

പാകം ചെയ്യുന്ന വിധം:
പഞ്ചസാര നല്ലതുപോലെ പൊടിച്ച് വെണ്ണയും ചേര്‍ത്ത് അടിക്കുക. മൂന്ന് സ്പൂണ്‍ പഞ്ചസാര കരിയിച്ച് കുറച്ച് വെള്ളവും ചേര്‍ത്ത് ലായനിയാക്കുക. മുട്ട നല്ലതുപോലെ പതപ്പിച്ച് അതില്‍ മൈദയും ബേക്കിങ് പൗഡര്‍ അരിച്ചതും ബാക്കി ചേരുവകളും യോജിപ്പിക്കുക. അതിനുശേഷം ഗ്യാസ് സ്റ്റൗവില്‍ സിം ആക്കി ബേക് ചെയ്യുക.

മീന്‍ കേക്ക്

  • ഉരുളക്കിഴങ്ങ് -രണ്ടെണ്ണം വീതം
  • മുട്ട -രണ്ടെണ്ണം വീതം
  • മീന്‍ -കാല്‍ കിലോ
  • ഉപ്പ് -പാകത്തിന്
  • കുരുമുളക് -പാകത്തിന്
  • റൊട്ടിപ്പൊടി -ഒരു കപ്പ്
  • ബട്ടര്‍ -ഒരു ടേബ്ള്‍ സ്പൂണ്‍
  • എണ്ണ -വറുക്കാന്‍

പാകം ചെയ്യുന്ന വിധം:
ദശക്കനമുള്ള മീന്‍ ഇതിനായി തെരഞ്ഞെടുക്കുക (അയക്കൂറ, നെയ്മീന്‍). ഇത് വേവിച്ച് മുള്ള് മാറ്റി നന്നായി ഉടക്കുക. ഉരുളക്കിഴങ്ങ് പുഴുങ്ങി തൊലികളഞ്ഞ് നന്നായി ഉടച്ചുവെക്കുക. ബട്ടര്‍ ഒരു ഫ്രയിങ് പാനില്‍ ഇട്ടുരുക്കി ഉരുളക്കിഴങ്ങും മീനും ഉടച്ചത് ഉപ്പ്, കുരുമുളക് പൊടിച്ചത് എന്നിവയിട്ട് വഴറ്റുക. ഒരു മുട്ട പൊട്ടിച്ച് ഇതിലേക്ക് ഒഴിച്ച് നന്നായിളക്കി യോജിപ്പിച്ച് അമര്‍ത്തിവെക്കുക. ചെറു സമചതുരക്കഷണങ്ങളായി മുറിച്ചുവെക്കുക. ഒരു മുട്ട പൊട്ടിച്ച് ബൗളിലേക്കൊഴിക്കുക. ഫിഷ് കേക്കുകള്‍ ഓരോന്നായി ഇതില്‍ മുക്കിയ ശേഷം റൊട്ടിപ്പൊടിയില്‍ ഇട്ട് എല്ലായിടത്തും നന്നായി പിടിപ്പിച്ച് ചൂടെണ്ണയിലിട്ട് വറുത്തുകോരുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.