പച്ചക്കറികള്‍ കേടുവരാതെ സൂക്ഷിക്കാം

വീട്ടിലെ പച്ചക്കറികള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ നിങ്ങള്‍ കഷ്ടപ്പെടുന്നുണ്ടോ? വീട്ടില്‍ റഫ്രിജറേറ്റര്‍ ഇല്ളെന്ന പരിഭവമാണോ അതോ റഫ്രിജറേറ്ററിലെ സ്ഥലപരിമിതിയാണോ നിങ്ങളെ വലക്കുന്നത്? ഏതായാലും കറന്‍േറാ ഫ്രിഡ്ജോ വേണ്ടാതെ സാധാരണക്കാര്‍ക്ക് ഉപകരിക്കാവുന്ന ശീതീകരണി സംവിധാനം ലളിതമായി സജ്ജീകരിക്കാം. വയനാട് അമ്പലവയലിലെ കൃഷി വിജ്ഞാന്‍കേന്ദ്രം അഗ്രികള്‍ചര്‍ എക്സ്റ്റന്‍ഷന്‍ വിഭാഗത്തിലെ പി.കെ. അബ്ദുല്‍ ജബാറിന്‍െറ നേതൃത്വത്തില്‍ ഈ സംവിധാനം പ്രചരിപ്പിച്ചുവരുന്നുണ്ട്. ഊര്‍ജപ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ കാര്‍ബണ്‍ രഹിത സാങ്കേതികവിദ്യയായി ഈ റഫ്രിജറേറ്റര്‍ സാധാരണക്കാര്‍ക്ക് ഉപകരിക്കും.
ആവശ്യമുള്ള വസ്തുക്കള്‍:

  • വസ്ത്രങ്ങളിടാന്‍ ഉപയോഗിക്കുന്ന വലിയ പ്ളാസ്റ്റിക് ബക്കറ്റ് (മൂടി സഹിതം)
  • ബക്കറ്റിനുള്ളില്‍ ഒതുങ്ങുന്നവിധമുള്ള തട്ടുകളുള്ള കുട്ട
  • ചണം കൊണ്ടുള്ള ചാക്ക്
  • ചെറിയ ബക്കറ്റ്
  • ഹോസ് (മൂന്നുമീറ്റര്‍ നീളം)
  • ടാപ്പ്

നിര്‍മിക്കുന്ന വിധം:
വലിയ പ്ളാസ്റ്റിക് ബക്കറ്റും മൂടിയും ചാക്കുകൊണ്ട് പൊതിയുക. ബക്കറ്റിന്‍െറ പുറത്തെ വക്കുകളിലൂടെ ഹോസ് ഘടിപ്പിക്കണം. ഇത്രയും ഭാഗത്ത് ചാക്കിന്‍െറ മുകളില്‍ വെള്ളം തുള്ളിയായി വീഴാവുന്നവിധം തുളകള്‍ ഇടണം. ഇതിനകത്തേക്ക് പച്ചക്കറി തട്ട് ഇറക്കിവെക്കണം. ഹോസിന്‍െറ മറ്റേ അറ്റം ആവശ്യമായ ഉയരത്തില്‍ വെച്ചിട്ടുള്ള ചെറിയ ബക്കറ്റില്‍ ഘടിപ്പിച്ചിട്ടുള്ള ടാപ്പിലേക്ക് ചേര്‍ത്തുവെക്കുക. ഈ ടാപ്പ് തുറക്കുമ്പോള്‍ വെള്ളം ഹോസിലൂടെ ഒഴുകി തുള്ളി തുള്ളിയായി ഒഴുകി ചാക്ക് നനയണം.
അതനുസരിച്ച്  ഉയരം ക്രമീകരിക്കുക (സാധിക്കുമെങ്കില്‍ മറ്റൊരു ചാക്കുകൊണ്ട് കൂടി പൊതിയുക.  ചാക്കുകള്‍ക്കിടയില്‍ മരപ്പൊടിയോ മറ്റോ നിറച്ചു കഴിഞ്ഞാല്‍ കൂടുതല്‍ ഫലപ്രദമാകും). വേനല്‍ക്കാലത്ത് 10 ഡിഗ്രി വരെ കുറഞ്ഞ ഊഷ്മാവില്‍ പച്ചക്കറികളും പഴങ്ങളും സൂക്ഷിക്കാം. ഭക്ഷ്യ നഷ്ടം കുറക്കാന്‍ ഇതുവഴി സാധിക്കും. പച്ചക്കറികള്‍ 10 ദിവസം വരെ കേടുകൂടാതെ സൂക്ഷിക്കാം.
വിവരങ്ങള്‍ക്ക്: പി.കെ. അബ്ദുല്‍ ജബാര്‍ (9447228022)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.