മാങ്ങാ വിഭവങ്ങള്‍

പച്ചമാങ്ങാ റോസ്റ്റ് (തൊട്ടുകൂട്ടാന്‍)

നീളത്തില്‍ കനംകുറഞ്ഞരിഞ്ഞ മാങ്ങ - ഒരു കപ്പ്
നീളത്തില്‍ കനംകുറഞ്ഞരിഞ്ഞ സവാള  -ഒരു കപ്പ്
വട്ടത്തിലരിഞ്ഞ പച്ചമുളക്  -മൂന്ന്
മുളകുപൊടി -രണ്ട് ടീ സ്പൂണ്‍
തക്കാളി സോസ് -രണ്ട് ടീ സ്പൂണ്‍
കടുക് -അര ടീ സ്പൂണ്‍
ഉപ്പ്, വെളിച്ചെണ്ണ, വേപ്പില -ആവശ്യത്തിന്

തയാറാക്കുന്ന വിധം
കറിവെക്കുന്ന പാത്രത്തില്‍ അല്‍പം വെളിച്ചെണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിക്കുക. ശേഷം സവാളയും പച്ചമുളകും വഴറ്റാം. സവാള നന്നായി മൂത്ത് കഴിയുമ്പോള്‍ അരിഞ്ഞുവെച്ച മാങ്ങ, അര ഗ്ളാസ് വെള്ളം, മുളകുപൊടി, ഉപ്പ് എന്നിവ കൂട്ടിച്ചേര്‍ത്തിളക്കി രണ്ടുമിനിറ്റ് മൂടിവെച്ച് വേവിക്കുക. ഇനി അടുപ്പ് ഓഫാക്കിയതിനുശേഷം തക്കാളി സോസ്, വേപ്പില എന്നിവയും കൂടി ചേര്‍ക്കാം. ഇത് ഒരു തൊടുകറിയായി ഉപയോഗിക്കാം.

ചെമ്മീന്‍ മാങ്ങാ കോമ്പിനേഷന്‍

ഇടത്തരം ചെമ്മീന്‍ -കാല്‍കപ്പ്

മുളകുപൊടി -ഒരു ടീ സ്പൂണ്‍
മഞ്ഞള്‍പൊടി -കാല്‍ ടീ സ്പൂണ്‍
ഉപ്പ് -പാകത്തിന്
തേങ്ങ ചുവന്നുള്ളി ചേര്‍ത്തരച്ചത് -ഒരു മുറി
തക്കാളി പച്ചമുളക് അരിഞ്ഞത്  -മൂന്നുവീതം
മാങ്ങ അല്‍പം വലുപ്പത്തിലരിഞ്ഞത് -രണ്ട്
വെളിച്ചെണ്ണ -രണ്ട് ടീ സ്പൂണ്‍
ഉള്ളി അരിഞ്ഞത് -മൂന്ന്
വേപ്പില  -രണ്ടിതള്‍

തയാറാക്കുന്ന വിധം

കറിവെക്കുന്ന പാനില്‍ അല്‍പം വെളിച്ചെണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ തക്കാളിയും ഉപ്പും പച്ചമുളകും ചേര്‍ത്ത് രണ്ടു മിനിറ്റ് അടച്ചുവെച്ചു വേവിക്കുക. അതിലേക്ക് ചെമ്മീന്‍, മുളകുപൊടി, മഞ്ഞള്‍പൊടി എന്നിവയും ഒരു കപ്പ് വെള്ളവുമൊഴിച്ച് ചെറുതീയില്‍ വേവിക്കുക. ചെമ്മീന്‍ ഏകദേശം വേവായിവരുമ്പോള്‍ മാങ്ങയും ചേര്‍ക്കണം. വെള്ളം വറ്റിക്കഴിഞ്ഞാല്‍ അരച്ചുവെച്ച തേങ്ങയും പാകത്തിനു വെള്ളവും ചേര്‍ത്ത് ഇളക്കി തിള വരുന്നതിന് മുമ്പു ഇറക്കണം. വെളിച്ചെണ്ണയില്‍ ചുവന്നുള്ളിയും കറിവേപ്പിലയും മൂപ്പിച്ച് ചേര്‍ക്കാം.

മാങ്ങ, ചെമ്മീന്‍, ചക്കക്കുരുപ്പീര (പീരക്കൂട്ട്)

പൊടിച്ചെമ്മീന്‍ വൃത്തിയാക്കിയത് -ഒരു കപ്പ്
ചക്കക്കുരു നീളത്തില്‍ അരിഞ്ഞത്  -ഒരു കപ്പ്
പൊടിയായി അരിഞ്ഞ മാങ്ങ - ഒന്ന്
തേങ്ങ ചിരകിയത്  -ഒന്നര മുറി
ചുവന്നുള്ളി -എട്ട്
പച്ചമുളക് -ആറ്
ഉപ്പ്, വെളിച്ചെണ്ണ -ആവശ്യത്തിന്
മഞ്ഞള്‍പൊടി, മുളകുപൊടി -കാല്‍ ടീ സ്പൂണ്‍ വീതം
വേപ്പില -രണ്ടിതള്‍

തയാറാക്കുന്ന വിധം

അല്‍പം വെള്ളത്തില്‍ ചെമ്മീന്‍, ചക്കക്കുരു, മാങ്ങ എന്നിവയും ഉപ്പ്, മുളകുപൊടി, മഞ്ഞള്‍പൊടി എന്നിവയും ചേര്‍ത്തിളക്കി അഞ്ചുമിനിറ്റ് വേവിക്കുക. തേങ്ങക്കൊപ്പം പച്ചമുളക്, ചുവന്നുള്ളി, കറിവേപ്പില എന്നിവ ഒരുമിച്ചാക്കി ചമ്മന്തിപ്പരുവത്തില്‍ ഗ്രൈന്‍ഡറില്‍ ഒതുക്കിയെടുക്കുക. ഒരു പാനില്‍ വെളിച്ചെണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ തേങ്ങ അരച്ചതിട്ട് മൂന്നുമിനിറ്റ് വഴറ്റുക. അതിലേക്ക് വേവിച്ചുവെച്ച ചെമ്മീന്‍ കൂട്ടും ചേര്‍ത്ത് വെള്ളം വറ്റിച്ച് ചിക്കിയെടുക്കാം. സൂപ്പര്‍ പീരക്കൂട്ട് തയാര്‍.

കട്ടത്തൈരില്‍ പച്ചമാങ്ങ

പൊടിയായി അരിഞ്ഞ മാങ്ങ -അര കപ്പ്
കട്ടത്തൈര് -അര ലിറ്റര്‍
പച്ചമുളക് അരിഞ്ഞത് -ആറ്
ചുവന്നുള്ളി അരിഞ്ഞത് -മൂന്ന്
മഞ്ഞള്‍പ്പൊടി -ഒരു നുള്ള്
കടുക് -അര ടീ സ്പൂണ്‍
വെളിച്ചെണ്ണ, ഉപ്പ്, വേപ്പില -ആവശ്യത്തിന്

തയാറാക്കുന്ന വിധം

കറിവെക്കുന്ന പാനില്‍ വെളിച്ചെണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിക്കുക. അതിലേക്ക് മാങ്ങ, പച്ചമുളക്, വേപ്പില, ചുവന്നുള്ളി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് രണ്ടുമിനിറ്റ് വഴറ്റുക. ഇനി തൈര് ചേര്‍ക്കാം. അല്‍പം ചൂടായതിനുശേഷം അടുപ്പില്‍ നിന്നിറക്കി ഉപ്പുചേര്‍ത്ത് വിളമ്പാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.