കരിമീന്‍ പൊള്ളിച്ചത്

ചേരുവകള്‍:

  1. ഇടത്തരം വലുപ്പത്തിലുള്ള കരിമീന്‍ -8-10 എണ്ണം  (അല്‍പം ഉപ്പും വിനാഗിരിയും ചേര്‍ത്ത് ഉരച്ചു കഴുകി അടുപ്പിച്ചു വരഞ്ഞത്)
  2. മുളകുപൊടി -ഒന്നര ടേബ്ള്‍ സ്പൂണ്‍
  3. മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
  4. മല്ലിപ്പൊടി -ഒരു ടീസ്പൂണ്‍
  5. കുരുമുളകുപൊടി -ഒരു ടീസ്പൂണ്‍
  6. ഇഞ്ചി, വെളുത്തുള്ളി അരച്ചത് -ഒരു ടേബ്ള്‍ സ്പൂണ്‍
  7. ഉപ്പ് -ആവശ്യത്തിന്
  8. ചെറുനാരങ്ങ നീര് -ഒരു ടേബ്ള്‍ സ്പൂണ്‍
  9. വെളിച്ചെണ്ണ -ആവശ്യാനുസരണം
  10. ചുവന്നുള്ളി/സവാള ചെറുതായരിഞ്ഞത് -ഒരു കപ്പ്
  11. തക്കാളി ചെറുതായരിഞ്ഞത് -മുക്കാല്‍ കപ്പ്
  12. കാരറ്റ് പൊടിയായരിഞ്ഞത് -ഒരു ടേബ്ള്‍ സ്പൂണ്‍
  13. പച്ചമുളക് ചെറുതായരിഞ്ഞത് -ഒരു ടേബ്ള്‍ സ്പൂണ്‍
  14. മല്ലിയില ചെറുതായരിഞ്ഞത് -കുറച്ച്
  15. കറിവേപ്പില ചെറുതായരിഞ്ഞത് -കുറച്ച്
  16. തേങ്ങാപാല്‍ (ഒന്നാംപാല്‍) -മുക്കാല്‍ കപ്പ്
  17. ഉലുവപ്പൊടി, പെരുംജീരകപ്പൊടി -കാല്‍ ടീസ്പൂണ്‍ വീതം

പാകപ്പെടുത്തുന്നവിധം:
രണ്ടു മുതല്‍ എട്ടുവരെ യോജിപ്പിച്ച് മീനില്‍ നന്നായി തേച്ചുപിടിപ്പിക്കണം. മസാല ബാക്കിയുണ്ടെങ്കില്‍ മാറ്റിവെക്കണം. വെളിച്ചെണ്ണ കുറച്ചൊഴിച്ച് ചൂടാകുമ്പോള്‍ മീന്‍ നിരത്തി ഇരുവശവും മൊരിഞ്ഞുപോകാതെ ഷാലോ ഫ്രൈ ചെയ്തെടുക്കണം.

ബാക്കി എണ്ണയുണ്ടെങ്കില്‍ അരിച്ചെടുത്ത് അതും ആവശ്യമെങ്കില്‍ കുറച്ചുകൂടി വെളിച്ചെണ്ണ ഒഴിച്ച് ഉള്ളി ചേര്‍ത്ത് വഴറ്റണം. ഇതിലേക്ക് തക്കാളി ചെറുതായരിഞ്ഞതും പച്ചമുളക്, കാരറ്റ്, ഇലകള്‍ എന്നിവയും ചേര്‍ത്ത് വഴറ്റണം. മസാലക്കൂട്ട് ബാക്കിയുണ്ടെങ്കില്‍ അതും  ഉലുവ, പെരുംജീരകം പൊടികളും ചേര്‍ത്ത് എണ്ണ തെളിയുമ്പോള്‍ തേങ്ങാപ്പാല്‍ ഒഴിച്ചിളക്കി കുറച്ചൊന്നു വറ്റിച്ച് കുഴമ്പു പരുവത്തിലാകുമ്പോള്‍ ഇറക്കിവെക്കണം.

വാഴയില കഷണങ്ങള്‍ ഒന്നു വാട്ടിയെടുത്ത് ഒരു വലിയ സ്പൂണ്‍ മസാല ഒരു വാഴയിലയില്‍ പരത്തി കരിമീന്‍ മുകളില്‍ വെക്കണം. വീണ്ടും ഒരു വലിയ സ്പൂണ്‍ മാസാലകൂടി മീനിന്‍െറ മുകളില്‍ ഒഴിച്ച് നിരത്തണം. ഇല ചുറ്റും മടക്കി വാഴനാരു കൊണ്ട് കെട്ടിവെക്കണം. എല്ലാ മീനുകളും ഇങ്ങനെ വാഴയിലപ്പൊതിയില്‍ കെട്ടിവെക്കണം. ദോശക്കല്ലില്‍ കുറച്ച് വെളിച്ചെണ്ണയൊഴിച്ച് ഈ പൊതികള്‍ നിരത്തി എല്ലാ വശവും മൊരിച്ചെടുക്കണം. ആവശ്യാനുസരണം ഇലപ്പൊതി ഓരോന്നായി വിളമ്പാവുന്നതാണ്.

തയാറാക്കിയത്: ശാന്ത അരവിന്ദന്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.