എള്ള് വിഭവങ്ങള്‍

പണ്ടു കാലത്ത് പാചകത്തിനു ധാരാളമായി ഉപയോഗിച്ചതാണ് എള്ളെണ്ണ. രോഗനിവാരണത്തിനും രോഗപ്രതിരോധത്തിനും പോഷകത്തിനും എള്ള് ഉപയോഗിച്ചിരുന്നു. പക്ഷെ ആരോഗ്യപരമായ സാഹചര്യങ്ങളും ഭക്ഷണശീലവും നോക്കുമ്പോള്‍ എള്ളിന് ഏറ്റവുമധികം പ്രാധാന്യം വേണ്ടത് ഇന്നത്തെ കാലത്താണ്. ധാരാളം ആന്‍റി ഓക്സിഡന്‍റുകളും ഫ്ളേവനോയിഡ്സും എള്ളില്‍ അടങ്ങിയിട്ടുണ്ട്. അതു കൊണ്ടുതന്നെ ഇതിനെ ഒരു ആന്‍റി കാന്‍സര്‍ ഭക്ഷണമായി വിശേഷിപ്പിക്കാറുണ്ട്. എള്ളില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പിന്‍െറ അംശം ശരീരത്തിന് വളരെ ഗുണം ചെയ്യുന്നവയാണ്. എള്ളിലെ 50% കൊഴുപ്പും ഏകപൂരിത കൊഴുപ്പായ ഒളിയിക് ആസിഡാണ്. ഇതിന്‍െറ സാന്നിധ്യം ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറക്കുക മാത്രമല്ല, നല്ല കൊളസ്ട്രോള്‍ കൂട്ടാനും സഹായിക്കും. അതു കൊണ്ട് ഒരു പരിധിവരെ ഹൃദ്രോഗങ്ങളെ നിയന്ത്രിക്കാനും കഴിയും.

എള്ളെണ്ണ ഹൃദ്രോഗികള്‍ക്കുള്ള ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടതാണ്. കൊളസ്ട്രോള്‍ മാത്രമല്ല, പ്രമേഹം നിയന്ത്രിക്കാനും പരോക്ഷമായിട്ടാണെങ്കില്‍ പോലും എള്ള് വഹിക്കുന്ന പങ്ക് വളരെ വലുതാണ്. എള്ളില്‍ അടങ്ങിയിരിക്കുന്ന രണ്ട് ഫിനോയിക് ആന്‍റി ഓക്സിഡന്‍റുകളായ സെസ് മോളും സിയസ്മിനോളും ശരീരത്തിലുണ്ടാകുന്ന ഫ്രീറാഡിക്ക്ള്‍ ഉല്‍പാദനത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നവയാണ്. എള്ളില്‍ ധാരാളം അടങ്ങിയിരിക്കുന്ന മഗ്നീഷ്യം പ്രമേഹ നിയന്ത്രണത്തിനായി കഴിക്കുന്ന ചില മരുന്നുകളുടെ പൂര്‍ണഫലം ലഭിക്കാനും പ്രയോജനമാണ്. രക്തസമ്മര്‍ദം നിയന്ത്രിക്കാനും മഗ്നീഷ്യം നല്ലതാണ്.

എള്ളില്‍ ധാരാളം നാരിന്‍െറ അംശവുമുണ്ട്. കൂടാതെ കോപ്പര്‍, കാല്‍സിയം ഇവയുടെ നല്ല സ്രോതസായതിനാലും ശരീരത്തിലെ നീര്‍ക്കെട്ട് കുറക്കാനും മലബന്ധം ഇല്ലാതാക്കാനും എള്ള് പ്രയോജനപ്പെടുന്നു. ആരോഗ്യകരമായ ത്വക്കിനും ചര്‍മത്തിലുണ്ടാകുന്ന ചുളിവുകള്‍ കുറക്കാനും എള്ളിലുള്ള സിങ്ക് സഹായകരമാണ്. പല്ലുകളില്‍ ഉണ്ടാകുന്ന കറ കളയാന്‍ എള്ളെണ്ണ നല്ലതാണ്. എള്ളെണ്ണ വായില്‍ ഒഴിച്ച ശേഷം അല്‍പസമയം കഴിഞ്ഞ് തുപ്പിക്കളഞ്ഞാല്‍ വായ് നാറ്റമുണ്ടാക്കുന്ന ബാക്ടീരിയയുടെ പ്രവര്‍ത്തനം ഇല്ലാതാക്കാം.

എള്ള് ഉപയോഗിച്ചുള്ള വിഭവങ്ങള്‍:

എള്ളുണ്ട

ചേരുവകള്‍:

  • എള്ള് - 1 കപ്പ്
  • ശര്‍ക്കര - 1/2 കപ്പ്
  • കപ്പലണ്ടി - 1/2 കപ്പ്

പാകം ചെയ്യേണ്ട വിധം:
എള്ള് കട്ടിയുള്ള ഒരു പാത്രത്തില്‍വെച്ച് നന്നായി വറക്കുക. കപ്പലണ്ടിയും അതു പോലെത്തന്നെ പ്രത്യേകം വറക്കുക. എള്ളും ശര്‍ക്കരയും നന്നായി പൊടിച്ചെടുക്കുക. കപ്പലണ്ടിയും പ്രത്യേകം പൊടിച്ച് ഇവയെല്ലാം കൂടി നന്നായി മിക്സ് ചെയ്തതിനു ശേഷം ഉരുട്ടിയെടുക്കുക. എണ്ണയോ നെയ്യോ ചേര്‍ക്കേണ്ടതില്ല.

എള്ള് ചട്ണി

ചേരുവകള്‍:

  • എള്ള് - 1 കപ്പ്
  • കപ്പലണ്ടി - 1 കപ്പ്
  • തേങ്ങ ചിരകിയത് -1/4 കപ്പ്
  • വറ്റല്‍മുളക് - 2 എണ്ണം
  • കറിവേപ്പില - 3 എണ്ണം
  • ജീരകം - 1 ടീസ്പൂണ്‍
  • എണ്ണ - 1/2 ടീസ്പൂണ്‍

പാകം ചെയ്യേണ്ട വിധം:
ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കിയതിനു ശേഷം കപ്പലണ്ടി നന്നായി വറുത്ത് മാറ്റിവെക്കുക. അതിനു ശേഷം അതേ പാത്രത്തില്‍ തന്നെ എള്ള് വറുത്തു മാറ്റിവെക്കുക. പിന്നീട് തേങ്ങ ചിരകിയതും, വറ്റല്‍മുളകും, കറിവേപ്പിലയും ജീരകവും ചേര്‍ത്ത് നന്നായി പൊടിച്ച ശേഷം എണ്ണ ചേര്‍ത്തും അല്ലെങ്കില്‍ തൈര് ചേര്‍ത്തും ഉപയോഗിക്കാവുന്നതാണ്. ഇഡ്ഡലി, ദോശ, ചപ്പാത്തി എന്നിവക്ക് യോജിച്ചതാണിത്. ഉപയോഗത്തിനു ശേഷം എയര്‍ടൈറ്റ് പാത്രത്തില്‍ സൂക്ഷിക്കേണ്ടതാണ്.

തയാറാക്കിയത്: സുനില്‍ വല്ലത്ത്

കടപ്പാട്: ഡോ. അനിത മോഹന്‍,
ന്യൂട്രീഷ്യന്‍ സ്പെഷ്യലിസ്റ്റ് & ഡയറ്റ് കണ്‍സല്‍ട്ടന്‍റ്,
തിരുവനന്തപുരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.