ഖത്തർ, ഒമാൻ, ഷാർജ എന്നിവിടങ്ങളിലെല്ലാം പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. കുവൈത്തിൽ ഇത് രണ്ടാം തവണയാണ് എത്തുന്നത്. 2019ൽ കുവൈത്തിൽ സംഗീതവുമായി എത്തിയിരുന്നു. എല്ലായിടങ്ങളും നല്ല അനുഭവങ്ങളും ഓർമകളുമാണ് സമ്മാനിച്ചത്. ഷാർജയിൽ സ്റ്റേഡിയത്തിലായിരുന്നു പ്രോഗ്രാം. നാട്ടിൽ നിന്ന് എത്രയോ അകലെ നിറഞ്ഞ ആൾക്കൂട്ടത്തെ കണ്ടപ്പോൾ അത്ഭുതം തോന്നി. കലയെയും കലാകാരന്മാരെയും എന്നും ചേർത്തുപിടിക്കുന്നവരാണ് പ്രവാസികൾ. കലാകാരന്മാരെ വലിയ ആദരവോടെയും സ്നേഹത്തോടെയും കാണുന്നവരാണിവർ. 'സ്നേഹിച്ചുകൊല്ലുക' എന്ന വാക്ക് ശരിക്കും ബോധ്യമാകുന്നത് ഗൾഫിൽ എത്തിയപ്പോഴാണ്. സുരക്ഷിതമായി വന്നുപോകാനും പ്രോഗ്രാം അവതരിപ്പിക്കാനുംകൂടി കഴിയുന്ന ഇടങ്ങളാണ് എല്ലാ ഗൾഫ് രാജ്യങ്ങളും.
2003ലാണ് ആദ്യ പ്രോജക്ടിൽ കൈവെച്ചത്. 2004ൽ ഒമ്പതു പാട്ടുകളുടെ ആൽബം 'കബീർ മ്യൂസിക് ഓഫ് ഹാർമണി' പുറത്തിറങ്ങി. കബീർ ദാസിന്റെ ദോഹകളുടെ മലയാളം സംഗീതം ചെയ്തു പാടിയതാണ് അത്. രവീന്ദ്ര നാഥ ടാഗോറിന്റെ 'പോയംസ് ഓഫ് കബീർ' എന്ന ഇംഗീഷ് വിവർത്തനമാണ് അതിന് ആശ്രയിച്ചത്. ഓരോ പാട്ടുകൾ തിരഞ്ഞെടുത്തതിനു പിന്നിലും ചില ലക്ഷ്യങ്ങളും ചരിത്രങ്ങളും ഉണ്ടായിരുന്നു. കബീർദാസിന്റെ പാട്ടുകളിൽ മതവിഭാഗീയതക്കും വർഗീയതക്കുമെതിരായ വലിയ സന്ദേശങ്ങളുണ്ട്. ദൈവം എവിടെയാണ് എന്ന അന്വേഷണത്തിനുള്ള മറുപടി അവയിൽ കാണാനാകും. ശേഷം ഖ്വാസി നസ്റുൽ ഇസ്ലാമിന്റെ കവിതകൾ മലയാളത്തിലാക്കി പാടി. പിന്നീട് നാരായണ ഗുരുവിന്റെ നിരവധി കൃതികൾ കമ്പോസ് ചെയ്തു. പൊയ്കയിൽ അപ്പച്ചന്റെ കാണുന്നീലൊരക്ഷരവും എന്റെ വംശത്തെപ്പറ്റി, പുലയനൊരു പള്ളി പറയനൊരു പള്ളി എന്നിവയും, ആസാദി മുദ്രാവാക്യവും കമ്പോസിങ് ചെയ്ത് പാട്ടുരൂപത്തിൽ ഇറക്കി.
ശബരിമല വിഷയത്തിലെ പ്രതികരണമായി 'എത്രയെത്ര മതിലുകൾ തകർത്തെറിഞ്ഞ കേരളം' എന്ന ഗാനം പാട്ടിലൂടെയുള്ള പ്രതികരണമായിരുന്നു. പൗരത്വ പ്രക്ഷോഭ സമരകാലത്ത് 'ഹംദേക്കേങ്കെ'യുടെ മലയാളം പുറത്തിറക്കി ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ആമീർ അസീസിന്റെ 'സകലതുമോർത്ത് വെക്കപ്പെടും' എന്ന പാട്ടും ഇതിന് പിറകെ എത്തി. ഇതിനിടെ ഖുർആനിലെ 'ഇഖ്ലാസ്' അധ്യായം സംഗീതം ചെയ്തു പാടി. സംഗീതം സാമൂഹിക നന്മക്കും ഐക്യത്തിനും ഉപയോഗപ്പെടുത്തണമെന്ന ലക്ഷ്യം തുടരും.
ഇനിയും കുറെ ചെയ്യാനുണ്ട്. ശ്രീനാരായണ ഗുരുവിന്റെ കൃതികൾ മുഴുവൻ സംഗീതം നൽകി പാടി സമൂഹത്തിലേക്ക് എത്തിക്കാൻ ആഗ്രഹമുണ്ട്. പൊയ്കയിൽ അപ്പച്ചന്റെ കൃതികളാണ് മറ്റൊരു ലക്ഷ്യം. സമൂഹത്തിന് ഉതകുന്ന പ്രവർത്തനങ്ങൾ സംഗീതത്തിലൂടെ ചെയ്യണമെന്നാണ് ആഗ്രഹം. പഠിച്ചത് കർണാടക സംഗീതമാണ്. സമയത്തിനനുസരിച്ച് അതിനെ നവീകരിച്ചെടുക്കണം. സംഗീതത്തിൽ ചെയ്യേണ്ട കാര്യങ്ങൾ എല്ലാം മനസ്സിലുണ്ട്. പലരൂപങ്ങളിലുള്ള തടസ്സങ്ങളും യാത്രകളും ചിലത് വൈകിപ്പിക്കുന്നു. എങ്കിലും, സമയമാകുമ്പോൾ അത് പുറത്തുവരും. സാമൂഹിക-രാഷ്ട്രീയ സംഭവങ്ങളെ അഭിസംബോധന ചെയ്യുന്ന പാട്ടുകൾ ഇനിയും വരും.
സംഗീത നാടക അക്കാദമി ചുമതല ഏറ്റെടുത്തതോടെ ഔദ്യോഗിക ഉത്തരവാദിത്തങ്ങൾ കൂടി എത്തി. എങ്കിലും സ്വയം ചെയ്യാനുള്ളതിന് സമയം കണ്ടെത്തും. അക്കാദമിയിലെ കാര്യങ്ങൾ കൂടിയാലോചനകളിലൂടെ മുന്നോട്ടുപോകും. ഇൻറർനാഷനൽ തിയറ്റർ ഫെസ്റ്റിവൽ വിജയമാണ് ഇപ്പോഴത്തെ മുന്നിലുള്ള പ്രധാന വിഷയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.