റെയിൽവേ സ്റ്റേഷന്റെ നേരേ എതിർവശത്തായതിനാൽ ഹോട്ടൽ കണ്ടുപിടിക്കാൻ ഏറെ പാടുപെടേണ്ടി വന്നില്ല. ഫോൺ ഓഫായിപ്പോയതിനാൽ സുനിതയെ എങ്ങനെ കണ്ടുപിടിക്കുമെന്ന കാര്യത്തിൽ ഒരു ഐഡിയയും ഇല്ലാതെയാണ് സാബുക്കുട്ടൻ റിസപ്ഷനിലേക്ക് ചെന്നത്. കാഴ്ചയിൽതന്നെ ബംഗാളിയെന്ന് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരനാണ് റിസപ്ഷനിൽ ഉണ്ടായിരുന്നത്.
''ഏക് ഡബിൾ എ.സി റൂം ചാഹിയേ'' പണി സൈറ്റിൽ ബംഗാളികളോട് സംസാരിച്ചുള്ള പരിചയത്തിൽ അറിയാവുന്ന ഹിന്ദി സാബുക്കുട്ടൻ എടുത്ത് വീശി.
''ആപ് അകേലാ ഹെ.''
''നഹി...ഏക്...'' സാബുക്കുട്ടൻ വാക്കിന് മുക്കുന്നത് അയാൾക്ക് മനസ്സിലായി.
''മലയാളം ബോലോ സാർ ഞാൻ മനസ്ലാക്കും.''
''ഒരാളുകൂടി വരാനുണ്ട്.''
''ലേഡി അണ്ണോ.''
''ഉം...അ...'' സാബുക്കുട്ടന്റെ വിക്കലും വിറയലും അയാൾ ചിരിയോടെ നോക്കി.
''സുനീത ചേച്ചിയ്യണ്ണോ?''
താൻ പ്രതീക്ഷിക്കുന്നയാൾ സുനിതയാണെന്ന് ഇവനെങ്ങനെ മനസ്സിലായെന്ന ഞെട്ടലോടെ സാബുക്കുട്ടൻ അതെ എന്ന് തലയാട്ടി.
''സുനീതച്ചേച്ചി ഇബ്ടെ വ്ന്നു പോയി. ഒരാൾ വ്ന്ന് ചൊതിച്ചാൽ വിളിക്കണം പറഞ്ഞിട്ട് ഉണ്ട്.'' പേരും അഡ്രസും എഴുതാൻ രജിസ്റ്ററെടുത്ത് സാബുക്കുട്ടന് കൊടുത്തുകൊണ്ട് അയാൾ പറഞ്ഞു.
സാബുക്കുട്ടൻ രജിസ്റ്ററിൽ എഴുതുന്നതിനിടയിൽ ചാർജു ചെയ്യാൻ കുത്തിയിട്ടിരുന്ന തന്റെ ഫോൺ എടുത്ത് ഭായി സുനിതയെ വിളിച്ച് സാബുക്കുട്ടന്റെ വരവറിയിച്ചു. ആ തക്കത്തിന് ഓഫായിപ്പോയ തന്റെ ഫോൺ ഭായിയുടെ ചാർജറിൽ കുത്തിയിട്ട് സുനിതയുടെ വരവും കാത്ത് സാബുക്കുട്ടൻ റിസപ്ഷനിൽതന്നെ നിന്നു.
''സാറേ...റൂം കിട്ടാൻ ഐഡി വേണം ഉണ്ട്.'' സാബുക്കുട്ടൻ പേഴ്സിൽനിന്നെടുത്ത് കൊടുത്ത ആധാർ കാർഡ് അയാൾ സ്വന്തം ഫോണിൽ സ്കാൻ ചെയ്ത് സേവാക്കി. ''നൂറ്റിപ്പതിമുന്ന്.'' റൂമിന്റെ കീ കൈമാറുമ്പോൾ അയാൾ സാബുക്കുട്ടനോട് പറഞ്ഞു. ''സാറ് റൂമിൽ പൊക്കോ ഫോൺ ചാർജാകും. സുനീതച്ചേച്ചി കയ്യിൽ കൊടുക്കാം.''
റൂമിലെത്തിയ പാടേ ഒരു ധൈര്യത്തിന് കയ്യിൽ കരുതിയ അരലിറ്റർ റം ബോട്ടിൽ തുറന്ന് മടമടാന്ന് മൂന്ന് ലാർജ് അകത്താക്കി. നാലാമത്തേത് ഒഴിക്കുമ്പോഴാണ് സാബുക്കുട്ടന്റെ കുത്തിയിട്ടിരുന്ന ഫോണും വാങ്ങി സുനിതയെത്തിയത്. എടുപിടീന്ന് അതുകൂടി തൊണ്ടതൊടാതെ വിഴുങ്ങിയതല്ലാതെ പുലർച്ചെ കണ്ണ് തെളിഞ്ഞപ്പം ഇവള് മരിച്ചുകിടക്കുന്നത് കണ്ടതുവരെ ആ മുറിയിൽ നടന്നതൊന്നും ഇപ്പോൾ സാബുക്കുട്ടന്റെ ഓർമയിലില്ല. തലേ രാത്രി നടന്നതെന്താണെന്ന് തന്നേം പിന്നേം ചിന്തിച്ചോണ്ടിരിക്കാനുള്ള നേരമല്ലിതെന്ന് സാബുക്കുട്ടന് ഒരു ഉൾവിളി വന്നതും റൂമിലെ ലാൻഡ് ഫോണിൽ മണിമുഴങ്ങിയതും ഒരുമിച്ചായിരുന്നു. റിസപ്ഷനിൽനിന്നാവുമെന്ന് ഉറപ്പായതിനാൽ അവനാ ഫോണെടുത്തില്ല. വെക്കേറ്റ് ചെയ്യാൻ ഇനി ഒരു മണിക്കൂറിൽ താഴെ സമയം മാത്രം. ഇതുപോലൊരു നാറിയ പെണ്ണുകേസിൽ പിടിക്കപ്പെട്ട് നാട്ടിലേക്ക് തിരിച്ച് ചെല്ലുന്നതിലും ഭേദം മരണം തന്നെയെന്ന് സാബുക്കുട്ടന് തോന്നി. പക്ഷേ താൻ മരിച്ചതുകൊണ്ടുമാത്രം എല്ലാം അവസാനിക്കുമോ. അപ്പോഴും തന്റെ പപ്പായും മമ്മിയും ഈ അപമാനഭാരത്തിലും ആവതില്ലാത്ത കാലത്ത് പരസഹായമില്ലാത്തതിന്റെ ആവലാതിയിലും മരണംവരെ നീറും. ഇല്ല... അങ്ങനെ സംഭവിച്ചുകൂടാ. എങ്ങനെയും തനിക്കീ കുരുക്കിൽനിന്ന് പുറത്തുകടന്നേ മതിയാകൂ. എന്തോ തീരുമാനിച്ച് ഉറപ്പിച്ചതുപോലെ സാബുക്കുട്ടൻ വാതിലിനു നേരെ നടന്നതും വാതിലിൽ മുട്ടുകേട്ടതും ഒരുമിച്ചായിരുന്നു. അവൻ ഡോർ ചെറുതായി തുറന്നു തലമാത്രം പുറത്തേക്കു നീട്ടി. ഇന്നലെ ചെക്കിൻ ചെയ്യുമ്പോൾ ഉണ്ടായിരുന്ന റിസപ്ഷനിസ്റ്റ് പയ്യൻതന്നെയാണ്. തീരെ പയ്യൻ എന്ന് പറയാൻ പറ്റില്ല. സാബുക്കുട്ടന്റെ പ്രായമൊക്കെത്തന്നെ കാണും അയാൾക്കും.
''സാർ. ചായ, കാപ്പി വേണോ ചോദിക്കാൻ വന്നതാണ്. ഞാൻ ഫോണ് വിളിച്ച് കണക്റ്റ് ആയില്ല. അതാ വന്നത്.'' സാബുക്കുട്ടന്റെ മുഖഭാവത്തിൽനിന്നും എന്തോ പന്തികേട് മണത്ത അയാൾ ഡോറിനോട് കുറച്ചുകൂടി ചേർന്നുനിന്നുകൊണ്ട് ഒച്ചതാഴ്ത്തി ചോദിച്ചു, ''എന്ന സാർ... എന്നാ മുശ്കിൽ?''
അയാളുടെ ചോദ്യത്തിലെ ഭയവും അമ്പരപ്പും കണ്ടതോടെ അവശേഷിച്ച ധൈര്യംകൂടി ചോർന്നുപോയ സാബുക്കുട്ടന് മിണ്ടാനാവാത്തവിധം നാക്കുകുഴഞ്ഞു. അകത്തേക്കു വരാൻ അയാളോട് കൈകൊണ്ട് കാണിച്ചിട്ട് അവൻ ഒഴുകി വന്നതുപോലെ കസേരയിൽ വന്നടിഞ്ഞു. അകത്തുവന്നിട്ടും ഒന്നും പറയാത്തതുകൊണ്ട് എന്തെന്നറിയാൻ അയാൾ സാബുക്കുട്ടന്റെ മുഖത്തേക്കുനോക്കി. സാബുക്കുട്ടൻ കട്ടിലിനു നേരെ കൈചൂണ്ടി. കട്ടിലിൽ കിടക്കുന്ന സ്ത്രീയുടെ ശവം കണ്ടതും പകച്ചുപോയ അയാൾ പിന്നോക്കം മാറി. പുറത്തേക്ക് തുറിച്ച കണ്ണും തുറന്നുപോയ വായുമായി അയാൾ ഒരു ഞൊടി നിന്നു. പെട്ടെന്ന് സ്വബോധം വന്നതുപോലെ ഓടിപ്പോയി ഡോർ ലോക്ക് ചെയ്തു.
''എന്ന പറ്റി സാർ. മർഗയാ...'' അടഞ്ഞ തൊണ്ടയിൽനിന്നുവന്ന ആ ചോദ്യം അപ്പോൾ വന്ന െട്രയിനിന്റെ ചൂളംവിളിയിൽ പൊലിഞ്ഞുപോയി. മറുപടി പറയാൻ കഴിയാതെ സാബുക്കുട്ടന്റെ തൊണ്ടക്കുഴിയിൽ പുറത്തേക്കു വരാത്ത വാക്കുകളുടെ കഫക്കട്ടകളുരുകി. മേശപ്പുറത്തിരുന്ന വാട്ടർ ജഗിനുനേരെ താടിയും മറ്റ് നാലു വിരലുകളും മടക്കിപ്പിടിച്ച വലതുകൈയുടെ തള്ളവിരൽ വായ്ക്കു നേരെയും നീട്ടി ലോകത്തേതൊരു മനുഷ്യനോടും വിനിമയം സാധ്യമാവുന്ന ഭാഷയിൽ സാബുക്കുട്ടൻ തന്റെ പരവേശം വരച്ചുകാട്ടി. ഇരുന്ന ഇരിപ്പിന് മുക്കാൽ ജഗ് വെള്ളം കുടിച്ചുതീർത്ത് ഒരു ദീർഘനിശ്വാസം വിട്ട അവൻ ഇന്നലെ റൂമിലെത്തിയതു മുതൽ ഇതുവരെയുള്ള കാര്യങ്ങൾ വള്ളിപുള്ളി വിടാതെ ഒറ്റ ശ്വാസത്തിൽ അയാളോട് കുമ്പസാരിച്ചു.
എല്ലാം കേട്ടുകഴിഞ്ഞതും സാബുക്കുട്ടന്റെ മുഖത്തേക്ക് അയാൾ ദയനീയഭാവത്തിൽ നോക്കി.
''നാൻന് പേടി ഉണ്ട് സാർ. പോലീസ്കാരെ വിളിക്കണം.''
''ഭായി എന്നെ രക്ഷിക്കണം. ഭായി വിചാരിച്ചാ മാേത്ര എന്നതേലും ചെയ്യാമ്പറ്റൂ'', സാബുക്കുട്ടൻ അയാളുടെ രണ്ടു കൈകളും കൂട്ടിപ്പിടിച്ച് യാചിച്ചു.
''നാൻ എന്ന സെയ്യും സാർ...''
''ഭായി എന്നെയൊന്ന് വിശ്വസിക്ക്. ഇവള് മരിക്കണം എന്ന ഉദ്ദേശ്യത്തോടെ അറിഞ്ഞോണ്ട് ഞാനായിട്ട് ഒന്നും ചെയ്തിട്ടില്ല. പിന്നെ രാത്രീലെ ആക്രാന്തത്തിനെടേൽ അറിയാതെ വല്ലോം പറ്റീട്ടൊണ്ടോന്ന് ഞാൻ ഓർക്കുന്നുവില്ല.''
''സാർ പറഞ്ചത് സെരി. എന്നാൽ യേ ലേഡി മർ ഗയാ. പോലീസ്കാരോട് പരയണം.''
''പറയണം ഭായീ... പറയാം. അതിന് മുമ്പ് ഭായി ഒന്ന് രണ്ട് കാര്യങ്ങൾ ചെയ്യണം... എന്നെ സഹായിക്കണം.''
''എന്ന സകായം...''
''എന്റെ റൂം നമ്പര് 113 എന്ന് രജിസ്റ്ററേൽ എഴുതിയത് 118 എന്നാക്കണം. നൂറ്റിപ്പതിമൂന്നാം നമ്പർ മുറി ഇവടെ പേരിൽ എഴുതണം. പിന്നെ എന്റെ ഈ ബാഗും സാധനങ്ങളുവെല്ലാം 118ലേക്ക് മാറ്റണം.''
ഇനി എന്ത് എന്ന ചോദ്യഭാവത്തിൽ അയാൾ സാബുക്കുട്ടനെ നോക്കി.
''എന്നിട്ട് എന്നെ ഇവടെ കൂടെ ഒന്നുവില്ലാതെ കിടത്തി എന്റെ ഫോണേൽ അഞ്ചാറ് ഫോട്ടോയും വീഡിയോയും എടുത്ത് തരണം.''
''ഇല്ല സാർ... ഞാൻന് പേടിയാണ്.''
''ഭായി ഞാൻ പറയുന്നതൊന്ന് കേൾക്ക്. തർക്കിച്ച് നിക്കാൻ സമയമില്ല. ഉള്ളത് ഉള്ളപോലെ പറഞ്ഞാലും ഭായിക്ക് പ്രത്യേകിച്ച് ഒരു ഗുണോമില്ല, ദോഷോമില്ല. എന്നാ ഞാൻ പറയുന്നപോലെ ചെയ്താലും ഭായിക്ക് ഒരു ദോഷോം വരത്തില്ലെന്ന് മാത്രമല്ല ചില ഗുണങ്ങൾ ഉണ്ടാവുകേം ചെയ്യും. അപ്പഴോ?''
''എന്നാ ഗുണം.''
''ഭായി എന്റെ കയ്യിൽ ഇപ്പോ ഒരു ലക്ഷം രൂപാ ഇരിപ്പൊണ്ട്. അതിപ്പത്തന്നെ ഭായിക്ക് തരാം. പിന്നെ ഭായീടെ സഹായംകൊണ്ട് ഞാൻ ഇതീന്ന് ഊരിയാ വർഷങ്ങളോളം ഇവിടെക്കിടന്ന് വെരകിയാ കിട്ടാത്ത ഒരു തുക ഞാൻ ഭായിക്ക് തരും.''
''മുശ്ചേ പൈസാ നഹി ചാഹിയെ. മേം ചൂട്ട് നഹി ബോലാ...''
''ഓഹോ... എന്നാ നീ പോലീസുകാരെ വിളി... സത്യം മാത്രം പറ... എനിക്കിനി ജീവിക്കുന്നതും മരിക്കുന്നതും ഒരുപോലാ... പോലീസുകാര് വരുമ്പം എന്റെ ശവമേ കാണത്തൊള്ള്... പിന്നെ ഈ രണ്ട് മരണത്തിനും നീ ഒറ്റയ്ക്ക് സമാധാനം പറയേണ്ടി വരും.''
അതുകേട്ടതോടെ അയാളാകെ ഭയന്നു. ''സാർ നാൻ സാർ പറഞ്ചത് സെയ്യാം... പോലീസ്കാരോട് എന്ന പരയണം.''
''അത് ഞാൻ പറഞ്ഞ് തരാം. അതുപോലെ പറഞ്ഞാ മതി. ഭായിക്ക് ഒരു കുഴപ്പവും വരില്ല. ബാക്കിയെല്ലാം ഞാൻ നോക്കിക്കോളാം.''
സാബുക്കുട്ടൻ പറഞ്ഞ കാര്യങ്ങളെല്ലാം അണുവിട തെറ്റാതെ ചെയ്തശേഷം അയാൾ പോലീസിനെ വിളിച്ചു. ഭായി പോലീസിന്റെ വരവും കാത്ത് റിസപ്ഷനിൽ ഇരുന്ന നേരം സാബുക്കുട്ടൻ തന്റെ ഫോണെടുത്ത് ഫേസ്ബുക്കിൽ കയറി സുനിതയെ അൺഫ്രണ്ട് ചെയ്തു. അവളുമായി നടത്തിയ മെസഞ്ചർ ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്തു. പിന്നെ അവളുടെ ഫോണെടുത്ത് അതിലും തന്റെ ചാറ്റുകളെല്ലാം ഡിലീറ്റാക്കി. പെട്ടെന്ന് ആർക്കും കയറി നോക്കാൻ തോന്നാതിരിക്കാൻ അവളുടെ ഫോണിലെ ഫേസ്ബുക്കും മെസഞ്ചറും അൺ ഇൻസ്റ്റാൾ ചെയ്തു. പിന്നെ സുനിതയുമായി ചാറ്റ് ചെയ്ത ഫേസ്ബുക്കിലെ തന്റെ ഫേക്ക് ഐഡിയും മെസഞ്ചറും ഡിലീറ്റ് ചെയ്തു. അവളുടെ ഫോണിൽനിന്ന് ഏതോ നമ്പറുകളൊക്കെ തന്റെ ഫോണിൽ സേവ് ചെയ്യുകയോ വാട്സാപ്പിലൂടെ ആർക്കോ എന്തോ മെസേജുകൾ അയക്കുകയോ ചെയ്തിട്ട് ഫോണുകൾ രണ്ടും അലസമായി ബെഡിൽത്തന്നെ ഇട്ടിട്ട് മുറിയിലൂടെ തലങ്ങും വിലങ്ങും നടന്നു. അപ്പോഴേക്കും സർക്കിൾ ഇൻസ്പെക്ടർ ജയിംസ് മാത്യുവിന്റെ നേതൃത്വത്തിൽ പോലീസ് സംഘം താഴെ ഹോട്ടൽ റിസപ്ഷനിൽ എത്തിയിരുന്നു. പോലീസുകാരോട് സാബുക്കുട്ടൻ പറഞ്ഞ് പഠിപ്പിച്ച മൊഴി ഭായി അതുപോലെ ആവർത്തിച്ചു. പഴുതുകളില്ലാതെ കേസ് ഫ്രയിം ചെയ്യാൻ കഴിയും വിധം ഇൻഫോമേഴ്സിൽനിന്നും കുത്തിക്കുത്തി ചോദിച്ച് മൊഴി എടുക്കുന്നതിൽ സീനിയർ സി.പി.ഒ സുലോചനനുള്ള മിടുക്കിൽ സി.ഐ ജയിംസ് മാത്യുവിന് നല്ല മതിപ്പായിരുന്നു. മറുഭാഷ കേറി മുറിഞ്ഞ മലയാളത്തിൽ ഭായി പറഞ്ഞ കാര്യങ്ങൾ സുലോചനൻ തെളിമലയാളത്തിൽ ഇങ്ങനെ പകർത്തി വെച്ചു.
''എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽ എറണാകുളം വില്ലേജിൽ എറണാകുളം സൗത്ത് കരയിൽ സൗത്ത് െറയിൽവേ സ്റ്റേഷന് സമീപത്തുള്ള ലൗ ബേഡ്സ് പാരഡൈസ് ഹോട്ടലിലെ റിസപ്ഷനിസ്റ്റായ, പശ്ചിമ ബംഗാൾ സംസ്ഥാനത്ത് നാദിയാ ജില്ലയിൽ കൃഷ്ണപൂർ ദേശത്ത് അബ്ദുൾ അസീസ് മകൻ ഇരുപത്തെട്ട് വയസ്സുള്ള വസീം അബ്ദുൾ എന്ന ഞാൻ കേരള സംസ്ഥാനത്ത് എറണാകുളം ജില്ലയിൽ സൗത്ത് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ജയിംസ് മാത്യുവിനോട് 22–07–2021 രാവിലെ 10.20ന് ഹോട്ടൽ ലൗ ബേഡ്സ് പാരഡൈസിന്റെ റിസപ്ഷനിൽവെച്ച് പറയുന്ന മൊഴി.
ഞാൻ ജോലിചെയ്യുന്ന, എറണാകുളം സൗത്ത് െറയിൽവേ സ്റ്റേഷന് സമീപമുള്ള ലൗ ബേഡ്സ് പാരഡൈസ് ഹോട്ടലിൽ ഇന്നലെ മുറിയെടുത്ത സുനിത എന്ന് വിളിക്കുന്ന പ്രിയാ രാജൻ എന്ന സ്ത്രീ രാവിലെ റൂമിൽ മരിച്ചുകിടക്കുന്നത് കണ്ട കാര്യം പറയാൻ ഞാനാണ് സ്റ്റേഷനിൽ ഫോൺ വിളിച്ച് പോലീസിനെ വരുത്തിയത്.
പശ്ചിമ ബംഗാൾ സ്വദേശിയായ ഞാൻ കഴിഞ്ഞ മൂന്ന് വർഷമായി ഇവിടെ ജോലി ചെയ്ത് വരുകയാണ്. കൊറോണക്ക് മുമ്പ് പതിനഞ്ച് ജോലിക്കാരുണ്ടായിരുന്ന ഇവിടെ ലോക്ക്ഡൗണിന് ശേഷം മുഴുവൻ സമയ ജോലിക്കാരനായി ഞാൻ മാത്രമേയുള്ളൂ. രാവിലെ ഏഴ് മുതൽ വൈകുന്നേരം അഞ്ചു മണി വരെ അഞ്ച് ക്ലീനിങ് ജോലിക്കാർ വന്നു പോകുന്നുണ്ട്. ഇന്നലെ അവരെല്ലാം പോയിക്കഴിഞ്ഞ് വൈകിട്ട് ഏഴരയോടുകൂടിയാണ് സുനിത ഇവിടെ റൂം എടുക്കാൻ എത്തിയത്. അവരുടെ കൂടെ അമ്പതിനടുത്ത് പ്രായം തോന്നിക്കുന്ന ഒരു പുരുഷനും ഉണ്ടായിരുന്നു. മാസ്ക് വച്ചിരുന്നതുകൊണ്ട് അയാളുടെ മുഖം ശരിക്ക് കാണാൻ കഴിഞ്ഞില്ല. സുനിത ഇവിടത്തെ പതിവ് കസ്റ്റമർ ആയതുകൊണ്ടും അവരുടെ കൂടെ പലരും മുമ്പ് ഇവിടെ വന്ന് താമസിച്ച് പോയിട്ടുള്ളതുകൊണ്ടും അവരുടെ പ്രിയാ രാജൻ എന്ന യഥാർഥ പേരിലുള്ള ആധാർ കാർഡ് പ്രൂഫാക്കി കൂടുതൽ അന്വേഷിക്കാതെ മുറി കൊടുത്തു. രണ്ടാം നിലയിലെ നൂറ്റി പതിമൂന്നാം നമ്പർ മുറിയാണ് അവർക്ക് കൊടുത്തത്. അവരെ കൂടാതെ നൂറ്റി പതിനെട്ടാം നമ്പർ മുറിയിലെ സാബു കുര്യാക്കോസ് മാത്രമാണ് രണ്ടാം നിലയിൽ ഇന്നലെ ഉണ്ടായിരുന്നത്. പുലർച്ചെ മൂന്നേകാലോടുകൂടി മൂന്നരയുടെ ചെന്നൈ എക്സ്പ്രസിന് പോകണമെന്ന് പറഞ്ഞ് സുനിതയുടെ കൂടെ വന്നയാൾ എന്നെ വിളിച്ചുണർത്തി ഗ്രില്ല് തുറപ്പിച്ച് പുറത്തുപോയി. റൂം എടുത്ത സുനിത ഇവിടെത്തന്നെ ഉള്ളതുകൊണ്ടും മുമ്പും അവരുടെ കൂടെ വന്നിട്ടുള്ളവർ ഇങ്ങനെ നേരത്തേ ഇറങ്ങിയിട്ടുള്ളതുകൊണ്ടും പെരുമാറ്റത്തിൽ അസ്വാഭാവികത ഒന്നും തോന്നാഞ്ഞതുകൊണ്ടുമാണ് അയാളെ പോകാൻ അനുവദിച്ചത്. കൊറോണക്ക് ശേഷം ഇവിടെ ഫുഡ് ഒന്നും ഉണ്ടാക്കാത്തതുകൊണ്ട് അടുത്തുള്ള വേറെ ഹോട്ടലുകളിൽനിന്ന് വരുത്തിച്ചാണ് ആവശ്യമുള്ള കസ്റ്റമേഴ്സിന് ഫുഡ് കൊടുത്തിരുന്നത്. അന്നേരം ഹോട്ടലിൽനിന്ന് കിട്ടുന്ന കമീഷനും കസ്റ്റമേഴ്സ് തരുന്ന ടിപ്പും ഒക്കെ കൊണ്ടാണ് ഇവിടുത്തെ കുറഞ്ഞ ശമ്പളത്തിലും എനിക്ക് പിടിച്ചുനിൽക്കാൻ കഴിയുന്നത്. രാവിലെ എട്ടു മണിയായിട്ടും ഈ രണ്ട് മുറികളിൽനിന്നും ബെഡ് കോഫിക്കോ േബ്രക്ക് ഫാസ്റ്റിനോ ഒന്നും ഓഡർ കിട്ടാഞ്ഞതുകൊണ്ട് അങ്ങനെ എന്തെങ്കിലും വേണോ എന്ന് അറിയാനാണ് ഞാൻ റൂമിലേക്ക് ചെന്നത്. ഞാൻ ചെല്ലുമ്പോൾ സാബു കുര്യാക്കോസിന്റെ നൂറ്റിപതിനെട്ടാം നമ്പർ മുറി മലർക്കെ തുറന്ന് കിടക്കുകയായിരുന്നു. അയാളുടെ ബാഗും വസ്ത്രങ്ങളും മുറിയിൽത്തന്നെ ഉണ്ടായിരുന്നു. അകത്ത് കയറി ബാത്റൂമിലും എല്ലാം നോക്കിയെങ്കിലും ആരെയും കണ്ടില്ല. അതു കഴിഞ്ഞാണ് ഞാൻ നൂറ്റി പതിമൂന്നിലേക്ക് പോയത്. ആ മുറിയുടെ വാതിൽ അടഞ്ഞു കിടക്കുകയായിരുന്നു. രണ്ടു മൂന്ന് വട്ടം ബെല്ലടിച്ചിട്ടും തുറക്കാതെ വന്നപ്പോൾ ഞാൻ ആ ഡോറിന്റെ ഹാൻഡിലിൽ പിടിച്ച് തുറക്കാൻ ശ്രമിച്ചു. അകത്തുനിന്ന് കുറ്റി ഇട്ടിട്ടില്ലാരുന്നതിനാൽ അത് തുറന്നുപോയി. അകത്തേക്ക് കയറിയ ഞാൻ ആ കാഴ്ച കണ്ട് ഞെട്ടിപ്പോയി. തുണി ഒന്നുമില്ലാതെ ഒരു ആണും പെണ്ണും ആ കട്ടിലിൽ കിടക്കുന്നുണ്ടായിരുന്നു. അവർ തമ്മിൽ ബന്ധപ്പെട്ടശേഷം ഉറങ്ങുകയാവും എന്നാണ് ഞാൻ കരുതിയത്. ആ സ്ത്രീ സുനിതയാണെന്ന് എനിക്ക് ഉറപ്പായിരുന്നല്ലോ. ഇവളുടെ കൂടെ വന്നയാൾ നേരത്തേ പോയിരുന്നതുകൊണ്ട് പുരുഷൻ ആരായിരിക്കുമെന്ന് ഞാൻ ഒരു നിമിഷം ശങ്കിച്ചു. ഇവിടെ അങ്ങനെ പലതും മുമ്പും കണ്ടിട്ടുള്ളതുകൊണ്ട് അവര് എന്നെ കാണുന്നതിനുമുമ്പ് ഞാൻ ഇറങ്ങിപ്പോരാൻ തുടങ്ങുമ്പോഴാണ് ആ സ്ത്രീയുടെ തല കട്ടിലിന് വെളിയിലേക്ക് ഒടിഞ്ഞുതൂങ്ങി കിടക്കുന്നതുപോലെ തോന്നിയത്. അതുകൊണ്ടാണ് ഞാൻ അടുത്തുപോയി നോക്കിയത്. അടുത്ത് ചെന്നപ്പോഴാണ് ആ പുരുഷൻ സാബു ആണെന്ന് എനിക്ക് മനസ്സിലായത്. ഒറ്റ നോട്ടത്തിൽതന്നെ ഞാൻ പേടിച്ചു പോയി. കണ്ണു തുറിച്ച് വാ പൊളിച്ചുള്ള സുനിതയുടെ കിടപ്പു കണ്ടാൽതന്നെ മരിച്ച് കിടക്കുകയാണെന്ന് അറിയാമായിരുന്നു. ജീവനുള്ളതിന്റെ ഒരു ലക്ഷണവും അവരുടെ ശരീരത്തിൽ ഇല്ലാരുന്നു. എന്നാൽ, സാബു ശ്വാസം വിടുന്നുണ്ടെന്ന് അയാളുടെ വയറിന്റെ ഉയർച്ചതാഴ്ചയിൽനിന്ന് മനസ്സിലായി. ഞാൻ സാർ സാർ എന്ന് രണ്ടു മൂന്ന് വട്ടം അയാളെ കുലുക്കി വിളിച്ചു. ഞരങ്ങിയതല്ലാതെ അയാൾ എണീറ്റില്ല. മേശപ്പുറത്തിരുന്ന ജഗ്ഗിൽനിന്ന് വെള്ളമെടുത്ത് അയാളുടെ മുഖത്ത് തളിച്ചു. മെല്ലെ കണ്ണു തുറന്ന അയാൾ കുടിക്കാൻ വെള്ളം വേണമെന്ന് ആംഗ്യം കാട്ടി. വെള്ളം കൊടുത്തപ്പോ എഴുന്നേൽപിച്ച് ഇരുത്താൻ പറഞ്ഞു. എഴുന്നേൽപിച്ച് ഇരുത്തിയിട്ട് എന്താണ് സംഭവിച്ചതെന്ന് ഞാൻ അയാളോട് ചോദിച്ചു. നൂറ്റിപ്പതിനെട്ടിൽ കിടന്നുറങ്ങിയിരുന്ന അയാളെ രാത്രി ഡോറിൽ തട്ടി ഒരാൾ വിളിച്ചുണർത്തി. ഡോർ തുറന്നപ്പോൾ പുറത്തുനിന്ന ആൾ സാബുവിനോട് പറഞ്ഞു, അയാളും ഭാര്യയും നൂറ്റി പതിമൂന്നിലെ താമസക്കാരാണ്. അയാളുടെ ഭാര്യ തലചുറ്റി വീണു. വിളിച്ചിട്ട് എണീക്കുന്നില്ല. വീണു കിടക്കുന്നതുകൊണ്ട് ഒറ്റക്ക് നോക്കിയിട്ട് താഴോട്ട് കൊണ്ടുപോകാൻ പറ്റുന്നില്ല. താഴെ എത്തിക്കാൻ ഒന്ന് സഹായിക്കണം. അതുകേട്ട് സാബു അയാളോടൊപ്പം നൂറ്റിപ്പതിമൂന്നാം നമ്പർ മുറിയിലേക്ക് പോയി. മുറിയിൽ കയറിയപാടേ അയാൾ പിന്നിൽനിന്ന് സാബുവിന്റെ വായും മൂക്കും പൊത്തി അരയിൽനിന്ന് കത്തിയെടുത്ത് കഴുത്തിൽ വെച്ചുകൊണ്ട് ഒച്ച വയ്ക്കുകയോ രക്ഷപ്പെടാൻ ശ്രമിക്കുകയോ ചെയ്താൽ കൊന്നുകളയും. പറയുന്നത് അനുസരിച്ചാൽ നിനക്ക് നിന്റെ ജീവൻ രക്ഷിക്കാം എന്ന് ഭീഷണിപ്പെടുത്തി. കയ്യിൽ ആയുധവുമായി നിൽക്കുന്ന, തന്നേക്കാൾ ആരോഗ്യവാനായ അയാളോട് ഏറ്റുമുട്ടിയിട്ട് കാര്യമില്ലെന്ന് മനസ്സിലായ സാബു അയാൾ പറയുന്നത് അനുസരിക്കാമെന്ന് സമ്മതിച്ചു. അങ്ങനെ അയാൾ പറഞ്ഞത് അനുസരിച്ച് സാബു വസ്ത്രങ്ങളെല്ലാം അഴിച്ച് ആ സ്ത്രീയുടെ കൂടെ കട്ടിലിൽ കയറി കിടന്നു. അയാൾ സാബുവിനെ ഭീഷണിപ്പെടുത്തി ആ സ്ത്രീയോടൊപ്പമുള്ള നഗ്നചിത്രങ്ങളും വീഡിയോയും ഫോണിൽ പകർത്തി. പെട്ടെന്ന് അയാൾ ഒരു തുണികൊണ്ട് സാബുവിന്റെ മുഖം പൊത്തി. പിന്നെ എന്താണ് സംഭവിച്ചത് എന്നറിയില്ലെന്നും ആ കിടപ്പ് കിടക്കുമ്പോഴാണ് ഞാൻ കേറി ചെന്നത് എന്നുമാണ് സാബു എന്നോട് പറഞ്ഞത്. പോണപോക്കിൽ സാബുക്കുട്ടന്റെ ബാഗിൽനിന്നും ഒരു ലക്ഷം രൂപകൂടി അയാള് കട്ടോണ്ട് പോയിട്ടുണ്ട് സാറേ, ഇേത്രയൊള്ള് സാറേ എനിക്ക് ഇക്കാര്യത്തിൽ അറിയാവൊള്ളൂ.''
വസീം പറഞ്ഞു നിർത്തിയതും സുലോചനൻ സാറ്, മൊഴി വായിച്ചു കേട്ടു. പറഞ്ഞ കാര്യങ്ങൾതന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത് എന്ന് എഴുതി അവനെക്കൊണ്ട് ഒപ്പുവെപ്പിച്ചു. വസീമിന്റെ മൊഴി കേട്ടതോടെ കുശാഗ്ര ബുദ്ധിക്കാരനായ എസ്.എച്ച്.ഒ ജയിംസ് മാത്യുവിന് കാര്യങ്ങളുടെ കിടപ്പുവശം ഏതാണ്ട് ബോധ്യമായി.
''നീ പറഞ്ഞതെല്ലാം സത്യമാണെന്ന് ഞങ്ങൾക്ക് മനസ്സിലായി. പക്ഷേ നിന്നോട് അവൻ പറഞ്ഞ കാര്യങ്ങൾ സത്യമാണോന്ന് ഉറപ്പിക്കാൻ അവന്റെ മൊഴികൂടി എടുക്കണം. അതുവരെ നീ ഇവിടം വിട്ട് പുറത്തുപോകാൻ പാടില്ല.''
അവനെ നിരീക്ഷിക്കണമെന്ന് ഹോട്ടലിന് പുറത്ത് മഫ്തിയിൽ നിൽക്കുന്ന പോലീസുകാർക്ക് രഹസ്യമായി നിർദേശം കൊടുത്ത് ജയിംസ് മാത്യുവും സംഘവും ബോഡി കിടക്കുന്ന മുറിയിലേക്ക് പോയി. അവർ മുറിയിലേക്ക് പ്രവേശിച്ചതും തളർന്ന് അവശനായി കസേരയിലിരുന്ന സാബുക്കുട്ടൻ ചാടി എഴുന്നേറ്റ് വലിയവായിൽ നിലവിളിക്കാൻ തുടങ്ങിയതും ഒരുമിച്ചായിരുന്നു.
''എന്നെ രക്ഷിക്കണം സാറേ... ഞാനൊരു തെറ്റും ചെയ്തിട്ടില്ല... അപ്പറത്തെ മുറീക്കെടന്ന എന്നെ ഭീഷണിപ്പെടുത്തി ഇതിനാത്തുകൊണ്ടെ തള്ളിയതാ സാറേ...''
''പ്ഫ നിർത്തെടാ. ഒരുത്തിയെ പച്ചയ്ക്ക് പണിതു കൊന്നിട്ട് അവന്റെയൊരു അയ്യോപാവം കളി.'' നിന്റെ കള്ളി പൊളിഞ്ഞെടാ എന്ന ഭാവത്തിൽ ജയിംസ് മാത്യു സാർ സാബുക്കുട്ടനോട് തട്ടിക്കേറി.
''ദൈവദോഷം പറയല്ലേ സാറേ... ഞാനൊരു പാവമാ.. എനിക്കാരേം കൊല്ലാമ്പറ്റുകേല'', സാബുക്കുട്ടന്റെ വിലാപം കൂടുതൽ ദീനമായി.
''നടന്നതെല്ലാം വള്ളിപുള്ളി വിടാതെ തുറന്ന് പറഞ്ഞാ നിന്നെ ഞാൻ രക്ഷിക്കാം. അല്ലാതെ വെളച്ചിലെറക്കി ഊരിപ്പോകാനാണ് പ്ലാനെങ്കി പിന്നെ നീ പൊറംലോകം കാണുകേല.'' സാബുക്കുട്ടനോട് അത്രയും പറഞ്ഞിട്ട് ജയിംസ് സാറ് റൈട്ടർ സുലോചനന് നേരെ തിരിഞ്ഞു. ''സുലോചനാ ഇവന്റെ മൊഴിയെടുക്ക്.'' സാബുക്കുട്ടൻ പറയുന്ന കാര്യങ്ങൾ സുലോചനൻ സാറ് രേഖപ്പെടുത്താൻ തുടങ്ങി.
''എന്താ നിന്റെ പേര്?''
''സാബു കുര്യാക്കോസ്. സാബുക്കുട്ടനെന്ന് വിളിക്കും.''
''സ്ഥലം?''
''കോട്ടേത്താ.''
''കോട്ടയം ജില്ലയിൽ എന്നല്ലേ?''
''അതെ.''
''താലൂക്കോ?''
''അതും കോട്ടയം തന്നെ.''
''ഫുൾ അഡ്രസ്സ് പറയടാ.''
''സാബു കുര്യാക്കോസ്, വേങ്ങത്തടത്തിൽ, കുഴിത്തറ പി.ഒ, കോട്ടയം.''
''വില്ലേജേതാ.''
''അയ്മനം.''
''നിനക്കെത്ര വയസ്സായി?''
''23.''
അതായത് കോട്ടയം ജില്ലയിൽ കോട്ടയം താലൂക്കിൽ അയ്മനം വില്ലേജിൽ കുഴിത്തറ കരയിൽ വേങ്ങത്തടത്തിൽ കുര്യാക്കോസ് മകൻ 23 വയസ്സുള്ള സാബുക്കുട്ടൻ എന്ന് വിളിക്കുന്ന സാബു കുര്യാക്കോസ് അല്ലേ?
''അതെ.''
''നീ എപ്പാഴാ ഇവിടെ വന്നത്?''
''ഇന്നലെ രാത്രി ഒരു 7 മണി കഴിഞ്ഞ്.''
''എന്തിന് വന്നതാ?''
''ഞാൻ നാട്ടിൽ രമേശൻ എന്നൊരു കോൺട്രാക്ടറുടെ കൂടെ കെട്ടിടങ്ങളുടെ തട്ടടിയും വാർക്കയും ചെയ്യുന്ന കമ്പിപ്പണിയാണ്. ഇവിടെ ഫോർട്ട് കൊച്ചിയിലൊരു ലോപ്പസ് മേസ്തിരീടെ കയ്യി സെക്കൻഡാന്റ് വാർക്കത്തകിട് വിക്കാനൊണ്ടെന്ന് ഓയെല്ലെക്സി പരസ്യം കണ്ടാരുന്ന്. ആ ലോപ്പസ് മേസ്തിരീനെ കണ്ട് തകിട് മേടിക്കാനാ ഞാൻ വന്നത്.''
''അയാൾ ഇവിടെ വെച്ച് കാണാമെന്നാണോ പറഞ്ഞിരുന്നെ?''
''അല്ല. അങ്ങേരെ അവിടെപ്പോയി കണ്ട്.''
''പ്ഫ! കള്ളത്താന്തോന്നീ... ഇതല്ലേ നിന്നോട് പച്ചമലയാളത്തി ഞാനാദ്യം ചോദിച്ചെ. അവനെ അവടെപ്പോയി കണ്ടെങ്കി രാത്രി ഏഴുമണിക്ക് നീ എന്നാ ഒണ്ടാക്കാനാ ഈ ഹോട്ടലിൽ വന്നത്.''
അതുവരെ സൗമ്യമായി കാര്യങ്ങൾ ചോദിച്ച സുലോചനൻ സാറിന്റെ സംസാരത്തിന്റെ മട്ട് മാറിയതോടെ സാബുക്കുട്ടന്റെ നല്ല ജീവൻ പോയി.
ആ ഭയം അവന്റെ വാക്കുകളിലും തെളിഞ്ഞു.
''അയ്യോ! സാറേ... ഇന്നലെ വൈകുന്നേരം ഒരു നാലുമണിയോടെ ഞാൻ എറണാകുളത്ത് വന്നതാ. നേരേ പോയി ലോപ്പസ് മേസ്തിരിയെ കണ്ടു. അന്നേരം അവിടെ കണ്ട തകിട് അത്ര ഗുണമില്ലാത്തതാരുന്ന്. അങ്ങനെ ഞാൻ കച്ചോടം പെശകി പോരാനൊരുങ്ങിയപ്പഴാ അങ്ങേര് പറഞ്ഞത് തോപ്പുംപടീൽ ഒരു സൈറ്റിൽ പത്ത് നൂറ് ഷീറ്റിരിപ്പൊണ്ട്. നാളെ കാലത്തേ വന്നാ അത് കാണിക്കാന്ന്. എന്നതായാലും ഇവിടം വരെ വന്ന സ്ഥിതിക്ക് ഇന്നലെയിവിടെ തങ്ങി ഇന്ന് അതും കൂടെ കണ്ടിട്ട് കൊള്ളാവുന്നതാണേൽ കച്ചോടം ഉറപ്പിക്കാല്ലോന്നോർത്താ സാറേ ഞാനിവിടെ മുറിയെടുക്കാൻ വന്നത്.''
''എന്നിട്ട് നീ ഇവിടെ വന്നപ്പം എന്തുണ്ടായി?''
''ഞാൻ പറഞ്ഞല്ലോ സാറേ... ഇന്നലെ രാത്രി ഒരു ഏഴ് മണി കഴിഞ്ഞാ ഞാനിവിടെ വരുന്നത്. വരുമ്പം കാഴ്ചയിൽ തന്നെ ബംഗാളീന്ന് തോന്നിക്കുന്ന ഒരു ഭായിയാണ് റിസപ്ഷനിൽ ഒണ്ടാരുന്നത്. പരിചയപ്പെട്ടപ്പോ വസീമെന്നാണ് പേരെന്ന് അയാള് പറഞ്ഞ്.
രണ്ടാം നിലയിലെ നൂറ്റിപ്പതിനെട്ടാം നമ്പർ മുറിയാണ് എനിക്ക് തന്നത്. ബാറ്ററി തീർന്ന് എന്റെ ഫോൺ ഓഫായിപ്പോയാരുന്ന്. അതുകൊണ്ട് രജിസ്റ്ററിൽ പേരും അഡ്രസ്സും എഴുതിയപ്പം ചെക്കിൻ ടൈം എഴുതാൻ ഞാൻ അയാളോട് സമയം ചോദിച്ച്. അന്നേരം ചാർജ് ചെയ്യാൻ കുത്തിയിട്ടിരുന്ന അയാളുടെ ഫോണെടുത്ത് നോക്കീട്ട് ഏഴ് പത്തായെന്ന് വസീം പറഞ്ഞു. രജിസ്റ്റർ എഴുതി ഒപ്പിട്ട് ഞാൻ അയാളുടെ കയ്യിൽ കൊടുത്തു. പിന്നെ അയാൾ ഐഡി പ്രൂഫായി എന്റെ ആധാർ കാർഡ് വാങ്ങി അയാളുടെ ഫോണിൽ സ്കാൻ ചെയ്ത് സേവാക്കി. എന്നിട്ട് ഞാൻ എന്റെ ഓഫായിപ്പോയ ഫോൺ അവിടെ കുത്തിയിടാൻ കൊടുത്തു.''
''ഫോൺ കുത്തിയിട്ടിട്ട് നീ റൂമിലേക്ക് പോയി.''
''ഇല്ല. പരിചയമില്ലാത്ത ആളല്ലേ പോരാത്തതിന് ബംഗാളിയും. ചാർജ്ജായിട്ട് ഫോണും മേടിച്ചോണ്ട് പോകാന്നോർത്ത് ഞാൻ അവിടെത്തന്നെ നിന്നു.''
''ഉം... എന്നിട്ട്.''
''ഞാൻ അവിടെ നിക്കുമ്പം വസീം ആരെയോ ഫോൺ ചെയ്യുന്നത് കേട്ടു.''
''ആരെ?''
''അതറിയില്ല സാറേ.''
''ഫോണിൽ അവൻ എന്താ പറഞ്ഞതെന്ന് നീ കേട്ടോ?''
''മണി ഏഴരയായി നീ ഇന്ന് വരുന്നില്ലേ'' എന്നാ ചോദിച്ചത്.
ആരെയാ വിളിച്ചതെന്നോ അയാൾ എന്ത് മറുപടി പറഞ്ഞെന്നോ എനിക്കറിയില്ല. പെട്ടന്ന് തന്നെ വസീം ഫോൺ വെച്ചു.
''നിനക്ക് ഒരു ബന്ധോമില്ലാത്ത ആ ഫോൺ സംഭാഷണം നീ ഇത്ര ശ്രദ്ധിക്കാനും ഓർത്തിരിക്കാനും എന്താ കാരണം...''
''അത്... അയാള് അേത്രം നേരം പറഞ്ഞോണ്ടിരുന്നതിനേക്കാൾ ഒച്ച താഴ്ത്തി ഒരു രഹസ്യം പറയുന്നപോലെ പറഞ്ഞ കൊണ്ടാ ഞാനത് ശ്രദ്ധിച്ചത്. അത് മാത്രമല്ല. അതുകഴിഞ്ഞ് നടന്ന കാര്യങ്ങളും ഞാനിത് മറക്കാതിരിക്കാൻ കാരണമായി.
''നീ സസ്പെൻസൊന്നും ഇടണ്ട. നടന്ന കാര്യം എന്താന്ന് തെളിച്ച് പറയെടാ.''
''അത്... സാറേ... വസിം ഫോൺ കട്ട് ചെയ്ത് ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പം ഹോട്ടലിന് മുന്നിൽ ഒരു ഓട്ടോയിൽ ഒരു സ്ത്രീ വന്നിറങ്ങി. വേഷവും നടപ്പും കണ്ടാത്തന്നെ അവരാള് ശരിയല്ല എന്ന് തോന്നുമായിരുന്നു. കേറി വന്ന പാടെ അവര് വസീമിനോട് എന്നാടാ എന്നെ വിളിച്ച് വരുത്താമ്മാത്രം നീ മുട്ടി നിക്കുവാണോന്ന് ചോദിച്ചു. അന്നേരം ചൂളിപ്പോയ അവൻ ഞാൻ നിക്കുന്നെന്ന് അവരെ കണ്ണ് കാണിച്ചു. അവർക്കാണെങ്കി അതിലൊരു കൂസലുമില്ലാരുന്ന്... എന്റെ അടുത്തോട്ട് നീങ്ങിനിന്ന അവര് വസീം കാണാതെ കൈമുട്ടുകൊണ്ട് എന്റെ പള്ളക്കിട്ട് ഒരു തട്ടും... ഒരു മാതിരി വഷള് നോട്ടോം. അതുങ്കൊടെ ആയപ്പം പന്തിയല്ലെന്ന് കണ്ട ഞാൻ ഫോൺ ചാർജ്ചെയ്യുന്നത് മതിയാക്കി റൂമിലേക്ക് പോയി.''
''ഈ സ്ത്രീ മരിച്ച കാര്യം നീ എപ്പഴാ അറിഞ്ഞത്? അതിലേക്ക് വാ.''
''ങ്ങാ... അതാ സാറേ പറഞ്ഞുവരുന്നത്. യാത്രാക്ഷീണവും നല്ല വിശപ്പും ഒണ്ടാരുന്നതു കാരണം റൂമിലെത്തിയ പാടേ ഞാനൊന്ന് കുളിച്ച് മേടിച്ചോണ്ട് വന്ന പൊറോട്ടേം ബീഫും കഴിച്ച്. കൂടെ കരുതീരുന്ന കുപ്പി പൊട്ടിച്ച് രണ്ടെണ്ണം അടിക്കുവേങ്കോടെ ചെയ്തപ്പം എനിക്ക് ഒന്ന് കെടന്നാ മതിയെന്നായി. ആ കെടപ്പ് കടന്ന് ആതോം ബോധമില്ലാത്ത ഒറക്കാരുന്ന് ഞാൻ. വെളുപ്പാങ്കാലത്തെപ്പഴോ ഡോറേൽ നിർത്താതൊള്ള മുട്ടുകേട്ടാ ഞാനെഴുന്നേക്കുന്നെ.''
''ആരായിരുന്നത്?''
''ഒറക്കപ്പിച്ചിൽ ഞാൻ ഡോറ് തുറന്നപ്പം നമ്മടെ റിസപ്ഷനിലെ ഭായി നിൽക്കുന്നു.''
''ആര് വസീമോ?''
വസീമിന്റെ മൊഴിയുമായുള്ള വൈരുധ്യം പെെട്ടന്ന് കത്തിയ സുലോചനൻ സാറ് അത് ഉറപ്പിക്കാൻ എടുത്ത് ചോദിച്ചു.
''അതെ സാറേ... വസീം തന്നെ. അടുത്ത മുറീലെ ഗസ്റ്റിന് തലകറക്കം. ഹോസ്പിറ്റലിൽ കൊണ്ടുപോകാനാ. താഴോട്ടെറക്കാൻ ഒന്ന് സഹായിക്കണോന്ന് പറഞ്ഞപ്പം ഞാനയാടെ കൂടെപ്പോയി.''
''എന്നിട്ട്?''
''എന്നിട്ടെന്റെ സാറേ... റൂം നമ്പർ നൂറ്റിപ്പതിമൂന്നിലോട്ടാ അയാളെന്നെ കൊണ്ടുപോയത്. റൂമിലെത്തിയതും അയാള് ഡോറടച്ച് കുറ്റിയിട്ടതും പിന്നിൽ നിന്നെന്റെ വാ പൊത്തി കത്തിയെടുത്ത് കഴുത്തിൽ വെച്ചതും ഒരുമിച്ചാരുന്ന്. ആദ്യം ഒന്ന് കുതറി നോക്കിയെങ്കിലും അന്നേരം എന്റെ വാ പൊത്തിയിരുന്ന അയാളുടെ കയ്യും കഴുത്തിലമർന്ന കത്തിയും ഒന്നൂടി മുറുകിയതോടെ ബലം പിടിക്കാനുള്ള ശ്രമം ഞാൻ വേണ്ടന്ന് വെച്ചു. ഞാൻ വഴങ്ങിയെന്ന് തോന്നിയതോടെ വാ പൊത്തിയ കൈ അയാള് മാറ്റി. അപ്പഴും കഴുത്തിലെ കത്തി അയാള് മാറ്റിയില്ല.''
''പിന്നീട് എന്താണുണ്ടായത്...''
''കത്തി കഴുത്തിൽ വെച്ചുകൊണ്ട് അയാളെന്നെ കട്ടിലിനടുത്തോട്ട് നടത്തിച്ചു. കട്ടിലിലോട്ട് ഞാനൊന്നേ നോക്കിയൊള്ള്. ഞാൻ തളർന്നുപോയി. ഇന്നലെ റിസപ്ഷനിൽ കണ്ട സ്ത്രീ നൂൽബന്ധമില്ലാതെ ആ കട്ടിലിൽ കിടക്കുന്നു. തുറന്നു മലച്ച വായിലൂടെ ചോരേം പതേം ഒഴുക്കിയൊള്ള ആ കിടപ്പ് കണ്ടാൽ തന്നെ ജീവനില്ലെന്ന് അറിയാമാരുന്നു. ഞാനത് കണ്ട് ഭയന്നെന്ന് മനസ്സിലായപ്പം അയാള് പറഞ്ഞു, 'കണ്ടല്ലോ. ചത്തുപോയി. കൊന്നതൊന്നുമല്ല. അറിയാതെ പറ്റിയതാ. പക്ഷേ നീ സഹായിച്ചില്ലെങ്കി ഞാൻ കുടുങ്ങും. ഞാൻ പറയുന്നപോലെ നീ അനുസരിച്ചാ നമ്മള് രണ്ടു പേരും രക്ഷപ്പെടും. ഇല്ലെങ്കി നിന്നേം ഞാൻ തീർക്കും. റൂം തുറന്നപ്പം രണ്ടും ചത്ത് കിടക്കുന്നതാ കണ്ടതെന്ന് ഞാൻ പോലീസിനോട് പറയും.' അതു കൂടി കേട്ടതോടെ എന്റെ ഒണ്ടാരുന്ന ധൈര്യം കൂടി പോയി സാറേ. എന്നെയൊന്നും ചെയ്യരുതേ എന്റെ കയ്യിൽ ഒരു ലക്ഷം രൂപായൊണ്ട്. അതു മൊത്തം നിങ്ങക്ക് തന്നേക്കാവേ എന്ന് ഞാൻ കരഞ്ഞ് പറഞ്ഞ്.''
''പ്ഫ! കിടന്ന് മോങ്ങാതെ ബാക്കി കൂടി പറയെടാ''
''എന്നിട്ട് അയാളെന്നോട് തുണിയെല്ലാം അഴിക്കാൻ പറഞ്ഞ്. ആദ്യം ഞാൻ സമ്മതിച്ചില്ല. അന്നേരം എന്റെ ചെവീം മൊഖോം പൊത്തി ഒറ്റ അടിയാരുന്ന് സാറേ അയാള്. ആ അടിക്ക് തന്നെ ഞാൻ വീണു പോയി. അതോടെ അയാളെന്നാ പറഞ്ഞാലും അനുസരിക്കാമെന്ന പരുവത്തിൽ ഞാൻ എത്തിയാരുന്ന്. എന്നെ തുണി അഴിപ്പിച്ച് ആ സ്ത്രീയുടെ കൂടി കിടത്തി ഞങ്ങൾ ബന്ധപ്പെടുന്നപോലുള്ള ഫോട്ടോയും വീഡിയോയുമെല്ലാം അയാള് എടുത്തു. അയാടെ ഫോണിന്റെ ക്യാമറ ക്ലാരിറ്റിയില്ലെന്നും പറഞ്ഞ് എന്റെ ഫോണിൽ റെക്കോർഡ് ചെയ്തിട്ട് അയാടെ ഫോണിലേക്ക് അയക്കുവാരുന്ന്. എന്നിട്ട് എന്റെ ഫോണിലെ ഗാലറീന്നും സെന്റ് ഫയലീന്നുവെല്ലാം അയാളത് ഡിലീറ്റ് ചെയ്ത്.'' ഇന്നലെ ഇവള് റൂമെടുക്കാൻ വന്നപ്പം ഇവടെ കൂടെ വേറെ ഒരുത്തനും ഒണ്ടാരുന്ന്. രാവിലെ അയാൾ ഭാര്യയ്ക്ക് തലകറക്കം, ആശുപത്രിയിൽ കൊണ്ടുപോകാൻ സഹായിക്കണമെന്ന് പറഞ്ഞ് എന്നെ എന്റെ റൂമിൽനിന്ന് വിളിച്ചോണ്ട് ഈ റൂമിൽ കൊണ്ടുവന്ന് ഭീഷണിപ്പെടുത്തി മരിച്ചു കിടന്ന ഇവളോടൊപ്പം കിടത്തി. മയക്കുമരുന്ന് മണപ്പിച്ച് ബോധം കെടുത്തി എന്റെ ബാഗിലുള്ള പണവുമെടുത്ത് കടന്നുകളഞ്ഞു. റിസപ്ഷനിസ്റ്റ് വന്ന് മുഖത്ത് വെള്ളം തളിച്ച് വിളിച്ചപ്പഴാണ് ബോധം വീണത്. അയാളാരാ എന്താ എന്ന് ഒന്നും അറിയില്ല. 'ആരു ചോദിച്ചാലും ഇങ്ങനെ പറഞ്ഞാ മതി. ബാക്കി ഞാൻ നോക്കിക്കോളാം' എന്നാണ് വസിം പറഞ്ഞത്. അതല്ല പോലീസ് വരുമ്പം തോന്നിയ പോലെ വല്ലതും വിളിച്ച് പറഞ്ഞാ ചെലപ്പം ഞാൻ പെടുവായിരിക്കും പക്ഷേ നീയും ഇവളും കൂടി കുത്തിമറിയുന്നേന്റെ വീഡിയോയും ഫോട്ടേയും കരക്കാര് മുഴുവൻ കാണും. ഇതും പറഞ്ഞിട്ടാ അയാള് താഴോട്ട് വന്ന് പോലീസിനെ വിളിച്ചത്. പോണ പോക്കിൽ എന്റെ ബാഗിലിരുന്ന കാശു കൂടി അയാളെടുത്തോണ്ടാ പോയത്. ഇതാണ് സാറെ നടന്നത്. ഇതല്ലാതെ എനിക്കൊന്നും അറിയത്തില്ല സാറേ.'' പറഞ്ഞു തീർന്നതും സാബുക്കുട്ടൻ വീണ്ടും വലിയ വായിൽ കാറാൻ തുടങ്ങി.
എസ്.എച്ച്.ഒ ജയിംസ് മാത്യു ഇതിനോടകംതന്നെ ജില്ലാ പോലീസ് ചീഫിനെ വിളിച്ച് കാര്യങ്ങൾ ധരിപ്പിക്കുകയും ശാസ്ത്രീയ പരിശോധനകൾക്കായി ഫോറൻസിക് ടീമിനെ വരുത്തുകയും ചെയ്തിരുന്നു. സുലോചനൻ സാബുക്കുട്ടന്റെ മൊഴി രേഖപ്പെടുത്തിയതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ സമയം തന്നെ ഫോറൻസിക് ടീമും പരിശോധനകൾ പൂർത്തിയാക്കുകയും ലാബിലയച്ച് ഉറപ്പുവരുത്തേണ്ട വിരലടയാളവും തലമുടിയും രക്തവും അടക്കമുള്ളവയുടെ സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തിരുന്നു. ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ബോഡിയുമായി എസ്.ഐ അരുൺരാജും രണ്ട് പോലീസുകാരും പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് പോയി.
ബോഡി അയച്ചശേഷം ജയിംസ് മാത്യുസാറ് വീണ്ടും സാബുക്കുട്ടന്റെ അടുത്തു വന്നു ചോദിച്ചു, ''നീ പറഞ്ഞ കോൺട്രാക്ടറുടേം ഫോർട്ടുകൊച്ചിക്കാരൻ മേസ്തിരിയുടേം നമ്പരിങ്ങ് തന്നേ.''
സാബുക്കുട്ടന്റെ കയ്യിൽനിന്ന് നമ്പർ വാങ്ങി ജയിംസ് സാറ് തന്നെ കോൺട്രാക്ടർ രമേശനെയും ലോപ്പസ് മേസ്തിരിയേയും വിളിച്ച് അവന്റെ മൊഴിയുടെ നിജസ്ഥിതി ബോധ്യപ്പെട്ടു. അതോടെ സാബുക്കുട്ടനോടുള്ള അങ്ങേരുടെ സമീപനത്തിൽ നേരിയ അയവ് വന്നു. കാര്യങ്ങളുടെ കുരുക്കഴിഞ്ഞ് വരുന്നതിലുള്ള ആശ്വാസം അങ്ങേരുടെ മുഖത്തുണ്ടായിരുന്നു. ജയിംസ് സാറിന്റെ ഫോൺകോളിലൂടെ കാര്യമറിഞ്ഞ രമേശണ്ണൻ ഓടിപ്പാഞ്ഞ് ലൗലി ടീച്ചറിന്റേം കുര്യാച്ചന്റേം അടുത്തു ചെന്നു. ചെറുക്കനിങ്ങനെയൊരു ഏടാകൂടത്തിൽ പെട്ടതറിഞ്ഞ് ടീച്ചറ് തല്ലിയലേം നെലവിളീം തുടങ്ങി.
''ആ ബംഗാളിയെ ഇങ്ങ് വിളിപ്പിക്ക്'', അവിടെ നിന്ന സി.പി.ഒയോട് പറഞ്ഞിട്ട് അടുത്ത മുറിയിൽനിന്നൊരു കസേര എടുപ്പിച്ച് ജയിംസ് സാറ് അതിലിരുന്നു.
''ഇവന്റെ കയ്യീന്ന് മേടിച്ച ആ കാശിങ്ങ് എടുത്തോണ്ട് പോര്. ഇവൻ നടന്ന കാര്യം മുഴുവൻ ഞങ്ങളോട് പറഞ്ഞു.''
അതുകേട്ടപ്പോൾ ഒരു ഞെട്ടൽ വസീമിന്റെ മുഖത്തുണ്ടായെങ്കിലും സാബുക്കുട്ടൻ സത്യമെല്ലാം തുറന്നുപറഞ്ഞെങ്കിൽ പിന്നെ താൻ പേടിക്കേണ്ട കാര്യമില്ലല്ലോ എന്നോർത്ത് അവന് ആശ്വാസമായി. ആ സമാധാനത്തോടെ അവൻ താഴെപ്പോയി സാബുക്കുട്ടൻ നൽകിയ കാശുമെടുത്തുകൊണ്ട് ജയിംസ് മാത്യു സാറിന്റെ അടുത്തേക്കു വന്നു. പണവുമായി അവൻ വരുന്നതുകണ്ടപ്പോൾ സാബുക്കുട്ടന്റെ വാക്കുകളിലെ സത്യസന്ധത ഒരിക്കൽ കൂടി ബോധ്യപ്പെട്ട ജയിംസ് മാത്യുവിന് സകല നിയന്ത്രണവും നഷ്ടമായി. ''ഇതല്ലേ അവളുടെ കൂടെ റൂമിലുണ്ടായിരുന്നവൻ കൊണ്ടുപോയീന്ന് നീ പറഞ്ഞ പണം.'' മൗനമായിരുന്നു അതിന് വസീമിന്റെ മറുപടി. ചാടി എഴുന്നേറ്റ ജയിംസ് സാറ് അവന്റെ മുഖമടച്ച് ഒറ്റ അടിയായിരുന്നു. ''പോലീസുകാരെ പൊട്ടൻ കളിപ്പിക്കാൻ നോക്കുന്നോടാ...കള്ളക്കഴുവേർടമകനെ.''
അപ്രതീക്ഷിതമായ അടിവീണതും വേച്ചുപോയ വസീമിനെ റൈട്ടർ സുലോചനൻ പുറകിൽനിന്ന് താങ്ങി. തളർന്നുപോയ അവൻ പിന്നിലെ ചുവരിൽ ചാരി തറയിലേക്കിരുന്നു.
''സാറ് പറഞ്ചിട്ടല്ലെ സാറേ നാൻ...'' സാബുക്കുട്ടനെ നോക്കി വസീം പറഞ്ഞു തുടങ്ങിയതും ജയിംസ് മാത്യു ആേക്രാശിച്ചുകൊണ്ട് അവനുനേരെ കാലുയർത്തി, ''പ്ഫ വായടയ്ക്കെടാ. ഇനി നീ ഒരക്ഷരം മിണ്ടിപ്പോകരുത്.'' ഭയന്നുപോയ വസീം ദയനീയമായി സാബുക്കുട്ടനെ നോക്കിയെങ്കിലും അവന്റെ കണ്ണുകളുമായി ഇടയാതിരിക്കാൻ സാബുക്കുട്ടൻ തലകുനിച്ച് തന്നെ ഇരുന്നു. ഹോട്ടലിലെ രജിസ്റ്റർ, സാബുക്കുട്ടന്റെയും വസീമിന്റെയും സുനിതയുടേയും ഫോണുകൾ അടക്കമുള്ള തൊണ്ടിമുതലുകളിലെ രേഖകൾ പരിശോധിച്ച് സാബുക്കുട്ടന്റെ മൊഴിയിലെ മറ്റു കാര്യങ്ങളുടെ കൃത്യതകൂടി ജയിംസ് മാത്യു സാറ് ഉറപ്പുവരുത്തി. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് സാബുക്കുട്ടന്റെ പേരിൽ നിലവിൽ എന്തെങ്കിലും കേസുകളുണ്ടോയെന്നും നാട്ടിൽ അവന്റെ സ്വഭാവവും അവനെപ്പറ്റിയുള്ള നാട്ടുകാരുടെ അഭിപ്രായവുമൊക്കെ അന്വേഷിക്കാനുള്ള ഏർപ്പാടുകൾ ചെയ്തു. ഹോട്ടലിൽ പൂർത്തീകരിക്കേണ്ട നടപടികളെല്ലാം കഴിഞ്ഞതോടെ സാബുക്കുട്ടനെയും വസീമിനെയുംകൊണ്ട് ജയിംസ് മാത്യുവും സംഘവും സ്റ്റേഷനിലേക്ക് മടങ്ങി.
വിവരമറിഞ്ഞപ്പോഴുള്ള ആദ്യ പകപ്പിൽനിന്ന് പുറത്തു കടന്നതോടെ ലൗലി ടീച്ചറും കുര്യാക്കോസും രമേശനും പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടാനുള്ള വഴികളാലോചിച്ച് പലരെയും ഫോണിൽ ബന്ധപ്പെട്ടു. കുര്യാക്കോസും രമേശനും കർഷക സംഘടനയുടെയും കെട്ടിട നിർമാണ തൊഴിലാളി യൂനിയന്റെയും നേതാക്കൾ വഴി ഭരണ-പ്രതിപക്ഷ കക്ഷികളിലുള്ള രാഷ്ട്രീയക്കാരെയാണ് വിളിച്ചത്. എന്നാൽ, ലൗലി ടീച്ചറാവട്ടെ തന്റെ വകേലൊരു അമ്മാച്ചന്റെ മകനും ബിഷപ്പ് ഹൗസിലെ വികാരി ജനറാളുമായ കുന്നുമ്പറമ്പിലച്ചനോടാണ് സഹായം അഭ്യർഥിച്ചത്. സാബുക്കുട്ടനെക്കുറിച്ച് അന്വേഷിച്ചപ്പോൾ ലഭിച്ച വിവരങ്ങളൊന്നും അവനുവേണ്ടി ശുപാർശ ചെയ്യുന്നതിൽനിന്ന് ആരെയും വിലക്കാൻ തക്ക ഗൗരവമുള്ളതായിരുന്നില്ല എന്നതും ഗുണം ചെയ്തു. എനിക്കെന്റെ കുഞ്ഞിനെയൊന്ന് കാണുകേലും ചെയ്യണേന്ന് പറഞ്ഞ് ലൗലി ടീച്ചർ അലമുറയിടാൻ തുടങ്ങിയതോടെ കുര്യാക്കോസും രമേശനും അവരെയുംകൂട്ടി വണ്ടിയെടുത്ത് എറണാകുളത്തിന് വച്ചുപിടിച്ചു. പല കേന്ദ്രങ്ങളിൽനിന്നും വിളികൾ വരാൻ തുടങ്ങിയതോടെ എറണാകുളം ജില്ലാ പോലീസ് ചീഫിന് ഇരിക്കപ്പൊറുതി ഇല്ലാതായി. ഒടുവിൽ തന്റെ മകളുടെ കോളേജിലെ പ്രിൻസിപ്പാളച്ചന്റെ വിളി കൂടി വന്നതോടെ ഗത്യന്തരമില്ലാതെ അങ്ങേര് ഫോണെടുത്ത് എസ്.എച്ച്.ഒ ജയിംസ് മാത്യുവിനെ വിളിച്ചു.
''സർ... ഇൻക്വസ്റ്റ് കഴിഞ്ഞ് ബോഡി പോസ്റ്റുേമാർട്ടത്തിന് അയച്ചു... ഇല്ല....അ...അത് റിപ്പോർട്ട് വന്നാലേ ഉറപ്പിക്കാൻ പറ്റൂ...സാർ... അത്...രണ്ടുപേരുണ്ട്...രണ്ടും കസ്റ്റഡിയിലുണ്ട് സാർ... അവന്മാരുടെ മൊഴികൾ തമ്മിൽ വൈരുധ്യമുണ്ട് സാർ... ങ്ഹാ... ഉണ്ട്... തെ... ഒരുത്തന്റെ മൊഴി ക്രിസ്റ്റൽ ക്ലിയറാണ്... അത് ശരിവയ്ക്കുന്ന കണക്റ്റഡ് എവിഡെൻസുകളും അനുബന്ധ മൊഴികളുമുണ്ട് സാർ... അല്ലല്ല.. നമ്മുടെ പയ്യന്റെ... മറ്റവൻ ആ ഹോട്ടലിലെ പണിക്കാരനാ...ഒരു ബംഗാളി. അല്ല... മുസ്ലീമാണ്. അവൻ ഈ സ്ത്രീയെ വിളിച്ചുവരുത്തിയതിന്റെ കോൾ ഡീറ്റൈൽസ് അവന്റേം അവളുടേം ഫോണിലുണ്ട്. ഈ പയ്യനെ ഭീഷണിപ്പെടുത്തി അവന് അനുകൂലമായി മൊഴി പറയിക്കാനാരുന്ന് ബംഗാളീടെ ശ്രമം. പയ്യനെ ഭയപ്പെടുത്താൻ ഇവൻ ഈ സ്ത്രീയോടൊപ്പം പയ്യന്റെ അശ്ലീല വീഡിയോ പകർത്തി സൂക്ഷിച്ചിരുന്നതിനും തെളിവുണ്ട് സാർ. മാത്രമല്ല പയ്യനെ കബളിപ്പിച്ച് അവന്റെ കയ്യിൽനിന്നും ഈ ബംഗാളി കൈവശപ്പെടുത്തിയ ഒരു ലക്ഷം രൂപ അവന്റെ കയ്യിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. കൊന്നതല്ല ഒരു കയ്യബദ്ധം പറ്റിയതാണെന്ന് ഇവൻ സമ്മതിച്ചതായും ആ പയ്യന്റെ മൊഴിയുണ്ട്. പയ്യൻ കോട്ടയത്തെ തരക്കേടില്ലാത്ത ഒരു മിഡിൽ ക്ലാസ് ഫാമിലിയിലെയാ...ഏയ്...പച്ചയ്ക്കും പഴത്തിനുമില്ലാത്ത ഒരയ്യോ പാവം. അവന് ഇങ്ങനെ ഒരു കൃത്യം ചെയ്യാനുള്ള മോട്ടീവ് കാണുന്നില്ല സാർ...ഇല്ല...പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നിട്ട് അറസ്റ്റ് രേഖപ്പെടുത്താം സാർ...ത്രീ നോട്ട് റ്റു തന്നെ ഇടാം സാർ. വേണമെങ്കിൽ റ്റൂ നോട്ട് വണ്ണും ചാർജ്ജ് ചെയ്യാനുള്ള വകുപ്പുണ്ട് സാർ. ഹോട്ടലിന്റെ ഓണറോ... ഇല്ലില്ല...അയാള് ബിസിനസ് ടൂറിലാണ്. അയാൾക്ക് ഇതിൽ ഇൻവോൾവ് ചെയ്യാൻ താൽപര്യമില്ലെന്ന്...കുറച്ചുകാലം ഇവിടെ ജോലിചെയ്ത പരിചയമേയുള്ളൂ... തെറ്റ് ചെയ്തെങ്കിൽ ഇവൻ ശിക്ഷിക്കപ്പെടട്ടേന്നാ അയാൾ പറയുന്നത്... ശരി... സാർ...സാർ... ആ... അങ്ങനെ ചെയ്യാം സാർ... ആ.. സ്റ്റേഷൻ ജാമ്യത്തിൽ വിടാം... എന്തെങ്കിലും ഡവലപ്െമൻസുണ്ടെങ്കിൽ വിളിക്കാം സാർ.''
''എടോ... ഈ സാബുക്കുട്ടന്റെ ആളുകളാരോ പുറത്ത് നിൽപ്പുണ്ട്.'' ഫോൺ വെച്ചയുടൻ ജയിംസ് മാത്യു സുലോചനനെ വിളിച്ചു പറഞ്ഞു.
''ആവശ്യപ്പെട്ടാലുടൻ ഹാജരാക്കാമെന്ന വ്യവസ്ഥയിൽ ഇവനെ അവരുടെ ജാമ്യത്തിൽ വിട്ടേക്ക്.''
മെഡിക്കൽ കോളേജിലെ വിവരം എന്തായെന്നറിയാൻ മൊബൈലിൽ എസ്.ഐ അരുൺരാജിനെ വിളിച്ചുകൊണ്ട് ജയിംസ് മാത്യു ഓഫീസ് റൂമിലേക്ക് കയറിപ്പോയി. സുലോചനൻ സാറ് പുറത്തുനിന്ന കുര്യാക്കോസിനെയും രമേശനെയും അകത്തേക്ക് വിളിപ്പിച്ച് ജാമ്യവ്യവസ്ഥയിൽ ഒപ്പിടീച്ച് സാബുക്കുട്ടനെ അവരുടെ കൂടെ വിട്ടു. അവരുടെ വണ്ടി പോലീസ് സ്റ്റേഷന്റെ ഗേറ്റ് കടക്കുമ്പോൾ െറയിൽവേ സ്റ്റേഷന് സമീപത്തെ ജുമാമസ്ജിദിൽനിന്ന് മഗ് രിബ് നമസ്കാരത്തിനുള്ള ബാങ്ക് വിളി മുഴങ്ങി. പതിവിലും വളർന്ന ഒരു ദൈന്യത ആ വിളിയിൽ കലർന്നിട്ടുള്ളതായി വസീമിന് തോന്നി. സ്റ്റേഷൻ ലോക്കപ്പിന് മുന്നിലെ തറയിൽ ചടഞ്ഞിരുന്ന അവൻ അള്ളാ എന്ന് മുകളിലേക്ക് കണ്ണുകൾ പായിച്ചു.
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.