‘‘ഞാൻ വാതിൽ ആകുന്നു; എന്നിലൂടെ കടക്കുന്നവൻ രക്ഷപ്പെടും; അവൻ അകത്തുവരികയും പുറത്തു പോകയും, മേച്ചൽ കണ്ടെത്തുകയും ചെയ്യും.’’-യോഹന്നാന്റെ സുവിശേഷം 10:9
‘‘ആരും അതിനെ എന്നോട് എടുത്തുകളയുന്നില്ല; ഞാൻതന്നെ അതിനെ കൊടുക്കുന്നു; അതിനെ കൊടുപ്പാൻ എനിക്ക് അധികാരം ഉണ്ട്; വീണ്ടും പ്രാപിപ്പാനും അധികാരം ഉണ്ട്; ഈ കൽപന എന്റെ പിതാവിങ്കൽനിന്ന് എനിക്കു ലഭിച്ചിരിക്കുന്നു.’’
-യോഹന്നാന്റെ സുവിശേഷം 10:18
1
“ജൂഡിയന്‍ മരുഭൂമിയിലുള്ള ഒരു ഇടയ ഗോത്രവര്‍ഗത്തിന്റെ അവശിഷ്ടങ്ങള്‍ നിനക്കായി ഞാന്‍ ശേഖരിച്ചുവെച്ചിട്ടുണ്ട്. പുറപ്പെട്ടു വാ” എന്ന് ജിയാദ് മഹ്മൂദ് അബ്ബാസില്‍നിന്ന് എനിക്ക് സന്ദേശം ലഭിച്ചു. എന്താണെന്നും ഏതാണെന്നുമെല്ലാം ഞങ്ങള്‍ക്കിടയില്‍ ചോദ്യങ്ങളുണ്ടാകാറില്ല. വിളിച്ചാല്‍ പോകണം. അത് കോളേജിലെ ശീലമെന്നോ അല്ലെങ്കില്‍ അറിയാതെ തന്നെ ഞങ്ങളുണ്ടാക്കിയ കരാറെന്നോ പറയാം. അത് അടുത്ത തെരുവോ അതോ അടുത്ത രാജ്യമോ ആകട്ടെ. ഇന്നലെ രാത്രിയാണ് എന്റെ വീട് സ്ഥിതിചെയ്യുന്ന ന്യൂഡൽഹിയിൽനിന്ന് ഇസ്രായേലിലെ തെല്‍ അവീവിലേക്ക് ഞാന്‍ വിമാനം കയറിയത്. വിമാനത്താവളത്തിൽനിന്ന് എയർപോർട്ട് ടാക്സി പിടിച്ച് ജറുസലേമിലെ ഡമാസ്കസ് ഗേറ്റിൽ ഞാൻ കാത്തുനിന്നു. ജറുസലേമിൽനിന്ന് ജെറിക്കോയിലേക്ക്, ജൂഡിയന്‍ മരുഭൂമിയിലൂടെ കേവലം ഇരുപത്തിയഞ്ച് കിലോമീറ്റർ മാത്രമാണ് ദൂരം.
ജെറിക്കോക്ക് സമീപം എവിടെയോ ആണ് ജിയാദ് തമ്പടിച്ചിരിക്കുന്നത്. ഫലസ്തീനിലാണ് അതുള്ളത്. ഡമാസ്കസ് ഗേറ്റിൽനിന്ന് എന്നെ കൊണ്ടുപോകാൻ അവന്‍തന്നെ ഒരു കാര്‍ ഏര്‍പ്പാടാക്കിയിരുന്നു. ഇസ്രായേലും ഫലസ്തീനും തമ്മിൽ അതിർത്തി തര്‍ക്കമുള്ളതിനാൽ ഇസ്രായേലിന്റെ നിയന്ത്രണത്തിലുള്ള ജറുസലേം നഗരത്തിന്റെ അതിർത്തിയായ ഈ ഡമാസ്‌കസ് ഗേറ്റിലേക്കു വന്ന് മാറിപ്പോകേണ്ടതുണ്ട്.
ഇസ്രായേലികൾക്ക് ഇവിടെനിന്ന് അകത്തേക്ക് പ്രവേശിക്കാന്‍ കഴിയില്ല. അപ്പുറത്തുനിന്ന് അറബികൾക്കും പുറത്തുകടക്കാനും സാധിക്കില്ല. ഇരുവശത്തുനിന്നുമുള്ള വാഹനങ്ങളുടെ അനുമതി പൂർണമായും റദ്ദാക്കിയിട്ടുണ്ട്. എന്നാൽ, എന്നെപ്പോലുള്ള വിദേശസഞ്ചാരികള്‍ക്ക് പാസ്പോർട്ട് കാണിച്ച്, അതിർത്തിപ്രദേശം കടന്ന് മറ്റൊരു വാഹനത്തിൽ കയറി ഫലസ്തീനിലേക്ക് പ്രവേശിക്കാം. ഈ അതിർത്തി കടക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ജിയാദ് തന്നെ ഒരുക്കിവെച്ചിരുന്നു. എനിക്ക് വലിയ പണിയൊന്നുമില്ല. നിർദിഷ്ടസ്ഥലത്ത് കാണിക്കേണ്ടത് കാണിച്ചിട്ട് അവന്‍ അയക്കുന്ന കാറിൽ കൃത്യമായി കയറി ഇരുന്നാൽ മതി.
ജിയാദ് പറഞ്ഞയച്ച കാർ ഡ്രൈവർ ഞാൻ കാത്തിരിക്കുന്നത് കണ്ട് എന്റെയടുത്ത് വന്ന് ഹസ്തദാനം ചെയ്തു. “വെല്‍കം ടു ഫലസ്തീന്‍ മിസ്റ്റര്‍ ഫ്രാങ്കോ ഇഗ്നേസി” എന്ന് സ്വാഗതംചെയ്ത് ഇംഗ്ലീഷിൽതന്നെ അവൻ സ്വയം പരിചയപ്പെടുത്തി. തികഞ്ഞ ഒരു അറബി. അയാളുടെ ഇംഗ്ലീഷ് വാക്കുകളിലുണ്ടായിരുന്ന അറേബ്യന്‍ ശൈലി, അയാളുടെ ഇംഗ്ലീഷ് ഉച്ചാരണത്തിലെ ഉയര്‍ച്ചതാഴ്ചകളെ പരത്തി നിരത്തി സംഗീതലയത്തോടൊപ്പം വെളിപ്പെടുകയുണ്ടായി. എന്നാൽ വാക്കുകൾ വ്യക്തമായി നിര്‍ഗളിക്കുകയും മനസ്സിലാവുകയുംചെയ്തു. ആദ്യമായി ജിയാദിനെ കണ്ടുമുട്ടിയപ്പോഴും ഇങ്ങനെ തന്നെയായിരുന്നു.
കാറിൽ കയറി ഞാൻ യാത്ര തുടർന്നു. രാത്രി നേരത്തെ തന്നെ പുറപ്പെട്ടതിനാൽ വിമാനത്തിലും എയർപോർട്ട് ടാക്സിയിലും സുഖമായി ഉറങ്ങിയിരുന്നു. ഇപ്പോഴാണ് ഈ നാടിനെ സൂക്ഷ്മമായി നിരീക്ഷിക്കാനുള്ള അവസരം ലഭിച്ചിരിക്കുന്നത്.
ചുട്ടുപൊള്ളുന്ന വെയിൽ. നിസ്സഹായമായി കിടന്ന തുറസ്സ്. വരണ്ട മരുഭൂമി. ചുടുമണ്ണ്. ആകാശം തന്റെ നിറഞ്ഞ കണ്ണുകൊണ്ട് കാണുന്ന മണൽരേഖകൾ നിറഞ്ഞ തുറസ്സായ ഭൂമി. ഹരിതകം ഒരിറ്റുപോലും ചെന്നുപെടാത്ത കുറ്റിച്ചെടികള്‍. ശൂന്യതയെ വീണ്ടുകീറി തുറിച്ചുനില്‍ക്കുന്ന കുറിയ മുള്ളുമരങ്ങൾ. ദൂരെ പ്രത്യക്ഷപ്പെട്ട മരുഭൂമിയില്‍ –ചൂടുയരുന്ന ചെമ്മണ്ണില്‍– അലയലയായി ഉയരുന്ന മരീചികകള്‍. നിലം വിടര്‍ന്നുകൊണ്ടിരിക്കെ ആ കാഴ്ച നീങ്ങിക്കൊണ്ടിരുന്നു. ഒരു നിമിഷം സന്തോഷവും മറുനിമിഷം സംഭ്രമവും മാറിമാറി ഉദയം ചെയ്തുകൊണ്ടിരുന്നു.
ഡ്രൈവര്‍ മുന്നിലിരുന്നുകൊണ്ട് “എ റോഡ് ഡൗണ്‍ ടു ജെറിക്കോ” എന്ന് എന്നെ നോക്കി കണ്ണിറുക്കി പറഞ്ഞു. ഒരു അലങ്കാരപ്രയോഗമാണ് ആ വരി. അത് ബൈബിളിൽ പരാമർശിച്ചിട്ടുണ്ട്. ഞാന്‍ എന്റെ ബൈബിൾ പഠനകാലം ഓർത്തു. യേശു അത്തരമൊരു കഥ പറയുന്ന സന്ദര്‍ഭമുണ്ട്. ഒരു വഴിപോക്കന്‍ പേടിപ്പെടുത്തുന്ന മരുഭൂമിയിലൂടെ യെരൂശലേമിൽനിന്നിറങ്ങി െജറീക്കോയിലേക്ക് യാത്ര ചെയ്യുന്നു. വഴിയിൽ ചെന്നായ്ക്കളെപ്പോലെ അവനെ വളഞ്ഞ് അവന്റെ തുണിയൂരുകയും തൊലിയുരിയുകയും ചെയ്ത പിടിച്ചുപറിക്കാരും കള്ളന്മാരും അവനെ ചോരയൊലിപ്പിച്ചു കിടത്തി സാധനങ്ങൾ എടുത്തുകൊണ്ടുപോയി. അതുവഴി ഒരു യഹൂദ പുരോഹിതൻ കടന്നുപോയി, എന്നാല്‍ അയാള്‍ സഹായിച്ചില്ല. ഒരു ലേവ്യ പടയാളി കടന്നുപോയി, അവനും സഹായിച്ചില്ല. മൂന്നാമതായി താഴ്ന്ന കുലത്തില്‍പ്പെട്ട ഒരു സമരിയാക്കാരൻ കഴുതപ്പുറത്തേറി വന്നു. വഴിപോക്കനോട് കരുണ തോന്നിയ ആ മനുഷ്യന്‍, അവനെ കഴുതപ്പുറത്തു കയറ്റി അടുത്തുള്ള ഒരു സത്രത്തില്‍ കൊണ്ടുചെന്നാക്കി.
യേശു പറഞ്ഞ കഥയിലെ ഭയപ്പെടുത്തുന്ന ആ മരുഭൂപാത ഇതാണെന്നറിഞ്ഞപ്പോള്‍ എന്നിലൊരു ഞെട്ടലുണ്ടായി. വഴിപോക്കൻ ജറുസലേമിൽനിന്ന് ജെറീക്കോയിലേക്ക് ഇറങ്ങിയെന്നാണ് അദ്ദേഹം പറയുന്നത്. ‘ഇറങ്ങി’ എന്ന വാക്കാണ് എന്നെ ആകർഷിച്ചത്. ഈ നിലപ്രദേശത്തെ ഇപ്പോൾ നോക്കിക്കൊണ്ടിരിക്കുമ്പോൾ, ആ വാക്ക് എല്ലാ തരത്തിലും അന്വർഥമാണെന്ന് മനസ്സിലാവുന്നു. ഒരാൾ ശാരീരികമായും മാനസികമായും ഇറങ്ങണം. അതിനായി ഇത്തരത്തിലുള്ള നിലപ്രദേശത്തെതന്നെ ആന്തരികപാഠമായി ഉള്‍ക്കൊള്ളിച്ചതിനെക്കുറിച്ച് എന്തെന്നു പറയാന്‍? യേശു ഒരു മികച്ച കഥാകാരന്‍തന്നെയാണ്.
ഒരിക്കല്‍ ജിയാദ് ഞങ്ങളുടെ ക്ലാസ്റൂം സല്ലാപത്തിനിടയില്‍ കുട്ടിക്കാലത്ത് അവന്‍ വളര്‍ന്നുവന്ന ഗ്രാമത്തെക്കുറിച്ചും ഈ ഭൂപ്രകൃതിയെക്കുറിച്ചും ഭൂമിശാസ്ത്രത്തെക്കുറിച്ചും പലവുരു പറഞ്ഞിരുന്ന കാര്യം പിന്നീട് ഞാനോർത്തു. അവന്‍ പറഞ്ഞു: “ജോർദാൻ നദിയുടെ പടിഞ്ഞാറൻ തീരത്തും മെഡിറ്ററേനിയൻ കടലിന്റെ കിഴക്കുമായാണ് ഇസ്രായേലും ഫലസ്തീനും സ്ഥിതിചെയ്യുന്നത്. മൗണ്ട് ഹെർമോൺ എന്ന ഹിമപർവതത്തിന്റെ കൊടുമുടിയിലാണ് ജോർദാൻ നദി ഉത്ഭവിക്കുന്നത്. നീ കേട്ടിട്ടുണ്ടാവും.
അവിടെനിന്നാണ് യേശു മഞ്ഞുപാളിയെക്കാളും വിശുദ്ധമായ വെളുത്ത പ്രകാശം സ്വീകരിച്ച് രൂപമാറ്റമെന്ന ദിവ്യാത്ഭുതം നടത്തിയത്. ജോർദാൻ നദി അവിടെ ഉത്ഭവിക്കുകയും വടക്കുനിന്ന് തെക്കോട്ട് ഒഴുകുകയും ചെയ്യുന്നു. തെക്ക് അൽപം മാറി ഗലീലി കടലിലേക്ക് പതിക്കുന്നു. ഗലീലിക്കടുത്തുള്ള നസ്രേത്തിലാണ് യേശു വളർന്നത്. ആ ഗലീലി കടലിനു മുകളില്‍കൂടിയാണ് യേശു നടന്നത്. പിന്നീട് ആ നദി തെക്ക് ലക്ഷ്യമാക്കി പുഴയായി മാറി ജോർദാൻ താഴ്വരയിലൂടെയൊഴുകി ചാവുകടലില്‍ ലയിക്കുന്നു.
ചാവുകടലിന്റെ വടക്കുപടിഞ്ഞാറാണ് ജെറീക്കോ സ്ഥിതിചെയ്യുന്നത്. അവിടെവെച്ചാണ് യേശു ഒരു അന്ധന് കാഴ്ച നൽകുന്ന അത്ഭുതപ്രവൃത്തി ചെയ്തത്. ഈ ജോർദാൻ നദിയിലാണ് യേശു അദ്ദേഹത്തിന്റെ മുപ്പതാം വയസ്സില്‍ ജ്ഞാനസ്നാനംചെയ്യപ്പെടുന്നത്. താഴ്വരയെന്നു ഞാന്‍ പറഞ്ഞിരുന്നുവല്ലോ? അതിനെ ‘ഭൂമി പിളർന്നുണ്ടായ മഹാതാഴ്വര’ എന്നാണ് വിളിക്കുന്നത്. ആ പിളർന്ന താഴ്വരയുടെ ഭാഗമാണ് വിശാലമായ ഗലീലി കടലും ചാവുകടലും. കിഴക്കേ അറേബ്യൻ വന്‍കരയും പടിഞ്ഞാറന്‍ ആഫ്രിക്കൻ വന്‍കരയും തമ്മിൽ കൂട്ടിയിടിച്ചതിന്റെ ഫലമാണ് ആ വിള്ളലെന്ന് പറയപ്പെടുന്നു. ആ വിടവ് നികത്തിയാണ് ജോർദാൻ നദി ഒഴുകുന്നത്.”
ഈ പ്രദേശം ഭൂമിയുടെ ഉപരിതലത്തിലുണ്ടായ മുറിവു പോലെയും വടു പോലെയും തഴമ്പു പോലെയും ഞാനൊരു നിമിഷം സങ്കൽപിച്ചുനോക്കി. അവന്‍ തുടര്‍ന്നു: “ലോകത്തിലെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളിലൊന്നായി കരുതപ്പെടുന്ന ഇടമാണ് ചാവുകടൽ. സമുദ്രനിരപ്പിൽനിന്ന് 1400 മീറ്റർ താഴെയായി ആ പിളർന്ന താഴ്വരയിലാണ് ചാവുകടലും ജെറീക്കോ നഗരവും കിടപ്പുള്ളത്. പിളർന്ന താഴ്വരയുടെ പടിഞ്ഞാറൻ അറ്റത്ത് സമുദ്രനിരപ്പിൽനിന്ന് 2000 മീറ്റർ ഉയരത്തിലാണ് ജറുസലേം സ്ഥിതിചെയ്യുന്നത്.”
2
ഞാൻ ജിയാദ് മഹ്മൂദ് അബ്ബാസ് താമസിക്കുന്ന കൂടാരത്തില്‍ എത്തിയിരുന്നു. വിചാരിച്ചതുപോലെ തമ്പോ കൊട്ടകയോ അല്ലായിരുന്നു. ഒരു വലിയ കെട്ടിടമായിത്തന്നെ അവൻ അത് പടുത്തുയര്‍ത്തിയിട്ടുണ്ട്. നാമഫലകമോ അറിയിപ്പു പലകയോ ഇതുവരെ സ്ഥാപിച്ചിട്ടില്ല. അവന്റെ ഗവേഷണശാലയും ഈ കെട്ടിടത്തിലാണെന്ന് കാർ ഡ്രൈവർ എന്നോട് പറഞ്ഞു.
ആദ്യമൊരു കൂടാരമാണത്രെ പണിഞ്ഞത്. പിന്നീട് സ്ഥിരമായി കഴിയാന്‍ തീരുമാനിക്കുകയും അത് വിപുലീകരിക്കുകയുംചെയ്തു. കഴിഞ്ഞ ആറു മാസമായി ഇവിടെയാണത്രെ താമസിക്കുന്നത്. അവന്റെ മുറി എന്ന് കാണിച്ച സ്ഥലത്തേക്ക് ഞാന്‍ നീങ്ങി. വാതില്‍ക്കല്‍ എത്തിയപ്പോള്‍ത്തന്നെ ശബ്ദം കേട്ടു.
“യൂ ബ്ലഡി ഇന്‍ഡ്യന്‍ ആസ് ഹോള്‍, വെല്‍ക്കം ടു മൈ പ്ലേസ്. ഹൗ ആര്‍ തിങ്ക്സ് ലൈക്ക് ഡെല്‍ഹി, ഇന്‍ഡ്യ ആന്‍ഡ് യൂ?”
“യൂ ഫലസ്തീനിയന്‍ ഷിറ്റ്” എന്നു പറഞ്ഞ് ഞാന്‍ അവനെ കെട്ടിപ്പിടിച്ചു.
“നീ മരുഭൂമിയിലെ തുറസ്സായ സ്ഥലത്ത് ഒരു കൂടാരവും കെട്ടി അവിടെ കിടന്നുറങ്ങുമെന്നാണ് ഞാന്‍ കരുതിയത്. ഇതുപോലെ നിന്റെ ഓഫീസ് തന്നെ ഇവിടെ സ്ഥാപിച്ചിരിക്കുമെന്ന് വിചാരിച്ചില്ല. കൂടാതെ എന്താണ് നീ ആലോചിച്ചുകൊണ്ടിരിക്കുന്നത്? ഇത്രയും ചെലവു ചെയ്താണല്ലോ പണിതിരിക്കുന്നത്! എന്നാല്‍, വീട്ടുക്കൂടലിന് എന്നെ ക്ഷണിച്ചില്ലല്ലോ. അതു ശരി, ഇങ്ങനെയൊന്ന് നിർമിക്കുകയാണെന്ന് പറഞ്ഞാലല്ലേ ക്ഷണിക്കേണ്ട ആവശ്യമുള്ളത്? അതുതന്നെ നീ ചെയ്തിട്ടില്ലല്ലോ. ഒരു വാക്കുപോലും പറഞ്ഞില്ല. നായിന്റെ മോന്‍” എന്നു ഞാന്‍ അവനെ അൽപം ശകാരിച്ചു.
“ഐ ബെഗ് യുവര്‍ പാര്‍ഡണ്‍, മൈ ഡിയര്‍ ഫ്രണ്ട്” എന്നു പറഞ്ഞ് അവന്‍ എന്നെ സമാധാനിപ്പിച്ചു.
അതുകഴിഞ്ഞ് “ഇത് എന്റെ ഉമ്മവഴിക്കുള്ള നിലമാണ്. ഇവിടെയിരുന്നുകൊണ്ട് ജോലിചെയ്യാമെന്ന് വെച്ചു. ഒരു തരത്തിൽ പറഞ്ഞാല്‍ എന്റെ ആഗ്രഹം കൂടിയാണത്. അതിനാലാണ് ഈ തീരുമാനം. ഞാനിവിടെത്തന്നെ കുറച്ചു സ്ഥലംകൂടി വാങ്ങി വികസിപ്പിച്ച് പണിയുകയാണ്. അറ്റ്‌ലാന്റയിലുള്ള സഹോദരിയുടെ വീട്ടില്‍ത്തന്നെ താമസിച്ചുകൊള്ളാമെന്നാണ് എന്റെ മാതാപിതാക്കൾ പറയുന്നത്. അവര്‍ വന്നില്ല. അതുകൊണ്ടാണ് ഇവിടെ ഞാൻ മാത്രം കുടിയിരിക്കുന്നത്.” എന്നവന്‍ പറഞ്ഞു.
“ശരി, പറ. എന്താണ് കാര്യം? എന്തിനാണ് വരാന്‍ പറഞ്ഞത്? ഏതോ ഇടയഗോത്രത്തിന്റെ അവശിഷ്ടങ്ങള്‍ ശേഖരിച്ചുവെച്ചിരിക്കുകയാണെന്നല്ലേ പറഞ്ഞത്?”
“ഒന്നു ക്ഷമിക്ക്. നീ വിശുദ്ധ പശ്ചിമേഷ്യയിലെ ചായ കുടിച്ചിരിക്കാന്‍ സാധ്യതയില്ല. ഞാന്‍ ഉണ്ടാക്കി കൊണ്ടുവരാം. വഴിയെ നമുക്ക് സമാധാനത്തോടെ സംസാരിക്കാം.”
കുറച്ച് സമയത്തിനുശേഷം ജിയാദ് തന്റെ അലമാര തുറന്ന് ഒരു ഫയല്‍ പുറത്തെടുത്ത് അതിലുള്ള ആദ്യത്തെ ഫോട്ടോ എനിക്ക് കാണിച്ചുതന്നു. അതിൽ ആരോ ഒരാളുടെ കഴുത്തിന്റെ ഭാഗം മാത്രം പടമെടുത്തിരുന്നു. ആ കഴുത്തുഭാഗത്ത് മുറിവേറ്റ് ഉണങ്ങിത്തഴമ്പിച്ചതുപോലുള്ള പാടുണ്ടായിരുന്നു.
അവന്‍ ചോദിച്ചു: “ഇത് ശരിക്കും തഴമ്പു തന്നെയാണോ? അതോ കഴുത്തിലെ ഏതെങ്കിലും ചർമരോഗം മൂലമുണ്ടായ കോശവൃദ്ധിയുടെ ഫലമാണോ?”
“അല്ല, അല്ല. ഇത് തീര്‍ച്ചയായും തഴമ്പുകളായിരിക്കണം. ഇത് ഒരുതരം കീലോയ്ഡ് പാടുകളാണെന്നാണ് എന്റെ സന്ദേഹം. ഇളംചുവപ്പ് നിറത്തില്‍ മുതൽ കടുംചുവപ്പ് നിറത്തില്‍ വരെ ഇവ കാണപ്പെടും”
“എങ്ങനെയാണ് അവ പ്രത്യക്ഷപ്പെടുക?”
“ഏതെങ്കിലും ഗുരുതരമായ പ്രഹരംകൊണ്ടോ മുറിവുകൊണ്ടോ വ്രണപ്പെട്ട് പുണ്ണാവുകയും, അതിന്റെ മുറിവായയ്ക്ക് ചുറ്റും ഇത്തരം കോശജാലങ്ങള്‍ അമിതമായി പെരുകി മുറിവ് സുഖപ്പെടുകയുംചെയ്യും. ചിലപ്പോൾ പുണ്ണ് മാഞ്ഞുപോയ ശേഷവും ഇതിന്റെ വളര്‍ച്ച നിലയ്ക്കുകയില്ല. പിന്നെയും വലുതായി വളരും. എന്നാൽ ഇത്തരത്തിലുള്ള തഴമ്പിന്റെ പാടുകൊണ്ട് ഒരു ദോഷവുമുണ്ടാവില്ല. ചിലര്‍ക്ക് ചർമത്തില്‍ വൈരൂപ്യമായി തോന്നാം.”
“അതു ശരി. ഏതൊരു പ്രഹരമോ വെട്ടോ മുറിവോ ഇല്ലാതെ ഇവ പ്രത്യക്ഷപ്പെടുമോ?”
“ഒരു സാധ്യതയുമില്ല. തീര്‍ച്ചയായും ഇയാളുടെ കഴുത്തില്‍ എന്തെങ്കിലും പരിക്ക് പറ്റിയിട്ടുണ്ടായിരിക്കണം.”
അവന്‍ അതേ ഫയല്‍ കൈയിലെടുത്തു. എന്നിട്ട് അതേപോലുള്ള വ്യത്യസ്തരായ ആളുകളുടെ കഴുത്തുഭാഗത്തെ ചിത്രങ്ങൾ കാണിച്ചുതന്നു.
“ഇതെല്ലാം എന്താണ്?” ഞാൻ ചോദിച്ചു.
ജിയാദ് പറഞ്ഞു: “ഇവരെല്ലാവരും ഈ ഭാഗത്ത് ജീവിക്കുന്ന ഇടയ ഗോത്രവർഗക്കാരാണ്. അവരുടെ ജനസംഖ്യ അഞ്ഞൂറു മുതല്‍ അറുനൂറോളമുണ്ടായിരിക്കും. എന്റെ ബാല്യകാലം മുതലേ ഞാൻ അവരെ കണ്ടിട്ടുണ്ട്. ഇവിടെ വന്നതിനുശേഷമാണ് ഈ സാരൂപ്യത്തില്‍ സംശയം തോന്നി ഗവേഷണം ചെയ്യാന്‍ തുടങ്ങിയത്.”
അവൻ വീണ്ടും തുടർന്നു.
“ഇവരുടെ കഴുത്തുഭാഗത്ത്, കൃത്യമായി പറയുകയാണെങ്കില്‍ അവരുടെ കഴുത്തിന്റെ വലതുഭാഗത്ത് കീഴ് കാതിനു താഴെനിന്ന് തോളെല്ലിന്റെ സന്ധിയുടെ ഭാഗം വരെ ഈ തഴമ്പ് നീണ്ടുകിടക്കുന്നു.”
ഞാൻ ആ ഫോട്ടോകള്‍ ഒരിക്കൽക്കൂടി നോക്കി.
“ഓരോര്‍ത്തര്‍ക്കും അതേയിടത്തില്‍ ഒരേപോലെ സമാന രീതിയിലുള്ള തഴമ്പുകള്‍.”
അവന്‍ പറഞ്ഞു: “നൂറിൽ അമ്പതുപേര്‍ക്കും ഇങ്ങനെയുണ്ട്. കഴുത്തില്‍ മുറിവേറ്റവരെപ്പോലെ. അവരുടെ കുലചിഹ്നം പോലെ.”
“ഹും... അവർ ഏതെങ്കിലും നാടോടി ഇടയ ഗോത്രമാണോ?” ഞാന്‍ ചോദിച്ചു.
അവൻ തുടർന്നു: “ജൂഡിയന്‍ മരുഭൂമിയിലെ നരവംശ ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തിൽ അവർ ഗോത്രവർഗക്കാരും ഈ നിലപ്രദേശത്തെ ആളുകളുമാണ്. കുടിയേറ്റക്കാരല്ലായെന്നു തന്നെയാണ് പരാമര്‍ശിക്കുന്നത്.”
“ശരി.”
“അങ്ങനെയെങ്കില്‍ തഴമ്പുകള്‍ ജനിതകമായി തലമുറയില്‍നിന്ന് തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുമോ?”
“അതെ, കീലോയ്ഡ് പാടുകള്‍ക്ക് അങ്ങനെയൊരു സ്വഭാവമുണ്ട്. ആധിപത്യ രീതിയിലുള്ള ജീനുകളാണ് അവക്ക് കാരണക്കാരായ ജീനുകള്‍. കൈമാറ്റം പാഴാവാന്‍ അവസരം നൽകാത്തവയാണ് ഇവ. മാതാപിതാക്കളിൽനിന്ന് കുട്ടികളിലേക്ക് പകരുന്ന ഈ പ്രക്രിയയെ ആട്ടോനോമല്‍ ഡോമിനന്റ് ഇന്‍ഹെറിട്ടന്‍സ്1 എന്നു പറയുന്നു. മാതാവോ പിതാവോ ഇവയിലാരെങ്കിലും ഒരാളില്‍ ഇത്തരത്തിലുള്ള ജീനുകളുണ്ടായാല്‍ മതി. അവ നഷ്ടപ്പെടാതെ കുഞ്ഞുങ്ങളിലേക്ക് കൈമാറ്റംചെയ്യപ്പെടും. അതിനെയാണ് ഡോമിനന്റ് എന്നു പറയുന്നത്. അവക്ക് നേര്‍വിപരീതമായവ റിസസീവ് എന്നറിയപ്പെടുന്നു. അത് കൈമാറ്റം ചെയ്യപ്പെടണമെങ്കില്‍ മാതാപിതാക്കൾ രണ്ടുപേരിലും ആ ജീനുകൾ ഉണ്ടായിരിക്കണം.
അങ്ങനെയുണ്ടെങ്കില്‍പോലും മക്കളിലേക്ക് കൈമാറ്റം ചെയ്യപ്പെടാനുള്ള സാധ്യത ഇരുപത്തിയഞ്ചു ശതമാനം മാത്രമാണ്. പിന്‍വലിയുന്ന സ്വഭാവമുള്ളവയില്‍ അവ കുഞ്ഞുങ്ങളെ ബാധിക്കാതെ വെറും വാഹകര്‍ മാത്രമായിരിക്കും. എന്നാൽ, ആധിപത്യ ജീനുകള്‍ കൂടുതൽ മാരകമായവയാണ്. മാതാപിതാക്കളില്‍ ഒരാളിലുണ്ടെങ്കില്‍ പോലും അത് കൈമാറാനുള്ള സാധ്യത അമ്പത് ശതമാനമാണ്. ഒരു കാര്യം പറയട്ടെ. താരതമ്യേന, ഇതുവരെ രേഖപ്പെടുത്തിയ കീലോയ്ഡ് കേസുകൾ പരിശോധിക്കുമ്പോള്‍ കുടുംബങ്ങളിൽ ഒറ്റപ്പെട്ട സംഭവം മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അവയുടെ ഒരു പൊതുസ്വഭാവഗുണം ഇതുവരെ കണ്ടെത്തിയിട്ടില്ല.” ഞാന്‍ പറഞ്ഞു.
“ഞാനറിഞ്ഞടത്തോളം ഈ തഴമ്പുകൾക്ക് കാരണമായ ജീനുകൾ കൈമാറ്റംചെയ്യപ്പെട്ടാലും അവ വെളിപ്പെടാൻ എന്തെങ്കിലും മുറിവുകൾ ഉണ്ടാകേണ്ടതല്ലേ? അതെങ്ങനെയാണ് അവരുടെ കഴുത്തില്‍തന്നെ പ്രത്യക്ഷപ്പെടുന്നത്? അതെയിടത്ത് അതേപോലെ യാതൊരു മുറിവുമില്ലാതെ!” ജിയാദ് ചോദിച്ചു.
“നിന്റെ ആശയക്കുഴപ്പം ന്യായം തന്നെയാണ്.”
“അതിനാണ് ഞാന്‍ നിന്നെ ഇങ്ങോട്ട് ക്ഷണിച്ചത്.”
“അതു ശരിയാണ്. പരിക്കുണ്ടാകുന്നതുപോലൊരു ബാഹ്യകാരണം ഉണ്ടായിരുന്നിരിക്കണം. അത് ഈ ഗോത്രത്തിന്റെ മുന്‍തലമുറയിൽ ആർക്കെങ്കിലും മുമ്പ് സംഭവിച്ചതായിരിക്കണം. അത് പിന്നീടുള്ള അവകാശികൾക്ക് കൈമാറിയാലും, അത് വെളിപ്പെടാന്‍ അവർക്ക് എന്തെങ്കിലും പരിക്ക് സംഭവിച്ചിരിക്കേണ്ടതുമാണ്. അവരെല്ലാവര്‍ക്കും ഒരേപോലെ അതേയിടത്തു തന്നെ പരിക്കേറ്റിട്ടുണ്ടാവാമെന്ന് കരുതുന്നത് നമ്മളെപ്പോലുള്ള ശാസ്ത്രജ്ഞന്മാര്‍ക്ക് അത്ര ചേര്‍ന്നതല്ല.” ജിയാദ് ചെറുതായി ചിരിച്ചു.
3
അടുത്ത ദിവസം ജിയാദ് എന്നെ അവന്റെ ഗവേഷണശാലയിലേക്ക് കൂട്ടിക്കൊണ്ടുചെന്നു. ആ ഗോത്രവര്‍ഗത്തിന്റെ അവശിഷ്ടങ്ങളില്‍നിന്ന് എടുത്ത താടിയെല്ലു കോശങ്ങളുടെ വിവിധ സാമ്പിളുകൾ അവന്‍ സൂക്ഷിച്ചുവെച്ചിരുന്നു. താടിയെല്ലു കോശമെന്നറിയപ്പെടുന്ന ‘ബക്ക്ല്’ കോശങ്ങളില്‍നിന്ന് ഡി.എൻ.എ തന്മാത്ര വേർതിരിച്ചെടുക്കുന്നതിലൂടെ ജനിതകസഞ്ചയത്തിന്റെ വിവരങ്ങൾ അറിയാന്‍ സാധിക്കും. ആ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അതെന്താണെന്ന് തിരിച്ചറിയാനുള്ള എന്റെ ഗവേഷണഫലത്തിലൂടെ എന്തെങ്കിലും കണ്ടെത്താന്‍ കഴിയുമോയെന്ന് അവന്‍ എന്നില്‍നിന്ന് പ്രതീക്ഷിച്ചു. ആ പകൽ മുഴുവനും ഞാൻ എന്റെ ഗവേഷണത്തില്‍ മുഴുകി.
അന്നു രാത്രി അത്താഴസമയത്ത് ഞാൻ അവനോട് പറഞ്ഞു: “മുമ്പു പറഞ്ഞതുപോലെയുള്ള കാര്യമാണ് ഇന്നത്തെ ഗവേഷണത്തിൽ ഞാൻ കണ്ടെത്തിയത്. അവരുടെ ജീനുകള്‍ വ്യത്യസ്തമാണ്. അതായത് ജനറ്റിക് മ്യൂട്ടേഷന്‍2 സംഭവിച്ചിട്ടുണ്ടെന്നാണ് പറഞ്ഞുവരുന്നത്. കീലോയ്ഡ് പാടുകൾക്ക് കാരണമാകുന്ന പ്രോട്ടീൻ തന്മാത്രകളുടെ മാറ്റങ്ങളാണ് അവയെന്ന് നൂറുശതമാനം ഉറപ്പിക്കാം. അതേപോലെ, ഈ പുതിയ പകർപ്പുകൾ ആട്ടോനോമല്‍ ഡോമിനന്‍സിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന സ്വഭാവമുള്ളവയായി കാണപ്പെടുന്നു. എന്നാല്‍, ഈ ജീനുകളുടെ പ്രേരണ കൂടാതെ സ്വമേധയാ പ്രത്യക്ഷപ്പെടുന്ന ഗുണത്തെക്കുറിച്ച് എനിക്ക് യാതൊരു ഉത്തരവും കണ്ടെത്താൻ കഴിഞ്ഞില്ല. നമുക്ക് കാത്തിരുന്നു കാണാം.”
“ഒരു സാധാരണ ജീന്‍ കീലോയ്ഡ് ജീനായി പരിവർത്തനം ചെയ്യാനുള്ള കാരണമെന്തായിരിക്കാം?” ജിയാദ് ചോദിച്ചു.
“എനിക്ക് അതിന് ഒരുവിധത്തിൽ ഉത്തരം നൽകാന്‍ പറ്റും. ഒരു വ്യക്തിക്ക് എന്തെങ്കിലും പരിക്ക് സംഭവിച്ച് ഉണങ്ങിവരുമ്പോള്‍ ആ പാടിലെ കോശങ്ങള്‍ സാധാരണയില്‍ കവിഞ്ഞ് പെരുകുന്ന വേളയിലും അത് ആവർത്തിക്കുന്ന വേളയിലും അതിന്റെ വ്യാപനരീതി ഒരു സ്വഭാവമായി ജീനുകളില്‍ പതിയും. ജീനുകൾ എല്ലായ്േപാഴും കൊടുത്തുകൊണ്ട് മാത്രമല്ല പ്രവർത്തിക്കുന്നത്. സ്വീകരിച്ചുകൊണ്ടുമാണല്ലോ പ്രവര്‍ത്തിക്കുന്നത്? അതാണ് കാരണം. എന്നാൽ, ആ സ്വാഭാവികതയില്‍ ലംഘനം സംഭവിക്കുന്നതെന്തുകൊണ്ടാണ് എന്നതിന് എന്റെ പക്കല്‍ ഇപ്പോൾ ഉത്തരമില്ല.” ഞാന്‍ പറഞ്ഞു.
ശേഷം ഞാന്‍ അവനോടു ചോദിച്ചു: “ഈ ഇടയ ഗോത്രവര്‍ഗത്തെക്കുറിച്ചുള്ള ചരിത്രമെന്തെങ്കിലുമുണ്ടോ? അവരുടെ ഉൽപത്തിയെക്കുറിച്ചുള്ള എന്തെങ്കിലും നരവംശശാസ്ത്ര കുറിപ്പുകൾ? അല്ലെങ്കില്‍ ഈ കുലചിഹ്നവുമായി ബന്ധപ്പെട്ട ചരിത്രരേഖകളോ സൂചനകളോ. അങ്ങനെയെന്തെങ്കിലും?”
ജിയാദ് പറഞ്ഞു: “ക്രിസ്തുവിന്റെ മരണശേഷം നിരവധി ബദൽ ചരിത്രങ്ങൾ ഇവിടെയീ മണ്ണില്‍ ഉടലെടുത്തിട്ടുണ്ട്. ഹീബ്രു ഭാഷയിലെ നാടോടി ഗാനങ്ങളിൽ അത് വ്യത്യസ്ത രീതിയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍, അത്തരം ബദൽ ചരിത്രകഥയില്‍ സത്യമേതെന്നും മിഥ്യയേതെന്നും വേർതിരിച്ചറിയാൻ സാധിക്കില്ല. ക്രിസ്തു ഒരു ഐതിഹാസിക മാതൃകയാണല്ലോ? അദ്ദേഹത്തെക്കുറിച്ച് പരക്കെ വിശ്വസിക്കപ്പെടുന്ന കഥകളും അദ്ദേഹം ചെയ്ത അത്ഭുതപ്രവൃത്തികളും എത്രത്തോളം യാഥാർഥ്യമാണെന്ന് നമുക്ക് പറയാൻ കഴിയില്ല. എന്നാൽ, അവക്കുള്ള ചരിത്രപരമായ സവിശേഷതകളും ചരിത്രസ്രോതസ്സുകളും ഈ മണ്ണിൽ ചിതറിക്കിടക്കുന്നുണ്ട്. അതിൽനിന്ന് ഒരു ക്രിസ്തുമതം രൂപപ്പെടുകയും വ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
അതേപോലെ, ബദല്‍ ചരിത്രങ്ങള്‍ക്കും സ്ഥാനമുണ്ട്. ചരിത്രപരമായ അടയാളങ്ങളുമുണ്ട്. ഈ മണ്ണിലുള്ള ആളുകൾക്ക് അവ തിരിച്ചറിയാൻ കഴിയും. പക്ഷേ, അതിന്റെ അന്ധമായ കണ്ണുകള്‍ തുറക്കപ്പെടാതെ തന്നെ കിടക്കുന്നു. അതിനുവേണ്ടിയാണ് നമ്മള്‍ തുനിഞ്ഞിരിക്കുന്നതും. നമ്മുടെ പ്രവര്‍ത്തനരംഗവുമായി ബന്ധപ്പെട്ട് പഠനതെളിവുകളുണ്ടോ എന്നറിയാൻ മാത്രമാണ് നമ്മള്‍ ഈ ചെയ്തുകൊണ്ടിരിക്കുന്ന ഗവേഷണവും. അതല്ലാതെ മറ്റൊന്നുമല്ല.
ഇസ്രായേലിലെ പ്രശസ്ത ചരിത്രകാരനും നരവംശ ശാസ്ത്രജ്ഞനുമായ എഫ്രായിം യഹോവ, ഇത്തരത്തിലുള്ള ബദല്‍ ചരിത്രങ്ങള്‍ സമാഹരിച്ച് ‘ദി സെക്കൻഡ് ക്രിസ്ത്യന്‍സ്’ എന്ന പേരിലൊരു പുസ്തകം ഇറക്കിയിട്ടുണ്ട്. ആ പുസ്തകത്തിൽ ഈ ഇടയ ഗോത്രവര്‍ഗത്തിന്റെ ബദല്‍ ചരിത്രകഥയെക്കുറിച്ചുള്ള കുറിപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവർ തങ്ങളുടെ ഗോത്രപിതാമഹനെ ക്രിസ്തുവായി കണ്ട് വിശ്വസിക്കുന്നു. അത് എത്രത്തോളം സത്യമാണെന്നും മിഥ്യയാണെന്നുമറിയില്ല. ക്രിസ്തു വീണ്ടും ഉയിർത്തെഴുന്നേറ്റപ്പോൾ ഈ ഗോത്രസംഘത്തിലെ മുന്‍ഗാമിയായ സ്ത്രീ, സ്വർഗാവരോഹണം ചെയ്ത ദിവ്യവെളിച്ചത്തിന്റെ കൈയിൽ ഒരു കുഞ്ഞാടും കഴുത്തില്‍ ഈ തഴമ്പും കണ്ടത്രേ. ഇങ്ങനെയൊരു ബദല്‍ ക്രിസ്തുവിനെ അവർ ആരാധിച്ചിരുന്നുവെന്നതിനു തെളിവായി അദ്ദേഹമൊരു ഹീബ്രു ഗാനം പരാമർശിക്കുന്നു.
‘അധികാര കേന്ദ്രീകൃതമായ ക്രിസ്തുമതത്തിന് എതിരായവയാണ് അത്. എന്നാല്‍ ആത്മീയവശങ്ങളിലേക്ക് ശ്രദ്ധതിരിക്കുന്നതും മാനുഷികസ്നേഹത്തിന് വഴിയൊരുക്കുന്നതുമായ ക്രിസ്തുമതത്തെ ഇഷ്ടപ്പെടുന്നതുമാണത്. ഈ നിലപ്രദേശത്തെ ആളുകള്‍ക്കിടയില്‍ ഇത്തരം ബദല്‍ ചരിത്രങ്ങള്‍ പ്രഭാഷണം നടത്തിയും പ്രചരിപ്പിച്ചുമാണ് എതിരാളികള്‍ ക്രൈസ്തവ ശക്തികേന്ദ്രങ്ങളെയും രാജ്യത്തെയും തകർത്തത്.’ അത്തരം ബദൽ ചരിത്രങ്ങളെ അദ്ദേഹം ഇങ്ങനെയാണ് നിർവചിക്കുന്നത്.”
“ഇത് യേശുക്രിസ്തു ജീവിച്ചു വളര്‍ന്ന് മരിച്ച നാടാണ്. ക്രിസ്തീയത എന്ന വലിയ മതം പിറന്ന നാട്. എന്നാൽ ഇവിടെ ക്രിസ്ത്യാനികളുടെ എണ്ണം വളരെ കുറവാണ്. ഇന്ത്യയിലുള്ള ബുദ്ധമതവും ഇങ്ങനെയാണ്. പിറന്നത് ഇന്ത്യയില്‍, തഴച്ചുവളര്‍ന്നത് മറ്റെവിടെയോ. ഏതൊരു ഇന്ത്യന്‍ തെരുവിലും ഒരു ബുദ്ധമതക്കാരനെപ്പോലും കാണാന്‍ സാധിക്കില്ല”, ഞാന്‍ പറഞ്ഞു.
“അതേ. ഇങ്ങനെ പല ഗോത്രങ്ങള്‍ അവരവരുടേതായ ക്രിസ്തുവിനെ സൃഷ്ടിച്ചാല്‍ എന്താകും? ‘ഏകദൈവം’ എന്ന ക്രിസ്ത്യന്‍ വിശ്വാസത്തിന്റെ അടിസ്ഥാന തത്ത്വം തകരില്ലേ? അങ്ങനെയാണ് ഈ നാട്ടിൽ ക്രിസ്തുമതം വേരറ്റുപോയതെന്ന പരികല്‍പനയും എഫ്രായിം യഹോവ ആ പുസ്തകത്തിൽ പറയുന്നുണ്ട്.”
ഞാന്‍ പറഞ്ഞു: “ഇസ്രായേൽ മുഴുവൻ ജൂതന്മാരാണ്. ഫലസ്തീനിലെല്ലാവരും നിന്നെപ്പോലെയുള്ള അറബ് മുസ്‍ലിംകളാണ്. ക്രിസ്തുമതത്തിനുമുമ്പ് വന്ന യഹൂദമതവും അതിനുശേഷം വന്ന ഇസ്‍ലാമും ഇവിടെയുണ്ട്. ഇടയില്‍ വന്ന ക്രിസ്തുമതം മറഞ്ഞുപോയിട്ടുണ്ട്. ഇന്ന് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള ക്രിസ്തുമതം ക്രിസ്തുവിനാലല്ല തഴച്ചുവളരുന്നത്. അതിന്റെ പ്രബോധകരാലും പ്രചാരകരാലുമാണ്.”
4
ഗൊൽഗോഥാ മലയില്‍ റോമന്‍ പടയാളികള്‍ യേശുവിനെ തറച്ച കുരിശ് കുഴിയിലേക്കിറക്കി സ്ഥാപിച്ചു. അതിനു മുമ്പ് അവിടെ മറ്റു രണ്ടു കുരിശുകളില്‍ ഇടതും വലതുമായി രണ്ടു കള്ളന്മാരെയും കുരിശില്‍ തറച്ചു നിര്‍ത്തിയിരുന്നു.
അവർ വന്യമൃഗത്തെപ്പോലെ അലറി. അവരുടെ ഞരക്കങ്ങൾക്കിടയിലാണ് റോമന്‍ പടയാളികള്‍ യേശുവിനെ അദ്ദേഹം താങ്ങിയ കുരിശില്‍തന്നെ കിടത്തി കൈകളിലും കാലുകളിലും ആണിയടിച്ചത്. പടയാളികളില്‍ ഒരാള്‍ ആ കുരിശിന്റെ മേല്‍ഭാഗത്ത് ‘നസ്രേത്തിലെ യേശു, യഹൂദരുടെ രാജാവ്’ എന്ന അറിയിപ്പു പലക ഉറപ്പിച്ചുവെച്ചു. പിന്നീട്, കുന്തം പോലെയുള്ള ഒരു വസ്തുകൊണ്ട് അവൻ യേശുവിന്റെ നെഞ്ചിനു താഴെ കുത്തി.
തന്റെ കുരിശിലേറ്റലിന് സാക്ഷ്യം വഹിക്കാൻ വന്ന ജനക്കൂട്ടത്തെ യേശു കണ്ടു. അവര്‍ക്കിടയിലെ യഹൂദന്മാർ അദ്ദേഹത്തെ ഭര്‍ത്സിച്ചുകൊണ്ടേ കൂട്ടംപിരിഞ്ഞു പോയി. ബാക്കിയുള്ള എല്ലാവരുടെയും കണ്ണുകൾ തന്നില്‍ പതിയുന്നതായി അദ്ദേഹത്തിന് ബോധ്യപ്പെട്ടു. വേദനകൊണ്ട് കണ്ണുകൾ ചുരുങ്ങി തല കുനിഞ്ഞപ്പോള്‍ ആ കൂട്ടത്തിലെ ഒരു പാവം പെണ്ണിന്റെ നോട്ടം തന്റെ ഇടതുഭാഗത്ത് തറയ്ക്കപ്പെട്ടിരുന്ന കള്ളന്റെ മേല്‍ പതിഞ്ഞിരിക്കുന്നത് യാദൃച്ഛികമായി യേശു കണ്ടു. ഗര്‍ഭിണിയായിരുന്നു അവള്‍. യേശു ഒരു നിമിഷം അവൾക്കായി തല ഉയർത്തി, “പരമ പിതാവേ” എന്നു പ്രാർഥിച്ചു. ശേഷം തല താഴ്ത്തി. തല കുനിഞ്ഞിരുന്ന യേശുവിനെ നോക്കി “നീ മിശിഹാ അല്ലയോ? ഇപ്പോള്‍ നിന്നെത്തന്നേയും ഞങ്ങളെയും രക്ഷിക്കുക” യേശുവിന്റെ ഇടതുവശത്തുനിന്ന് ഉയര്‍ന്ന ശബ്ദം പറഞ്ഞു.
അതിന്, “വായ അടയ്ക്ക് കെട്ടവനേ. ഇവ്വിധം അപമാനിക്കപ്പെട്ട സ്ഥിതിയിലും അദ്ദേഹത്തിനു നേരെ കൊള്ളിവാക്കു പറയുന്ന നീ മഹാനരകത്തില്‍ പോകും. ദൈവത്തെ നീ ഭയപ്പെടുന്നില്ലേ? അദ്ദേഹം നമ്മെപ്പോലെയല്ല. യാതൊരു തെറ്റും ചെയ്യാത്തതിനാണ് അദ്ദേഹം ക്രൂശിക്കപ്പെട്ടിരിക്കുന്നത്. നമ്മള്‍ നാം ചെയ്ത പാപങ്ങൾക്കുവേണ്ടിയാണ് ക്രൂശിക്കപ്പെട്ടിരിക്കുന്നത്. അത് മറക്കരുത്.” യേശുവിന്റെ വലതുഭാഗത്തില്‍നിന്ന് ഉയര്‍ന്ന ശബ്ദം മറുപടി നൽകി. അവയായിരുന്നു അവരുടെ അവസാന വാചകങ്ങൾ. ഇനിയും അൽപസമയത്തിനകം അവര്‍ ഇരുവരുടെയും ജീവന്‍ അവരെ വിട്ടുപോകുമെന്ന് യേശുവിന് അറിയാമായിരുന്നു. അതുകഴിഞ്ഞ് അദ്ദേഹത്തിന്റേതായ ആ നിമിഷം തിരിച്ചറിഞ്ഞുകൊണ്ട് “പിതാവേ, ഇതാ അവസാനിച്ചിരിക്കുന്നു” എന്ന് തന്റെ ആത്മാവിനെ അദ്ദേഹം ഉപേക്ഷിച്ചു.
5
ഈ പ്രപഞ്ച പ്രവാഹത്തിന്റെ അവിദിതമായ ഏതോ ഒരു കോണില്‍ മുട്ടുകുത്തിയിരുന്ന് വിമ്മി വിതുമ്പി അവന്‍ കരഞ്ഞുകൊണ്ടിരുന്നു. അവന്റെ കരച്ചിലിനാല്‍ നീണ്ടുകൊണ്ടേയിരുന്നു ആ ഇരുൾപ്പരപ്പ്. കണ്ണീര്‍ കുന്നുകൂട്ടി കുന്നുകൂട്ടി പ്രകാശിപ്പിച്ച് ഒരു പകലിനെ സൃഷ്ടിക്കാന്‍ സാധ്യമാണോ? കണ്ണീരു തന്നെ ചൂഴ്ന്ന് ഇരുൾപ്പരപ്പായി മാറിയതാണോ? അവൻ ആശയക്കുഴപ്പത്തിലായി.
പിന്നീടാണ് അവന്‍ തന്റെ ചെവി കൂര്‍പ്പിച്ചത്. തനിക്കു ചുറ്റുമുള്ള ആയിരക്കണക്കിന് ആളുകളുടെ രോദനങ്ങള്‍ ഉയരുന്നത് അവനു അനുഭവപ്പെട്ടു. പ്രായമായവർ മുതൽ കൊച്ചുകുട്ടികൾ വരെ. പുരുഷന്മാർ മുതൽ സ്ത്രീകൾ വരെ. ആ വിലാപ പ്രവാഹത്തില്‍ അവന്റെ രോദനവും അലിഞ്ഞുചേര്‍ന്ന് ഒഴുകുന്നതായി അവന്‍ കരുതി. കണ്ണീരുതന്നെ കരച്ചിലിന്റെ ദ്രാവകരൂപമാണോ എന്തോ?
അൽപം ദൂരെയായി പ്രകാശത്തിന്റെ ഒരു ബിന്ദു ഉദിക്കുന്നത് അവൻ കണ്ടു. ആദ്യം ആ ചെറുവെളിച്ചംതന്നെ അവന്റെ കണ്ണഞ്ചിപ്പിച്ചു. പിന്നീട് ആ വെളിച്ചം തന്റെ നേര്‍ക്ക് വിടര്‍ന്നുവരുന്നത് അവന്‍ കണ്ടു. ഓരോ നിമിഷവും അത് വികസിച്ചുകൊണ്ടിരുന്നു. അപ്പോൾ തന്നെ ചൂഴ്ന്നിരുന്ന നിലവിളികളും ആര്‍ത്തനാദങ്ങളും പതിയെപ്പതിയെ കുറഞ്ഞു വരുന്നതായി അവനു മനസ്സിലായി.
ഒരു ഘട്ടത്തിൽ അവന്റെ രോദനം മാത്രമാണ് അവൻ കേട്ടത്. അത് അവനെ കൂടുതൽ ഭയത്തിലാഴ്ത്തി. അവൻ കണ്ണുകൾ ഇറുക്കിയടച്ചു. തന്നെ ഒന്നും സമീപിക്കാത്തവിധം തന്നെത്തന്നെ തന്റെയുള്ളില്‍ അവന്‍ പൂട്ടിക്കളഞ്ഞു. അതിനെയും കവച്ചുവെച്ച് തന്റെ മുന്നില്‍ ആ വെളിച്ചം സംഭവിച്ചുകൊണ്ടിരിക്കുന്നതിനെ അവന്‍ ബോധ്യപ്പെട്ടു. മനുഷ്യമനസ്സിന്റെയുള്ളിലെ മുറിക്ക് താഴില്ലെന്ന് തിരിച്ചറിഞ്ഞവനായിരുന്നില്ല അവന്‍.
“ആര്? ആരാണത്?” അവന്‍ ചോദിച്ചു.
അയഞ്ഞ വെള്ളനിറത്തിലുള്ള വസ്ത്രവും തോളിലൂടെ ഉലഞ്ഞുകിടക്കുന്ന ചെമ്പന്‍മുടിയും നേര്‍ത്ത താടിയുമായി അദ്ദേഹം പ്രത്യക്ഷപ്പെട്ടു. എന്താണ് അദ്ദേഹത്തിന്റെ കണ്ണിലൂടെ ഒഴുകുന്നത്? അവന് മനസ്സിലായില്ല.
“നിന്റെ വിതുമ്പലാണ് എന്നെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടു വന്നിരിക്കുന്നത്, കരയരുത്”, അദ്ദേഹം പറഞ്ഞു.
“എന്റെ വിതുമ്പല്‍ സ്വരം നിങ്ങൾ എങ്ങനെയാണ് കേട്ടത്”, അവന്‍ ചോദിച്ചു.
“വിതുമ്പല്‍ ശബ്ദങ്ങള്‍ പ്രതിധ്വനിക്കുന്ന ദൂരത്തിലാണ് എന്റെ ആകാശം”, അദ്ദേഹം പ്രതികരിച്ചു.
“അങ്ങനെയെങ്കില്‍ ആരാണ് നിങ്ങള്‍?”
“യേശു.”
“ഏത് യേശു? കര്‍ത്താവായ യേശുവോ? മനുഷ്യരൂപത്തിൽ മണ്ണിലേക്കിറങ്ങിയ ദേവകുമാരന്‍, ഇന്ന് എന്റെ വിതുമ്പലിന് ചെവികൊടുത്ത് ഇരുളിന്റെ ലോകത്തും ഇറങ്ങിയോ? അതു ശരി. ആയിക്കോട്ടെ, ഒരു സംശയം. നിങ്ങളെ എല്ലാവരും ദൈവപുത്രനാണെന്നാണല്ലോ പ്രവചിക്കുന്നത്. അങ്ങനെയെങ്കില്‍ പിന്നെയെന്തിനാണ് നിങ്ങള്‍ മനുഷ്യരൂപത്തില്‍ അവതരിച്ചിരിക്കുന്നത്? എന്ത് മറിമായമാണിത്?” അവന്‍ സംശയം പ്രകടിപ്പിച്ചു.
അദ്ദേഹം ഒന്നിനും മറുപടി പറഞ്ഞില്ല.
“ഹേയ്... വാ തുറന്ന് പറയുക. എന്താണെന്ന് ചോദിക്കാന്‍ വന്നതാണോ അതോ എന്നെ ഇവിടെനിന്ന് രക്ഷിക്കാൻ വന്നതാണോ?” അവന്‍ ചാഞ്ചാടി.
“നോക്കൂ, എന്റെ ദുരവസ്ഥ. ഗൊല്‍ഗോഥാ മലയിലെ ഗുഹയ്ക്കുള്ളിലെ ഇരുട്ടിനേക്കാളും ഈ ഇരുണ്ട ലോകത്തെക്കാളും കൊടിയതാണ് എന്റെ ദുരിതം” എന്ന് അവന്‍ തുടര്‍ന്നുകൊണ്ടേയിരുന്നു.
“ഞാൻ നിങ്ങളെ ലോകത്തിലെ ഏറ്റവും ഉയർന്ന സ്ഥാനങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തുമെന്ന് നിങ്ങളുടെ വിശ്വാസികളോട് നിങ്ങള്‍ പറഞ്ഞിരുന്നില്ലേ? ഞാന്‍ ചോദിക്കട്ടെ. ഏതാണു ശ്രീമാനേ, ഏറ്റവും ഉയർന്ന സ്ഥലം? നിങ്ങളുടെ മുമ്പിൽ മുട്ടുകുത്തുന്നതാണോ? അവർക്ക് എന്താണ് ലഭിക്കാൻ പോകുന്നത്? കൂടിപ്പോയാല്‍ മുട്ടുകുത്തല്‍, അതിലും അപ്പുറമാണെങ്കില്‍ കുരിശിലേറ്റല്‍. ഞാൻ അവരോട് ഇപ്പോൾ പറയുകയാണ്. നിങ്ങളുടെ മുമ്പിൽ മുട്ടുകുത്തുന്നതിനേക്കാളും നല്ലത് കുരിശുമരണമാണ്.”
അദ്ദേഹം അവനെ ഉറ്റുനോക്കിക്കൊണ്ടേയിരുന്നു.
“എന്നെപ്പോലെയുള്ള അവിശ്വാസികൾക്ക് നിങ്ങളുടെയുള്ളില്‍ സ്ഥാനമില്ലെന്ന് എനിക്ക് നന്നായറിയാം”, അവന്‍ പറഞ്ഞു.
“മനുഷ്യമനസ്സുകളില്‍ ഉടലെടുക്കുന്ന ഇത്തരം ചിന്തകളുടെയും അതിനായി ഉയർന്നുവന്ന കൂട്ടായ യുക്തികളുടെയും ഫലമാണ് ഞാന്‍. എന്നെ മനസ്സിലാക്കാൻ നിനക്ക് ഇപ്പോൾ ഇതു മതിയാകും” എന്നു പറഞ്ഞ യേശു “നീ ആരാണ്?” എന്നു ചോദിച്ചു.
“ഹേയ്... ഞാന്‍ ആരാണെന്നറിയാത്തയാളാണോ നിങ്ങള്‍? ഞാന്‍ പറയാം എന്റെ കഥ. എന്റെ ഈ ശബ്ദം താങ്കള്‍ക്ക് ഓര്‍മയില്ലേ? ഇന്നലെ കേട്ടിട്ടുണ്ടായിരിക്കുമല്ലോ? നിങ്ങളുടെ ഇടതുഭാഗത്തെ കുരിശില്‍ തറയ്ക്കപ്പെട്ടിരുന്ന കള്ളനാണ് ഞാന്‍. ഗെസ്താസ് എന്നാണ് എന്റെ പേര്. ജീവിതത്തിൽ ഒരിക്കലും നിങ്ങളെ കാണാന്‍ പാടില്ലെന്നാണ് ഞാൻ ആഗ്രഹിച്ചത്. എന്നാല്‍ അതു നടന്നില്ല. ഇന്നലെ നിങ്ങളോടൊപ്പംതന്നെ ക്രൂശിക്കപ്പെട്ടു. ഇന്നിപ്പോള്‍ ഈ ഇരുണ്ടലോകത്ത് നിങ്ങളോടൊപ്പം പുലമ്പിക്കൊണ്ടിരിക്കുന്നു. എല്ലാം എവിടെയോ എഴുതിവെച്ചിട്ടുണ്ട്.”
എതിരെയുണ്ടായിരുന്ന യേശു പുരികമുയർത്തി.
“എന്താണ് നോക്കുന്നത്? പറയുന്നതു കേള്‍ക്കുക. എന്റെ പാപത്തിന് ഞാന്‍ ഖേദിച്ചില്ലായെന്നല്ലേ നിങ്ങളുടെ വലതുഭാഗത്തെ കുരിശില്‍ തറയ്ക്കപ്പെട്ടിരുന്ന കള്ളൻ ദിസ്മാസ് ‘കെട്ടവനേ, നീ മഹാനരകത്തില്‍ പോകും’ എന്നതു കൊണ്ടുദ്ദേശിച്ചത്. എന്നാൽ ഞാൻ പറയട്ടെ. അത് എന്റെ പാപമല്ല. നിങ്ങളുടെ പാപം. നിങ്ങളുടെ ജന്മത്തിന്റെ പേരിൽ സംഭവിച്ച പാപം. ആ പാപത്തിന്റെ ഫലമാണ് എന്റെ മുഴുവൻ ജീവിതവും. ഞാൻ എന്തിന് അതിന്റെ ഉത്തരവാദിത്തമേല്‍ക്കണം? അതു മാത്രമാണ് നിങ്ങളുടെ മുന്നില്‍ വെക്കുന്ന എന്റെ ചോദ്യം. എനിക്ക് നിങ്ങളുടെ രക്ഷ വേണ്ട, ഒന്നും വേണ്ട. എന്നാൽ ഈ ചോദ്യത്തിനുള്ള ഉത്തരം വേണം.
നിങ്ങളുടെ ജന്മത്താല്‍ സംഭവിച്ച രക്തക്കറ കഴുകിക്കളയാൻ നിങ്ങൾ നിങ്ങളുടെ മുഴുവൻ ജന്മവും ചെലവഴിക്കുന്നു. പക്ഷേ ഞാനെന്തു തെറ്റ് ചെയ്തു? ആ പിഞ്ചുകുഞ്ഞുങ്ങൾ എന്തു തെറ്റാണ് ചെയ്തത്? ‘ലോകരക്ഷകന്‍’ എന്നു പറയപ്പെടുന്ന നിങ്ങള്‍ പിറന്നപ്പോള്‍ ‘വിശുദ്ധം’ പിറന്നുവെന്ന് പറഞ്ഞു. എന്നാൽ പാപത്തോടൊപ്പമാണ് നിങ്ങള്‍ ജനിച്ചത്. നിങ്ങളുടെ പിറവിയെക്കുറിച്ചറിഞ്ഞ ഹെരോദാ രാജാവ് അയാളുടെ നാട്ടില്‍ അന്നുണ്ടായിരുന്ന രണ്ടു വയസ്സിന് താഴെയുള്ള എല്ലാ കുഞ്ഞുങ്ങളെയും തന്റെ വാളിന് ഇരയാക്കിയില്ലേ! നിങ്ങള്‍ കാരണവും നിങ്ങളുടെ തിരുനാമം കാരണവും ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ അരിഞ്ഞുവീഴ്ത്തപ്പെട്ടിരുന്നില്ലേ? അതില്‍നിന്ന് രക്ഷപ്പെട്ട ഏക കുട്ടിയാണ് ഞാന്‍.
പാപത്തിന്റെ തീക്കനൽ നിങ്ങളുടെ വിശുദ്ധിക്ക് വളരെ മുമ്പേ കത്തിയാളാന്‍ തുടങ്ങിക്കഴിഞ്ഞു. ഒരു വിശുദ്ധന്റെ ജനനം ഒരാളെ എന്തിനാണിങ്ങനെ ദേഷ്യപ്പെടുത്തുന്നത്? വിശുദ്ധമെന്നത് ഇതാണോ? പാപത്തെ മുന്‍നിർത്തി മാത്രം ഒരു കാര്യം വിശുദ്ധമെന്ന് അറിയാന്‍ സാധിക്കുമോ? ‘യേശു’ വിശുദ്ധമാണെങ്കില്‍ ഹെരോദാ രാജാവിന്റെയുള്ളിലുദിച്ച ‘യേശു എന്ന ചിന്ത’ ഒരു പാപമാണ്. ആ പാപത്തിന്റെ ഉത്തരവാദിത്തം നിങ്ങളേറ്റെടുക്കണം.
പല ദുരന്തമരണങ്ങള്‍ക്കു ശേഷം താങ്കളൊരു വിശുദ്ധനായി ജനിച്ചിരിക്കുന്നു. ലോകത്തിന്റെ പാപങ്ങളെ ഒരു മൊട്ടുവിടരുന്നതുപോലെ ശബ്ദരഹിതമായി താങ്കളുടെ ജന്മത്തിന് എന്തുകൊണ്ട് ചുമന്നുകൂടാ? നിങ്ങൾക്ക് ഇതെപ്പോഴെങ്കിലും ബോധ്യപ്പെട്ടിട്ടുണ്ടോ? നിങ്ങള്‍ കാരണം സംഭവിച്ച ആ കുഞ്ഞുങ്ങളുടെ ചോരപ്പാടുകൾ കഴുകിക്കളയാനാണ് ഇനിയുള്ള നിങ്ങളുടെ ജീവിതമെന്ന് എനിക്കു സ്ഥാപിക്കാന്‍ പറ്റും. അതിനാണ് നിങ്ങള്‍ കുരിശിലേറിയത്. ആണിയടിക്കപ്പെട്ട നിങ്ങളുടെ കൈകളെ മണത്തു നോക്കൂ ശ്രീമാനേ... എന്റെ ദൈവമേ, ആ പിഞ്ചുകുഞ്ഞുങ്ങളുടെ രക്തഗന്ധം വീശും. നിങ്ങളെ രക്ഷിക്കാന്‍തന്നെ ഒരായുസ്സ് മതിയാവില്ല. പിന്നെയെങ്ങനെയാണ് ലോകരക്ഷ സാധ്യമാവുക?
അത്തരമൊരു സംഭവത്തില്‍നിന്ന് രക്ഷപ്പെട്ടതിനെ എന്തെന്നാണ് എനിക്കു പറയാന്‍ കഴിയുക? ഇതാ നോക്കൂ, എന്റെ കഴുത്തിലെ മുറിപ്പാടിനെ. ഹെരോദയുടെ റോമൻ പടയാളികളിലൊരാളുടെ വാൾ തീര്‍ത്ത കഴുത്തിലെ ഈ മുറിപ്പാടിനെ. എനിക്കു മുമ്പ് എത്ര കുഞ്ഞുങ്ങളായിരിക്കും അവന്റെ വാളിന് ഇരയാവുകയും വാളിന്റെ മൂര്‍ച്ചയെ കെടുത്തിക്കളഞ്ഞിട്ടുമുണ്ടാവുക?” അവന്‍ ചോദിച്ചു. യേശു അവന്‍ കാണിച്ച മുറിപ്പാട് കണ്ടു. കഴുത്തിന്റെ വലതുഭാഗത്ത് കീഴ് കാതിനു താഴെ തോളെല്ലിന്റെ സന്ധി വരെ നീണ്ടിരുന്ന ആ മുറിപ്പാട് തഴമ്പിച്ചുപോയിരുന്നു.
അവൻ വീണ്ടും പറയാൻ തുടങ്ങി. “ഒരു മന്ത്രവാദിയാണ് എന്നെ വളർത്തിയത്. അയാളുതന്നെയാണ് എന്റെ ജനനത്തെക്കുറിച്ച് എന്നോട് പറഞ്ഞത്. ആറാം വയസ്സിലാണത്രെ അയാളെന്നെ കണ്ടെത്തിയത്. ജൂഡിയന്‍ മരുഭൂമിയിലെവിടെയോ, ചുട്ടുപഴുത്ത മണലിൽ, അലഞ്ഞുതിരിയുമ്പോൾ അയാള്‍ ചെന്നായ്ക്കളുടെ ഓരിയിടൽ കേട്ടത്രെ. സമീപത്തുള്ള രാത്തം കുറ്റിച്ചെടിയുടെ നിഴലില്‍ ഒരു ചെന്നായക്കൂട്ടം പതുങ്ങിനിൽക്കുന്നു! അയാള്‍ അടുക്കലേക്ക് ചെല്ലുന്നത് മനസ്സിലാക്കിയ ചെന്നായ്ക്കൾ നാലു ദിക്കുകളിലേക്കും ചിതറിയോടി. എന്നാൽ ഒരു ചെന്നായ മാത്രം ഇടറിയാണ് ഓടിയത്. അതിന്റെ ഓട്ടം അൽപം പിശകുപോലെ തോന്നിയതിനാലും അതിന്റെ ഓരിയിടല്‍ കുറച്ചു വിചിത്രമായിരുന്നതിനാലും അയാള്‍ ആ ഒറ്റപ്പെട്ട ചെന്നായയെ തുരത്തി. ഓടിക്കൊണ്ടേ അയാള്‍ അതിനു നേര്‍ക്ക് കല്ലെറിയുകയുംചെയ്തു. അടുത്തു ചെന്നു നോക്കിയപ്പോള്‍ കൈകളെയും കാലായി കരുതി ഓടുന്ന ഒരു പയ്യന്‍. അത് മറ്റാരുമല്ല. ഞാനായിരുന്നു അത്.
പിന്നീട് അയാളെന്നെ പിടിച്ചുകൊണ്ടുപോയി അവന്റെ സ്ഥലത്ത് വളര്‍ത്തി. നദിയിലെ വെള്ളം കൈവെള്ളയില്‍ കോരി നദിയുടെ ഉറവിടം കണ്ടെത്താനുള്ള തന്ത്രം അയാള്‍ക്കറിയാമായിരുന്നു. അയാള്‍ തന്നെയാണ് അതെന്നോട് പറഞ്ഞത്. അയാള്‍ തന്നെയാണ് എന്റെ പിറവിയെക്കുറിച്ച് ഗണിച്ചു പറഞ്ഞതും. ഹെരോദാ രാജാവ് ‘യേശു’ എന്ന വിശുദ്ധ ശിശുവിനെ ഭയപ്പെട്ട്, ബത്‌ലഹേമിന്റെ ചുറ്റുവട്ടത്തുള്ള രണ്ടു വയസ്സിന് താഴെ പ്രായമായ ആൺകുഞ്ഞുങ്ങളെ കൊല ചെയ്തുവത്രെ. അതില്‍നിന്ന് രക്ഷപ്പെട്ട കുട്ടിയാണ് ഞാനെന്ന് അയാള്‍ പറഞ്ഞു.
‘‘ഒരു റോമൻ പടയാളി നിന്റെ വീട്ടിൽ കടന്ന് മാതാപിതാക്കളിൽനിന്ന് നിന്നെ പിടിച്ചുവാങ്ങി ഏതോ ഒരു തെരുവിലേക്ക് വലിച്ചെറിയുകയും അവന്റെ വാളിന് ഇരയാക്കുകയും ചെയ്തിരുന്നു. പക്ഷേ ഭാഗ്യവശാൽ, അവന്റെ വാളിന്റെ മൂര്‍ച്ച കുറഞ്ഞിരുന്നതിനാല്‍ അതു നിന്റെ കഴുത്തിൽ ശരിയായി പതിഞ്ഞില്ല. ആ തെരുവിൽ കഴുത്തില്‍ മുറിവേറ്റ് ജീവന്‍ പോകാതെ നീ കിടന്നു. ആ ദിവസം പിഞ്ചുകുഞ്ഞുങ്ങളുടെ ചോരയില്‍ ബത്‌ലഹേം പട്ടണം തന്നെ പൊങ്ങിക്കിടന്നു. അന്നു രാത്രി, പട്ടണത്തിൽനിന്ന് വീശിയ ചോരയുടെ മണംപിടിച്ചുകൊണ്ട് ചുറ്റുമുള്ള മരുഭൂമികളില്‍നിന്ന് ചെന്നായ്ക്കൾ പട്ടണത്തിലേക്ക് പ്രവേശിക്കുകയുണ്ടായി. കുഞ്ഞുങ്ങളുടെ ശവശരീരങ്ങൾ മണം പിടിച്ചെത്തിയ അവ, കുഞ്ഞുടലുകളില്‍നിന്നിറ്റുന്ന രക്തം നക്കിയും ഊറ്റിയും പട്ടണത്തിന് പുറത്തുള്ള മരുഭൂമിയിലേക്ക് കുഞ്ഞു മൃതദേഹങ്ങള്‍ വലിച്ചിഴച്ചുകൊണ്ടു ചെന്ന് മറ്റു ചെന്നായ്ക്കളുമായി പങ്കിട്ട് കടിച്ചുപറിച്ചു തിന്നു. നിന്നെയും ഒരു അമ്മ ചെന്നായ അങ്ങനെ വലിച്ചിഴച്ചുകൊണ്ടു ചെന്നു. നീ ജീവിച്ചിരിപ്പുണ്ടെന്ന് അതിന് അറിയാമായിരുന്നോ എന്തോ? വലിച്ചുകൊണ്ടു ചെന്ന നിന്നെ സ്വയം കടിച്ചുകീറാതെയും മറ്റുള്ള ചെന്നായ്ക്കളെ കടിച്ചുകീറാന്‍ അനുവദിക്കാതെയും നിന്നെ കാത്തുസംരക്ഷിച്ചു. അതുകൂടാതെ നിന്റെ കഴുത്തിലെ മുറിപ്പാടിനെ നാവുകൊണ്ട് നക്കിത്തുടച്ച് നിന്നെ സമാശ്വസിപ്പിച്ചു. അതിന്റെ കുഞ്ഞുങ്ങളോടൊപ്പം നിനക്കും പാല്‍ ചുരത്തി നൽകി.’’ അയാള്‍ പറഞ്ഞു.
എന്റെ പതിനഞ്ചാം വയസ്സിലാണ് അയാള്‍ ഇതെന്നോട് പറഞ്ഞത്. അതിനുമുമ്പ് വരെ അയാളെന്നെ ഒരു മൃഗത്തെ പോലെയാണ് തന്റെ വീട്ടിൽ കെട്ടിയിട്ടിരുന്നത്. അയാള്‍ ജീവിച്ച നാട്ടിലെ ആളുകള്‍ അയാളെ ‘‘മന്ത്രവാദം ചെയ്ത് ചെന്നായയെ മനുഷ്യനാക്കി മാറ്റി വീട്ടില്‍ കെട്ടിയിട്ടിരിക്കുകയാണ്’’ എന്നു പറഞ്ഞുനടന്നു. ‘‘മന്ത്രവാദി. അയാള്‍ എന്തു വേണമെങ്കിലും ഇനിയും ചെയ്യും’’ എന്നു അധിക്ഷേപിച്ച് അകറ്റിനിര്‍ത്തി. അതിനാല്‍ ഗത്യന്തരമില്ലാതെ നാടുവിട്ട് ജനവാസമില്ലാത്ത മഹാമരുഭൂമിയില്‍ താമസിക്കാന്‍ തുടങ്ങി. എന്നെ കാണുന്നതിന് മുമ്പേ അയാളുടെ ഭാര്യ മരിച്ചിരുന്നു. അതില്‍ അയാള്‍ക്കൊരു മകളുണ്ടായിരുന്നു. കൂടെ അവളെ ചുമന്നും എന്നെ വലിച്ചിഴച്ചും കൊണ്ടുപോയി. അവളോടൊപ്പം എന്നെയും വളര്‍ത്തി.
മെല്ലെമെല്ലെ രണ്ടു കാലില്‍ നടക്കുന്നതെങ്ങനെയെന്നും നേരെ വായവെച്ചു കഴിക്കുന്നതിന് പകരം കൈകൊണ്ടെടുത്ത് ഭക്ഷണം കഴിക്കുന്നതെങ്ങനെയെന്നും എന്നെ പഠിപ്പിച്ചു. വസ്ത്രത്തെക്കുറിച്ചും ഭാഷയെക്കുറിച്ചും പഠിപ്പിച്ചു. പതിനഞ്ചാം വയസ്സിൽ മാത്രമാണ് പൂർണനായ മനുഷ്യനെന്ന പദവി നേടാൻ എനിക്ക് സാധിച്ചത്.
എന്നാല്‍, തുടക്കം മുതലേ എന്റെ ചെന്നായസ്വഭാവം അയാള്‍ നന്നായി പ്രയോജനപ്പെടുത്തിയിരുന്നു. എന്നോടു ഓരിയിടാന്‍ പറഞ്ഞ് മരുഭൂമിയിലൂടെ സഞ്ചരിച്ചിരുന്നവരെ വഴിതിരിച്ചുവിട്ട് അവരെ മർദിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. അയാളുടെ ഒരു ഞൊടിശബ്ദത്തിന് അനുസരിച്ച് ഞാന്‍ ചെന്നായയെപ്പോലെ ഓരിയിടും. അങ്ങനെ ചെയ്യുന്നത് പിഴച്ചാല്‍ ചാട്ട കൊണ്ടടിച്ച് പീഡിപ്പിക്കും. ഞാൻതന്നെ ചെന്നായയെപ്പോലെ പല മനുഷ്യരുടെയും മേൽ ചാടി അവരെ കടിച്ചുപറിച്ചിരുന്നു. ഇടക്കിടെ അയാള്‍ നിങ്ങളെക്കുറിച്ചും കേൾക്കുമായിരുന്നു. നിങ്ങൾ മണ്ണില്‍ ജനിച്ച വിശുദ്ധനാണെന്നും ലോകത്തെ രക്ഷിക്കാന്‍ പിതാവിനാല്‍ സ്വര്‍ഗത്തില്‍നിന്നും അയക്കപ്പെട്ട ദേവകുമാരനെന്നും പല അത്ഭുതപ്രവൃത്തികള്‍ ചെയ്യുന്നുണ്ടെന്നും അയാള്‍ പറഞ്ഞു. അയാളുടെ പക്കല്‍ നിങ്ങളോടു ചോദിക്കാന്‍ ഒരു ചോദ്യമുണ്ടായിരുന്നു. നിങ്ങളെ എങ്ങനെയെങ്കിലും കണ്ടുമുട്ടി അത് ചോദിച്ചേ മതിയാകൂ എന്നും പറഞ്ഞിരുന്നു.
അതിനുശേഷം അയാള്‍ കുറച്ചുകാലം മാത്രമാണ് ജീവിച്ചത്. മരണസമയത്ത്, തന്റെ മകള്‍ക്ക് കാവലായി എപ്പോഴും ഉണ്ടായിരിക്കണമെന്ന് അയാള്‍ എന്നോട് ആവശ്യപ്പെട്ടു. അയാള്‍ പോയ ശേഷം എനിക്ക് എന്തു ചെയ്യണമെന്നുതന്നെ അറിയില്ലായിരുന്നു. എങ്ങനെയാണ് അതിജീവിക്കുക? എവിടെച്ചെന്നാണ് നില്‍ക്കേണ്ടത്? പട്ടണകവാടത്തില്‍ ചെന്നുനിന്നപ്പോള്‍ ആളുകള്‍ ‘‘ഇവന്‍ ആ മന്ത്രവാദി വളർത്തിയ ചെന്നായമനുഷ്യന്‍’’ എന്ന് അസഭ്യം പറഞ്ഞ് എന്റെ നേര്‍ക്ക് തുപ്പുകയും കല്ലെറിയുകയും ചെയ്തു. എന്റെ വൈരൂപ്യം അവരില്‍ വെറുപ്പുണ്ടാക്കി. അവരെന്നെ വിരട്ടുകയും ഓടിക്കുകയും ചെയ്തു. ഏതൊരു തെരുവിലും ഏതൊരു വീടിന്റെ മുന്നിലും എനിക്കായി ഒരു കല്‍ക്കൂനയുണ്ടായിരുന്നു.
ഒരു ഘട്ടത്തിൽ ഞാൻ അവരിൽനിന്ന് യാതൊരുവിധ ദയയും പ്രതീക്ഷിച്ചില്ല. കവലയിലേക്ക് വെറുതെ ചെന്ന് കാഴ്ചക്കാരനായി നിന്നു. വെറും കല്ലേറു മാത്രം കൊണ്ടു. എല്ലാ ദിവസവും കല്ലേറിലുണ്ടായ മുറിവുകളും പഴുപ്പും രക്തഗന്ധവുമായി മടങ്ങിവന്ന് മന്ത്രവാദിയുടെ മകളെ ഹിംസാത്മകമായി പുണരും. അങ്ങനെ പുണരുന്ന വേളകളിലാണ് കല്ലേറുകൊണ്ടുണ്ടായ മുറിവുകളിലെ വേദന എനിക്ക് അനുഭവപ്പെടുകയും എന്റെയുള്ളിലെ മൃഗീയവികാരം മുളച്ചുപൊന്തുകയും ചെയ്യുന്നത്.
എന്നില്‍ നിന്നകന്ന അല്ലെങ്കില്‍ അങ്ങനെ ഞാന്‍ കരുതിയ എന്റെ പഴയ മൃഗീയവാസന ലഭിക്കാന്‍ എന്നെയേറെ സഹായിച്ചവയായിരുന്നു ആ നിമിഷങ്ങള്‍. മുമ്പ് സ്വയമറിയാതെ ഉള്ളില്‍ കിടന്നിരുന്ന മൃഗീയവികാരത്തെക്കാള്‍, അതെന്താണെന്നും എങ്ങനെ ഉപയോഗിക്കാമെന്നുമുള്ള മൃഗീയമായ വികാരബോധം എന്നെ ഭ്രാന്തനാക്കി മാറ്റി. ഞാൻ വീണ്ടും ചെന്നായയായി മാറി. ജൂഡിയന്‍ മരുഭൂമിയില്‍ ഞാനറിയാത്ത മുക്കോ മൂലയോ ഇപ്പോഴില്ല. പക്ഷപാതമില്ലാതെ ആ വഴിയിലൂടെ കടന്നുചെന്നവരെ ആക്രമിക്കുകയും പിടിച്ചുപറിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. അതുതന്നെ എന്റെ ദിനചര്യയാക്കി മാറ്റി.” അവന്‍ പറഞ്ഞു നിര്‍ത്തി.
യേശു ശാന്തമായി അവനെ കേട്ടുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. യേശുവിന്റെ വെളുത്ത വസ്ത്രത്തിൽ നെഞ്ചിനോട് ചേർന്ന് ഒരു ഉയിര്‍ത്തുടിപ്പ് കണ്ടു. ഒരു നിമിഷം അത് യേശുവിന്റെ ഹൃദയമിടിപ്പാണെന്ന മതിഭ്രമം അവനിലുണ്ടായി. അടുത്ത നിമിഷം ആ മതിഭ്രമം തന്റെ കഴുത്തിനു പുറത്തേക്ക് നീണ്ടു. ഒരു ശുഭ്രനിറമുള്ള ആട്ടിന്‍കുട്ടി. യേശു ആ ആട്ടിൻകുട്ടിയുടെ തല തഴുകിക്കൊണ്ടിരിക്കുന്നു.
എന്നിട്ട് കണ്ണുകൾ അടച്ചുകൊണ്ട് മുകളിലേക്ക് നോക്കി യേശു പ്രാർഥിച്ചു. “ഇത് പിതാവിന്റെ കൽപനയാണ്” എന്ന് മുകളിലേക്ക് നോക്കിക്കൊണ്ട് യേശു പറയുമ്പോള്‍, യേശുവിന്റെ കൈകളിലുണ്ടായിരുന്ന ആ ആട്ടിന്‍കുട്ടി പൊടുന്നനെ അവന്റെ കൈകളിലേക്ക് ചാടി. പിന്നീട് “ഞാനെന്നറിയപ്പെടുന്നവന്‍ ഇനി ഞാനല്ല” എന്നു പറഞ്ഞുകൊണ്ട് മുകളിലേക്ക് ചൂണ്ടിയിരുന്ന യേശുവിന്റെ വലതു കൈയിലെ ചൂണ്ടുവിരല്‍ അവന്റെ നേര്‍ക്ക് ചൂണ്ടിവരുന്നത് അവന്‍ കണ്ടു. വിരല്‍ പൂര്‍ണമായും അവനു നേരെ ചൂണ്ടിവരുന്നതിനുള്ളില്‍ യേശുവിനെ വലയം ചെയ്തിരുന്ന പ്രകാശം ചുരുങ്ങി മങ്ങാന്‍ തുടങ്ങി.
യേശു അവന്റെ മുമ്പിൽനിന്ന് അപ്രത്യക്ഷനായതും അവൻ ഞെട്ടിപ്പോയി. അപ്പോൾ അവനു ചുറ്റും ഒരു വെളിച്ചമുദിച്ചു. അത് പരന്ന് വലയം ചെയ്തു. ആ പ്രകാശംതന്നെ അവനെ സ്വർഗീയനാക്കി. തന്റെ മടിയിലുള്ള ആട്ടിന്‍കുട്ടിയുടെ തല അവന്‍ തടവിക്കൊണ്ടേയിരുന്നു. യേശു വിട്ടുപോയ തഴുകലിന്റെ ഹൃദ്യമായ ഊഷ്മളത അതിന്റെ തലയില്‍ ഇനിയും അവശേഷിക്കുന്നത് അവന്‍ അനുഭവിച്ചു. അവൻ ഇരുണ്ട ലോകം കടന്നു. ഭൂമിയും കടന്നു. ഭൂമിയിലെ ജനങ്ങള്‍ “യേശു ഉയിർത്തെഴുന്നേറ്റു… യേശു ഉയിർത്തെഴുന്നേറ്റു” എന്ന് ആര്‍പ്പുവിളിച്ചു. അവർ പരസ്പരം കെട്ടിപ്പിടിച്ചു. അവൻ സ്വർഗത്തിൽ എത്തിയിരുന്നു.
6
ജിയാദ് എന്നോട് കഥ പറഞ്ഞുതീർത്തു. എന്റെ കണ്ണുകളിൽനിന്ന് കണ്ണുനീർ ധാരയായി ഒഴുകുന്നത് അവൻ ശ്രദ്ധിച്ചു. ആ ഗോത്രവര്‍ഗസമൂഹത്തെ കണ്ടേ തീരൂവെന്ന് അവനോട് ഞാൻ തിടുക്കം കാട്ടി.
“കുറച്ചു കാത്തിരിക്ക്. സമയം കുറെയായി. നാളെ കൂട്ടിക്കൊണ്ടു പോകാം”, അവന്‍ പറഞ്ഞു.
“നാളെയല്ല, ഇന്നുതന്നെ പോകണം. ഇപ്പോൾതന്നെ പോകണം” എന്നു കേണപേക്ഷിച്ചു.
അവന്റെ കാറിൽതന്നെ ഞങ്ങൾ പുറപ്പെട്ടു. വണ്ടി അവൻ സ്വയം ഓടിച്ചു. ആ ഇടയ ഗോത്രവര്‍ഗക്കാരുടെ ഗ്രാമത്തിലെത്താന്‍ ഇനിയും ഒരു മണിക്കൂറിലധികം വേണ്ടിവരുമെന്ന് അവന്‍ പറഞ്ഞു.
“സാരമില്ല, പോകാം”, ഞാൻ പറഞ്ഞു.
വീണ്ടും മരുഭൂമിയിലൂടെയുള്ള യാത്ര. ശൂന്യത ശക്തിപ്രാപിച്ച് വികസിച്ചുകൊണ്ടേയിരുന്നു. എന്റെ കലങ്ങിയ കണ്ണുകള്‍ ശ്രദ്ധിച്ചുകൊണ്ട് ജിയാദ് കാർ ഓടിച്ചു. ഞാന്‍ ആ ശൂന്യതയെത്തന്നെ വെറുതെ നോക്കിക്കൊണ്ടിരുന്നു. എന്റെ കണ്ണുകളിൽ വെളിച്ചവുമില്ല, നിറവുമില്ല.പെട്ടെന്ന് അവൻ കാർ നിർത്തി. കാറിനു മുന്നിലൂടെ ഒരു ചെമ്മരിയാട്ടിൻകൂട്ടം കടന്നുപോകുന്നുണ്ടായിരുന്നു. അവൻ എന്നെ നോക്കി. പിന്നീട് അവന്‍ കാറിന്റെ ചില്ലു താഴ്ത്തി ദൂരെ മണൽക്കൂനയിൽ നിന്നിരുന്ന ഇടയനെ കണ്ടു. ഞാനും ആ ഇടയനെ കണ്ടു. ദ്രുതഗതിയില്‍ കാറിൽനിന്നിറങ്ങി മണൽക്കൂന ലക്ഷ്യമാക്കി ഞാൻ ഓടി.
ജിയാദ് വിളിച്ചു പറഞ്ഞുകൊണ്ടിരുന്ന വാക്കുകൾ എന്റെ കാതുകളില്‍ എത്തിയില്ല. കണങ്കാൽ വരെ പുതഞ്ഞുകൊണ്ടിരുന്ന ചെമ്മണ്ണിലൂടെ ഞാൻ വേഗത്തിൽ ഓടി. വിയര്‍ത്തൊലിച്ച് ശ്വാസംമുട്ടി ആ മണൽക്കൂനയില്‍ നില്‍ക്കുന്ന ഇടയനെ കണ്ടു. അവന്റെ കൈയില്‍ കിടക്കുന്ന മരക്കമ്പ് കണ്ടു. അവന്റെ കഴുത്തിലെ തഴമ്പ് കണ്ടു. അവന്റെയരികില്‍ ചെന്ന് അങ്ങനെത്തന്നെ പൂഴിമണലില്‍ മുട്ടുകുത്തി ഇരുകൈകളും നെഞ്ചോടണച്ച് തൊഴുതു കരഞ്ഞു. ആട്ടിന്‍കൂട്ടം ഞങ്ങളിരുവരെയും പൊതിയുകയും മണൽക്കൂന കടന്നുചെന്നുകൊണ്ടിരിക്കുകയും ചെയ്തു.
ജിയാദ് കാറിനടുത്തുതന്നെ നിൽക്കുന്നുണ്ടായിരുന്നു. ഞാൻ മുട്ടുകുത്തി വീണു കരയുമ്പോൾ എന്റെ ചുറ്റിനും ആട്ടിൻകൂട്ടം കടന്നുപോകുന്നത്, അവൻ വെറുതെ നോക്കിക്കൊണ്ടിരുന്നു. എന്റെ പിറകില്‍, ആ മണല്‍ത്തിട്ടക്ക് പിന്നിലായി ആ ദിവസം അസ്തമിക്കുന്നത് അവന്‍ കണ്ടുകൊണ്ടിരുന്നു.
7
പിറ്റേന്ന് ഞാൻ ജിയാദിനോട് അധികം സംസാരിച്ചില്ല.
“ഫ്രാങ്കോ, എന്തുപറ്റി?”
അതിനും ഞാന്‍ ഉത്തരം നല്‍കിയില്ല.
ഞാൻ അവന്റെ ഗവേഷണശാലയിൽ പ്രവേശിച്ചു. ദിവസം മുഴുവൻ ഒരു ഭ്രാന്തനെപ്പോലെ ഞാന്‍ അവിടെത്തന്നെ തനിച്ചിരുന്നു. എന്റെ ഭ്രാന്തിനെ ഞാന്‍തന്നെ പകുത്ത് പെരുപ്പിച്ചുകൊണ്ടിരുന്നു. നേരത്തെ കണ്ടിരുന്ന ജനിതക പതിപ്പുകള്‍ തന്നെ ആവര്‍ത്തിച്ച് കണ്ടുകൊണ്ടിരുന്നു.
ആ ദിവസം അവസാനിക്കുന്ന നേരത്ത് അവന്റെയടുക്കലേക്ക് ചെന്ന് ഞാന്‍ പറഞ്ഞു:
“ഞാനത് കണ്ടെത്തി!”
“എന്താണു പറയുന്നത്?”
“അതേ. ഞാനത് കണ്ടെത്തി. പൊടുന്നനെ എനിക്കത് ബോധ്യപ്പെട്ടു. വീണ്ടും വീണ്ടും ആ ഇടയ ഗോത്രവര്‍ഗത്തിന്റെ ജനിതകസഞ്ചയത്തെ തന്നെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. അവയിൽ പുതിയൊരെണ്ണം ഞാൻ ഇന്ന് കണ്ടെത്തി. അവരുടെ ജീന്‍, െജനറ്റിക് മ്യൂട്ടേഷന്‍ മാത്രമല്ല പ്രാപിച്ചിട്ടുള്ളത്, എപിെജനറ്റിക് മോഡിഫിക്കേഷനും3 പ്രാപിച്ചിട്ടുണ്ട്.”
ജിയാദ് ഒന്നും മിണ്ടാതെ നിൽപുണ്ടായിരുന്നു.
“ജനിതകവ്യതിയാനംപോലെ തീവ്രമായ പരിവര്‍ത്തനമല്ല ഇത്. ഒരു ചെറിയ മാറ്റം മാത്രമാണ്. മുമ്പുള്ളതിന്റെ മുകളിലായിത്തന്നെ ചെറിയ കറപോലെ ഒട്ടിക്കിടക്കുന്ന തന്മാത്രകളാല്‍ സംഭവിക്കുന്നത്. സഹജമായ ഘടകങ്ങളാൽ ഉണ്ടാകുന്നവയാണ് ഇത്തരം മാറ്റങ്ങള്‍. ആ സഹജമായ ഘടകം എന്താണെന്ന് അറിയാമോ? ‘പേഴ്സനല്‍ ട്രോമാ’ എന്നു പറയപ്പെടുന്ന വൈയക്തികാഘാതം. ഉടലും അകവും പുറവുമെല്ലാം ചേര്‍ന്നുണ്ടാകുന്ന വ്യക്തിപരമായ അഴൽ. അതും ഇങ്ങനെ നമ്മുടെ ജീനുകളില്‍ പതിയും. എന്നാൽ, ആ മുദ്ര ജീനിന്റെ പകർപ്പിനെ മാറ്റുന്നില്ല. ഒരു തന്മാത്രയെ വെറുതെ ചുമക്കുകയാണ് ചെയ്യുന്നത്. എപിജെനറ്റിക്സ് ഇങ്ങനെയാണ് അതിനെ വ്യക്തമാക്കുന്നത്. ഇതുപോലുള്ള എപിജെനറ്റിക്സ് ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. അത് രേഖപ്പെടുത്തുകയും നിരന്തരം ഗവേഷണത്തില്‍ ഉള്‍പ്പെടുത്തുകയുംചെയ്യുന്നുണ്ട്.
രണ്ടാം ലോകയുദ്ധത്തിലെ തടവുകാരിലാണ് അത് സംഭവിച്ചിരിക്കുന്നത്. അവർ അനുഭവിച്ച പീഡനങ്ങളും വേദനകളും അവരുടെ ജീനുകളിൽ ഉണങ്ങാത്ത മുറിവുകളായും ഇതുപോലുള്ള കറകളായും പതിഞ്ഞിട്ടുണ്ട്. ആ വേദനയുടെ പാടുകൾ അവരുടെ അടുത്ത തലമുറയിലേക്കും പകരുന്നുണ്ട്. ആ ജീൻ സാമ്പിളുകൾ ഉപയോഗിച്ചാണ് ഞാൻ ഇവരുടേതും വിശകലനംചെയ്തത്.
8
രാത്രി ഏറെ വൈകിയാണ് ഡൽഹിയിലെ അപ്പാർട്െമന്റിൽ ഞാൻ എത്തിച്ചേര്‍ന്നത്. വീടിന്റെ വാതിൽ തുറന്ന് അകത്തു കയറി ഇരുട്ടിൽ സ്വിച്ചിനായി പരതുമ്പോള്‍, ഞാൻ യാദൃച്ഛികമായി കണ്ടു. എന്റെ വീട്ടു ചുമരില്‍ കൊളുത്തിയിരുന്ന യേശുവിന്റെ കണ്ണാടി ചിത്രത്തിനു മേല്‍ പുറത്തുനിന്നുള്ള ഏതോ ഒരു നേരിയ വെളിച്ചം പതിഞ്ഞിരിക്കുന്നു. അന്നേരം യേശുവിന്റെ മുകളിലേക്കുയര്‍ന്നു നില്‍ക്കുന്ന വലതുകൈയിലെ ചൂണ്ടുവിരൽ എന്റെ നേര്‍ക്ക് ചൂണ്ടിവരുന്നതായി തോന്നി.
* * *
1. ജീനുകൾ രണ്ട് തരമുണ്ട്. ഒരേ ജീനിന്റെ രണ്ട് പ്രകടനപരത അനുസരിച്ച് പ്രഭാവി (dominant), അപ്രഭാവി (recessive) എന്നിങ്ങനെ. പ്രഭാവി ജീനുകളില്‍ കുട്ടികളിലെ സ്വഭാവം പ്രകടമാകാന്‍ രക്ഷിതാക്കളില്‍ ആരെങ്കിലും ഒരാളില്‍നിന്ന് കൈമാറുന്ന ജീൻ വ്യതിയാനം മാത്രം മതിയാകും. എന്നാല്‍, അപ്രഭാവി ജീനുകളില്‍ കുട്ടികളിലെ ജീൻ സ്വഭാവം പ്രകടമാകാന്‍ രക്ഷിതാക്കളില്‍ രണ്ടുപേരില്‍നിന്നുമുള്ള അതേ ജീൻവ്യതിയാനം ആവശ്യമാണ്. ക്രോമസോമുകൾപോലെ ജീനുകളുടെയും രണ്ടു കോപ്പികൾ ഉണ്ടെങ്കിലും ഒന്ന് മാത്രമാണ് ഓരോ രക്ഷിതാവിൽനിന്നും അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത്. സെക്സ് ക്രോമസോം (X, Y) അല്ലാതെയുള്ള 22 ജോടി ക്രോമസോമുകളെയാണ് autosomal എന്നത് കൊണ്ടുദ്ദേശിക്കുന്നത്. ഇവയില്‍ പ്രബലവും ആധിപത്യ സ്വഭാവമുള്ളതുമായ ജീനുകളാണ് Autosomal Dominant.
2. ജനിതക വ്യതിയാനം
3. സാഹചര്യങ്ങൾകൊണ്ട് ഡി.എൻ.എയില്‍ ഉണ്ടാകുന്ന രാസമാറ്റങ്ങൾ. ഇത് ജീൻ പ്രവർത്തനത്തെ ബാധിക്കും. ഇത് അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടാം.
മൊഴിമാറ്റം: എ.കെ. റിയാസ് മുഹമ്മദ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.