ഇന്നലെ രാത്രിയില്‍ എന്റെ ഉറക്കം ഓടിപ്പോവുകയും എന്റെ വിചിത്ര ഭാവനകള്‍ കീറിപ്പോവുകയും ചെയ്തു. എന്റെ മനസ്സിന്റെ വന്യനിഴലില് ഒരു കഴുകനെ ഞാന്‍ വീക്ഷിച്ചു. അതിന്റെ കൊക്കില്‍ പഴയ അതേ രീതിയില്‍ മാടപ്രാവിന്റെ ചോര...
(കശ്മീരി കവിത/റഹ്മാന് റാഹി/വിവ: പി.കെ. പാറക്കടവ്)
ദേശാടനക്കിളികള്‍
മുസഫര്‍ അലി ഒരുള്‍വിളി കേട്ടു: ‘‘ഏതുനേരവും നഷ്ടപ്പെടാന്‍ സാധ്യതയുള്ള വിലപ്പെട്ട മുദ്രകളാണ് താങ്കളുടെ കൈകളിലുള്ളത്. എത്രയും പെട്ടെന്ന് സുരക്ഷിതമായ ഒരിടത്തില്‍ അവ സൂക്ഷിക്കേണ്ടതുണ്ട്. ഒരു നിമിഷത്തിന്റെ അശ്രദ്ധ മതി...’’ ഉള്‍വിളി മസ്തിഷ്കം തുളച്ച് ഉടലുകളില്‍ പടര്‍ന്നു. അയാളുടെ മുഖം വിവർണമായി. അതു ശരിയാണ്. ഏറെ പണിപ്പെട്ടാണ് ഇവയത്രയും സംഘടിപ്പിച്ചത്. കൈയിലെ ഫയല്‍ വലുപ്പത്തിലുള്ള കടലാസുപൊതിയില്‍ അമര്‍ത്തിപ്പിടിച്ച് മുസഫര്‍ അലി കിതച്ചു. ചുണ്ടും അന്നനാളവും വരണ്ടു. മാസ്ക് താഴ്ത്തി, കുപ്പിയില്‍ കരുതിയിരുന്ന വെള്ളം ചുണ്ട് നനയാതെ അണ്ണാക്കിലേക്ക് കമിഴ്ത്തി. വെള്ളം വായ കവിഞ്ഞ് കുപ്പായം നനച്ചു. ടൗവലുകൊണ്ട് കുപ്പായവും കഴുത്തും തുടച്ചശേഷം സെല്‍ഫോണിന്റെ സ്ക്രീന്‍ കാഴ്ചയിലേക്കടുപ്പിച്ച് അയാള്‍ സമയത്തെ ചികഞ്ഞെടുത്തു.
സ്റ്റാൻഡില്‍ നിര്‍ത്തിയിട്ട ഒയെമ്മാര് ബസില്‍ ഇരിക്കുകയായിരുന്നു മുസഫര്‍ അലി. ബസ് പുറപ്പെടാന്‍ ഇനിയും ഇരുപത് മിനിറ്റ് ബാക്കിയുണ്ട്. ഇരിപ്പ് തുടങ്ങിയിട്ട് മണിക്കൂറുകള്‍ പിന്നിട്ടപോലെ. കാടും കടലും പുഴകളും ചലിപ്പിച്ചുകൊണ്ടിരിക്കുന്ന ഭൂമി നിശ്ചലമായപോലെ. അയാള്‍ കൂടുതല്‍ അസ്വസ്ഥനായിക്കൊണ്ടിരുന്നു.
ആ പരവേശത്തിലേക്ക് മുല്ലപ്പൂവാസന ചുരത്തി, തടിച്ച് ഉയരം കൂടിയ ഒരു സ്ത്രീയും ഭര്‍ത്താവും കയറിവന്നു. അവര്‍ രണ്ടുപേരും തൊട്ടുമുന്നിലെ സീറ്റിലാണ് വന്നിരുന്നത്. മുടിയില്‍ തുന്നിക്കെട്ടിയ മുല്ലപ്പൂക്കള്‍ സീറ്റിന്റെ ഗ്രാബ് ബാറിന് മുകളിലൂടെ പിന്‍വശത്തേക്ക് പനങ്കുലപോലെ തൂങ്ങി. സാരിയുടെ തോള്‍ഭാഗം വലിയതോതില്‍ നനഞ്ഞിരുന്നു. കൂടെക്കൂടെ നനവിലേക്ക് തലതിരിച്ചു അവള് പിറുപിറുത്തു. ‘‘മരങ്ങളെല്ലാം മുറിച്ചുകളയാ വേണ്ടത്...’’ അവളുടെ അകത്ത് നുരഞ്ഞുപൊങ്ങിയിരുന്ന ദേഷ്യവും ചമ്മലും ഫേസ് മാസ്കിന് പുറത്തേക്ക് പതച്ചു: ‘‘നാശങ്ങള്’’, ബസ് സ്റ്റാൻഡിലെ ചൊമന്ന ഇന്റര്‍ലോക്കില്‍ ചുണ്ണാമ്പു കലക്കി പാര്ന്നപോലെയുള്ള പക്ഷിത്തീട്ടത്തിലേക്ക് അവള് അറപ്പോടെ നോക്കി. ഭര്‍ത്താവ് തിരിച്ചൊന്നും പറഞ്ഞില്ല. ഇതൊക്കെ സാധാരണ സംഭവിക്കുന്നതല്ലേ എന്ന ഭാവമായിരുന്നു അയാള്‍ക്ക്.
സെപ്റ്റംബറോടുകൂടിയാണ് ദേശാടനക്കിളികള്‍ ബസ് സ്റ്റാൻഡിനെ പൊതിഞ്ഞു നില്ക്കുന്ന ചീനിമരത്തില്‍ വന്നുകൂടുക. എത്രയെത്ര രാജ്യങ്ങള്‍ താണ്ടിയാണ് അവ നമ്മുടെ മണ്ണില്‍ പറന്നെത്തുന്നതെന്ന് കൗതുകത്തോടെ മുസഫര്‍ അലി ചിന്തിച്ചു. പകല്‍ നേരങ്ങളില്‍ മാനത്ത് ദൂരം മുറിച്ചു പറക്കുന്ന അവയെ നോക്കിനിൽക്കാന് രസമാണെങ്കിലും. അവയുടെ തീട്ടം മേല്‍ വന്നു വീഴുമ്പോള്‍ എല്ലാ രസച്ചരടുകളും മുറിഞ്ഞുപോകും.
തടിച്ച സ്ത്രീ കണ്ണുകളടച്ച് തല താഴോട്ട് തൂക്കിയിരിക്കുകയാണ്. നനവിന്റെ മുകളിലേക്ക് അവള് സാരി വലിച്ചിട്ടിരുന്നു. ഏതു രാജ്യത്തുനിന്നു വന്ന പക്ഷിയായിരിക്കും അവളുടെ സാരിയില്‍ തൂറിനാറ്റിച്ചത്? അനുവാദമില്ലാതെ അന്യരാജ്യത്തെ മണ്ണില്‍ തൂറാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചും മനുഷ്യനിര്‍മിതങ്ങളായ അനേകം അതിരുകളെ മായ്ച്ചുകളഞ്ഞ സ്ഥൈര്യത്തെക്കുറിച്ചും പല രാജ്യങ്ങളില്നിന്നായിട്ടു പോലും വംശീയമായി ചിന്തിക്കുകയോ തമ്മില്‍ കൊത്തിച്ചാവുകയോ ചെയ്യാത്ത അവരുടെ ഉള്ളടുക്കത്തെക്കുറിച്ചും മുസഫര്‍ അലി കൗതുകപ്പെട്ടു. ഭൂമിയിലെ മനുഷ്യരെക്കാള്‍ എന്തുകൊണ്ടും ഭാഗ്യം ചെയ്തവര്‍ ആകാശത്തെ പറവകളാെണന്ന് അപ്പോള്‍ അയാള്‍ നിരീക്ഷിക്കുകയും ചെയ്തു.
ബസ് പതിയെ നിറയാന്‍ തുടങ്ങി.
വിക്ടറിയില്‍ ട്യൂഷന് പഠിക്കുന്ന കുട്ടികള്‍, പ്രീതി ഹൈപര്‍മാര്‍ക്കറ്റിലെ സെയില്‍സ്ഗേളുകള്‍, ഇര്‍ശാദിയ കോളജ് കാന്റീന് ജീവനക്കാരികള്‍, ഇ.എസ്.ഐ ആശുപത്രിയില്‍ ചികിത്സക്ക് വരുന്നവര്‍ ഒക്കെയാണ് ഒയെമ്മാര് ബസില്‍ പതിവായി കയറുക. ഫറോക്കില്‍നിന്ന് ചുള്ളിപ്പറമ്പ് വഴി രാമനാട്ടുകരയിലേക്ക് ബസ് സര്‍വിസ് തുടങ്ങിട്ട് അഞ്ചോ ആറോ വര്‍ഷമേ ആയുള്ളൂ. അന്ന് ഒയെമ്മാറിന് പുറമെ കരിത്തണ്ടന്‍, ബിസ്മില്ല എന്നീ ബസുകള്‍കൂടി ഉണ്ടായിരുന്നു. മൂന്ന് ബസുകളും തരക്കേടില്ലാത്ത കലക്ഷനുമായി ഓടിക്കൊണ്ടിരിക്കുന്ന സമയത്താണ് സഖാവ് എം.കെ. മാധവന് റോഡില്‍നിന്ന് കിഴക്കെ തലക്കല്‍ ചുങ്കം ജങ്ഷനിലേക്ക് മുഖാമുഖം* ഓട്ടം തുടങ്ങിയത്. അതോടെ, ഫറോക്ക് അങ്ങാടിയില്‍നിന്നും പലചരക്കും പച്ചക്കറികളും വാങ്ങിയിരുന്ന ചുള്ളിപ്പറമ്പ് നിവാസികള്‍ ദൂരംകുറഞ്ഞ ചുങ്കത്ത് പോയിറങ്ങി സാധനങ്ങള്‍ വാങ്ങിത്തുടങ്ങി. ബസില്‍ ആളു കുറഞ്ഞു. കരിത്തണ്ടനാണ് ആദ്യം ഓട്ടം നിര്‍ത്തിയത്. പിന്നാലെ കൂനിന്മേല് കുരുവായ് കൊറോണയും വന്നതോടെ ബിസ്മില്ല ബസും സലാം പറഞ്ഞു പോയി.
കൊച്ചിന് ബിനാലെ
സ്കൂളില്‍നിന്ന് പിരിഞ്ഞ ഉടനെ പലയിടങ്ങളിലേക്കും വിളിച്ചെങ്കിലും മുസഫര്‍ അലി പിന്നീട് ഒരു ജോലിക്കും പോയില്ല. അന്തഃപ്രജ്ഞയുടെ പിന്‍ബലമില്ലാതെ വസ്തുനിഷ്ഠമായി അറിവിനെ വിശകലനം ചെയ്യുന്ന വലിയൊരു സമൂഹം രൂപപ്പെടുത്തുകയാണ് യഥാര്‍ഥ മനുഷ്യന്റെ ദൗത്യം എന്നയാള്‍ വിശ്വസിച്ചു. അപ്പോള്‍ മതങ്ങളും അന്ധവിശ്വാസങ്ങളും കാലഹരണപ്പെടും. അയാള്‍ ഏറെ പുസ്തകങ്ങള്‍ വാങ്ങിക്കൂട്ടി വായിക്കാന്‍ തുടങ്ങി. ബറൂക്ക് സ്പിനോസ, വില്‍ഹെം ലെയ്ബിനിസ്, റെനെഡെസ് കാര്‍ട്ടസ് തുടങ്ങിയ യൂറോപ്യന്‍ ചിന്തകരുടെ പുസ്തകങ്ങള്‍ പഠിച്ചുകൊണ്ടിരുന്നു. മുസഫര്‍ അലിയുടെ ചിന്തകള്‍ ഭാര്യ ലൈല ടീച്ചറുടെ കുടുംബത്തില്‍ ചില്ലറ പ്രശ്നങ്ങളൊക്കെ ഉണ്ടാക്കിയിരുന്നെങ്കിലും നാട്ടിലത് പച്ചപിടിക്കാതെ പോയതിനാല്‍ അതിന്റെ പേരില്‍ ഒരു കോലാഹലവും രൂപപ്പെട്ടിരുന്നില്ല.
ഒരിക്കല്‍ കൊച്ചിന് ബിനാലെ കാണാന്‍ ചെന്ന സമയത്ത് മുസഫര്‍ അലിയും ലൈല ടീച്ചറും തമ്മില്‍ വലിയൊരു തര്‍ക്കമുണ്ടായി. പ്രപഞ്ചത്തെക്കുറിച്ചുള്ള മനുഷ്യന്റെ പരിമിതമായ ജ്ഞാനത്തെ തുറന്നുകാട്ടുന്ന ‘ആള്ട്ടനേറ്റ് ഷെയ്പ്സ് ഫോര്‍ ദ എര്‍ത്ത്’ എന്ന നടരാജ് ശര്‍മയുടെ ശിൽപത്തെക്കുറിച്ച് രണ്ട് കാഴ്ചകള്‍ ടീച്ചര്‍ ഭര്‍ത്താവിനോട് പറഞ്ഞു. ഒന്ന്, നമ്മുടെ ശരീരത്തിലെ സൂക്ഷ്മകോശങ്ങള് തൊട്ട് ആകാശത്തിലെ ഭീമാകാരങ്ങളായ നക്ഷത്രങ്ങള്‍വരെ ചലിപ്പിക്കുന്ന ശക്തിയെക്കുറിച്ച് ഈ ശിൽപം കാഴ്ച തരുന്നുണ്ട്. രണ്ട്, മഴവിൽ വര്ണങ്ങളെപ്പോലെ വൈവിധ്യങ്ങളായ ആശയങ്ങള്‍ പുലര്‍ത്തുന്ന നാനാജാതി ജനങ്ങളുടെ സഹവര്‍ത്തിത്വത്തിനുള്ള ആഹ്വാനംകൂടിയാണ് ഈ ശിൽപം. രണ്ടായിരത്തിരണ്ടിലെ ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ശര്‍മ ആ ത്രിമാന ശിൽപം കൊത്തിയെടുത്തിരുന്നത്.
ടീച്ചറുടെ രണ്ടാമത്തെ നിരീക്ഷണത്തെ അങ്ങനെയും ഒരു കാഴ്ചയുണ്ട് എന്നുപറഞ്ഞ മുസഫര്‍ അലി ഒന്നാമത്തെ നിരീക്ഷണത്തെ തള്ളിക്കളയുക മാത്രമല്ല, മടക്കയാത്രയിലുടനീളം പ്രപഞ്ചത്തിന്റെ താളത്തിനു പിന്നില്‍ അങ്ങനെ ഒരു ശക്തിയെ ഇല്ലായെന്ന് തറപ്പിച്ചുകൊണ്ടേയിരുന്നു.
എന്നാല്‍, ഇപ്പോഴത്തെ പ്രശ്നം അതൊന്നുമല്ല ഈയിടെയായി മുസഫര്‍ അലിയുടെ ജീവിതംതന്നെ താളം തെറ്റിയിരിക്കുകയാണ്. കോവിഡാനന്തരം കേന്ദ്രസര്‍ക്കാര്‍ എന്‍.ആര്.സി നടപ്പാക്കാന്‍ പോകുന്നെന്ന പത്രവാര്‍ത്ത ടീച്ചര്‍ കേള്‍ക്കെ അയാള്‍ ഉച്ചത്തില്‍ വായിച്ചു. അതായിരുന്നു തുടക്കം.
‘‘അങ്ങനെ രാജ്യം വിടേണ്ടി വരുമ്പോള്‍ ഞാന്‍ മാത്രമല്ല, നിങ്ങളും പോവേണ്ടി വരും.’’ ഭര്‍ത്താവിന്റെ ഉന്നംവെച്ച വായന കേട്ട് ടീച്ചര്‍ പറഞ്ഞു.
മുസഫര്‍ അലി ചിരിച്ചു. ആ ചിരിയുടെ അകത്ത് ‘‘മതമില്ലാത്തോര് എന്തിനാ പോകുന്നേ’’ എന്നൊരു ചോദ്യം മറഞ്ഞിരിപ്പുണ്ടെന്ന് ടീച്ചര്‍ക്ക് തോന്നി. ‘‘മതമില്ലാതിരുന്നിട്ടൊന്നും കാര്യല്ല്യാ... നിങ്ങളെ പേര് തന്നെ പുറത്താക്കപ്പെടുന്നവരുടെ കൂട്ടത്തിലുള്ളതാ...’’
മുസഫര്‍ അലി നിശ്ശബ്ദനായി.
എന്‍.ആര്.സിക്കെതിരെ രാജ്യം മുഴുവന്‍ ഇളകിമറിഞ്ഞ സമയത്തൊന്നും ഒരക്ഷരം മിണ്ടാതിരുന്ന അയാളുടെ ചങ്കില് ടീച്ചറുടെ വാക്കുകള്‍ പുകഞ്ഞു.
പിന്നീട് മുസഫര്‍ അലി നേരാംവണ്ണം സംസാരിച്ചില്ല. വിഭജനകാലത്തെക്കുറിച്ച് അയാള്‍ അവ്യക്തമായി ചിലതൊക്ക പറഞ്ഞുകൊണ്ടിരുന്നു. ഏറെക്കാലം ചരിത്രം പഠിപ്പിച്ചതുകൊണ്ടായിരിക്കാം ഇങ്ങനെയൊക്കെ എന്ന് ടീച്ചര്‍ക്ക് തോന്നി. അനേകം പുസ്തകങ്ങളുള്ള ഷെല്‍ഫില്‍നിന്ന് ഖുശ്വന്ത് സിങ്ങിന്റെ ‘ട്രെയിന്‍ ടു പാകിസ്താന്’ എടുത്ത് മുസഫര്‍ അലി പലവട്ടം വായിച്ചു. ആ തീവണ്ടി ഭീതിദമായി അയാളുടെ കാതുകളില്‍ കൂകിക്കൊണ്ടിരുന്നു. വീടുകള്‍ ഉപേക്ഷിച്ച അവര്‍ കാല്‍നടയായും കാളവണ്ടികളിലും യാത്രചെയ്തു. ചിലര്‍ ലോറികളില്‍ അട്ടിയടുങ്ങി. ഇഖ്ബാല്‍* വരണ്ട ഒരു ചോലക്കരികിലെ ഗോതമ്പു വയലുകള്‍ക്കിടയിലൂടെ നടന്നു. അയാള്‍ സ്റ്റേഷനടുത്ത് ചെന്നപ്പോഴേക്കും തീവണ്ടി പുറപ്പെട്ടിരുന്നു. തീവണ്ടി പോകുന്നത് ഉരുക്കുപാളികള്ക്കിടയിലൂടെ ഇഖ്ബാല്‍ നോക്കിനിന്നു. എല്ലാ തീവണ്ടികളുംപോലെ ഇതും നിറഞ്ഞിരിക്കുന്നു. തീവണ്ടിയുടെ മുകളിലിരുന്ന് യാത്രചെയ്യുന്നവരുടെ കാലുകള്‍ വാതിലുകള്‍ക്കും ജനാലകള്‍ക്കും മുന്നിലേക്ക് തൂങ്ങിയിരുന്നു...*
പല സന്ദര്‍ഭങ്ങളിലും മുസഫര്‍ അലി ഇഖ്ബാലിനെപ്പോലെ സംസാരിച്ചു. അയാള്‍ക്ക് ഉറക്കമില്ലാതെയായി. ടീച്ചറുമായുള്ള സംവാദങ്ങളില്‍ താൽപര്യം കുറഞ്ഞു. എന്‍.ആര്.സിയെക്കുറിച്ച് മാത്രമായി മുസഫര്‍ അലിയുടെ ചിന്തകള്‍. കൃത്യമായി രാവിലെ നടക്കാന്‍ പോയിരുന്ന, അങ്ങാടിയില്‍നിന്ന് വീട്ടുസാധനങ്ങള്‍ കൊണ്ടുവന്നിരുന്ന, ബാംഗ്ലൂര്‍ ഐ.ഐ.ടിയില്‍ പഠിക്കുന്ന മകനെ ദിവസവും വിളിച്ച് സുഖവിവരങ്ങള്‍ അന്വേഷിച്ചിരുന്ന, ദുബൈയിലുള്ള മകളോടും പേരമകനോടും പതിവായി വിഡിയോകോള്‍ ചെയ്തിരുന്ന, രാവിലെയും വൈകീട്ടും സ്ഥിരമായി കുളിച്ചിരുന്ന, രാത്രി നേരത്തേ കിടന്നുറങ്ങിയിരുന്ന ആള് ആകെ മാറി.
പാതിരാത്രികളില്‍ ഉറക്കം കിട്ടാതെ മുസഫര്‍ അലി പിറുപിറുത്തു: ‘‘കണ്ണടക്കുമ്പോഴേക്കും വേരുകള്‍ പിഴുതെടുത്തുള്ള യാത്രയാണ്. ഭാരതപ്പുഴയും പെരിയാറും പമ്പയും കടന്ന്, പിന്നെയും ഏതെല്ലാമോ മഹാസമുദ്രങ്ങളും കടന്ന് ഉണങ്ങിയ മനുഷ്യാസ്ഥികളും ചോരപ്പാടുകള്‍ ചിതറിക്കിടന്ന മരുഭൂമികളും കടന്ന്...’’
ടീച്ചര്‍ക്ക് ചിരിവന്നു. ‘‘കാശ് മുടക്കാതെ എല്ലായിടവും കണ്ടുവരാമല്ലോ? നിങ്ങളൊരു ഭാഗ്യവാന്‍തന്നെ.’’
മുസഫര്‍ അലിക്ക് ചിരി വന്നില്ല. ഇനി ഒരിക്കലും ചിരിക്കാന്‍ കഴിയില്ലെന്ന് അയാള്‍ വിചാരിച്ചു.
‘‘കൊറോണക്കാലത്ത് ഫ്രീസാക്കിവെച്ചിരുന്ന പൗരത്വ ബില്‍ ആരുമറിയാതെ പുറത്തെടുത്ത് പണിതുടങ്ങിയിരിക്കയാണ്... പേടിക്കേണ്ട സമയമാണിത്. ഇതെല്ലാം അറിഞ്ഞിട്ടും എങ്ങനെ ഉറക്കംവരുന്നു ടീച്ചറെ...’’ അയാള്‍ ഭാര്യയെ നോക്കി ഭയത്തോടെ പറഞ്ഞു.
‘‘നിങ്ങളിപ്പോഴും എന്‍.ആര്.സിയെക്കുറിച്ച് ചിന്തിച്ച് തല പുകയ്ക്ക്യാണോ?’’
അയാള്‍ ഉത്തരമൊന്നും പറഞ്ഞില്ല.
ഇന്ത്യ നമ്മുടെ രാജ്യമാണ്
ഡോക്ടറുടെ മേശപ്പുറത്തെ ഗ്ലോബിലെ രാജ്യാതിര്‍ത്തികളിലൂടെ മുസഫര്‍ അലിയുടെ കണ്ണുകള്‍ ഓടിക്കൊണ്ടിരിക്കുകയായിരുന്നു. ‘‘സുരക്ഷിതമായി ജീവിക്കാനുള്ള ഒരിടവും കാണുന്നില്ല,’’ ഗ്ലോബ് പതിയെ തിരിച്ചുകൊണ്ട് അയാള്‍ പിറുപിറുത്തു.
ഡോക്ടര്‍ ചെറുതായൊന്ന് ചിരിച്ചു.
‘‘ചിരിക്കരുത് ഡോക്ടര്‍... എന്ത് പറഞ്ഞാലും ആ ട്രെയിനില്‍ ഞാന്‍ കേറില്ലാ...’’ മുസഫര്‍ അലി കിതച്ചു.
‘‘ഏതു ട്രെയിനില്‍,’’ ഡോക്ടര്‍ ചോദിച്ചു.
‘‘അതിര്‍ത്തി കടന്നുപോകുന്ന ട്രെയിനില്‍...’’
‘‘ഇപ്പോള്‍ നിങ്ങള്‍ ആ ട്രെയിന്‍ കാണുന്നുണ്ടോ?’’
‘‘അതെ’’ ചുമരില്‍ പതിച്ച മരുന്നുകളുടെ പരസ്യച്ചിത്രങ്ങളിലേക്ക് നോക്കി അയാള്‍ പറഞ്ഞു.
‘‘ശരിയാണ് ഒരിക്കലും ആ ട്രെയിനില്‍ കയറരുത്,’’ ഡോക്ടര്‍ മുസഫര്‍ അലിയുടെ അടുത്തേക്ക് നീങ്ങിയിരുന്നു.
മുസഫര്‍ അലി ആശ്വാസത്തോടെ ഡോക്ടറെ നോക്കി.
‘‘നമുക്ക് കയറാന്‍ വേറെ തന്നെ എത്ര ട്രെയിനുകളുണ്ട്. രാജ്യത്ത് 22,593 ട്രെയിനുകള്‍ ഓടുന്നുണ്ടെന്നാണ് സര്‍ക്കാറിന്റെ കണക്കുകള്‍ പറയുന്നത്.’’ ഡോക്ടര്‍ ഗ്ലോബില്‍ ചെറുവിരലുകൊണ്ട് തൊട്ടു: ‘‘ഇത് നമ്മുടെ രാജ്യമല്ലേ?’’
‘‘അതെ. ഇന്ത്യ, നമ്മുടെ രാജ്യമാണ്,’’ മുസഫര്‍ അലി അഭിമാനേത്താടെ പറഞ്ഞു.
‘‘ഇവിടെ ജനിച്ചുവളര്‍ന്നവരാണ് നമ്മള്. നമ്മുടെ പൂർവികരും അങ്ങനെത്തന്നെയാണ്. ജീവിക്കുന്ന മണ്ണിലെ പൗരത്വമെന്നത് ഓരോ മനുഷ്യന്റെയും അവകാശമാണ്,’’ ഡോക്ടര്‍ പറഞ്ഞു.
ആ വാക്കുകളില്‍ വിശ്വാസം വരാതെ മുസഫര്‍ അലി ഡോക്ടറുടെ കണ്ണുകളിലേക്ക് തുറിച്ചുനോക്കി.
‘‘ഈ മണ്ണില്‍ ജനിച്ച നമ്മള് ഈ മണ്ണില്‍തന്നെ മരിക്കും.’’ ഡോക്ടര്‍ ചേര്‍ത്തുപറഞ്ഞു.
മുസഫര്‍ അലിയുടെ മുഖത്ത് വെളിച്ചം നിറഞ്ഞു.
ടീച്ചര്‍ നെടുവീര്‍പ്പോടെ ഡോക്ടറെ നോക്കി.
ഡോക്ടര്‍ ഒരാഴ്ചക്കുള്ള മരുന്നെഴുതി.
ടീച്ചര്‍ ലീവെടുത്ത് കൂടെ നിന്നു. ആ ദിവസങ്ങളിലൊക്കെ ഭര്‍ത്താവ് ആരോടോ ഫോണില്‍ സംസാരിക്കുകയും എന്തെല്ലാമോ അന്വേഷിക്കുകയും ചെയ്തുകൊണ്ടിരുന്നു. ആരെയാണ് വിളിക്കുന്നതെന്നോ എന്തിനാണ് വിളിക്കുന്നതെന്നോ അയാള്‍ ടീച്ചറോട് പറഞ്ഞില്ല. മരുന്ന് കഴിക്കുന്ന ആളല്ലേ ഓരോന്ന് ചോദിച്ച് വിഷമിപ്പിക്കേണ്ടതില്ല എന്ന കാര്യമോര്‍ത്ത് ടീച്ചര്‍ ഒന്നും ചോദിച്ചതുമില്ല.
മരുന്ന് തീര്‍ന്ന എട്ടാം ദിവസം പതിവിന് നേരത്തേ മുസഫര്‍ അലി ഉണര്‍ന്നു. മര്‍മപ്രധാനമായ ഒരു തീരുമാനം മനസ്സില്‍ ഉറപ്പിച്ചാണ് അയാള്‍ എഴുന്നേറ്റത്. ചില കാര്യങ്ങള്‍ അങ്ങനെയാണ്. മനസ്സിന്റെ കാലുഷ്യത്തിലേക്ക് ഇളംതെന്നലായി ചില ഓപ്ഷനുകള്‍ നമ്മളറിയാതെ തന്നെ മനസ്സില്‍ വന്നുവീഴും. അപ്പോള്‍ ആ ഇളംതെന്നലിന് ആലിപ്പഴത്തിന്റെ തണുപ്പുണ്ടാകും.
കുളിക്കുകയും മാറ്റിയൊരുങ്ങുകയും ചെയ്തപ്പോള്‍, എവിടേക്കാണെന്ന് അടുക്കളയില്‍നിന്നും ധിറുതിപ്പെട്ടു വന്ന് ടീച്ചര്‍ ചോദിച്ചു. ‘‘ഒരിടം വരെ പോകാനുണ്ട് വൈകിയേ തിരിച്ചെത്തൂ’’ -ടീച്ചര്‍ കൊണ്ടുവന്ന മധുരം ചേര്‍ക്കാത്ത കട്ടന്‍ പടായെന്ന് കുടിച്ച് അയാള്‍ പുറത്തേക്കിറങ്ങി. ടീച്ചര്‍ തടഞ്ഞില്ല.
എവിടേക്കാണ് പോകുന്നതെന്ന് ഒന്നുകൂടി ചോദിച്ചെങ്കിലും അതിനു പ്രത്യേകിച്ചൊരു മറുപടിയും പറയാതെ മുസഫര്‍ അലി ഗേറ്റുകടന്ന് പുറത്തേക്ക് നടന്നു.
ഗാന്ധിജി
കൃത്യം 4.45ന് ഒയെമ്മാര് ബസ്, സ്റ്റാൻഡില്‍നിന്നും പുറത്തേക്ക് നീങ്ങി. കൈയിലെ പൊതിയില്‍ അമര്‍ത്തിപ്പിടിച്ച് സൈഡ് സീറ്റില്‍ കണ്ണുകളടച്ചിരിക്കുമ്പോള്‍ ഒരു തണുത്ത് നനഞ്ഞ കാറ്റ് മുസഫര്‍ അലിയുടെ മുഖത്ത് വന്ന് തട്ടി. ആ നേരത്ത് അയാള്‍ ഒരു സ്വപ്നം കണ്ടു: 1947 ആഗസ്റ്റ് 14 അർധരാത്രി. തെരുവുകളില്‍ ആനന്ദനൃത്തമാടുന്ന ആയിരക്കണക്കിന് ആളുകളില്‍ മുസഫര്‍ അലിയുമുണ്ട്. തെരുവുകള്‍ നിറയെ സൈക്കിളുകള്‍, കുതിരവണ്ടികള്‍, കാളവണ്ടികള്‍, റിക്ഷകള്‍... ആളുകള്‍ പാട്ടുപാടിയും നൃത്തച്ചുവടുകള്‍വെച്ചും ആലിംഗനം ചെയ്തും നിറഞ്ഞുനിന്നു. മാജിക്കുകാര്‍ മാന്ത്രിക ദണ്ഡുകള് വീശി, വെള്ളപ്രാവുകളെ ആകാശത്തിലേക്ക് പറത്തി. പാമ്പാട്ടികളുടെ ശംഖുനാദസ്വരത്തില് പാമ്പുകള്‍ നൃത്തംവെച്ചു. കുറവന്മാരും കുറത്തികളും വരാനുള്ള സൗഭാഗ്യങ്ങളെക്കുറിച്ച് വാചാലമായി. ഫക്കീറുമാര്‍ ഖവാലി പാടി. അന്തരീക്ഷത്തില്‍ വെടിക്കെട്ടുകളുടെ ഒച്ച. വെടിമരുന്നിന്റെ മണം. ആര്‍പ്പുവിളികള്‍ക്കിടയില്‍ മേലേക്ക് കുതിച്ച ബാണങ്ങള്‍ ആകാശത്ത് വര്‍ണവിളക്കുകള്‍ കൊളുത്തി. ക്ഷേത്രങ്ങളും മസ്ജിദുകളും ഗുരുദ്വാരകളും ദീപാലംകൃതമായി.
ആള്‍ക്കൂട്ടത്തിലേക്ക് ഗാന്ധിജി പതുക്കെ നടന്നുവന്നു. ആരവങ്ങളുടെ ഒച്ച കൂടി. ഗാന്ധിജി പറഞ്ഞു: ‘‘വലുപ്പത്തിലും ആള്ശക്തിയിലും പെരുമയിലും വന്‍ശക്തികളായ റോമിനെയും ബാബിലോണിയയെയും കാര്ത്തേജിനെയും ഗ്രീസിനെയും നിസ്സാരമാക്കിയ ബ്രിട്ടീഷ് സാമ്രാജ്യമാണ് നമുക്കു മുന്നില്‍ മുട്ടുകുത്തിയത്. പുതിയ ആകാശം സ്വാതന്ത്ര്യത്തിന്റെ ആകാശമാണ്. ഇത്രയധികം മതങ്ങളും ഭാഷകളും സംസ്കാരങ്ങളും നമ്മുടെ മാത്രം പ്രത്യേകതകളാണ്. ഈ വൈവിധ്യം ഭൂഗോളത്തില്‍ മറ്റൊരിടത്തും കാണില്ല. പുതിയ ഇന്ത്യ എല്ലാവരുടെയും ഇന്ത്യയാണ്. ഹിന്ദുക്കളുടെയും മുസ്ലിംകളുടെയും ക്രിസ്ത്യാനികളുടെയും സിഖുകാരുടെയും പാർസികളുടെയും സോളമന്റെ ദേവാലയങ്ങള്‍ നശിപ്പിക്കപ്പെട്ടപ്പോള്‍ ഓടിപോയവരുടെ പിന്തലമുറക്കാരായ ജൂതന്മാരുടെയും ഇന്ത്യ.’’ മുസഫര്‍ അലി ഉറക്കെ കൈയടിച്ചു.
ആ നേരത്ത് ജനക്കൂട്ടത്തില്‍നിന്നും ആരോ ഗാന്ധിജിയെ ശപിച്ചുകൊണ്ട് എന്തോ വിളിച്ചുപറഞ്ഞു. ഗാന്ധിജി ജനക്കൂട്ടത്തിലേക്ക് കൈ പൊക്കി: ‘‘ഞാന്‍ ഇവിടെ വന്നത് ഹിന്ദുക്കളെയും മുസ്ലിംകളെയും ഒരുപോലെ സ്നേഹിക്കാനാണ്. നിങ്ങള്‍ക്ക് എന്നെ എതിര്‍ക്കണമെങ്കില്‍ ആയിക്കോളൂ... എനിക്കിനി കൂടുതല്‍ ദൂരമൊന്നും പോകാനാകില്ല. ജീവിതയാത്രയുടെ അവസാനത്തില്‍ ഞാനെത്തിക്കഴിഞ്ഞു. നിങ്ങളിനിയും ഭ്രാന്തു കാണിക്കുകയാണെങ്കില്‍ ഞാന്‍ ജീവിച്ചുകൊണ്ട് അതിന് സാക്ഷിയാവുകയില്ല.’’
രേഖകള്‍
ബസിറങ്ങി വീട്ടിലേക്കുള്ള ഇടറോഡിലൂടെ ഒരു വലിയ ജനസഞ്ചയത്തിനിടയിലാണ് താനെന്ന് മുസഫര്‍ അലി വിചാരിച്ചു. കൈയിലെ പൊതിയില്‍ അമര്‍ത്തിപ്പിടിച്ച് അയാള്‍ വേഗത്തില്‍ നടന്നു. കിതച്ചുകൊണ്ട് വീട്ടിലേക്ക് കയറുമ്പോള്‍ കോലായയില്‍ സംഭ്രമത്തോടെ കാത്തിരുന്ന ടീച്ചറുടെ മുഖംപോലും അയാള്‍ കണ്ടില്ല. മിന്നായംപോലെ ഭര്‍ത്താവ് അകത്തേക്ക് കുതിക്കുന്നതാണ് ടീച്ചര്‍ കണ്ടത്. മുറിയുടെ തുറന്നിട്ട ജനാലപ്പാളികള്‍ അകത്തേക്ക് വലിച്ചടച്ച് അയാള്‍ പൊതി തുറന്നു. ചില രേഖകളും അതിന്റെ പകര്പ്പുകളുമായിരുന്നു ആ പൊതിയില്‍ ഉണ്ടായിരുന്നത്. രേഖയുടെ ഒറിജിനല്‍ അലമാരയില്‍ ഭദ്രമായി വെച്ചു. പിന്നീട് വീടിന്റെ പലഭാഗങ്ങളിലേക്കും അയാള്‍ കിതച്ചുകൊണ്ടിരുന്നു. ഓട്ടം തീരുംവരെ ടീച്ചറുടെ ചോദ്യങ്ങള്‍ക്കൊന്നും അയാള്‍ ഉത്തരം പറഞ്ഞില്ല. കിതപ്പാറിയപ്പോള്‍ അയാളുടെ പരവേശം ഇല്ലാതെയായി. അയാള്‍ക്ക് വിശന്നു, ദാഹിച്ചു. രാത്രിയില്‍ പതിവിലേറെ ഭക്ഷണം കഴിച്ചു. ആഴ്ചകളായി രതിയെക്കുറിച്ച് ചിന്തയില്ലായിരുന്ന ഭര്‍ത്താവ് അന്ന് ഏറെനേരം രതിയിലേര്‍പ്പെട്ടപ്പോള്‍ ഡോക്ടറുടെ മരുന്ന് ഫലിച്ചെന്ന് ടീച്ചര്‍ ആശ്വസിച്ചു.
‘‘എന്‍.ആര്.സി മണ്ണാങ്കട്ട.’’ രതി കഴിഞ്ഞ നേരത്ത് മുസഫര്‍ അലി പറഞ്ഞു.
ടീച്ചര്‍ കൗതുകത്തോടെ ഭര്‍ത്താവിനെ നോക്കി.
കിടക്കയില്‍ തെറിച്ചുകിടന്നിരുന്ന ഉടുതുണി വാരിയുടുത്ത്, മേശപ്പുറത്തെ വെള്ളക്കുപ്പി അണ്ണാക്കിലേക്ക് കമിഴ്ത്തി. ദാഹം തീര്‍ത്തശേഷം ഭദ്രമായിവെച്ച താക്കോലെടുത്ത് അയാള്‍ അലമാര തുറന്നു. കുറച്ചു കടലാസുകള്‍ ഭവ്യതയോടെ പുറത്തെടുത്തു. ‘‘നോക്ക്... ഇത് വെറുമൊരു കടലാസല്ല. ഈ മണ്ണില്‍ ആഴത്തിലിറങ്ങി പടര്‍ന്നുകിടക്കുന്ന എന്റെയും പൂര്‍വപിതാക്കളുടെയും വേരുകളെക്കുറിച്ചുള്ള പഠനവും സാക്ഷ്യപ്പെടുത്തലുമാണ്. കരമടച്ച രസീതിയടക്കം ഒന്നും വിട്ടുപോയിട്ടില്ല.’’ നഷ്ടപ്പെട്ടത് തിരിച്ചുപിടിച്ച യോദ്ധാവിനെപ്പോലെ മുസഫര്‍ അലി നെഞ്ച് വിടര്‍ത്തി ചിരിച്ചു. പിന്നെ പതിയെ പറഞ്ഞു: ‘‘ഇക്കാര്യം മറ്റൊരു ചെവി അറിയരുത്... ചരിത്രവും വേരുകളും പിഴുതുമാറ്റുന്ന കാലമാണിത്. രേഖകള്‍ കാണിക്കേണ്ടിവരുമ്പോള്‍ മാത്രം ഇത് പുറത്തെടുത്താല്‍ മതി.’’
ടീച്ചര്‍ക്ക് ചിരിക്കാന്‍ തോന്നി.
ഇത് ഒറിജിനലിന്റെ നൂറ് പകര്‍പ്പുകളില്‍ ഒന്നുമാത്രം. ബാക്കി പലയിടങ്ങളിലായി നഷ്ടപ്പെടാതെ ഒളിച്ചുവെച്ചിട്ടുണ്ട്. തെളിഞ്ഞ മുഖത്തോടെ അയാള്‍ പറഞ്ഞു.
പുതപ്പുവാരി നഗ്നമായ ശരീരം മറച്ചുകൊണ്ട് ടീച്ചര്‍ ചോദിച്ചു: ‘‘ഇത്തരം രേഖകളൊന്നുമില്ലാത്ത ലക്ഷക്കണക്കിന് മനുഷ്യരുണ്ടീ രാജ്യത്ത്... അവരും അവരുടെ പിതാക്കന്മാരും ഇവിടെ ജനിച്ചുവളര്ന്നോരാ...’’
മുസഫര്‍ അലി ഭാര്യയെ ഒന്നു തുറിച്ചുനോക്കി.
ടീച്ചര്‍ ചിരിച്ചുകൊണ്ട് ചോദിച്ചു: ‘‘എന്റെ പൗരത്വം തെളിയിക്കാന്‍ കഴിയാതെ പോയാലോ?’’ അയാളുടെ മുഖത്ത് ഒരു ഭാവവ്യത്യാസവും കണ്ടില്ല. രേഖകള്‍ ഭദ്രമായി തിരികെ വെച്ച് അയാള്‍ കിടക്കയിലേക്ക് മലര്‍ന്നു. ടീച്ചറുടെ പതിഞ്ഞ കൂര്‍ക്കംവലി മുറിയിലെ മങ്ങിയ വെളിച്ചത്തിലൂടെ ഒഴുകിപ്പരക്കാന്‍ തുടങ്ങി.
കുറിപ്പ്
* തലക്കെട്ടിന് ഖുശ്വന്ത് സിങ്ങിനോട് കടപ്പാട്
* മുഖാമുഖം - മുഖാമുഖമിരിക്കാവുന്ന വലിയ ഓട്ടോറിക്ഷ
* ഖുശ്വന്ത് സിങ്ങിന്റെ ‘ട്രെയിന്‍ ടു പാകിസ്താനി’ലെ വരികള്‍
* ‘ട്രെയിന്‍ ടു പാകിസ്താനി’ലെ ഒരു കഥാപാത്രം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.