സർക്കസ് കൂടാരത്തിലെ കൂട്ടിൽ കിടക്കുന്ന മൃഗത്തെപ്പോലെ, താലൂക്കാശുപത്രിയിലെ ജനറൽ വാർഡിന്റെ വരാന്തയിൽ ഒതുക്കിയിട്ടിരുന്ന ഇരുമ്പുകട്ടിലിൽ അപ്പൻ ചുരുണ്ട് കിടന്നു. മാവുംകണ്ടത്തിൽ അവറാച്ചൻ മകൻ തര്യൻ ജോസ് കുര്യൻ എന്ന നീണ്ടപേരു മാത്രമേ അപ്പനിപ്പോൾ ബാക്കിയുള്ളൂ എന്നോർത്തപ്പോൾ, ചൂണ്ടക്കൊളുത്തിൽ കുടുങ്ങിയ മീനിനെപ്പോലെ ഉള്ളൊന്നു പിടഞ്ഞു.
കട്ടിലിന്റെ ഒരരികിലിരുന്ന് അമ്മച്ചി, അപ്പന്റെ ശോഷിച്ചുപോയ കാല് തടവുമ്പോഴും മൗനമായി, ഈശോയുടെ തിരുവണക്കം ചൊല്ലി കർത്താവിന്റെ ദയാവായ്പിനായി പ്രാർഥിച്ചുകൊണ്ടിരുന്നു. അന്നമ്മച്ചിയുടെ നിറഞ്ഞിരിക്കുന്ന കണ്ണുകൾ കാണാനാവതില്ലാഞ്ഞ് അപ്പന്റെ ഞരമ്പിലേക്ക് ഒഴുകിയിറങ്ങിക്കൊണ്ടിരുന്ന ഗ്ലൂക്കോസിന്റെ തുള്ളികൾ ഞാൻ എണ്ണിക്കൊണ്ടിരുന്നു. എന്റെ എണ്ണത്തെ മുറിച്ചുകൊണ്ട്, അബോധത്തിന്റെ കയത്തിൽപെട്ടുപോയ തോണിപോലെ അപ്പന്റെ മനസ്സ് ഇടക്കിടെ ഓർമകളുടെ തീരത്ത് ചെന്നിടിച്ച് ഞരങ്ങി.
പാപ്പി മോളെ -ഒരു കാലത്ത് അതായത് അപ്പന്റെ നല്ലകാലത്ത്, അല്ല ഞങ്ങളുടെ ജീവിതത്തിന്റെ സുവർണകാലത്ത് അപ്പൻ അങ്ങനെയായിരുന്നു എന്നെ വിളിച്ചിരുന്നത്.
ഇത്ര പെട്ടെന്ന് ആരാണ് അതൊക്കെ മായ്ച്ചുകളഞ്ഞത്.
കഥകളിലും നോവലുകളിലും നിറഞ്ഞുനിന്നിരുന്ന ജീവിതത്തിനുമപ്പുറം നിറം മങ്ങിയ കാഴ്ചകളായിരുന്നു ഞങ്ങളുടെ ബാല്യത്തിന് കുടിയേറ്റം. പെരുപ്പിച്ച് കാണിച്ചതും വരച്ചു ചേർത്തതുമായ പലതും കയ്ക്കുന്ന ഓർമകളാണെന്ന് അപ്പൻ എപ്പോഴും പറയാറുണ്ട്. എന്നാലും കുടിയേറ്റത്തെക്കുറിച്ച് പറയുമ്പോഴൊക്കെ അപ്പന്റെ കണ്ണുകളിൽ കത്തുന്ന തീയുടെ ചൂടും കണ്ണീരിന്റെ ഉപ്പും ഞാനറിയാറുണ്ട്.
വല്യപ്പച്ചന്റെ കൂടെ മലബാറിലോട്ട് പോരുമ്പോൾ അപ്പന് പ്രായം നാലുവയസ്സ്. നാട്ടിൽ പടർന്നുപിടിച്ച നടപ്പുദീനം ബാധിച്ച് മരിച്ചുപോയ വല്യമ്മച്ചിയെ കൂരയ്ക്കുള്ളിൽ കുഴിച്ചിട്ട് കയ്യിൽകിട്ടിയ ലൊട്ടുലൊടുക്കു സാധനങ്ങളുമായി തീവണ്ടി കയറുകയായിരുന്നു. അപ്പനപ്പോൾ കൈനകരിയിലുള്ള വല്യപ്പച്ചന്റെ തറവാട്ടുവീട്ടിലായിരുന്നു. നാട്ടിൽ വ്യാധി പടർന്നപ്പോഴെ ഒരു കെട്ടുവള്ളത്തിൽ കേറ്റി കൈനകരിക്ക് പറഞ്ഞുവിട്ട് വല്യപ്പച്ചൻ മകന്റെ സുരക്ഷ നോക്കിയിരുന്നു. തനിക്ക് ചുറ്റും ചത്തുവീഴുന്ന ആളുകളെ നോക്കാതെ തന്റെ കൊച്ചുവള്ളം തുഴഞ്ഞ് കൈനകരിയിൽ എത്താൻ വല്യപ്പച്ചന് വലിയ തിടുക്കമായിരുന്നു. അതേ തിടുക്കംതന്നെ തറവാട്ടിൽനിന്നും മകനെയും കൂട്ടി മലബാറിലോട്ട് പുറപ്പെടാനും വല്യപ്പച്ചൻ കാണിച്ചിരുന്നു. കൊച്ചുത്രേസ്യകുഞ്ഞമ്മ-വല്യപ്പച്ചന്റെ തറവാട്ടിൽ താമസിച്ചിരുന്ന എളേ പെങ്ങൾ എത്ര നിർബന്ധിച്ചിട്ടും ആ നാട്ടിൽ നിക്കാൻ വല്യപ്പച്ചൻ തയാറായിരുന്നില്ല. അവളെ കൊണ്ടുപോയ ദീനം ന്റെ കൊച്ചിന്റെ ജീവനെടുക്കില്ലാന്ന് ഒടപ്പിറപ്പിന് ഒറപ്പ് പറയാൻ പറ്റുവോന്ന് ചോദിച്ചപ്പോൾ കുഞ്ഞമ്മ ആങ്ങളയെ നിർബന്ധിച്ചതുമില്ല.
കാഞ്ഞങ്ങാട് വണ്ടിയിറങ്ങിയ വല്യപ്പച്ചൻ എള്ളുക്കൊച്ചിയിലാണ് ആദ്യമെത്തിയത്. വെറുംകയ്യോടെ മലബാറിലോട്ട് വന്ന വല്യപ്പച്ചനെ എള്ളുകൊച്ചിക്കാർ ഒപ്പം കൂട്ടിയില്ല. ഇച്ചിരി മണ്ണ് വാങ്ങിക്കണമെന്ന വല്യപ്പച്ചന്റെ ശ്രമമൊക്കെ പാഴായിപ്പോയി. വല്യമ്മച്ചിയുടെ വിയോഗം അപ്പനെ ബാധിക്കും എന്ന ബോധ്യമുള്ളതുകൊണ്ടുതന്നെ തന്റെയുള്ളിലെ നീറ്റൽ പുറത്തു കാണിക്കാതിരിക്കാൻ ഏറെപ്പണിപ്പെട്ടിരുന്നു വല്യപ്പച്ചൻ.
എള്ളുകൊച്ചിക്കാർ കുടിയേറ്റക്കാരെ എന്നും സംശയദൃഷ്ടിയോടെയായിരുന്നു നോക്കിക്കണ്ടിരുന്നത്. മണ്ണിൽ കഷ്ടപ്പെട്ടു പണിയെടുത്ത് ജീവിക്കാൻ മറന്നുപോയവരെന്ന് പ്രമാണികൾ കളിയാക്കി. കൊത്തിയും കിളച്ചും പറമ്പിന്റെ അതിരുകൾ വികസിപ്പിച്ചിരുന്നവരെ അവർ ഉള്ളുകൊണ്ട് വെറുത്തിരുന്നു.
ഈ മണ്ണിൽ വേരുറക്കില്ല എന്ന വിശ്വാസം ബലപ്പെട്ടപ്പോൾ വല്യപ്പച്ചൻ വീണ്ടും യാത്രയായി. പാലാവയലും കടന്ന് ആ യാത്ര അവസാനിച്ചത് കർണാടക-കേരള അതിർത്തിയിലെ ഓടക്കൊല്ലിയിൽ ആയിരുന്നു.
ഓടക്കൊല്ലിയിൽ അന്ന് കുടിയേറ്റക്കാർ ധാരാളമായി വന്നു പാർത്തിരുന്നു. ചിറ്റാരിക്കൽ എശമാനൻമാരുടെ കൈവശത്തിലും പൊന്നംകടവിൽ ചാക്കോ മാപ്ലയുടെ കൈവശത്തിലുമായി ഓടക്കൊല്ലി വിഭജിക്കപ്പെട്ടിരുന്നു. ചാക്കോ മാപ്ലയാണെങ്കിൽ തന്റെ പേരിലുള്ള സ്ഥലത്തിന്റെ ഇരട്ടി വളച്ചെടുത്ത് കൈവശപ്പെടുത്തി. അതു വളർന്ന് വലിയൊരു എസ്റ്റേറ്റായി രൂപാന്തരം പ്രാപിച്ചു. ചിറ്റാരിക്കൽ എശമാനൻ ആണെങ്കിൽ മുപ്പത് സെന്റും ഇരുപത് സെന്റുമായി കുടിയേറ്റക്കാർക്കായി വിറ്റുതുടങ്ങിയ കാലമായിരുന്നു അത്. മുഴുവൻ പണവും കൊടുക്കാൻ ഉണ്ടായിരുന്നില്ലെങ്കിലും വല്യപ്പച്ചനും അരയേക്കർ പറമ്പ് വാങ്ങിച്ചു.
അന്ന് എശമാനന്റെ പറമ്പ് മുഴുവനും കശുമാവ് നിറഞ്ഞുനിന്നിരുന്നു. കശുമാങ്ങകൾ ശേഖരിച്ച് നല്ല വീര്യമുള്ള നാടൻറാക്ക് വാറ്റിയെടുത്ത് എശമാനനു തന്നെ വിറ്റ് സ്ഥലത്തിന്റെ കടം വല്യപ്പച്ചൻ വീട്ടി. അതിനിടയിലാണ് വല്യപ്പച്ചൻ പൊന്നംകടവിൽ ചാക്കോ മാപ്ലയുടെ എസ്റ്റേറ്റിൽ പണിക്കു കയറിയത്. പകൽ മുഴുവൻ എസ്റ്റേറ്റിലും രാത്രി വാറ്റ്പുരയിലുമായി വല്യപ്പച്ചൻ ജീവിതത്തെ മെരുക്കിയെടുത്തു.
കൃഷിരീതികളിൽ വലിയ അറിവും അനുഭവസമ്പത്തും ഉണ്ടായിരുന്ന വല്യപ്പച്ചന് ചാക്കോ മാപ്ലയുടെ വിശ്വസ്തനായി മാറാൻ അധികകാലം വേണ്ടിവന്നില്ല. ചാക്കോ മാപ്ലയുടെ കൃഷിക്കൊപ്പം വല്യപ്പച്ചന്റെ ഖ്യാതിയും വളർന്നു. ഓടക്കൊല്ലിയിൽ കുടിയേറിവരിൽ ഭൂരിഭാഗവും ആലപ്പുഴയിൽനിന്നുള്ളവരായിരുന്നു, കൂടാതെ ബന്ധുജനങ്ങളും. പ്രാർഥനക്കൊരിടമില്ലാത്തതിന്റെ മനോദുഃഖം അവരിൽ പ്രകടമായിരുന്നു. ഓടക്കൊല്ലി കവലയിലെ ഞായറാഴ്ച ചന്തയിൽ അവരതു വല്യപ്പച്ചനുമായി പങ്കുവെച്ചു. പള്ളി മാത്രമല്ല, ഒരു പള്ളിക്കൂടവും അത്യാവശ്യമാണെന്ന വല്യപ്പച്ചന്റെ തീരുമാനത്തിനൊപ്പം ചാക്കോ മാപ്ലയും നിന്നു.
‘‘പള്ളിക്കുള്ള സ്ഥലം ഞാൻ തരാം’’, ചാക്കോ മാപ്ല ഉറപ്പ് നൽകി. പള്ളിക്കൂടത്തിനാര് സ്ഥലം തരും? മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണെങ്കിലും പള്ളിക്കൂടത്തിനാണെന്ന് കേട്ടപ്പോൾ എശമാനൻ ഓടക്കൊല്ലി കവലക്ക് അല്പം മാറി രണ്ടേക്കർ സ്ഥലം ദാനം നൽകി.
എട്ടു വയസ്സായെങ്കിലും പത്തിന്റെ വളർച്ചയുണ്ടായിരുന്നു അപ്പന്. ചാക്കോ മാപ്ലയുടെ മകൾ അന്നമ്മക്കൊപ്പം അപ്പനെയും ഒന്നാം തരത്തിൽ ചേർത്തു. സുന്ദരിയായ അന്നക്കൊച്ചിന്റെ കയ്യും പിടിച്ച് ഒരു രക്ഷിതാവിന്റെ ഗമയിൽ അപ്പൻ നടന്നു.
നാലാം ക്ലാസിൽനിന്നും അഞ്ചിലേക്ക് ജയിച്ചെങ്കിലും പല അക്ഷരങ്ങളും അപ്പന് വഴങ്ങിയില്ല. എന്നിട്ടും വല്യപ്പച്ചൻ മകനെ പഠിപ്പിക്കാൻതന്നെ തീരുമാനിച്ചു. മുതലാളിയുടെ മകൾ പഠിക്കാൻ പോകുമ്പോൾ കാര്യസ്ഥന്റെ മകൻ തേരാപാരാ തെണ്ടിനടന്നാൽ നാട്ടുകാർ എന്തുപറയും എന്നുള്ള പേടിയെക്കാളധികം കുടിയേറ്റക്കാരുടെ നേതാവ് എന്നുള്ള സ്ഥാനത്തിന് ഇളക്കംതട്ടുമല്ലോ എന്ന ആധിയായിരുന്നു വല്യപ്പച്ചന്. അങ്ങനെ അപ്പനെയും അന്നമ്മക്കൊപ്പം മാലോത്ത് കസബയിൽ ചേർത്തു. ചാക്കോ മാപ്ലയുടെ ജീപ്പിലായി പിന്നീടവരുടെ യാത്ര. കല്ലും കുഴിയും നിറഞ്ഞ മൺറോഡിലുള്ള യാത്ര അപ്പൻ ശരിക്കും ആസ്വദിച്ചു. ഡ്രൈവറായിരുന്ന കുന്നേൽ മത്തായിക്കൊപ്പം നിന്ന് ജീപ്പോടിക്കാൻ പഠിച്ചെങ്കിലും അപ്പൻ പത്താംതരത്തിൽ തോറ്റു. പിന്നീട് രണ്ടു പ്രാവശ്യംകൂടി പരീക്ഷയെഴുതിയെങ്കിലും അപ്പൻ ജയിച്ചില്ല. അപ്പനൊരിക്കലും ഹിന്ദി പരീക്ഷ പാസാകാനായില്ല. മുലക്കച്ച അയേ ഒണക്കാനിട്ടപോലുള്ള അക്ഷരം എന്റെ തലേലോട്ട് കേറത്തില്ലെന്നേ. ഹിന്ദി അക്ഷരത്തെ അങ്ങനെ വിശേഷിപ്പിക്കാനാണ് അപ്പനിഷ്ടം.
അന്നമ്മ പ്രീഡിഗ്രിക്ക് ചേർന്നെങ്കിലും ഒന്നാം കൊല്ലത്തെ പരീക്ഷക്കു ശേഷം പഠിത്തം നിർത്തേണ്ടിവന്നു. അന്നമ്മയുടെ അമ്മച്ചി അപ്പോഴെക്കും കിടപ്പിലായിരുന്നു. തിരുമ്മലും കിഴിയും ഒക്കെ കൂടി അമ്മച്ചിയെ ശുശ്രൂഷിക്കാനായ് അന്നമ്മ വളരെ പാടുപെട്ടു. ഭാര്യയുടെ അസുഖം ചാക്കോ മാപ്ലയെയും തളർത്തിയിരുന്നു. അപ്പാപ്പനും അപ്പനും ബംഗ്ലാവിലെ സ്ഥിരസന്ദർശകരായി.
ആയിടക്ക് പള്ളിയിൽ പുതിയൊരച്ചൻ വന്നു. കായലും കടലും വള്ളവുമുപേക്ഷിച്ച് മലമൂട്ടിൽ വന്ന് ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് മനോത്സാഹത്തിന് എന്തെങ്കിലും ചെയ്യണമെന്ന് അച്ചനു തോന്നി. പള്ളിക്കമ്മിറ്റി കൂടി ആ വർഷത്തെ പള്ളിപ്പെരുന്നാൾ ഗംഭീരമായി ആഘോഷിക്കാൻ തന്നെ തീരുമാനിച്ചു. നാട്ടിൽതന്നെ കഴിയുന്ന ബന്ധുക്കളെ പെരുന്നാള് കൂടാൻ എല്ലാവരും ക്ഷണിച്ചു. വല്യപ്പച്ചനും കൈനകരിക്ക് കത്തെഴുതി. പെങ്ങളും കുടുംബവും പെരുന്നാളിന് ഒരാഴ്ചമുന്നേ എത്തുമെന്ന് അറിയിപ്പു കിട്ടി. വല്യപ്പച്ചന് അതിയായ സന്തോഷമായി.
പെങ്ങളെയും കുടുംബത്തെയും സൽക്കരിക്കണം. വല്യപ്പച്ചൻ ചാക്കോ മാപ്ലയുടെ ഇരട്ടക്കുഴൽ തോക്കുമായി കാടുകയറി. മുന്നിൽപെട്ട മാനിനെ ഉന്നംവെച്ച് നിന്ന വല്യപ്പച്ചൻ പിന്നിലൂടെ വന്ന അപകടം തിരിച്ചറിഞ്ഞില്ല. ഒറ്റയാന്റെ കൊമ്പിൽ കോർത്ത് വല്യപ്പച്ചൻ അപ്പനെ ഒറ്റക്കാക്കി യാത്രയായി.
‘‘പാപ്പി മോളെ അമ്മച്ചിയോട് കരയല്ലേന്ന് പറയെടി. അല്ലേലും എന്നാത്തിനാടി നീ കരയുന്നേ? കഷ്ടപ്പെട്ടിട്ടാണേലും നമ്മള് ജീവിച്ചില്ലേടി. നിന്റപ്പൻ സ്വത്തു മുഴുവൻ പള്ളിക്കും അനാഥാലയത്തിനും നൽകിയിട്ടും നമ്മള് തളർന്നില്ലല്ലോ? അല്ലേലും ആ മുതല് കുര്യൻ ഇന്നുവരെ ആഗ്രഹിച്ചിട്ടില്ല. ഇച്ചിരെ കഷ്ടപ്പാടും സങ്കടവും ഒടേതമ്പുരാൻ തന്നു. നമ്മക്കായിട്ടത് വേണ്ടാന്ന് പറയാൻ പറ്റുവോ?’’
അന്നമ്മച്ചി അപ്പന്റെ കൈ മുറുകെപ്പിടിച്ചിരുന്നു. എന്നിട്ടും കാറ്റത്തിളകുന്ന പുൽനാമ്പുപോലെ അപ്പന്റെ കൈ വിറച്ചുകൊണ്ടിരുന്നു.
പെർളയിൽനിന്നും രണ്ട് ഫർലോങ് മാറി മുനിയാണ്ടിമലയുടെ അടിവാരത്തായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. മുനിയാണ്ടിമല തൊട്ട് അപ്പുറം പാത്തിമല വരെ കശുമാവിൻ തോട്ടമായിരുന്നു. മുനിയാണ്ടിമലയിൽനിന്നാണ് കീരങ്കിരി തോട് പുറപ്പെട്ടിരുന്നത്. തോടിന്റെ ഇരുവശങ്ങളിലുമായി കമുകിൻ തോട്ടങ്ങൾ. മഴക്കാലത്ത് നിറഞ്ഞ് കവിഞ്ഞൊഴുകുന്ന തോട് വേനൽ കടുക്കുമ്പോഴേക്കും വറ്റിവരളുമായിരുന്നു. വലിയ വീതിയിലെങ്കിലും ആഴമുണ്ടായിരുന്നു. ആരോ അളവെടുത്ത് പാകിയത്പോലെ നിറയെ ഉരുളൻ കല്ലുകൾ. കുന്നിൻചരിവിന്റെ ആകൃതിക്കനുസരിച്ച് ചിലയിടങ്ങളിൽ വളഞ്ഞ് ഒഴുകിയിരുന്ന തോട് ചിലയിടങ്ങളിൽ കുത്തനെ സഞ്ചരിച്ചു. ഞങ്ങളുടെ വീടിന്റെ അരികിലൂടെ ഒഴുകുന്നിടത്തു നിന്നും വലിയ പാറക്കെട്ടിൽ കയറി താഴേക്ക് ചാടിയിറങ്ങും. ആ ചാട്ടത്തിനടിയിൽനിന്നാണ് ഞങ്ങളുടെ കുളിയും നനയും.
പ്ലാന്റേഷനിലെ പണി കഴിഞ്ഞ് വന്ന് അപ്പൻ തോട്ടിൽ കുളിക്കാൻ പോകും. കൂടെ ഞാനും അമ്മച്ചിയും. എന്നെ കുളിപ്പിച്ച്, നുരഞ്ഞു പതഞ്ഞൊഴുകുന്ന ആ വെള്ളത്തിൽനിന്നും കയറാൻ എനിക്ക് ഭയങ്കര മടിയായിരുന്നു. പക്ഷേ, അപ്പൻ സമ്മതിക്കൂല – കൊച്ചേ നിനക്ക് നേടി വരും – അയൽവക്കത്തെ പാറുവമ്മച്ചിയെ അനുകരിച്ച് അപ്പൻ പറയും, കരയിലിരുത്തും.
ലക്സാണ് അപ്പന്റെ ഫേവറേറ്റ്. എത്ര തേച്ചാലും അപ്പനു മതിയാകത്തില്ല. ‘‘കശുമാങ്ങായുടെ ചൂര് പോകത്തില്ല മക്കളെ. അതു പോയില്ലേ നിന്റമ്മച്ചി എന്നെ ഒറ്റയ്ക്ക് കിടത്തിക്കളയും. അപ്പോ അപ്പന് പേടിയാകത്തില്ലെടീ പാപ്പി.’’
അപ്പനെന്നെ നോക്കി കണ്ണിറുക്കും.
ചകിരിനാര് സോപ്പിൽ പതപ്പിച്ച് തേക്കുന്നതിനിടയിൽ അപ്പൻ കഥ പറയാൻ തുടങ്ങും.
ഒരു നട്ടപ്പാതിരായിൽ ചാക്കോ മാപ്ലയുടെ ബംഗ്ലാവിന്റെ മതിൽ ചാടിക്കടന്ന് അന്നാമ്മച്ചിയെ അടിച്ചെടുത്തോണ്ട് വന്ന കഥ പറയുമ്പോൾ അപ്പനിപ്പഴും നാണം വരും. കാട്ടുവഴിയിലൂടെ നടക്കാൻ വയ്യാതിരുന്ന അന്നാമ്മച്ചിയെ തോളെക്കയറ്റിയിരുത്തി കുന്നിറങ്ങുമ്പോൾ പെരുമ്പാമ്പിന്റെ മേലെ ചവുട്ടിയതും രണ്ടാളും ഉരുണ്ടുമറിഞ്ഞുവീണതും നടക്കാൻ വയ്യാണ്ടായ് ആ കാട്ടിൽത്തന്നെയിരുന്നതും ഇന്നലെ കഴിഞ്ഞത് പോലെ അപ്പൻ വിവരിക്കും. നാടു മുഴുവൻ ഇളക്കിമറിച്ചു ചാക്കോ മാപ്ല. സിൽബന്ധികൾ വീടായ വീടൊക്കെ അരിച്ചുപെറുക്കി. അയാളുടെ അഭിമാനത്തിനേറ്റ ക്ഷതം അത്രക്ക് വലുതായിരുന്നു. പാലാവയലിൽനിന്നും വന്നൊരു ആലോചന ഒറപ്പിച്ചതായിരുന്നു. അതിനിടയിലാണ് അപ്പൻ ഈ പണി കൊടുത്തത്.
‘‘തീർക്കും ഞാനാ പന്നിയെ. എന്റെ കൂടെ നടന്ന് എന്റെ കുടുംബം കുളം തോണ്ടിയ പുലയാടി മോനെ വച്ചേക്കില്ല ഞാൻ.’’
അപ്പനറിയാമായിരുന്നു നാട്ടിലൂടെ പോയാൽ അങ്ങേര് തീർക്കുമെന്ന്. അതുകൊണ്ട് തന്നെ അപ്പൻ കാടു കയറാൻ തീരുമാനിക്കുകയായിരുന്നു.
എന്റെ കൊച്ചേ എന്നാ മുടിഞ്ഞ വെയിറ്റായിരുന്നെന്നോ നിന്റമ്മച്ചിക്ക്. കാട്ടിമല കേറുമ്പോ എന്റെ നടുവൊന്നു വെട്ടി. ഒരു പകല് മുഴുവനും ആ കാട്ടിൽ ചുമ്മാ ഇരുന്നു. വൈയ്യിട്ടാകുമ്പഴേക്കും വിശപ്പ് കൊണ്ട് ഇരിക്കപ്പൊറുതിമുട്ടി എന്നു പറഞ്ഞാ മതിയല്ലോ. അപ്പോ പതുക്കനെ എഴുന്നേറ്റു. ഇച്ചിരി നടന്നപ്പോ ഒരു ഒറവ കണ്ടു. കണ്ണീരു കണക്കെ എന്നൊക്കെ പറയാറില്ലെ, അതുപോലെ തെളിഞ്ഞ വെള്ളം. വയർ നിറയെ കോരിക്കുടിച്ചു.
നിറഞ്ഞ കാടായിരുന്നു ചുറ്റിലും. കണ്ണീക്കുത്തുന്ന ഇരുട്ടും. ചോലക്കപ്പുറം വലിയൊരു പാറക്കൂട്ടം. പെട്ടെന്ന് കാണുമ്പോൾ ഒരാനക്കൂട്ടം പതുങ്ങിക്കിടക്കുന്നതാണെന്ന് തോന്നും. ആദ്യം ഞാനൊന്നു പേടിച്ചു. നിന്റമ്മച്ചിയോട് വല്ലതും പറയാൻ പറ്റുമോ? അവള് കിടന്ന് കാറത്തില്ലെ? മിണ്ടിയില്ല. സൂക്ഷിച്ച് നോക്കി. എനിക്ക് പൊട്ടിച്ചിരിക്കാനാണ് തോന്നിയെ. ഞാനെന്തൊരു മണ്ടൻ. പാറയെ കണ്ട് ആനയെന്ന് കരുതി പേടിച്ചവൻ.
ഇച്ചിരി ഒയർന്ന ഭാഗത്തേക്ക് അമ്മച്ചിയെയും എടുത്ത് അള്ളിപ്പിടിച്ച് കയറി. ഒരറപോലെ കണ്ടിടത്ത് അമ്മച്ചിയെ ഇരുത്തി. കരിയില കൂട്ടി തീപിടിപ്പിച്ചു. തോർത്തിൽ പൊതിഞ്ഞെടുത്തിരുന്ന മൂട്ടിൽപ്പഴം തിന്ന് വിശപ്പടക്കി.
വനത്തിലൂടെ തന്നെ സഞ്ചരിച്ച് എത്തിച്ചേർന്നത് സുള്ള്യയിൽ. ഭാഷ, വേഷം, ആഹാരം എല്ലാം വ്യത്യസ്തം. അവിടന്നും നടന്നു. ഒടുക്കം പെർളയിൽ ഉറച്ചു.
‘‘നിങ്ങള് കേറിപ്പോരുന്നുണ്ടോ മനുഷ്യാ വെറുതെ കൊണ കൊണ പറയാണ്ട്.’’
‘‘ദാണ്ടെ മോളെ നിന്റമ്മച്ചി കെറുവിച്ചു. ഇന്നപ്പൻ വരാന്തയിലായി.’’
‘‘എന്റെ മനുഷ്യാ നിങ്ങക്ക് ബോധം തീരെയില്ലെ? പെങ്കൊച്ചിന്റെ മുന്നീവെച്ച് ഇങ്ങനെ പറയാൻ? കൊച്ച് വളർന്നു വരികയാണെന്നത് മറന്നോണ്ട് ഇതിയാന്റെ ഓരോ കഥകള്! നീ വാടി മോളെ നമ്മക്ക് പോകാം…’’
അന്നാമ്മച്ചിയുടെ മൂക്ക് ചുവക്കാൻ തുടങ്ങിയതു കണ്ടതും ഞാൻ എണീറ്റ് നടന്നു. ഇന്നിപ്പം അപ്പന്റെ തോളത്ത് കേറി ചുറ്റാനൊന്നും പറ്റത്തില്ല. കണ്ണൻ ചേട്ടായിയുടെ കടയിൽ പോയി ചൂടുള്ള പരിപ്പുവട കഴിക്കാനും പറ്റത്തില്ല. അപ്പൻ പിറകീന്ന് വിളിക്കുന്നുണ്ടായിരുന്നു. കേട്ടതായി നടിച്ചില്ല. അപ്പനെ എങ്ങനെ വേണമെങ്കിലും കൈകാര്യം ചെയ്യാം. എന്നാലമ്മച്ചിയെ അങ്ങനെ പറ്റത്തില്ല! ഗീവർഗീസ് പുണ്യാളന്റെ കോപമാണ് അന്നാമ്മച്ചിക്ക് കിട്ടിയതെന്നാണ് അപ്പന്റെ പക്ഷം. പുണ്യാളച്ചന്റെ കുന്തത്തിന്റെ മൂർച്ചയാണ് ഇവടെ നാക്കിന്. അമ്മച്ചിയെ അപ്പൻ എരി കേറ്റും.
ഒരു വൈയ്യിട്ട് തോട്ടത്തിൽനിന്നും വന്ന അപ്പൻ വളരെ ക്ഷീണിതനായിരുന്നു. മുഖമൊക്കെ കരിഞ്ഞ് കരുവാളിച്ചിരുന്നു. വന്നപാടെ തിണ്ണയിലേക്ക് ഒരു വീഴ്ചയായിരുന്നു. എന്റെ അടിവയറ്റിൽനിന്നും എന്തോ ഒന്ന് മുകളിലേക്ക് കേറിപ്പോയി. അമ്മച്ചീന്നുള്ള വിളി കേട്ടതും അന്നാമ്മച്ചി ഓടി വന്നു. ഒരൊറ്റ കാറിച്ചയായിരുന്നു അപ്പനെ കണ്ടതും അമ്മച്ചി.
‘‘എടി, എനിക്കൊന്നുമില്ല നീ വെറുതെ കൊച്ചിനെ പേടിപ്പിക്കാതെ.’’ അപ്പൻ അമ്മച്ചിയെ വഴക്കു പറഞ്ഞു.
‘‘ഇച്ചിരെ വെള്ളമെടുത്തോടി’’, അമ്മച്ചി അപ്പനെ താങ്ങിയിരുത്തി.
ഓട്ടുമൊന്ത നിറയെ വെള്ളം കുടിച്ചിട്ടും അപ്പന്റെ പരവേശം അടങ്ങിയില്ല.
‘‘ഓ എന്നാന്നറിയത്തില്ല. രാവിലെ മുതൽ താഴത്തെ ലൈനിൽ മരുന്നടിക്കുവാരുന്നു. ഒന്ന് നിവരാനുള്ള നേരം കിട്ടിയില്ല. രാഘവനും കൊച്ചാപ്പിയും രാമനും ഒണ്ടാര്ന്നു. ഞാനാ കെണറ്റിൻകരേ വെയിലത്ത് നിന്നാ മരുന്നു കൂട്ടിയെ. അപ്പഴെ ഒരേനക്കേട് തോന്നിയാരുന്നു. ഇച്ചിരെ മുത്ത ഇനാമാ ഈ പ്രാവശ്യം വന്നതെന്നാ തോന്ന്ന്നേ. ബാരൽ തൊറക്കുമ്പേഴേ വല്ലാത്തൊരു ചൂരടിച്ചാരുന്നു. ഞാനതൊന്നും ഗൗനിക്കാൻ പോയില്ല. ഇതിപ്പോ ഇന്നും ഇന്നലെയൊന്നും തുടങ്ങിയതല്ലല്ലോ?’’
വർത്താനത്തിനിടയിൽ അപ്പൻ കിതക്കുന്നുണ്ടായിരുന്നു.
ഇച്ചിരി കഴിഞ്ഞതും അപ്പൻ എണീറ്റിരുന്നു.
‘‘മോള് വാ നമുക്ക് കുളിച്ചേച്ചും വരാം.’’
അപ്പന്റെ കുളിയും നോക്കി കരയിലിരിക്കുമ്പോൾ എനിക്ക് വയറു വേദനിക്കാൻ തുടങ്ങി. വയറ്റിനുള്ളിൽ കമ്പിയിട്ടു കുത്തുന്നത് പോലുള്ള വേദന. നട്ടെല്ലുവഴി മൂർധാവിലേക്ക് കയറുന്നുണ്ട്. എനിക്കു തലചുറ്റുന്നു. ചുറ്റുമുള്ളത് ഒന്നും കാണാനാവുന്നില്ല. അപ്പാ… ഞാൻ ഉച്ചത്തിൽ കരഞ്ഞു.
അപ്പൻ എന്നെ തോളിലിരുത്തി വീട്ടിലെത്തിച്ചു. അപ്പന്റെ തോളിൽ കിടന്നിരുന്ന കള്ളിമുണ്ടിൽ ചോര പുരണ്ടിരുന്നു. അമ്മച്ചി എന്നെ മുറിയിലേക്ക് കൊണ്ടുപോയി. എന്റെ പാവാട ഉയർത്തി നോക്കി. കാലിടുക്കിലൂടെ ചിത്രമെഴുതിയതുപോലെ ചോരയുടെ നേർത്ത പാട്.
‘‘ദേ കൊച്ചേ, ഒരു കാര്യം ഞാൻ പറഞ്ഞേക്കാം. നീയെ മുതിർന്ന കൊച്ചായി. ഇനിയിങ്ങനെ അപ്പന്റെ ദേഹത്ത് കേറി ഊര് ചുറ്റാനൊന്നും നിക്കണ്ട.’’ അമ്മച്ചിയുടെ ഒച്ചയ്ക്ക് പതിവില്ലാത്ത കനമുണ്ടായിരുന്നു.
ഞാൻ ആറാംതരത്തിലേക്ക് ജയിച്ചു. ഒരുദിവസം സ്കൂൾ വിട്ടുവന്ന എന്നെ പിടിച്ച് അരികിലിരുത്തി അമ്മച്ചി കാപ്പി തന്നു. അമ്മച്ചിക്കെന്തോ എന്നോട് പറയാനുണ്ട്. അത്തരം സന്ദർഭങ്ങളിലേ അമ്മച്ചി എന്നെ പിടിച്ച് അരികിൽ ഇരുത്താറുള്ളൂ.
‘‘ന്നാ അമ്മച്ചി?’’
‘‘അത് മോളെ’’, പറയാൻ അമ്മച്ചിക്ക് നാണമുണ്ടായിരുന്നു. പതുക്കെ എന്റെ കയ്യെടുത്ത് അമ്മച്ചിയുടെ വയറിനു മുകളിൽ വെച്ചു.
‘‘നിനക്ക് കൂട്ടായി ഒരു കുഞ്ഞുവാവ വരുന്നു.’’ ഞാൻ അമ്മച്ചിയെ കെട്ടിപ്പിടിച്ച് ഉമ്മവെച്ചു. അമ്മച്ചി എന്റെ മകളും ഞാൻ അമ്മയുമായി മാറിയ ദിവസങ്ങൾ, ആ കൊല്ലത്തെ ക്രിസ്മസ് ഞങ്ങൾ അടിച്ചു പൊളിച്ചാഘോഷിച്ചു. പുൽക്കൂടും ഉണ്ണിയേശുവും വാനിലെ താരകളും ഞങ്ങൾക്ക് കൂട്ടായ് ഉണ്ടായിരുന്നു.
ജനുവരി ഒന്നാം തീയതി, അമ്മച്ചിക്ക് ഒരു വേദന വന്നു. അപ്പൻ വെങ്കിടേശ്വര സ്വാമിയുടെ ജീപ്പ് പിടിച്ചേച്ചു വന്നു. അമ്മച്ചിയെ കാസറഗോഡ് സർക്കാരാശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തം പോകുന്നു. വേഗത്തിൽ ഓപറേഷൻ തിയറ്ററിലേക്ക് മാറ്റി.
തീയിൽ വാട്ടിയെടുത്തതുപോലെ കരിഞ്ഞ നിറമായിരുന്നു കൊച്ചിന്. നേർത്ത കൈകാലുകൾ, കുഴിഞ്ഞ കണ്ണുകൾ, അതൊന്നുമായിരുന്നില്ല ഞങ്ങളെ സങ്കടപ്പെടുത്തിയത്. നാക്കൽപം പുറത്തേക്ക് തള്ളി വാ തുറന്നുവെച്ച നിലയിലായിരുന്നു അവൻ! അമ്മയുടെ മുല കുടിക്കാനാവാതെ ഏതു നേരവും കരഞ്ഞുകൊണ്ടേയിരുന്നു. മുലക്കണ്ണ് വായിലേക്ക് തള്ളി അമ്മച്ചി മുലയിൽ ഞെക്കിപ്പിടിച്ച് അവന്റെ വായിലേക്ക് പാൽ വീഴ്ത്താൻ ശ്രമിക്കുമെങ്കിലും കടവായിലൂടെ പാൽ മുഴുവനും പുറത്തേക്ക് ഒലിച്ചിറങ്ങും. സ്പൂണുകൊണ്ടു കോരി പാൽ ഒഴിച്ചു കൊടുക്കാൻ ശ്രമിക്കുമ്പോൾ തൊണ്ടയിൽ കുരുങ്ങി അവൻ ചുമച്ചു തുടങ്ങും. അമ്മ കരയാനും.
‘‘എടി, നമുക്കിതിനെ അങ്ങ് കൊന്നുകളഞ്ഞാലോ, എനിക്കാവുന്നില്ല ഇതിന്റെ സങ്കടം കാണാൻ, അതിലേറെ നിന്റെ കഷ്ടപ്പാട് കാണാൻ.’’
ഒരുദിവസം സഹികെട്ട് അപ്പൻ ചോദിച്ചു. അമ്മ അടുത്തുണ്ടായിരുന്ന ചൂലെടുത്ത് അപ്പനെ എറിഞ്ഞു.
അതോടെ അപ്പൻ മിണ്ടാതായി. പതിയെ അപ്പൻ സങ്കടങ്ങളെ റാക്കിൽ മുക്കിക്കൊല്ലാൻ തുടങ്ങി. എന്നോട് കളിചിരി പോയിട്ട് മിണ്ടാൻ തന്നെ വരാതായി. കുളിയും നനയും ചിലപ്പോൾ രണ്ട് ദിവസം ചിലപ്പോൾ ദിവസങ്ങളോളം വൈകി, അപ്പന് ഇഷ്ടമുള്ളപ്പോൾ നടക്കുന്ന പ്രക്രിയയായി മാറി. ലക്സിന്റെ വാസനക്കു പകരം കശുമാങ്ങയുടെ ചൂര് അപ്പനിൽ നിറഞ്ഞു. നിലാവുള്ള രാത്രികളിൽ തലപ്പാറയുടെ മുകളിൽ കയറിയിരുന്ന് നിലാവിനോടും കാറ്റിനോടും സംസാരിച്ചിരുന്ന, എന്നെ മാറത്തു കിടത്തി കഥ പറഞ്ഞുതന്നിരുന്ന അപ്പനെ എനിക്ക് നഷ്ടമായി. അപ്പനിപ്പോൾ ഇരുട്ടിനെ കൂടുതലായി സ്നേഹിക്കാൻ തുടങ്ങി.
ചീനുവിന് – അനിയനെ ഞാനങ്ങനെയാ വിളിക്കാറ് – നാലുവയസ്സായി. മലർന്നു കിടക്കാനല്ലാതെ മറ്റൊന്നിനും ആകാതെ അവൻ വളരുകയാണ്. അവനെ കാണുമ്പഴെ അപ്പന് കലിയിളകും.
‘‘ഈ കുരിപ്പിനെ എടുത്തോണ്ട് പോടി, മനുഷ്യന്റെ സ്വൈര്യം നഷ്ടപ്പെടുത്താൻ കൊണ്ടു കിടത്തിയിട്ട് എന്ത് മലമറിക്കാനാടി നീ പോയെ?’’
അപ്പൻ അലറും.
അമ്മ നിശ്ശബ്ദം കരയും. രാത്രിയിൽ മണിക്കൂറോളം മുട്ടേൽനിന്ന് പ്രാർഥിക്കും.
ഒരു കർക്കടകമാസം. രാത്രി മുഴുക്കെ മഴ പെയ്യുകയായിരുന്നു. ചീനുവിന്റെ തൊണ്ടയിലെ കുറുകൽ അതിനും മീതെ ഉയർന്നു. ഉറങ്ങാതെ കുറെ നേരം കിടന്നു. പിന്നീടെപ്പോേഴാ ഉറങ്ങിപ്പോയി. അമ്മയുടെ നിലവിളി കേട്ടിട്ടാണ് ഉണർന്നത്. നേരം പുലർന്നിരുന്നു.
ചീനു മരിച്ചുപോയിരുന്നു. അപ്പൻ ഗൗനിക്കാതെ ഇറങ്ങിപ്പോയി. അയൽക്കാർ തൊടിയിൽ ഒരു കുഴിയെടുത്ത് അവനെ അടക്കം ചെയ്തു. പള്ളിമണികളോ പ്രാർഥനകളോ കൂട്ടില്ലാതെ അവൻ യാത്രയാകുന്നത് സങ്കടത്തോടെ നോക്കിനിന്നു. അമ്മ അപ്പോഴും കിടന്ന കിടപ്പിൽനിന്നും എണീറ്റിരുന്നില്ല.
‘‘നന്നായി നീ രക്ഷപ്പെട്ടല്ലോ’’, രാത്രി അമ്മയുടെ അരികിൽ വന്നിരുന്ന് അപ്പൻ പറഞ്ഞു.
‘‘പോക്കോണം എന്റെ മുന്നീന്ന്. നിങ്ങള് എന്നാ കോപ്പിലെ അപ്പനാ? സ്വന്തം കൊച്ച് പോയപ്പം സന്തോഷിക്കാൻ മാത്രം നിങ്ങടെ മനസ്സ് എന്നതാ കല്ലാണോ?’’
‘‘എടീ അതല്ല, നിന്റെ കഷ്ടപ്പാട് കണ്ടിട്ടാ ഞാൻ’’, അപ്പൻ വീർപ്പുമുട്ടുന്നത് കണ്ടപ്പം എനിക്ക് സങ്കടം തോന്നി.
‘‘പിന്നെ എന്റെ കഷ്ടപ്പാട്, നാളെ നിങ്ങക്ക് എന്തെങ്കിലും വന്നാ ഞാൻ നിങ്ങളെ കൊന്നുകളയട്ടെ?’’ അമ്മച്ചിയുടെ മുഖം പഴുത്തു തുടങ്ങിയിരുന്നു. ഇനി ഇവിടെ നിന്നാൽ ശരിയാകത്തില്ല. പലതും കാണേണ്ടിവരും. ഞാൻ പുറത്തേക്കിറങ്ങി.
‘‘പോടി മൈ… അവടെ...’’ ബാക്കി വിഴുങ്ങി പച്ചോലപ്പാമ്പിനെ പോലെ അപ്പൻ പുറത്തേക്ക് തെറിച്ചു.
ഒതുക്കുകല്ലിൽ തടഞ്ഞു വീണ അപ്പനെ താങ്ങിയെഴുന്നേൽപിക്കാനാവാതെ ഞാൻ കരഞ്ഞു. അന്നാമ്മച്ചിയാണെങ്കിൽ കല്ലുപോലെ ഒറ്റ ഇരിപ്പിരുന്നു.
പിന്നീടെല്ലാ രാത്രികളിലും അപ്പൻ മദ്യത്തിൽ മുങ്ങിക്കുളിച്ച് വന്നു. അപ്പൻ ആളാകെ മാറിയിരുന്നു. അമ്മച്ചി എല്ലാം നിശ്ശബ്ദം സഹിച്ചു.
ആയിടക്കാണ് അപ്പൻ വഴിയിൽ തളർന്നുവീണത്. കണ്ടത്തിൽ ചിരുതമ്മയുടെ വാറ്റുപുരയിൽനിന്നുള്ള വരവായിരുന്നു. കുന്നുംപുറത്തെത്തുമ്പോൾ കല്ലേൽതട്ടി തെറിച്ചുവീണു. അത്തിക്കൽ രാമേട്ടനും രാഘവൻ ചേട്ടായിയുംകൂടി പൊക്കി എടുത്ത് വീട്ടിൽ കൊണ്ടുവന്നു. രണ്ടു ദിവസം ഒരേ കിടപ്പ് കിടന്നു. മൂന്നിന്റന്ന് എഴുന്നേറ്റ് വീണ്ടും പുറത്തേക്ക് പോകാനൊരുങ്ങിയ അപ്പനെ അമ്മച്ചി തടഞ്ഞു.
‘‘നിങ്ങള് ഇങ്ങനെ നാടുനീളെ നടന്ന് കുടിക്കേണ്ട, നിങ്ങൾക്കാവശ്യമുള്ളത് ഞാൻ വാറ്റിത്തരാം.’’
‘‘ഓ പിന്നെ, ഒരു വാറ്റുകാരത്തി വന്നിരിക്കുന്നു. പോക്കോണം എന്റെ മുന്നീന്ന്. ചിരുതമ്മയെ പോലെ വാറ്റാൻ നിനക്കാവുമോടി എന്നാ നീ വാറ്റ്, ഫൂ…’’
കരയാൻപോലുമാകാതെ അമ്മച്ചി നിന്നുരുകി.
‘‘ഞാൻ കുടിക്കും പെടുക്കും... ഒരുത്തിയും ചോദിക്കാൻ വരണ്ട.’’ അപ്പൻ ഇറങ്ങിപ്പോയി. പിറകെ തന്നെ ഞാനും പോയി.
കൊല്ലിക്കടവും കടന്ന് ചിരുതമ്മയുടെ വാറ്റുപുരയിൽ എത്തുമ്പഴേക്കും തളർന്നുപോയിരുന്നു. അകലെ കുന്നിൻമുകളിൽ ജെ.സി.ബി മുരണ്ടുകൊണ്ടിരുന്നു. റബർ നടാനുള്ള മുന്നൊരുക്കം. ചിരുതമ്മയുടെ കമുകിൻ തോട്ടത്തിൽ പുല്ലാഞ്ഞി കാടിനു മറവിൽ ഞാനിരുന്നു.
വാറ്റാനുള്ള ഒരുക്കത്തിലായിരുന്നു ചിരുതമ്മ. ഉടുത്തിരുന്ന കാങ്കിയുടെ തെല്ല് എടുത്ത് അരയിൽ തിരുകിയിരുന്നു. കുടുക്കില്ലാത്ത വട്ടക്കഴുത്തുള്ള, ഏലിയാമ്മച്ചിയുടെ ചട്ട പോലുള്ള, ഉടുപ്പ്. വലിയ അമ്മിഞ്ഞകളായിരുന്നു ചിരുതമ്മക്ക്. കുനിയുമ്പോൾ അവ കാങ്കിയുടെ തെല്ലിനെ എത്തിപ്പിടിക്കാൻ ശ്രമിക്കും. വലിയ കാതുകളിൽ സ്വർണത്തോട. നരച്ച ചുരുണ്ട മുടി.
വലിയ വട്ടളത്തിൽ കീറിയിട്ടിരുന്ന പറങ്കിമാങ്ങ മിശ്രിതം വാവട്ടമുള്ള ഒരലൂമിനിയം പാത്രത്തിലേക്ക് ഒഴിച്ച് അവർ അടുപ്പുകല്ലിലേക്ക് എടുത്തുവെച്ചു. അതിനു മുകളിൽ വെളുത്തമുണ്ട് വിരിച്ച് അതിനകത്തേക്ക് ഒരു കുഞ്ഞുചെരുവം കൂടി വെച്ച് കലത്തിൽനിന്നും ഈർപ്പം പുറത്തേക്ക് പോകാത്ത തരത്തിൽ കെട്ടിവെച്ചു. വലിയൊരു ചെരുവം അതിനു മോളീവെച്ച് അതീ പച്ചവെള്ളം നിറച്ചു. വെള്ളം ചൂടാവുന്നതിനനുസരിച്ച് കോരി മാറ്റി വീണ്ടും വെള്ളം നിറച്ചു. നാലഞ്ച് പ്രാവശ്യം അതങ്ങനെ തുടർന്നു.
വെളിച്ചപ്പാടിനെ പോലെ വിറച്ചുകൊണ്ട് അപ്പൻ വാറ്റുപുരയുടെ ഒരു മൂലയിൽ നിൽക്കുന്നുണ്ട്. കരയിൽ പിടിച്ചിട്ട മീനിനെ പോലെ പെടക്കണ വലതുകൈത്തലം ഇടതുകൈകൊണ്ട് പിടിച്ചമർത്താൻ ശ്രമിച്ച് പരാജയമടയുന്ന അപ്പന്റെ ദയനീയഭാവം കണ്ട് ഞാൻ സങ്കടപ്പെട്ടു. എന്റെ ഉള്ളീനിന്നും മൊളച്ചുപൊങ്ങിയ കരച്ചിലിനെ ഞാൻ ചവുട്ടിയരച്ചു.
ചിരുതമ്മ അഞ്ചാമത്തെ വട്ടം വെള്ളം മുഴുക്കെ കോരിമാറ്റി ചെരുവം പൊറത്തേക്കെടുത്തു. വാമൂടിക്കെട്ടിയ കലത്തിനകത്തെ ചെറിയ ചെരുവത്തിൽനിന്നും പറങ്കിമാങ്ങാറാക്കിന്റെ മണം ചുറ്റിലും പരന്നു. വളരെ സൂക്ഷ്മതയോടെ ചിരുതമ്മ റാക്ക് നിറഞ്ഞ പാത്രം പൊറത്തെടുത്ത് തണുത്തവെള്ളം നിറച്ച പാത്രത്തിൽ വെച്ചു.
‘‘മതി ചേച്ചി തണുത്തത് മതി, ഒരരക്കുപ്പിറാക്ക് ഈ പാത്രത്തിലേക്കൊഴിക്ക്’’, ചോറുണ്ണുന്ന കിണ്ണം നീട്ടി അപ്പൻ ആവശ്യപ്പെട്ടു.
‘‘കൊടല് ബെന്തു പോവും കുരിപ്പെ, ഇങ്ങനെ പതക്ക്ന്നത് കുടിച്ചാല്.’’
‘‘എന്നാ കരിയാനാ ചേച്ചി? ഇനിയെന്നാ ബാക്കി കെടക്കുന്നേ? എന്റെ ശരീരമപ്പടി കുരിപ്പ് മൊളച്ചിരിക്കയാണെന്നാ ഡോക്ടറു പറഞ്ഞിരിക്കുന്നെ! ഇച്ചിരി ചൂട് അകത്ത് ചെന്നാ വേദനക്കിത്തിരി ആശ്വാസം കിട്ടുമല്ലോന്നോർത്താ! അല്ലാ ഇനി ബാക്കി വല്ലതുമുണ്ടെങ്കി അതൊക്കെ കരിഞ്ഞു പോകുന്നെങ്കിൽ പോകട്ടെന്നെ... ആശുപത്രീ കെടന്ന് നരകിക്കേണ്ടല്ലോ?’’
പാത്രത്തിലേക്ക് അവർ പകർന്ന റാക്ക് ഒറ്റവലിക്ക് അകത്താക്കി അപ്പൻ നിസ്സാരഭാവത്തിൽ പറഞ്ഞു.
കുത്തിവെച്ച മരുന്നിന്റെ ബലത്തിൽ മയങ്ങുകയാണ് അപ്പൻ. എപ്പോഴാണ് ഞെട്ടിയുണരുക എന്നറിയത്തില്ല. ഇടക്ക് ഉണരുമ്പോൾ തന്നിലേക്കിറങ്ങിപ്പോകുന്ന കുഴലുകൾ നോക്കി സംസാരിക്കാനാവാതെ കരയുന്ന അപ്പനെ കാണുന്നതാണ് ഏറ്റവും സങ്കടം.
‘‘മോളെ, എനിക്കിനി വെള്ളമിറക്കി മരിക്കാൻ ആകുമോ?’’ ഇന്നലെയും ഇന്നുമായി ഈ ചോദ്യം മാത്രമെ അപ്പനിൽനിന്നും ഇറ്റുവീണിരുന്നുള്ളൂ.’’
സന്ധ്യയായി, ആശുപത്രിയിലെ വിളക്കുകൾ മടിച്ച് മടിച്ച് കൺതുറന്നു. അപ്പന്റെ കണ്ണുകൾ താഴ്ന്നു പോകുന്നതായി എനിക്ക് തോന്നി. അമ്മച്ചിയുടെ ചുണ്ടുകൾ അതിവേഗത്തിൽ പ്രാർഥന ഉരുവിട്ടുകൊണ്ടിരുന്നു. ഞാൻ അപ്പന്റെ കൈകൾ മടിയിലേക്കെടുത്തു വെച്ച് തടവിക്കൊണ്ടിരുന്നു. പതിയെ പതിയെ അപ്പന്റെ ബോധം…
തൊടിയിൽ അനിയന്റെ കുഴിമാടത്തിനു ചുറ്റും വിരിഞ്ഞുനിൽക്കുന്ന ശവം നാറിപ്പൂക്കൾ, അവ അപ്പനെ നോക്കി ചിരിക്കുംപോലെ കാറ്റത്ത് ഇളകിക്കൊണ്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.