പ്ലക് പ്ലക് പ്ലക് പ്ലക് പ്ലക്.കൃത്യമായ താളത്തിൽ കൈകൊട്ട് കേട്ടുകൊണ്ടാണ് ഞാൻ കോളജിൽ എത്തിച്ചേർന്നത്. കോളജിന്റെ ഗേറ്റ് കടന്ന് ഞാൻ കാർ നിർത്തി. അപ്പോൾതന്നെ രണ്ട് എൻ.എസ്.എസ് വളന്റിയർമാർ ഓടിവന്നു. ഒരാൾ ഡോർ തുറന്നുതന്നു. രണ്ടാമത്തെയാൾ, ഒരു പെൺകുട്ടി, എന്നെ ബൊക്കെ തന്നു സ്വീകരിച്ചു. കൃത്യമായി വെട്ടിയൊതുക്കിയ പൂക്കളും ഇലകളും വൃത്തിയുള്ള പ്ലാസ്റ്റിക്കു കൊണ്ട് പൊതിഞ്ഞ ബൊക്കെ. ആൺകുട്ടിയും പെൺകുട്ടിയും വടിവൊത്ത യൂനിഫോം ധരിച്ചിരിക്കുന്നു. തിളങ്ങും വിധത്തിൽ ഷൂസ്...
പ്ലക് പ്ലക്
പ്ലക് പ്ലക് പ്ലക്.
കൃത്യമായ താളത്തിൽ കൈകൊട്ട് കേട്ടുകൊണ്ടാണ് ഞാൻ കോളജിൽ എത്തിച്ചേർന്നത്. കോളജിന്റെ ഗേറ്റ് കടന്ന് ഞാൻ കാർ നിർത്തി. അപ്പോൾതന്നെ രണ്ട് എൻ.എസ്.എസ് വളന്റിയർമാർ ഓടിവന്നു. ഒരാൾ ഡോർ തുറന്നുതന്നു. രണ്ടാമത്തെയാൾ, ഒരു പെൺകുട്ടി, എന്നെ ബൊക്കെ തന്നു സ്വീകരിച്ചു. കൃത്യമായി വെട്ടിയൊതുക്കിയ പൂക്കളും ഇലകളും വൃത്തിയുള്ള പ്ലാസ്റ്റിക്കു കൊണ്ട് പൊതിഞ്ഞ ബൊക്കെ. ആൺകുട്ടിയും പെൺകുട്ടിയും വടിവൊത്ത യൂനിഫോം ധരിച്ചിരിക്കുന്നു. തിളങ്ങും വിധത്തിൽ ഷൂസ് പോളിഷ് ചെയ്തിരിക്കുന്നു. അതിവിശിഷ്ടാതിഥിയെ എന്നപോലെ അവർ എന്നെ ഹാളിനുള്ളിലേക്ക് ആനയിച്ചു കൊണ്ടുപോയി.
‘‘നിങ്ങൾ എം.എ ക്ലാസിൽതന്നെയല്ലേ പഠിക്കുന്നത്?’’, ഞാൻ ചോദിച്ചു.
‘‘അതെ സാർ. ഞാൻ എം.എ പൊളിറ്റിക്കൽ സയൻസ്. അവൻ എക്കണോമിക്സ്.’’
നഗരത്തിലെ പ്രശസ്തമായ സ്വകാര്യ കോളജാണ്. ഹാളിലേക്ക് നടക്കുമ്പോൾ, പുല്ല് വെട്ടിക്കൊണ്ടിരുന്ന മീശക്കാരൻ എന്നെക്കണ്ട് എണീറ്റുനിന്നു. രാകി മിനുക്കിയ കത്രിക താഴ്ത്തിപ്പിടിച്ച് അയാൾ ഭവ്യതയോടെ ഒന്നു കുനിഞ്ഞു. ഞാൻ മുന്നോട്ട് നടന്നതും അനുസരണക്കേട് കാട്ടിയ പുൽത്തലപ്പുകളെ അരിഞ്ഞൊതുക്കുന്ന പണിയിലേക്ക് അയാൾ മടങ്ങിപ്പോയി. നേരത്തേ കേട്ട താളത്തിൽ പുല്ല് വെട്ടാൻ തുടങ്ങി.
പ്ലക് പ്ലക്
പ്ലക് പ്ലക് പ്ലക്.
എ.സി ഹാളായിരുന്നു. അനവധിപേരെ ഒന്നിച്ച് അടക്കാവുന്ന വലിയൊരു ശവപേടകംപോലെ ആ ഹാൾ. ഞാൻ ഉള്ളിലേക്ക് കടന്നതും അതിനുള്ളിൽ ഉണ്ടായിരുന്ന നൂറ്റിയൊന്നു കുട്ടികളും എണീറ്റുനിന്നു. അച്ചടക്കത്തോടെ കൈയടിക്കാൻ തുടങ്ങി. നീണ്ട പരിശീലനം കൊണ്ടാവണം, അപതാളമേൽക്കാതെ കൃത്യമായിരുന്നു ആ കൈയടി. എൻ.എസ്.എസ് കോഓഡിനേറ്ററായ അധ്യാപകൻ ഒരു മ്യൂസിക് കേമ്പാസറെപ്പോലെ കൈകൾ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നത് പിന്നീടാണ് ശ്രദ്ധിച്ചത്. അയാൾ സ്വാഗതം പറയുമ്പോൾ ഞാൻ മറ്റൊരു കാലത്തിലേക്ക് ഊണ്ടുപോയി. കോട്ട കെട്ടി മറച്ച ഈ കോളജിലേക്ക് സമരവുമായി ഞാൻ വന്നിട്ടുണ്ട്. സമൃദ്ധവും മിനുസവുമായ ശരീരങ്ങളും ഏറ്റവും പുതിയ വസ്ത്രങ്ങളും ധരിച്ച ഇവിടത്തെ സുന്ദരിമാരെ കാണുക മാത്രമായിരുന്നു എന്റെ ഉദ്ദേശ്യം. അന്നൊക്കെ പൊലീസിന്റെ ലാത്തിയടിയും ഏറ്റിട്ടുണ്ട്. അയാൾ സ്വാഗതം അവസാനിപ്പിച്ചു.
പ്ലക് പ്ലക്
പ്ലക് പ്ലക് പ്ലക്.
കൈയടി ഞാൻ പ്രസംഗം ആരംഭിക്കുന്നതു വരെ തുടർന്നു.
‘‘വലിയ പോരാട്ടങ്ങൾ നടന്ന നഗരമാണിത്. അധികാരത്തിന്റെ വലിയ എടുപ്പുകൾക്കും അഹമ്മതികൾക്കും എതിരെ ഈ നഗരത്തിലെ മനുഷ്യർ കൂറ്റൻ പ്രതിഷേധങ്ങൾ നടത്തിയിട്ടുണ്ട്. ലോകത്തിന്റെ ഏതെങ്കിലും കോണിൽ മനുഷ്യാന്തസ്സിന് അപമാനം നേരിട്ടപ്പോഴൊക്കെ ഈ നഗരത്തിലെ മനുഷ്യർ പോരാട്ടം നടത്തിയിട്ടുണ്ട്. വർണങ്ങൾക്കും രാജ്യാതിർത്തികൾക്കും അപ്പുറം മനുഷ്യനെ ഉയർത്തിപ്പിടിച്ച വലിയ മനുഷ്യർ പോരാടി മരിച്ചുപോയ നഗരമാണിത്.’’
ആമുഖമായി പറഞ്ഞശേഷം ഞാൻ സദസ്സിലേക്ക് നോക്കി. കഠിനമായ കായിക പരിശീലനത്തിലൂടെയും കൃത്യമായ ഡയറ്റിങ്ങിലൂടെയും പ്രോട്ടീൻ മിനുങ്ങുന്ന പേശി സ്വന്തമാക്കിയവരായിരുന്നു ആൺകുട്ടികൾ ഏറെയും. യൂറോപ്യൻ മുഖച്ഛായയിലേക്ക് ഏകീകരിക്കപ്പെട്ട പെൺകുട്ടികളും.
എനിക്ക് അമിതമായി തണുക്കാൻ തുടങ്ങി. ‘‘എ.സി ഒന്ന് കുറക്കാമോ?’’, ഞാൻ ചോദിച്ചു. മുൻസീറ്റിലിരുന്ന് എന്റെ പ്രസംഗം നോട്ട് ബുക്കിൽ കുറിച്ചെടുക്കുകയായിരുന്ന വിദ്യാർഥി ചാടിയെണീറ്റു.
‘‘സാർ, 16 ഡിഗ്രി ഇവിടെ ഫിക്സ്ഡാണ്. മാത്രമല്ല, അത് നിയന്ത്രിക്കാനുള്ള റിമോട്ട് കൺട്രോൾ പ്രിൻസിപ്പാളിന്റെ കൈയിലുമാണ്.’’
ഒരുപക്ഷേ, കൂടുതൽ തണുത്ത കാലാവസ്ഥയുള്ള ഒരു ദേശത്തേക്ക് കുടിയേറാനുള്ള പരിശീലനം കൂടി മാനേജ്മെന്റ് ഉദ്ദേശിക്കുന്നുണ്ടാവാം. ഞാൻ പ്രസംഗം തുടർന്നു: ‘‘നിങ്ങൾക്കറിയാമോ എന്നറിയില്ല, സ്വാതി തിരുനാളിനെ ‘തിരുവിതാംകൂർ നീചൻ’ എന്നു വിളിച്ച ഒരു ധീരൻ ഇവിടെ ജീവിച്ചിരുന്നു. വലിയൊരു ജാഥ നയിച്ച് നഗരം വളഞ്ഞു ആ മനുഷ്യൻ. അയ്യാ വൈകുണ്ഠസ്വാമി. ജയിലിലായി. വീരനെപ്പോലെ മരിച്ചു.’’ ഞാൻ ഒന്നു നിർത്തി. സദസ്സിനെ നോക്കി. തണുപ്പ് അവരെയും ബാധിച്ചിരിക്കുന്നു എന്ന് തോന്നി. എന്നാൽ, അടുത്ത നിമിഷത്തിൽ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് സദസ്സ് ഒന്നാകെ എണീറ്റ് നിന്നു.
പ്ലക് പ്ലക്
പ്ലക് പ്ലക് പ്ലക്.
മൂന്ന് പ്രാവശ്യം കൈയടിച്ചശേഷം അവർ അച്ചടക്കത്തോടെ ഇരുന്നു.
‘‘നിങ്ങൾക്ക് പൊന്നറ ശ്രീധറെ അറിയുമായിരിക്കും. ഈ നഗരത്തിന്റെ ഉഗ്രശാസനയായിരുന്നു അണ്ണൻ. ചൂടുപിടിച്ച സമരശാലയിലേക്ക് അണ്ണൻ ചാടിയിറങ്ങിയത് ഇതുപോലൊരു പാഠശാലയിൽനിന്നുമായിരുന്നു. ഇരുപത്തഞ്ച് ജയിൽവാസങ്ങളും അസംഖ്യം മർദനങ്ങളും ഏറ്റുവാങ്ങി. ഭഗത് സിങ്ങിന്റെ നൗജവാൻ സഭ സ്ഥാപിച്ച് തിരുവിതാംകൂർ രാജ്യത്തെ വെല്ലുവിളിച്ചു. ഓർമ വേണം. ഈ നഗരത്തിന്റെ ശബ്ദമായിരുന്നു.’’
ഞാൻ നിർത്തി. കൈയടിക്ക് വേണ്ടിയാവണം ഞാൻ നിർത്തിയതെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ടാവും. സദസ്സ് ഒന്നാകെ എണീറ്റ് നിന്നു. ഇളതെങ്കിലും കനത്ത പേശികൾ തുടിക്കുന്ന കൈകൾകൊണ്ട് അവർ കൈയടിച്ചു.
പ്ലക് പ്ലക്
പ്ലക് പ്ലക് പ്ലക്.
ഹാളിലെ തണുപ്പ് അനുനിമിഷം വർധിച്ചുവന്നു. ക്രമേണ അത് മരവിപ്പായി മാറുന്നതായി എനിക്ക് തോന്നി. മരവിപ്പ് എന്ന വാക്കിന്റെ ശബ്ദതാരാവലിയിലെ സ്ഥാനം മരണം എന്ന വാക്കിൽനിന്നും ഏറെ അകലെയല്ലാതെയാണല്ലോ എന്ന് ഞാനപ്പോൾ ഓർത്തു. ഞാനുൾപ്പെടെ ഈ ഹാളിലുള്ള സകല മനുഷ്യരും ഇങ്ങനെ ശൈത്യത്തിന്റെ കൊടും കടിയേറ്റ് മരിച്ച് മരവിച്ചുപോകുമായിരിക്കും. അപ്പോഴും ഞങ്ങളെ കണ്ടാൽ ജീവനുണ്ടെന്നുതന്നെ തോന്നും. ചിരിച്ചുകൊണ്ടും ചിന്തിച്ചുകൊണ്ടും കേട്ടുകൊണ്ടും നിശ്ചലരായി ഇരിക്കുന്നെന്ന്.
പറയുന്നെങ്കിൽ ഒരുപാടുണ്ട്. ഈ നഗരത്തോട് ചേർന്നു കിടക്കുന്ന ഒരു ഗ്രാമത്തിൽനിന്നാണ് ഞാൻ വരുന്നത്. നാൽപതുകളിൽ സ്ഥാപിച്ച ഒരു വായനശാല ഉണ്ടവിടെ. യുനൈറ്റഡ് ലൈബ്രറി. ഈയിടെ ഞാൻ അവിടത്തെ പഴയ ഗ്രന്ഥശേഖരങ്ങൾ തപ്പുകയായിരുന്നു. കൂട്ടത്തിൽ ഒരുകെട്ട് കൈയെഴുത്ത് മാസികകൾ കൈയിൽ തടഞ്ഞു. ഇപ്പോഴും മഷി മങ്ങാത്ത, അനവധി ചിത്രങ്ങളും കവിതകളും അനുഭവങ്ങളും കൂട്ടിച്ചേർത്ത ആ മാസികകളിലൊന്ന് ഞാൻ തുറന്നുനോക്കി. ഇന്ന് ജീവനോടെയില്ലാത്ത അന്നത്തെ ചെറുപ്പക്കാരുടെ ഭാവനകളായിരുന്നു അത് നിറയെ.
കൂട്ടത്തിലൊരെണ്ണം എന്നെ വല്ലാതെ അഭിമാനപുളകിതനാക്കി. മനോഹരമായ കൈപ്പടയിൽ തയാറാക്കിയ ഒന്ന്. അതിന്റെ നടുപ്പേജിൽ വലിയ അക്ഷരങ്ങളിൽ കടും നീലനിറത്തിൽ ഒരുഗ്രശാസന പതിച്ചിട്ടുണ്ടായിരുന്നു. അതിങ്ങനെയായിരുന്നു: യാങ്കികളേ ഏഷ്യ വിടുക! ഞാൻ പെട്ടെന്ന് അത് എഴുതിയ കാലം മറിച്ചുനോക്കി. 1968. ഹൊ! ആ കാലത്തെ കലുഷിതമായ ഏഷ്യാ ഭൂഖണ്ഡം എന്റെ മനസ്സിൽ മിന്നിമറഞ്ഞു. വിയറ്റ്നാമിൽ യു.എസ് അധിനിവേശം നടക്കുകയാണ്. ഈ നാട്ടിലെ മനുഷ്യർ അതിനെതിരെ ശബ്ദിക്കുകയാണ്. തൊട്ടയൽപക്കത്തെ ഗ്രാമത്തിൽപോലും വായിക്കും എന്നുറപ്പില്ലാത്ത, മാഞ്ഞുപോകാവുന്ന മഷികൊണ്ട് വിലകുറഞ്ഞ കടലാസിലെഴുതിക്കൊണ്ട് അവർ ലോകത്തിലെ ഏറ്റവും വലിയ ആയുധശക്തിയെ ശാസിക്കുകയാണ്: യാങ്കികളേ ഏഷ്യ വിടുക!
ഞാൻ പ്രസംഗം നിർത്തി. തണുത്തിരുന്ന സദസ്സ് പെട്ടെന്ന് ചാടിയെണീറ്റു. യന്ത്രകൃത്യതയോടെ കൈയടിച്ചു:
പ്ലക് പ്ലക്
പ്ലക് പ്ലക് പ്ലക്.
എന്നിട്ട് അച്ചടക്കത്തോടെ സീറ്റുകളിൽ ഇരുന്നു.
‘‘ഇരുപത്തേഴ് വർഷം ജയിലിൽ കിടന്ന നെൽസൺ മണ്ഡേലക്ക് വേണ്ടി ഈ നഗരം സ്തംഭിച്ചിട്ടുണ്ട്. നൈജീരിയൻ ഭരണകൂടം കെൻ സാരോ വിവ എന്ന കവിയെ തൂക്കിക്കൊന്നപ്പോൾ ഇവിടത്തെ വിദ്യാർഥികൾ പ്രതിഷേധിച്ചിട്ടുണ്ട്. തൊണ്ണൂറുകളിൽ ഇവിടത്തെ വൈസ് ചാൻസലറുടെ ബിരുദത്തിന് എന്തോ തകരാറുണ്ടെന്നറിഞ്ഞ് മാസങ്ങൾ ഈ നഗരത്തിൽ ചോരപ്പുഴ ഒഴുകിയിട്ടുണ്ട്. നിങ്ങൾക്കറിയാമോ, 2006ൽ സദ്ദാം ഹുസൈനെ തൂക്കിലേറ്റിയ പുലർകാലത്ത്, മൂന്ന് മണിക്ക് ഇവിടത്തെ നൂറുകണക്കിന് വിദ്യാർഥികൾ എം.ജി റോഡിൽ പ്രകടനം നടത്തി. ഘോരമായ ശബ്ദത്തിൽ മുദ്രാവാക്യങ്ങൾ മുഴക്കി. വലിയ സാമ്രാജ്യങ്ങൾ അത് കേൾക്കില്ലെന്നറിഞ്ഞുകൊണ്ടുതന്നെ. വലിയ പർവതങ്ങളെ മണൽത്തരികൊണ്ട് എറിഞ്ഞ് പൊള്ളിക്കുന്നപോലെ അവർ മുദ്രാവാക്യം വിളിച്ചു.
കാരണം, അവർ ചെറുപ്പമായിരുന്നു. ചെറുപ്പത്തിന്റെ ധീരത എന്നപോലെ നിഷ്കളങ്കതയും അവർക്കുണ്ടായിരുന്നു. അവർക്ക് ആരെയും ഭയമില്ലായിരുന്നു.’’
ഹാളിലെ തണുപ്പ് അസഹ്യമായി തുടങ്ങി. പ്രസംഗം ഇനിയും നീട്ടിക്കൊണ്ട് പോകാനാവില്ല എന്നെനിക്ക് മനസ്സിലായി. ഞാൻ തുടർന്നു.
‘‘ഒരു നഗരത്തിൽ അനീതി നടന്നാൽ, സൂര്യാസ്തമയത്തിന് മുമ്പ് അവിടെ കലാപമുണ്ടാവണം. ഇല്ലെങ്കിൽ ഇരുട്ടും മുമ്പ് ആ നഗരം കത്തിയമരണം. ഈ വാചകം നിങ്ങൾ കേട്ടിട്ടുണ്ടാവും. ഇതാ ഇവിടെ ഒരനീതി സംഭവിച്ചിരിക്കുന്നു. രണ്ട് പെൺകുട്ടികളെ പൂർണ നഗ്നരാക്കി നിങ്ങളുടെ തെരുവിലൂടെ നടത്തിയിരിക്കുന്നു. അനവധി പുരുഷൻമാർ ചേർന്ന് അവരെ കൂട്ടബലാത്സംഗം ചെയ്തിരിക്കുന്നു. ഞാനവസാനിപ്പിക്കുകയാണ്. ഇത്രയും തണുപ്പ് എനിക്ക് ശീലമല്ല. എല്ലാവർക്കും നന്ദി.’’
സദസ്സ് ഒന്നടങ്കം എണീറ്റു നിന്നു. അജ്ഞാതനായ ഏതോ അധികാരി ഏതോ കാലത്തിരുന്ന് ചിട്ടപ്പെടുത്തിയ താളത്തിൽ അവർ അച്ചിട്ട് നിരത്തിയതുപോലെ കൈയടിക്കാൻ തുടങ്ങി.
പ്ലക് പ്ലക്
പ്ലക് പ്ലക് പ്ലക്.
സദസ്സ്, ആൺ പെൺ എന്ന് രണ്ടു വരിയായി പിരിഞ്ഞു. അവരുടെ നടുവിൽ ഒരു പ്രഭുവിനെ പോലെ ഞാൻ നിന്നു. ഓട്ടോഗ്രാഫിനായി അവർ പുസ്തകങ്ങൾ നീട്ടി. ഞാൻ ‘തണുപ്പ് തണുപ്പ്’ എന്ന് എല്ലാത്തിലും എഴുതി. കൈയടികളോടെ അവർ എന്നെ കാറിലേക്ക് ആനയിച്ചു. ഒരാൾ എനിക്ക് ഡോർ തുറന്നു തന്നു. ഞാൻ ഡ്രൈവിങ് സീറ്റിലിരുന്നു. അപ്പോഴും അവർ കൈയടി തുടർന്നു.
ഞാൻ കാർ മുന്നോട്ടെടുത്തു. ഉടയാത്ത യൂനിഫോം ധരിച്ച അവർ അച്ചടക്കത്തോടെ തിരികെ നടന്നുപോകുന്നത് ഞാൻ റിയർവ്യൂ മിററിൽ കണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.