ഫോൺകാളാണ് അയാളെ എഴുന്നേൽപിച്ചത്. ഷോക്ക് വിട്ടുമാറാതെ കുറച്ചുസമയം ബെഡിൽതന്നെ ഇരുന്നു. റൂമിന്റെ മൂലയിൽ വെച്ച കെണിയിൽ കുടുങ്ങിയ എലി തന്നെത്തന്നെ നോക്കുന്നതായി അനിരുദ്ധിന് തോന്നി
തന്റെ മുന്നിലേക്ക് ഇറക്കിവെച്ച കുരുക്കിൽ നിന്നും രക്ഷപ്പെടാനായി എലി പരാക്രമംകാട്ടി പാഞ്ഞുകൊണ്ടിരുന്നു. വിശപ്പിന് മുന്നിൽ കെണിയാണെന്ന് ഒരുവട്ടം മറന്നതാണ്. വരാനിരിക്കുന്ന സെക്കൻഡുകളിലൊന്നിൽ തൂങ്ങിനിൽക്കുന്ന കുരുക്കിൽ മുറുകുമെന്ന് ഉറപ്പാണ്. എന്നിട്ടും അത് പരാക്രമം പാഞ്ഞുകൊണ്ടിരുന്നു. അനിരുദ്ധ് തന്റെ കൈയിലെ ഈർക്കിൽകൊണ്ട് ഉണ്ടാക്കിയെടുത്ത കുരുക്ക് എലിയുടെ കഴുത്തിലേക്ക് ഇടാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഒരു നിമിഷം തന്റെ കഴുത്തിന് ചുറ്റും ഒരു കുരുക്ക് മുറുകുന്നതായി അയാൾക്ക് അനുഭവപ്പെടാൻ തുടങ്ങി. പിറകിലേക്ക് തിരിഞ്ഞപ്പോൾ അയാൾ ഞെട്ടിപ്പോയി. ഭീമാകാരനായൊരു എലി, അയാളിലെ കുരുക്കിനെ മുറുക്കുകയാണ്. അത് മുറുകുന്നതിന് മുമ്പേ അനിരുദ്ധ് കുതറിമാറി. ആഴത്തിലേക്കാണ് ചെന്നുപതിച്ചത്. നോക്കി ആ എലി നിൽപ്പുണ്ട്. പതിയെ ആ കുഴി മണ്ണാൽ നിറയാൻ തുടങ്ങി.
തുടരെത്തുടരെ വന്ന ഫോൺകാളാണ് അയാളെ എഴുന്നേൽപിച്ചത്. കണ്ട കാഴ്ചയുടെ ഷോക്ക് വിട്ടുമാറാതെ കുറച്ചുസമയം ബെഡിൽതന്നെ ഇരുന്നു. റൂമിന്റെ മൂലയിൽ തലേ നാൾ വെച്ച കെണിയിൽ കുടുങ്ങിയ ഒരു എലി തന്നെത്തന്നെ നോക്കുന്നതായി അനിരുദ്ധിന് തോന്നി. അഖിലയാണ് വിളിച്ചത്. തിരിച്ചുവിളിച്ചു. വൈകീട്ട് അവളെ കാണണം.
തിരകൾ സാധാരണത്തേതിൽനിന്നും ശക്തമായിരുന്നു. തുടരെ തുടരെ അതൊക്കെയും തീരത്ത് ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നു.
‘എന്താ പ്ലാൻ?’
ഏറെ നേരം നിറഞ്ഞ നിശ്ശബ്ദതയെ അവളാണ് ഭേദിച്ചത്.
‘ഒന്നുമില്ല...’
‘ഒരു ജോലിയുണ്ട്, ഇൻഫോ പാർക്കിലാണ്... നോക്കല്ലേ?’
അനിരുദ്ധ് ഒന്നും മിണ്ടിയില്ല.
‘നിന്നോടാണ്...’
‘വേണ്ടെടോ...ആ ഫീൽഡ് തന്നെ മടുത്തു. വേറെന്തേലും നോക്കാം.’
‘വേറെയെന്ത്?’
‘അറിയില്ല...നീ ഇപ്പൊ അതൊന്നും ചോദിക്കല്ലേ’ അഖില ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് നടന്നു. പിറകെ അനിരുദ്ധും.
‘ഡാർക്ക് ആവല്ലേ...’
‘ആക്ച്വലി ഐ നീഡ് സം ടൈം. തൽക്കാലം ഇപ്പൊ ചോദ്യങ്ങളും ഉത്തരങ്ങളും വയ്യ.’
‘ആയിക്കോട്ടെ. നിനക്ക് സംസാരിക്കണം എന്ന് തോന്നുമ്പോൾ വിളിക്ക്. കേട്ടോളാം’
അനിരുദ്ധ് അവളെ നോക്കി ചിരിച്ചു. അവൾ അവനെ ഗാഢമായി ആലിംഗനം ചെയ്തു. ഒരു യാത്ര മനസ്സിലുണ്ട്. എപ്പോ വേണേലും ആവാം.അവൾ എനിക്കെന്താണ് എന്നൊക്കെ ആലോചിച്ചാൽ ഉത്തരമില്ല. പ്രണയം പരസ്പരം പറഞ്ഞിട്ടില്ല. ഇനി പറഞ്ഞാൽ ഒരുപക്ഷേ, ഈയൊരു ബന്ധത്തിന്റെ ഭംഗി അവിടെ തീർന്നേക്കാം. അല്ലേൽ കൂടുതൽ നിറമുള്ളതായേക്കാം. എന്തായാലും ഈ അനിശ്ചിതത്വം മനോഹരമാണ്.
അവളോട് യാത്ര പറഞ്ഞ പിറ്റേ ദിവസംതന്നെ ബാഗുമെടുത്തിറങ്ങി. ഇറങ്ങുമ്പോൾ അവൻ അമ്മയെ വിളിച്ചു. അമ്മ എതിരൊന്നും പറയാറില്ല. അമ്മക്ക് എന്നെ വിശ്വാസമാണ്. അല്ലേലും ഇനിയെന്ത് എതിര് പറയാൻ... വീട്ടിൽ ചെല്ലാത്തതിന്റെ പരിഭവങ്ങൾ ഉണ്ടാകും. അത് തുടങ്ങുമ്പോഴേക്ക് വിഷയം മാറ്റി ഫോൺ കട്ടാക്കാറാണ് കുറച്ചായിട്ട് പതിവ്.
**
ഒരുപാടുനേരത്തെ നിൽക്കലിനു ശേഷം ഒരു രാജസ്ഥാൻ പെർമിറ്റ് ലോറി നിർത്തി. കേരളത്തിലേക്ക് മാർബിളുമായി വന്നതാണ്. അറിയാവുന്ന ഹിന്ദിയിൽ സംസാരിച്ച് കുറെ ദൂരം യാത്ര ചെയ്തു. കക്ഷി അധികമൊന്നും സംസാരിക്കുന്ന കൂട്ടത്തിലല്ല എന്നാലും ചോദിച്ചതിനൊക്കെ ഉത്തരം കൊടുത്തു. അടുത്തതായി കണ്ട ലോറിത്താവളത്തിനോട് ചേർത്ത് വണ്ടിയൊതുക്കി. അനിരുദ്ധ് ചാടിയിറങ്ങി. ബാഗ് വണ്ടിയിൽതന്നെ വെച്ചു. നിർത്തിയിട്ട വാഹനങ്ങൾക്കിടയിലൂടെ നടന്ന് ഒരു കട്ടനും വാങ്ങിച്ച് ഒരു ബെഞ്ചിൽ ചെന്നിരുന്നു. ഒരു വൃദ്ധൻ തൊട്ടടുത്തിരുന്ന് ഭക്ഷണം കഴിക്കുന്നു. കുറച്ചു നേരം അവിടെ വരുന്നവരെയും പോകുന്നവരെയും നോക്കിയിരുന്നു. പിന്നെ ലോറിയിൽ ചെന്ന് ബാഗെടുത്ത് പഴയ സ്ഥാനത്ത്. ഇന്നിവിടെ എവിടേലും തങ്ങാം എന്ന ചിന്തയിൽ, യാത്ര തുടരാൻ സമയമായപ്പോൾ അനിരുദ്ധ് അയാളെ യാത്രയാക്കി. സ്വത്വത്തെ മറക്കാൻ ശ്രമിച്ചുള്ള യാത്രയിൽ എപ്പോഴെങ്കിലും ഒരു ചോദ്യമുണ്ടാവും. പക്ഷേ, അതു വാക്കുകൊണ്ട് മാത്രം ആകണമെന്നില്ല. സമയം എത്രയായെന്ന് അറിയില്ല. നല്ല നിലാവുണ്ട്. ബെഞ്ചിൽ ഒഴിഞ്ഞ ചായ ഗ്ലാസുണ്ട്. ദൂരെ റോഡിനപ്പുറത്ത് പരന്നുകിടക്കുന്ന പാടത്തിന്റെ ഓരത്തായി ഒറ്റവെളിച്ചം കത്തുന്നുണ്ട്. ഇല്ല, യാത്ര അവസാനിപ്പിക്കാൻ നേരമായിട്ടില്ല. ഇനിയും ഒരുപാട് കാഴ്ചകൾ എന്നെ കാത്തിരിപ്പുണ്ട്. അനിരുദ്ധിന്റെ മനസ്സ് എങ്ങോട്ടെന്നില്ലാതെ വളഞ്ഞുപുളയുകയാണ്.
പാടത്തിന് നടുവിലൂടെ ആരൊക്കെയോ നടന്നുതീർത്ത, നടന്നുകൊണ്ടിരിക്കുന്ന വഴിയിലൂടെ അകലെ കണ്ട വെളിച്ചത്തെ തേടി നടന്നു. ജീവിതത്തിനോട് ആവേശം കുറഞ്ഞപ്പോൾ തുടങ്ങിയ യാത്രയാണ്. ആവേശമോ അഭിനിവേശമോ അങ്ങനെ എന്ത് പേരിട്ടും വിളിക്കാം. അവൾക്ക് ഇതൊന്നും അറിയില്ല. പറയാൻ ശ്രമിച്ചതാ, പക്ഷേ പലപ്പോഴും വേണ്ടെന്നുവെച്ചു. എന്തിനാണ് നമ്മുടെ ഭ്രാന്തുകളിലേക്ക്, ചിന്തകളുടെ ചുഴികളിലേക്ക് ഒരാളെയുംകൂടി വലിച്ചിടുന്നത്. നടത്തം മെല്ലെയാണ്. കാലിൽ ചളിയൊക്കെ പുരളുന്നുണ്ട്. അരക്കൊപ്പം വളർന്നുനിൽക്കുന്ന പുല്ലുകൾ ദേഹത്ത് നന്നായി മുട്ടിയുരുമുന്നുണ്ട്. അതിനുള്ളിൽനിന്നും വരാൻ ഇടയുള്ള ആപത്തുകളെ കുറിച്ചോർത്ത് വേവലാതിയില്ല. മുന്നിൽ കണ്ട വെളിച്ചമാണ് പ്രധാനം. നടത്തം തുടർന്നു. നടക്കുംതോറും വെളിച്ചം പിന്നെയും അകലെയാകുന്നതുപോലെയൊരു തോന്നൽ.
ഏറെ നേരത്തെ നടത്തത്തിനൊടുവിൽ എത്തിച്ചേർന്നത്, ഇലകൾകൊണ്ട് മേഞ്ഞ, മണ്ണിന്റെ ചുവരുകളുള്ള ഒരു കൂരക്ക് മുന്നിൽ, വീടിന്റെ മുന്നിൽ കത്തിക്കൊണ്ടിരുന്ന റാന്തലാണ് അവനെ അവിടെ വരെ എത്തിച്ചത്. ഒന്നുരണ്ടു തവണ വാതിലിൽ മുട്ടിനോക്കി. ഒരു പ്രതികരണവുമില്ല. വാതിൽ മെല്ലെ തള്ളി നോക്കി, ആരോ തുറക്കാൻ കാത്തിരുന്നെന്നപോലെ അത് മുഴുവനായി തുറന്നു. വൃദ്ധയായ ഒരു സ്ത്രീ മുന്നിൽ രക്തത്തിൽ കുളിച്ചുകിടക്കുന്നു. ആ കാഴ്ചയിൽ തീർത്തും നിസ്സംഗമായി ആ വൃദ്ധയുടെ അരികിലിരുന്നു. മൂക്കിൽ കൈവെച്ചുനോക്കി. മരണപ്പെട്ടിരിക്കുന്നു. തുറന്നുകിടന്നിരുന്ന കണ്ണുകൾ അടച്ചു. ചോദ്യങ്ങൾ കൂടുകയാണ്. ഉത്തരങ്ങൾ ശൂന്യവും.
കൂടുതൽ ആലോചനകളിലേക്ക് പോയില്ല. അവൻ വാതിൽ പതിയെ അടച്ചു. തിരിഞ്ഞു നടക്കാൻ ആരംഭിച്ചതും മുന്നിൽ ഇരുട്ടിൽ ഒരാൾ. അയാൾ പതിയെ വെളിച്ചത്തിലേക്ക് കടന്നുനിന്നു. അവനെ തന്നെ തീക്ഷ്ണമായി നോക്കി. കുറച്ചു മുന്നേ, ഭക്ഷണം കഴിക്കുന്നിടത്ത് കണ്ട ആ വൃദ്ധൻ.
‘ക്യാ’? അയാൾ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.
അനിരുദ്ധ് നിശ്ശബ്ദനായി. അയാൾ മറുപടിക്ക് കാത്തുനിൽക്കാതെ വാതിൽ തുറന്ന് അകത്ത് കയറി. വാതിൽ അടക്കും മുമ്പ് ഒരു നിമിഷം അയാൾ അവനെ നോക്കി.
‘ക്യാ ദേഖ് രഹെ അബേ? ചൽ നികൽ യഹാൻസേ...’
ആ പറച്ചിലിനൽപ്പം ശൗര്യക്കൂടുതൽ ഉണ്ടായിരുന്നു. അനിരുദ്ധ്, അവിടെ നിന്നും ഇറങ്ങി തിരികെ നടക്കാൻ ആരംഭിച്ചു. നടത്തത്തിനിടയിൽ നിലാവെളിച്ചത്തിൽ കണ്ട ആ കാഴ്ച അവിടെതന്നെ നിൽക്കാൻ പ്രേരിപ്പിച്ചു.
നീളത്തിലുള്ള രണ്ട് കുഴികൾ. അടുത്തേക്ക് ചെന്നു. ആഴവുമുണ്ട്. വാതിൽ പിന്നെയും തുറക്കുന്ന ശബ്ദം കേട്ട് അവൻ അവിടെ നിന്നും പുൽക്കൂട്ടത്തിനിടയിലേക്ക് മാറി. തോളിൽ ആ സ്ത്രീയുടെ ശരീരവും കൈയിൽ ഒരു മൺവെട്ടിയുമായി അയാൾ വീട്ടിൽ നിന്നും ഇറങ്ങിവന്നു. ഒരുവിധത്തിലുള്ള സങ്കോചവും അയാളിൽ ഉണ്ടായിരുന്നില്ല. ആ ശരീരത്തെ പതിയെ കുഴികളിലൊന്നിലേക്ക് ഇറക്കിവെച്ചു. കൈയിലെ മൺവെട്ടി ഉപയോഗിച്ച് അത് മണ്ണിട്ടുമൂടാൻ തുടങ്ങി. ഒരനക്കവും ഇല്ലാതെ, ഒരു തരം മരവിപ്പിൽ അവനത് കണ്ടുനിന്നു. പൂർണമായും മണ്ണിട്ടുമൂടിയ ശേഷം തൊട്ടടുത്ത കുഴിയുടെ അരികിലേക്ക് വന്നു. കുഴിയിലേക്ക് കാല് തൂക്കിയിട്ട് അയാൾ ഇരുന്നു. തന്റെ മുന്നിലെ കുഴിയുടെ ആഴത്തിലേക്ക് മാത്രമായിരുന്നു നോട്ടം. എന്തായിരിക്കും അയാൾ ആലോചിക്കുന്നത്. ജീവിതത്തിന്റെ അവസാനമെന്ന് വിളിക്കാവുന്ന ഈയൊരു കാലത്ത്, ഏതൊരു നിമിഷത്തിലായിരിക്കും അവർ ഇവിടം വിടാനൊരു തീരുമാനമെടുത്തത്.
കുറച്ചു നേരത്തെ ഇരിപ്പിനുശേഷം അരയിൽ കരുതിയ കുപ്പിയെടുത്ത് അതിൽനിന്നുമയാൾ കുടിച്ചു. വിഷമായിരിക്കണം അത്. നോട്ടം കുഴിയിലേക്കുതന്നെയായിരുന്നു. നിലാവെളിച്ചത്തിനു കീഴെ, പുൽക്കൂട്ടത്തിനിടയിൽ കാഴ്ച കണ്ടിരുന്ന അവന്റെ കൺമുന്നിൽ അയാൾ മരണത്തിലേക്ക് വീണു. മരണത്തിന്റെ ഒരു പെരുംകളിയാട്ടം നേരിൽ കണ്ട, ഒന്നും തടയാതെനിന്ന അവൻ, ആ കുഴികൾക്കരികിലേക്ക് നടന്നു. അയാളും മരണപ്പെട്ടിരിക്കുന്നു. അവൻ തന്റെ അരികിൽ കിടന്നിരുന്ന മൺവെട്ടി കൈയിലെടുത്തു. കണ്ണുകൾ അടയാതെ ജീവനറ്റ് കിടന്നിരുന്ന ആ വൃദ്ധന്റെ കുഴിമാടം മൂടാൻ തുടങ്ങി. മീതെ മണ്ണ് പതിക്കും വരെ, ആ കണ്ണുകൾ അവനെ തന്നെ നോക്കുന്നതായി അവനു തോന്നി.
അവൻ തിരിഞ്ഞു നടന്നു. കണ്ടത് യാഥാർഥ്യമാണെന്നോ, താൻ ചെയ്തത് ശരിയാണെന്നോ ഒന്നും അവന് മനസ്സിലായില്ല. ശരിതെറ്റുകൾക്കിടയിലെ അകലം കുറഞ്ഞു തുടങ്ങിയിരിക്കുന്നു. ‘അയാൾ ആഗ്രഹിച്ചത് നടത്തുന്നതിൽ ഒരു ഭാഗം മാത്രമാവുകയല്ലേ ഞാൻ ചെയ്തുള്ളൂ...’ അനിരുദ്ധ് തന്റെ ചെയ്തിക്ക് ന്യായം കണ്ടെത്താൻ ശ്രമിച്ചു.
‘ഞാൻ അറിഞ്ഞതും മനസ്സിലാക്കിയതും എന്റേ തന്നെ പ്രിവിലേജുകളിൽനിന്നുകൊണ്ട്, വിദൂരതയിൽനിന്നു കണ്ട കാഴ്ചകളിൽനിന്നും കേട്ടുകേൾവികളിൽനിന്നും ഭാവനകൾ ചേർത്ത് നിർമിച്ച യാഥാർഥ്യങ്ങൾ മാത്രമായിരുന്നു. സത്യം മറ്റൊന്നാണ്’ -അനിരുദ്ധ് സ്വയം പറഞ്ഞു.
താൻ കണ്ട സ്വപ്നങ്ങൾ യാഥാർഥ്യങ്ങളായി മാറാൻ തുടങ്ങുന്നതായും അവന് തോന്നി. നടക്കുന്നതിനിടെ അനിരുദ്ധിന്റെ കാലുകൾക്കിടയിലൂടെ ഒരു എലി പുൽക്കൂട്ടത്തിനിടയിലേക്ക് ഓടിമറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.