കുന്നുകൾ കാണുമ്പോൾ
ഒട്ടകക്കൂട്ടങ്ങളെ മേയ്ച്ചു
മുന്നിലൊരാൾ
നടന്നുപോകുന്നതായി സ്വപ്നങ്ങൾ
പകർത്തുന്നു.
യാത്രാമധ്യേയുള്ള
വിശ്രമത്തിനായി അത്
മണ്ണിലാഴ്ന്നുകിടക്കുന്നതായ
പ്രതീതി മുതുകെല്ലിനാൽ
പുറത്തെടുക്കാനാവുന്നു.
ഉള്ളിലമർന്നുകിടക്കുന്ന അതിന്റെ
കേൾക്കാത്ത വിലാപങ്ങളുടെ
കുളമ്പടിശബ്ദമാണ്
ഏകാന്തതയായി മരുഭൂമി മുഴുവൻ
പരന്നൊഴുകുന്നത്.
അതേറ്റ പുകച്ചിൽ ചെവിയിറമ്പിലുരച്ചാണ്
ചീവീടുകൾ
കരഞ്ഞുകൊണ്ടിരിക്കുന്നത്.
പ്രകാശത്തിന്റെ കിരണങ്ങൾ
മണ്ണിനെ വലയംചെയ്തു തുരക്കുമ്പോൾ
തടവുമുറിയിൽനിന്നെന്നോണം
ഓരോ പച്ചപ്പുല്ലുകൾ തലയേന്തി
ഇളങ്കാറ്റിന്റെ ലാളനയോടെ പുറത്തുവരുന്നു.
അത് ഭാഷയുരുവിടാൻ
തുടങ്ങുമ്പോൾ
കലമാൻ കൊമ്പുകൾപോലുള്ള
ശിഖരങ്ങൾ
തുള്ളിച്ചാടി അന്തരീക്ഷത്തിൽ
കൂടുവെക്കുന്നു.
കുന്നുകളും മലകളും
അഭാവത്തിന്റെ കരവിരുതിനാൽ
മണ്ണിൽ പണിതുവെച്ച തൂണുകൾ
രാഷ്ട്രങ്ങൾക്ക് സംരക്ഷണം നൽകുന്ന
സൈന്യങ്ങളുള്ളതുപോലെ.
മേലോട്ട് വെടിപൊട്ടിക്കുന്നതിനു പകരം അത്
കുളമ്പുകൾകൊണ്ട് ഇടക്കൊക്കെ താഴോട്ട്
മുടന്തുന്നു അതിനെ നാം ഭൂകമ്പമെന്നും
ഉരുൾപൊട്ടലെന്നും പേരിട്ട്
തൊലിയടർത്തിക്കൊണ്ടുപോകുന്നു.
ദാഹശമനത്തിനായി നീട്ടുന്ന അവയുടെ
വലിയ പല്ലുകളെ
പാറക്കല്ലുകളെന്നു-
പറഞ്ഞ്
തടഞ്ഞു വീഴുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.