ചിത്രീകരണം: സജീവ് കീഴരിയൂർ

അന്ധനീതിശാസ്ത്രങ്ങൾ

ചോദ്യം പീഠത്തിനു മുന്നിൽ നിന്നിരുന്ന നീതിദേവതയുടേതായിരുന്നു:

“പുരോഹിതനാണ് അല്ലേ..?’’

“അതെ...” വരളുന്ന തൊണ്ടയിലൂടെ അകത്തേക്ക് ഇറങ്ങിപ്പോകാൻ ശ്രമിക്കുന്ന നാക്കിനെ വരുതിയിലാക്കി വൃദ്ധൻ ഉച്ചരിച്ചു. ദേവത ​ൈകയിലുയർത്തിയ തുലാസിന്റെ താളം നിയന്ത്രിച്ചുകൊണ്ട് ശബ്ദമുയർത്തി.

“പക്ഷേ വ്യവസ്ഥിതികളെ ചോദ്യംചെയ്തു. അത് മതപരമായാലും മതേതരമായാലും നിയമവിരുദ്ധ സമരങ്ങൾക്ക് പ്രേരക ശക്തിയായി.”

വൃദ്ധൻ വലംകൈ ഉയർത്താൻ വിഫലമായി ശ്രമിച്ചു.

“ആദിവാസികൾക്ക് പ്രകൃതിയോടുള്ള ജീവിതം അസാധ്യമാക്കിയത് ആരാണ്? നടപ്പാക്കാത്ത നിയമങ്ങളെപ്പറ്റി സംസാരിക്കുന്നത് വിമർശനം മാത്രം. അതു ഭരണഘടന തരുന്ന അവകാശമാണ്. നിയമവിരുദ്ധതയില്ല.’’ വാക്കുകൾക്ക് അവസാനം വൃദ്ധൻ കിതച്ചു.

“ഭരണകൂടത്തിനെതിരായി വികസനത്തിനും വ്യവസായങ്ങൾക്കും എതിരെ ജനതയെ തിരിക്കുന്നു. സാമുദായിക സംഘർഷങ്ങളിലെ സൂത്രധാരനെന്ന് തെളിവുകൾ ചൂണ്ടിക്കാട്ടുന്നു. കുറ്റം രാജ്യദ്രോഹം.’’ ദേവത ശബ്ദമിടറാതിരിക്കാൻ ശ്രദ്ധിച്ചു. വൃദ്ധൻ തലകുടഞ്ഞു.

“എല്ലാം വ്യാജം, ഏച്ചുകെട്ടലുകൾ, ഗ്രാമീണരുടെ ആവാസവ്യവസ്ഥയും ജൈവവൈവിധ്യവും സംരക്ഷിക്കപ്പെടണം. അതിനാണ് ഞാൻ ശബ്ദമുയർത്തുന്നത്.’’

“നിങ്ങൾ അസുഖബാധിതൻ ആണെന്ന് പറയുന്നു. കാഴ്ച തടസ്സമുണ്ടോ?’’

കറുത്ത ശീലക്ക് പിറകിൽ ദേവതയുടെ കണ്ണുകൾ തുടിച്ചു.

“കാഴ്ച കറുത്തിട്ടില്ല കണ്ണുകൾ അടച്ച് കെട്ടിയിട്ടില്ല.”

വൃദ്ധൻ ശ്വാസമെടുക്കാൻ ശ്രമിച്ചുകൊണ്ട് തുടർന്നു.

“നീണ്ടുപോകുന്ന തടവറ വാസം എന്നെ രോഗിയാക്കി. എന്റെ ശബ്ദത്തെ കൂട്ടിലടച്ചു.”

“എന്താണ് രോഗാവസ്ഥ?’’

ദേവതയുടെ ചോദ്യം ആരോടാണെന്നറിഞ്ഞില്ല. ഉത്തരം പറഞ്ഞത് ഒരു കറുത്ത കുപ്പായക്കാരൻ.

“പാർക്കിൻസൺസ്.”

തന്റെ നിയന്ത്രണത്തിൽനിന്ന് അകന്നുപോകുന്ന കൈകാലുകൾ. തളരുന്ന അവയവങ്ങൾ.

“എന്താണ് ഇപ്പോഴത്തെ ആവശ്യം?’’

കറുത്ത തുണിക്കെട്ടിയ കണ്ണുകളിലേക്ക് ആശയറ്റുപോകാതെ നോക്കിക്കൊണ്ട് വൃദ്ധൻ മറുപടി നൽകി:

“ഒരു മാസമായി അപേക്ഷ സമർപ്പിച്ചിട്ട്, വെള്ളം കുടിക്കുന്നതിനുള്ള സിപ്പർ സ്ട്രോ അനുവദിക്കാൻ...”

വൃദ്ധൻ കൈകൾ കൂപ്പി. സ്വാഭാവികമായി ജലപാനം നടത്താൻപോലും കഴിയാത്ത തടവുകാരന്റെ കണ്ണുകൾ നിറഞ്ഞു.

“പൗരാവകാശം പരിഗണനയിലുണ്ട്.”

ദേവതയുടെ ചുണ്ടുകൾക്ക് താഴെ വാക്കുകൾ ഉതിർന്നുവീണു. ഇനി മതിൽക്കെട്ടിനുള്ളിലേക്ക് മടക്കം. അഴികൾക്കുള്ളിലെ കാത്തിരിപ്പിന് ദൈർഘ്യമേറിയാലും വരണ്ട തൊണ്ട നനക്കുവാൻ ഒരു സ്ട്രോ അനുവദിച്ചു ഉത്തരവ് ഉണ്ടാകുമായിരിക്കും.

ആരും ഒന്നും ഉച്ചരിക്കുന്നില്ല. കാലുകൾ മെല്ലെ വലിച്ചു നടക്കുമ്പോൾ നീണ്ട ഇടനാഴിയിൽ ജനാധിപത്യത്തിന്റെ കറുത്ത നിഴൽ തണുത്ത നിശ്ശബ്ദതയിൽ അമർന്നുപോയതായി വയോധികന് തോന്നി. മങ്ങിത്തുടങ്ങിയ കണ്ണുകൾ തുറന്ന് വൃദ്ധൻ ചിരിക്കാൻ ശ്രമിച്ചു.

“കൂട്ടായി ഗാനങ്ങൾ ആലപിച്ചീടുവാൻ കൂട്ടിലെ കിളിക്കാകുമല്ലോ.’’

പുരോഹിതൻ സ്വയം പറഞ്ഞു. കണ്ണുകൾ മൂടിക്കെട്ടിയ കാവലാളുകൾ ക്ഷീണിച്ച ആ കൈകൾ താങ്ങിപ്പിടിച്ചിരുന്നു. ഇടനാഴിക്ക് ഇരുവശവും അകലം പാലിച്ച് മൃതശാന്തരായ, മൂകരായ കാഴ്ചക്കാർ ഏറെയുണ്ടായിരുന്നു.

Tags:    
News Summary - weekly literature story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.