കൂളികൂടിയ ചങ്ങാതിമാരാണ് രണ്ടാളും. മനുഷ്യന്മാര് തമ്മില്‍, അയല്ക്കാരാകുമ്പോള് പ്രത്യേകിച്ചും സംഭവിക്കാനിടയുള്ള ഒരുപ്രശ്നവും അവര്‍ക്കിടയില്‍ ഇന്നേവരെയുണ്ടായിരുന്നില്ല.
രാജരാജേശ്വരമ്പലത്തിന്റെ പടിഞ്ഞാറ് കോട്ടക്കുന്നിന്റെ ചെരിവിലാണ് ആലീസ് രാജന്റെ ഓടിട്ട തറവാട്. തൊട്ടടുത്ത് പഴയ വീട് പൊളിച്ച് രണ്ടുനില കോണ്‍ക്രീറ്റ് വീടെടുത്ത് ഉണ്ണിക്കമ്മുവുമുണ്ട്. ഉണ്ണിക്കമ്മുവിന്റെ വീടിങ്ങനെ പ്രൗഢമാകാനുള്ള പ്രധാനകാരണം മൂപ്പരെ കുറേ ആണ്മക്കളും പെണ്മക്കളുടെ ചില പുയ്യാപ്ലമാരും സൗദിയില്‍നിന്ന് മാസപ്പടി അയക്കുന്നതാണ്. പോരാതെ, ടൗണില്‍ പണ്ടേ കേള്‍വികേട്ട ഒരു മലഞ്ചരക്കുമുണ്ട്. ആലീസ് രാജന് ആകക്കൂടി ഒരു തയ്യല്‍ക്കടയും ചെവിചുട്ടാ പറഞ്ഞാല്‍ കേള്‍ക്കാത്ത ഒരേയൊരു സന്താനവും മാത്രേയുള്ളൂ. വണ്ടിപ്പണിയെന്ന് പറഞ്ഞ് അവന് കാലത്തിറങ്ങും. സ്വന്തം കാര്യം മാത്രം നോക്കി നടക്കുന്ന ഒരു കരിഓയില്‍. എന്തെങ്കിലും പറഞ്ഞുപോയാല്‍ കൈക്ക് പറ്റും.
ഇരുവരുടെയും വീടിന്റെ അതിര്‍ത്തിയില്‍, കൃത്യം പറഞ്ഞാല്‍ ആലീസ് രാജന്റെ പറമ്പത്ത് സ്ഥിതിചെയ്ത് ഉണ്ണിക്കമ്മുവിന്റെ പറമ്പിലേക്ക് കുഴലുനീട്ടി രാജരാജേശ്വരന്റെ ഗര്ഭഗൃഹത്തിന് നേര്‍ക്കായി ഉന്നംവെച്ചുനില്ക്കുന്ന ഒരു ജാംബവാന് പീരങ്കിയുണ്ട്.
തോളറ്റംവരെ വളര്‍ന്ന കുമുറ്റി മുറിച്ച കാടുകള്‍ക്ക് മേലെ ആകാശത്തേക്ക് ഉയര്‍ന്ന ആ പീരങ്കിക്കുഴലിനടുത്തേക്ക് ഇരുവീട്ടിലെയും ഉമ്മറത്ത് നിന്നാല്‍ നേരെയൊരു നടപ്പാത കാണാം. സന്ധ്യവിളക്ക് കഴിഞ്ഞാല്‍ രണ്ടുപേരും അവിടെ ഒരുദിവസംപോലും ഒഴിയാതെ വന്നിരിക്കും. കോട്ടക്കുന്നിലെ പ്രധാന പൈങ്കുറ്റിക്കാരനായ ആലീസ് രാജന് പൈങ്കുറ്റിയില്ലാത്ത ദിവസം രാജരാജേശ്വരന്റെ ത്രിമധുരവുമെടുത്ത് പീരങ്കിപ്പുറത്തേക്ക് ചെല്ലും. ഉണ്ണിക്കമ്മുവിന്റെ കെട്ട്യോള് മറിയം നിർമിച്ച ബീഫ്റോളോ മറ്റെന്തെങ്കിലുമായി അയാളും. എരിവും മധുരവുംപോലെ അവര്‍ പോയകാലം അങ്ങനെ പറഞ്ഞോണ്ടിരിക്കും.
വെള്ളമുണ്ടും ദേഹമാസകലം ഭസ്മവും തൊട്ട് ലമ്പശരീരവുമായി രാജന് അന്നും വന്നു. നാക്കിലയില്‍ പ്രസാദം നീര്‍ത്തി പീരങ്കിയുടെ ചോട്ടില്വെച്ചു. പൊങ്ങിച്ച പയറും കടലയും തേങ്ങ വട്ടപ്പൂളിയതും അവലും മലരും മുള്ളനൊണക്കും നീക്കി ചെക്കിപ്പൂ നുള്ളിക്കളഞ്ഞ് ഉണ്ണിക്കമ്മു ഒരുപിടി വാരി വായിലിട്ട് വൃത്തിയില്ലാതെ എന്തോ ചോദിച്ചു. രണ്ടുവട്ടം ചുറ്റും നോക്കി മുണ്ടിനിടയില്നിന്ന് അരക്കുപ്പി കള്ള് രാജന് മറുപടിയെന്നോണം വലിച്ചൂരി. പീരങ്കിയുടെ താഴെ ഒളിപ്പിച്ചുവെച്ച ഗ്ലാസെടുത്ത് തുടച്ച് ഉണ്ണിക്കമ്മുവിനെ കയ്യില്‍ പിടിപ്പിച്ച് കള്ളൊഴിച്ചുകൊടുത്തു. പെടെപെടാന്ന് മൂന്നൊഴി. മൂന്നുവലി.
രാജന് പൈങ്കുറ്റീന്നേ അടിച്ചാ വരവ്. മൂത്ത കള്ളിന്റെ കുമിള ഉണ്ണിക്കമ്മുവിന്റെ വയറ്റില്‍ എരിഞ്ഞുപൊട്ടി. ലേശംകൂടി കഴിഞ്ഞപ്പോള്‍ വെന്തുവെയര്ത്തു. ഷര്‍ട്ടിന്റെ രണ്ട് ബട്ടണഴിച്ച് കോളറ് പിറകോട്ടാക്കിയപ്പോള് രാജന് പരിചയമില്ലാത്ത പുതിയ അത്തറിന്റെ മണം കിട്ടി. പുയ്യാപ്ല വന്നിട്ടുണ്ടാവും. പുറകോട്ടിട്ട കോളറില്‍ ആലീസ് ടൈലേഴ്സിന്റെ നെയിംടാഗ് രാജന് അഭിമാനപൂര്‍വം നോക്കി.
പൈങ്കുറ്റി ഉള്ള ദിവസം ഉണ്ണിക്കമ്മുവിന് സന്തോഷാണ്. ഇങ്ങനെ കള്ളടിക്കാലോ. കള്ളടിച്ച് വര്‍ത്താനത്തിന് വീര്യം കൂടുമ്പോള്‍ പീരങ്കിക്കുഴലില് ഒരു തൊടലും തലോടലുമുണ്ട്. അപ്പോള്‍ പീരങ്കിക്കുഴലില്നിന്നും ഉണ്ട തെറിക്കുമ്പോലെ ഒരു കരിമാറന്‍കാട എങ്ങോട്ടോ പറക്കലുണ്ട്. അതവിടെ കൂടുകൂട്ടി കാണാന്‍ തുടങ്ങിയിട്ട് കുറേ ദിവസായി.
വൈകുന്നേരം സ്ഥിരം നടക്കുന്ന ഈ പ്രതിഭാസത്തില്‍ മറിയത്തിനോ ആലീസ് രാജന്റെ ഭാര്യ രുഗ്മിണിക്കോ മറ്റാര്‍ക്കോ ഇന്നോളം ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല.
കള്ളുകുടിച്ച് പൊരീപ്പോയി വളീട്ട് നാറ്റിക്കാന്നല്ലാതെ ഒരുദിവസം ‘ചോന്ന ഈന്തപ്പനാട്ടി’ വല്ലതും കൊണ്ടുവാ രാജാന്ന് പതിവുപോലെ ഇന്നും ഉണ്ണിക്കമ്മു പറഞ്ഞപ്പോള്‍ പ്രസാദത്തില്‍ പങ്കും പന്തിയും പറയാമ്പാടില്ലെന്ന് പറഞ്ഞ് രാജന് അപ്പൊത്തന്നെ വാമൂടിക്കും.
പീരങ്കിയുടെ മേട്ടിലും ചോട്ടിലുമൊക്കെയിരുന്ന് രണ്ടുപേരും കടലയും തേങ്ങാപ്പൂളും കൊത്തിക്കൊറിച്ചുകൊണ്ടിരിക്കെ, അവര്‍ ചെറുപ്പം ആലോചിക്കും. രാവിലെ കൂട്ടത്തോടെ കാടുപെറുക്കാന് വരുന്ന ചെതലപ്പക്ഷികളുടെ ഒച്ചപ്പാടില്‍ ‘‘ശാരികപൈതലേ ചാരുശീലേ വരികാരോമലേ കഥാശേഷവും ചൊല്ലു നീ...’’ ‘ചൊല്ലുവാനെങ്കിലനംഗാരിശങ്കരനി’ല്‍ തടഞ്ഞ് ‘അയിനപ്രം എന്താടാ’ന്ന് പരസ്പരം ചോദിച്ച് കുണ്ടിക്ക് പറ്റുന്ന ഈച്ചയെ കുലുക്കിയാട്ടി പീരങ്കിപ്പുറത്തിരുന്ന് തൂറിക്കൂട്ടിയ ആ ചെറുപ്പകാലം.
മനപ്പാഠമാക്കിയിട്ടില്ലേല് അടി ഉറപ്പാ. ഉണ്ണിക്കമ്മുവിന്റെ വായിലാണെങ്കില്‍ ‘ശ’യുടെ അയ്യേറുകളിയാണ്. സ, ഷ എന്നീ രണ്ടക്ഷരത്തിനുംകൂടി അവന് ഒറ്റ ശ മതി. ഉദാഹരണം മാശേ മശി തീര്‍ന്നു എന്നിങ്ങനെ... മുറ്റത്ത് നിര്‍ത്തി വേലപ്പന് മാഷ് പച്ചയീര്ക്കലി കീറിച്ച് നാക്ക് വടിപ്പിക്കും. എന്നിട്ടേന്തോകാര്യം! നാവുകീറി ചോര പൊടിയും. അത്രന്നെ.
‘‘അതെന്താടാ രായാ അനക്കുമാത്രം ശ വര്ന്ന്....?’’
കിഷ്കിന്ധാ കാണ്ഡം കടക്കാനാവാതെ ഉണ്ണിക്കമ്മു പീരങ്കിപ്പുറത്തിരുന്ന് മൂക്കുപൊത്തി ചോദിച്ചു,
‘‘നീ ചെറുപ്പത്തിലേ പശൂനെ തിന്നുന്നോണ്ടാ?’’
മൂക്കുപൊത്തി രാജന് മറുപടിയോടെ മുക്കി.
എന്തായാലും പീരങ്കിപ്പുറത്തിരുന്ന് അപ്പിയിട്ടിട്ട് രണ്ടുപേരും സ്കൂള്‍ നാറ്റിക്കുന്നതിനിടെ ഒരിക്കല്‍ സ്വാതന്ത്ര്യദിനത്തിന് കണ്ണൂര്‍ കോട്ട കാണാന്‍ സ്കൂളില്‍നിന്ന് ടൂറു പോയി.
കോട്ട ചുറ്റിക്കാണുന്നതിനിടെ ഉണ്ണിക്കമ്മു ചൂണ്ടിയിടത്തേക്ക് രാജന് നോക്കി.
‘‘ദേണ്ട്രാ... മ്മ്ടെ അതേ പീരങ്കി.’’
രണ്ടുപേരുടെയും അടിവയറൊന്നിളകി.
പുതുതായി വന്ന സാമൂഹ്യത്തിന്റെ മാഷ് പീരങ്കി തലോടി അതിന്റെ ചരിത്രവിവരണം ആരംഭിച്ചു.
‘‘പോര്‍ച്ചുഗീസുകാരാണ് ഈ കോട്ട പണിതത്. അവരുടെ കയ്യില്‍നിന്ന് ഡച്ചുകാരും അറക്കലും ഇംഗ്ലീഷുകാരും കയ്യടക്കി.’’
പിള്ളേര് പീരങ്കിയുടെ ദ്വാരത്തിലേക്ക് മത്സരിച്ച് കണ്ണിട്ടുനോക്കി.
‘‘ഉണ്ടീണ്ടാടാ..?’’
മാഷ് തുടര്‍ന്നു. ‘‘ഒരുകാലത്ത് നമ്മുടെ സ്വാതന്ത്ര്യസമര സേനാനികള്‍ക്കുനേരെ തീ തുപ്പിയതാണ് ഈ പീരങ്കി.’’
പിള്ളേര് പെട്ടെന്ന് കണ്ണ് വലിച്ചു.
‘‘സായിപ്പന്മാരുടെ കയ്യില്‍നിന്ന് ടിപ്പുവും പഴശ്ശിയും ഈ കോട്ട പിടിച്ചെടുത്തിരുന്നു. അവരൊക്കെകൂടി നേടിത്തന്നതാണ് ഇന്ത്യയുടെ സ്വാതന്ത്ര്യം.’’
ഉണ്ണിക്കമ്മുവിന്റെയും രാജന്റെയും അടിവയറ്റിലേക്ക് തള്ളിവന്നിരുന്ന മുട്ടല്‍ എങ്ങോട്ടോ കേറിപ്പോയി. കുറ്റബോധത്താല്‍ മിണ്ടാതെ തിരിച്ചെത്തിയ ഉടന്‍ രാവിലെയിട്ട അപ്പി മണ്ണിട്ടുമൂടി. കടലാസില്‍ വരച്ച ദേശീയപതാക അതില്‍ നാട്ടി ആകാശത്തേക്ക് മുഷ്ടിചുരുട്ടി.
‘‘വന്ദേമാതരം.’’
വയസ്സായപ്പോഴും ടൗണില്‍നിന്ന് വരുമ്പോള്‍ സ്വാതന്ത്ര്യദിനത്തിന് കുട്ടികള്‍ സ്കൂളിലേക്ക് കൊണ്ടുപോകുന്ന പ്ലാസ്റ്റിക് പതാക ആരും കാണാതെ മുണ്ടിനിടയില്‍ ചുരുട്ടി അവര്‍ കൊണ്ടുവന്ന് ഉയര്‍ത്തും.
‘‘എടാ, ഇതൊക്കെ ഒയര്ത്താന് നേരൂം കാലൂം ഒക്കീണ്ട് പോലും.’’
വൈകീട്ട് അഞ്ചു മണിയായിട്ടും പതാക താഴ്ത്താത്ത ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത പത്രവാര്‍ത്ത ഓർമിച്ച് രാജന് പറഞ്ഞു.
‘‘ഓ പിന്നേ...’’ ഉണ്ണിക്കമ്മു പതാകയിലേക്ക് നോക്കി വർധിതവീര്യത്തോടെ മുഷ്ടി ചുരുട്ടിയശേഷം പുച്ഛത്തോടെ പറഞ്ഞു, ‘‘അർധരാത്രിക്ക് സ്വാതന്ത്ര്യം കിട്ടിയ നാടാണ്. ന്ന്ട്ട് നട്ടപ്പാതിരാക്കൊന്ന് പുറത്തിറങ്ങി നോക്ക്. അന്നേരറിയാ നെന്റെ ചാതന്ത്ര്യം.’’
ആലീസ് രാജന് ത്രിവർണത്തില്‍ തൊട്ടുതലോടുന്നത് ഉണ്ണിക്കമ്മു നോക്കിയപ്പോള്‍ രണ്ടു പേരുടെയും മനസ്സില്‍ നിറഞ്ഞത് അതിലെ ഓരോ വർണമാണ്. മക്കളായ സുമേഷിന്റെയും ജലീലിന്റെയും ഓരോ വർണം.
അതിനെപ്പറ്റി എന്തോ പറഞ്ഞുതുടങ്ങുന്നതിനു മുമ്പേ രാജന്റെ വീട്ടുമുറ്റത്തേക്ക് സുമേഷിന്റെ ബൈക്ക് ഇരമ്പിനിര്ത്തുകയും അവന്റെ സമയമല്ലാത്തതുകൊണ്ട് രണ്ടുപേരും അങ്ങോട്ടുനോക്കിപ്പോവുകയും അവന് ധൃതിയില്‍ അകത്തേക്ക് പോയി ഷര്‍ട്ടിനുള്ളില്‍ രഹസ്യമായി എന്തോ തിരുകിക്കയറ്റി പുലിമറഞ്ഞപോലെ മറയുന്നതും കണ്ടു.
‘‘അവനെയിങ്ങനെ കുണ്ടിക്കിറുക്കി നാട് നെരങ്ങാന്‍ വിട്ടാല്‍ നന്നല്ല രാജാ...’’
രാജന്റെ കുടുംബത്തിന്റെ കാലക്കേടിനെ കുറിച്ച് ഉണ്ണിക്കമ്മുവിന് എപ്പോഴും മനസ്താപമുണ്ട്.
‘‘അറാമ്പെറപ്പിന്റെ അവസാനപേരാ ഓന്റെ. നന്നാവൂല്ല.’’ സുമേഷിനെ കുറിച്ചുള്ള പ്രതീക്ഷയൊന്നും ബാക്കിയില്ലാതെ, മക്കളെപ്പറ്റി നല്ലത് കേള്‍ക്കാന്‍ ഭാഗ്യമില്ലാത്ത രാജന്റെ മുഖം മ്ലാനിച്ചു.
‘‘കച്ചിമേമന്‍ സൗദീല് ബിസിനസ്സാ.’’ ഉണ്ണിക്കമ്മുവിന്റെ മൂത്ത പുയ്യാപ്ലേടെ ബാപ്പയാണ് കച്ചിമേമന്‍. ‘‘ഞാന്‍ പറഞ്ഞോളാ... നീയവനോട് പാസ്പോര്ട്ടൊന്ന് എട്ത്തുവെക്കാന് പറ.’’
ആലീസ് രാജന്റെ കണ്ണ് പൊതിര്‍ന്നു. കുറച്ചുനേരം ഒന്നും മിണ്ടാതെ നിന്ന് രണ്ടുപേരും വീട്ടിലേക്ക് മണ്ടി.
‘‘നീയാ പൈപ്പ് ഇദ്വരെ ശെരിയാക്കിയില്ലേ...’’
മുറ്റത്തെ പൈപ്പ് പൊട്ടി വെള്ളമുറ്റുന്നത് പതിവുപോലെ ഇന്നും ഉണ്ണിക്കമ്മു കേട്ടു.
മറുപടിയൊന്നും പറയാതെ രാജന് പൈപ്പിന്റെ ചോട്ടില്പോയി ഒന്നൂടി മുറുക്കിയെങ്കിലും ദാരിദ്ര്യം ചോര്‍ന്നുകൊണ്ടിരുന്നു.
രാവിലെയായിട്ടും തുറക്കാത്ത സുമേഷിന്റെ വാതിലിന് രുഗ്മിണിയുടെ പടപടാ അടി കേട്ടുകൊണ്ടാണ് രാജരാജേശ്വരന്റെ കാണിക്ക തൊവ്വലും കഴിഞ്ഞ് രാജന് വീട്ടിലേക്ക് കയറിവന്നത്. നാലുകാലില്‍ വന്നാലും ഏഴ് മണിയാകുമ്പോള്‍ എണീറ്റ് സ്ഥലം വിടുന്ന ചെക്കന് എണീക്കാത്തതു കണ്ടാണ് ഈ വാതില്തല്ലിപ്പൊളി. സഹികെട്ട് അവന് വാതില്‍ തുറന്നു. കൈക്കും കാലിനും തലക്കും വെള്ളത്തുണിയുടെ മുറുക്കിക്കെട്ട് കണ്ട് രുഗ്മിണി നിലവിളി തുടങ്ങി. അവന് തത്തനപിത്തന നടന്ന് കിടക്കയിലേക്ക് വീണ് അമ്മക്കെതിരെ വാളെടുത്തു.
‘‘ഒച്ചയാക്കാണ്ടൊന്ന് പോന്നുണ്ടോ.’’
രുഗ്മിണിയുടെ നിലവിളിക്കുള്ളിലൂടെ രാജന് എത്തിനോക്കി. അവന്റെ ശരീരത്തിലെ മൊത്തം കെട്ടുകളെണ്ണി. ആറെണ്ണമുണ്ട്.
‘‘കിട്ടണം.’’ രാജന്റെ പിറുപിറുക്കല്‍ കേട്ട് രുഗ്മിണി അയാളെ നോക്കി ദഹിപ്പിച്ചു.
വൈകുന്നേരം പീരങ്കിപ്പുറത്തിരുന്ന് ഉണ്ണിക്കമ്മുവും രാജനും ഇതേച്ചൊല്ലി പൊട്ടിപ്പൊട്ടിച്ചിരിച്ചു. ‘‘ജലീലിന്റെ മേത്ത് എട്ട് കെട്ടുണ്ട്. മൂട്ടത്തൊക്കെ കൂട്ടണം ഗുണിക്കണം... കണക്ക് തീര്‍ക്കലല്ല, കണക്ക് പഠിപ്പിക്കലാണ് ഇപ്ലത്തെ പരിപാടി. രണ്ടിനീം ഒന്നിച്ച് നാടുകടത്തണം. നാട്ടിലല്ലേ കീരീം പാമ്പും.’’
കഴിഞ്ഞ പത്തറപത്താറുവര്ഷം പിള്ളേരുടെ കൈക്കും കാലിനുമൊക്കെ കെട്ടിയ സാധനംപോലത്തെ എന്തോ ഒന്നിനെക്കൊണ്ട് തമ്മില്‍ എന്തൊരു കെട്ടാരുന്നെന്ന് ഓര്‍ത്തോത്ത് നിര്‍വൃതികൊണ്ട് രാജനും ഉണ്ണിക്കമ്മുവും ഇരിക്കെ പീരങ്കിയുടെ പിറകില്നിന്നൊരു ചില് ശബ്ദം കേട്ടു.
ഉണ്ണിക്കമ്മു മെല്ലെ പോയി നോക്കി. പാമ്പിനെ കണ്ടമാതിരി ഹയ്യോന്ന് പേടിച്ച് പിന്നോട്ടോടി. രാജന് ഒരു വിറകുവടിയെടുത്ത് ഓങ്ങിക്കൊണ്ട് നോക്കിയപ്പോള്‍ ചെറിയൊരു നായിക്കുട്ടി വാലാട്ടി നില്ക്കുന്നു.
രാജന് ചുറ്റുംനോക്കി. ഒറ്റൊന്നേയുള്ളൂ. വഴിതെറ്റിയതോ അതിന്റെ അച്ചി കടിച്ചുകൊണ്ടിട്ടതോ. എന്തായാലും കാണാന്‍ മൊഞ്ചുണ്ട്. രാജന് അതിനെ കോരിയെടുത്ത് ഉണ്ണിക്കമ്മുവിനെ കാണിച്ചു.
‘‘ദൂരെപ്പിടി.’’
ഉണ്ണിക്കമ്മുവിനെ കണ്ട് അത് ചെറിയവായില്‍ കുരച്ചുകൊണ്ട് രാജന്റെ കയ്യില്‍നിന്ന് ചാടി. ഉണ്ണിക്കമ്മു പേടിച്ച് പീരങ്കിപ്പുറത്ത് കുരങ്ങിനെപ്പോലെ കേറുന്നതും നായിക്കുട്ടി അയാളുടെ പിന്നാലെ കേറാന്‍ ശ്രമിക്കുന്നതും കണ്ട് രാജന്റെ പള്ളകൂച്ചി.
‘‘നമ്മക്കിതിനെ പോറ്റിയാലോ കമ്മൂ...’’
‘‘നീ പോറ്റിക്കോ. അനക്ക് അറാമാ...’’
ച്തൂ... ച്തൂ... ച്തൂ... നാവ് അണ്ണാക്കില്‍ പറ്റിച്ച ശബ്ദമുണ്ടാക്കി രാജന് അതിന്റെ യജമാനനാകുന്നതും വാലാട്ടിക്കൊണ്ട് നായിക്കുട്ടി എളുപ്പം അടിമയാകുന്നതും പീരങ്കിപ്പുറത്ത് അള്ളിപ്പിടിച്ച് കിടന്ന് ഉണ്ണിക്കമ്മു കണ്ടു.
അടിയുംകൊണ്ട് മുറിക്കുള്ളില്‍ വിശ്രമത്തിലിരിക്കുന്ന സുമേഷ് നായിക്കുട്ടിയുടെ കഴുത്തിലൊരു പട്ടയും ചരടും കെട്ടി അതിനെ തീറ്റിച്ചും തൂറിച്ചും കൂട്ടായി. തമ്മിലടിച്ച് വിശ്രമത്തിലിരിക്കുന്ന സുമേഷിനും ജലീലിനും വേണ്ടി അപ്രത്തെയും ഇപ്രത്തെയും വീട്ടിലുണ്ടാക്കിയ ബിരിയാണിയും മുട്ടക്കഷായവുമൊക്കെ മതിലില്‍നിന്ന് രുഗ്മിണിയും മറിയവും കൈമാറി.
രാത്രിയില്‍ അവന്റെ കുരകേട്ടാല് ഉണ്ണിക്കമ്മുവിന്റെ ജനലും തുറക്കും.
‘‘ഓന്റെ പേരന്താ..?’’ പീരങ്കിയുടെ ദ്വാരത്തില്നിന്ന് തെറിച്ച കരിമാടൻ കാടയെ ഇന്നും മരച്ചില്ലകളില്‍ പരതിക്കൊണ്ട് ഉണ്ണിക്കമ്മു ചോദിച്ചു.
‘‘ടിപ്പു.’’
‘‘ടിപ്പുവാ!?’’ ഉണ്ണിക്കമ്മുവിന്റെ നെറ്റിയില്‍ നാലഞ്ച് വരകള്‍ ചുളിഞ്ഞു.
‘‘പുള്ളറിട്ട പേരാ.’’ നെഞ്ചിലെ രോമങ്ങള്‍ തടവിക്കൊണ്ട് രാജന് പീരങ്കിപ്പുറത്ത് കേറിയിരുന്നു. ഒന്നും മിണ്ടാതെ ഉണ്ണിക്കമ്മു പോകാനായി എഴുന്നേറ്റുകൊണ്ട് പിറുപിറുത്തു.
‘‘ടൈഗറ്, കൈസറ് അങ്ങന്ത്തെ പേരല്ലേ സാധാരണ ഇടല് നായിക്കള്‍ക്ക്.’’
രാജന് നെഞ്ച് തടവല്‍ നിന്നു. കുറച്ചുദൂരം നടന്ന് ഉള്ളില്‍തട്ടി ഉണ്ണിക്കമ്മു പകുതിതിരിഞ്ഞ് രാജന് ഇരിക്കുന്നിടത്തേക്ക് നോക്കി.
‘‘ടീപ്പൂന്ന് പറഞ്ഞാ ആരാന്നറിയ്യില്ലേ..!’’
രാജരാജേശ്വരന്റെ ചെരിവിന് കോട്ടക്കുന്നെന്ന് പേര് വന്നതുതന്നെ ടിപ്പുവിന്റെ പടയോട്ടത്തില്‍ അവിടെ താല്‍ക്കാലിക കോട്ടകള്‍ നിർമിച്ചതുകൊണ്ടാണെന്ന് രാജനും അറിയാം. സര്‍ക്കാറിന്റെ കണ്ണില്‍പ്പെടാതെ, നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടാതെ അവശേഷിക്കുന്ന ഒരേയൊരു തെളിവിന്റെ തട്ടേക്കേറിയിരുന്ന് ഉണ്ണിക്കമ്മു വീട്ടിലേക്ക് അസ്വസ്ഥമായി നടന്നുപോകുന്നത് കണ്ട് രാജന് വിഷമം തോന്നി.
പിറ്റേന്ന് കുറേ കാത്തിരുന്നിട്ടും ഉണ്ണിക്കമ്മു വന്നില്ല. ക്ഷമകെട്ട് രാജന് വീട്ടിലേക്ക് പോയിനോക്കി. എന്തൊക്കെയോ വര്‍ത്താനം പറഞ്ഞിരുന്നിട്ടും ആകപ്പാടെ ഒരു ചടച്ചില്‍. ഇറങ്ങാന്നേരം ഉണ്ണിക്കമ്മു ചോദിച്ചു.
‘‘നായീടെ പേര് മാറ്റീന..?’’
‘‘ഒലക്ക മാറ്റും.’’
കാര്യം പറഞ്ഞപ്പോള്‍ സുമേഷ് വാതില്‍പ്പടിയില്‍ നില്ക്കുന്ന രാജനെ കടിക്കാന്‍ കേറി. ‘‘ടിപ്പുവാരാ ആയാളെ വല്ല്യുപ്പാപ്പ്യാ...’’
വലിയ ധാരണയൊന്നുമില്ലെങ്കിലും അറിയാവുന്ന കാര്യം രാജന് വായിലേ മൂക്കിലേ പറയാന്‍ ശ്രമിച്ചു.
‘‘നമ്മക്ക് സ്വാതന്ത്ര്യം നേടിത്തന്ന...’’
പൂര്‍ത്തിയാക്കാന്‍ വിടാതെ സുമേഷ് ഇടയില്‍ കയറി തടഞ്ഞു. ‘‘ഈ രാജരാജേശ്വര അമ്പലം തകര്‍ത്തതാരാ..?’’
‘‘ആരാ..?’’
രാജന്റെ നെഞ്ചുങ്കൂടിനുള്ളിലേക്ക് ഒരു പീരങ്കിയുണ്ട തുളഞ്ഞുകേറി. ഓർമവെച്ചകാലം മുതല്‍ തന്റെ പരബ്രഹ്മസ്വരൂപിയായ പരമശിവന് അരക്കില്ലംപോലെ ഉള്ളില്‍ കത്തി.
‘‘ടിപ്പുവാ?’’
‘‘പിന്നല്ലാണ്ട്.’’
പിറ്റേന്നും കാത്തിരുന്നിട്ട് വരാതിരുന്ന ഉണ്ണിക്കമ്മുവിനെ ടൗണില്‍ പോയി വരുന്നതിനിടെ രാജന് വഴിയില്‍ തടഞ്ഞുനിര്‍ത്തി.
‘‘നിന്റെയീ ടിപ്പു സുല്‍ത്താന്‍ അത്ര വലിയ മഹാനൊന്നല്ല... നമ്മളെ അമ്പലം കത്തിച്ച് ആട്ത്തെ നിധി മുഴുവന്‍ കട്ടോണ്ടുപോയ കള്ളനല്ലേ...’’
ഉണ്ണിക്കമ്മു കണ്ണുമിഴിച്ച് നിന്നുപോയി. ആരെങ്കിലും കേള്‍ക്കുന്നുണ്ടോന്ന് ചുറ്റുംനോക്കി. ഇവനിതെന്തുപറ്റി. വര്ത്താനത്തില്തന്നെ വെറയല് വന്നിട്ടുണ്ട്. ഉണ്ണിക്കമ്മുവിന്റെ വായില്‍നിന്ന് മറുപടിയൊന്നും കാണാതായപ്പോള്‍ രാജന് എരുകൂടി
‘‘ഓന്റെ പേര് എന്റെ നായിക്കിട്ടേന്. നിങ്ങമാര് മ്മളെ തൂക്കിക്കൊല്ലോ..?’’
നിങ്ങമാരെന്നൊക്കെ കേട്ടപ്പോ ഉണ്ണിക്കമ്മുവിനും രണ്ട് പറയണമെന്ന് തോന്നി.
‘‘കത്തിച്ചിനെങ്കിലേ... കുറിവരച്ചോ.’’
അയാളെ തള്ളിമാറ്റി ഉണ്ണിക്കമ്മു നടന്നുപോയി.
രാത്രിയില്‍ ജനലിലൂടെ രാജന് കണ്ടു, കിഴക്കോട്ട് ഉന്നംവെച്ചുനില്ക്കുന്ന പീരങ്കി രാജരാജേശ്വരന്റെ അവശേഷിച്ച ചുറ്റുമതിലേക്ക് ലക്ഷ്യംവെച്ചത്. അതെപ്പോ വേണേലും പൊട്ടാം. ദൂരെ കാലാള്‍ സൈന്യത്തിന്റെ ആരവം അടുത്തടുത്തെത്തുന്നു. അതിന്റെ മുന്നിലായി തലപ്പാവും ഉടവാളുമണിഞ്ഞ ഉയരമുള്ള ഒരാള്‍ വെള്ളക്കുതിരപ്പുറത്ത് നിന്നും ഇറങ്ങിവന്ന് പീരങ്കിയുടെ മൂട്ടില് പന്തംകൊളുത്തുന്നു.
രാവിലെ അമ്പലത്തിലേക്കെന്ന വ്യാജേന രാജന് പുറപ്പെട്ടത് ഉള്ളിലുള്ള കാര്യങ്ങള്‍ക്കൊരു തീര്‍പ്പുകല്‍പ്പിക്കാനാണ്. അതിന് പറ്റിയ ഒരാളെ ഇന്നലെ രാത്രിതന്നെ ഉറക്കമൊഴിച്ച് കണ്ടുവെച്ചിട്ടുണ്ട്. ചരിത്രമൊക്കെ കെട്ടുകഥകളാണെന്ന് കേട്ടിട്ടുണ്ടെങ്കിലും എന്തെങ്കിലും സത്യമൊക്കെ കാണുമെന്നും അതിനെകുറിച്ച് പറഞ്ഞുതരാന്‍ കഴിവുള്ള ആളാണ് ശേഖരന് മാഷെന്നും രാജന് ഉറപ്പുണ്ട്.
‘‘അങ്ങനെയൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്.’’
ശേഖരന് മാഷ് വായിച്ചോണ്ടിരുന്ന പുസ്തകം മടക്കിവെച്ച് രാജനെ നോക്കി ചിരിച്ചു. രാജന് സന്തോഷമായി. കണ്ണ് തിളങ്ങി. അപ്പൊ സത്യാണല്ലേ...
മാഷ് തുടര്‍ന്നു. ‘‘നിങ്ങളെ രാജരാജേശ്വരന്റെ അമ്പലം മാത്രല്ല, പെരുവനം, സാരാനാഥ് തുടങ്ങി എണ്ണായിരത്തോളം ക്ഷേത്രങ്ങളും ഇരുപത്തേഴ് പള്ളികളും ലക്ഷക്കണക്കിന് ഹിന്ദുക്കളെ മതം മാറ്റി മാപ്പിളയാക്കിയതും അവരെക്കൊണ്ട് പശൂനെ തീറ്റിച്ചതും അങ്ങനെ കുറേയുണ്ട്. ഇവിടത്തെ നായമ്മാരെ, കൊടകിലെ കൊടവാസമ്മാരെ, മഗലാപുരത്തെ കത്തോലിക്കക്കാരെ, അങ്ങനെ തനിക്കെതിരെ നില്‍ക്കുന്നവരെയൊക്കെ കൊന്നൊടുക്കി ധനാപഹരണം നടത്തിയിട്ടുണ്ട് ഈ പഹയന്.’’
കേട്ടുനില്ക്കേ, രാജന് പല്ലിറുമ്മുന്നതും കൊരലുവള്ളി രക്തംകയറി വീര്‍ത്തുവരുന്നതും ശേഖരന് മാഷ് കണ്ടു.
മാഷ് തുടര്‍ന്നു, ‘‘പക്ഷേ, ഞാനത് വിശ്വസിക്കുന്നില്ല. നമ്മുടെ നാട്ടിലെ എത്രയോ ആരാധനാലയങ്ങള്‍ നിർമിച്ചുനല്‍കുകയും സംരക്ഷിക്കുകയുംചെയ്ത മഹാനായ ഒരു മതേതര രാജാവാണ് ടിപ്പുസുല്‍ത്താന്‍. അയാളെ മന്ത്രിമാരൊക്കെ ഹിന്ദുക്കളായിരുന്നു.’’
തിളച്ചുകയറിക്കൊണ്ടിരുന്ന രാജന് പെട്ടെന്ന് താണു. ‘‘പക്ഷേ എന്റെ വീട്ടിന്റെ ചേതിക്കുള്ള പീരങ്കി അയാള്‍ അമ്പലം ചുടാന്‍ കൊണ്ടന്നതല്ലേ... അതാണ് എന്റെ ചോദ്യം. അയാളിവിടെ തമ്പടിച്ചിട്ടില്ലേ... അതുകൊണ്ടല്ലേ കോട്ടക്കുന്നുണ്ടായത്.’’
മാഷ് കണ്ണടക്കുള്ളിലൂടെ ചിരിച്ചു. ‘‘അക്കാലത്ത് വാണ്ടറിങ് ബാൻഡ് എന്ന സംഘങ്ങളുണ്ടായിരുന്നു. ഈ സംഘത്തെ നാട്ടിലെ ഇടപ്രഭുക്കന്മാരൊക്കെ സഹായിച്ചിട്ടുണ്ട്. കൊള്ളയടിയാണ് അവരുടെ മെയിന്‍ ഉദ്ദേശം. ഇപ്ലത്തെ ഭണ്ണാരം മോഷ്ടിക്കലില്ലേ അതുപോലെ. പക്ഷേ, അതൊന്നും ടിപ്പു അറിഞ്ഞുകൊണ്ടാവില്ല.’’
വായിച്ചു പാതിവെച്ചത് തുടരനായി മാഷ് പുസ്തകം തുറന്നു. തൃപ്തിയാകാതെ രാജന് എഴുന്നേറ്റപ്പോള്‍ മാഷ് ഒന്നൂടി ഓർമിപ്പിച്ചു.
‘‘പട്ടിക്ക് ടിപ്പൂന്ന് പേരിട്ടതിലൊന്നും തെറ്റില്ല. ഒരു പേരിലെന്തിരിക്കുന്നൂവെന്നല്ലേ.’’
രാജന് മടങ്ങി.
കോട്ടക്കുന്നില്‍നിന്ന് കിങ്കരന്മാര് വെള്ളക്കുതിരപ്പുറത്ത് വന്ന് നകാര കൊട്ടി വീടിനുമുന്നില്‍ നിന്നുകൊണ്ട് ഉറക്കെ ദേശം അറിയിക്കുന്നതായി രാജന് സ്വപ്നംകണ്ടു.
‘‘ടിപ്പു സുല്‍ത്താന്റെ കൽപന: പെരിഞ്ചല്ലൂരിലെ കമ്മളും പിള്ളയും നമ്പ്യാരും പൊലേരുമടക്കം രാജരാജേശ്വര പരിസരവാസികളായ ഹിന്ദുക്കള്‍ രണ്ട് ദിനത്തിനുള്ളില്‍ സുല്‍ത്താന്റ മുന്നില്‍ പൊന്നും പണ്ടവും കപ്പംവെച്ച് മാപ്പിളകളാകണമെന്നും അല്ലാത്തപക്ഷം കടുത്തശിക്ഷക്ക് വിധേയമാകുമെന്നും ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു...’’
നകാരയുടെ ഉഗ്രശബ്ദത്തില്‍ ഉണ്ണിക്കമ്മുവിന്റെ ഉറക്കം പോയി. ബാക്കി അയാള്‍ കിടന്നുകൊണ്ട് സങ്കല്‍പ്പിച്ചുണ്ടാക്കി. ഇരുട്ടിന്റെ മറപറ്റി ഭാണ്ഡവുമെടുത്ത് പലായനംചെയ്യുന്ന തിരക്കില്‍ അയാള്‍ അയാളെ കണ്ടു പേടിച്ചു.
പുലര്‍ച്ചെ ഉണ്ണിക്കമ്മുവിന്റെ വീടിനെ നോക്കി രാജന് അലറി.
‘‘നീയും നിന്റെ ടിപ്പുവും കൊറേ പൊലേമ്മാരെ പിടിച്ച് മാപ്പിളമാരാക്കീട്ടുണ്ടാവും. അന്തസ്സുള്ളവരുമുണ്ടെടാ നമ്മളെ കൂട്ടത്തില്‍.’’
ഒച്ചപ്പാട് കേട്ട് രണ്ടു വീട്ടിലെയും പെണ്ണുങ്ങള് കൈയിലുണ്ടായിരുന്നതെന്തോ അതുമെടുത്ത് പുറത്തിറങ്ങി പരസ്പരം നോക്കി ഏന്താന്ന് ആംഗ്യമിട്ടു.
‘‘അമ്മോപ്പാ...’’
മുറ്റത്ത് ആരെയെങ്കിലും കൊഞ്ചാന്‍ കിട്ടിയ തക്കത്തിന് ടിപ്പു വന്ന് രാജന്റെ കാലിന്മേല് കേറി കളി തുടങ്ങി. അയാള്‍ അതിനെ തട്ടിയെറിഞ്ഞു.
‘‘പോടാ നായിന്റെ മോനേ... ടിപ്പൂ...’’
കയ്യുള്ള വെള്ള ബനിയനിട്ടോണ്ട് ഉണ്ണിക്കമ്മുവും ശബ്ദം കേട്ട് പുറത്തുവന്നു. ഇങ്ങളങ്ങോട്ട് പോണ്ടെന്ന് മറിയം വിലക്കിയെങ്കിലും അയാള്‍ മതിലിനടുത്തേക്ക് നടന്നു.
‘‘എന്താന്ന് രാജാ സൊബീക്കന്നെ ഒച്ചപ്പാട്.’’
‘‘നീ മാപ്പ്ളയാടാ..? മന്ശനാ..?’’
തന്റെ സമുദായത്തെ ചേര്‍ത്തുപിടിച്ച് പറയുന്ന ഏറ്റവും അധഃപതിച്ച പ്രയോഗമാണ് അതെന്ന് ഉണ്ണിക്കമ്മുവിനറിയാം. മറ്റാരെങ്കിലുമാണത് പറഞ്ഞതെങ്കില്‍ അന്നേരം കൊടുത്തേനെ കൈമടക്കി.
‘‘ഞാന്‍ മാപ്പ്ളക്ക്ണ്ടായ മന്ശനാടാ... ന്തേ?’’
ഏതാണ് എന്തിനാണെന്നൊന്നും മനസ്സിലായില്ലെങ്കിലും സ്വഭാവം വഷളാകാന്‍ പോകുവാണെന്ന് കണ്ട രണ്ട് പെണ്ണുങ്ങളും അതത് ഭര്ത്താക്കന്മാരെ പിന്തിരിപ്പിക്കാന് ശക്തിയുക്തം ശ്രമിച്ചു.
തലേന്ന് ടൗണില്‍ വെച്ചുണ്ടായ അടിപിടിയുടെ ബാക്കി തന്തമാര് ഏറ്റെടുത്തതാണെന്ന് തെറ്റിദ്ധരിച്ച് സുമേഷും ജലീലും മുറ്റത്തേക്കിറങ്ങി രണ്ടുപേരോടും കയര്‍ത്തു.
‘‘ഞങ്ങള്‍ തമ്മീ പൊറത്ത് പല പ്രശ്നങ്ങളൂണ്ടാവും. അതവിടെ തീര്‍ക്കും. അതൊക്കെ വലിച്ച് വീട്ടീക്കൊണ്ടിടണ്ട കേട്ടാ... രണ്ടാളും കേറിപ്പോയേ...’’
ഊരിപ്പിടിച്ച വാള്‍ത്തലപ്പ് പോലെ രാജന്റെയും ഉണ്ണിക്കമ്മുവിന്റെയും കണ്ണുകള്‍ അവരോട് വെട്ടിത്തിളങ്ങി. അവര്‍ മെല്ലെ അകത്തേക്ക് കേറി. വെള്ളമുണ്ട് മാടിക്കെട്ടി രാജന് മതിലേ കേറാന്‍ നോക്കി.
‘‘നമ്മളെ ചുറ്റമ്പലം കണ്ടിനാ... നിന്റെ ടിപ്പു തകര്‍ത്തതാ അത്. രേഖവെച്ചിട്ടാ ഞാന്‍ പറയുന്നത്.’’
മതിലിനപ്പുറത്ത് നിന്ന് ഉണ്ണിക്കമ്മുവും മറിയത്തില്‍നിന്ന് കുതറിവന്നു.
‘‘നാണൂല്ലാത്തോനേ...രായ്ക്ക് രാമാനം പേടിച്ചോടിയപ്പം ഇവിടുത്തെ മാപ്പിളമാര്‍ തടഞ്ഞോണ്ടാ. അതവിടെ ബാക്കി കെടക്ക്ന്ന്. കുത്തിത്തിരിപ്പ്ണ്ടാക്കാണ്ട് പോയി ഉള്ളിക്ക് തൂറിക്കൊടുക്കെടാ.’’
നിങ്ങളൊന്ന് മിണ്ടാണ്ട്ക്കോന്ന് പറഞ്ഞ് ഭാര്യമാര്‍ രണ്ടും അവരെ കമ്പവലിച്ചു. പറഞ്ഞു മതിയാകാതെ ഉണ്ണിക്കമ്മു വീണ്ടും കുരച്ചുകേറി.
‘‘നീയധികം കൊരക്കണ്ട... ഇവിട്ന്ന് കെട്ട്കെട്ടിക്കും നിന്നെ. മ്മടെ രാജ്യത്ത് ജീവിച്ചിട്ട് നന്ദികേട് കാണിക്ക്ന്നാ നായീ...’’
‘‘നന്ദീടെ കാര്യം നീ മിണ്ടറ്... നിനക്കത് പണ്ടേ ഇണ്ടാ...? ആലീസെന്നൊരു പറവെടിയെ വെച്ചോണ്ടു നിന്നപ്പം, അതറിഞ്ഞ് കല്ല്യാണപ്പിറ്റേന്ന് നിന്റെയീ പെണ്ണുമ്പിള്ള ഇട്ടേച്ചുപോകാന്‍ നോക്കിയപ്പം, ഈ മാപ്പിളയേ ഇണ്ടായിട്ടൂ... കൂടെ. ന്തേ...ന്തേ... നിന്റെ ഒച്ച പോയ?’’
രാജന്റെ ഒച്ച ശരിക്കും പോയി. അയാളുടെ കൈത്തണ്ടയില്‍നിന്ന് രുഗ്മിണിയുടെ കൈ അയഞ്ഞു.
കുറച്ചുനേരം അവരുടെ കിതപ്പുമാത്രം ഉയര്‍ന്നുകേട്ടു.
ആലീസിനെ അറിയാത്തവര്‍ ആരുമില്ല. രാജന്റെ പേരിനുമുന്നില്‍ ആലീസെന്ന പേര് വന്നതിനെക്കുറിച്ച് ആര്‍ക്കും അതിശയവുമില്ല. നാട്ടില്‍ നല്ലതല്ലാത്ത നിലയില്‍ അറിയപ്പെടുന്ന ഒരു പെണ്ണിന്റെ പേര് തന്റെ നല്ലപേരിന് മുന്നില്‍ കുടുങ്ങിയതില്‍ അയാള്‍ക്ക് പരിഭവവുമില്ല. അവര്‍ തമ്മില്‍ വഴിവിട്ട ഒരു ബന്ധവുമില്ലെന്ന് ഉണ്ണിക്കമ്മുവിനെപ്പോലെ എല്ലാവര്ക്കും അറിയാം. നിവൃത്തികേടുകൊണ്ട് അങ്ങനെ ജീവിക്കുന്നൊരു പെണ്ണ്. രാജന്റെ തയ്യല്‍ക്കടയുടെ മുന്നില്‍നിന്നാണ് അവളുടെ കച്ചോടമൊറപ്പിക്കല്. ചോദിക്കാനും പറയാനും ഒരാളുണ്ടെന്ന തോന്നലാണ് അവള്‍ക്ക്. അതുകൊണ്ട് ഇതുവരെ പറ്റിക്കപ്പെട്ടിട്ടില്ല. എങ്ങനെയെങ്കിലും പെഴച്ച് ജീവിച്ചോട്ടേന്ന് രാജന് വിചാരിക്കും. അവളുടെ കേന്ദ്രത്തെ ആലീസ് മുക്കെന്നും പയ്യപ്പയ്യെ രാജന്റെ തയ്യല്‍ക്കടക്ക് ആലീസ് ടൈലേഴ്സെന്നും നാട്ടുകാര്‍ നാമകരണം ചെയ്തതും സ്വാഭാവികം. അല്ലാതെ ഉണ്ണിക്കമ്മു പറയുമ്പോലെ...
രാജന്റെ കല്ല്യാണപ്പിറ്റേന്ന് എവിടുന്നോ കഥ മണത്തുപിടിച്ച രുഗ്മിണി ‘‘ഈ മന്ഷ്യന്റൊപ്പരം ഞാന്‍ ജീവിക്കില്ലെന്ന്’’ പറഞ്ഞ് ഇറങ്ങിപ്പോകാന്‍ തുനിഞ്ഞപ്പോള്‍ ഉണ്ണിക്കമ്മുവാണ് ഓടിവന്ന് മനുഷ്യത്വത്തിന്റെ അപാരതപറഞ്ഞ് രുഗ്മിണിയെ അനുനയിപ്പിച്ചത്. എന്നിട്ടിപ്പോ...
ഉണ്ണിക്കമ്മുവിന്റെ മുഖത്തുനോക്കി രുഗ്മിണി രണ്ട് പറഞ്ഞു.
‘‘ചളിയില്‍ കുത്തിയ നാട്ടപോല്ത്തെ വര്‍ത്താനം പറയല്ല സായിബേ... ഒറച്ച് നിക്ക്.’’
രുഗ്മിണി അകത്തേക്ക് പോയി. പിന്നാലെ രാജനും. പറഞ്ഞത് തെറ്റായിപ്പോയെന്ന് ഉള്ളീന്ന് തോന്നിയിട്ടും പുറമേ കാണിക്കാതെ ഉണ്ണിക്കമ്മുവും വീടുകേറി.
ചവിട്ടേറ്റ് വാല് ഊരയിലൊളിപ്പിച്ച് ടിപ്പു ഉമ്മറപ്പടിക്ക് താഴെ ചുരുണ്ടുകിടക്കുന്നുണ്ടായിരുന്നു.
അടുക്കളപ്പുറത്ത് കാലുരക്കാനായി ഉപേക്ഷിച്ച പഴന്തുണിപോലെ ഒരു പേര് രുഗ്മിണിയുടെ രാത്രിയെ വീണ്ടും മുഷിപ്പിച്ചു. അവളുടെ മുഖത്തെങ്ങനെ നോക്കുമെന്ന് മറിയം ഉണ്ണിക്കമ്മുവിനോട് പുലരുംവരെ പരിതപിച്ചു. കോട്ടക്കുന്നിന്റെ ഇരുവശത്തുനിന്നും എപ്പോ വേണമെങ്കിലും ആര്‍ത്തലച്ചുവന്ന് ഒരുസംഘം ആക്രമിക്കുന്നത് സുമേഷും ജലീലും കാതോര്‍ത്തു. രണ്ട് വീടിനെയും നെടുകെപ്പിളര്ന്ന് അപ്പോഴും പീരങ്കി ഉദ്ധരിച്ചുതന്നെ നിന്നു.
ആരുടെ വായില്‍നിന്നു ചോര്ന്നിട്ടാണെന്നറിയില്ല, പീരങ്കിക്ക് ചുറ്റും ആള്‍ക്കൂട്ടത്തെ കണ്ടാണ് ഇരുവീട്ടുകാരുടെയും നേരം പുലര്‍ന്നത്. ആള്‍ക്കൂട്ടത്തില്‍ രാജനെ കാണാത്തതുകൊണ്ട് ഉണ്ണിക്കമ്മുവും ഉണ്ണിക്കമ്മുവിനെ കാണാത്തതുകൊണ്ട് രാജനും വീടിന് മുറ്റത്തേക്കിറങ്ങിയില്ല. ഇത്രയധികം ആളെ ഒന്നിച്ചുകണ്ട ടിപ്പു തെങ്ങിന് മറഞ്ഞുംതിരിഞ്ഞും തിണ്ണമിടുക്കിക്കൊണ്ടിരുന്നു. തുപ്പാനും ഇറക്കാനും കഴിയാതെ കൊക്കിലെ ഇരയുമായി കരിമാറന്‍കാട അടുത്തുള്ള കൊമ്പത്തിരുന്ന് തലവെട്ടിച്ചു.
ആര്‍ക്കിയോളജി ഉദ്യോഗസ്ഥര്‍ പീരിങ്കിയുടെ ചോട് ചെത്തിക്കോരി പരിശോധന തുടങ്ങി. അവിടെയുണ്ടായിരുന്ന ഗ്ലാസ്സ് കണ്ടെടുത്ത് മണപ്പിച്ചു നോക്കുന്നതും വലിയ വട്ടലെന്സിലൂടെ പരിശോധിക്കുന്നതും കണ്ടപ്പോള്‍ ഇരുവരും തലവലിച്ചു.
രുഗ്മിണി മെല്ല രാജനെ തോണ്ടിവിളിച്ചു.
‘‘ഇങ്ങളെ പീരങ്കി അവര്‍ കൊണ്ടോവ്വോ..?’’
മറിയത്തിന്റെ ചോദ്യംകേട്ട് ഉണ്ണിക്കമ്മു ഏറ്റവും നിരാശഭരിതനായി മുഖംകോട്ടി.
പീരങ്കിക്ക് ചുറ്റും കമ്പുനാട്ടി നാടകെട്ടി ‘ഈ പുരാവസ്തുവിന് കോട്ടംവരുത്തുന്നവരെ നിയമപരമായി ശിക്ഷിക്കുന്നതായിരിക്കു’മെന്ന ബോര്‍ഡും തൂക്കി ആര്ക്കിയോളജിക്കാര് സ്ഥലംവിട്ടു.
വൈകുന്നേരംവരെ പത്രക്കാരുടെയും ചാനലുകാരുടെയും കേട്ടറിഞ്ഞ് വന്നവരുടെ ഫോട്ടോസെഷനും കഴിഞ്ഞ വിജനതയിലേക്ക് ടിപ്പുവിന്റെ വക പരിശോധനയും കഴിഞ്ഞ് അവനും മടങ്ങി.
അപ്പോഴും കൊക്കിലിറുക്കിയ ഇരയുമായി കരിമാറന്‍കാട ചുറ്റുംനോക്കി മെല്ലെമെല്ലെ പീരങ്കിക്കുഴലിലേക്ക് പറന്നു. കുഞ്ഞുങ്ങള്‍ക്ക് തീറ്റകൊടുത്തശേഷം പുറത്തെ മണ്ണില്‍ പുതുതായി രൂപംകൊണ്ട വേലിക്കെട്ടിലേക്കും ആകാശവെളിച്ചത്തിന്റെ പ്രഫുല്ലതയിലേക്കും കണ്ണുംനട്ട് അത് പീരങ്കിക്കുഴലിലൂടെ തല പുറത്തേക്കിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.