ചെന്നൈ: സൂപ്പർ താരം രജനീകാന്തിെൻറ പോയസ്ഗാർഡനിലെ വസതിക്ക് കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തി. തൂത്തുക്കുടി സന്ദർശനത്തോടനുബന്ധിച്ച് നടത്തിയ വിവാദ പ്രസ്താവനകൾ പിൻവലിക്കണമെന്നും രജനീകാന്ത് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് ചില സംഘടനകൾ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അറിയിച്ച സാഹചര്യത്തിലാണ് മുൻകരുതൽ നടപടി. 200ഒാളം പൊലീസുകാരെയാണ് ഇവിടെ സുരക്ഷ ഡ്യൂട്ടിക്ക് നിയോഗിച്ചത്. പോയസ് ഗാർഡൻ റോഡിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് ഗതാഗതം നിയന്ത്രിച്ചു. പൊതുജനങ്ങളെ ഇൗ ഭാഗത്തേക്ക് കടത്തിവിടുന്നില്ല.
സാമൂഹികവിരുദ്ധ ശക്തികൾ നുഴഞ്ഞുകയറി പൊലീസിനെ ആക്രമിച്ചതാണ് തൂത്തുക്കുടി പ്രശ്നം വഷളാവാൻ കാരണമായതെന്ന രജനീകാന്തിെൻറ നിലപാടിനെ അണ്ണാ ഡി.എം.കെയുടെ മുഖപത്രമായ ‘നമത് പുരട്ച്ചി തലൈവി അമ്മ’ സ്വാഗതം ചെയ്ത് ലേഖനം പ്രസിദ്ധീകരിച്ചു. സാമൂഹിക വിരുദ്ധ ശക്തികൾ ആരാണെന്ന് രജനീകാന്ത് വ്യക്തമാക്കണമെന്നും രജനീകാന്തിെൻറ സ്വരം മറ്റാരുടെയോ ആണെന്നും ഡി.എം.കെ വർക്കിങ് പ്രസിഡൻറ് എം.കെ. സ്റ്റാലിൻ പ്രസ്താവിച്ചു. വിവാദം തുടരുന്നതിനിടെ അടുത്ത സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് രജനീകാന്ത് വ്യാഴാഴ്ച രാത്രി ഡറാഡൂണിലേക്ക് തിരിച്ചു.
കെ. രാജേന്ദ്രൻ
മാധ്യമപ്രവർത്തകരെ അവഹേളിച്ചതായ ആക്ഷേപം: രജനികാന്ത് ഖേദം പ്രകടിപ്പിച്ചു
മാധ്യമ പ്രവർത്തകരെ അവഹേളിച്ചതായി ആക്ഷേപമുയർന്ന സാഹചര്യത്തിൽ രജനികാന്ത് ട്വിറ്ററിൽ ഖേദം പ്രകടിപ്പിച്ചു. ബുധനാഴ്ച ചെന്നൈ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അസഹിഷ്ണുതയോടെ മറുപടിപറഞ്ഞത് ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായാണ് രജനികാന്ത് അറിയിച്ചത്. ഭീഷണിപ്പെടുത്തുന്നവിധത്തിൽ ഏകപക്ഷീയമായി ആവേശത്തോടെ പ്രതികരിച്ചത് മനഃപൂർവമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബുധനാഴ്ച ൈവകീട്ട് തൂത്തുക്കുടി സന്ദർശനത്തിനുശേഷം ചെന്നൈ വിമാനത്താവളത്തിൽവെച്ചാണ് രജനികാന്ത് മാധ്യമപ്രവർത്തകരെ കണ്ടത്. സാമൂഹിക വിരുദ്ധർ നുഴഞ്ഞുകയറിയാണ് തൂത്തുക്കുടിയിൽ പ്രശ്നം വഷളാക്കിയതെന്നും തുടർസമരം നടന്നാൽ തമിഴകം ശവപ്പറമ്പാവുമെന്നും രജനികാന്ത് പ്രസ്താവിച്ചത് വൻ വിവാദമാണ് സൃഷ്ടിച്ചത്.
മാധ്യമപ്രവർത്തകരോടുള്ള രജനികാന്തിെൻറ സമീപനത്തിൽ ചെന്നൈ പ്രസ് ക്ലബ് പ്രതിഷേധിച്ചിരുന്നു. ഇതിന് മറുപടിയായാണ് രജനികാന്ത് ട്വിറ്ററിൽ ഖേദം പ്രകടിപ്പിച്ചത്. പ്രസ്താവന പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച ഉച്ചക്കുശേഷം തമിഴക മക്കൾ ജനനായക കക്ഷി പ്രവർത്തകർ രജനികാന്തിെൻറ വസതിയിലേക്ക് മാർച്ച് നടത്തി. സ്ത്രീകൾ ഉൾപ്പെടെ നൂറിലധികം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.