ചെന്നൈ: പ്രശസ്ത സിനിമാസംവിധായകനും തിരക്കഥാകൃത്തും നടനുമായ ശിവഗംഗ ഇളയങ്കുടി സ്വദേശി ജെ. മഹേന്ദ്രൻ നിര്യാതനായി. 79 വയസ്സായിരുന്നു. ചൊവ്വാഴ്ച രാവിലെ 7.45ന് ചെന്നൈ പള്ളിക്കരണൈ വസതിയിൽവെച്ചാണ് അന്ത്യം. വൃക്കസംബന്ധമായ രോഗംമൂലം ഒരാഴ്ചയായി ചെന്നൈ ക്രീംസ് റോഡിലെ അേപ്പാളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ചയാണ് വീട്ടിലേക്കു മാറ്റിയത്.
രാവിലെ 10 മുതൽ ചെന്നൈ പള്ളിക്കരണൈ കൊളത്തൂർ നാരായണപുരത്തെ സ്വവസതിയിൽ പൊതുദർശനത്തിനു വെച്ചു. ‘ഇനമുഴക്കം’, ‘തുഗ്ലക്’ വാരികകളിൽ പത്രപ്രവർത്തകനായിരുന്നു. എം.ജി.ആറിെൻറ സഹായത്തോടെ തിരക്കഥാകൃത്തായാണ് ജോസഫ് അലക്സാണ്ടർ എന്ന െജ. മഹേന്ദ്രൻ സിനിമാലോകത്തേക്ക് പ്രവേശിച്ചത്. 26 സിനിമകൾക്ക് കഥയും തിരക്കഥയുമെഴുതി. 1966ൽ ജയശങ്കർ അഭിനയിച്ച ‘നാം മൂവർ’ സിനിമക്ക് തിരക്കഥയെഴുതിയാണ് തുടക്കം. പിന്നീട് ജയലളിത അഭിനയിച്ച ‘പണക്കാരപിള്ളൈ (1968), ശിവാജി ഗണേശൻ നായകനായ ‘തങ്കപതക്കം’ (1974) തുടങ്ങിയവക്കും തിരക്കഥയെഴുതി.
ഇദ്ദേഹം സംവിധാനം ചെയ്ത ‘മുള്ളും മലരും’ (1978), ‘ഉതിരിപ്പൂക്കൾ’ (1979) എന്നിവ ഹിറ്റായി. പുതുമൈപിത്തെൻറ ചെറുകഥയെ അടിസ്ഥാനമാക്കി നിർമിച്ച ചിത്രമാണ് ഉതിരിപ്പൂക്കൾ. മോഹൻ, സുഹാസിനി എന്നിവർ അഭിനയിച്ച് 1981ൽ പുറത്തിറങ്ങിയ ‘നെഞ്ചത്തൈ കിള്ളാതെ’ മികച്ച പ്രാദേശിക ചിത്രത്തിനു പുറമെ മൂന്ന് ദേശീയ അവാർഡുകളും നേടി. കാമരാജ് (2004), തെരി, നിമിർ (2016) എന്നീ സിനിമകളിൽ അഭിനയിച്ചു. 2006ൽ റിലീസായ ‘സാസന’മാണ് ഏറ്റവും ഒടുവിൽ സംവിധാനം ചെയ്ത ചിത്രം.
ചെന്നൈ ബോഫ്റ്റ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ സംവിധാനവകുപ്പ് തലവനാണ്. രജനികാന്തിനെ ‘സ്റ്റൈൽമന്നനെന്ന നിലയിൽ സൂപ്പർതാരമായി വളർത്തിക്കൊണ്ടുവന്നതിൽ മഹേന്ദ്രന് നിർണായക പങ്കുണ്ട്. തെൻറ സിനിമാലോകത്തെ നേട്ടങ്ങൾക്കും വിജയങ്ങൾക്കും പിന്നിൽ മഹേന്ദ്രനെന്ന ഇതിഹാസ സംവിധായകനാണെന്ന് രജനി നിരവധി വേദികളിൽ തുറന്നുപറഞ്ഞിട്ടുണ്ട്.
രജനിയുടെ സൂപ്പർഹിറ്റ് ചിത്രമായ പേട്ടയിൽ മഹേന്ദ്രൻ അഭിനയിച്ചു. ഇൗയിടെ പുറത്തിറങ്ങിയ സീതാക്കാത്തി, ബൂമറാങ് എന്നീ സിനിമകളിലും അഭിനയിച്ചു. രജനികാന്ത്, കമൽഹാസൻ, ഭാരതിരാജ, വൈരമുത്തു ഉൾപ്പെടെ സിനിമാലോകത്തെ നിരവധി പ്രമുഖർ ആദരാഞ്ജലികളർപ്പിച്ചു. വൈകീട്ട് അഞ്ചിന് മൈന്ദവെളി സെൻറ് മേരീസ് ദേവാലയത്തിലെ സെമിത്തേരിയിൽ വൻജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു.
ഭാര്യ: ജാസ്മിൻ. മക്കൾ: ജോൺ റോഷൻ മഹേന്ദ്രൻ (സംവിധായകൻ), ഡിംബിൾ പ്രീതം അലക്സ്, അനുറീറ്റ പ്രീതം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.