ന്യൂഡൽഹി: തമിഴ് സ്റ്റൈൽമന്നൻ രജനീകാന്തിന് വക്കീൽ നോട്ടീസ്. ഹാജി മസ്താൻ മിർസയുടെ ജീവിത കഥ പറയുന്ന ചിത്രത്തിൽ അദ്ദേഹത്തെ അധോലോക നായകനാക്കി ചിത്രീകരിക്കരുതെന്ന് ചൂണ്ടിക്കാട്ടി മകനെന്ന് അവകാശപ്പെടുന്ന സുന്ദർ ശേഖറാണ് നോട്ടീസ് അയച്ചത്. കബാലിക്കു ശേഷം സംവിധായകന്‍ പാ രഞ്ജിത്തുമായി രജനി ഒരുമിക്കുന്ന ചിത്രത്തിൽ ഹാജി മസ്താനായി രജനിയെത്തുമെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു.
ഞങ്ങളുടെ ഗോഡ്ഫാദറും പ്രമുഖ രാഷട്രീയ നേതാവുമായ ഹാജി മസ്താനെ കൊള്ളക്കാരനും അധോലോക നായകനുമാക്കി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ല. അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ചിത്രീകരിക്കുന്നതിനെ എതിർക്കുന്നുവെന്നും വക്കീൽ നോട്ടീസിൽ പറയുന്നു.
ഹാജി മസ്താന്‍റെ രാഷ്ട്രീയപാർട്ടിയിലെ പ്രവർത്തകരും ഇക്കാര്യത്തെ എതിർക്കുന്നുവെന്നും സിനിമയുമായി മുന്നോട്ടു പോകുകയാണെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും വക്കീൽ നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.
ഹാജി മസ്താന്‍റെ ജീവിത രീതിയെ കുറിച്ച് നിങ്ങൾക്ക് ചിത്രമെടുക്കാൻ താലപര്യമുണ്ടെങ്കിൽ അതിന്‍റെ നിർമ്മാണം ഏറ്റെടുക്കാമെന്നും സുന്ദർ ശേഖർ വ്യക്തമാക്കി.
ഹാജി മസ്താൻ എന്നറിയപ്പെടുന്ന മസ്താൻ ഹൈദർ മിർസ 1926 - 1994 കാലഘട്ടത്തിൽ ജീവിച്ചിരുന്ന വ്യക്തിയാണ്. തമിഴനാണെങ്കിലും മുംബൈയിൽ ജീവിച്ച അദ്ദേഹം കുപ്രസിദ്ധ അധോലോക നായകനായാണ് അറിയപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.