ചെന്നൈ: അഞ്ചുദിവസം നീണ്ട ആദ്യഘട്ട ആരാധകസംഗമം അവസാനിക്കുേമ്പാൾ രാഷ്ട്രീയ പ്രവേശനത്തെപ്പറ്റി സൂചന നൽകി സ്റ്റൈൽമന്നൻ രജനീകാന്ത്. എന്നാൽ, ഒന്നും തുറന്നുപറയാതെ രജനി ആരാധകരെ ആകാംക്ഷയിൽ നിർത്തിയിരിക്കുകയാണ്. വെള്ളിയാഴ്ച ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയിൽ നിലവിലുള്ള സമ്പ്രദായങ്ങൾ മാറേണ്ടതുണ്ടെന്നും മാറ്റങ്ങൾ സംഭവിക്കേണ്ടത് ജനങ്ങളുടെ മനസ്സിലാണെന്നും എങ്കിൽ മാത്രമേ രാജ്യം നേരായ വഴിയിലേക്ക് പോകൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിൻ, പട്ടാളിമക്കൾകക്ഷി യുവജന വിഭാഗം അധ്യക്ഷനും മുൻ കേന്ദ്ര ആരോഗ്യ മന്ത്രിയുമായ ഡോ. അൻപുമണി രാമദാസ്, വിടുതലൈ ചിറുതൈകൾ കക്ഷി അധ്യക്ഷൻ തിരുമാളവൻ, നാം തമിഴകർകക്ഷി അധ്യക്ഷൻ സീമാൻ തുടങ്ങിയവരുടെ കഴിവുകളെ അദ്ദേഹം പ്രശംസിച്ചു.
ജനാധിപത്യം അഴിമതിയിൽ മുങ്ങിക്കുളിച്ച് ദുഷിച്ചിരിക്കുന്നു. മാറ്റത്തിനുവേണ്ടി ഒരുമിച്ചു പ്രവർത്തിക്കണം. തടിച്ചുകൂടിയ ആരാധകരുടെ നിർത്താത്ത കരഘോഷങ്ങൾക്കിടെ രജനി തുടർന്നു. ‘‘നിങ്ങൾക്ക് നിങ്ങളുടെ േജാലിയും കടമകളുമുണ്ട്. എനിക്ക് എെൻറ ജോലിയും കടമകളുമുണ്ട്. യുദ്ധം ഉണ്ടാകുേമ്പാൾ ഞാൻ നിങ്ങളെ വിളിക്കാം. നിങ്ങൾ ഒരുമിച്ചെത്തണം. പഴയ കാലത്ത് യുദ്ധമുണ്ടാകുേമ്പാൾ എല്ലാ മനുഷ്യരും യുദ്ധമുഖത്ത് എത്തും. പോർക്കളത്തിൽ പാർക്കലാം’’ -പഞ്ച് ഡയലോഗോടെ ആരാധകരോട് രജനി പറഞ്ഞു.
തമിഴനല്ലെന്ന സുബ്രഹ്മണ്യൻ സ്വാമിയുടെയും സമൂഹമാധ്യമങ്ങളിലെ വിമര്‍ശനങ്ങള്‍ക്കും താരം മറുപടി നല്കി. ‘‘ ഞാൻ പുറത്തുനിന്ന് വന്നവനാണെന്നാണ് പലരും പറയുന്നത്. 23 വർഷം കർണാടകയിൽ ജീവിച്ചു. 43 വര്‍ഷമായി പച്ച തമിഴനായി തമിഴ്നാട്ടിൽ കഴിയുന്നു. കർണാടകയിൽനിന്നുവന്ന എന്നെ നിങ്ങൾ യഥാർഥ തമിഴനാക്കി. പലർക്കും എതിർപ്പുകളുണ്ടാകും. എതിർപ്പുകളില്ലാത്ത ഒന്നുമില്ല ലോകത്ത്. രാഷ്ട്രീയത്തിെൻറ മൂലധനം എതിർപ്പുകളാണ്. എല്ലാത്തിനും ഒരു സമയമുണ്ട് -അദ്ദേഹം പറഞ്ഞു.
തെൻറ രാഷ്ട്രീയ പ്രവേശനം ദൈവഹിതം പോലെ നടക്കുമെന്ന് ആരാധകസംഗമത്തിന് തുടക്കം കുറിച്ച തിങ്കളാഴ്ച താരം പ്രഖ്യാപിച്ചിരുന്നു. ആരാധകരെ നേരില്‍ കണ്ട് പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കുകയാണ് രജനീകാന്തിെൻറ ലക്ഷ്യമെന്നാണ് സൂചനകൾ. രണ്ടാംഘട്ട ആരാധകസംഗമത്തിെൻറ തീയതി പിന്നീട് അറിയിക്കുമെന്ന് രജനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.