ജീൻപോളിനെതിരെയുള്ള കേസ് അനാവശ്യം; നിയമപരമായി നേരിടുമെന്ന് ലാൽ

കൊച്ചി: തന്‍റെ മകൻ ജീൻപോളിനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് സംവിധായകനും നടനുമായ ലാൽ. പുതുമുഖ താരമായ നടിയുടെ നിസ്സഹകരണം മൂലം ഹണീ ബീ 2 എന്ന സിനിമയിൽ നിന്ന് തന്നെ ഒഴിവാക്കുകയായിരുന്നു. പിന്നീട് സ്ക്രിപ്റ്റിൽ പോലും മാറ്റം വരുത്തിയാണ് സിനിമ പൂർത്തിയാക്കിയത്. അതിനാൽ നടിക്ക് പ്രതിഫലം കൊടുക്കേണ്ടെന്ന് താൻ തന്നെയാണ് മകനോട് പറഞ്ഞത്. പത്ത് ലക്ഷം രൂപ നൽകണമെന്നും മകനും സുഹൃത്തുക്കളും ടി.വിയിൽ മാപ്പ് പറയണമെന്നുമായിരുന്നു നടിയുടെ ആവശ്യം. 

ഒട്ടും പ്രൊഫഷണലായിട്ടുള്ള കുട്ടിയല്ല അവർ. 50,000 രൂപ പ്രതിഫലം കൊടുക്കാമെന്നു പറഞ്ഞിരുന്നു. അഭിനയം ഒട്ടും നല്ലതായിരുന്നില്ല. സിനിമക്കായി കയ്യിൽ താൽക്കാലിക ടാറ്റൂ കുത്തണമായിരുന്നു. അതിനോടും നല്ല രീതിയിലല്ല പ്രതികരിച്ചത്. ശ്രീനിവാസന്‍റെയും ലെനയുടെയും ഭാഗമാണ് ആദ്യം ഷൂട്ട് ചെയ്തത്. ഇതിനായി കുറച്ചുനേരം കാത്തിരുന്നപ്പോൾത്തന്നെ യുവതി അസ്വസ്ഥത പ്രകടിപ്പിച്ചു. ഇതിനിടെ ശ്രീനാഥ് ഭാസിയുമൊത്തുള്ള സീൻ എടുത്തു. അടുത്ത സീൻ അഭിനയിക്കാൻ വിളിച്ചപ്പോൾ കംഫർട്ടബിൾ അല്ലെന്നു പറഞ്ഞു. ആദ്യ സിനിമയിൽ അഭിനയിക്കാൻ വന്നയാളാണ് കംഫർട്ടബിൾ‌ അല്ല, ഇപ്പോ ഷൂട്ടിങ് പറ്റില്ലെന്നു പറഞ്ഞത്. ജീൻ പോളിന് ഇത് കേട്ട് ദ്വേഷ്യം വന്നു. യുവതിയോടു പോയ്ക്കോളാൻ ജീൻ പറഞ്ഞു. ഇതുകേട്ടപ്പോൾ അവർ ബാഗെടുത്ത് സെറ്റിൽനിന്നു പോയി.

പിന്നീട് ഒരു മാസം മുൻപാണ് വക്കീൽ നോട്ടീസ് വന്നത്. പൊലീസ് സ്റ്റേഷനിൽ പോയി കാര്യങ്ങളെല്ലാം വിശദീകരിച്ചു. യഥാർഥ തിരക്കഥയും തിരുത്തിയ തിരക്കഥയും കാണിച്ചു. കൊച്ചിയിലെ ഹോട്ടൽ റമദയിലായിരുന്നു ചിത്രത്തിന്‍റെ ഷൂട്ടിങ്. നടിയുടേത് അനാവശ്യമായ പരാതിയാണ്. ഈ പരാതിയെ പിൻതുണച്ചാൽ ന്യായം അർഹിക്കുന്നവർക്കു കിട്ടാതെ വരും. ജീൻ ഒരു വാക്കു പോലും അശ്ലീലം പറയാത്ത ആളാണ്. ഞാനും അങ്ങനെത്തന്നെയാണ്. ഞങ്ങളെ അറിയുന്ന എല്ലാവർക്കും അതറിയാം.

10 ലക്ഷം രൂപ നഷ്ടപരിഹാരമാണ് യുവതി ആവശ്യപ്പെട്ടത്. ജീൻ പോളും ശ്രീനാഥും ടി.വിയിൽ വന്നു മാപ്പു പറയണമെന്നും യുവതി ആവശ്യപ്പെട്ടു. ഇതൊന്നും യാതൊരു തരത്തിലും അംഗീകരിക്കാനാകില്ല. നിയമപരമായ നടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനം. നടി ആക്രമിക്കപ്പെട്ട കേസിന്‍റെ പശ്ചാത്തലത്തിൽ  എന്തും പറയാമെന്ന സ്ഥിതിയാണ്. അനാവശ്യമായ പരാതിക്കു പിന്നിൽ ആരുമില്ലെന്നാണു കരുതുന്നത്. പക്ഷെ നടിയെ ആക്രമിച്ച കേസിലും താൻ ഇങ്ങനെ പറഞ്ഞിരുന്നു. പിന്നീടാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. അതിനാൽ ഒന്നും പറയുന്നില്ല എന്നും ലാൽ പറഞ്ഞു.

Tags:    
News Summary - Legally move against the case-says Lal- movies news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.