പാലക്കാട്: ആരവത്തിലേക്ക് അണ്ണൻ വീണ്ടും എത്തി. തമിഴ് ചുവയുള്ള മലയാളം സ്വന്തമാക്കിയ പാലക്കാട് ജില്ലയിലെ 29 കൊട്ടകകളാണ് തമിഴിൽ കറുപ്പെന്ന് അർഥമുള്ള കാലായെ ഉദയത്തിന് മൂന്ന് നാഴിക മുമ്പേ എതിരേറ്റത്. കബാലിക്ക് ശേഷം അഭ്രപാളിയിലേക്ക് വീണ്ടുമെത്തിയ രജനീകാന്തിെൻറ ‘തിരുമ്പിവരവ്’ തമിഴാചാര തികവോടെതന്നെ സ്വീകരിച്ചു.
പേരിനോട് നീതി പുലർത്തി കറുത്ത ഷർട്ടും കൂളിങ് ഗ്ലാസും അണിഞ്ഞ് നിൽക്കുന്ന സ്റ്റൈൽ മന്നെൻറ കട്ടക്കറുപ്പ് പോസ്റ്റർ പുറത്തിറങ്ങിയ നാൾ മുതൽ തമിഴകത്തോട് ചേർന്നുകിടക്കുന്ന പാലക്കാട്ടെ ആരാധകരുടെ ചങ്കിടിപ്പ് ഉയർന്നിരുന്നു. കബാലിയിലെ ‘നെരുപ്പിന്’ ശേഷം എന്ത് സസ്പെൻസാണ് അണ്ണൻ തങ്ങൾക്ക് ഒരുക്കിയിരിക്കുന്നത് എന്ന ആകാംക്ഷയിലായിരുന്നു അവർ. പ്രഭാത സിനിമ കണ്ട് പുറത്തിറങ്ങിയ ഒരു കുഞ്ഞൻ തമ്പിയുടെ കമൻറ്...‘അണ്ണൻ തിരുമ്പി വന്തിട്ടേന്ന് ശൊല്ല്’.
പതിവുപോലെ ഫാൻസുകൾക്കായിരുന്നു പലയിടത്തും പ്രഥമ പ്രദർശനം. വെളുപ്പാൻകാല പ്രദർശനത്തിന് തിയറ്റർ കവാടം കടന്നുവരുമ്പോൾതന്നെ വിസിലടിയും കൈയടിയും ഒരുമിച്ചായിരുന്നു.
ചിലർ പൊടിപ്പൻ പൂമാലകൾ കൈയിൽ കരുതി. മറ്റു ചിലർക്ക് പടക്കത്തോടായിരുന്നു കമ്പം. തലേന്നു രാത്രി തന്നെ തിയറ്ററുകൾക്ക് മുന്നിലെ കിട്ടാവുന്ന സ്ഥലങ്ങളിൽ മുഴുവൻ ജനപ്രിയ നായകെൻറ ഫ്ലക്സ് ബോർഡുകൾ നാട്ടിയത് കാലാരവത്തിെൻറ വിളംബരമായി.
രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് ശേഷമുള്ള രജനിയുടെ ആദ്യസിനിമ കൈകാര്യം ചെയ്യുന്നതും രാഷ്ട്രീയംതന്നെ. ഭൂമിയുടെ രാഷ്ട്രീയമാണ് കാലായുടെ പ്രമേയം. അമാനുഷികതയില്ലാതെ മണ്ണിെൻറ കഥ പറയുന്ന അണ്ണെൻറ സിനിമക്ക് നൂറിൽ നൂറ് മാർക്ക് നൽകിയാണ് ആദ്യഷോ കഴിഞ്ഞ് ആരാധകർ തിയറ്റർ വിട്ടത്. പലയിടത്തും ഓൺലൈൻ ടിക്കറ്റാണ്. ഒരാഴ്ചത്തേക്ക് ബുക്കിങ് പൂർത്തിയായ തിയറ്ററുകളാണ് കൂടുതൽ. വീട്ടകങ്ങളിലിരുന്ന് നേരത്തെ ബുക്ക് ചെയ്തവർ കൃതാർഥരാണെങ്കിലും വളഞ്ഞുപുളഞ്ഞ് വരിയിൽ നിന്ന് ടിക്കറ്റ് ഒപ്പിക്കുന്ന പഴയ പ്രവണത പഥ്യമായി കരുതുന്ന പഴമക്കാർക്ക്് നിരാശയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.