ചെന്നൈ: തൂത്തുക്കുടി സ്റ്റെർലൈറ്റ് കമ്പനിക്കെതിരായ ജനകീയ പ്രക്ഷോഭം വെടിവെപ്പിൽ കലാശിച്ചതിന് പിന്നിൽ സാമൂഹിക വിരുദ്ധ ശക്തികളാണെന്നും ഇവരെ ശക്തമായി നേരിടണമെന്നും നടൻ രജനീകാന്ത്. ബുധനാഴ്ച തൂത്തുക്കുടി ഗവ. ആശുപത്രിയിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെയും സന്ദർശിച്ചശേഷം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൂത്തുക്കുടിയിൽ നടന്ന ആക്രമണത്തിൽ സാധാരണ ജനങ്ങൾക്ക് പങ്കില്ല.
സാമൂഹിക വിരുദ്ധർ നുഴഞ്ഞുകയറിയാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചത്. വ്യക്തമായ ലക്ഷ്യത്തോടെ നടന്ന പോരാട്ടം രക്തച്ചൊരിച്ചിലിൽ കലാശിച്ചിരിക്കുന്നു. പൊലീസിനെ ആക്രമിച്ചവരെ കണ്ടെത്തി നിയമത്തിെൻറ മുന്നിൽ കൊണ്ടുവരണം.
തമിഴ്നാട് പോർക്കളമായി മാറിയിരിക്കയാണ്. ഇത് ആപത്താണ്. വ്യവസായ സ്ഥാപനങ്ങളും മറ്റും തുടങ്ങുന്നതിന് ആരും മുന്നോട്ടുവരില്ല. തൊഴിലില്ലായ്മ രൂക്ഷമാവും. എല്ലാത്തിനും സമരമാർഗം സ്വീകരിക്കുന്നത് നാടിന് ഗുണം ചെയ്യില്ല.
ഇതിന് പകരം നീതിപീഠങ്ങളെ സമീപിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട 13 പേരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം രൂപയും പരിക്കേറ്റ 48 പേർക്ക് 10,000 രൂപവീതവും രജനീകാന്ത് വിതരണം ചെയ്തു. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് അഞ്ചുമാസം കഴിഞ്ഞുവെങ്കിലും ആദ്യമായാണ് രജനീകാന്ത് ജനകീയ വിഷയവുമായി ബന്ധപ്പെട്ട് പൊതുപരിപാടിയിൽ പെങ്കടുക്കുന്നത്.
രജനിയുടെ പ്രസ്താവന വിവാദത്തിൽ
ചെന്നൈ: തൂത്തുക്കുടി സംഭവത്തിനു പിന്നിൽ സാമൂഹിക വിരുദ്ധരാണെന്ന നടൻ രജനീകാന്തിെൻറ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം. തൂത്തുക്കുടിയിൽനിന്ന് ചെന്നൈയിൽ മടങ്ങിയെത്തിയപ്പോൾ സാമൂഹിക വിരുദ്ധർ ആരാണെന്ന് വ്യക്തമാക്കണമെന്ന് മാധ്യമപ്രവർത്തകർ ആവർത്തിച്ചു ചോദിച്ചത് രജനിയെ ചൊടിപ്പിച്ചു. സാമൂഹിക ദ്രോഹികൾ പൊലീസിനെ അടിച്ചതോടെയാണ് തൂത്തുക്കുടിയിൽ പ്രശ്നം വഷളായതെന്നും എല്ലാത്തിനും പ്രക്ഷോഭം സംഘടിപ്പിച്ചാൽ തമിഴ്നാട് ശ്മശാനഭൂമിയാവുമെന്നും രജനീകാന്ത് ആവേശത്തോടെ പറഞ്ഞു. ഇതിനെതിരെയാണ് വൻ പ്രതിഷേധമുയർന്നത്.
തമിഴകം ശ്മശാനഭൂമിയാവാതിരിക്കാനാണ് വിവിധ രാഷ്ട്രീയകക്ഷികളും സംഘടനകളും പോരാട്ടം നടത്തുന്നതെന്ന് രജനീകാന്ത് മനസ്സിലാക്കണമെന്ന് വിടുതലൈ ശിറുതൈകൾ കക്ഷി പ്രസിഡൻറ് തിരുമാവളവൻ അഭിപ്രായപ്പെട്ടു. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി, തമിഴ്നാട്ടിൽനിന്നുള്ള കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണൻ, രജനീകാന്ത് എന്നിവർക്ക് ഒരേ കേന്ദ്രത്തിൽനിന്നാണ് ഉത്തരവുകൾ ലഭ്യമാവുന്നതെന്ന് ഡി.എം.കെ വക്താവ് ടി.കെ.എസ്. ഇളേങ്കാവൻ പ്രസ്താവിച്ചു. പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട 13 പേരിൽ ആരാണ് സാമൂഹിക വിരുദ്ധരെന്ന് ഇവർ വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമരക്കാരെ മോശമായി ചിത്രീകരിച്ച രജനീകാന്തിെൻറ പ്രസ്താവന അപലപനീയമാണെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി മുത്തരശൻ അറിയിച്ചു. രജനീകാന്തിെൻറ അഭിപ്രായം സ്റ്റെർലൈറ്റ് കമ്പനി അധികൃതരുടേതിന് സമാനമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കെ. ബാലകൃഷ്ണൻ പറഞ്ഞു.
തൂത്തുക്കുടി പോരാട്ടത്തെ അപമാനിച്ച രജനീകാന്ത് ജനങ്ങളോട് മാപ്പ് പറയണമെന്ന് മനിതനേയ മക്കൾ കക്ഷി പ്രസിഡൻറ് തമീമുൻ അൻസാരി ആവശ്യപ്പെട്ടു. അതേസമയം രജനീകാന്തിെൻറ പ്രസ്താവനയെ ബി.ജെ.പി തമിഴ്നാട് അധ്യക്ഷ തമിഴിസൈ സൗന്ദരരാജൻ സ്വാഗതം ചെയ്തു. അണ്ണാ ഡി.എം.കെ വക്താവ് ൈവഗൈ ശെൽവനും രജനിയെ പിന്തുണച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.