എക്കാലത്തേയും വലിയ ഹിറ്റി​ലേക്കോ? രണ്ടാം ദിനം 100 കോടി കടന്ന്​ സർക്കാർ

സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും വമ്പൻ കളക്ഷനുമായി കുതിക്കുകയാണ്​ ഇളയ ദളപതി വിജയ്​ നായകനായ തമിഴ്​ ചിത്രം സർക്കാർ. ലോകമെമ്പാടുമായി 3000ലധികം തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം രണ്ടാം ദിവസം തന്നെ 100 കോടി മറികടന്നതായാണ്​ റിപ്പോര്‍ട്ട്. പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ കളക്ഷൻ സ്ഥിരീകരിച്ചിട്ടുണ്ട്​.

വിജയ്​ നായകനായി 100 കോടി ക്ലബ്ബിലെത്തുന്ന ആറാമത്തെ ചിത്രമാണ്​ സർക്കാർ. വേഗത്തില്‍ 100 കോടി സ്വന്തമാക്കിയ തമിഴ് ചിത്രമെന്ന പുതിയ റെക്കോർഡും ഇനി സർക്കാരിന്​ സ്വന്തം. ഒരു ദേശീയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തത്​ അനുസരിച്ച്​ ബാഹുബലി 2​​​​െൻറ തമിഴ്‌നാട്ടിലെ ആദ്യ ദിന കളക്ഷനും സര്‍ക്കാര്‍ തകര്‍ത്തു. ഇനി ഏറ്റവും കൂടുതല്‍ പണം വാരുന്ന തമിഴ് ചിത്രമെന്ന നേട്ടം കൂടി സര്‍ക്കാർ മറികടക്കുമെന്നാണ്​ ആരാധകരുടെയും നിർമാതാക്കളായ സൺ പിക്ചേഴ്​സി​​​​െൻറയും പ്രതീക്ഷ.

തമിഴിലെ മുൻനിര സംവിധായകനായ എ.ആര്‍ മുരകദോസ് ആണ് പൊളിറ്റിക്കല്‍ ത്രില്ലര്‍ സ്വഭാവത്തിലുള്ള സര്‍ക്കാര്‍ സംവിധാനം ചെയ്തിരിക്കുന്നത്​. മെഗാ ഹിറ്റുകളായ കത്തിക്കും തുപ്പാക്കിക്കും ശേഷം ഇരുവരും ഒരുമിച്ചപ്പോൾ മുൻ ചിത്രങ്ങളോളം മികച്ചതല്ല സർക്കാർ എന്നുള്ള പ്രതികരണങ്ങളും ഉയരുന്നുണ്ട്​. എന്നാൽ അതൊന്നും ചിത്രത്തി​​​​െൻറ കളക്ഷനെ ബാധിക്കുന്നില്ല എന്നതിനുള്ള തെളിവാണ്​ തിയറ്ററുകളിലുള്ള പ്രേക്ഷക സാന്നിധ്യം.

കീര്‍ത്തി സുരേഷ്, വരലക്ഷ്മി ശരത്കുമാര്‍, യോഗി ബാബു, രാധ രവി എന്നിവരാണ് ചിത്രത്തിൽ മറ്റ്​ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്​തിരിക്കുന്നത്​. ചിത്രത്തിലെ ചില രംഗങ്ങൾ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് തമിഴ്​നാട്​ വാർത്താ വിനിമയ മന്ത്രി കടമ്പൂർ സി രാജു ​രംഗത്തുവന്നിരുന്നു. തമിഴ്​നാട്​ സർക്കാർ നൽകിയ മിക്​സി, ടി.വി, ഗ്രൈൻറർ തുടങ്ങിയ സാധനങ്ങൾ തീയിലേക്ക്​ വലിച്ചെറിയുന്ന ഗാനരംഗങ്ങൾ അക്രമം പ്രോത്സാഹിപ്പിക്കുന്നു എന്ന്​ കാട്ടിയാണ്​​ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നത്​.

Tags:    
News Summary - Sarkar box office collection day 2-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.