ചെന്നൈ: പണമിടപാട് പ്രശ്നത്തിൽ അഭിഭാഷകനെയും കെട്ടിട നിർമാണ കമ്പനി ഉടമയെയും മർദിച്ചെന്ന കേസിൽ നടൻ സന്താനം മുൻകൂർ ജാമ്യപേക്ഷയുമായി കോടതിയെ സമീപിച്ചു. റിയൽ എസ്റ്റേറ്റ് രംഗത്തുള്ള കമ്പനിയുടെ മേധാവി ഷൺമുഖ സുന്ദരം, കമ്പനിയുടെ അഭിഭാഷകൻ പ്രേം ആനന്ദ് എന്നിവരെ മർദിച്ചെന്നാണ് പരാതി. അഭിഭാഷകൻ ബി.ജെ.പി നേതാവാണ്.
നഗരപ്രാന്ത പ്രദേശത്ത് തിയറ്റർ ഉൾപ്പെട്ട ഷോപ്പിങ് കോംപ്ലക്സ് സമുച്ചയം പണിയുന്നതിന് ഷൺമുഖ സുന്ദരത്തിന് മൂന്നു േകാടി രൂപ സന്താനം നൽകിയിരുന്നു. എന്നാൽ, കമ്പനിയുമായി അഭിപ്രായവ്യത്യാസം ഉണ്ടായതോടെ നടൻ കുറെ പണം തിരികെ വാങ്ങി. ബാക്കി പണം തിരികെ വാങ്ങുന്ന വിഷയവുമായി ബന്ധപ്പെട്ട് കമ്പനി ഒാഫിസിൽ എത്തിയ സന്താനവും മാനേജർ രമേശും ഷൺമുഖസുന്ദരവുമായി വാക്കുതർക്കമായി.
ഇതിനിടെ അഭിഭാഷകനും വിഷയത്തിൽ ഇടപെട്ടതോടെ തമ്മിലടിയായി. മൂക്കിന് സാരമായി പരിക്കേറ്റ അഭിഭാഷകൻ ആശുപത്രിയിൽ ചികിത്സ തേടി. തന്നെ ആക്രമിച്ചതായി നടനും പരാതി നൽകിയിട്ടുണ്ട്്. നടനും മാനേജരും ചികിത്സ തേടി. നിർമാണ കമ്പനി ഉടമയും അഭിഭാഷകനും നൽകിയ പരാതിയിലാണ് നടനെതിരെ ചെന്നൈ വത്സര വാക്കം പൊലീസ് കേസെടുത്തത്. പ്രമുഖ ഹാസ്യനടനായ സന്താനം മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.