ഒരു ആൾദൈവത്തിെൻറ അസാധാരണ സ്വാധീന-നിഗ്രഹ ശക്തിക്കു മുന്നിൽ നിയമവാഴ്ചയും ഭരണകൂടവും നോക്കുകുത്തിയായതാണ് ഹരിയാനയിലെ പഞ്ച്കുളയിൽ കലാപം പൊട്ടിപ്പുറപ്പെട്ടതോടെ കണ്ടത്. അതുകൊണ്ടാണ് സംസ്ഥാനം കത്തുമ്പോൾ ഹരിയാന മുഖ്യമന്ത്രി നോക്കിനിൽക്കുകയായിരുന്നു എന്ന് ഹരിയാന-പഞ്ചാബ് ഹൈകോടതിക്ക് കടുത്തഭാഷയിൽ കുറ്റപ്പെടുത്തേണ്ടി വന്നത്.
പഞ്ച്കുളയിൽനിന്ന് കലാപം ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ, യു.പി സംസ്ഥാനങ്ങളിലേക്കു കത്തിപ്പടരുന്നതു തടയാൻ പട്ടാളത്തെ ഇറക്കേണ്ടിവന്നു. മുഖ്യമന്ത്രിമാർക്കു പിറകെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കലാപത്തീ അണയ്ക്കാൻ ആഹ്വാനം ചെയ്യേണ്ടിവന്നു. ഒരു ബലാത്സംഗക്കേസിൽ പ്രതി കുറ്റക്കാരനാണെന്ന് സി.ബി.ഐ പ്രത്യേക കോടതി വിധിച്ചതിനെ തുടർന്നാണ് കോടതി പരിസരത്തും പഞ്ച്കുളയിലുമായി തമ്പടിച്ചിരുന്ന ആൾദൈവത്തിെൻറ ഒരുലക്ഷത്തിലേറെ വരുന്ന അനുയായികൾ കലാപം തുടങ്ങിയത്.
ഹൈകോടതി നിർദേശമനുസരിച്ച് തയാറാക്കിനിർത്തിയ വൻ പൊലീസ് സേന വെറും കാഴ്ചക്കാരായി. പ്രത്യാഘാതങ്ങൾ തടയാൻ മുൻകരുതലെടുക്കണമെന്ന് ഹൈകോടതി നിർദേശിച്ചിരുന്നു. മുമ്പ് സുപ്രീംകോടതിയിൽ യു.പിയിലെ ബി.ജെ.പി ഗവൺമെൻറും നരസിംഹറാവുവിെൻറ കേന്ദ്രഗവൺമെൻറും നൽകിയതുപോലെയായി ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറും പൊലീസ് മേധാവിയും നൽകിയ ഉറപ്പുകൾ. ഹരിയാന കത്തുമ്പോഴും മുഖ്യമന്ത്രി പറഞ്ഞു: ‘‘ആരും നിയമത്തിനു മുകളിലല്ല. നിയമം കൈയിലെടുക്കുന്നവരെ കൈകാര്യം ചെയ്യും’’. പേക്ഷ, ആ വാക്കുകളിൽ ദൃഢനിശ്ചയമോ പരാജയബോധമോ ആത്മാർഥത പോലുമോ പ്രകടമായില്ല. ബാബരി മസ്ജിദ് കാര്യത്തിൽ മുഖ്യമന്ത്രി കല്യാൺസിങ് പ്രകടിപ്പിച്ച ഗൂഢാലോചനയുടെ നിഗൂഢതയെ അതോർമിപ്പിച്ചു.
ഖട്ടർ സർക്കാറിെൻറ ഉത്കണ്ഠ ബലാത്സംഗത്തിന് ശിക്ഷിക്കപ്പെട്ട പ്രതി ഗുർമിത്തിെൻറ സുരക്ഷയിലായിരുന്നു. ഹരിയാനയിൽനിന്നുള്ള എല്ലാ വീഥികളിലൂടെയും ഗുർമിത്തിെൻറ അനുയായികൾ കൊലയും കൊള്ളിവെപ്പും കൊള്ളയുമായി മുന്നേറുമ്പോൾ ആഡംബര സൗകര്യങ്ങളുള്ള വി.വി.ഐ.പി ഹെലികോപ്ടറിൽ ഗുർമിത്തിനെ ആകാശമാർഗേ റോഹ്തക്കിൽ എത്തിക്കുന്നതിൽ, അവിടെ സുനേറിയയിലുള്ള സംസ്ഥാന പൊലീസ് അക്കാദമിയുടെ സുരക്ഷിതമായ െറസ്റ്റ് ഹൗസിൽ സുഖസൗകര്യങ്ങൾ ഒരുക്കി പാർപ്പിക്കുന്നതിൽ. ഇന്ത്യയുടെ ചരിത്രത്തിൽ ഒരുപക്ഷേ, ലോക ചരിത്രത്തിൽതന്നെ ഒരു ബലാത്സംഗപ്രതി ഇങ്ങനെ ആദരിക്കപ്പെട്ടിട്ടുണ്ടാവില്ല.
വിധി വരുന്നതിെൻറ പശ്ചാത്തലത്തിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടും അതു ലംഘിച്ച് 200 ആഡംബര വാഹനങ്ങളുടെ അകമ്പടിയോടെ കോടതിപരിസരത്ത് നിറഞ്ഞുപരന്ന ഒരുലക്ഷത്തിൽപരം ആരാധകരുടെ ആരവങ്ങൾക്കിടയിലൂടെ ഒരു കൊടുങ്കാറ്റുപോലെയാണ് ഗുർമിത് കോടതിമുറിയിലെത്തിയത്. മറ്റുള്ളവരിൽനിന്നെല്ലാം വ്യത്യസ്തനായി ഹരിയാന സർക്കാർ അംഗീകരിക്കുന്ന അമാനുഷനാണ് താനെന്നു തെളിയിച്ച്.
ഹരിയാനയിലെ സിർസ ആസ്ഥാനമായി പ്രവർത്തിക്കുന്ന, രാജ്യത്താകെ 46 ആശ്രമങ്ങളും അമേരിക്കയിലടക്കം അഞ്ച് വിദേശ രാജ്യങ്ങളിൽ ആശ്രമ ശാഖകളുമുള്ള, ഏഴുകോടിയിൽപരം വിശ്വാസികളുടെ ആത്്മീയദൈവമെന്ന് അവകാശപ്പെടുന്നു ഗുർമിത് റാം റഹിം സിങ്. സംസ്ഥാനത്ത് ഗവർണറും മുഖ്യമന്ത്രിയും കഴിഞ്ഞാൽ ‘ഇസഡ്’ കാറ്റഗറി അനുസരിച്ച് സുരക്ഷയുള്ള ഒരേയൊരാൾ. രാഷ്ട്രപതിയും പ്രധാനമന്ത്രിയുമടക്കം രാജ്യത്ത് ‘ഇസഡ്’ വിഭാഗം സുരക്ഷ ലഭിക്കുന്ന 135 പേരിൽ ഒരാൾ.
ഹരിയാനയിലെ ബി.ജെ.പി ഗവൺമെൻറിന് ഗുർമിത് കേവലം ഒരു പ്രതി മാത്രമല്ല. ‘ദേരാ സച്ചാ സൗദാ’ എന്ന വിശ്വാസിസംഘത്തിെൻറ തലവനും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ആദ്യ ബി.ജെ.പി ഗവൺമെൻറ് അധികാരത്തിൽ വരുന്നതിന് സഹായിച്ച പ്രധാന ശക്തിയുമായിരുന്നു. അതിന് നന്ദിപറയാൻ മുഖ്യമന്ത്രി ഖട്ടറും മന്ത്രിസഭാംഗങ്ങളും ഹരിയാനയിലെ സിർസയിലെ ആശ്രമ ആസ്ഥാനത്തു ചെന്ന് ഗുർമിത് ബാബയെ കാൽതൊട്ടു വന്ദിച്ചതാണ്. ബലാത്സംഗക്കേസിെൻറ വിചാരണ നടക്കുമ്പോൾ മന്ത്രിസഭയിലെ രണ്ടുപേർ ആശ്രമത്തിലെത്തി 51 ലക്ഷം രൂപ കാണിക്ക സമർപ്പിച്ചതുമാണ്.
ഗുർമിത് റാം റഹിം സിങ് ബാബയെന്ന് അറിയപ്പെടുകയും റോക്കറ്റ് സ്റ്റാർ ബാബ എന്ന് അനുയായികളും മിന്നും ബാബയെന്ന് മാധ്യമങ്ങളും വിളിക്കുന്ന ഗുർമിത്തിെൻറ പിന്തുണ എന്നും സി.ബി.ഐ കൈയാളുന്ന കേന്ദ്രത്തിലെ ഭരണകക്ഷിക്കായിരുന്നു. കോൺഗ്രസിനെ വിട്ട് ആദ്യമായി 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിലാണ് നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും ‘സൗദ’ പിന്തുണച്ചത്. 2014 ഒക്ടോബറിൽ മോദിയുടെ സ്വച്ഛ്ഭാരത് ദൗത്യത്തിന് ‘ബാബ റാം റഹിംജിയും അദ്ദേഹത്തിെൻറ സംഘവും അഭിനന്ദനീയമായ സഹായം ചെയ്തതായി’ പ്രധാനമന്ത്രി മോദി ട്വിറ്ററിൽ രേഖപ്പെടുത്തി. സ്വച്ഛ്ഭാരത് ദൗത്യത്തിൽ രാജ്യത്തെമ്പാടുമുള്ള ജനങ്ങൾക്കത് പ്രചോദനമാകുമെന്നും. പ്രധാനമന്ത്രിയുടെ സംശുദ്ധിയുടെ സർട്ടിഫിക്കറ്റുമായാണ് കഴിഞ്ഞദിവസം ശുഭ്രവസ്ത്രത്തിൽ വെട്ടിത്തിളങ്ങി ബലാത്സംഗക്കേസിൽ ഈ ആൾദൈവം കോടതിയുടെ ശിക്ഷാവിധി ഏറ്റുവാങ്ങിയത്.
പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന ഒരു സംസ്ഥാനത്തായിരുന്നു നാൽപതോളം പേർ കൊല്ലപ്പെടാനിടയാക്കിയ ഈ കലാപമെങ്കിൽ പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങും എങ്ങനെ പെരുമാറുമായിരുന്നു എന്ന അനുഭവം രാജ്യത്തിനു മുന്നിലുണ്ട്. ഇന്ത്യൻ ഭരണഘടന അനുസരിച്ച് സത്യപ്രതിജ്ഞ ചെയ്ത് എം.പിയായ യു.പിയിൽനിന്നുള്ള ബി.ജെ.പി അംഗം സാക്ഷി മഹാരാജ് മറിച്ചുള്ള നിലപാട് എന്തുകൊണ്ടെന്ന് പ്രതികരണത്തിൽ വ്യക്തമാക്കി. ഒരാളാണോ അതോ കോടിക്കണക്കിന് ജനങ്ങളാണോ ശരി എന്നതാണ് യഥാർഥ പ്രശ്നമെന്ന് മഹാരാജ് പറയുന്നു. 130 കോടി ജനങ്ങളുടെ പിന്തുണയുള്ള ഇന്ത്യൻ ഭരണഘടനക്കും അതിെൻറ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന നീതിന്യായപീഠത്തിെൻറ വിധിക്കും മേലെയാണ് ഈ ആൾദൈവവും അനുയായികളുടെ പിൻബലവുമെന്ന് വ്യക്തമാക്കുന്നു.
സംഗീത ആൽബത്തിലൂടെ റോക്സ്റ്റാറായും നിരവധി സിനിമകൾ സ്വയം നിർമിച്ചും സംവിധാനം ചെയ്തും പാടിയും സംഗീത സ്റ്റേജ്ഷോകൾ നടത്തിയും തിളങ്ങുന്ന 50കാരൻ ബാബക്ക് വിവാഹിതരായ രണ്ട് പെൺമക്കളും ഒരു മകനുമുണ്ട്. 11 സ്കൂളുകളും രണ്ട് കോളജുകളും. പ്രധാനമന്ത്രിയുടെ യോഗ സ്നേഹിതനായ ബാബ രാംദേവിനെപോലെ ‘മെസേജ് ഓഫ് ഗോഡ്’ എന്ന ബ്രാൻഡിൽ ഉൽപന്നങ്ങൾ നിർമിച്ച് വിൽക്കുന്ന വ്യാപാര സംവിധാനങ്ങളുമുണ്ട്. സിർസയിലെ ആശ്രമത്തിെൻറ വിശാലമായ ഒരുഭാഗം പൊതുജനങ്ങൾക്ക് പ്രവേശനത്തിന് തുറന്നിട്ടതാണ്. അതിെൻറ പിൻഭാഗത്തെ രഹസ്യ ഗുഹയിലാണ് ഗുർമിത് ബാബയുടെ സ്വകാര്യവാസം. കൊലപാതകം മുതൽ ബലാത്സംഗം വരെയുള്ള നിരവധി കേസുകളിൽ അദ്ദേഹം ഉൾപ്പെട്ടിട്ടുണ്ട്. 400 അനുയായികളെ നിർബന്ധ വന്ധീകരണം നടത്തിയതിന് ഹരിയാന-പഞ്ചാബ് ഹൈകോടതി നിർദേശപ്രകാരം കേസ് നടക്കുകയാണ്. ഈ ആൾദൈവത്തിെൻറ സ്വത്തുക്കൾ പിടിച്ചെടുത്തു വിറ്റ് ഹരിയാനയിലും മറ്റുമുണ്ടായ കലാപബാധിതർക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഹൈകോടതി ഉത്തരവിട്ടിട്ടുണ്ട്. കോടതികൾക്ക് ഉത്തരവു പുറപ്പെടുവിക്കുകയല്ലാതെ നടപ്പാക്കാൻ പൊലീസും ഭരണസംവിധാനവുമില്ലെന്ന് ഗുർമിത്തിനറിയാം.
ധീരേന്ദ്ര ബ്രചാരി, ചന്ദ്രസ്വാമി തുടങ്ങി ആൾദൈവങ്ങൾ കേന്ദ്ര ഭരണാധികാരികളെയും ഭരണത്തെയും സ്വാധീനിച്ച ചരിത്രമുണ്ട്. എന്നാൽ, അവർക്കെല്ലാം ഒരു ആധ്യാത്്മിക പരിവേഷവും ചരിത്രവും ഉണ്ടായിരുന്നു. എന്നാൽ, സിനിമാതാര തരംഗവും കോടിക്കണക്കായ വിശ്വാസികളുടെ പിൻബലവും ഉൾക്കൊള്ളുന്ന പുതിയ തലമുറ ആൾദൈവമാണ് ഗുർമിത്. ഭരണഘടനയെയും കോടതികളെയും വെല്ലുവിളിക്കുന്ന ഒരു കുറ്റവാളിയായി രാജ്യത്തിനു മുന്നിൽ ഇതാ ഉയർന്നുനിൽക്കുന്നു. കേസിലെ ശിക്ഷ വിധിക്കാൻ സി.ബി.ഐ ജഡ്ജി പ്രത്യേക സുരക്ഷ സന്നാഹത്തോടെ റോഹ്തക് ജയിലിൽ തിങ്കളാഴ്ച പോകേണ്ടിവരുന്നു. ഹരിയാനയിലെയും സമീപ സംസ്ഥാനങ്ങളിലെയും ജനങ്ങൾ നിരോധനാജ്ഞയിൽ ദിവസങ്ങളോളം കഴിയേണ്ടിവരുന്നു. എവിടെനിന്ന് എവിടേക്കാണ് രാജ്യം പോകുന്നത്.
ബാബരി മസ്ജിദ് സംഭവത്തിലെന്നപോലെ കോടതി ഈ കുറ്റവാളിക്കെതിരെ നിയമത്തിെൻറ രക്ഷാമതിൽ ഉയർത്തി നിയമവാഴ്ചയും സ്വൈരജീവിതവും സംരക്ഷിക്കാൻ ഹരിയാന സർക്കാറിനോട് ആവർത്തിച്ചാവശ്യപ്പെട്ടിരുന്നു. സംസ്ഥാന ഗവൺമെൻറ് അത് നിർവഹിച്ചില്ല. കോടിക്കണക്കിന് അനുയായികൾ വിശ്വസിക്കുന്ന ബാബക്കെതിരായ കോടതിവിധിയെ പരസ്യമായും പരോക്ഷമായും ബി.ജെ.പി നേതാക്കൾ തള്ളിപ്പറയുന്നു. അത്യന്തം അപകടകരമായ പുതിയൊരു സ്ഥിതിവിശേഷമാണത്. ക്രമസമാധാനം ൈകയിലെടുത്ത് നിയമ-ഭരണ വാഴ്ചകൾ താണ്ഡവമാടുന്നതിനെ അപലപിക്കാനോ നേരിടാനോ സംസ്ഥാന-കേന്ദ്ര ഗവൺമെൻറുകൾ തയാറാകുന്നില്ല. വ്യക്തികളുടെ വിശ്വാസത്തെ രാഷ്ട്രീയത്തിൽനിന്നും ഭരണകൂടത്തിൽനിന്നും അടിയന്തരമായി വേർപ്പെടുത്തേണ്ടതിെൻറ മുന്നറിയിപ്പാണിത്. അതു ചെയ്തില്ലെങ്കിൽ രാജ്യം ഏതു നിമിഷവും ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ചെന്നുവീണതുപോലുള്ള അപകടാവസ്ഥയിൽപെടുമെന്നതിെൻറ മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.