കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിൽനിന്ന് പുറപ്പെടുന്ന ഹജ്ജ് തീർഥാടകർക്ക് മൂന്നുതരം യാത്രാനിരക്ക് നിശ്ചയിച്ചതിലെ ഔചിത്യം മനസ്സിലാവുന്നില്ല. അതിൽതന്നെ ഏറ്റവും ഉയർന്ന നിരക്ക് ഈടാക്കുന്നത് കരിപ്പൂരിൽനിന്നുള്ള യാത്രികരോട്. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തെ ഏതുവിധേനയും ഇല്ലായ്മ ചെയ്യാനുള്ള ഗൂഢനീക്കത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇവിടെ നിന്നുള്ള ഹാജിമാരിൽനിന്ന് നാല്പത്തിനായിരത്തോളം രൂപ അധികം ഈടാക്കാനുള്ള നീക്കം.
ലോകത്തിലെ പല വിമാനത്താവളങ്ങളിലും ഏകീകൃത നിരക്ക് ഈടാക്കാറുണ്ട്. ന്യൂയോർക്കിലെ നാല് വിമാനത്താവളങ്ങളിലെ നിരക്കുകൾ പലപ്പോഴും ഏകീകരിച്ചിട്ടുണ്ട്. പറക്കുന്ന ദൂരവും സമയവും കണക്കിലെടുത്താൽ കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽനിന്നും ഏകീകൃത നിരക്കാണ് നിശ്ചയിക്കേണ്ടത്. കോഴിക്കോടൊഴികെ മറ്റ് രണ്ട് വിമാനത്താവളങ്ങൾ സ്വകാര്യ മേഖലയിലായതിനാൽ പൊതുമേഖലയിലുള്ള കോഴിക്കോടിന് വേണമെങ്കിൽ അവയേക്കാൾ കുറഞ്ഞ നിരക്ക് നിശ്ചയിക്കാമായിരുന്നു.
വിമാനക്കമ്പനികൾ നിരക്കുകൾ തീരുമാനിക്കുമ്പോൾ പാർക്കിങ് ഫീ, ഓവർ ഫ്ലയിങ് ഫീ, എ.ടി.എഫ് ഫീ, യൂസേഴ്സ് ഫീ എന്നിങ്ങനെ വിമാനത്താവളത്തിലെ വിവിധങ്ങളായ സർവിസ് ചാർജുകൾ കൂടി ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ ഇത്തരം ചാർജുകൾ കുറക്കാനുള്ള അധികാരം അതതു വിമാനത്താവളങ്ങൾക്കുണ്ട്. ഉദാഹരണത്തിന് പുതിയ വിമാന സർവിസുകൾ തുടങ്ങുമ്പോൾ ചിലയിടങ്ങളിൽ ഒരുവർഷം വരെ പാർക്കിങ് ഫീ ഈടാക്കാറില്ല. ഇതൊരു കച്ചവട തന്ത്രമാണ്.
കരിപ്പൂർ, സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ കണ്ണിലെ കരടായി മാറിയിട്ട് കാലം കുറെയായി. 2020 ആഗസ്റ്റിൽ ഇവിടെയുണ്ടായ വിമാനാപകടം പൈലറ്റിന്റെ പിഴവായിരുന്നു എന്ന് പഠന റിപ്പോർട്ടുകൾ വ്യക്തമാക്കിയിട്ടും, ICAOന്റെ മാനദണ്ഡനങ്ങൾ പാലിച്ചുള്ള റൺവേ ഉണ്ടായിട്ടും ഓപറേറ്റിങ് കാരിയേഴ്സ് സമ്മതം മൂളിയിട്ടും DGCA കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.
2010 മേയ് 22ന് മംഗലാപുരത്തുണ്ടായ എയർ ഇന്ത്യ വിമാനാപകടശേഷം പുറത്തിറക്കിയ പഠന റിപ്പോർട്ടിൽ കോഴിക്കോട്ടും മംഗലാപുരത്തും ഇമാസ് (EMAS-Engineered Materials arrestor system)ഉപകരണം ഘടിപ്പിക്കണമെന്ന് കർശനമായ നിർദേശമുണ്ട്. നാളിതുവരെ രണ്ടിടത്തും അത് നടപ്പിലാക്കിയിട്ടില്ല.
ലോകത്തിലെ 65 എയർപോർട്ടുകളിൽ ഇതിനകം ഇമാസ് ഘടിപ്പിച്ചിട്ടുണ്ട്. റൺവേ എത്ര ചെറുതായാലും വിമാനം നിലത്തിറക്കുമ്പോൾ ഏതെങ്കിലും കാരണവശാൽ ഓവർ ഷൂട്ട് ചെയ്യുകയാണെങ്കിൽ വിമാനത്തിന്റെ ചക്രങ്ങൾ പിടിച്ചുനിർത്താനാവുമെന്നതാണ് ഈ നൂതന സാങ്കേതിക വിദ്യയുടെ പ്രത്യേകത.
യാത്രക്കാരുടെ വിലപ്പെട്ട ജീവനെക്കുറിച്ചാണ് വ്യോമമന്ത്രാലയത്തിന് ഉത്കണ്ഠയെങ്കിൽ ഏകദേശം 150 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ സാങ്കേതിക വിദ്യ പ്രാബല്യത്തിൽ കൊണ്ടുവരാൻ എന്തുകൊണ്ട് മടിക്കുന്നു?.
കരിപ്പൂരിൽ 14.5 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസവും റെസ പുനഃക്രമീകരിച്ചു വലുതാക്കുന്നതിലെ ദീർഘമായ രണ്ടര വർഷവും ഇമാസ് നടപ്പിൽ വരുത്തിയിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്നു.
325 കോടി രൂപ ചെലവിട്ട് റെസ നിർമാണം ഈ മാസം ആരംഭിച്ചാൽ തന്നെ പണി പൂർത്തീകരിക്കാൻ രണ്ടര വർഷം കഴിയും. അതുവരെ വൈഡ്ബോഡി വിമാനങ്ങൾക്കുള്ള നിരോധനം (തടസ്സം) തുടരുമെന്നാണ് DGCA വൃത്തങ്ങൾ പറയുന്നത്. നിലവിലെ അവസ്ഥയിൽനിന്ന് കരിപ്പൂരിന് മോചനം ലഭിക്കണമെങ്കിൽ രണ്ടു വഴികളാണുള്ളത്. ഒന്ന്, DGCA ഏർപ്പെടുത്തിയ ബാൻ താൽക്കാലികമായി പിൻവലിക്കുക.
ഏറ്റവും ചുരുങ്ങിയത് കോഡ് ഡി, ഇ (D ആൻഡ് E) ഇനത്തിൽപ്പെട്ട ഹജ്ജ് വിമാനങ്ങൾക്ക് നോൺ ഷെഡ്യൂൾ ഓപറേഷൻസ് (NSOP) പ്രകാരം അനുമതി നൽകുക. അതോടൊപ്പം ഇമാസ് ഘടിപ്പിക്കാനുള്ള അടിയന്തര നടപടിക്രമങ്ങൾ തുടങ്ങുക. സാങ്കേതിക വിദഗ്ധരുടെ അഭിപ്രായപ്രകാരം ഏറ്റവും ചുരുങ്ങിയ കാലതാമസം നാല് മാസമാണ്. മേയ് മാസത്തിൽ ഹജ്ജ് തുടങ്ങുമ്പോഴേക്ക് ഇമാസ് പ്രവർത്തനസജ്ജമാവും.
രണ്ടാമത്തേത് രാഷ്ട്രീയ നീക്കമാണ്. പ്രധാനമന്ത്രിയുടെ ഓഫിസിനെ അടിയന്തരമായി ഇടപെടുവിപ്പിച്ച് കരിപ്പൂരിലേക്ക് വലിയ വിമാനങ്ങൾ ഇറക്കാനുള്ള അനുമതി സിവിൽ ഏവിയേഷനിൽനിന്ന് കരസ്ഥമാക്കുക. നമ്മുടെ എം.പിമാരും കേരള സർക്കാറും ഈ ആവശ്യവുമായി മുന്നിട്ടിറങ്ങണം. ഈ മാർഗങ്ങളിലൂടെയല്ലാതെ അടുത്ത കാലത്തൊന്നും കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറങ്ങില്ല. അഥവാ കരിപ്പൂരിനെ നശിപ്പിക്കാൻ ശ്രമിക്കുന്ന സ്ഥാപിത താൽപര്യക്കാർ അതിന് സമ്മതിക്കില്ല.
hassanbatha@gmail.com
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.