മദ്യ നിരോധത്തിനും പ്രോല്‍സാഹനത്തിനും മധ്യേ

ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളില്‍ മദ്യ വില്‍പന അനുവദിക്കാനാവില്ലെന്നും ബാറുകള്‍ പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ പരിമിതപ്പെടുത്തുന്നതുമായ കേരള സര്‍ക്കാരിന്‍െറ മദ്യനയം അംഗീകരിച്ച സുപ്രീംകോടതി വിധി ചരിത്ര പ്രധാനമാണ്. പൊതുജനാരോഗ്യം മുന്‍നിര്‍ത്തി മദ്യ വില്‍പന നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ട് എന്നതാണ് വിധി ഉയര്‍ത്തി പിടിക്കുന്ന ഒന്നാമത്തെ കാര്യം. കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അവതരിപ്പിച്ച പ്രധാന വാദങ്ങളില്‍ ഒന്നും അതായിരുന്നു. എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസവും പോഷകാഹാരവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നാണ് കേരള സര്‍ക്കാരിനു വേണ്ടി ഹാജരായ കപില്‍ സിബല്‍ വാദിച്ചത്. അതുപോലെ മദ്യം നിരോധിക്കാനും സര്‍ക്കാരിന് അധികാരമുണ്ടെന്ന് അദ്ദേഹം ബോധിപ്പിച്ചു. ഈ വാദങ്ങള്‍ പരമോന്നത കോടതി അംഗീകരിക്കുകയായിരുന്നു. പൊതുജനാരോഗ്യം കണക്കിലെടുത്താണ് ബിഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാരും മദ്യ വില്‍പന നിരോധിച്ചത്. കേരളത്തിനും ബിഹാറിനും പിറകെ മറ്റു സംസ്ഥാനങ്ങള്‍ക്കും സ്വീകരിക്കാവുന്ന നയമാണിതെന്ന പാഠവും സുപ്രീംകോടതി വിധി നല്‍കുന്നുണ്ട്.

മദ്യ വില്‍പന മൗലികാവകാശമല്ല എന്ന് ഇതേ സുപ്രീംകോടതി ബെഞ്ച് നേരത്തെ ബാറുടമകളെ ഓര്‍മിപ്പിച്ചിരുന്നു. മദ്യ വില്‍പന പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മാത്രം അനുവദിക്കുകയും ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടലുളെ വിലക്കുകയും ചെയ്യുന്നത് വിവേചനപരമാണെന്ന് ചൂണ്ടിക്കാണിച്ചപ്പോഴാണ് കോടതിയുടെ ഓര്‍മപ്പെടുത്തലുണ്ടായത്. മദ്യ ഉപഭോഗം കുറച്ചു കൊണ്ടുവരികയെന്ന ലക്ഷ്യത്തിനുവേണ്ടി ഇത്തരമൊരു നയം സ്വീകരിക്കാമെന്നും കോടതി കഴിഞ്ഞ ആഗസ്റ്റില്‍ വാദത്തിനിടെ നിരീക്ഷിച്ചിരുന്നു. സുപ്രധാനമായ ഈ രണ്ട് നിരീക്ഷണങ്ങള്‍ക്കും മദ്യം പൊതു വിപത്തായി കരുതുന്ന സമുഹത്തിന്‍െറ സ്വീകാര്യത ലഭിക്കും.

യു.ഡി.എഫിന്‍െറ രാഷ്ട്രീയ വിജയവും അതാണ്. പാര്‍ട്ടിയിലെ ചെന്നിത്തല-ഉമ്മന്‍ചാണ്ടി അധികാര വടംവലിയില്‍ നിന്ന് തല്‍ക്കാലം രക്ഷപ്പെടാനും തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ ആഘാതത്തില്‍ നിന്ന് കര കയറാനും കോണ്‍ഗ്രസ് മുന്നണിക്ക് ഈ വിധി സഹായകമാവും. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രധാന തുറുപ്പുചീട്ടായും ഈ വിധിയെ ഉപയോഗിക്കാനാവും. പ്രതിപക്ഷം ഭയപ്പെടുന്നതും അതു തന്നെയാണ്.

അതേസമയം, ഘട്ടംഘട്ടമായുള്ള മദ്യ നിരോധമെന്ന സര്‍ക്കാര്‍ നയത്തിലെ ആത്മാര്‍ഥത സംശയത്തിന്‍െറ നിഴലിലാണ്. പൂട്ടിയ ബാറുകള്‍ തുറക്കുന്നതിനു വേണ്ടിയാണ് സംസ്ഥാനത്തെ രണ്ട് മന്ത്രിമാര്‍ കോഴ വാങ്ങിയതെന്ന ആരോപണം ഉയര്‍ന്നത്. അല്ലാതെ തുറക്കാതിരിക്കാനല്ല. ആരോപണത്തില്‍ തുടരന്വേഷണത്തിന് ഹൈകോടതി ഉത്തരവിന്‍െറ അടിസ്ഥാനത്തിലാണ് ധനമന്ത്രി കെ.എം മാണി രാജിവെക്കുന്നത്. ആരോപണവിധേയനായ എക്സൈസ് മന്ത്രി കെ. ബാബുവാകട്ടെ അന്വേഷണം നേരിടുകയുമാണ്. യു.ഡി.എഫിന് രാഷ്ട്രീയ ലാഭമാണെന്നതിനൊപ്പം വെല്ലുവിളി കൂടിയാണ് ഈ വിധി. കേസില്‍ പരാജയപ്പെട്ടതോടെ ബാര്‍ കോഴ ഇടപാടില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്നാണ് ബാര്‍ അസോസിയേഷന്‍ ഭാരവാഹി മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഇത് മന്ത്രി ബാബുവിനെ സംരക്ഷിക്കുന്ന സര്‍ക്കാരിന് തലവേദന ആയിത്തീരും.

അതോടൊപ്പം, പഞ്ച നക്ഷത്ര ഹോട്ടലുകളിലും ബെവിറജസ് ഒൗട്ട്ലറ്റുകളിലും ഏതാനും ക്ലബ്ബുകളിലും മദ്യ വില്‍പന അനുവദിക്കുന്നതിലെ യുക്തി മനസ്സിലാവുന്നില്ല. ഇതേ സംശയം കോടതി തന്നെ ഉന്നയിക്കുകയുണ്ടായി. അതിന് സര്‍ക്കാര്‍ നല്‍കിയ മറുപടിയാണ് യഥാര്‍ഥത്തില്‍ സര്‍ക്കാര്‍ മദ്യ നയം. Balance between promotion and prohibition. വിനോദ സഞ്ചാരം പ്രോല്‍സാഹിപ്പിക്കാന്‍ മദ്യം വേണം, മദ്യ നിരോധമെന്ന വാഗ്ദാനം പാലിക്കാന്‍ നിരോധവും വേണം. അതാണ് നയം.

രാജ്യത്ത് ഏറ്റവും കൂടുതല്‍ മദ്യം ഉപയോഗിക്കുന്ന സംസ്ഥാനമാണ് കേരളം. അതിനാല്‍ തന്നെ സമ്പൂര്‍ണ മദ്യ നിരോധം പ്രായോഗികമല്ലെന്ന വാദവും ശക്തമാണ്. കേരളത്തില്‍ നിന്നുള്ള പത്രപ്രവര്‍ത്തക സംഘത്തോടൊപ്പം കശ്മീര്‍ സന്ദര്‍ശിച്ചപ്പോള്‍ ചില സുഹൃത്തുക്കള്‍ക്ക് മദ്യം ലഭിച്ചേ തീരൂ. ശ്രീനഗറില്‍ ഒറ്റ ബാര്‍ പോലുമില്ലെന്ന് ഞങ്ങളുടെ വാഹന ഡ്രൈവര്‍ പറഞ്ഞെങ്കിലും ചിലര്‍ക്ക് സമാധാനമായില്ല. ഒടുവില്‍ പട്ടാള ബാരക്കുകളുള്ള കന്‍റോണ്‍മെന്‍റ് മേഖലയില്‍ ബാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചു. അവിടെ എത്തിയപ്പോള്‍ നേരം ഇരുട്ടിയിരുന്നു. എങ്കിലും നിര്‍ബ്ബന്ധത്തിന് വഴങ്ങി ബാര്‍ തുറന്നു. ആ ബാര്‍ ജീവനക്കാരന്‍ മലയാളി ആയിരുന്നു എന്നതാണ് കഥയുടെ ബാക്കിപത്രം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.