കേന്ദ്രസംഘത്തിന്റെ വലയിൽ കുടുങ്ങി രണ്ടു വവ്വാലുകൾ; വൈറസുണ്ടോ എന്ന് പരിശോധിക്കും, വവ്വാലുകള്‍ കാരണം പുറത്തിറങ്ങാന്‍ വയ്യ; മരച്ചില്ലകള്‍ മുറിക്കാന്‍ തീരുമാനം, നിപ:വവ്വാൽ കടിച്ച അടയ്ക്കയിൽ നിന്നാണ് രോഗം പകർന്നതെന്ന പ്രചാരണം തെറ്റിധരിപ്പിക്കുന്നത്, നിപ: പനമരത്ത് ആശങ്കയായി വവ്വാൽ കോളനികൾ....കഴിഞ്ഞ രണ്ട് ദിവസത്തെ മാത്രം ‘വവ്വാൽ വിരുദ്ധ’ മലയാള വാർത്തകളുടെ തലക്കെട്ടുകളാണ് മുകളിൽ കൊടുത്തിരിക്കുന്നത്. സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചതോടെ അനാവശ്യമായൊരു ‘വവ്വാൽ ഭീതി’ (Chiroptophobia) മലയാളികളിൽ പരക്കുന്നതായി സാമൂഹിക നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
വാവലുകളുടെ കുപ്രസിദ്ധി
ഇരുട്ടത്ത് പുറത്തിറങ്ങുന്നതിനാൽ പൊതുവേ ചീത്തപ്പേരുള്ള ജീവിയാണ് വവ്വാൽ. മരണം, ആത്മാക്കൾ, അമാനുഷികത എന്നിവയെ പ്രതിനിധീകരിക്കുന്ന ജീവികളാണ് മനുഷ്യർക്ക് പണ്ടേ വവ്വാലുകൾ. നാടോടിക്കഥകളും സാഹിത്യവും സിനിമകളും ഈ സങ്കൽപ്പത്തെ വേണ്ടുവോളം പ്രോത്സാഹിപ്പിച്ചിട്ടുമുണ്ട്. ലോകത്തിലെ മിക്ക ജനസമൂഹങ്ങളിലും അതിനാൽതന്നെ ‘ചിറപ്റ്റോഫോബിയ’ സജീവമാണ്.
പുതിയ സാഹചര്യത്തിൽ നമ്മുടെ നാട്ടിലും അത് പല മടങ്ങ് വർധിച്ചിട്ടുണ്ട്. അഞ്ച് വർഷത്തിനിടെ സംസ്ഥാനം നാലാം തവണയാണ് നിപ വൈറസിനെതിരെ പോരാടുന്നത്. വവ്വാലുകളിൽ നിന്നാണ് മാരക വൈറസ് പകരുന്നത് എന്ന് ഇതുവരെ സ്ഥാപിക്കപ്പെട്ടിട്ടില്ലെങ്കിലും ഭയം വ്യാപകമാണ്. കോഴിക്കോട് ജില്ലയുടെ കിഴക്കൻ മേഖലകളിൽ നിപ പടരുന്നത് തടയാൻ വവ്വാലുകളെയും കാട്ടുപന്നികളെയും കൊല്ലാൻ സർക്കാർ അനുമതി നൽകണമെന്ന് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്‌സ് അസോസിയേഷൻ (കിഫ) പോലുള്ള കർഷക സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.
കൊല്ലൽ പരിഹാരമല്ല
നിപയെ നേരിടാൻ വവ്വാലുകളെ കൂട്ടത്തോടെ കൊല്ലുന്നത് പ്രായോഗികമായ പരിഹാരമല്ലെന്ന് കേരള അഗ്രികൾച്ചറൽ യൂനിവേഴ്‌സിറ്റി ഫോറസ്ട്രി കോളേജ് വൈൽഡ് ലൈഫ് സ്റ്റഡീസ് സെന്റർ മേധാവി പി.ഒ. നമീർ പറയുന്നു. രോഗം പൊട്ടിപ്പുറപ്പെട്ടതിന് പിന്നിലെ യഥാർഥ കാരണങ്ങൾ അനാവരണം ചെയ്യാനുള്ള യോജിച്ച ശ്രമങ്ങളാണ് ആവശ്യം.
പഴംതീനി വവ്വാലുകൾ കാടിന് പുറത്ത് ജീവിക്കാനാണ് ഇഷ്ടപ്പെടുന്നത്. കോഴിക്കോട് ജാനകിക്കാട് മേഖലയിൽ, പഴംതീനി വവ്വാലുകളുടെ എണ്ണം വർധിക്കാൻ കാരണമായെന്ന പ്രചാരണത്തിൽ കഴമ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുരാതന കാലം മുതൽ മനുഷ്യർ വവ്വാലുകളുമായി സഹവസിച്ചിരുന്നതായി വിദഗ്ധൻ ചൂണ്ടിക്കാട്ടുന്നു. ‘നമ്മുടെ ആവാസവ്യവഥയെ പരിപാലിക്കുന്നതിൽ അവ പ്രധാന പങ്ക് വഹിക്കുന്നു. ഇപ്പോഴത്തെ വെല്ലുവിളിയെ നേരിടാൻ നമുക്ക് വ്യക്തമായ ശാസ്ത്രീയ നിഗമനങ്ങൾ രൂപപ്പെടുത്തേണ്ടതുണ്ട്’-നമീർ പറഞ്ഞു. മുമ്പ് നിപ പടർന്നുപിടിച്ച സമയങ്ങളിലെല്ലാം വവ്വാലുകൾ സംസ്ഥാനത്ത് വൻ തോതിൽ കൊല്ലപ്പെട്ടിരുന്നുവെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. നിപയുടെ ഓരോ ഘട്ടത്തിലും കേരളത്തിലുടനീളമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നിയമപാലകരുടെയും സാമൂഹിക സംഘടനകളുടെയും നേതൃത്വത്തിൽ വവ്വാൽ ഉന്മൂലനം നടന്നിരുന്നു.
പലയിടങ്ങളിലും വവ്വാലുകളുടെ കോളനികൾ അധിവസിച്ചിരുന്ന ഭീമാകാരമായ പഴയ മരങ്ങൾ വെട്ടിമാറ്റപ്പെട്ടു. വനാതിർത്തികളിലും ഗ്രാമപ്രദേശങ്ങളിലും ചെറിയ കോളനികളിൽ വസിക്കുന്ന വവ്വാലുകളെ വിരട്ടിയോടിക്കാൻ പടക്കങ്ങൾ ഉദാരമായി ഉപയോഗിച്ചിരുന്നു. ഇരുചക്രവാഹനത്തിൽ പോകുന്നതിനിടെ വവ്വാലിന്റെ അടിയേറ്റ് നിപ ബാധിച്ചതായി ഭയന്ന് ദന്തൽ വിദ്യാർഥി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സ്വാബ് പരിശോധനാ ഫലം നെഗറ്റീവായതിനെ തുടർന്നാണ് വിദ്യാർഥിയെ ഡിസ്ചാർജ് ചെയ്തത്.
കോഴിക്കോടും പരിസര പ്രദേശങ്ങളിലും, വവ്വാലുകൾ ഭക്ഷിച്ചതായി ഭയന്ന് ആളുകൾ പഴങ്ങൾ വാങ്ങാൻ വിസമ്മതിക്കുന്നതായി പച്ചക്കറി വ്യാപാരികൾ പറയുന്നു. ഈ വവ്വാൽ ഭീതിയുടെ സമയത്തും ശാസ്ത്ര സമൂഹം പറയുന്നത് നിപ ബാധയെ പ്രദേശത്തെ വവ്വാലുകളുമായി ബന്ധിപ്പിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല എന്നാണ്. നിപയുടെ ഉറവിടം ഇപ്പോഴും അജ്ഞാതമാണ്.
അനാവശ്യ ഭയം വേണ്ട
കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (കെ.എഫ്.ആർ.ഐ) പോലുള്ള ഏജൻസികൾ വവ്വാലുകളുമായി ബന്ധപ്പെട്ട മിഥ്യാധാരണകളെ ലഘൂകരിക്കാനും കാർഷിക സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കുന്നതിനും ആവാസവ്യവസ്ഥയുടെ നിലനിൽപ്പിനും വവ്വാലുകളുടെ പങ്കിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും ശ്രമിക്കുന്നുണ്ട്. വവ്വാലുകൾ സസ്തനി വിഭാഗത്തിൽപെടുന്ന വന്യജീവികളാണെന്നും അവയെ ഭയപ്പെടേണ്ടതില്ലെന്നും ജാഗ്രതയാണ് വേണ്ടതെന്നും മൃഗസംരക്ഷണ വകുപ്പും പറഞ്ഞിട്ടുണ്ട്.
നിപാ വൈറസ് സാന്നിധ്യം കണ്ടെത്തിയ ടെറോപസ് എന്ന പഴംതീനി വവ്വാലുകൾ/ കടവാതിലുകൾ രോഗ ബാധിതരാവുകയോ ചാകുകയോ ചെയ്യുന്നതായി രേഖപ്പെടുത്തിയിട്ടില്ല. ഇവ വലുപ്പം കൂടുതലുള്ളവയും മരങ്ങളിൽ ചേക്കേറുന്നവയുമാണ്. ഇവയെ ഉപദ്രവിക്കുകയോ പേടിപ്പിക്കുകയോ ആവാസ വ്യവസ്ഥയിൽ മാറ്റം വരുത്തുകയോ ചെയ്യുമ്പോൾ സമ്മർദം മൂലം ശരീരത്തിൽ ഉള്ള വൈറസിന്റെ തോത് കൂടുവാനും ശരീര സ്രവങ്ങളിലൂടെ വൈറസുകൾ പുറം തള്ളപ്പെടാനും ഇതുമൂലം രോഗവ്യാപനം കൂടാനും ഇടയാകും. കിണറുകളിലും ഗുഹകളിലും ആൾതാമസം കുറവുള്ള കെട്ടിടങ്ങളിലും പാലങ്ങളുടെ ചുവട്ടിലും കണ്ടുവരുന്നത് വലുപ്പം കുറഞ്ഞതും ചെറുപ്രാണികളെയും പല്ലികളെയും കഴിക്കുന്ന മറ്റിനം വവ്വാലുകൾ/ നരിച്ചീറുകൾ ആണ്. മനുഷ്യരുടെ കൂടെ തന്നെ കാലാകാലങ്ങളായി ചേർന്ന് ജീവിച്ചുവരുന്ന വവ്വാലുകളെ ഭയക്കാതെ ജാഗ്രതയോടെ ജീവിക്കാമെന്നാണ് മൃഗസംരക്ഷണ വകുപ്പ് പറയുന്നത്.
നിപാ വൈറസ് പ്രതിരോധങ്ങളിൽ വനം വകുപ്പിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക സമിതി രൂപവത്കരിച്ചതായി മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചിട്ടുണ്ട്. വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള ജീവികളായതിനാൽ വവ്വാലുകളെ പിടികൂടുന്നതിനും തുടർ നടപടികൾ സ്വീകരിക്കുന്നതിനും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സമയബന്ധിതമായ ഇടപെടലുകൾ ആവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.