ജയ്പൂർ: ‘എന്റെ മകൾ...മാസങ്ങൾ മാത്രമാണ് അവൾക്ക് പ്രായം. സ്വന്തം പിതാവിന്റെ വിരലിൽതൂങ്ങി പിച്ചവെച്ചു തുടങ്ങേണ്ടവളാണ് എന്റെ കുഞ്ഞ്. പക്ഷേ, അവളുടെ പിതാവ് ഇന്നില്ല..അദ്ദേഹത്തെ അവർ ജീവനോടെ കത്തിച്ചുകളഞ്ഞു..എന്റെ ഭർത്താവിന്റേതുൾപ്പെടെ ഒരുപാടുപേരുടെ ജീവനെടുത്ത മോനു മനേസറിനെ തൂക്കിക്കൊല്ലണമെന്നാണ് ഞങ്ങളാഗ്രഹിക്കുന്നത്...’ -രാജസ്ഥാനിൽ പശുക്കടത്ത് ആരോപിച്ച് പശുരക്ഷാ ഗുണ്ടകൾ തട്ടിക്കൊണ്ടുപോയി ജീവനോടെ ചുട്ടുകൊന്ന ജുനൈദിന്റെ ഭാര്യ സാജിത നിറകണ്ണുകളോടെ പറയുന്നു.
നസീർ, ജുനൈദ് എന്നീ മുസ്‍ലിം യുവാക്കളെ പശുരക്ഷാ ഗുണ്ടകൾ ചുട്ടുകൊന്ന സംഭവം രാജ്യത്തെ ഞെട്ടിച്ചിരുന്നു. സംഭവത്തിൽ വൻ ആസൂത്രണം നടന്നിരുന്നതായി പൊലീസ് കഴിഞ്ഞദിവസം വെളിപ്പെടുത്തി. നസീറിനെയും ജുനൈദിനേയും കൊല്ലുന്നതിന് ഒരാഴ്ച മുമ്പേ ഇരുവരുടേയും വ്യക്തിഗത വിവരങ്ങളും വാഹന വിവരങ്ങളും ശേഖരിക്കുകയും ഇത് പശുരക്ഷാ ഗുണ്ടകൾക്കിടയിൽ പങ്കുവയ്ക്കുകയും പിടികൂടുന്നതിനെ കുറിച്ച് ഗൂഢാലോചന നടത്തുകയും ചെയ്തെന്നാണ് പൊലീസ് കണ്ടെത്തൽ.
ഹരിയാന നൂഹിലെ സംഘർഷത്തിന് ചുക്കാൻ പിടിച്ച പശുരക്ഷാ ഗുണ്ടാത്തലവനും ബജ്രംഗ്ദൾ നേതാവുമായ മോനു മനേസറും സംഘവുമാണ് ഫെബ്രുവരി 16ന് രാജസ്ഥാനിലെ ഭരത്‌പുർ സ്വദേശികളായ ജുനൈദിനെയും നസീറിനേയും വാഹനത്തിലിട്ട് ചുട്ടുകൊന്നത്. രണ്ട് സംഭവത്തിലും കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, ഒളിവിലായിരുന്ന മോനു മനേസറിനെ കഴിഞ്ഞദിവസമാണ് അറസ്റ്റ് ചെയ്തത്. സെപ്തംബർ 12നാണ് ഹരിയാന പൊലീസ് ഇയാളെ പിടികൂടിയത്.
നസീർ ഹുസൈന്റെയും ജുനൈദ് ഖാന്റെയും വാഹന രജിസ്‌ട്രേഷൻ വിവരങ്ങളും ഫോൺ നമ്പരുകളും ബജ്രംഗ്ദൾ പ്രവർത്തകർ തങ്ങളുടെ സംഘത്തിനിടയിൽ ഒരാഴ്ചയോളം പ്രചരിപ്പിച്ചിരുന്നു. മോനു മനേസറിനെ രണ്ട് ദിവസം ചോദ്യം ചെയ്തതിൽ നിന്ന്, മറ്റൊരു പ്രതിയായ റിങ്കു സൈനിയുമായി ഇയാൾ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയതായും രാജസ്ഥാൻ പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നു. നസീറിനെയും ജുനൈദിനെയും തട്ടിക്കൊണ്ടുപോകുന്നതിന് മുമ്പും ശേഷവും ഇരുവരും ഫോണിൽ സംസാരിച്ചിരുന്നു.
ഇരകളുടെ ബന്ധുക്കൾ പറയുന്നു
സംഭവത്തിനുശേഷം ജുനൈദിന്റെയും നസീറിന്റെയും കുടുംബങ്ങളുടെ ദുരിതം ഇരട്ടിക്കുകയായിരുന്നു. ഏഴ് മാസമായി രാജസ്ഥാനിലെ ഘട്മീകയിൽ ഇവർ നീതിക്കായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട്. കൊലപാതകങ്ങളുടെ മുഖ്യ ആസൂത്രകൻ പിടിയിലായിട്ടും ഇപ്പോഴും ഇരകളുടെ കുടുംബാംഗങ്ങൾ ഭീതിയിലാണ്.
ജുനൈദിന്റെയും നസീറിന്റെയും കൊലപാതകത്തിലെ 21 പ്രതികളിൽ ഒരാളാണ് മോനു മനേസർ. ‘മോനുവിനെ പൊലീസ് അറസ്റ്റ് ചെയ്തതിൽ ഞങ്ങൾ സന്തുഷ്ടരാണ്. അറസ്റ്റിനെക്കുറിച്ച് ഭരത്പൂർ എസ്പിയുടെ (പോലീസ് സൂപ്രണ്ട്) അഭിപ്രായവും ഞാൻ കണ്ടു. ഞാൻ കുറ്റപത്രവും കണ്ടിരുന്നു. ഞങ്ങളുടെ സഹോദരന്റെ കൊലപാതകത്തിൽ മോനുവിന് പങ്കുണ്ട്. കുറ്റപത്രത്തിൽ അവന്റെ വാട്ട്‌സ്ആപ്പ് ചാറ്റിൽ നിന്നുള്ള വിശദാംശങ്ങളുണ്ട്. കൂടാതെ അയാൾ അതിൽ [കൊലപാതകത്തിൽ] നേരിട്ട് പങ്കാളിയുമായിരുന്നു’-നസീറിന്റെ സഹോദരൻ ഹമീദ് പറയുന്നു.
ഇരട്ടക്കൊലപാതകക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാൻ രാജസ്ഥാൻ പൊലീസ് ഹരിയാനയിലേക്ക് പോയപ്പോൾ അവിടെയുള്ള പൊലീസിൽ നിന്ന് യാതൊരു സഹകരണവും ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് ആരോപിച്ചിരുന്നു.
ദുരിതവും ഭീതിയും നിറഞ്ഞ നാളുകൾ
രണ്ട് കുടുംബങ്ങളുടെ ഏക ആശ്രയമായിരുന്നു കൊല്ലപ്പെട്ട ജുനൈദ്. സഹോദരൻ ജാഫറിന്റെ കുടുംബത്തിൽ ഏഴ് കുട്ടികളും ജുനൈദിന്റെ കുടുംബത്തിന് ആറ് കുട്ടികളുമാണ് ഉള്ളത്. ഇവരെല്ലാം ജുനൈദിനെ ആശ്രയിച്ചിരുന്നു കഴിഞ്ഞിരുന്നത്.
‘നേരത്തെ, ഞങ്ങളുടെ കുട്ടികൾ സ്കൂളിൽ പോയിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ അവരെ എങ്ങനെ സ്കൂളിൽ അയയ്ക്കും? എനിക്ക് പണമില്ല. സമ്പാദിക്കാനുള്ള മാർഗവുമില്ല. എനിക്ക് അവരെ സ്കൂളിൽ അയക്കാൻ കഴിയുന്നില്ല. അവർ ഇപ്പോൾ മദ്രസയിലാണ് പഠിക്കുന്നത്. അവരെ സ്‌കൂളിലേക്ക് തിരിച്ചയക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു’- സാജിദ പറഞ്ഞു.
ജുനൈദിന്റെ 12 വയസ്സുള്ള മൂത്ത മകൾ പിതാവിന്‍റെ കൊലപാതക വാർത്ത അറിഞ്ഞതു മുതൽ സുഖമില്ലാതെ കിടപ്പിലായിരുന്നു. ജുനൈദിന്റെയും നസീറിന്റെയും കുടുംബങ്ങൾ ഇപ്പോഴും പുറത്തിറങ്ങാൻ ഭയപ്പെടുകയാണ്. മനേസറിന്റെ സംഘത്തിന്റെ ആക്രമണം ഭയന്നാണ് തങ്ങൾ ജീവിക്കുന്നതെന്ന് അവർ പറയുന്നു.
ജുനൈദിന്റെയും നസീറിന്റെയും കുടുംബങ്ങൾക്ക് 20.5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി സാഹിദ ഖാൻ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ഇതിൽ 15 ലക്ഷം ഇനിയും ലഭിക്കാനുണ്ടെന്ന് കുടുംബാംഗങ്ങൾ പറയുന്നു.
മോനു മനേസർ എന്ന കൊടും കുറ്റവാളി
പശുക്കടത്തിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് മോനു മനേസറിന്റെ നേതൃത്വത്തിലുള്ള സ്വയംപ്രഖ്യാപിത ഗോസംരക്ഷക പ്രവർത്തകർ ജുനൈദിനേയും നസീറിനേയും കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചതെന്ന് പൊലീസ് പറയുന്നു. 2023 മേയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ രാജസ്ഥാൻ- ഹരിയാന അതിർത്തിയിലെ പീരുകയിൽ ഇരകളെ തടയാൻ പ്രതികൾ രണ്ട് ഗ്രൂപ്പുകൾ രൂപീകരിച്ച് നിലയുറപ്പിച്ചിരുന്നതായും യുവാക്കളുടെ വഴിയെക്കുറിച്ച് പ്രതികൾക്ക് മുൻകൂട്ടി അറിയാമായിരുന്നെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും വ്യക്തമാക്കിയിരുന്നു.
നസീറിന്റെയും ജുനൈദിന്റേയും വാഹനത്തിൽ പശുക്കളെ കാണാതായപ്പോൾ, കാലി കള്ളക്കടത്തിനെ കുറിച്ച് ചോദിച്ച് മർദിക്കുകയും തുടർന്ന് കാറിലിട്ട് തന്നെ ജീവനോടെ ചുട്ടുകൊല്ലുകയുമായിരുന്നു. പ്രതികളായ മോനു മനേസർ, മോനു റാണ, റിങ്കു സൈനി, ഗോഗി എന്നിവർ നിലവിൽ കസ്റ്റഡിയിലുണ്ടെന്നും മറ്റ് 26 പേർ കൂടി കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായും പൊലീസ് വെളിപ്പെടുത്തിയിട്ടുണ്ട്.
സ്വയംപ്രഖ്യാപിത പശുരക്ഷാ ഗ്രൂപ്പിന്റെ നേതാവും വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്‌പി) യുവജനവിഭാഗമായ ബജ്രംഗ്ദൾ അംഗവുമായ മനേസറിനെ സെപ്തംബർ 12നാണ് ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഇരട്ടക്കൊലക്കേസിൽ രാജസ്ഥാൻ പൊലീസിന് കൈമാറുകയായിരുന്നു. നൂഹിലെ ഹിന്ദുത്വ റാലിയിൽ പങ്കെടുക്കുമെന്ന് ഫേസ്ബുക്ക് ലൈവിലൂടെ ഇയാൾ അറിയിച്ചിരുന്നു. മറ്റ് ഹിന്ദുക്കളോടും അതിൽ പങ്കെടുക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. ഇതാണ് സംഘര്‍ഷത്തിന് വഴിവച്ചത്.
നിരവധി ക്രിമിനല്‍ കേസുകളാണ് മോനു മനേസറിനെതിരെയുള്ളത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ബിജെപി നേതാക്കളുമായും അടുത്ത ബന്ധമുള്ള മോനു, പശുക്കടത്ത് ആരോപിച്ച് കന്നുകാലി വില്‍പ്പനക്കാരുടെ വാഹനം തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയും മർദിക്കുകയും ഇവയുടെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുക പതിവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.