പാമ്പിന്‍ വിഷവുമായി ലഹരിപ്പാര്‍ട്ടി, ബി.ജെ.പിക്കുവേണ്ടി ആശയപ്രചരണം, മുസ്​ലിം വിരുദ്ധത; എല്‍വിഷ് യാദവ് ആരാണെന്നറിയാം

നോയിഡ: നിശാപാർട്ടികളിൽ പാമ്പിന്റെ വിഷം ഉപയോഗിച്ച സംഭവത്തിൽ യൂട്യൂബറും ബി​ഗ് ബോസ് വിജയിയും ആയ എൽവിഷ് യാദവ് ഉൾപ്പെടെ ആറ് പേർക്കെതിരെ നോയിഡ പോലീസ് കേസെടുത്തിരിക്കുകയാണ്​. വന്യജീവി സംരക്ഷണം നിയമം, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസ് ഫയൽ ചെയ്തത്. കേസ്​ പുറത്തുവന്നതോടെ എൽവിഷ്​ യാദവ്​ ആരാണെന്ന അന്വേഷണം സമൂഹമാധ്യമങ്ങളിൽ സജീവമാണ്​.

എൽവിഷ് യാദവ് എന്ന യൂട്യൂബർ?

ഗുരുഗ്രാം സ്വദേശിയായ എൽവിഷ് യാദവ് ഒരു യൂട്യൂബറും ഗായകനും കണ്ടന്‍റ്​ ക്രിയേറ്ററും ആണ്​. ഈ വർഷം സൽമാൻ ഖാൻ അവതാരകനായ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ വിജയിയായതോടെയാണ് ഇയാൾ കൂടുതൽ പ്രശസ്തനായത്. 2016ൽ ‘ദി സോഷ്യൽ ഫാക്ടറി’ എന്ന ചാനലിലൂടെയാണ് എൽവിഷ്​ തന്റെ യൂട്യൂബ് കരിയർ ആരംഭിച്ചത്. ഫ്ലാഷ് ഫിക്ഷനെയും ഹ്രസ്വചിത്രങ്ങളെയും അടിസ്ഥാനമാക്കിയുള്ള ഉള്ളടക്കങ്ങളാണ് തന്റെ ചാനലിലൂടെ യാദവ് പ്രധാനമായും പങ്കുവെച്ചിരുന്നത്. പിന്നീട് ഇതിന്റെ പേര് എൽവിഷ് യാദവ് എന്നാക്കി മാറ്റുകയായിരുന്നു. 14.5 ലക്ഷം സബ്​സ്​ക്രൈബേഴ്​സ്​ എൽവിഷിനുണ്ട്​.


2019-ൽ ‘എൽവിഷ് യാദവ് വ്ലോഗ്സ്’ എന്ന പേരിൽ മറ്റൊരു യൂട്യൂബ് ചാനലും ആരംഭിച്ചു. അതിൽ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം സിനിമകളെക്കുറിച്ച് വിമർശനം ഉന്നയിച്ചുകൊണ്ടും മറ്റുമുള്ള വ്ലോഗുകളിലൂടെയുമാണ് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നത്. തുടർന്ന് 2023-ൽ ‘എൽവിഷ് യാദവ് ഗെയിമിംഗ്’ എന്ന പേരിൽ മറ്റൊരു ഗെയിമിങ്​ യൂട്യൂബ് ചാനലിനും തുടക്കമിട്ടു.

ഹിന്ദുത്വ അനുകൂലി

എൽവിഷ്​ തന്‍റെ യൂട്യൂബ്​ ചാനലിലൂടെ പ്രധാനമായും പിന്തുണച്ചിരുന്നത്​ ഹിന്ദുത്വ രാഷ്ട്രീയത്തേയും ബി.ജെ.പിയേയും ആയിരുന്നു. പ്രമുഖ ബി.ജെ.പി നേതാക്കളുമായുള്ള ചിത്രങ്ങൾ ഇയാൾ സമൂഹമാധ്യമങ്ങളിൽ നിരവധിതവണ പങ്കുവച്ചിട്ടുണ്ട്​. കേരള സ്​​റ്റോറി വിവാദത്തിൽ വമ്പിച്ച ​തോതിൽ മലയാളികൾക്ക്​ എതിരേ വർഗീയ പ്രചാരണം ഇയാൾ നടത്തിയിരുന്നു. കേരള സ്​റ്റോറിയുടെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടിയ ധ്രൂവ്​ റാട്ടിക്ക്​ എതിരേ നിരവധി വ്ലോഗുകളും ഇയാൾ ചെയ്തിട്ടുണ്ട്​. തന്‍റെ കണ്ടന്‍റുകളിൽ പരമാവധി മുസ്​ലിം വിരുദ്ധത തിരുകിക്കയറ്റാനും ഇയാൾ ശ്രദ്ധിക്കാറുണ്ട്​.


നേരത്തേയും വിവാദം

മാസങ്ങൾക്ക്​ മുമ്പ്​ മറ്റൊരു വിവാദത്തിലും എൽവിഷ്​ ഉൾപ്പെട്ടിരുന്നു. ജി 20 ഉച്ചകോടിക്ക് വരുന്നവരെ സ്വീകരിക്കാൻ വഴിയരികിൽ​ ഒരുക്കിവച്ചിരുന്ന പൂച്ചട്ടികൾ ഒരു കാറിൽ എത്തിയ രണ്ടുപേർ മോഷ്ടിച്ചതാണ്​ വിവാദ കാരണം. സംഭവത്തിന്‍റെ വിഡിയോ വൈറലായതോടെ വാഹനത്തിന്‍റെ നമ്പർ കേന്ദ്രീകരിച്ച്​ അന്വേഷണവും തുടങ്ങി. തുടർന്ന്​ ഈ വാഹനം എൽവിഷിന്‍റേതാണെന്നാണ്​ കണ്ടെത്തിയത്​. എന്നാൽ സംഭവത്തിൽ തനിക്ക്​ പങ്കില്ല എന്നുപറഞ്ഞ്​ എൽവിഷ്​ തടിതപ്പുകയായിരുന്നു.

മറ്റ്​ സംരംഭങ്ങൾ

യൂട്യൂബ്​ ചാനൽ കൂടാതെ ‘സിസ്റ്റം ക്ലോത്തിങ്’, എൽഗ്രോ വിമൻ’ എന്നീ പേരുകളിൽ രണ്ട് വസ്ത്ര ബ്രാൻഡുകളും എൽവിഷിന് സ്വന്തമായി ഉണ്ട്. ‘എൽവിഷ് യാദവ് ഫൗണ്ടേഷൻ’ എന്ന പേരിൽ പാവപ്പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാനും ദരിദ്രർക്ക് സൗജന്യ ഭക്ഷണം നൽകാനും ലക്ഷ്യമിട്ട് ഒരു എൻ‌ജി‌ഒയും എൽവിഷ് യാദവ് സ്ഥാപിച്ചിട്ടുണ്ട്. ‌‌ആഡംബര കാറുകൾ വാങ്ങിക്കൂട്ടുന്നതും ഇയാൾക്ക്​ ഹരമാണ്​.


അറസ്റ്റിലേക്കുള്ള വഴി

നോയിഡ-എൻ‌.സി‌.ആർ ഫാം ഹൗസുകളിൽ പാമ്പുകളും അവയുടെ വിഷവും ഉപയോഗിച്ച് വീഡിയോകൾ ചിത്രീകരിച്ചുവെന്ന് ആരോപിച്ച് പീപ്പിൾ ഫോർ അനിമൽ (പി.എഫ്‌.എ) ഓർഗനൈസേഷനിലെ അനിമൽ വെൽഫെയർ ഓഫീസറായ ഗൗരവ് ഗുപ്ത നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവർക്കെതിരെ കേസെടുത്തത്. പാമ്പിന്‍റെ വിഷവും മയക്കുമരുന്നും ആസ്വദിക്കാന്‍ വിദേശ വനിതകളെ റേവ് പാർട്ടികളിലേക്ക് എല്‍വിഷ് ക്ഷണിക്കാറുണ്ടെന്നും ഇത്തരം പാർട്ടികൾ നിയമവിരുദ്ധമായാണ് സംഘടിപ്പിക്കുന്നതെന്നും പരാതിക്കാരൻ ആരോപിച്ചു. എൽവിഷ് യാദവ്, രാഹുൽ, ടിറ്റുനാഥ്, ജയകരൻ, നാരായൺ, രവിനാഥ് എന്നീ ആറ് പേർക്കെതിരെ ആണ്​ പൊലീസ് ഇപ്പോൾ കേസ് എടുത്തിരിക്കുന്നത്. പാർട്ടിയിൽ വിനോദ ആവശ്യങ്ങൾക്കായി ഇവർ പാമ്പിന്റെ വിഷം ഉപയോഗിച്ചു എന്നാണ് പരാതി.

പീപ്പിൾ ഫോർ ആനിമൽസ് നൽകിയ പരാതി പ്രകാരം മനേക ഗാന്ധി നടത്തുന്ന എൻജിഒ ആണ് സംഭവം പുറത്തുകൊണ്ടുവന്നത്. ഇ‍വർ എൽവിഷ് യാദവിനെ ബന്ധപ്പെടുകയും പാമ്പിന്റെ വിഷം ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് രാഹുൽ എന്ന ആളുടെ വിവരങ്ങൾ നൽകുകയും ഇത് എവിടെ വെച്ചു വേണമെങ്കിലും നൽകാമെന്ന് യാദവ് അറിയിക്കുകയും ചെയ്തു. വിഷവുമായി എത്തിയ ആളുകളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.


ആരോപണങ്ങൾ നിഷേധിച്ച്​ എൽവിഷ്​

എന്നാൽ തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും എൽവിഷ് നിഷേധിച്ചിട്ടുണ്ട്​. പൊലീസ് ഉന്നയിച്ച വാദങ്ങളിൽ ഒരു ശതമാനം പോലും വസ്തുതയില്ലെന്നും തനിക്കെതിരെ ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നും ഇയാൾ പറയുന്നു. അന്വേഷണത്തിന് പൊലീസുമായി സഹകരിക്കാൻ തയ്യാറാണെന്നും കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ മാപ്പ് പറയാൻ തയ്യാറാണെന്നും എൽവിഷ് പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു വിശദീകരണം.

Tags:    
News Summary - Who is Elvish Yadav, Bigg Boss winner booked for snake venom use?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.