സെറീന x കെര്‍ബര്‍ വിംബ്ള്‍ഡണ്‍ കലാശപ്പോരാട്ടം

ലണ്ടന്‍: കരിയറിലെ 22ാം ഗ്രാന്‍ഡ്സ്ളാമെന്ന റെക്കോഡിനൊപ്പം ചേരാന്‍ സെറീന വില്യംസിന് ഒരു ജയം മാത്രം ദൂരം. ശനിയാഴ്ച നടക്കുന്ന വിംബ്ള്‍ഡണ്‍ വനിതാ സിംഗ്ള്‍സ് ഫൈനലില്‍ ജര്‍മനിയുടെ ആഞ്ജലിക് കെര്‍ബറിനെ വീഴ്ത്തിയാല്‍ ലോക ഒന്നാം നമ്പറായ സെറീനയെ കാത്തിരിക്കുന്നത് 22 ഗ്രാന്‍ഡ്സ്ളാമെന്ന സ്റ്റെഫിഗ്രാഫിന്‍െറ റെക്കോഡ്.

വ്യാഴാഴ്ച നടന്ന ആദ്യ സെമിയില്‍ റഷ്യയുടെ 50ാം റാങ്ക് താരം എലിന വെസ്നിനയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് സെറീന ഫൈനലില്‍ കടന്നത്. സ്കോര്‍ 6-2, 6-0.  അഞ്ചു തവണ സര്‍വിസ് ബ്രേക്ക് പോയന്‍റ് നേടിയ സെറീനക്കായിരുന്നു കളിയിലുടനീളം മേധാവിത്വം. 4-0ത്തിന് ഒന്നാം സെറ്റില്‍ ലീഡ് ആരംഭിച്ച സെറീനക്കെതിരെ വെസ്നിന ഒരു ഘട്ടത്തില്‍ ചെറുത്തുനില്‍പിന് ശ്രമിച്ചു. എന്നാല്‍, രണ്ട് പോയന്‍റിനപ്പുറം നേട്ടം സ്വന്തമാക്കാനായില്ല. ലോക ഒന്നാം നമ്പറായ സെറീനക്ക് കരിയറിലെ 28ാം ഗ്രാന്‍ഡ്സ്ളാം ഫൈനല്‍ പ്രവേശം കൂടിയാണിത്. വിംബ്ള്‍ഡണില്‍ നിലവിലെ ജേതാവായ സെറീന കഴിഞ്ഞ ആസ്ട്രേലിയന്‍, ഫ്രഞ്ച് ഓപണുകളില്‍ ഫൈനലില്‍ തോല്‍വി വഴങ്ങിയിരുന്നു.

അതേസമയം, സഹോദരങ്ങള്‍ തമ്മിലെ കിരീടപ്പോരാട്ടമെന്ന പ്രത്യേകത തകര്‍ത്തായിരുന്നു കെര്‍ബറിന്‍െറ മുന്നേറ്റം. രണ്ടാം സെമിയില്‍ വീനസ് വില്യംസിനെ 6-4, 6-4 സ്കോറിന് ജര്‍മന്‍ താരം വീഴ്ത്തി. അതേസമയം, വനിതാ ഡബ്ള്‍സിലെ നിലവിലെ ജേതാക്കളും ടോപ്സീഡുമായ സാനിയ മിര്‍സ- മാര്‍ട്ടിന ഹിംഗിസ് സഖ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി. ടിമിയ ബാബോസ് (ഹംഗറി)- യാരോസ്ളാവ (കസാഖിസ്ഥാന്‍) സഖ്യമാണ് ഇന്തോ- സ്വിസ് ജോടിയെ കീഴടക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.