ചിത്രീകരണം: നാസർ ബഷീർ
കുറച്ചുനാൾ മുമ്പ് ഞാനൊരു ഭ്രാന്താശുപത്രിയിലായിരുന്നു. ഒരു മുടിഞ്ഞ േപ്രമം തലക്കു പിടിച്ചതായിരുന്നു കാരണം. പനനങ്കിൽനിന്ന് വെള്ളം കിനിയുന്നതുപോലെ അവളെക്കുറിച്ചുള്ള വിചാരങ്ങൾ ഹൃദയത്തിൽനിന്ന് വന്നുകൊണ്ടേയിരുന്നു. സ്ത്രീകൾ ചവിട്ടിയരച്ചു കളഞ്ഞ പൂവുകൾ എന്നെപ്പോലെ അനേകം കാമുകന്മാരുടെ ഹൃദയത്തിലുണ്ട്. പൊള്ളുന്ന കാലുകൾ വലിച്ചുവെച്ച് ഞാൻ നടന്നു. കടൽ നീന്തിത്തളർന്നു. കൊടുമുടികൾക്കു മുകളിലെ മഞ്ഞിൻകട്ടകളിലിരുന്ന് വിങ്ങിവിങ്ങിക്കരഞ്ഞു. േപ്രമത്തിൽ വെന്തുനീറി പലനിറത്തിലുള്ള ഗുളികകൾ മാറിമാറിക്കഴിച്ചു.
ഭ്രാന്ത് ശമിച്ചപ്പോൾ ബാപ്പയെന്നെ വീട്ടിലേക്ക് കൊണ്ടുപോന്നു. കൈവിരലുകളിൽ പിടിച്ചുകൊണ്ട് ആശയറ്റ എന്റെ കണ്ണുകളിലേക്ക് നോക്കി. പ്രകാശത്തിന്റെ നേരിയൊരു തുണ്ട് അദ്ദേഹത്തിന്റെ കണ്ണുകളിൽ ഉണ്ടായിരുന്നു. മുകൾനിലയിൽ എന്റെ മുറിയലടക്കി വെച്ചിരുന്ന പുസ്തകങ്ങൾക്കിടയിൽനിന്ന് ഷേക്സ്പിയറും എന്നെ നോക്കി. അവസാന വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർഥിയായിരുന്ന ഞാൻ എത്രയോ തവണ 'ട്രൂ ലവ്' പകർത്തി അവൾക്ക് കൊടുത്തിരിക്കുന്നു. ആ പുസ്തകത്തിനുള്ളിലാണ് അവൾ എനിക്കെഴുതിയതും ഞാൻ അവൾക്കെഴുതിയതുമായ അനേകം കത്തുകളുള്ളത്. കുപ്പിഗ്ലാസ് പൊട്ടിച്ചിതറിയതുപോലെയായിരുന്നു അവളുടെ ചിരിയെന്ന് ഞാനോർത്തു.
ഞങ്ങളുടെ േപ്രമം മഹത്തരമായിരുന്നു. അവൾ പാവാടക്കാരി. ഒന്നാം വർഷക്കാരി. വിടർന്ന നെറ്റിയും തെളിഞ്ഞ കണ്ണുകളുമുള്ളവൾ. വിടർത്തിയിട്ട മുടിയിൽ തിരുകിയ ഒറ്റച്ചെമ്പകം വൈകുന്നേരവണ്ടിയിൽ കയറുന്നതിന് മുമ്പ് അവളെനിക്ക് തന്നിരുന്നു. കരിഞ്ഞ ആ പൂക്കളൊക്കെ ഖുർആൻ സൂക്ഷിക്കുന്ന എന്റെ ഇരുമ്പുപെട്ടിയിലുണ്ട്. കലാലയത്തിലെ വൈകുന്നേര വെയിൽ വീഴുന്ന കാറ്റാടികൾക്കിടയിലൂടെ ദൂരേക്കു നടന്നുപോകുന്ന അവളെക്കുറിച്ചോർത്തപ്പോൾ പെട്ടെന്ന് എന്റെ തലച്ചോർ ഒരു തടിയൻ പെരുച്ചാഴി കരളുന്ന ശബ്ദം പുറത്തുവന്നു. ഞാനൊന്നലറി. ബോധം വരുമ്പോൾ ഉമ്മ ഖുർആനോതിക്കൊണ്ട് എന്റെ നെഞ്ച് തടവുകയായിരുന്നു.
രാവുകളും പകലുകളും മഴയിൽ നനഞ്ഞ തേരട്ടയെപ്പോലെ എന്റെ മുറിക്ക്് പുറത്ത് ഇഴഞ്ഞുകൊണ്ടിരുന്നു. പള്ളിയിൽനിന്ന് മൗലവി മന്ത്രിച്ചൂതിയ വെള്ളം വരുത്തിച്ച് ഉമ്മയെന്നെ എല്ലാ ദിവസവും കുടിപ്പിച്ചു. ഇളംചൂടുവെള്ളത്തിൽ കുളിപ്പിച്ചു. നെയ്യിട്ട കഞ്ഞി കുടിപ്പിച്ചു. എന്റെയുള്ളിൽ പെയ്തുകൊണ്ടിരുന്ന വിരൽവണ്ണത്തിലുള്ള പെരുമഴക്ക് ഒരു ശമനം വന്നു. കണ്ണോരത്തിലുണ്ടായിരുന്ന കറുപ്പുനിറം കുറഞ്ഞുവന്നു. ഇളവെയിലിൽ വെട്ടിത്തിരിഞ്ഞു കളിക്കുന്ന തുമ്പികളെക്കാണാൻ ഞാൻ പുറത്തേക്കിറങ്ങിത്തുടങ്ങി.
രണ്ടുദിവസം കഴിഞ്ഞ് വൈകുന്നേര വെയിലിലൂടെ തുമ്പിയെപ്പോലെ കൂട്ടുകാരൻ സിറിൾ അവന്റെ റോയൽ എൻഫീൽഡ് പറപ്പിച്ചുകൊണ്ട് എന്നെ കാണാൻ വന്നു. ഉമ്മ ഞങ്ങൾക്ക് രണ്ടുപേർക്കും നല്ലവണ്ണം പാലൊഴിച്ച ചായയും കിണ്ണത്തപ്പവും തന്നു. അസ്തമിക്കുന്നതിന് മുമ്പ് പാടത്തിന്റെ കരയിലൂടെ എന്നെയുമിരുത്തി അവൻ റോയൽ എൻഫീൽഡ് പറപ്പിച്ചു. കലുങ്കിലിരുന്ന് അവൻ സിഗരറ്റിന്റെ പാക്കറ്റെടുത്തു. ഒന്നെനിക്കും തന്നു. ഉള്ളിനൊരു ലാഘവം വന്നു. പുകവളയങ്ങൾക്കിടയിലൂടെ അവൻ പറഞ്ഞു. ''അവളെ വെറുതെ വിടരുത്. എല്ലാ മണ്ടൻ കാമുകന്മാരെയും പോലെയാവാൻ നിന്നെ കിട്ടില്ലെന്ന് അവളറിയണം. ആരെയും അവളിനി നോക്കരുത്.''
അവളുടെ കല്യാണം മുടക്കുക, ഞങ്ങൾ തമ്മിലുണ്ടായിരുന്ന േപ്രമം അവളെക്കെട്ടാൻ പോകുന്നവനെ അറിയിക്കുക, പോസ്റ്ററെഴുതി അവളുടെ നാട്ടിലെ മതിലുകളിൽ പതിക്കുക, ഒരുമിച്ചുള്ള പടങ്ങളോടൊപ്പം ഫേസ്ബുക്കിൽ പോസ്റ്ററിടുക, ഗ്രൂപ്പുകളിൽനിന്ന് ഗ്രൂപ്പുകളിലേക്ക് ഫോട്ടോകൾ പ്രചരിപ്പിക്കുക എന്നിങ്ങനെ തുടങ്ങി പലതും ഞങ്ങളാലോചിച്ചു. ഒന്നിലും ഒരു തൃപ്തി വന്നില്ല. മറ്റൊരുത്തന് അവളുടെ സൗന്ദര്യം സ്വന്തമാവുന്നതാണ് എന്റെ പ്രശ്നം. ആ സൗന്ദര്യമാണ് എന്റെ ഇന്നത്തെ നിലക്ക് കാരണവും. അവളുടെ സൗന്ദര്യം വേറൊരാൾ ആസ്വദിക്കരുത്.
''എങ്കിൽ നമുക്കവളുടെ മുഖത്ത് ആസിഡൊഴിക്കാം...''
ഞാനൊന്ന് ഞെട്ടിയെങ്കിലും ചിന്തിച്ചപ്പോൾ സിറിൾ പറഞ്ഞത് തന്നെ ചെയ്യണമെന്ന് തോന്നി. പൊള്ളിക്കരിഞ്ഞുപോയ ചുണ്ടുകളും മൂക്കും കവിളുകളുമായി അവൾ നിൽക്കുന്നത് ഞാൻ സങ്കൽപിച്ചു. കുഴിച്ചെടുത്ത തലയോട്ടിയുടെ മുഖവുമായി അവൾ ജീവിക്കട്ടെ. അവൾ ചെയ്ത തെറ്റിന് അത്രയെങ്കിലും കൊടുത്തില്ലെങ്കിൽ പിെന്ന ആണായി ജിവിച്ചിട്ടെന്ത് കാര്യം? ആസിഡ് സിറിൾ സംഘടിപ്പിക്കാമെന്നേറ്റു. സാധനം കിട്ടിയിട്ട് സ്ഥലവും സമയവും തീരുമാനിക്കാം. എന്റെ ഉള്ളിലൊരു തണുപ്പുവീണു. ഉരുകിത്തീരാറായ സൂര്യന് നേരെ ബുള്ളറ്റോടിച്ച് സിറിൾ പോകുന്നത് ഞാൻ നോക്കിനിന്നു.
അന്നു രാത്രി അത്താഴത്തിനു ശേഷം ബാപ്പ എന്റെ അരികിൽ വന്നിരുന്നുകൊണ്ട് പറഞ്ഞു:
''മൗലവി നിന്നെയൊന്ന് കാണണമെന്ന് പറയുന്നു.''
ഞാൻ ബാപ്പയെ നോക്കി.
''നിസ്കരിക്കാൻ പറയാനല്ല. എന്തായാലും ഒര് ആലി*മല്ലേ... ഒന്ന് കണ്ടേക്ക്... കൊറേ കറാമത്തു*കളുള്ള മന്ഷ്യനാണ്...''
തന്ത പറയുന്നത് ഇതുവരെ കാര്യമായി അനുസരിച്ചിട്ടില്ലാത്ത ഒരുവനാണ് ഞാൻ. പക്ഷേ, എവിടെ നിന്നെങ്കിലും അൽപം സമാധാനം കിട്ടട്ടേയെന്ന് കരുതി പിറ്റേന്ന് ഉച്ചതിരിഞ്ഞ് ഞാൻ മൗലവിയെ കാണാൻ പുറപ്പെട്ടു. പള്ളിക്കുളത്തിന് മുമ്പിലുള്ള വലിയ മൈതാനത്തിന്റെയറ്റത്ത് ഓടിട്ട മദ്റസ കെട്ടിടത്തിനോട് ചേർന്നാണ് മൗലവിയുടെ ഓഫീസ് മുറി.
ഒരു തടിയൻ കിത്താബ് മറിച്ചിട്ട് ഓരോ വരിയിലൂടെയും ഉറുമ്പിഴയുന്ന കണക്ക് മേയുകയായിരുന്നു മൗലവി. മരപ്പലകകൾകൊണ്ട് തീർത്ത പുസ്തകറാക്കിൽനിന്ന് പുറത്തുചാടാൻ വെമ്പിനിൽക്കുന്നതുപോലെ സ്റ്റീവൻ പിങ്കറുടെ 'ബ്ലാങ്ക് സ്ലേറ്റ്' കാണാം. എന്റെ മുരടനക്കം കേട്ട് തിരിഞ്ഞതും കട്ടിക്കണ്ണട മൂക്കിൻ തുമ്പത്തേക്ക് നിരങ്ങിനീങ്ങി. ചെറിയൊരു കടലാസ് തുണ്ട് വായിച്ചിരുന്നിടത്തടയാളം വെച്ച് പുസ്തകം മടക്കി കാലിളകിയ സ്റ്റൂൾ എന്റെ നേരെ നീക്കിയിട്ടു. ഞാനിരുന്നതും സ്റ്റൂളൊരു ശബ്ദമുണ്ടാക്കി. ഓഫീസ് മുറിതന്നെയാണ് മൗലവിയുടെ കിടപ്പുമുറിയും. തീരെ ചെറിയ കട്ടിലും നിറംപോയ തലയിണയും കിടക്കയും. മൗലവി കട്ടിലിന്നരികിലെ സ്റ്റൂളിൽ വെച്ചിരുന്ന രണ്ട് ചില്ലുഗ്ലാസെടുത്ത് മുറിയിൽ തന്നെയുള്ള മുഷിഞ്ഞ വാഷ്ബേസിനിൽനിന്ന് കഴുകി. തടിയൻ ഫ്ലാസ്ക് തുറന്ന് ചായ പകർന്നു. ഒന്നെനിക്ക് നീട്ടി. ഏലക്കായയുടെ രുചിയുള്ള ചായ ഞാൻ കുടിക്കുന്നത് സൂക്ഷ്മതയോടെ നോക്കി. ഇതിലും മന്ത്രിച്ചൂതിയിട്ടുണ്ടോ എന്നൊരു സംശയം എന്റെമനസ്സിൽ വന്നു. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് മൗലവി പെട്ടെന്ന് പറഞ്ഞു:
''അതിൽ വെള്ളവും പഞ്ചാരയും തേയിലയും മാത്രം. ചായയ്ക്ക് ഏലക്കായയുടെ രുചിയുണ്ടെന്ന് നിനക്ക് തോന്നിയതുപോലെ ചിലതെല്ലാം തോന്നലാണ്.''
കുറച്ചുനേരം ഒന്നും പറയാതെ മൗലവി എന്നെത്തന്നെ നോക്കിയിരുന്നു. മൗലവിയുടെ നരച്ച താടിരോമങ്ങളിൽ മലക്കുകൾ തൂങ്ങിക്കളിക്കുന്നുണ്ടോയെന്ന് ഞാൻ സംശയിച്ചു. വാതിൽ കടന്ന് ഒരു പാണ്ടൻ പൂച്ച അകത്തേക്ക് വന്ന് എന്നെയും മൗലവിയെയും മാറിമാറി നോക്കിനിന്നു. മൗലവിയെഴുന്നേറ്റ് മുറിയുടെ മൂലയിൽ വെച്ചിരുന്ന ഒരു പാത്രം തുറന്ന് പാണ്ടനു മുമ്പിൽ വെച്ചു. തിന്നാനുള്ള അനുവാദത്തിനെന്നപോലെ മൗലവിക്ക് നേരെ പൂച്ച മുഖമുയർത്തി. മൗലവി പൂച്ചക്ക് കണ്ണുകൾകൊണ്ട് അനുവാദം കൊടുക്കുന്നത് ഞാൻ കണ്ടു. അവനത് പെട്ടെന്ന് തിന്നുതീർത്ത് മൗലവിയുടെ കാലുകളിലുരസി നേരെ കിടക്കയിലേക്ക് ചാടിക്കയറി. ഒരു നിമിഷംപോലും പാഴാക്കാതെ ഉറങ്ങാൻ തുടങ്ങി.
''അസ്ർ* ബാങ്ക് കൊടുക്കുന്നതിന് തൊട്ടുമുമ്പ് അവൻ വരും. എന്തെങ്കിലും തിന്നണം. ഒന്നുറങ്ങണം. നിസ്കാരം കഴിഞ്ഞ് ഞാൻ വന്ന് വിളിച്ചാ എഴുന്നേറ്റ് പോകും.''
മൗലവി പറഞ്ഞുതീർന്നതും എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് പള്ളിയിൽനിന്ന് ബാങ്കുവിളി ഒഴുകിവന്നു. ഞാനും മൗലവിയും ഓഫീസിന് പുറത്തിറങ്ങി. മൗലവി പള്ളിയിലേക്കും ഞാൻ വീട്ടിലേക്കും നടന്നു. അതുവരെ തിളച്ചുമറിയുകയായിരുന്ന എന്റെ ഹൃദയത്തിന് മുകളിൽ ഒരു തണുത്ത കൈത്തലം അമർന്നിരിക്കുന്നതുപോലെ എനിക്ക് തോന്നി. എന്റെ വായിൽനിന്ന് കൂടക്കൂടെ ഏലക്കായയുടെ രുചി തികട്ടിവന്നുകൊണ്ടിരുന്നു.
രാത്രി സിറിളെന്നെ വിളിച്ചു. പരമരഹസ്യമായി അവൻ സംഗതി ഒപ്പിച്ചിട്ടുണ്ട്. എപ്പോൾ വേണമെങ്കിലും സാധനം കൈയിൽ കിട്ടും. അവൾ പുറത്തിറങ്ങുന്ന സമയം കൃത്യമായി അറിഞ്ഞുവെച്ചിട്ടുണ്ട്. കിടക്കുന്നതിന് മുമ്പ് കുടിക്കാറുള്ള പാലുമായി മുറിയിലേക്ക് ഉമ്മ വന്നതുകൊണ്ട് ഞാൻ ഫോൺ കട്ട് ചെയ്തു. ജനലിലൂടെ തണുത്ത കാറ്റ് കയറിവന്നു. ജനലടക്കാൻ തിരിഞ്ഞ ഞാൻ പെട്ടെന്നൊരു കാഴ്ച കണ്ട് തരിച്ചുപോയി. മുറ്റത്തു നിൽക്കുന്ന മാവിന്റെ കൊമ്പുകളിലൊന്നിൽ മൗലവിയുടെ പാണ്ടൻ പൂച്ചയിരിക്കുന്നു. അത് എന്നെത്തന്നെ നോക്കിയിരിക്കുകയാണ്. കുറച്ചുനേരം നോക്കിനിന്നശേഷം കൊമ്പുകളിലൂടെ ചാടിയിറങ്ങി അവൻ ഇരുട്ടിനോട് ചേർന്നു. ഉറക്കത്തിൽ മൗലവി അരികത്തു വന്നിരുന്ന് എന്റെ നെഞ്ചിൽ തടവുന്നതുപോലെ തോന്നി. കുറേ നാളുകൾക്കുശേഷം ഞാൻ സുഖമായി ഉറങ്ങി.
പിറ്റേന്ന് രാവിലെ മുതൽ ഞാനും സിറിളും ആസിഡേറിന് ഒരു പ്ലാനുണ്ടാക്കാൻ ഫോണിലിരുന്നു. രാവിലെ അമ്പലത്തിൽ പോയി തിരിച്ചുവന്നതിന് ശേഷമാണ് കമ്പ്യൂട്ടർ ക്ലാസിലേക്കവൾ പോകുക. അമ്പലത്തിൽ പോകുന്നതിനിടയിൽ വേണ്ടെന്ന് ഞങ്ങളാദ്യമേ തീരുമാനിച്ചു. തെളിഞ്ഞ കണ്ണുകളോടെ അവൾ ഒന്നുകൂടി ദൈവത്തെ കാണട്ടെ. കമ്പ്യൂട്ടർ ക്ലാസിലേക്കുള്ള പോക്കിൽ ബസ് സ്റ്റോപ്പിലേക്ക് നടത്തമുണ്ട്.
ആ സമയം കണ്ണുകളൊഴികെ തലയും മുഖവും മറച്ചുകെട്ടി നമ്മളവളുടെ അടുത്തേക്ക് ബുള്ളറ്റിൽ ചെല്ലുന്നു. അവളുടെ പേരുവിളിക്കുന്നു. തിരിഞ്ഞുനോക്കുന്നമുറക്ക് ആസിഡൊഴിക്കുന്നു. പ്രകാശവേഗത്തിൽ പാഞ്ഞു പോകുന്നു. വണ്ടിയുടെ നമ്പർപ്ലേറ്റ് മറയ്ക്കുന്നതിനും കൃത്യം കഴിഞ്ഞ് ഒളിച്ചുതാമസിക്കുന്നതിനെപ്പറ്റിയും കൂടുതൽ ആലോചിക്കാനുള്ളതുകൊണ്ട് തൽക്കാലം ഫോൺ വെച്ചു.
സത്യത്തിൽ എന്താണ് സംഭവിക്കാൻ പോകുന്നത്..? സിറിൾ വണ്ടിയോടിക്കും. അവളുടെ പറ്റെ വണ്ടിയോടിച്ചു ചെല്ലുമ്പോൾ ഞാനവളുടെ പേര് വിളിക്കും, അവൾ തിരിഞ്ഞുനോക്കും. ആ നോട്ടം എങ്ങനെയായിരിക്കും..? ആസിഡൊഴിക്കാൻ പോവുകയാണെന്ന് അവൾ കരുതുന്നേയില്ലല്ലോ..? മുഖവും തലയും മറച്ചിരിക്കുന്നതുകൊണ്ട് അവൾക്ക് ആളെ മനസ്സിലാവില്ല. എനിക്ക് പക്ഷേ അവളെ കാണാം..! തൊട്ടുമുമ്പുണ്ടായിരുന്ന പ്രസന്നഭാവം മാഞ്ഞ് ഒരു സംശയമോ അമ്പരപ്പോ പരക്കുന്നതിനിടയിൽ വേണം മുഖത്ത് ആസിഡൊഴിക്കാൻ. എന്റെ പ്രതികാരം പൂർത്തിയാവണമെങ്കിൽ അവളെന്നെ കാണണ്ടേ? ഞാനാണിത് ചെയ്തതെന്ന് അവൾക്ക് മനസ്സിലാവണ്ടേ? എന്നെ മനസ്സിലായാൽ അവളുടെ മുഖത്ത് ഒരു നിമിഷം പഴയ േപ്രമം വരുമോ? അവളുടെ ആ മുഖത്തേക്ക് എങ്ങനെ ആസിഡൊഴിക്കും?
ഞാനുടനെ സിറിളിനെ വിളിച്ചു. എന്റെ ഈയവസ്ഥയിൽ അവൻ വളരെയധികം ദുഃഖിക്കുന്നുണ്ട്.
''സിറിളേ... കുറ്റം ചെയ്യലല്ല, കുറ്റബോധം താണ്ടലാണ് മനുഷ്യനഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം. ഒഥല്ലോയും റാസ്ക്കോൾ നിക്കോഫുമെല്ലാം ലോകാവസാനം വരേയ്ക്കും ദുഃഖിക്കാൻ വിധിക്കപ്പെട്ട ക്രിമിനലുകളാണ്. ക്ലാസിക്കുകളിലെ പല നായകന്മാരും എടുത്തുചാട്ടക്കാരായിരുന്നു.''
അനാവശ്യ ഇടത്തിൽ സാഹിത്യം വിളമ്പിയതിന് സിറിളെന്നെ ഒരു പച്ചത്തെറി വിളിച്ചു. അവന്റെ ചങ്ങാതി ആസിഡ് സംഘടിപ്പിച്ച്് പാടത്തെ മോട്ടോർ ഷെഡിനുള്ളിൽ വെച്ചിരിക്കുകയാണ്. അതവിടെനിന്ന് എടുത്തുകൊണ്ടു പോകാത്തതിന് സിറിളിനെ അവൻ ഇപ്പോൾ പലതവണ തെറിവിളിച്ചു കഴിഞ്ഞു. അവൻ ഫോൺ വെച്ചു.
അവൾക്കൊരു പരിക്കേൽപിക്കണമെന്നല്ലേയുള്ളൂ... ആസിഡേറ് ഒഴിവാക്കി മറ്റെന്താണ് ചെയ്യാൻ കഴിയുക? വല്ല ആയുധവും പ്രയോഗിച്ചാലോ? ഉദാഹരണത്തിന്, കുത്തുകയാണെങ്കിൽ എത്ര ആഴത്തിൽ? ഒരു ചെറിയ മുറിവേൽപിച്ചാൽ മതിയാവില്ലേ..? വലിയ മുറിവേൽപിച്ചാൽ അവൾ മരിച്ചുപോയാലോ? ഞാൻ വീണ്ടും സിറിളിനെ വിളിച്ചു. പറയുന്നതെല്ലൊം സിറിൾ സശ്രദ്ധം കേട്ടു.
''നമുക്കവളെ ബലാത്സംഗം ചെയ്താലോ?''
അതെ. മറ്റൊരുത്തന്റെ അടുത്തേക്ക് അവൾ കന്യകാത്വവുമായി ചെല്ലരുത്. അവളുടെ ഉള്ളിൽ ഒരു വിങ്ങലുണ്ടാകണം. അവൾ കമ്പ്യൂട്ടർ ക്ലാസിലേക്ക് പോകുംവഴി കാറിൽ കയറ്റിക്കൊണ്ടുപോകാം. ഒഴിഞ്ഞ ഏതെങ്കിലും ഇടത്തിലേക്ക് സിറിൾ വണ്ടിയോടിക്കും. ബലാത്സംഗത്തിൽ സിറിൾ പങ്കെടുക്കുന്നുണ്ടോയെന്ന ചോദ്യം എനിക്ക് തികട്ടിവന്നു. അവളെ മറ്റാരും തൊടുന്നത് എനിക്ക് ബുദ്ധിമുട്ടാണ്. അല്ല, ഇനിയവളെ ബലമായി കാറിൽ കയറ്റാൻ പറ്റിയില്ലെങ്കിലോ! സ്വാഭാവികമായും അവൾ കുതറും, ഒച്ചവെക്കും.
''നമുക്കൊരു കാര്യം ചെയ്യാം. വണ്ടിയിടിച്ചിട്ട്, കയറ്റിക്കൊണ്ടു പോകാം.''
ആ നിർദേശവും പക്ഷേ എനിക്ക് സ്വീകാര്യമായില്ല. വണ്ടിയിടിച്ചാലും അവൾ മരിച്ചുപോകാൻ സാധ്യതയുണ്ട്.
''നീയെന്തൊരു വികാരജീവിയാണ്. പ്രതികാരം ചെയ്യുന്നത് പിന്നെ േപ്രമിക്കുന്നതുപോലെയാണോ?''
ഒച്ചവെക്കുന്നതിനിടയിൽ സിറിളിന് ആസിഡ് വാങ്ങിവെച്ചവന്റെ ഫോൺ വന്നുകൊണ്ടിരുന്നു. ദേഷ്യത്തോടെയത് പറഞ്ഞുകൊണ്ട്് അവനെന്നെ മുറിച്ചു. ഞാനുടനെ ഫോൺ തുറന്നു ഗൂഗിൾ കാടുകളിലേക്ക് കയറി. സംഗതി സൾഫ്യൂരിക്കാസിഡാണ്. പഴയ എച്ച് ടു എസ് ഒ ഫോർ. കുറ്റം തെളിഞ്ഞാൽ സെക്ഷൻ 326 എ. വിധിക്കുന്നവന്റെ മൂഡനുസരിച്ച് പത്തുകൊല്ലം മുതൽ ജീവിതാവസാനം വരെ ജയിലിൽ കിടക്കാം. എല്ലാംകൂടി ഞാനാകെ ആശയക്കുഴപ്പത്തിലായി. കുറച്ചുദിവസത്തിന് ശേഷം വീണ്ടും തലച്ചോറിൽ അസ്വസ്ഥത പെരുകി. ഏതായാലും രാവിലെയൊന്ന് മൗലവിയെക്കാണാനുറച്ചു. ജനലടക്കുന്നതിന് മുമ്പ് മൗലവിയുടെ പൂച്ച മാവിൻകൊമ്പിലുണ്ടോയെന്ന് നോക്കി. ഇരുട്ടത്ത് മാവിൻകൊമ്പ് എന്നോട് ഇല്ലയെന്ന് തലയാട്ടുന്നത് മുറ്റത്തെ നിഴലിൽ ഞാൻ കണ്ടു.
പിറ്റേന്ന് കാലത്ത് ഞാൻ മൗലവിയെ അന്വേഷിച്ചു ചെന്നു. ഡിസംബറിലെ ഒരു വെളുപ്പാൻ കാലമായിരുന്നു. പ്രഭാതനമസ്കാരത്തിനു ശേഷം പള്ളിപ്പറമ്പിലൂടെ നടക്കുകയായിരുന്നു മൗലവി. ഖബറുകളിലെ ദീർഘനിശ്ശബ്ദതകൾക്ക് മുകളിൽ വെട്ടം പതുക്കെ വീണുതുടങ്ങുന്നുണ്ട്. പല ഖബറുകൾക്ക് മുകളിലും പഴുത്തുവീണ കശുമാങ്ങകൾ. പതുക്കെ കടന്നുവരുന്ന സൂര്യവെളിച്ചത്തിൽ മൗലവിയെന്നെ നോക്കി. അതികഠിനമായ ദുഃഖത്തെ പ്രതി എന്റെ മുഖം എനിക്കുതന്നെ കാണാമായിരുന്നു. മൗലവി അപ്പോൾ ഞെട്ടറ്റുവീണ ഒരു മാങ്ങയെടുത്ത് അണ്ടിവിടർത്തി താഴെയിട്ട് എന്റെ ഉള്ളംകയ്യിൽ വെച്ചു. ഞാനത് തുടച്ച് സ്വൽപം കുനിഞ്ഞ് ദേഹമകറ്റിപ്പിടിച്ച് കടിച്ചീമ്പി. മധുരമുണ്ടോയെന്ന് മൗലവി ചോദിച്ചപ്പോൾ ഞാൻ തലയാട്ടി. ദീർഘവിശാലമായ നെറ്റി തടവി മൗലവി പതുക്കെ പുഞ്ചിരിച്ചു. ഖബറുകളിലേക്ക് നോക്കിപ്പറഞ്ഞു:
''അത് മരണത്തിന്റെ മധുരമാണ്.''
ഞാൻ മൗലവിക്ക് പിന്നാലെ നടന്നു. വീണുണങ്ങിയ ഇലകളിൽനിന്ന് ഞങ്ങളുടെ കാലടി ശബ്ദങ്ങൾ കേട്ടു. കശുമാവിൻ പച്ചകളിൽ സൂര്യനപ്പോഴേക്കും വന്നിരുന്നു കഴിഞ്ഞിരുന്നു.
''വെളുപ്പിനുള്ള വണ്ടിക്ക് എന്റെയൊരാളു വരുന്നുണ്ട്. നമുക്ക് ടൗൺ വരെയൊന്നു പോണം.''
എപ്പോഴും കൂട്ടുചെല്ലുന്ന ഒരാളോടെന്നപോലെയാണ് മൗലവി എന്നോടത് പറഞ്ഞത്. കുറേനാളായി പുറത്തേക്കിറങ്ങിയിട്ടില്ലാത്തതുകൊണ്ടുള്ള മടി മറച്ചുവെച്ചുകൊണ്ട് ഞാൻ തലയാട്ടി. ഓഫീസ് മുറ്റത്ത് മൂടിയിട്ടിരുന്ന വണ്ടി മൗലവി പൊടിതട്ടി തെളിയിച്ചു. ഞാൻ കയറി. പരവതാനിയിൽ ആകാശത്തിലൂടെ സഞ്ചരിക്കുന്ന ജിന്നിനെപ്പോലെ മൗലവി പഴയ ഹീറോ ഹോണ്ട പറപ്പിച്ചു. ഞാൻ പിറകിൽ അള്ളിപ്പിടിച്ചിരുന്നു. ഡ്യൂക്കുമായി ഇറങ്ങിയ ഒന്നുരണ്ടു പിള്ളേരെ മൗലവി മറികടന്നു. കുന്നിൻചെരിവിലുള്ള സർക്കാർ ട്രാൻസ്പോർട്ട് ഡിപ്പോയിലേക്കാണ് ഞങ്ങൾ ചെന്നത്. പതിവുചായങ്ങളടിച്ച ആ പഴയ ഡിപ്പോയിൽ ഞാനുമവളും എത്രയോ തവണ ബന്ധിച്ചിരിക്കുന്നു. വണ്ടി ഓരത്തുവെച്ച് മൗലവി ദീർഘനേരമായി നിർത്തിയിട്ടിരിക്കുന്ന ഒരു ബസിന് നേരെ നടന്നു. കൂടെ വരാൻ എന്നോട് കൈകാട്ടി.
പലയിടങ്ങളിലുമായി മൂന്നുനാലു വണ്ടികൾ കിടക്കുന്നുണ്ട്. കുറേക്കഴിഞ്ഞ് പുറപ്പെടാനുള്ളവ മയക്കത്തിലും അൽപനേരം കഴിഞ്ഞ് പുറപ്പെടുന്നവ അർധമയക്കത്തിലും. ചുവപ്പും മഞ്ഞയുമടിച്ചതും. ഇടക്ക് വെള്ളയും വന്നു പൊയ്ക്കൊണ്ടിരുന്നു. മൗലവി ബസിന്റെ പുറത്തുനിന്ന് വണ്ടിയുടെ പാട്ടയിൽ തട്ടി. സൈഡ് സീറ്റിലിരുന്നുറങ്ങിയിരുന്ന ഒരു സ്ത്രീരൂപം പെട്ടെന്ന് ഞെട്ടിയുണർന്നു. മുഖവും തലയും ആകെ മറച്ചുകെട്ടിയിരുന്ന തോർത്ത് ധൃതിയിൽ അഴിച്ച് ഞങ്ങളുടെ നേരെ നോക്കി. വിണ്ടുപൊള്ളിയതുപോലുള്ള അവരുടെ ചുണ്ടുകളാണ് ഞാനാദ്യം ശ്രദ്ധിച്ചത്. സീറ്റിൽനിന്നെഴുന്നേറ്റപ്പോഴാണ് സ്ത്രീയുടെ അപ്പുറത്തിരുന്ന് ഉറങ്ങിയിരുന്ന തടിയനെ ശ്രദ്ധിച്ചത്. അവർ ബസിന് പുറത്തേക്ക് വരുമ്പോൾ ൈകയിലൊരു ചെറിയ ചാക്കുകെട്ടുണ്ടായിരുന്നു. ചിരിയാണോ കരച്ചിലാണോ എന്ന് തോന്നിക്കുംവിധം അവരുടെ മുഖത്തെ പേശീചലനമുണ്ടായി. തീരെ വരണ്ടുണങ്ങിയ അവരുടെ മുഖത്ത് അൽപം മാംസമേ ഉണ്ടായിരുന്നുള്ളൂ. അവർ ഞങ്ങളുടെ മുമ്പിൽ വന്നുനിന്ന് ചാക്കുകെട്ട് താഴെവെച്ച് മൗലവിയെ ഒന്നുതൊട്ടു. നേരിയ കിതപ്പിൽ അവരുടെ നെഞ്ചിൻകൂട് ഉയർന്നുതാഴുന്നുണ്ടായിരുന്നു.
സീതേ എന്ന് ആർദ്രമായി മൗലവി വിളിക്കുന്നതും അവരുടെ ശരീരത്തിൽ സന്തോഷത്തിന്റെ ഒരു ചലനമുണ്ടാകുന്നതും ഞാൻ ശ്രദ്ധിച്ചു. ഡിപ്പോയുടെ പുറത്തെ ചായ വീഴ്ത്തുന്ന ഒരു പെട്ടിക്കടയിലേക്ക് ഞങ്ങൾ നടന്നു. വന്ന സ്ത്രീയും മൗലവിയും ചായ ഊതിക്കുടിച്ചുകൊണ്ട് എന്തൊക്കെയോ സംസാരിക്കുകയും ചിരിക്കുകയും ചെയ്തു. തീരെ മെലിഞ്ഞ കൈത്തണ്ടയിൽ കെട്ടിയ ഇലക്ട്രോണിക്സ് വാച്ചിലേക്ക് അവർ ഇടക്കിടെ നോക്കി. ഇടക്ക് ഇറങ്ങിപ്പോന്ന ബസിനെയും നോക്കി. കുറേനേരം കഴിഞ്ഞ് ബസെടുക്കുമെന്ന് തോന്നിയപ്പോൾ അവർ യാത്രപറഞ്ഞ് മൗലവിയെ കൂടക്കൂടെ തിരിഞ്ഞുനോക്കിക്കൊണ്ട് നടന്നു. ബസിനകത്തേക്ക് കയറുംമുമ്പ് ഒരിക്കൽകൂടി തിരിഞ്ഞുനോക്കി. ബസ് വിടുംവരെ സൈഡ് സീറ്റിലിരിക്കുന്ന അവരെ മൗലവിയും നോക്കിക്കൊണ്ടിരുന്നു.
''സീത എന്റെ ക്ലാസ്മേറ്റാണ്.''
തിരിച്ചുള്ള യാത്രയിൽ ഞാൻ ചോദിക്കാതെ തന്നെ മൗലവി പറഞ്ഞു. പിറകിലിരിക്കുന്ന എന്റെ മടിയിൽ ആ ചാക്കുകെട്ടുണ്ടായിരുന്നു. സാമാന്യം കനം അതിനുണ്ട്.
''അത് കൂർക്കയാണ്... സീത വരുമ്പോൾ കയ്യിലുള്ള കാശിന് മുഴുവൻ ഇതുപോലെ എന്തെങ്കിലും വാങ്ങിക്കൊണ്ടുവരും. ചിലപ്പോൾ കൂർക്ക. ചിലപ്പോൾ കുമ്പളങ്ങ...''
''അവരെവിടെയാണ് താമസിക്കുന്നത്?''
ഞാൻ ചോദിച്ചു.
''ബസ്സുകളിൽ.''
എനിക്കാകപ്പാടെ ആശ്ചര്യമായി.
''യാത്ര പോകുന്ന ബസ്സുകളിലെങ്ങനെയാണ് മനുഷ്യർ താമസിക്കുക?''
''യാത്രകളിലാണ് അവർ താമസിക്കുന്നത്.''
മൗലവി മറുപടി പറഞ്ഞു.
''ഓരോ ബസ്സിലും കയറി ദൂരേയ്ക്ക് ടിക്കറ്റെടുക്കും. ആ യാത്രയിൽ ഉറങ്ങും. ഇറങ്ങുന്നിടത്തു നിന്ന് വീണ്ടും കയറും. കൂടെയുള്ളത് മകനാണ്...''
''നല്ല തണ്ടും തടിയുമുള്ള മകനുണ്ടല്ലോ... പിന്നെന്താണ്?''
ഞാൻ സംശയത്തോടെ ചോദിച്ചു.
''മകന് മനഃസുഖമില്ല. ആർക്കും അവനെ മെരുക്കാനാവില്ല. സീതയ്ക്കല്ലാതെ. എപ്പോഴും ബഹളമുണ്ടാക്കും. ഉപദ്രവിക്കും. ഒന്നുരണ്ട് അനാഥാലയങ്ങളിൽനിന്ന് പറഞ്ഞയച്ചു. ഇനി സീത മടങ്ങുംവരെ കൂടെക്കൂട്ടും.''
അവരെങ്ങോട്ടാണ് പോകുന്നതെന്ന് ഞാൻ ചോദിച്ചു. ആ ചോദ്യം കേൾക്കുന്നതിന് മുമ്പ് മൗലവി ദീർഘമായ ഒരു മൗനത്തിലേക്ക് പോയതുപോലെ തോന്നി. ഞങ്ങൾക്കിടയിൽ വണ്ടികളുടെ ശബ്ദമല്ലാതെ മറ്റൊന്നുമുണ്ടായില്ല. അവർക്ക് ഭർത്താവില്ലേ..? ചിലപ്പോഴയാൾ മരിച്ചുപോയിരിക്കാം. അവർക്ക് ആരുമില്ലേ? എന്തിനാണവർ മൗലവിയെ അന്വേഷിച്ചുവരുന്നത്..? കൂർക്കയും കുമ്പളങ്ങയുംപോലെ ഒരു ചേരായ്മ എല്ലാറ്റിലുമുണ്ടെന്നു തോന്നി.
രാത്രി സിറിൾ വിളിച്ചു. രാവിലെ പത്തുമണിക്കു മുമ്പ് സാധനവുമായി അവന്റെ ചങ്ങാതി ടൗണിലെത്തും. പഴയ ട്രാൻസ്പോർട്ട് ഡിപ്പോയിൽതന്നെ. അവിടെയാവുമ്പോൾ അധികം ആളുകളുമുണ്ടാവില്ല. നമ്മൾ സാധനം മേടിക്കുന്നു. പന്ത്രണ്ടരയോടെ അവൾ കമ്പ്യൂട്ടർ ക്ലാസിൽനിന്ന് ഇറങ്ങുന്നു. നമ്മളവളുടെ മുഖത്ത് ആസിഡൊഴിക്കുന്നു.
എനിക്കെന്തൊക്കെയോ അസ്വസ്ഥത തോന്നി. ആരോടാണിതൊന്ന് പറയുക. രാത്രിയുടെ നിശ്ശബ്ദതയിലേക്ക് ഞാൻ ജനൽ തുറന്നു നോക്കി. പുറത്തു ചുറ്റുന്ന കാറ്റിന്റെ ശബ്ദം മാത്രമുണ്ട്. എല്ലാറ്റിനെയും വിഴുങ്ങുന്ന ഇരുട്ട് മാത്രമുണ്ട്. നാളെ മുതൽ ഇരുട്ട് എന്നെയും വിഴുങ്ങും. അവൾക്കും എനിക്കും നാളെ മുതൽ ഇരുട്ടായിരിക്കില്ലേ..? കുറച്ചുനാൾ മുമ്പ് വരെ അവളെന്നെയും ഞാനവളെയും സ്നേഹിച്ചിരുന്നതല്ലേ..?
ഇരുട്ടിൽ ഒച്ചയുണ്ടാക്കാതെ ഞാൻ പടികളിറങ്ങി. അകത്തൊരു മുറിയിൽ ശാന്തരായി ബാപ്പയും ഉമ്മയും ഉറങ്ങുന്നുണ്ട്. നാളെമുതൽ അവരുടെ ജീവിതവും മാറിമറിയാൻ പോവുകയാണ്. തപ്പിയും തട്ടിയും മുറ്റത്തു ചെന്നുനിന്നു. ഗേറ്റിന്റെ കുറ്റിയെടുത്താൽ ഉറങ്ങുന്നവർ എഴുന്നേൽക്കും. മതിലിൽ വലിഞ്ഞുകയറി അപ്പുറം ചാടി. പതുക്കെ നടക്കാൻ തുടങ്ങി. നടത്തം ചെന്നുനിന്നത് മൗലവിയുടെ ഓഫീസിന് മുമ്പിലായിരുന്നു.
എന്നെ കാത്തെന്നപോലെ ചെറിയ വെളിച്ചം തെളിയിച്ച് മൗലവി അകത്തിരിക്കുന്നു. പൂച്ചയും ഉറങ്ങാതെ കസേരച്ചോട്ടിലിരിക്കുന്നുണ്ട്. ഞാനകത്തു കടന്ന് എതിരെ ഇരുന്നു. മൗലവി മേശവലിപ്പ് തുറന്ന് ഒരു കൊച്ചുകുപ്പിയെടുത്ത് എന്റെ നേരെ നീട്ടി.
''അത്തറാണ്, ജന്നത്തുൽ ഫിർദൗസ്, സീത തന്നതാണ്.''
അവരെങ്ങോട്ട് പോകുന്നുവെന്നാണ് മൗലവി പറഞ്ഞത്?
മൗലവി ഫ്ലാസ്ക് തുറന്ന് ചായ നീട്ടി. ഏലക്കായയുടെ രുചിക്കു വേണ്ടി എന്റെ നാവ് കാത്തുനിന്നു. വിഷയത്തിൽനിന്ന് തെന്നിമാറാതിരിക്കാൻ ഞാൻ മൗലവിയുടെ കണ്ണുകളിലേക്ക് തന്നെ നോക്കി. എന്റെ നോട്ടത്തിൽ എന്റെതന്നെ ചോദ്യത്തിന്റെ ആവർത്തനമുണ്ടായിരുന്നു.
''എല്ലാവരും പോകുന്നിടത്തേയ്ക്ക് അവളും പോകുന്നു. കുറച്ച് നേരത്തെ... അവൾക്ക് ചീത്ത അസുഖമാണ്. പണത്തോടൊപ്പം ആരോ കൊടുത്തത്. അസുഖം കൂടുമ്പോഴൊക്കെ എന്നെ കാണാൻ വരും.''
തിരിച്ചുപോകുമ്പോൾ ആകാശത്തിന്റെ കിഴക്കേച്ചെരിവിൽ ചന്ദ്രനോടൊപ്പം ദൈവവും നിൽപുണ്ട്. മൗലവിയും ശരീരം വിൽക്കുന്ന സീതയെന്ന സ്ത്രീയും തമ്മിലുള്ള വിചിത്രബന്ധമറിഞ്ഞ് ആശ്ചര്യപ്പെട്ടാണ് നിൽപ്. സീത പണ്ട് മൗലവിയുടെ ക്ലാസ്മേറ്റായിരുന്നുവെന്നു മാത്രം ദൈവത്തിനറിയാം. അതിനപ്പുറം ഒന്നുമറിഞ്ഞുകൂടാ... എനിക്കും ഒന്നുമറിഞ്ഞുകൂടാ...
കിടക്കുന്നതിന് മുമ്പ് ഞാൻ സിറിളിന് മെസേജയച്ചു. നാളെ ഞാനവളെ കാണും. അവളുടെ മുഖത്തേക്ക് ഞാൻ കുപ്പി തുറന്ന് ജന്നത്തുൽ ഫിർദൗസ് ഒഴിക്കും.
*ആലിം –പണ്ഡിതൻ
*കറാമത്ത് –അത്ഭുതസിദ്ധി
*അസ്ർ –നാലുമണി നമസ്കാരം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.