ചിത്രീകരണം: ജയകൃഷ്ണൻ എം
1
Where are the songs of spring
Ay, where are they?
Think not of them, thou hast thy music too
(വസന്തത്തിന്റെ ഗീതങ്ങൾ എവിടെപ്പോയ്;
ഏയ്, എവിടെപ്പോയ്?
അവയെക്കുറിച്ചോർത്ത് വ്യാകുലപ്പെടരുതേ,
നിനക്ക് നിന്റേതായ സംഗീതം കൂടെയുണ്ടല്ലോ)
ജോൺകീറ്റ്സിന്റെ 'Ode To Autumn'!
ഞാൻ മനം നിറഞ്ഞാണ് ചൊല്ലിയത്. തീർന്നതും കരോലിന്റെ ആവേശം നിറഞ്ഞ ശബ്ദം. ഇലപൊഴിയുന്ന കാലത്തോട്, സുന്ദരിയായ ദേവതയോടെന്നപോലെ സംവദിക്കുന്ന കവിയെപ്പറ്റി എത്ര പറഞ്ഞിട്ടും അവൾക്ക് മതിയാവാത്തപോലെ! വസന്തത്തിന്റെ പാട്ടുകളെക്കുറിച്ച് മാത്രം ചിന്തിക്കരുതേ എന്ന് ശരത്കാലത്തിനോട് പറയുന്നവൻ കാൽപനികതയുടെ പര്യായം തന്നെയെന്നൊക്കെ കേട്ടപ്പോൾ ഈ അറുപത്തൊന്നിലും എന്റെയുള്ളിലെ പെണ്ണ് കോരിത്തരിച്ചുപോയി.
'ഇംഗ്ലീഷ് പോയട്രി ഇൻ റൊമാന്റിക് പീരീഡ്' എന്ന ചർച്ച! അതിലേക്കെത്തിപ്പെടുന്നത് രസകരമായിട്ടാണ്. ഒരുദിവസം ഹൃദ്യ എന്റെ ഫോണെടുത്ത് യൂട്യൂബിലെന്തോ സെർച്ച് ചെയ്തിരുന്നു.
''അമ്മയെന്തിനാ ഈ സീരിയൽ നടിയുടെ അവിഹിതോം കണ്ടിരിക്കണേ. താഴെ നോട്ടിഫിക്കേഷൻ വരുന്നത് മുഴുവൻ ഇത് തന്നാണല്ലോ?''
മരുമകളുടെ മുന്നിലൊന്ന് ചൂളി.
''അതുപിന്നെ ചിമ്പുട്ടനുറങ്ങുമ്പോ എനിക്കെന്തെങ്കിലും പണി വേണ്ടേ മോളേ.''
''വാട്സാപ്പും ഫേസ്ബുക്കുമൊക്കെ മത്യായോ അപ്പോ?''
''അതില് സമപ്രായക്കാരൊക്കെ 'ആദരാഞ്ജലികളോടെ' പടത്തിൽക്ക് കേറണ കണ്ട്... വെറുതെയെന്തിനാ?''
അവളിത്തിരി നേരം എന്നെത്തന്നെ നോക്കിയിരുന്നു. പിന്നെ ഫോണിൽ തെരുതെരെ എന്തോ കുത്തി. ഗൂഢമായ ചിരിയോടെ, ''റിട്ടയേഡ് ഇംഗ്ലീഷ് പ്രഫസർ പദ്മിനി പദ്മനാഭൻ ഇതൊന്ന് നോക്കിയേ. ക്ലബ് ഹൗസ്. ദ ന്യൂ സെൻസേഷൻ. ബി അപ്ഡേറ്റഡ്! ശബ്ദങ്ങളാൽ അടയാളപ്പെടൂ.'' എന്ന് പറഞ്ഞ് ഫോൺ തിരികെത്തന്നു.
ക്ലബ് ഹൗസിൽ ഐഡിയുമുണ്ടാക്കി 'ഇംഗ്ലീഷ് പോയട്രി ലവേഴ്സ്' എന്ന ക്ലബിലെ അംഗവുമാക്കി അതിലെ ചില അംഗങ്ങളെ ഫോളോയും ചെയ്തതിന്റെ ബാക്കിയായിരുന്നു ആ ചിരി!
I wandered lonely as a cloud
That floats on high o'er vales and hills
(കുന്നുകൾക്കും താഴ്വാരങ്ങൾക്കും മീതെയൊഴുകുന്ന മേഘശകലത്തെപ്പോലെ ഏകാകിയായ് ഞാൻ അലഞ്ഞു)
വേഡ്സ് വർത്തിന്റെ 'ഡാഫോഡിൽസ്' കേട്ടുകൊണ്ടാണ് ഞാൻ ക്ലബിൽ ജോയിൻ ചെയ്യുന്നത്! ഉടൻ സ്പീക്കറുടെ പ്രൊഫൈലിൽ കയറി നോക്കി. കരോലിൻ എമ്മ ഫ്രെഡി, മുപ്പതുകളിലെത്തിനിൽക്കുന്ന സുന്ദരിമദാമ! ഏറിയാൽ നാൽപത്. ശ്വാസംപോലും ഇംഗ്ലീഷ് കവിതയായിരുന്ന എനിക്ക് വിട്ടുകൊടുക്കാൻ കഴിയുമോ. ഞെക്കി ഊഴം ചോദിച്ച് സ്പീക്കറായി.
വേഡ്സ് വർത്ത്, കോളറിഡ്ജ് കൂട്ടുകെട്ടിൽ പിറന്ന 'ലിറിക്കൽ ബല്ലാഡ്സി'ലെ 'ദ റൈം ഓഫ് ഏൻഷ്യന്റ് മറൈനർ' എടുത്തൊരു വീശായിരുന്നു; ഹല്ല പിന്നെ!
It is an ancient mariner and he stoppeth one of three
By the long grey beard and glittering eye.
(തിളക്കമുള്ള കണ്ണുകളും നീണ്ട നരച്ച താടിയുമുള്ള അയാൾ ഒരു പഴഞ്ചൻ നാവികനാണ്. മൂന്നുപേരിൽ ഒരാളെ അയാൾ തടഞ്ഞു നിർത്തി)
കിഴവന്റെ കണ്ണിലെ തിളക്കം ചെറുപ്പക്കാരനെ കീഴ്പ്പെടുത്തിയ വരി ചൊല്ലിയപ്പോൾ, കരോലിന്റെ മ്യൂട്ട് ചെയ്യാൻ മറന്നുപോയ മൈക്കിലൂടെ ഒരു വാചകം പുറത്തുചാടി. The gleam in the eyes, yes that's it (കണ്ണിലെ തിളക്കം, അതെ അതുതന്നെ) എന്നായിരുന്നു അതെന്നാണ് ഓർമ.
വേഡ്സ് വർത്തിനുശേഷം കീറ്റ്സിനെയും കൂടെക്കൂട്ടിയാണ് ചർച്ചയിൽ ഞാൻ കസറിയത്. ഡിസ്കഷൻ ഓൺ വിക്ടോറിയൻ ഇറ അടുത്ത ആഴ്ചക്ക് ഷെഡ്യൂൾ ചെയ്ത് കണ്ടു. അവരുടെ സൺഡേ ഈവനിങ് എനിക്ക് മൺഡേ മോണിങ്ങാണ് എന്നതായിരുന്നു ആകെയുള്ള പ്രശ്നം. ഹൃദ്യക്ക് ഡ്യൂട്ടിയുള്ളതും സഹായിക്കാനെത്തുന്നവൾ വൈകുന്നതുമായ ദിവസം. എന്നിട്ടും അവളെന്നെ നിർബന്ധിച്ച് ചർച്ചക്ക് വിട്ടല്ലോ. അതാണെന്റെ മരുമകൾ!
ക്ലബ് പൂട്ടി ചിമ്പുട്ടനെയുമെടുത്ത് അടുക്കളയിലെത്തുമ്പോൾ അച്ഛമ്മയിന്ന് നല്ല മൂഡിലാണല്ലോ ചിമ്പൂട്ടോ എന്ന് ഹൃദ്യ. അത്രകാലം പ്രകടിപ്പിച്ചിട്ടില്ലാത്ത വിധം ഞാനെന്റെ മരുമോളെയങ്ങ് സ്നേഹിച്ചു. ''അച്ഛമ്മ അമ്മനെ ഉമ്മ വച്ചണ്ട'' എന്ന് ചിമ്പു ചിണുങ്ങിയപ്പോൾ ഓ നീ പോടാ അച്ഛമ്മക്കുട്ടാ എന്നവൾ മുഖംകോട്ടി.
അന്നുച്ച വരെ ക്ലബ് ഹൗസിൽ കറങ്ങി നടന്നു. ചില ക്ലബുകളുടെ കാപ്ഷൻ കണ്ട് അതിനുള്ളിൽ എന്തായിരിക്കും ചർച്ചയെന്നറിയാൻ വല്ലാത്തൊരു കൗതുകം തോന്നി ഹൃദ്യയെ വിളിച്ചു.
''ഒന്നു കയറി നോക്കുന്നോ? വിത്തോർ വിത്തൗട്ട്?, ടോപ്പോർ ബോട്ടം?, റാന്റം കാൾസ് എന്നൊക്കെ കാപ്ഷനിട്ട കള്ളിയിൽ പദ്മിനി പദ്മനാഭനെ ഇങ്ങനെ കാണാം. ആരൊക്കെ ഫോളോ ചെയ്യുന്നുണ്ടെന്ന് നോക്കീട്ട്ണ്ടോ അമ്മ? ഓൾഡ് സ്റ്റുഡന്റ്സ് വല്ലോം കയറിവന്നാൽ നല്ല രസായി."
മെല്ലെ എന്റെയടുത്ത് വന്ന് പതുക്കെ കണ്ണിറുക്കിയിട്ട് തുടർന്നു.
''വേണച്ചാൽ നമ്മക്കൊരു ഫേക്ക് ഐഡിയായിട്ട് കയറാം. പഴയ ആൽബത്തിലുള്ള നർഗീസ് ലുക്കുള്ള ആ ഫോട്ടോ ഡിപി ആക്കാം. ആരൊക്കെ പ്രൊപ്പോസ് ചെയ്യുമെന്നറിയാലോ''
''ഒന്നു പോയേ... കെട്ട്യോന്റെ അമ്മയാ, ഓർമ വേണം. ഞാനെന്റെയൊരു ആങ്സൈറ്റി തുറന്നുപറഞ്ഞൂന്ന് വെച്ച്. ഇനി നീയിത് അവനോടൊന്നും എഴുന്നെള്ളിക്കണ്ടാ കേട്ടോ.''
ഉച്ചക്കുശേഷം മൂന്നരമണി ആയപ്പോൾ, ഒരു കള്ളിക്കുള്ളിൽ കരോലിനെ തനിച്ച് കണ്ട് എന്താണെന്നറിയാൻ കയറിനോക്കിയതാണ് ഞാൻ. അതൊരു ക്ലോസ്ഡ് റൂമായിരുന്നു.
ഹായ്! തിളങ്ങുന്ന കണ്ണുകളുള്ള സുന്ദരീ... എന്ന കരോലിന്റെ ശബ്ദം! എനിക്കാകെ നാണം വന്നു. കീറ്റ്സിന്റെ 'ബ്രൈറ്റ് സ്റ്റാർ' എന്ന കവിത അറിയാമോ എന്നവൾ. കൊള്ളാം കീറ്റ്സിന്റെ ഏത് കവിതയാണ് ഈ ലേഡീകീറ്റ്സിനറിയാത്തത് ? അതും ബ്രൈറ്റ് സ്റ്റാർ!
O! Iet me have thee whole
all, all, be mine.
ചൊല്ലിത്തീർന്നപ്പോൾ wow എന്ന അവളുടെ ഒച്ചയിലെ ആവേശം! ഞാൻ വീണ്ടുമൊന്ന് പൂത്തുലഞ്ഞു!
''ആട്ടെ, എന്ത് ചെയ്യുന്നു പഡ്മിനീ?''
''ഇംഗ്ലീഷ് ടീച്ചർ. ലേഡികീറ്റ്സ് എന്നായിരുന്നു വിളിപ്പേര്. ഇപ്പൊ രണ്ടു കൊല്ലമായി പെൻഷൻ വാങ്ങുന്നു!''
''ഓ... ഞാൻ കഴിഞ്ഞ വർഷം റിട്ടയറായി. ടീച്ചർ തന്നെയായിരുന്നു. ലിറ്ററേച്ചർ. യൂനിവേഴ്സിറ്റി ഡീൻ.''
കാനഡയിൽ റിട്ടയർമെന്റ് പ്രായം അറുപത്തഞ്ചാണെന്ന് വായിച്ച ഒരോർമ. എന്നെക്കാൾ ഏഴോ എട്ടോ വയസ്സിന് മൂത്ത ആളെയാണോ മുപ്പതുകാരിയെന്നളന്നത്? മകളുടെ ഫോട്ടോയെടുത്ത് പ്രൊഫൈലുണ്ടാക്കാൻ ആർക്കാ പറ്റാത്തത്!
''പഡ്മിനിയെക്കുറിച്ച് പറയൂ കേൾക്കട്ടെ...''
ഹരിയേട്ടന്റെ അപ്രതീക്ഷിത മരണം, എം.ബി.എക്കാരൻ മകൻ ജോലിചെയ്യുന്ന എറണാകുളത്തെ കമ്പനി, മകൾ താമസിക്കുന്ന ബാംഗ്ലൂരിലെ ഫ്ലാറ്റ് തുടങ്ങി എന്നെ സംബന്ധിച്ച കാര്യങ്ങൾ ഒറ്റ വീർപ്പിലങ്ങ് പറഞ്ഞു. അതിന്റെ കനേഡിയൻ വേർഷൻ പ്രതീക്ഷിച്ചാണ് പിന്നീടുള്ള ഇരിപ്പ്.
''യ്വാ സോ ഫണ്ണി''
ഇതിലിപ്പോ എന്ത് ഫൺ?
എനിക്ക് മനസ്സിലായില്ല.
''നോക്കൂ പഡ്മിനി, യാത്രകൾക്കുവേണ്ടി ജനിച്ചവളാണ് ഞാൻ. കൂടുതലും കാടുകളാണ് കണ്ടത്, പിന്നെ കടൽ. കപ്പലിൽ സഞ്ചരിച്ചിട്ടുണ്ടോ താൻ? എന്ത് രസമാണെന്നറിയുമോ! കടലിന്റെ മണം, അതിന്റെ കയറ്റിറക്കങ്ങൾ, അതിന്റെയാ സംഗീതം... ഹൗ കൊതിയാവുന്നു. കോവിഡ് എല്ലാം നശിപ്പിച്ചു.'' കുറച്ചധികം സമയം അവൾ വിഷാദഭാവത്തിലിരുന്നു.
അമേരിക്കൻ ആക്സന്റിനോട് സാമ്യമുള്ള അവളുടെ കനേഡിയൻ മിണ്ടാട്ടം എനിക്കങ്ങോട്ട് രസിച്ച് വന്നതുകൊണ്ട് വൈകീട്ട് കാൾ വന്നപ്പോൾ പെട്ടെന്ന് കയറിയങ്ങെടുത്തു. എടുത്ത് കഴിഞ്ഞപ്പോഴാണ് വീഡിയോ ആണെന്ന് മനസ്സിലായത്. വാട്സ്ആപ് നമ്പർ കൊടുത്തപ്പോൾ അത് പ്രതീക്ഷിച്ചിരുന്നില്ല. ഭംഗിയായി വെട്ടി അഴിച്ചിട്ട സ്വർണനിറത്തിലുള്ള മുടിയാണ് ആദ്യം കണ്ണിൽപെട്ടത്. പ്രൊഫൈലിൽ കാണുന്നതുപോലെ തന്നെ വെളുത്ത് വൃത്താകൃതിയുള്ള കുട്ടിത്തമുള്ള മുഖം. ചിരിക്കുമ്പോൾ ഒരുവശത്ത് നുണക്കുഴി. സൂക്ഷിച്ച് നോക്കിയാൽ മുഖത്ത് ചുളിവുകൾ വന്നു തുടങ്ങിയിട്ടുണ്ടെന്നറിയാം. വല്ലാത്തൊരു ജാള്യത്തിൽ നെഞ്ചിൽനിന്ന് മാറിക്കിടന്ന സാരി വിടർത്തിയിട്ട് നര കയറിത്തുടങ്ങിയ മുടി മാടിയൊതുക്കി നോക്കുമ്പോൾ, മാറിടങ്ങളുടെ സുന്ദരമായ വിടവ് പ്രദർശിപ്പിക്കും വിധമുള്ള ജാക്കറ്റിട്ട് വശ്യമായി പുഞ്ചിരിച്ച് സ്ക്രീനിനപ്പുറത്തിരിക്കുന്നു എന്റെ പുതിയ കൂട്ടുകാരി.
''പഡ്മിനി എന്ത് ചെയ്യുന്നു എന്ന് പറഞ്ഞില്ലല്ലോ!''
ശ്ശെ! ഇവൾ മറവിക്കാരിയാണോ? വീണ്ടും പറഞ്ഞു.
''അത് നമ്മൾ പറഞ്ഞല്ലോ. റിട്ടയർമെന്റിന് ശേഷം എന്ത് ചെയ്യുന്നു എന്നാണ്?''
റിട്ടയർമെന്റിനുശേഷം എന്ത് ചെയ്യണമെന്നാണ്? ജോലി, വീട്, പിള്ളേരുടെ പഠിത്തം, അടച്ചുതീർക്കാനുള്ള ലോണുകൾ, ഔപചാരികവേദികൾ, പ്രസംഗങ്ങൾ... അതുവരെ ഓടിയതൊന്നും പോരേ! അമ്മ കുറച്ച് വിശ്രമിക്ക് എന്ന് മക്കൾ പറഞ്ഞപ്പോൾ ആശ്വാസം തോന്നി. മക്കളുടെ വളർച്ച കാണാൻ നേരം കിട്ടാത്ത സങ്കടം പേരക്കുട്ടിയെ കളിപ്പിച്ച് തീർക്കാമെന്നും കരുതി.
കരോലിൻ പൊട്ടിച്ചിരിക്കുന്നു. കുഞ്ഞിനെ നോക്കാൻ ആയമാരെയൊന്നും കിട്ടില്ലേ എന്ന്. എന്റെ മക്കളെ നോക്കിയത് അവരുടെ അച്ഛമ്മയാണെന്ന് പറഞ്ഞപ്പോഴും അതേ ചിരി.
ചുവരിൽ തൂക്കിയിട്ട ക്ലോക്കിൽ ആറ് ഇരുപത്തെട്ട് എന്ന് കണ്ട് ആഹാ നിങ്ങളുടെ രാജ്യം ഞങ്ങളെക്കാൾ ഒമ്പതര മണിക്കൂറോളം മുന്നിലാണല്ലോ എന്നവൾ ചിരിയോടെത്തന്നെ പറഞ്ഞു. അൽപം വലത്തോട്ട് നീങ്ങി പിന്നിലെ ക്ലോക്കിൽ ഒമ്പതായിരിക്കുന്നത് കാണിച്ചു. ആറും ഒമ്പതും! എനിക്കാ താരതമ്യം അത്ര രസിച്ചില്ല. അവിടെ ആറും ഇവിടെ ഒമ്പതുമായിരിക്കാൻ യാതൊരു സാധ്യതയുമില്ല താനും.
പിറ്റേന്ന് നാലു മണിച്ചായക്കു ശേഷം ഞാൻ വിളിക്കുമ്പോൾ കിടക്കയിൽനിന്ന് എഴുന്നേറ്റ് വന്ന കോലത്തിലാണ് കരോലിൻ. അയഞ്ഞ പെറ്റിക്കോട്ടും നിക്കറും! ഹൈ! ഞാൻ ഒന്ന് ചുറ്റും നോക്കി. ബൺപോലെയെന്തോ ചുരുട്ടിപ്പിടിച്ച് കഴിക്കുന്നുണ്ട്. ബ്രേക്ക് ഫാസ്റ്റാണത്രേ. കാമറക്കടുത്ത് പിടിച്ച് കാണിച്ചപ്പോൾ ഉള്ളിൽ ഏതോ മത്സ്യത്തിന്റെ വേവിച്ച ഭാഗവും എന്തൊക്കെയോ ഇലകളും കണ്ടു. രാവിലെത്തന്നെ ഇതാണോ കുത്തിക്കേറ്റുന്നതെന്ന് ഞാൻ കളിയാക്കി.
നമ്മുടെ ഇഡ്ഡലി ദോശ സാമ്പാർ ചട്ണി. ഞാൻ ഒരു ക്ലാസങ്ങ് എടുത്തുകൊടുത്തു.
''രാവിലെ ഇത്രയധികം കാർബോ!''
''ങേ?''
''അഞ്ചു മിനിറ്റ് തിന്നാനുള്ളതുണ്ടാക്കാൻ എത്രമണിക്കൂർ ജോലി! ജീസസ്! അതുപോട്ടെ, ഇതൊക്കെ എങ്ങനെ ദഹിപ്പിക്കും? പഡ്മിനിക്ക് നൃത്തമറിയുമോ? നിങ്ങളുടെ ക്ലാസിക്കൽ ഡാൻസ് ഐറ്റംസൊക്കെ പരിശീലിച്ചാൽ എന്നും യങ്ങായിട്ടിരിക്കാമെന്നാ എനിക്ക് തോന്നുന്നത്.''
ഇല്ല എന്ന് പറഞ്ഞാൽ ഇനിയും പുച്ഛിക്കുമായിരിക്കും. ദോശ-ഇഡ്ഡലിമാരെക്കുറിച്ച് വിളമ്പാൻ പോയത് മണ്ടത്തമായെന്ന് പറഞ്ഞാൽ മതിയല്ലോ.
പത്തുവർഷം മുമ്പ് ഇന്ത്യ സന്ദർശിച്ചപ്പോൾ കേരളത്തിലും വന്നിരുന്നു എന്നും കഥകളിയോട് ഭ്രമം തോന്നി കലാമണ്ഡലത്തിനടുത്ത് ഒരാഴ്ച തങ്ങിയിരുന്നു എന്നും അവൾ പറയുന്നത് കേട്ട് മിണ്ടാതെയിരുന്നു. പറ്റുമെങ്കിൽ ഒരു വർഷമെങ്കിലും ഇവിടെ താമസിച്ച് കഥകളി പഠിക്കാൻ താൽപര്യമുണ്ടത്രേ. കലാമണ്ഡലത്തിൽ എത്ര തവണ പോയിട്ടുണ്ടെന്ന്! എന്നോട്! ഇതിനോടകം ഇവളോടുള്ള 'ആർട്ട് ഓഫ് കോൺവർസേഷൻ' ഞാൻ പഠിച്ചതിനാൽ ആ ചോദ്യം കേട്ടതായേ ഭാവിച്ചില്ല. ഏതോ ഒരു ഇലക്ഷൻ ഡ്യൂട്ടിക്ക് പോയപ്പോ ബസിലിരുന്ന് കലാമണ്ഡലത്തിന്റെ ബോർഡ് വായിച്ചിട്ടുണ്ടെന്ന് പറയാൻ പറ്റുമോ? ചെറുപ്പത്തിൽ അമ്പലത്തിൽ കഥകളി കണ്ട് രസിച്ചിരിക്കുമ്പോഴെല്ലാം 'ബാ പാം' എന്ന് തോണ്ടിയെഴുന്നേൽപിക്കുന്ന, അച്ഛന്റെ അസ്കിത നിറഞ്ഞ മുഖവും അപ്പോൾ ഓർമവന്നു.
പിറ്റേന്ന് കരോലിൻ നല്ല സന്തോഷത്തിലായിരുന്നു. പുതിയ കാമുകന്റെ കൂടെ ഓപെറ പ്രാക്ടീസ് ചെയ്യുന്നതിന്റെ വീഡിയോസൊക്കെ അയച്ച് തന്നു. പാട്ടും അഭിനയവും ഡാൻസുമൊക്കെയായി ഒരു പ്രത്യേക സംഭവം. ഇടക്ക് അവനുമായി ദീർഘ ചുംബനത്തിലേർപ്പെടുന്ന രംഗം കണ്ട് ഞാൻ ഞെട്ടി ഫോൺ പിറകിലൊളിപ്പിച്ച് ഹൃദ്യയോ ചിമ്പുട്ടനോ അടുത്തൊന്നുമില്ലെന്നുറപ്പു വരുത്തി; വീണ്ടും കണ്ടു. ഹരിയേട്ടന്റെ കൂടെ നാണിച്ചിരുന്ന് കണ്ട ഇംഗ്ലീഷ് പടമാണ് പെട്ടെന്നോർമ വന്നത്. നൂൺഷോക്ക് ശ്രീദേവി മൂവീസിൽ വെപ്രാളപ്പെട്ട് കയറുമ്പോൾ അച്ഛനെ അറിയുന്നവരാരും കാണരുതേയെന്നായിരുന്നു പ്രാർഥന!
പരിചയപ്പെട്ടതിന്റെ നാലാം ദിവസം 'യു കാൻ കാൾ മി പപ്പി' എന്ന് ഞാൻ ഉദാരയായി. വൈകുന്നേരം നാലു മുതൽ ഏഴു വരെ ഞങ്ങളെന്നും മിണ്ടി. ചിമ്പുട്ടനുമുണ്ടാവും എന്റെ കൂടെ. എട്ടു മണിയോടെ അത്താഴം കഴിച്ച് കരോലിൻ സംസാരിക്കുന്ന ക്ലബുകളിൽ കേൾവിക്കാരിയായിരിക്കും. നവീൻ ബാംഗ്ലൂരിൽ ട്രെയിനിങ്ങിലായതുകൊണ്ട് നോൺവെജ് പാടെ ഒഴിവാക്കി എനിക്കിഷ്ടപ്പെട്ട കറികളാണ് എല്ലായ്പോഴും. അടുക്കളയിൽ ഞാൻ ചെല്ലണമെന്ന നിർബന്ധമേ ഹൃദ്യക്കില്ല!
''Who was your first experience with?''
''What?''
''I mean love making.''
ആദ്യത്തെ എന്ന വാക്കിന്റെ അപ്രസക്തിയോർത്ത് ഞാൻ മിണ്ടാതിരിക്കുമ്പോൾ വീണ്ടുമവൾ.
''ഭർത്താവല്ലാത്ത ഒരാൾ ഉണ്ടായിട്ടേയില്ല?''
''ഇത്തിരി പ്രണയമൊക്കെ ഉണ്ടായിട്ടുണ്ട്. അതും സംഭവിക്കാൻ പാടില്ലാത്ത പ്രായത്തിൽ!''
''ഓഹോ! ഏതാണാ പ്രായം?''
കരോലിൻ കണ്ണു മിഴിച്ചു.
വിവാഹസമയത്ത് ഹരിയേട്ടൻ പുതിയൊരു കമ്പനി തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളൂ മുംെബെയിൽ. സഹോദരിമാരൊക്കെ വിവാഹശേഷം നാട്ടിൽ സെറ്റിലായപ്പോൾ അച്ഛനും അമ്മയും അവിടം വിട്ട് തറവാട്ടിലേക്ക് തിരിച്ചുപോന്നു. മുംെബെയിലെ പ്രോപർട്ടീസ് വിറ്റ് നാട്ടിൽ ഇൻവെസ്റ്റ് ചെയ്യാൻ തയാറാവാഞ്ഞത് ഹരിയേട്ടൻ മാത്രം. അച്ഛൻ എന്നെയും കൂടെ കൊണ്ടുപോകാൻ നിർബന്ധിച്ചെങ്കിലും പി.ജി ക്ലാസ് ഇവിടെ തുടരാനുള്ള എന്റെ ആഗ്രഹത്തിനൊപ്പം ഹരിയേട്ടൻ നിന്നു.
വീണ്ടും കോളേജ് ജീവിതം. എന്റെ വീട്ടിൽതന്നെ താമസം, അതും വിവാഹശേഷം അനുവദിച്ചുകിട്ടിയ മാളികമുകളിലെ റൂമിൽ. ഹൈസ്കൂളിലേക്ക് കടന്നപ്പോൾതന്നെ എന്നെ അസൂയപ്പെടുത്തി അനിയൻ സ്വന്തമാക്കിയ സാമ്രാജ്യം തൊട്ടപ്പുറത്ത്. വല്ലപ്പോഴുമെത്തുന്ന ഹരിയേട്ടന്റെ കത്തുകൾ മാത്രമാണ് വിവാഹിതയാണെന്ന തോന്നലുണ്ടാക്കുക.
ലിറ്ററേച്ചർ സ്റ്റുഡന്റ്സ്, പ്രത്യേകിച്ച് ആംഗലേയക്കാർ കോളേജിലെ കാൽപനികഭാവത്തെ മൊത്തത്തിൽ ഏറ്റെടുത്ത ഒരു കാലമായിരുന്നു അത്. ഷെല്ലിയെയും ഷേക്സ്പിയറെയും വേഡ്സ് വർത്തിനെയുമൊക്കെ എടുത്തിട്ട് പരീക്ഷിക്കാനുള്ള നാടകശാലകളാണ് മിക്കപ്പോഴും ക്ലാസ് മുറികൾ.
''Most musical, most melancholy bird! A melancholy bird? Oh! idle thought!''
(ഏറ്റവും സംഗീതസുരഭിലയായ, അങ്ങേയറ്റം വിഷാദിയായ പക്ഷീ!
വിഷാദിയായ പക്ഷിയോ?
ഓ! വ്യർഥമായ ചിന്തതന്നെ!)
ക്ലാസിലിരുന്ന് 'The Nightingale' എന്ന കവിത ചൊല്ലുമ്പോഴാണ് ഞാനവനെ ആദ്യം ശ്രദ്ധിക്കുന്നത്. Melancholy bird എന്നുച്ചരിക്കുമ്പോഴൊക്കെ എന്റെ കണ്ണിലേക്കവൻ പാളിനോക്കുന്നു. ആ നേരത്ത് അസ്വസ്ഥത തോന്നിയെങ്കിലും പിന്നീടോർക്കുമ്പോൾ എന്തോ ഒരു സുഖം. എന്റെ വിഷാദത്തെ ഒരു നോട്ടത്തിലൂടെ തൊട്ടെടുത്തവനോട് ചെറിയൊരിഷ്ടവും!
സാം സേവിയർ! കുടുംബത്തോടൊപ്പം ഷില്ലോങ്ങിലായിരുന്നു അത്രകാലം. ഗ്രാന്മയോടുള്ള സ്നേഹം മൂത്ത് രണ്ടുവർഷം കൂടെ താമസിക്കാൻ എത്തിയവൻ. വളരെ മൃദുവായ സംസാരരീതി. ഒരു പ്രത്യേക താളത്തിൽ കണ്ണിലേക്ക് നോക്കിത്തന്നെ സംസാരിക്കുമ്പോൾ ശ്രോതാവ് മാത്രമായിട്ടിരുന്നു പോകും നമ്മൾ. നേരെ ചൊവ്വേ വഴങ്ങാത്ത മലയാളത്തെ നാവിലിട്ട് നുണയുന്നത് കാണാൻ വല്ലാത്തൊരു കൗതുകവും!
ഒഹ്! പറയാൻ മറന്നു. അവനെ പിഴിഞ്ഞാൽ കീറ്റ്സ് ഒലിച്ചുവരും!
പിന്നെപ്പിന്നെ ഞാനവന്റെ കണ്ണിൽ നോക്കാതായി. എപ്പോഴെങ്കിലും നോക്കിയാൽ തന്നെ ഞാനറിയാതെ നോട്ടം താഴ്ന്നുപോകുന്നു. ഒരിക്കൽ, ഒന്നാം നിലയിലെ വരാന്തയിൽ അരഭിത്തിയിലേക്ക് കൈകൾ കയറ്റിെവച്ച് ഭിത്തിയിലേക്ക് ചാരിനിന്ന് സംസാരിക്കുകയായിരുന്നു ഞങ്ങൾ. എന്റെ നോട്ടം കോളേജ് ഗ്രൗണ്ടിലാണ്. കാറ്റടിച്ച് മുടി പാറിപ്പറന്ന് മുഖത്ത് വീഴുന്നുണ്ട്. ഇടയ്ക്ക് ഞാനവനെയൊന്ന് നോക്കി. കൊളുത്തി വലിച്ച് കൂട്ടിലാക്കുന്ന കണ്ണുകൾ! മുഖത്തേക്ക് പാറിവീഴുന്ന മുടിയിഴകളെ പെട്ടെന്നവൻ മാടിവെച്ചപ്പോൾ, വിരലുകൾ കഴുത്തിൽ തട്ടി എനിക്ക് കുളിർന്നു. ഞാൻ ചുറ്റുമൊന്ന് നോക്കി.
''O! Iet me have thee whole
all, all, be mine!
That shape, that fairness that sweet minor zest''
(ഓ! ഞാൻ നിന്നെ മുഴുവനായി സ്വന്തമാക്കട്ടെ.
എല്ലാം എല്ലാം എന്റേതു മാത്രമായി
ആ ആകാരം, വെണ്മ, ഇമ്പമയമായ ഇളം തുടിപ്പുകൾ)
അടുത്ത വരികൾ That warm, white lucent million pleasured breast കേൾക്കണമെന്ന അതിയായ മോഹമുണ്ടായിട്ടും ക്ലാസ് റൂമിലേക്ക് ഓടിപ്പോവുകയാണ് ഞാൻ ചെയ്തത്.
ആ വർഷത്തെ ആർട്സ് ഡേക്ക്, ദുരിതങ്ങൾക്കിടയിലും പ്രണയത്തെ നിറച്ചുവെച്ച കീറ്റ്സിയൻ ജീവിതം നാടകമാക്കാൻ തീരുമാനിച്ചു ഞങ്ങൾ. ക്ലാസ് റൂമിൽ റിഹേഴ്സൽ നടന്നുകൊണ്ടിരുന്ന ഒരു ദിവസം. കീറ്റ്സായി അവനും കാമുകി ഫാനിയായി ഞാനും! മൂന്നാലു പേർ റിഹേഴ്സൽ കണ്ടും നിർദേശങ്ങൾ തന്നും കൂടെയുണ്ട്.
''എന്റെ പ്രിയപ്പെട്ട ഫാനീ നീയെന്നെ വലിച്ചെടുക്കുന്നു. നിന്നെ കാണുന്ന പ്രതീക്ഷയെങ്കിലുമില്ലെങ്കിൽ ജീവിതം എത്ര ദുസ്സഹമാണ്.''
കീറ്റ്സിന്റെ വാചകങ്ങൾ സാം ഹൃദയം കൊണ്ടാണ് വായിക്കുന്നതെന്ന് തോന്നി. ആ നേരത്തെ അവന്റെ കണ്ണുകൾ... ആ ഭാവം… ഓ! ഇപ്പോൾപോലും എനിക്ക് നാണം വരുന്നു കരോലിൻ. തിരിച്ചു പറയാനുള്ളത് മറന്ന് ഞാനങ്ങനെ നിൽക്കുമ്പോൾ സാം ഓഫീസിലേക്ക് വിളിപ്പിക്കപ്പെട്ടു.
അവൻ ഉടനെ മടങ്ങി വരുമെന്ന ധാരണയിൽ ഞങ്ങൾ നാടകത്തിന്റെ ചർച്ചയും തിരുത്തലുകളുമൊക്കെയായി അവിടെത്തന്നെ തുടർന്നു. കുറേ സമയം കഴിഞ്ഞിട്ടും കാണാതായപ്പോൾ അന്വേഷിച്ച് ഓഫീസിൽ ചെന്നു. അവന് നാട്ടിൽനിന്ന് ഫോൺ വന്നിരുന്നത്രേ. കോൾ കട്ട് ചെയ്തതും ആരോടും ഒന്നും മിണ്ടാതെ പോയെന്നറിഞ്ഞു. ഏതോ ആക്സിഡന്റിന്റെ കാര്യം ഫോൺ സംഭാഷണത്തിനിടെ കേട്ടതായി ഓഫീസിലുണ്ടായിരുന്ന അറ്റന്ററാണ് പറഞ്ഞത്. കാര്യം ഗൗരവമുള്ളതാണെന്ന് മനസ്സിലായ ഉടൻതന്നെ ഞങ്ങൾ അവൻ താമസിക്കുന്ന വീട്ടിലെത്തി. അൽപം മുമ്പ് ബാഗുമെടുത്തവൻ പുറത്തുപോയതേ ഗ്രാന്മക്കറിയൂ. കോളേജിൽ മാത്രമേ അന്ന് ഫോൺ സൗകര്യമുള്ളൂ. എന്തെങ്കിലുമൊരു വിവരത്തിനായി ഞങ്ങളെല്ലാവരും കാത്തിരുന്നു.
ഒരാഴ്ച കഴിഞ്ഞപ്പോൾ കാത്തിരിപ്പവസാനിപ്പിച്ചുകൊണ്ട് അവന്റെ പപ്പയുടെ ആത്മശാന്തിക്കായുള്ള പ്രാർഥന ക്ലാസിൽ നടന്നു. പപ്പയുടെ ബിസിനസ് ഏറ്റെടുക്കാൻ അവനല്ലാതെ മറ്റാരുമില്ലെന്ന് അറിയാമായിരുന്നിട്ടും വെറുതെ പ്രതീക്ഷിച്ചു.
പി.ജിക്കാലം അങ്ങനങ്ങ് പോയി പിന്നെ. ഹരിയേട്ടൻ തിരിച്ചെത്തി ഇവിടെ സെറ്റിലായപ്പോൾ എല്ലാം മറക്കാൻ ഞാൻ ശ്രമിച്ചെങ്കിലും അതത്ര എളുപ്പമായിരുന്നില്ല. പഠനവും ജോലിയുമായി പലയിടത്തും സഞ്ചരിക്കുമ്പോൾ, പല മുഖങ്ങൾ കാണുമ്പോൾ ഞാനവനെ തിരഞ്ഞുകൊണ്ടിരുന്നു.
എന്റെ മൂഡ് മാറ്റാനെന്നോണം കരോലിൻ അവളുടെ കഥയിലേക്ക് കടന്നു.
''അച്ഛനെ ഞാൻ കണ്ടിട്ടേയില്ല. ഓർമവെച്ചപ്പോൾ അമ്മയുടെ മൂന്നാം ഭർത്താവായിരുന്നു ഞങ്ങളുടെ കൂടെ. എന്റെ ആദ്യത്തെ ഹീറോ അയാൾതന്നെ. അത്രക്ക് എക്സൈറ്റഡ് എക്സ്പീരിയൻസ് വേറൊരാണിൽനിന്നും എനിക്ക് കിട്ടിയിട്ടുമില്ല.''
ഞാൻ അത്രയൊന്നും ഞെട്ടിയില്ല എന്നത് എനിക്കത്ഭുതമായി. തകർന്നുപോകുമെന്ന് ഭയന്ന് എന്തെങ്കിലുമൊക്കെ ഒളിച്ചുെവക്കേണ്ടതില്ലാത്ത ഒരു ബന്ധം ആദ്യമാണ്. കരോലിനെ എന്നോ പരിചയപ്പെടേണ്ടതായിരുന്നു! തുടർന്നുള്ള ദിവസങ്ങൾ ഞങ്ങളുടെ വീട്ടിൽ ഒരതിഥിയുണ്ടായിരുന്നു. ഹൃദ്യയുടെ പഴയ ഹോസ്റ്റൽ മേറ്റ് ഗായത്രി. ബി.ടെക്കിന് ശേഷം ബാങ്ക് കോച്ചിങ്ങും അവരൊന്നിച്ചാണ് ചെയ്തത്.
''നവീൻ ഹൈദരാബാദിപ്പോയപ്പഴല്ലേ അവളന്ന് വന്നത്. ഈ കുട്ടിയെന്താ അവനില്ലാത്തപ്പോ മാത്രം വിരുന്നു വരുന്നേ?''
''നവീനുള്ളപ്പൊ ഞങ്ങൾക്കിങ്ങനെ കൊതീംനുണേം പറയാൻ പറ്റോ അമ്മേ?''
ഹൃദ്യ കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു.
''നവീനിവളെപ്പറ്റി പറയണതേ ഇഷ്ടല്ല. ഒരു മനുഷ്യപ്പറ്റില്ലാത്ത കുട്ടി. എപ്പ നോക്കിയാലും നിന്നോട് സ്വകാര്യം പറച്ചിൽ. ചിമ്പൂട്ടനെ ഒന്ന് കളിപ്പിക്കണപോലും കണ്ട്ട്ടില്ല.''
''ഒരുപാട് പേഴ്സണൽ പ്രശ്നങ്ങളുണ്ടമ്മേ അവൾക്ക്. എന്നോട് പറഞ്ഞിട്ടെങ്കിലും ആശ്വാസാവ്ണ്ടെങ്കിൽ ആയിക്കോട്ടെ.''
ഇഷ്ടമില്ലെങ്കിലും ഞാനത് ഭാവിക്കാനൊന്നും പോയില്ല. ചിമ്പുട്ടൻ മുഴുവൻ സമയവും എന്റെ കൂടെത്തന്നെയിരുന്നു. അവൻ കിടപ്പ് പോലും അച്ഛമ്മക്കൊപ്പമാ എന്ന് ഹൃദ്യ അഭിമാനത്തോടെ പറയുന്നതും കേട്ടു.
ഗായത്രി വന്ന ദിവസം രാത്രി എനിക്ക് കരോലിനെ വിളിക്കാൻ പറ്റിയില്ല. അത്താഴമൊക്കെ ഉണ്ടാക്കി അവർക്കുള്ളത് വിളമ്പിെവച്ചാണ് ഞാനന്ന് അടുക്കള വിട്ടത്. ചിമ്പുട്ടൻ ഇത്തിരി ശാഠ്യം പിടിച്ചതിനാൽ അവനുറങ്ങും വരെ കൂടെ കിടന്നു. പിന്നെ ക്ലബ്ഹൗസിലും വാട്സാപ്പിലും കയറിയിറങ്ങിയെങ്കിലും കരോലിനെ ഓൺലൈനിൽ കണ്ടില്ല.
പിറ്റേന്ന് രാത്രി ഒമ്പതര ആയപ്പോൾ ടോയ് ജീപ്പും കൈയിൽ കൊടുത്ത് ചിമ്പുട്ടനെ കിടക്കയിലിരുത്തിയശേഷം ഞാൻ കരോലിനെ വിളിച്ചു. അവൾക്ക് ലഞ്ച് ടൈം. പപ്പീ പ്ലീസ് വെയ്റ്റ് എന്ന് വിളിച്ചുപറഞ്ഞ് സ്പൂണും ഫോർക്കുമായി പ്ലേറ്റിലുള്ളത് കോരിത്തിന്നുകൊണ്ടിരുന്നു. ഫ്രഞ്ച് ഫ്രൈസും ബാർബെക്യൂ സോസും ആണ് പ്ലേറ്റിൽ. ഇടയ്ക്ക് കാണുന്നത് പാൽക്കട്ടകളാണെന്ന് തോന്നി. വളരെ പെട്ടെന്ന് ഭക്ഷണം കഴിച്ച് കൈ തുടച്ച് വന്നു. കരോലിനെക്കൊണ്ട് കുടുംബവിശേഷങ്ങൾ പറയിപ്പിക്കണമെന്ന് ഞാൻ തീരുമാനിച്ചുറപ്പിച്ചിരുന്നു.
രണ്ട് വിവാഹം, ആദ്യത്തേതിൽ ഉണ്ടായ മകൻ ഇരുപത്തിരണ്ടാം വയസ്സിൽ ആക്സിഡന്റിൽ മരിച്ചുപോയി. രണ്ടാമത്തേതിലെ മകൾ ഒട്ടാവോയിൽ താമസിക്കുന്നു. നേരിൽ കണ്ടിട്ട് രണ്ടോ മൂന്നോ വർഷം. വിളിച്ചത് ആറുമാസം മുമ്പാണെന്നാണ് ഓർമ. അരഖണ്ഡികയിലൊതുങ്ങുന്ന, വളരെ പെട്ടെന്ന് പറഞ്ഞു തീർക്കാവുന്ന കുടുംബചരിത്രം എന്റെ മുന്നിലേക്കിട്ടവൾ പോരേ എന്ന ഭാവത്തിലിരിക്കുന്നു. നൊന്ത് പ്രസവിച്ച കുഞ്ഞിന്റെ മരണമൊക്കെ ലാഘവത്തോടെ പറയുന്നത് കേട്ട് ശ്വാസം വിലങ്ങിയത് എനിക്കാണ്.
''ജീവിതമല്ലേ, മരണത്തിൽ ഇത്ര അസ്വാഭാവികത എന്തിരിക്കുന്നു? സങ്കടം ഉണ്ടായിരുന്നു, അവന് ജീവിതം ആസ്വദിക്കാൻ സമയം കിട്ടിയില്ലല്ലോ എന്നോർത്ത്. പിന്നെപ്പിന്നെ അത് മാറി. ഒരു നഷ്ടത്തെയോർത്ത് ദീർഘകാലം സങ്കടപ്പെട്ടിരിക്കുന്നത് വിഡ്ഢിത്തമല്ലേ. ആ നഷ്ടം നമുക്കെന്ത് ലാഭമുണ്ടാക്കും എന്ന് ചിന്തിക്കണം. നിന്റെ ചിമ്പുട്ടൻ പെട്ടെന്ന് മരിച്ചുപോയെന്ന് കരുതുക.''
എന്റെ ഉള്ളിൽ ഒരു പൊട്ടൽ! എന്താണീ ദുഷ്ട പറയുന്നത്! അവൾ കാണാതെ ഞാൻ പ്ഫാ പ്ഫാ എന്ന് മൂന്ന് തവണ ആട്ടി. അറം പറ്റാതിരിക്കട്ടെ! അസത്ത്.
''പിന്നീടുള്ള കാലം മുഴുവൻ കരഞ്ഞിരിക്കണോ അതോ പൂർണ സ്വതന്ത്രയായി എന്ന് കരുതി മുന്നോട്ടു പോവണോ ഏതാ വേണ്ടത്?''
ഞാൻ കോൾ അവസാനിപ്പിച്ചു. ചിമ്പുട്ടനെ നോക്കി. കിടക്കയിൽ ഒരുവശം ചരിഞ്ഞ് കിടന്ന് ഉറക്കം പിടിച്ചിട്ടുണ്ടവൻ. കളിപ്പാട്ടം കൈയിൽനിന്നൂർന്ന് നിലത്ത് വീണിട്ടുണ്ട്. ഞാനവനെ കെട്ടിപ്പിടിച്ച് കിടന്നു. എന്റെ സ്വാതന്ത്ര്യത്തിന് ഇവൻ തടസ്സമാവുന്നെന്ന് എങ്ങനെ തോന്നി അവൾക്ക്. ഇവനാണ് എന്റെ സന്തോഷവും പ്രതീക്ഷയും എല്ലാം. കുടുംബം കുട്ടികൾ ഒന്നിനെയും സ്നേഹിക്കാനറിയാത്തവളോട് ഇതൊക്കെ പറഞ്ഞിട്ടെന്ത് കാര്യം! എത്ര ശ്രമിച്ചിട്ടും ഉറക്കം വന്നില്ല.
ഡൈനിങ് ഹാളിലെ ലൈറ്റ് ഓഫ് ചെയ്തിട്ടില്ല. ഈ കുട്ടികൾ ഇനിയും ഭക്ഷണം കഴിച്ചില്ലേ? അതോ സംസാരിച്ച് കിടന്ന് ഉറങ്ങിപ്പോയോ? എണീറ്റ് ചെന്ന് കാസറോൾ തുറന്നു നോക്കി. ചപ്പാത്തി അതേപടി ഇരിക്കുന്നു. റൂമിലും അവരെക്കാണാഞ്ഞ് ഞാൻ മുകളിലെത്തി. പാതിര പിന്നിട്ട നേരത്ത് ഇവരെവിടെപ്പോയി? ഓപൺ ടെറസിലേക്കുള്ള വാതിൽ ചാരിയിട്ടിരിക്കുന്നു. താഴെയാണെങ്കിലും ഇതുതന്നെ; മുറിയടച്ചിട്ടിരുന്ന് സ്വകാര്യം പറച്ചിൽ. നട്ടപ്പാതിരക്കും എന്താണിത്ര പറയാൻ!
കണ്ടിട്ടും ശ്രദ്ധിക്കാതെ പോയ ചില കാഴ്ചകൾ മിന്നലായി ഓർമയിൽ വന്നു.
രണ്ടുപേരും കുളിമുറിയിൽനിന്ന് ഒന്നിച്ചിറങ്ങിവന്നത്, ഒരുമിച്ചുള്ളിടത്ത് ഞാൻ ചെല്ലുമ്പോഴുള്ള അകന്നുമാറൽ, നിഗൂഢമായ ചില നോട്ടങ്ങൾ, ചിരികൾ...
വാതിൽ തുറന്ന് ചെന്നു നോക്കണമെന്ന തോന്നലടക്കിപ്പിടിച്ച് തീക്കാറ്റുപോലെ താഴേക്ക് പാഞ്ഞു. കിടക്കയിൽ വീണ് കിതച്ചു.
ഹൃദ്യയോട് വല്ലാത്തൊരു വെറുപ്പ് ഉള്ളിൽ നുരഞ്ഞ് തല ചൂടായപ്പോൾ എനിക്ക് കരോലിനെ ഒന്ന് കാണണമെന്ന് തോന്നി. അവിടെ പാതിരാത്രി കഴിഞ്ഞില്ലേ ഉറക്കമൊന്നുമില്ലേ പപ്പീ എന്ന് കേട്ടതും കണ്ണ് നിറഞ്ഞൊഴുകി. എല്ലാം പറഞ്ഞ് കഴിഞ്ഞപ്പോൾ അവൾ നെറ്റി ചുളിച്ചു.
''ഇതിലെന്താ ഇത്ര പ്രശ്നം? അവർ അൽപം സ്നേഹം പങ്കുവയ്ക്കുന്നത് പപ്പിയെ എങ്ങനെ ബാധിക്കും? ഓപറ പ്രാക്ടീസിലാണ് ഞാൻ. ജോൺ വെയ്റ്റ് ചെയ്യുന്നു. നാളെ പോയട്രി ലവേഴ്സിൽ കാണാം. ബൈ.'' പിറ്റേന്ന്, വീർത്ത കൺപോളകളും താങ്ങിയെഴുന്നേറ്റ് കണ്ണാടി നോക്കി എന്തിനാണ് അത്രയധികം കരഞ്ഞതെന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചു. മുറിക്ക് പുറത്തു കടക്കും മുമ്പ് തന്നെ ഒരു കാര്യം തീരുമാനിച്ചുറപ്പിച്ചിരുന്നു. ഗായത്രി പുലർച്ചക്കുള്ള ട്രെയിനിൽ തിരിച്ചുപോയെന്ന് ഹൃദ്യ പറഞ്ഞപ്പോൾ നവീൻ അടുത്ത ട്രെയിനിങ്ങിന് പോകുമ്പോൾ ഇനിയും വരുമായിരിക്കുമല്ലേ എന്ന് ഞാൻ കനപ്പിച്ച് ചോദിച്ചു. എന്നെ ഞെട്ടിച്ച് വരുമായിരിക്കും എന്നവളും. ദേഷ്യമാണോ സങ്കടമാണോ എന്തായാലും പുറത്ത് കാണിച്ചില്ല. വളരെ പെട്ടെന്ന് ജോലികൾ തീർത്തശേഷം ഹൃദ്യക്കരികിൽ ചെന്നു.
''ചിമ്പുട്ടനെ നോക്കിക്കോളൂ എനിക്കൊന്ന് പുറത്ത് പോണം.''
ചാവി, മാസ്ക്, പേഴ്സ് ഇത്ര മതി പുറത്തിറങ്ങാൻ. കാർ സ്റ്റാർട്ടാക്കി റിവേഴ്സെടുത്ത് അനായാസേന ഓടിച്ച് പോരുന്നതും നോക്കി ഹൃദ്യ അന്തിച്ച് നിന്നുകാണണം. ഗേറ്റ് കടന്നപ്പോൾ ഇനിയെങ്ങോട്ട് എന്നാലോചിച്ചു. ആവേശത്തോടെ കാറെടുത്തപ്പോൾ കുറേയായി ഡ്രൈവിങ് സീറ്റിലിരുന്നിട്ടെന്ന് ഓർത്തില്ല. പോരാത്തതിന് പരിചയമില്ലാത്ത സിറ്റിയും! കാർ സൈഡാക്കി വിനയ മേനോനെ വിളിച്ചു. പൊതുപ്രവർത്തകയും നവീന്റെ സുഹൃത്തിന്റെ അമ്മയുമാണ്. റെസിഡൻഷ്യൽ അസോസിയേഷൻ പരിപാടികളിൽ കണ്ട് പരിചയമുണ്ടെന്നല്ലാതെ വലിയ സൗഹൃദമൊന്നുമില്ല. എന്നിട്ടും ചോദിച്ചയുടനെ സഹായമെത്തി. അറിയപ്പെടുന്ന കഥകളിയാശാന്റെ പേരും ലൊക്കേഷനും കൃത്യമായി വാട്സ്ആപ്പിലെത്തി.
ആവശ്യം കേട്ടയുടനെ ഗുരു നെറ്റിചുളിച്ചു.
''പ്രായം ഇത്രയായ സ്ഥിതിക്ക്... ശാസ്ത്രീയ നൃത്തത്തിൽ മുൻപരിചയോം ഇല്ല അല്ലേ? കഥകളിതന്നെ വേണോ? തിരുവാതിര പഠിപ്പിക്കുന്ന ഒരു ബ്രാഹ്മണിയമ്മയുടെ നമ്പർ തരാം.''
ഒന്നും മിണ്ടാതെ തിരിഞ്ഞ് നടന്നു. വെറുതെ ഫോണെടുത്ത് നോക്കിയപ്പോൾ രോഹിണി ഭാരതി നിയർ മമ്പിലയിൽ ഭുവനേശ്വരി ടെമ്പിൾ എന്ന് വിനയ അയച്ചത് കണ്ടു. ലൊക്കേഷനും കൃത്യമായുണ്ട്. ഹൃദ്യ ജോലിചെയ്യുന്ന സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മുന്നിലെ റോഡിലൂടെ തിരിഞ്ഞ് ഹോളിക്രോസ് ഫോറേൻ ചർച്ച് റോഡിലൂടെ കുറേ ദൂരം പോയി. അന്ന ഓയിൽ മില്ല് എന്ന ബോർഡ് കണ്ട റോഡിലേക്ക് തിരിഞ്ഞ് മുന്നോട്ട് ചെന്നപ്പോൾ മമ്പിലയിൽ ഭുവനേശ്വരി ക്ഷേത്രം കണ്ടു. കണ്ണടച്ച് പ്രാർഥിച്ച് വലതുവശത്ത് കാണുന്ന വീടിന് മുന്നിൽ വണ്ടി നിർത്തി.
ഭാരതി നൃത്തകലാ ക്ഷേത്രം എന്ന ബോർഡ്. വീടിനോട് ചേർന്ന് കിടക്കുന്ന ക്ഷേത്രസമാന രൂപത്തിലുള്ള കെട്ടിടമായിരിക്കാം നൃത്തം പരിശീലിപ്പിക്കുന്ന സ്ഥലമെന്നൂഹിച്ചു. അത് പൂട്ടിക്കിടക്കുകയാണ്. വീടിന്റെ ഉമ്മറത്ത് ചുവന്ന പൊട്ടും മൂക്കുത്തിയും വലത്തോട്ട് ചുറ്റിയ ചേലയുമായി പ്രായമായൊരു സ്ത്രീ ഇരുന്നിരുന്നു. എന്നെക്കണ്ട് അവർ എണീറ്റു.
''രോഹിണി ഭാരതി?''
''വിളിക്കാം.''
അവർ അകത്തു പോയി. അൽപസമയത്തിനുശേഷം നീണ്ട് മെലിഞ്ഞ ഒരു യുവതി ഇറങ്ങിവന്നു. പച്ചനിറത്തിലുള്ള നൃത്തസാരി, പിങ്ക് ബ്ലൗസും പാന്റും. നെറ്റിയിലെയും കഴുത്തിലെയും വിയർപ്പ് തോർത്തുമുണ്ടുകൊണ്ട് ഒപ്പിക്കൊണ്ടാണ് വരവ്. നീണ്ടു വിടർന്ന കണ്ണിലെ സാത്വികഭാവവും ചുണ്ടിലെ പുഞ്ചിരിയും ആശ്വാസമായി.
''ഞാൻ പദ്മിനി പദ്മനാഭൻ. അങ്കമാലി മഞ്ഞപ്ര റോഡിലെ ഹോണ്ട ഷോറൂമിനടുത്താ താമസം. എനിക്ക്... കഥകളി പഠിക്കണമെന്നുണ്ട്.''
നെറ്റി ചുളിഞ്ഞില്ല. ചിരി മാഞ്ഞതുമില്ല. പ്രായം മുൻപരിചയം ഒന്നും ചോദിച്ചില്ല.
''നൃത്തക്ഷേത്രം തുറക്കാറില്ല ഇപ്പോൾ. തുടക്കത്തിൽതന്നെ ഓൺലൈനായാൽ ബുദ്ധിമുട്ടാവില്ലേ?''
എന്റെ മുഖം മങ്ങിയത് അവർ ശ്രദ്ധിച്ചു.
''മാഡത്തിന് ബുദ്ധിമുട്ടില്ലെങ്കിൽ ആഴ്ചയിൽ ഒരുദിവസം വരൂ. വീട്ടിൽ വെച്ച് പറഞ്ഞു തരാം.''
നമ്പറും വാങ്ങി തുള്ളിച്ചാടിയാണ് തിരിച്ചുപോന്നത്. എങ്ങോട്ടു പോയെന്ന ചോദ്യമൊന്നും ഹൃദ്യയിൽനിന്നുണ്ടായില്ല. കൂടെ കൊണ്ടുപോകാത്തതിന് ചിമ്പുട്ടൻ ചിണുങ്ങുന്നുണ്ടായിരുന്നു.
''അച്ഛമ്മ ഇനിയും പോവും കരഞ്ഞിട്ടൊന്നും ഒരു കാര്യോല്ല.''
അന്ന് രാത്രി വാശിപിടിച്ച് കരഞ്ഞിട്ടും ഹൃദ്യ അവനെ എന്റെയടുത്ത് വിട്ടില്ല. ഞാൻ വിളിച്ചതുമില്ല. പിറ്റേന്നത്തെ വിക്ടോറിയൻ പോയട്രി ചർച്ചക്കായി കുറച്ചുനേരം പ്രിപ്പയർ ചെയ്തു. ഹോപ്കിൻസിന്റെ 'Pied Beauty'.
Glory be to God for dappled things– എന്ന് തുടങ്ങുന്ന പോയം കുറേതവണ റിസൈറ്റ് ചെയ്തു. വിസ്മയിപ്പിക്കുന്ന നിറക്കൂട്ടുകളാൽ പ്രകൃതിയെ വരച്ച ദൈവത്തിന് സ്തുതി പറയുന്ന ഹോപ്കിൻസ്! എന്നിട്ടും ദൈവമയാൾക്ക് അനശ്വരതയുടെ പുള്ളിച്ചിറകുകൾ സമ്മാനിച്ചത് മരണശേഷം മാത്രം!
തിങ്കളാഴ്ച രാവിലെ ക്ലബ് ഹൗസ് ചർച്ച കഴിഞ്ഞാണ് മുറിക്ക് പുറത്തിറങ്ങിയത്. ദോശ കഴിക്കുമ്പോൾ ഹൃദ്യ അടുത്ത് വന്നിരുന്നു.
''ഇന്ന് പോയില്ലേ?''
''ഇല്ല ലീവെടുത്തു... അമ്മേ...''
''ഉം?''
''നവീൻ ഇന്ന് വരും.''
''വരട്ടെ.''
''ഞാൻ...''
''എന്താ?''
''അമ്മയ്ക്കെന്നോട് ദേഷ്യമാണോ?''
''എന്തിന്?''
''ഉണ്ടെങ്കിലും അത് തുടർന്നിട്ട് കാര്യമില്ലെന്ന് പറയാനാണ്. ഒരുമിച്ച് ജീവിക്കാമെന്ന വാക്ക് തെറ്റിച്ചത് ഞാനാണ്. ഗായുവിന്റെ ചങ്കൂറ്റം എനിക്കുണ്ടായില്ല. എന്നാലും ഞങ്ങൾക്ക് പിരിയാനാവില്ല. എല്ലാമറിഞ്ഞാൽ ഒരുപക്ഷേ നവീൻ എന്നെ ഉപേക്ഷിക്കുമായിരിക്കും. പക്ഷേ...''
പെട്ടെന്ന് നിർത്തി അവൾ എണീറ്റുപോയി. സങ്കടത്തിന്റെ ശക്തമായൊരു തിര നുരഞ്ഞുപൊങ്ങിയ നേരം, ഹോപ്കിൻസ് കവിതയിലെ വിന്റ് ഹോവർ പക്ഷിയെപ്പോലെ ഒരുനിമിഷം ചിറകടി നിർത്തി ശൂന്യതയിൽ അനങ്ങാതെ നിൽക്കാൻ ഞാൻ കൊതിച്ചു. താഴെ ചലിക്കുന്ന ലോകത്തിൽ, എന്നെ ആകർഷിക്കുന്ന ഒറ്റ ബിന്ദുവിലേക്ക് ക്ഷണനേരംകൊണ്ട് ആഴ്ന്നിറങ്ങാൻ മനം തുടിച്ചു.
അന്ന് വൈകീട്ട് നവീൻ തിരിച്ചെത്തിയെങ്കിലും ക്വാറന്റൈൻ പാലിച്ച് മുകളിലെ റൂമിലായത് ആശ്വാസമായി. ബാങ്കുകൾ മുഴുവൻ ദിവസം പ്രവർത്തിക്കണമെന്ന അറിയിപ്പ് വരുംവരെ വ്യാഴം കഥകളി പഠനത്തിന് മാറ്റിവെച്ചു.
2
ദിത്തത്തത്ത
ദിത്തത്തത്ത
കാൽസാധകം അത്ര എളുപ്പമൊന്നുമായിരുന്നില്ല. പാദം പരത്തിച്ചവിട്ടാൻ പാടില്ല. വക്ക് ചവിട്ടിപ്പഠിക്കണം. രണ്ടു ദിവസം കാൽ നല്ല വേദനയായിരുന്നു. വിട്ടില്ല! എന്തിനോ ഒരു വാശി. പ്രാക്ടീസ് ചെയ്ത് മാറ്റിയെടുത്തു. എന്റെ ഉത്സാഹം കണ്ട് ചൊവ്വയും ക്ലാസാക്കി രോഹിണി. ശനിയും ഞായറും ഓൺലൈൻ ക്ലാസും! എന്നിട്ടും ഫീസ് അധികമൊന്നും ചോദിച്ചില്ല.
ഇടക്ക്, വീഡിയോ ചാറ്റിനിടെ കരോലിനെ കാൽസാധകം പരിശീലിപ്പിച്ചത് അസ്സൽ സംഭവമായി. ചിരിച്ച് കുഴഞ്ഞ് ഞാൻ കട്ടിലിൽ വീണു.
രോഹിണിയെ ഒറ്റക്ക് കിട്ടിയിട്ടും കല്യാണം കഴിക്കാത്തതെന്തേ, അമ്മയുടെ പേര് സർനെയ്മാക്കിയതെന്തേ തുടങ്ങിയ സാധാരണ ചോദ്യങ്ങളൊന്നും എന്റെ വായിൽനിന്ന് വീണില്ല. ''വാർഷിക വലയങ്ങളാണ് വൃക്ഷങ്ങളുടെ പ്രായമെങ്കിൽ കണ്ണിലെ തിളക്കമാണ് മനുഷ്യന്റേത്, ഒന്ന് മുകളിലോട്ടാണെങ്കിൽ അടുത്തത് താഴോട്ടാണ് കൂട്ടേണ്ടതെന്ന് മാത്രം.'' ഡയറിത്താളിൽ അവർ കുറിച്ചിട്ട വാചകങ്ങൾ എപ്പോഴോ ഞാൻ കണ്ടിരുന്നു.
''എനിക്കൊഴിവുള്ള ദിവസം നോക്കി ക്ലാസ് അഡ്ജസ്റ്റ് ചെയ്തൂടേ അമ്മയ്ക്ക്? ഓൺലൈനായി പഠിച്ചാപ്പോരേ? കാല് വേദന അധികായാൽ എന്നോട് പറയരുത് ട്ടോ.''
നവീന്റെ മുറുമുറുപ്പ് കൂടിവന്നപ്പോൾ ഇത്തിരി കടുപ്പിച്ച് പറയേണ്ടിവന്നു.
''അമ്മ ആദ്യായിട്ടല്ല കാറോടിക്കുന്നത്. വഴിയും ഇപ്പോൾ പരിചയമായി. കാലുവേദന അധികമായാൽ ഡോക്ടറെ കാണാനും അമ്മയ്ക്കറിയാം. അതിനുള്ള വരുമാനവുമുണ്ട്. മോനതൊന്നും ശ്രദ്ധിക്കേ വേണ്ട.''
ചുഴിപ്പ്, കലാശം, ഇരട്ടിക്കലാശം, കണ്ണ് സാധകം, മുദ്രകൾ തുടങ്ങി കടമ്പകളെല്ലാം കഴിഞ്ഞ് പുറപ്പാടും പൂർത്തിയായാൽ വേഷമിട്ട് സ്റ്റേജിൽ കയറണം. അത് മാത്രമാണ് ബാക്കിയുള്ള ആഗ്രഹം. എന്റെ പെർഫോമൻസ് കാണാൻ സദസ്സിലാരുണ്ടാവും എന്ന സംശയവും കൂടെയുണ്ട്.
''ഞാനുണ്ടാവും.''
കരോലിന്റെ ഉറച്ചശബ്ദം എന്നെ വീണ്ടും വീണ്ടും കരയിക്കുന്നു.
എനിക്കും ഹൃദ്യക്കുമിടയിലെ മൗനം പതുക്കെ അലിഞ്ഞുതുടങ്ങി. രോഹിണിക്ക് അയച്ചുകൊടുക്കേണ്ട വീഡിയോ ഫോണിലെടുക്കാനൊക്കെ അവൾക്ക് വലിയ ഉത്സാഹമാണ്. കഥകളിയെക്കുറിച്ചൊന്നുമറിയില്ലെങ്കിലും ''അമ്മ മുട്ടൊന്ന് പൊക്കിപ്പിടിച്ചേ, ഇത്തിരീം കൂടെ താഴ്ന്ന് കളിച്ചേ'' തുടങ്ങിയ നിർദേശങ്ങളും!
''അച്ചാ അച്ചമ്മ ങ്ങന്യാ കൾച്ചാ...''
ചിമ്പുട്ടന്റെ കഥകളി കണ്ട് നവീനും കൂടെക്കളിക്കും.
പിന്നെയും ആഴ്ചകൾ കഴിഞ്ഞാണ് കരോലിൻ ആ ചോദ്യം എന്റെ മുന്നിലിട്ടത്.
''നിന്റെ കീറ്റ്സിനെ നമുക്കൊന്ന് തപ്പിയാലോ.''
കേട്ടപാതി ഞാൻ വിലക്കി.
''ഈ വസന്തം ഞാൻ എനിക്കുവേണ്ടി മാത്രം സൂക്ഷിക്കുന്നതാണ് കരോലിൻ. കാലം, പ്രതിഷ്ഠയില്ലാതെയും നിലനിൽക്കുംവിധം ആരാധനയെ വളർത്താറില്ലേ അതുപോലൊരവസ്ഥയായിരിക്കുന്നു എന്റെ ഉള്ളിലും!''
''സാഹിത്യം ഉള്ളിൽ ചുമക്കുന്ന ഒരുവന് മരണംവരെ കാൽപനികനാവാതെ തരമില്ല. നീയവനെ കാണുകതന്നെ ചെയ്യും.''
ആ സംസാരം നടക്കുമ്പോൾ, വരാനിരിക്കുന്ന ആഴ്ച 'റെവല്യൂഷൻ ഇൻ ഇംഗ്ലീഷ് പോയട്രി' എന്ന വിഷയം ക്ലബിൽ ചർച്ചചെയ്യപ്പെടുമെന്നും ഒരാൾ സ്പീക്കേഴ്സിനിടയിലേക്ക് പെട്ടെന്ന് കയറിവരുമെന്നും പ്രൊഫൈൽ കണ്ട ഞാൻ 'മൈ ഗുഡ്നെസ്' എന്നുരുവിട്ട് ചാടിയെഴുന്നേൽക്കുമെന്നും ആരറിഞ്ഞു!
l
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.