ചിത്രീകരണം: എ.വി. ഷെറിൻ
മറിയത്താത്ത മരിക്കുന്നത് 2009ലാണ്. ആഗസ്റ്റ് മാസത്തിലാണെന്നാണ് ഓർമ. അതെ, ആഗസ്റ്റിൽതന്നെ. സ്വാതന്ത്ര്യദിനത്തിന്റന്ന് സ്കൂളിൽ പോകുമ്പോ അവരെ കണ്ടതും രണ്ടീസം കഴിഞ്ഞ് ഓര് മരിച്ചപ്പൊ 'രണ്ടീസം മുന്നേ കണ്ടീനല്ലോ' എന്നോർത്തതും ഓർമവരുന്നു. അന്ന് എന്തിനാണെന്നൊന്നുമറിയില്ല, എനിക്ക് സങ്കടം വന്നിരുന്നു. അടുത്ത ആളുകൾ മരിച്ചാൽ മാത്രം കരച്ചിൽ വരുന്ന പ്രായമായതുകൊണ്ട് കരഞ്ഞിട്ടില്ല. മരണം മനുഷ്യനെ ഉലച്ചുതുടങ്ങുന്നതിനും ഒരു പ്രായമുണ്ട്. ഇപ്പോഴൊക്കെ ആയിരുന്നേൽ ആ മരണമെന്നെ ആഴത്തിൽ പിടികൂടിയേനേ. മുതിർന്നപ്പോഴാണ് അതിന്റെ കാരണവും പിടികിട്ടുന്നത്.
അവരൊരു വല്ലാത്ത പെണ്ണുങ്ങളായിരുന്നു. അതിനു മുമ്പോ ശേഷം ഇതുവരെയോ അവരെ പോലൊരു സ്ത്രീ ഞങ്ങളുടെ നാട്ടിലുണ്ടായിട്ടില്ല. അജ്ജാതി പടപ്പ്. ആണിനും പെണ്ണിനും അവരെ പേടി. ബഹുമാനംകൊണ്ടുള്ള പേടിയാണ്, മറ്റേ പേടിയല്ല. വാശി കാണിക്കുന്ന ഉണ്ണികളോട് ''കഠാരി മറിയത്താത്ത പുടിച്ചാൻ വരുംന്ന്'' പറഞ്ഞാ പിന്നെ പേടിക്കാനില്ല. അത്രയും അച്ചടക്കം. ആ പ്രയോഗം പൊതുവിൽ ഒരു ക്ലീഷേ ആണെങ്കിലും എല്ലാ നാട്ടിലും പേടിക്കാൻ ആൾക്കാർ വേണമെന്നാണല്ലോ, പ്രത്യേകിച്ച് കുട്ടികൾക്ക്. ഞങ്ങളുടെ നാട്ടിൽ അത് മറിയത്താത്തയായിരുന്നു.
അതിൽ മുതിർന്നവരുടെയും കുട്ടികളുടെയും പേടികൾ തമ്മിൽ വ്യത്യാസമുണ്ട്. ആദ്യത്തെ കൂട്ടർ അവരുടെ ചോദ്യങ്ങളെയും ഉത്തരങ്ങളെയും ഭയന്നപ്പോൾ കുരുന്നുകൾക്ക് അവരുടെ നോട്ടമായിരുന്നു പേടി. പക്ഷേ എനിക്കോർമയുണ്ട്, അവർക്ക് കുട്ടികളെ വല്യ ഇഷ്ടമായിരുന്നു. ഓര്ടെ പെരേന്റെയോ തൊടീന്റെയോ അട്ത്തുക്കൂടി കുഞ്ഞിമ്മക്കൾ പോവുന്നത് കണ്ടാൽ വിളിച്ച് കടലമുട്ടായി തരും. അവർക്ക് ആ മുട്ടായി പ്രിയപ്പെട്ടതായിരുന്നു. മൂന്നുനേരവും ഭക്ഷണം കഴിഞ്ഞാൽ അത് ഒരു പൊട്ട് നിർബന്ധം.
ഇന്നിപ്പോ എഫ്ബീൽ മുസ്ലിം സ്ത്രീകളുമായി ബന്ധപ്പെട്ട ഒരു ചർച്ച കണ്ടപ്പോഴാണ് അവരെയും ആ കാലവുമൊക്കെ കുറേനേരം ഓർമവന്നത്. മുസ്ലിം പെണ്ണിന്റെ വിശ്വാസം, വസ്ത്രം, വിവാഹം, കുടുംബം, വിദ്യാഭ്യാസം, പുരോഗമനം, രാഷ്ട്രീയം, തീരുമാനങ്ങൾ, തീർപ്പുകൾ തുടങ്ങിയവയൊക്കെ സ്വാതന്ത്ര്യത്തിന്റെ മാപിനിയിൽ സമൂഹം നിരന്തരം അളന്നുനോക്കുന്നുണ്ട്. പലതരം വാദങ്ങളും വാഗ്വാദങ്ങളും നടക്കുന്നു. മതത്തിനകത്തും പുറത്തും സ്ത്രീകളെ അംഗീകരിക്കുന്നവരും ചോദ്യംചെയ്യുന്നവരുമുണ്ട്. ഇതിനെല്ലാമിടയിൽനിന്നുകൊണ്ടാണ് മുസ്ലിം സ്ത്രീകൾ തങ്ങളുടെ ശബ്ദം ഉറക്കെ കേൾപ്പിക്കുന്നത്. എല്ലാ കാലത്തും അതങ്ങനെയായിരുന്നു. മണ്ടത്തരമായി തോന്നുന്നത് വ്യത്യസ്ത കാലങ്ങളിലെ പോരാട്ടങ്ങളെ ഒരേ കോല് വെച്ച് അളക്കുന്നതാണ്. ചുറ്റുമുള്ളതെല്ലാം മാറുമ്പോൾ അതുമാത്രമെങ്ങനെയാണ് എപ്പോഴും ഒരുപോലിരിക്കുക..!
പലതുമങ്ങനെ ചിന്തിച്ച് ചിന്തിച്ചൊടുവിലാണ് ഞാൻ മറിയത്താത്തയിൽ ചെന്നുമുട്ടിയത്, ഇതുവരെ കണ്ടും കേട്ടുമറിഞ്ഞ പെണ്ണുങ്ങളെ പറ്റിയോർത്തപ്പോൾ. കഠാരി മറിയത്താത്ത എന്നു പറയണം. അതാണ് പവറ്. നേരത്തേ പറഞ്ഞപോലെ അവരൊരു പടപ്പായിരുന്നു. തനിക്കു വേണ്ടതുപോലെ ജീവിച്ച അപൂർവം സ്ത്രീകളിലൊരാൾ. അവരത് നേടിയെടുത്തതാണ്. കുടുംബമോ മതമോ പള്ളിയോ സമൂഹമോ ആരും അവർക്ക് വിലങ്ങിനിന്നിട്ടില്ല. അവരെ മതം പഠിപ്പിക്കാൻ ചെന്നവരെ അവർ ഇസ്ലാം പഠിപ്പിച്ചു. അടക്കം പറഞ്ഞുകൊടുക്കാൻ ചെന്നവരെ ഒതുക്കി. വർഗീയതയും മുസ്ലിം വിരോധവും വ്യാപിച്ചുതുടങ്ങിയിട്ടില്ലാത്ത കാലമായതുകൊണ്ട് അത്തരക്കാരെ മറിയത്താത്തക്ക് നേരിടേണ്ടിവന്നിട്ടുണ്ടാവില്ല. വിദ്യാഭ്യാസം നേടാത്ത, സഞ്ചരിക്കാത്ത, കുടുംബശ്രീയും പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സ്ത്രീസംവരണവും വരുന്നതിനും മുന്നേയുള്ള എന്റെ നാട്ടിലെ ഫെമിനിസ്റ്റാണ് അവരെന്ന് തോന്നാറുണ്ട്. ആ വാക്കൊന്നും ഇപ്പഴും നാട്ടിലെ പല സ്ത്രീകൾക്കും അറിഞ്ഞൂടാ. അപ്പോഴാണ് ആ കാലത്ത് എവിടുന്നാണ് ഈ ഹിക്മത്തൊക്കെ ഓര്ക്ക് ഉണ്ടായതെന്ന് അത്ഭുതം വരുന്നത്. എന്തായിരിക്കും അവരുടെ ഉൾപ്രേരണയും ഉൾക്കരുത്തുമെന്ന് ചിന്തിച്ചു. ഉത്തരമില്ല. പറ്റുന്നത് അവരെ പറ്റി എനിക്കറിയാവുന്ന കുറച്ച് കാര്യങ്ങൾ പറയുക എന്നതു മാത്രമാണ്. അത് രസയ്ക്കാരം...
സംഭവം ഒന്ന്: പേരിനൊപ്പം
കഠാരി ചേർന്ന കഥ
മറിയത്താത്താനെ ഞങ്ങളെ നാട്ടിലേക്ക് അവുക്കാദറാക്ക കെട്ടിക്കൊണ്ട്ന്നതാണ്. മൂപ്പത്തിയാര്ടെ സൊന്തം പെര ഞങ്ങളുടെ അടുത്തേന്റട്ത്ത സ്റ്റോപ്പായിരുന്നു. താത്താക്ക് അന്ന് പതിമൂന്ന് വയസ്സാണ് പ്രായം. കെട്ടുന്ന കാലത്ത് കാദറാക്കാക്ക് ചെറിയ എന്തോ കച്ചോടമായിരുന്നു. പിന്നെ അടയ്ക്കാ കച്ചോടം തുടങ്ങി.
ഞങ്ങളെ നാട്ടിൽ കാക്കത്തൊള്ളായിരം കവുങ്ങുകളുണ്ട്. വല്ലാത്ത ഭംഗിയാണതിന്. നല്ല മട്ടത്തിൽ ഓരോ നിരയിൽ നീളത്തിൽ വളവും തിരിവുമൊന്നുമില്ലാതെ മാനത്തേക്ക് വളർന്നാണ് കവുങ്ങുണ്ടാവുക. അതിന്റെ മണ്ടയിലെ ഓലയിൽ പിടിച്ച് ആ തടി വളച്ചാലും അത് ഒടിയൂല. മെയ് വഴക്കം. അടയ്ക്ക പറിക്കലും കാണാൻ രസാണ്. ഒര് കവുങ്ങുന്ന് മറ്റേതിലേക്കുള്ള സഞ്ചാരം മറ്റൊരു മെയ് വഴക്കം. ഈ കവുങ്ങായ കവുങ്ങിലെ അടയ്ക്കയൊക്കെ കാദറാക്ക പാട്ടത്തിനെടുത്തു. അതിന് കുറേ കായി വേണമല്ലോ. അതിന് മറിയത്താത്ത തന്റെ ചിറ്റും കാച്ചേം ഊരിക്കൊടുത്തു. അത് വേറൊരു കഥ.
പെണ്ണുങ്ങളധികവും ചെയ്യുന്നപോലെ മാപ്ല ചോദിക്കുമ്പഴേ പണ്ടം കൊടുക്കാൻ മറിയത്താത്താക്ക് സമ്മതമായിര്ന്നില്ല. മൂപ്പത്തിയാര് ഒര് കരാറ് വെച്ചു. ഒര് വർഷം കാലാവധി, അതിനുള്ളിൽ പൊന്ന് മടക്കി കിട്ടണം. വൈകിയാൽ ഒര് പവൻ അധികം. പിന്നെ അടയ്ക്ക വിറ്റു കിട്ടുന്ന പൈസയിൽ ചെറിയൊരു വിഹിതവും. കച്ചവടത്തിന് പണം നൽകി സഹായിച്ച വകയിലെ കമീഷൻ..!
കാദറാക്ക ഒരു മൂരാച്ചി മാപ്ലയായിരുന്നില്ല ഒട്ടും. മൂപ്പരത് സമ്മതിച്ചു. അതെന്നല്ല, ബീവി പറയുന്ന ഏറെ കാര്യങ്ങളും സമ്മതിക്കുന്ന ഒരാളായിര്ന്നു മൂപ്പര്. പറഞ്ഞുവന്നത് അടയ്ക്കാ കച്ചോടത്തെ പറ്റിയാണ്. ആരുടെ, എന്തിന്റെ ബർക്കത്ത് കൊണ്ടാണ്ന്നറീല, അക്കൊല്ലം മൂപ്പർക്ക് നല്ല ലാഭം കിട്ടി. അങ്ങനെയാണ് പൈസക്കാരനാവുന്നത്. നാട്ടിൽ പീടികമുറി കെട്ടിയതും കുറേ ഭൂമി വാങ്ങിയതുമൊക്കെ അങ്ങനേണ്.
മറിയത്താത്ത, നാല് മക്കള്, കച്ചോടം, പള്ളി, നാട്ടാര് എന്നീ വിധമൊക്കെ പോവുന്നതിനിടെയാണ് ഒരു സുബ്ഹിക്ക് മൂപ്പര് അല്ലാഹുവിലേക്ക് മടങ്ങിയത്. ഒരു പുസ്തകത്തിന്റെ താൾ കാറ്റുവീശി ചെറുതായി അടഞ്ഞതുപോലെ. അന്ന് മറിയത്താത്തക്ക് 26 വയസ്സുണ്ടാവും. അവരാകെ കലങ്ങിപ്പോയി. ആ കലക്കത്തിലൂറിയ മട്ട് മരിക്കുവോളം ഓരെ വിട്ട് പോയിട്ടുണ്ടായില്ല. കാദറാക്കാന്റെ മരിപ്പും മൂന്നുമാസത്തെ ഇദ്ദയും കഴിഞ്ഞ് പുറത്തെത്തിയപ്പോ ലോകമപ്പാടെ മാറിയതുപോലെ അവർക്ക് മുന്നിൽ തുറിച്ചുനിന്നു. അവരുടെ ലോകം മറിഞ്ഞുപോയിരുന്നു. ജീവിക്കാനെന്ത് ചെയ്യുമെന്നതായിരുന്നില്ല ബേജാറ്, അതെങ്ങനെ ജീവിച്ചു തീർക്കുമെന്നതായിരുന്നു. ദുനിയാവിൽനിന്നും ജീവിതത്തെ തീർത്തും അപൂർണമാക്കി മടങ്ങുന്നവർ സൃഷ്ടിക്കുന്ന ഒരു ശൂന്യതയുണ്ട്. അതേറ്റവും ഊക്കിൽ പ്രഹരിക്കുക അവരുടെ ഇണകളെയാണ്. കുറേ കാലം, കുറേ ദൂരം ഒരുമിച്ച് പോവാൻ തീരുമാനിച്ച് യാത്ര തുടങ്ങിയ രണ്ടുപേരിൽ ഒരാൾ പെട്ടെന്ന് മായുമ്പോ മടങ്ങാനും മുന്നോട്ടുപോവാനുമാവാത്ത പകപ്പ് ഭീകരമാണ്. പരസ്പരം മടുക്കാത്തവരും പ്രേമം കുടിച്ചു തീരാത്തവരുമാണെങ്കിൽ പ്രത്യേകിച്ചും.
മറിയത്താത്ത പയ്യെപയ്യെയാണ് ഇഹലോകത്തേക്ക് തിരിച്ചെത്തിയത്. കാദറാക്ക നിർത്തിപ്പോയതിന്റെയൊക്കെ അധിപയായത്. പ്രമാണിച്ചിയായത്. ആ പരിണാമകാലത്താണ് കഠാരി അവരുടെ പേരിനും ജീവിതത്തിനുമൊപ്പം ചേരുന്നത്.
പതിവുപോലെ ഉറങ്ങാൻ കിടന്നതാണ് ഒരു രാത്രി. പാതിര കഴിഞ്ഞപ്പാണ് വാതിലിൽ മുട്ട് കേൾക്കുന്നത്. ''മറിയക്കുട്ടീ... വാതില് തൊറക്ക്'' എന്നൊരു വിളിയും. മറിയത്താത്ത എണീറ്റ് വാതിലിനടുത്തെത്തി ആരാന്ന് ചോദിച്ചപ്പൊ മറുപടി ''അന്നോട് പൂതിയുള്ള ആളാ''ന്നാണ്. മൂപ്പത്തിയാർക്ക് ഒരിളക്കമങ്ങ് ഇളകി. തലയിണയുടെ ചോട്ടില് കരുതിവെച്ച കഠാരിയുമായി ഒരു പാച്ചിലാണ് പിന്നെ. ചെമ്പിന്റെ പിടിയുള്ള ഒരുശിരൻ കഠാരിയായിരുന്നത്. നല്ല കൂർത്ത അറ്റം, നീളം കുറവാണെങ്കിലും മൂർച്ചക്ക് കുറവില്ല. വാതില് തൊറന്ന് പതുങ്ങിനിന്നവന്റെ നേരെ ഒരു വീശലാണ്. അതയാള് കിനാവിൽപോലും കണ്ടതല്ല. താൻ ഭർത്താവ് മരിച്ച ഒരു സ്ത്രീയുടെ വീടിന്റെ ഉമ്മറത്താണെന്നതോ അവരോട് തോന്ന്യാസം പറഞ്ഞതാണെന്നോ അതിനാണ് ഇടത്തേ കവിളിൽ പൂള് കിട്ടിയതെന്നോ അന്നേരം ആ ഹതഭാഗ്യൻ ഓർത്തില്ല. ഓർത്തിരുന്നെങ്കിൽ അവ്വിധം അയാൾ കരയില്ലായിരുന്നു. പിന്നെ ഉണ്ടായത് ഞങ്ങളുടെ നാടിന്റെ ചരിത്രത്തിന്റെ ഭാഗം.
ആളു കൂടി. എന്താണ് സംഭവിച്ചതെന്ന ചോദ്യങ്ങളുണ്ടായി. മറിയം വിളിച്ചിട്ട് വന്നതാണെന്ന ആണുങ്ങൾ സ്ഥിരം പ്രയോഗിക്കുന്ന മാന്യത ചമയാനുള്ള ഉത്തരം പറയാമെന്ന് ചിന്തിക്കാൻപോലും അയാൾക്ക് അവസരമുണ്ടായിരുന്നില്ല. കവിളിലൂടെ ചോരയൊലിപ്പിച്ച് വേദനയിൽ പുളഞ്ഞ ആ മനുഷ്യന്റെ കൊക്കിൽ കഠാരി കുത്തിയിറക്കാൻ പാകത്തിൽ പിടിച്ച് മറിയത്താത്ത പറഞ്ഞു,
''നടന്നതെന്താന്ന് ഞാമ്പറയണോ അതോ ജ്ജ് പറയണോ... നേര് പറഞ്ഞാൽ ബാക്കി യ്ള്ള ജീവനുംകൊണ്ട് അനക്ക് പോവാം...'' അവര് പറയുന്നത് തന്നെ ചെയ്യുമെന്ന് തോന്നിയതുകൊണ്ടാവണം അയാൾ ഉള്ളത് പറഞ്ഞു. പാതിരാക്കു കൂടിയ സഭ പിരിഞ്ഞു.
നേരം വെളുത്തപ്പോൾ പ്രധാനമായും മൂന്ന് കാര്യങ്ങൾ നടന്നു. അയാൾ നാണക്കേടുകൊണ്ട് നാടുവിട്ടു. അവുക്കാദറിന്റെ മറിയം കഠാരി മറിയമായി. അവർ ഒരു സാധാരണ സ്ത്രീയല്ലെന്നും ഓദാറുള്ളവരാണെന്നും നാട്ടിൽ അനൗദ്യോഗിക നിലയിലെങ്കിലും പ്രമേയം പാസായി.
സംഭവം രണ്ട്: പള്ളിപ്പറമ്പ്,
പള്ളി, മറിയത്താത്ത
നന്നേ ചെറിയ പ്രായത്തിൽതന്നെ കാദറാക്കാന്റെ കൂടെ ജീവിതം തുടങ്ങിയകൊണ്ട് തന്റെ കുട്ടിക്കളി മുഴുവൻ മറിയത്താത്ത കാണിച്ചത് മൂപ്പരോടാണ്. അന്നൊക്കെ കാദറാക്ക പറഞ്ഞുകൊടുത്ത കഥകളാണ് അവര് പിന്നെ മക്കൾക്കും പേരക്കുട്ടികൾക്കും ആവർത്തിച്ചത്. കാദറാക്കയുടെ മൂത്ത കുട്ടി ഞാനാണെന്ന് അവർ എല്ലാവരോടും പറഞ്ഞു ചിരിച്ചു. മറിയത്താത്തയുടെ കടലമുട്ടായി പ്രേമവും അങ്ങനുണ്ടായതാണ്. എന്നും അങ്ങാടിയിൽനിന്ന് മടങ്ങുമ്പോ അരയിൽ ചുരുട്ടിനൊപ്പം കടലമുട്ടായി പൊതിഞ്ഞത് കാദറാക്ക ബീവിക്ക് കരുതിയിട്ടുണ്ടാവും, മക്കളുണ്ടായപ്പോ അവർക്കു കൂടിയും. കുട്ടികൾ മുതിർന്നപ്പോ ആ ശീലം നിന്നെങ്കിലും ഉമ്മയത് വിട്ടില്ല. അവർ ചെറുതായി ചെറുതായി വന്നു, പതിമൂന്നുകാരിയായി. മാപ്പിളയുടെ മധുരം മരിക്കുംവരെ അവരതിൽ നുണഞ്ഞു. ഇങ്ങനേ പലവിധത്തിൽ പ്രേമിച്ച പുതിയാപ്ലയാണ് അവരെ നേരത്തേ പിരിഞ്ഞുപോയത്. പ്രിയപ്പെട്ടവന്റെ ഖബറിനെ വിശാലമാക്കാനും അദാബുകൾ കുറക്കാനും സ്വർഗത്തിൽ ഇരുവരെയും ഒരുമിപ്പിക്കാനും മറിയത്താത്ത എന്നും പ്രാർഥിച്ചു. ഇശാഅ്- മഗ് രിബിനിടയിൽ ഒരു യാസീൻ പതിവായി കാദറാക്കക്കായി ഉറക്കെയോതി, മക്കളെകൊണ്ട് ഓതിച്ചു. പോകെപോകെയാണ് അവർക്ക് കാദറാക്കാന്റെ ഖബറിനരികിൽ ചെന്ന് യാസീൻ ഓതണമെന്ന ഇൽഹാം ഉണ്ടായത്. വെള്ളിയാഴ്ച ജുമുഅ കഴിഞ്ഞ് ആണുങ്ങൾ ബന്ധുക്കളുടെ ഖബറിനരികിൽ പോവാറുണ്ടെങ്കിലും പെണ്ണുങ്ങൾ പോവുന്ന നടപ്പ് നാട്ടിലുണ്ടായിരുന്നില്ല. കുറച്ചുകാലമൊക്കെ അതാലോചിച്ച് പിൻവാങ്ങിയെങ്കിലും ഒരുദിവസം പോവാൻ തന്നെ അവരുറച്ചു. അവര് പോയി.
ഒരു വ്യാഴാഴ്ചയായിരുന്നു അത്. മൂപ്പത്തിയുടെ വീടിന്റെ അട്ത്തന്നാണ് പള്ളി. അസ്ർ നിസ്കാരവും കഴിഞ്ഞ് അവർ കാദറാക്കാന്റെ അരികിലേക്കിറങ്ങി. അവിടെയെത്തിയപ്പോൾ സ്വീകരിച്ചത് ആ ഖബറിന്റെ രണ്ടറ്റത്തെയും മീസാൻ കല്ലുകളും മൈലാഞ്ചിയുടെയും ചെമ്പരത്തിയുടെയും മരങ്ങളുമാണ്. കാറ്റ് പതിഞ്ഞ താളത്തിൽ വീശുന്നുണ്ടായിരുന്നു. അവർ കാദറാക്കായുടെ കാൽഭാഗത്ത് നിന്നു. പ്രാർഥിച്ചു, കഥകൾ തുടങ്ങി, പരിഭവങ്ങൾ പറഞ്ഞു, കണ്ണുതുടച്ച് മടങ്ങി. അന്ന് കാദറാക്ക മരിച്ചതിനുശേഷം ആദ്യമായി മറിയത്താത്ത സമാധാനത്തോടെ ഉറങ്ങി. പക്ഷേ നാട്ടിൽ ചിലരുടെ സമാധാനം നഷ്ടപ്പെട്ടിരുന്നു. ഒരു പെണ്ണെങ്ങനെ പള്ളിപ്പറമ്പിൽ കേറും..! എത്ര അന്യപുരുഷന്മാർ ഉറങ്ങുന്ന മണ്ണാണ്..! ആരുടെയും അനുവാദം ചോദിക്കാതെ അങ്ങോട്ട് കടക്കാൻ എങ്ങനെ മറിയത്തിന് ധൈര്യം വന്നു..! ചോദിച്ചുവന്നവരുടെ വായ ഒരൊറ്റ കഥയും പിന്നൊരു തീർപ്പും പറഞ്ഞ് അവരടപ്പിച്ചു.
''റസൂലുള്ളയുടെ വഫാത്തിനുശേഷം പ്രിയപത്നി ആയിഷാബീവി അവിടുത്തെ ഖബർ സന്ദർശിക്കാറുണ്ടായിരുന്നു. ശേഷം മരണപ്പെട്ട തന്റെ പിതാവ് അബൂബക്കർ സിദ്ദീഖ് (റ)വിനെയും അതിനടുത്താണ് ഖബറടക്കിയത്. ആ ഖബറിടം സന്ദർശിക്കാനും അവർ പോയിട്ടുണ്ട്. അവരെ ഇരുവരെയും മറവുചെയ്തതിനടുത്താണ് പിന്നീട് രണ്ടാം ഖലീഫയായ ഉമർ(റ)വിനെയും മറമാടിയത്. അതിനുശേഷം തന്റെ ഭർത്താവിന്റെയും പിതാവിന്റെയും ഖബറിടം സന്ദർശിക്കുമ്പോൾ ആയിശാബീവി വസ്ത്രം ധരിക്കുന്നതിലും ഔറത്ത് മറയ്ക്കുന്നതിലും കൂടുതൽ ശ്രദ്ധ പുലർത്തിയിരുന്നു. ഒരു അന്യപുരുഷനെ തന്റെ പിതാവിനും ഭർത്താവിനുമരികിൽ മറവുചെയ്തതിന് ശേഷം അവർ പ്രിയപ്പെട്ടവരെ കാണാൻ പോവാതിരുന്നിട്ടില്ല. പറഞ്ഞുവന്നത് വേണ്ടപ്പെട്ടവരുടെ ഖബറിടം സന്ദർശിക്കൽ ഇസ്ലാമിൽ ഹറാമല്ല. പോകേണ്ടതുപോലെ പോകണമെന്ന് മാത്രം'' -മറിയത്താത്ത കഥ മടക്കി.
''ന്റ പുത്യാപ്പളനെ കാണാൻ ഞ്ഞീം ഞാമ്പോവും. പോണ്ട ചേല്ക്ക്ന്നേ മറിയ പുഗ്ഗുള്ളൂ. ആയ്ചേല് ല്ലാ വ്യേഴ്യേച്ചേം ഞാനബ്ടെ ഇണ്ടാകും. പടച്ചോന് നെരക്കാത്ത ഒന്നും ഞാച്ചെജ്ജ്ണില്ല. ചെയ്യേ ഇല്ല'' - അവർ തീർപ്പും പ്രസ്താവിച്ചു. അതോടെ എല്ലാവർക്കും സമാധാനമായി.
ഇതേ മറിയത്താത്ത തന്നേണ് അന്നുപദേശിക്കാൻ വന്ന മൊയ്ല്യാരെ ഹൗളിൽ ഉന്തിയിട്ട ഒരാളെ തല്ലാനോങ്ങിയതും. ഗ്രഹണനമസ്കാരം എന്നൊരു സംഗതിയുണ്ട്. സൂര്യഗ്രഹണം ഉണ്ടായാൽ രണ്ട് റക്അത്ത് സുന്നത്ത് നിസ്കരിക്കും. ഗ്രഹണംകൊണ്ട് അദാബൊന്നും വരുത്താത്തതിന് അല്ലാഹുവിന്റെ ദുനിയാവിലെ പടപ്പുകളുടെ ശുക്റ്. ഒരിക്കൽ സൂര്യഗ്രഹണമുണ്ടായപ്പോ പള്ളിയിൽ നിസ്കാരത്തിന് ആളുവന്നു. ഗ്രഹണം നടന്നോന്ന് ഉറപ്പിച്ചാലേ നിസ്കരിക്കൂ. അതറിയാൻ എല്ലാവരും മൊയ്ല്യാര്ടെ നേതൃത്വത്തിൽ കാത്തുനിക്കാണ്. കൂട്ടത്തിലൊര് മൊയ്തു ഹാജിയിണ്ട്, ച്ചിരി പ്രമാണിയാണ്. മൂപ്പർക്ക് നിസ്കാരം വേഗംതീർത്ത് അങ്ങാടീല്ള്ള പീട്യ തുറക്കാൻ പോണം. സമയമായെന്ന് പറഞ്ഞ് അയാള് കച്ചറ തുടങ്ങി, ആയില്ലെന്ന് മൊയ്ല്യാരും. മൊയ്തു ഹാജി വർത്താനം തീർത്തത് മൊയ്ല്യാരെ ഹൗളിലേക്ക് തള്ളിയിട്ടാണ്. പള്ളീൽനിന്നുള്ള ഒച്ച കേട്ടാണ് അടുത്ത് വീടുള്ള മറിയത്താത്ത ചെന്നോക്കിയത്. നോക്കുമ്പോ ഇതാണ് ഹാല്. അന്ന് മൂപ്പത്തിയാര് വെട്ടുകത്തി എട്ത്താണ് മൊയ്തു ഹാജിയെ വിരട്ടിയത്. ''ആര്ക്കാണ് ടാ മൊയ്ല്യാരെ കൊല്ലണ്ടത്'' എന്നായിരുന്നു ചോദ്യം.
സംഭവങ്ങളിങ്ങനെ ഓരോന്നായി ഉണ്ടായി. അവ കഥകളായി മാറിക്കൊണ്ടിരുന്നു. അവരായിരുന്നു എപ്പോഴും കേന്ദ്ര കഥാപാത്രം. അങ്ങനെയവർ വലുതായിക്കൊണ്ടുമിരുന്നു.
സംഭവം മൂന്ന്: കാളപൂട്ടൽ
മത്സരങ്ങളും മറിയത്താത്തയും
ഏറനാട് കർഷകരുടെ മണ്ണാണ്. മലബാർ കലാപത്തിന്റെ പോരാട്ടങ്ങളൊക്കെ നല്ല ആഴത്തിൽ പതിഞ്ഞ സ്ഥലം. എല്ലാ കൊല്ലവും കൊയ്ത്ത് കഴിഞ്ഞ പാടം ഉഴുതുമറിച്ചിട്ട് നടത്തുന്ന കാളപൂട്ട് മത്സരം അവിടത്തെയൊരു കായികവിനോദമാണ്. ഒരു ജോടി കാളകളും അതിനെ ഓട്ടാൻ രണ്ടോ മൂന്നോ ആളുമുണ്ടാവും. ചതുരത്തിലുള്ള പാടത്തിലൂടെ വട്ടത്തിൽ കന്നുകളെയുംകൊണ്ട് വേഗത്തിൽ പാഞ്ഞെത്തണം. കുറഞ്ഞ വേഗത്തിലോടിച്ചെത്തുന്നവരാണ് വിജയിക്കുന്നത്. ഏതെങ്കിലും ക്ലബ്ബുകളോ അല്ലെങ്കിൽ തറവാടുകളോ ഒക്കെയാണ് മത്സരത്തിന് നേതൃത്വം നൽകുക. ട്രോഫിയും അവരുടെ വക. ലക്ഷങ്ങൾ വിലവരുന്ന കാളകളെ ഈ മത്സരത്തിനായി മാത്രം പോറ്റുന്നവരുണ്ട്. പൊതുവേ ആണുങ്ങൾ മാത്രം പങ്കെടുക്കുകയും ആരവം മുഴക്കുകയും ചെയ്യുന്ന ഒരു സ്ഥലമാണത്. ചളി നിറഞ്ഞ പാടത്ത് മത്സരം തുടങ്ങും മുന്നേ വെള്ളം തെളിഞ്ഞുകാണും. ഓട്ടം തുടങ്ങിയാ ഒക്കേം കലങ്ങിമറീം. ഒറ്റത്തോർത്തുടുത്ത് കാലിലെയും ശരീരത്തിലാകെയും പേശികൾ മുറുക്കി കാളകളെ തെളിച്ച് കുതിച്ചു പായണം. വേഗതയാണ് വിധി.
കർഷകരുടെ വിനോദമെന്ന നിലയിൽ വർഷങ്ങളായി നാട്ടിൽ നടക്കുന്ന ഈ പരിപാടിയിൽ ഒരിക്കൽ പങ്കാളിയാകണമെന്ന് മറിയത്താത്തക്ക് മോഹമുദിച്ചു. കാളയെയും കൊണ്ട് പാടത്ത് പായണമെന്നൊന്നുമല്ല, ജയിക്കുന്നവർക്ക് അവുക്കാദർ സ്മാരക േട്രാഫി നൽകണമെന്നതാണ് പൂതി. ജയിക്കുന്ന ടീമിന് അവർക്ക് തന്നെ അത് കൈമാറണമെന്നതാണ് ഉദ്ദേശ്യം. ആ വർഷം മാത്രമല്ല, എല്ലാക്കൊല്ലവും നാട്ടിൽ കാളപൂട്ട് മത്സരം നടന്നാൽ കാദറാക്കാന്റെ പേരിൽ ട്രോഫി സമ്മാനിക്കണം, അതിപ്പോ തന്റെ കാലം കഴിഞ്ഞാലും. അവർ മക്കളെയും ശട്ടംകെട്ടി.
പറയുന്നത് മറിയത്താത്തയല്ലേ, അഞ്ചു കൊല്ലമാണ് അവർ മത്സരത്തിന്റെ ജേതാക്കൾക്ക് അഭിമാനപൂർവം ട്രോഫി സമ്മാനിച്ചത്. അതിൽ മൂന്നാം വർഷം മുതൽ കാളകളെ വാങ്ങി അവറ്റകളെ മത്സരത്തിനുമിറക്കി. അങ്ങനെ നാട്ടിലെ കാളപൂട്ട് മത്സരത്തിന്റെ കിസ്സയിലും അവരുടെ പേര് എഴുതിച്ചേർക്കപ്പെട്ടു.
ഒരു ഘട്ടം കഴിഞ്ഞാൽ അസാധാരണമായി പ്രവർത്തിക്കുന്നവരോടുള്ള കൗതുകം ചുറ്റുപാടുകൾക്ക് അവസാനിക്കും. അവരിൽനിന്ന് സാധാരണമായി എന്തെങ്കിലും കാണുമ്പോൾ ആശ്ചര്യപ്പെടുന്ന സാഹചര്യം വരും. അതിനോടകം മറിയത്താത്ത അത്തരുണത്തിലായി മാറിക്കഴിഞ്ഞിരുന്നു. നാട്ടിലെ വമ്പത്തിയോ ശൂരത്തിയോ ഒക്കെയായി ജനം അവരെ വിലയിരുത്തി. അവർക്ക് മാത്രം സാധ്യമായ സ്വാതന്ത്ര്യത്തിന്റെ തുറസ്സുകളിൽ അവർ നടന്നുകയറിക്കൊണ്ടിരുന്നു.
സംഭവം നാല്: മൗത്തും
മറിയത്താത്തയും
എഴുപത്തിരണ്ടാമത്തെ വയസ്സിലാണ് സംഭവബഹുലമായ ആ ജീവിതം അവസാനിക്കുന്നത്. എഴുപത് കഴിഞ്ഞപ്പോ മുതൽ മരിക്കാനായിയെന്ന് അവർ കൂടെ കൂടെ പറഞ്ഞു. ഏവി പാടിയ ''പരൻവിധിചുമ്മാ വിട്ട്'' എന്ന പാട്ട് കേട്ടുകൊണ്ടേയിരുന്നു. ഖബറെന്ന ഭയങ്കര വീടിനെ കുറിച്ച് ആശങ്കപ്പെട്ടു, കണ്ണീർ വാർത്തു.
അന്നൊക്കെ പ്രായള്ള വെല്ലിമ്മമാർക്കൊക്കെ ചുരുട്ട് വലിക്കുന്നൊരു ശീലമുണ്ടായിരുന്നു, ചെറുപ്പകാലത്ത് പഴകിയതാണ്. മറിയത്താത്തക്കും അതുണ്ടായിരുന്നു. മരണത്തെ കാത്തുള്ള ഇരിപ്പ് തുടങ്ങിയതിൽ പിന്നെ ആ ശീലമവർ ഉപേക്ഷിച്ചു. അത് പറയാൻ കാര്യം സ്കൂളിൽ പോകുമ്പോ കണ്ടിരുന്ന പതിവു കാഴ്ചയിൽനിന്ന് ചുരുട്ട് അപ്രത്യക്ഷമായ ഓർമ കൊണ്ടാണ്. ആഗ്രഹങ്ങളെയും തീരുമാനങ്ങളെയും ധൈര്യത്തോടെ നേരിട്ട ഒരു സ്ത്രീ മരണത്തെ ഇത്ര കരുതലോടെ കാത്തുനിന്നത് എന്തുകൊണ്ടാവുമെന്ന് ഇപ്പോൾ അത്ഭുതം തോന്നുന്നുണ്ട്. ജീവിതത്തിന്റെ ഒരു സമയപഥം പിന്നിട്ടാൽ കാത്തിരിക്കാൻ മറ്റൊന്നുമില്ലാതെ വരുമായിരിക്കും. ഘടികാരങ്ങൾ മിടിക്കുന്നത് ഒന്നിനുവേണ്ടി മാത്രമാവാം.
മരിച്ചുകിടന്ന അവരുടെ മുഖം തെളിച്ചമുള്ള ഓർമയാണ്. ഉറങ്ങിക്കിടക്കുന്നപോലെയായിരുന്നു. ഒരു ഇരുളുമില്ല. കാത്തിരുന്നൊരാൾ കൂട്ടിക്കൊണ്ടുപോയ സന്തോഷം നിലാവുപോലെ മിന്നി. വെള്ളിയാഴ്ചരാവിന്റെ നല്ല മരിപ്പായിരുന്നു അവരുടേത്. പിറ്റേന്ന് ജുമുഅക്ക് മുന്നേ ഖബറടക്കി, വസീയത്ത് പോലെ കാദറാക്കാന്റെ അടുത്ത്. അടുത്തടുത്ത് മറവുചെയ്യുമ്പോൾ മരിച്ചവർക്ക് മണ്ണിനിടയിലൂടെ കണ്ടൂടേ, മിണ്ടിക്കൂടേ എന്ന് സംശയിച്ച എന്നിലെ കുട്ടി ഇപ്പോഴും ഉണർന്നിരിക്കുന്നുണ്ട്. പക്ഷേ ഖബറുകൾക്കിടയിൽ യുഗങ്ങളുടെ ദൈർഘ്യമുണ്ടത്രേ. എന്നാലും കാദറാക്കയും മറിയത്താത്തയും മിണ്ടുന്നുണ്ടാവണമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. മൂപ്പര് പോയശേഷം മൂപ്പത്തിയാര് കാട്ടിക്കൂട്ടിയ വീരകഥകളൊക്കെ പറയുന്നുണ്ടാവണം. ഒരുമിച്ച് ചിരിക്കുന്നുണ്ടാവും.
മരിച്ചവരുടെ ശേഷിപ്പുകൾ മാറ്റിവെക്കുമ്പോൾ അവരുടെ കഠാരി ഏത് സ്ഥാനത്തേക്ക് നീങ്ങിയെന്നറിയില്ല. റൂഹ് പിരിഞ്ഞവരുടെ വസ്തുവഹകൾ ചിലർക്ക് ഓർമയും ചിലർക്ക് ഭയവും ചിലർക്ക് ഭാരവുമാണ്. അവരുടെ കുടുംബത്തിൽ അതെന്തായിരുന്നുവോ എന്തോ..!
............
ഈ ഓർമക്കുറിപ്പ് ഞാനവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നത് മറിയത്താത്ത ഒരു പെൺകുട്ടിയെ ഉപദേശിച്ച ഒരു വാചകത്തിലും അനുഭവത്തിലുമാണ്. സ്ത്രീധനം പോരെന്ന് പറഞ്ഞ് സ്ഥിരം ഭാര്യയെ തല്ലിയിരുന്ന ഒരുത്തനുണ്ടായിരുന്നു നാട്ടിൽ. ആ പെൺകുട്ടിയുടെ സങ്കടത്തിന് വഴി പറഞ്ഞുകൊടുക്കാൻ മറിയത്താത്ത പോയി. ഒക്കെ കേട്ട് മൂപ്പത്തി ഉപദേശിച്ചു,
''ഇനി ഓൻ തച്ചാൻ വരുമ്പൊ ജ്ജ് തിരിച്ച് അങ്ങട്ടും തച്ചാളാ... ഓനൊക്കെ അതന്നുള്ളൂ മര്ന്ന്..?''
അതുകേട്ട പെൺകുട്ടി പടച്ചോനെ വിളിച്ചു.
''ജ്ജ് ധൈര്യായിട്ട് തച്ചോ. ഞാന്ണ്ട് ബടെ. ഇജ്ജ് ന്റട്ത്ത്ക്ക് ബന്നാളാ പുന്നാര മളേ...'' അവര് പിന്നെയും ധൈര്യം കൊടുത്തു. എന്നിട്ടും പേടിച്ച ആ കുട്ടിയോട് അവസാനമായി കഠാരി മറിയം ഇപ്രകാരം പറഞ്ഞു,
''അനക്കദ് കജ്ജും ചെജ്ജും, ഇജ്ജദ് ചെജ്ജും ചെജ്ജും..!''
പിന്നെ എന്തുണ്ടായിയെന്നത് മറിയത്താത്തയുടെ ജീവിതകഥയിൽ പ്രസക്തമല്ല. പക്ഷേ എനിക്കത് പ്രധാനമാണ്. കാരണം, അന്നത്തെ ആ പെൺകുട്ടിക്ക് എന്റെ ഉമ്മയുടെ മുഖമായിരുന്നല്ലോ...
l
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.