ചിത്രീകരണം: മുഖ്താർ ഉദരംപൊയിൽ
അതീവരഹസ്യമായിട്ടായിരുന്നു ഇത്തവണയും സംഘത്തിന്റെ കൂടിച്ചേരൽ. മലമുകളിൽ പുഴക്കരയിലുള്ള മഹേന്ദ്രന്റെ ഫാം ഹൗസിൽ ശാലിനിയും സഖറിയയും രാജീവനും എത്തുമ്പോൾ ഇരുട്ടു വീണുതുടങ്ങിയിരുന്നു. ദൂരെ പാറക്കെട്ടിനു മുകളിൽനിന്ന് താഴേക്ക് തലകുത്തിവീഴുന്ന പുഴയുടെ ശബ്ദം നേർത്തു കേൾക്കാം. വൈദ്യുതിവേലിയിൽ കുത്തനെ നിർത്തിയ ട്യൂബ് ലൈറ്റുകൾ മിന്നിമിന്നി കത്തുന്നുണ്ട്.
മഹേന്ദ്രന്റെ കൊട്ടാരത്തിലേക്ക് സ്വാഗതം...
നീളൻ വരാന്തയിൽനിന്ന് മുറ്റത്തേക്കിറങ്ങി മഹേന്ദ്രൻ അവർക്കു നേരെ രണ്ടു കൈകളും നീട്ടി.
''ഒരിക്കൽകൂടി നമുക്ക് കൂടിച്ചേരാൻ സാധ്യമാക്കിയതിന് പ്രപഞ്ചത്തെ നിർമിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ആ പരമശക്തനോട് കൃതജ്ഞതയുള്ളവരായിരിക്കാം നമുക്ക്...''
രാജീവന്റെ പറച്ചിൽ കേട്ട് സഖറിയ അവനെ മിഴിച്ചുനോക്കി.
ഇവനിതെന്തു പറ്റി..? മഹേന്ദ്രൻ ചോദിച്ചു.
നിന്റെ ഈ കൊട്ടാരമുറ്റത്തിങ്ങനെ നിൽക്കുമ്പോൾ ഏതൊക്കെയോ അതീന്ദ്രിയ ശക്തികൾ എന്നെ വിളിക്കുന്നതായി തോന്നുന്നു മഹേന്ദ്രാ...
സഹസ്രാബ്ദങ്ങൾക്കു മുമ്പെന്നോ ജീവന്റെ ആദിമബിന്ദു ഉത്ഭവിച്ച ഈ മണ്ണിൽ, ഇപ്പോഴുമവശേഷിക്കുന്ന ഗോത്രസംസ്കൃതിയുടെ മഹാ പാരമ്പര്യത്തിനു മുമ്പിൽ സാഷ്ടാംഗ പ്രണാമം...
രാജീവൻ വെറും മണ്ണിൽ കമിഴ്ന്നടിച്ചു വീണു...
സൂചി വീണാൽ കേൾക്കാവുന്ന നിശ്ശബ്ദതയായിരുന്നു അന്ന് കോളേജ് ഓഡിറ്റോറിയത്തിൽ. ശാലിനി ഓർത്തു.
സർവകലാശാലാ കലോത്സവത്തിലെ നാടകമത്സരത്തിന്റെ ഫലപ്രഖ്യാപനമാണ്. ''ആദിമമനുഷ്യരുടെയും ഗോത്രജനതയുടെയും മേൽ നാഗരികസമൂഹം നടത്തുന്ന കടന്നുകയറ്റങ്ങളെ ഇത്രമേൽ തന്മയത്വത്തോടെ അവതരിപ്പിച്ച രാജീവനെ മികച്ച നടനായി പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷവും അഭിമാനവുമുണ്ട്.'' കരഘോഷങ്ങൾക്കു നടുവിലൂടെ നടന്നുപോകുന്ന രാജീവനെ അവൾക്കിപ്പോഴും കാണാം.
ആ നാടകം നമുക്കൊരിക്കൽകൂടി കളിക്കണം രാജീവാ...
സഖറിയ അവനെ പിടിച്ചെഴുന്നേൽപിച്ചുകൊണ്ടു പറഞ്ഞു.
അവരുടെ തലക്കു മുകളിലൂടെ ഒരുകൂട്ടം പക്ഷികൾ ഉറക്കെ ശബ്ദമുണ്ടാക്കി പറന്നുപോയി.
വരൂ എന്ന് മഹേന്ദ്രൻ അവരെ ഫാം ഹൗസിനകത്തേക്ക് ക്ഷണിച്ചു.
തൂക്കിയിട്ട ശരറാന്തലുകൾ മങ്ങിയ വെളിച്ചം പരത്തുന്ന അകത്തളം. ചുവന്ന പരവതാനി വിരിച്ച നിലം. ചിന്തേരിട്ടു മിനുക്കി പോളിഷ് ചെയ്ത മരഭിത്തികളിൽ ചട്ടയിട്ട ചിത്രങ്ങൾ...
കുലച്ച വില്ലിൽ അസ്ത്രം തൊടുത്തു നിൽക്കുന്ന കറുത്ത പെണ്ണിന്റെ ചിത്രമാണ് വാതിലിനു നേരെയുള്ള ചുമരിൽ ആദ്യം കാണുക. തൊട്ടടുത്ത ചിത്രത്തിൽ ഓടുന്ന മൃഗവും പിന്തുടരുന്ന അസ്ത്രവും...
രാജീവൻ പിന്നെയുമേതോ ഡയലോഗ് പറയാനാഞ്ഞത് ശാലിനി തടഞ്ഞു.
അവളപ്പോൾ വേട്ടക്കാരനും ഇരയും മുഖാമുഖം നിൽക്കുന്ന ഒരു ചിത്രം നോക്കിക്കാണുകയായിരുന്നു. എതിരാളിയുടെ നോട്ടം തെറ്റുന്ന ആ നിർണായകമാത്രക്കു വേണ്ടി ഇമ ചിമ്മാതെ നോക്കിനിൽക്കുകയാണ് രണ്ടുപേരും. നേർക്കുനേരെയുള്ള ഒരേറ്റുമുട്ടലിൽ ആദ്യം ആക്രമിക്കുന്നത് ആരായിരിക്കും എന്നതു മാത്രമാണ് വിജയിയെ നിശ്ചയിക്കുന്നത്.
മഹേന്ദ്രൻ ഹാളിന്റെ മധ്യത്തിൽ തൂക്കിയ വിളക്കിന്റെ വെളിച്ചവട്ടത്തിലേക്ക് കയറിനിൽക്കുകയും ഒരു നാടകവേദിയിൽ സൂക്ഷ്മമായി വിന്യസിച്ചതുപോലെ ഇരുട്ടും വെളിച്ചവും അവന്റെ പപ്പാതി മുഖത്ത് ചിതറിവീഴുകയും ചെയ്തു.
അകത്തെ മുറിയിൽനിന്ന് ദീർഘകായനായ ഒരാൾ സാവധാനം ഹാളിനു കുറുകേ നടന്ന് മഹേന്ദ്രനടുത്തു ചെന്നുനിന്നു.
അയാളെ ശാലിനി ഓർക്കുന്നുണ്ട്.
വലിയ തിരക്കില്ലാതെ മുഷിഞ്ഞും ഉഷ്ണിച്ചും കിടന്ന ഒരു നട്ടുച്ചനേരത്താണ് അയാൾ മഹേന്ദ്രന്റെ കാബിനിലേക്ക് കയറി പോകുന്നത് കണ്ടതും ''ശാലിനി സാറേ, പോലീസാണല്ലോ...'' എന്ന് അടുത്ത സീറ്റിലിരുന്ന സത്യൻ കണ്ണും ചെവിയും കൂർപ്പിച്ചു പറഞ്ഞതും.
സത്യന് കുറേ നാളായി എന്തൊക്കെയോ സംശയങ്ങളുണ്ട്.
മഹേന്ദ്രൻ സാറിന് നമ്മളറിയാത്ത എന്തൊക്കെയോ രഹസ്യങ്ങളുണ്ട് അല്ലേ ശാലിനി സാറേ..?
എനിക്കെങ്ങനെ അറിയാം സത്യാ...
അല്ല, ശാലിനിമാഡത്തിനറിയാത്ത കാര്യങ്ങളൊന്നും മഹേന്ദ്രൻ സാറിനില്ല എന്നാണ് ഇവിടെയൊക്കെ സംസാരം. അയാൾ ചിരിച്ചു.
അന്ന് ഓഫീസിൽ കയറിവന്ന് ഒരു മുഖവുരയുമില്ലാതെ കീശയിൽനിന്ന് നമ്മുടെ നാലു ചിത്രങ്ങളെടുത്ത് മേശപ്പുറത്തു വെച്ചു ഇദ്ദേഹം. മഹേന്ദ്രൻ പറഞ്ഞു.
നിങ്ങളുടെ സംഘത്തെക്കുറിച്ച് ഇതുവരെ ഞാൻ കണ്ടെത്തിയത് ദാ ഇത്രയും വരും.
ഫോണിന്റെ സ്ക്രീൻ എന്റെ നേരെ തിരിച്ചുെവച്ചുകൊണ്ടു പറഞ്ഞു.
കീശയിൽനിന്ന് ചെറിയൊരു ഡപ്പിയെടുത്ത് തുറന്ന് അതിൽനിന്നൊരു നുള്ളെടുത്ത് മൂക്കിനുള്ളിലേക്ക് കയറ്റിവിട്ടു.
അങ്ങനെയൊരു സംഘമേയില്ലെന്ന നിങ്ങളുടെ സ്ഥിരം മറുപടി എനിക്ക് കേൾക്കണ്ട.
മൂക്കൊന്ന് തിരുമ്മി ഒന്ന് തുമ്മി കസേരയില് നിവർന്നിരുന്ന് ഇദ്ദേഹം ചിരിച്ചു.
ഇനി എന്നെ നിങ്ങളുടെ സംഘത്തിൽ ചേർക്കാൻ എന്തെങ്കിലും തടസ്സമുണ്ടോ മഹേന്ദ്രാ..?
സഖറിയ കൈയടിച്ചു. രാജീവനും ശാലിനിയും അയാൾക്കൊപ്പം ചേർന്നു. ഈ കൂട്ടത്തിലേക്ക് സ്വാഗതം എന്ന് മൂന്നുപേരും ഒരുമിച്ച് വിളിച്ചുപറയുകയും മഹേന്ദ്രൻ അയാളെ കസേരയിലേക്ക് ആനയിക്കുകയും ചെയ്തു.
* * * *
ഫാം ഹൗസിന്റെ പിന്നിൽ തുറന്ന മൈതാനമാണ്. മൈതാനത്തിനപ്പുറം കൊടും കാട്... അകക്കാട്ടിൽനിന്ന് കേൾക്കുന്ന ഓരികൾ, മുരൾച്ചകൾ... മൂളിക്കുതിച്ചെത്തുന്ന കാറ്റ്...
അവിടവിടെ കുത്തിനിർത്തിയിട്ടുള്ള വലിയ പന്തങ്ങൾ നിഴലും വെളിച്ചവും ഇടകലർത്തി സൃഷ്ടിക്കുന്ന കാടെന്ന തോന്നൽ, വേട്ടക്കാരനും ഇരക്കും മത്സരിച്ച് ഓടാനും പരസ്പരം കാണാതെ ഒളിച്ചിരിക്കാനും വേണ്ട സൗകര്യങ്ങൾ... വേട്ടക്കളിക്ക് വേണ്ട എല്ലാ ഒരുക്കങ്ങളും മൈതാനത്ത് പൂർത്തിയായിട്ടുണ്ട്.
രാജീവൻ മൈതാനത്തിനു ചുറ്റും ഒന്നു നടന്നിട്ടു വന്നു.
കളിയിലെ ആദ്യത്തെ ഇനം പാനോപചാരമാണ്.
കടുംനിറമുള്ള പാനീയം നിറച്ച ചഷകങ്ങൾ ഓരോരുത്തർക്കും നൽകി സഖറിയ പറഞ്ഞു.
അതിനുശേഷം ഇരകളെ സന്ദർശിച്ച് മാപ്പുപറയുന്ന ചടങ്ങ്. നമ്മുടെ വിനോദത്തിനും സന്തോഷത്തിനുംവേണ്ടി ഇരകളനുഭവിക്കേണ്ടിവരുന്ന വേദനകൾക്ക് മാപ്പപേക്ഷിക്കുക എന്നത് ഈ കളിയിലെ പ്രധാന നിയമമാണ്.
ഇതെന്റെ രക്തം... ആവോളം പാനം ചെയ്യുക... രാജീവൻ പറഞ്ഞു.
ഇനി നാടക ഡയലോഗ് പറഞ്ഞാ ഉറപ്പായിട്ടും നിന്നെ ഞാൻ തല്ലും... ശാലിനി അവന്റെ ചെവിയിൽ പറഞ്ഞു.
ഇന്നത്തെ വേട്ടക്കുള്ള ഇരകളെ എത്തിച്ചു തന്ന നമ്മുടെ വിശിഷ്ടാംഗത്തിന്റെ ആയുരാരോഗ്യ സൗഖ്യങ്ങൾക്കായി നമുക്ക് പ്രാർഥിക്കുകയും ജീവന്റെ അമൃതായ ഈ സോമരസം സേവിക്കുകയും ചെയ്യാം... മഹേന്ദ്രൻ നാടകീയത ഒട്ടും കുറക്കാതെ പറഞ്ഞു.
മൈതാനത്തിന്റെ കിഴക്കുഭാഗത്തുള്ള ചെറിയ കൂടാരത്തിലാണ് ഇരകളെ താമസിപ്പിക്കുക.
പലതരത്തിലും വലുപ്പത്തിലുമുള്ള ചമ്മട്ടികൾ കൂടാരത്തിന്റെ മരഭിത്തിയിൽ നിരത്തി തൂക്കിയിട്ടുണ്ട്. ചമ്മട്ടികൾക്കു താഴെ പ്രാചീനമെന്നു തോന്നിക്കുന്ന പാത്രത്തിൽ കല്ലുകളുടെ ശേഖരം.
കളി തുടങ്ങാനുള്ള വിസിൽ മുഴങ്ങിക്കഴിഞ്ഞാലുടനെ ഇരയെ ചമ്മട്ടികൊണ്ട് അടിച്ചോടിക്കും. സഖറിയ കളിനിയമങ്ങൾ വിശദീകരിച്ചു.
ഓടുന്ന ഇരയെ വേട്ടക്കാരൻ പിന്തുടരും... അവിടെയാണ് കളിയുടെ രസം. വേഗത കുറച്ച്, ഇടക്ക് ഇര കാണാതെ മറഞ്ഞുനിന്ന്, ഇരയോടൊപ്പമെത്താതിരിക്കാൻ ശ്രദ്ധിച്ചാണ് നമ്മളോടുക. ഇരയിലേക്ക് ഒരു കല്ലേറിന്റെ ദൂരമാവുമ്പോൾ നാം ഏറു തുടങ്ങും...
സഖറിയ കല്ലുകളെടുത്ത് ഒരു കൈയിൽനിന്ന് മറ്റൊന്നിലേക്ക് എറിഞ്ഞു പിടിച്ചുകൊണ്ട് മറ്റുള്ളവരെ നോക്കി.
ഇരയെ വീഴ്ത്തരുത്... ഇര കീഴടങ്ങിയാൽ കളി തീർന്നുപോകും. ഇര കീഴടങ്ങും വരെയല്ല, വേട്ടക്കാരൻ തളരുന്നതുവരെയാണ് കളി.
മഹേന്ദ്രൻ കൂടാരത്തിന്റെ അകത്തേ മുറിയുടെ ഓടാമ്പൽ നീക്കിക്കൊണ്ടു പറഞ്ഞു.
അകത്ത് നേർത്ത വെളിച്ചമേയുള്ളൂ... അത്രമേൽ പഴക്കമുള്ള ഇരുട്ടിനെ പ്രതിരോധിക്കാൻ ഒട്ടും പര്യാപ്തമല്ലാത്തത്ര നേർത്ത വെളിച്ചം.
മഹേന്ദ്രൻ കൈയിലെ വിളക്ക് തെളിച്ചു. പെട്ടെന്നുണ്ടായ വെളിച്ചത്തിൽ പകച്ച് പതുങ്ങാൻ ശ്രമിക്കുന്ന കുറിയ മനുഷ്യന്റെ കണ്ണുകളിലെ ഭീതി ശാലിനി വ്യക്തമായി കണ്ടു. അവന്റെ പിന്നിൽ പല നിറമുള്ള ചേല വാരി ചുറ്റിയ പെണ്ണ്, അവളുടെ ചേലത്തുമ്പിൽ പിടിച്ച് മറഞ്ഞുനിൽക്കുന്ന നാലോ അഞ്ചോ വയസ്സുള്ള കുട്ടി...
മഹേന്ദ്രനെ കണ്ട് പിരിഞ്ഞ് ഒരാഴ്ച കഴിഞ്ഞേയുള്ളൂ... പോലീസുകാരൻ പറഞ്ഞു.
നഗരത്തിൽ ക്ഷേത്രോത്സവത്തിന്റെ തിരക്കാണ്. പല നാടുകളിൽനിന്ന് കുത്തിയൊലിച്ച് വരുന്ന ജനം. അടിവാരത്തും മലമുകളിലുമായി പാർക്കുന്നവർ കൊല്ലത്തിലൊരിക്കൽ നഗരത്തിലിറങ്ങുന്നത് ഉത്സവത്തിനാണ്. ഊടുവഴികൾപോലും അനക്കമറ്റു പോകുന്ന ഗതാഗതത്തിരക്ക്. നഗരചത്വരത്തിൽ നിമിഷങ്ങളെ പലതായി ഭാഗിച്ച് വണ്ടികളെ കടത്തിവിട്ടുകൊണ്ടിരിക്കുകയാണ് ഞങ്ങൾ മൂന്നുപേർ...
സാറേ, ദോ അവടെന്തോ കശപിശ... റോഡിന് മറുവശത്ത് നിന്നിരുന്ന ഹോം ഗാർഡാണ് വിളിച്ചുപറഞ്ഞത്.
ചെന്നു നോക്കുമ്പോഴെന്താ..? അയാൾ ഒന്നു നിർത്തി എല്ലാവരേയും നോക്കി.
ഇവറ്റകൾ മൂന്നും ഒരു പീടികവരാന്തയിലിരിക്കുന്നു... ചുറ്റും ചെറിയൊരാൾക്കൂട്ടം.
ഞങ്ങളെ കണ്ടപ്പോൾ ആൾക്കൂട്ടത്തിലൊരാൾ മുന്നോട്ടുവന്നു.
ഞാനവിടുന്ന് നടന്നുവരുമ്പഴാ... അയാൾ പറഞ്ഞു.
ദേ, വഴീക്കൂടെ പോയ ഈ ആള് കുറച്ചങ്ങ്ട് പോയി പെട്ടെന്ന് തിരിച്ചുവരണ കണ്ട്...
എന്നിട്ട്...
അയാള് വന്നതും ഈ ചെക്കന്റെ ചിറിക്കിട്ട് ഒറ്റ പൂശാ പൂശി, ആ പെണ്ണിനെ പിടിച്ചൊരു തള്ളും...
അതുവരെ മുഖംപൊത്തി നിലത്തിരിക്കുകയായിരുന്ന ഇവൻ എണീറ്റുനിന്നു. കവിളത്ത് അടിയുടെ പാട് തെളിഞ്ഞുകാണാം...
ആൾക്കൂട്ടം പെട്ടെന്ന് വലുതാകുകയും ആരൊക്കെയോ ആർപ്പുവിളിക്കുകയും അതൊരു ബഹളമായിത്തീരുകയും ചെയ്തു.
വഴീക്കൂടെ പോകുന്നവരെ പിടിച്ച് വെറുതെ തല്ലാൻ നിനക്കാരെടാ ലൈസൻസ് തന്നത്..? രണ്ടു തെറിയുംകൂട്ടി അവനോട് ചോദിച്ചപ്പോ അവൻ സമ്മതിക്കില്ല.
ഞാനാരേയും തല്ലിയിട്ടില്ല എന്നേ അവൻ പറയൂ.
എന്നാ പിന്നെ ഈ സംഭവം വേറാരെങ്കിലും കണ്ടവരുണ്ടോ എന്നു ചോദിച്ചാൽ അതുമില്ല. പറഞ്ഞും കേട്ടും നിന്നനേരം കൊണ്ട് അവിടെയുണ്ടായ ആൾക്കൂട്ടം അവനെ അതിനുള്ളിലേക്ക് ലയിപ്പിച്ചു കളഞ്ഞു. പോകുന്നെങ്കിൽ പോകട്ടെ എന്നു ഞങ്ങളും വിചാരിച്ചെന്ന് കൂട്ടിക്കോ.
അതെന്തായാലും മോശായിട്ടാ സാറേ... കൈയിൽ കിട്ടിയവനെ വിട്ടുകളഞ്ഞത്...
താനിങ്ങു വന്നേ... ഞാനവനെ ചുമലിൽ കൈയിട്ടു ചേർത്തുപിടിച്ചു.
വല്ലാണ്ട് വർത്തമാനം പറയാതെ സ്ഥലം വിട്ടോളണം. സംഗതി കേസായാ വകുപ്പൊരുപാടു വരും... ഇനിയുമിവിടെ കിടന്ന് കിലുങ്ങിയാ അതൊക്കെ ചേർത്ത് തന്നെ പിടിച്ച് ഞാനകത്തിടും. മനസ്സിലായോ...
കൈയെടുത്തതും അയാൾ ഇടംവലം നോക്കാതെ സീൻ വിട്ടു.
ഒരു ഓട്ടോറിക്ഷ കൈകാട്ടി നിർത്തി, കൂടെയുള്ള പോലീസുകാരനോട് ഞാനിപ്പ വരാംന്ന് പറഞ്ഞ് ഇവരേയും കയറ്റി സ്റ്റേഷനിലേക്ക് പോകുമ്പോൾ തല്ലിയവനെ കിട്ടാൻ പോണില്ലെന്ന് ഉറപ്പായിരുന്നു.
അവനെന്തിനാടാ നിന്നെ തല്ലിയത്..?
എനിക്കറിയില്ല സാർ...
നിനക്ക് പരാതിയുണ്ടോടാ...
ഇണ്ട് സാർ, പരാതി ഇണ്ട് സാർ,
പരാതിയൊക്കെ കൊടുത്താൽ നിനക്ക് പിന്നെ ഉടനെയൊന്നും വീട്ടിൽ പോകാൻ പറ്റില്ല...
എന്നാ വേണ്ട സാർ, പരാതി വേണ്ട സർ...
ഇതായിരുന്നു കുറച്ചു നേരം സ്റ്റേഷനിലെ നേരംപോക്ക്.
അടിച്ചവനെ കിട്ടിയാൽ ഇടിച്ചവന്റെ പരിപ്പിളക്കണം എന്നൊരാൾ പറയും. വേണം സാർ, എനക്ക് പരാതി ഇണ്ട് സാർ എന്നിവൻ പറയും.
പരാതിയൊന്നും വേണ്ടെന്നേ, നീ ഉത്സവം കൂടാൻ വന്നതല്ലേ... നിന്റെ പെണ്ണിനേം കൂട്ടി പോയി പൂരം കാണ്, അവൾക്കു നല്ല മാലേം വളേമൊക്കെ മേടിച്ചുകൊടുക്ക് എന്ന് വേറൊരാൾ പറയും, ശരി സാർ, പരാതിയൊന്നും ഇല്ല സാർ എന്നിവൻ മാറ്റിപ്പറയും.
കരഞ്ഞ് കരഞ്ഞ് ചെക്കൻ ഉറങ്ങിപ്പോയിരുന്നു. അതിനെ മടിയിലിരുത്തി അവന്റെ പെണ്ണ് ചുമരും ചാരി ഇരിക്കുന്നത് കണ്ടപ്പോഴാണ് അവരൊന്നും കഴിച്ചിട്ടുണ്ടാവില്ല എന്നു തോന്നിയത്. കുടുംബശ്രീക്കാരുടെ കാന്റീനിൽ വിളിച്ചു രണ്ടു ചോറു കൊണ്ടുവരാൻ പറഞ്ഞു.
അത് കഴിച്ചിട്ട് അവിടെങ്ങാനുമിരി എന്നു പറഞ്ഞ് അതുവരെ വയർലെസിൽ വർത്തമാനം പറഞ്ഞുകൊണ്ടിരുന്ന പോലീസുകാരി അടുത്തേക്ക് വന്നു.
ചോറൊക്കെ വാങ്ങിച്ചും കൊടുത്തേച്ച് അവറ്റകളെ അങ്ങു പറഞ്ഞയക്കാനായിരിക്കും സാറിന്റെ പരിപാടി അല്യോ..?
പാവങ്ങളല്ലേ തത്തേ, അവർ പോയി ഉത്സവം കാണട്ടെന്നേ...
തത്തമ്മപ്പോലീസ് എന്നു പറഞ്ഞാൽ ഒരു മാതിരിപ്പെട്ടവർക്കെല്ലാം അറിയാം. വല്ലാതെ മൊട കാണിക്കുന്നവരെ തത്തമ്മയെ ഏൽപിച്ച് ഒരു അരമണിക്കൂർ... കടലാസും പേനയുംകൊണ്ട് ചെന്നാൽ മതി... നമുക്ക് വേണ്ട മൊഴി എഴുതിയെടുക്കാം... ഞങ്ങൾ പോലീസുകാർക്കിടയിൽ തത്തമ്മക്കു കൊടുക്കുക എന്നൊരു ചൊല്ലുതന്നെയുണ്ട്. ആ തത്തമ്മയാണ് മുന്നിൽനിന്നു പറയുന്നത്.
സാറൊന്നു മനസ്സുെവച്ചാൽ നമുക്കിന്നു രാത്രി പൊടിപൊടിക്കാം.
തത്തമ്മക്ക് കൊടുത്താൽ പിന്നെ ഇങ്ങോട്ടു കൊണ്ടുവരാൻ കാര്യമായിട്ടൊന്നും ബാക്കി കിട്ടില്ല. അതുകൊണ്ട് അപ്പോൾതന്നെ മഹേന്ദ്രനെ വിളിച്ചു. അടുത്ത കൂടിച്ചേരലിന് ദിവസം നിശ്ചയിച്ചോളാൻ പറഞ്ഞു.
അങ്ങയുടെ കൃപാകടാക്ഷത്താൽ ഞങ്ങൾക്കീ ഭാഗ്യം ലഭിച്ചല്ലോ... രാജീവൻ കൈ കൂപ്പി. ശാലിനി നോക്കുന്നുണ്ടെന്ന് കണ്ട അവൻ പറയാൻ വന്ന ബാക്കി ഡയലോഗ് പറയാതെ വിട്ടു.
അവളപ്പോൾ പലതരം കത്തികൾ നിരത്തിെവച്ചിട്ടുള്ള മേശപ്പുറം പരിശോധിക്കുകയായിരുന്നു.
അതിപുരാതനകാലത്തേത് എന്നു തോന്നിച്ചു ആ കത്തികൾ. കല്ലുകൾ ഉരച്ചു മൂർച്ച വരുത്തിയവ മുതൽ ഒട്ടും മൂർച്ചയില്ലാത്ത ഇരുമ്പുകഷണങ്ങൾ വരെ...
കളിയുടെ അവസാനഘട്ടത്തിലുപയോഗിക്കാനുള്ളതാണ് കത്തികൾ... സഖറിയ ഓർമിപ്പിച്ചു.
ഓടിയും പിടിച്ചും പിന്നെയുമോടിച്ചും കല്ലേറ് കൊണ്ടും തളർന്ന് വീഴുന്ന ഇരകൾ ഒളിയിടങ്ങളിൽ പതുങ്ങും.
ഒളിഞ്ഞിരിക്കുന്ന ഇരയെ പിടിക്കാനുമുണ്ട് കളിനിയമങ്ങൾ.
ഇര പതുങ്ങിയയിടം അറിയാമെങ്കിലും നേരിട്ടു ചെന്ന് പിടിക്കരുത്. അതിന്റെ തൊട്ടടുത്ത് ചെന്നു നിന്ന് ഉറക്കെ വിളിക്കണം. മര്യാദക്ക് പുറത്തുവന്നോ എന്ന് ഭീഷണിപ്പെടുത്തണം. സ്വയം പുറത്തുവന്നാൽ ഉപദ്രവിക്കാതെ വിടാം എന്ന് വാഗ്ദാനംചെയ്യണം. അടക്കിപ്പിടിച്ച കിതപ്പ് കേട്ടാലും കേട്ടില്ലെന്ന് നടിച്ച് പലതവണ നടക്കണം. നടന്ന് നടന്ന് ഇനി പിടിക്കില്ല എന്ന് ഇരക്ക് തോന്നുന്ന സമയമുണ്ട്. അപ്പോൾ പെട്ടെന്ന് കണ്ടെത്തിയതുപോലെ വേണം ഒളിഞ്ഞിരിക്കുന്ന ഇരയെ തൂക്കിയെടുക്കാൻ. എന്നിട്ടതിനെ വലിച്ചിഴച്ച് ദാ ഇവിടെ കൊണ്ടുവരണം. സഖറിയ കൈ ചൂണ്ടിയ ഭാഗത്ത് ഉയരം കുറഞ്ഞൊരു മേശയും നാലുവശത്തുമായി ചങ്ങലക്കൊളുത്തുകളുമുണ്ടായിരുന്നു...
അവിടെവെച്ചാണ് വേട്ടക്കളി അവസാനിക്കുക.
നമുക്ക് തുടങ്ങിയാലോ..?
പോലീസുകാരൻ ചോദിച്ചു.
ഞാനൊരു കാര്യം ചോദിക്കട്ടെ..? ശാലിനി സഖറിയയുടെ മുഖത്തു നോക്കി. അവളുടെ കൈയിൽ അറ്റം വളഞ്ഞ ചെറിയൊരു കത്തിയുണ്ടായിരുന്നു.
ആ കുഞ്ഞിനെ എനിക്കു മാത്രമായി വേട്ടയാടാൻ തരുമോ..?
അപ്പോൾ കളി തുടങ്ങാനുള്ള വിസിൽ മുഴങ്ങുകയും ഒരു ചാട്ടയുടെ സീൽക്കാരം അന്തരീക്ഷത്തിൽ പടരുകയും ചെയ്തു.
l
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.