നവ സിദ്ധാന്തം എന്ത്, എന്തുകൊണ്ട്?
താങ്കളുടെ പുതിയ പുസ്തകമായ ‘New Relativity in the Gravitational Universe’ താങ്കളുടെ കോസ്മിക് റിലേറ്റിവിറ്റി സിദ്ധാന്തം വിശദമായി വെളിവാക്കുന്നു. ദീർഘകാലമായി അവഗണിക്കപ്പെട്ട് കിടക്കുന്ന ഗുരുത്വബലത്തിന് അർഹമായ സ്ഥാനം നൽകിക്കൊണ്ട് അത് ഭൗതിക യാഥാർഥ്യത്തിന്റെ വ്യവസ്ഥാപിതവും രൂഢമൂലവുമായ സ്റ്റാൻഡേഡ് മാതൃകയെ ഗൗരവതരമായി വെല്ലുവിളിക്കുന്നു. ഇതൊരു പാരഡൈം ഷിഫ്റ്റാണോ അതോ ഒരു തിരുത്തോ?
കോസ്മിക് റിലേറ്റിവിറ്റി അനിവാര്യമായ ഒരു പാരഡൈം ഷിഫ്റ്റാണ്, കേവലമായ തിരുത്തല്ല. ഒരു പുതിയ മാർഗനിർദേശക തത്ത്വംകൊണ്ട് ബലതന്ത്രത്തിന്റെയും ആപേക്ഷികതയുടെയും നിർമിതി തുടങ്ങേണ്ടതുണ്ട്. നിരീക്ഷണങ്ങളിൽനിന്നും ശുദ്ധി ചെയ്തെടുത്ത തികച്ചും വ്യത്യസ്തമായ ‘പ്രഥമ തത്ത്വ’ത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് കോസ്മിക് റിലേറ്റിവിറ്റി. ദീർഘകാലമായി നിലവിലുള്ളത് ‘ഗുരുത്വബലമില്ലാത്ത ശൂന്യസ്ഥലം’ എന്ന പ്രപഞ്ച സങ്കൽപമാണ്. പുതിയ സിദ്ധാന്തം അതിനെ മാറ്റിക്കൊണ്ട് പദാർഥപൂർണമായ പ്രപഞ്ചത്തെയും അതിന്റെ ബൃഹത്തായ ഗുരുത്വബലത്തെയും ആപേക്ഷികതയുടെയും ബലതന്ത്രത്തിന്റെയും അടിസ്ഥാനമാക്കിത്തീർക്കുന്നു. ഐൻൈസ്റ്റെന്റ സവിശേഷാപേക്ഷികതാ സിദ്ധാന്തം അടിസ്ഥാനമാക്കുന്നത് വാസ്തവത്തിൽ ഇല്ലാത്ത ശൂന്യതയെയാണ്. എന്റെ സിദ്ധാന്തം പദാർഥപൂരിതമായ പ്രപഞ്ചത്തെ ആധാരമാക്കുന്നു. ഇങ്ങനെയാണ് അത് ഫിസിക്സിന്റെ അസ്തിവാരങ്ങൾക്കുള്ള സമ്പൂർണ മാറ്റമാകുന്നത്.
ഭൗതികശാസ്ത്രത്തിൽ അത്രകണ്ട് ആഴത്തിൽ പരിജ്ഞാനമില്ലാത്ത പൊതുജനങ്ങൾക്കുവേണ്ടി ഈ പുതിയ സിദ്ധാന്തം ഒന്ന് വിശദമാക്കുമോ?
ബലതന്ത്രത്തിന്റെയും ആപേക്ഷികതയുടെയും സകല പ്രതിഭാസങ്ങളും – എന്നുവെച്ചാൽ, പദാർഥത്തിന്റെ ഓരോ ഭൗതികഘടകവും, ഓരോ ‘വസ്തുവും’ –പ്രപഞ്ചത്തിലെ സകല പദാർഥത്തോടും ഊർജത്തോടും അവ നടത്തുന്ന ഗുരുത്വാകർഷണ ഇടപാടുകളുടെ പരിണതഫലങ്ങളാണ്. ഇതാണ് കോസ്മിക് റിലേറ്റിവിറ്റി സിദ്ധാന്തത്തിന്റെ പ്രാഥമിക നിലപാട്. ഇപ്പറയുന്ന വസ്തു പദാർഥത്തിന്റെ ഏതു രൂപവും ഘടകവുമാകാം, പ്രകാശം ഉൾപ്പെടെ. പിണ്ഡവും ഊർജവുമുള്ള ഏത് വസ്തുവും ഗുരുത്വപരമായി പ്രതിപ്രവർത്തിക്കുന്നതിനാൽ മറ്റെല്ലാ വസ്തുക്കളെയും അത് ബാധിക്കുന്നു^ അവയുടെ പിണ്ഡത്തോതിന് ആനുപാതികമായി. ഇത് ഖണ്ഡിതമായി പറഞ്ഞാൽപ്പിന്നെ ഊഹവാദങ്ങൾക്ക് സ്ഥാനമില്ല. അടിസ്ഥാന ഭൗതിക ശാസ്ത്രത്തിന്റെ സർവസ്വമായ ബലതന്ത്രത്തിന്റെയും ആപേക്ഷികതയുടെയും സകല നിഗമനങ്ങളും ഇതിൽനിന്ന് സ്വാഭാവികമായി വരുന്നു – ന്യൂട്ടന്റെ ചലനനിയമം പോലുള്ള അടിസ്ഥാനഫലങ്ങളടക്കം. പ്രപഞ്ചത്തെ മുഴുവൻ ഉൾക്കൊള്ളുന്ന ഈ ഗുരുത്വാധിഷ്ഠിത പാരഡൈമാണ് കോസ്മിക് റിലേറ്റിവിറ്റി. അതിൽ പ്രപഞ്ചമാണ് ബലതന്ത്രത്തിന്റെ ഏകവും പരമവുമായ സൂചക ചട്ടക്കൂട്. പിന്നെ, പ്രപഞ്ചത്തിന്റെ പരിണാമത്തോട് ബന്ധപ്പെടുത്താവുന്ന ഒരു അബ്സല്യൂട്ട് സമയവും.
ഇന്ന് നമുക്ക് വമ്പൻ ടെലിസ്കോപ്പുകൾ വഴി പ്രപഞ്ചത്തെ ആഴത്തിലും പരപ്പിലും നിരീക്ഷിക്കാവുന്നതുകൊണ്ട് അത് നിറച്ച് പദാർഥവും ഊർജത്തിന്റെ ചില രൂപങ്ങളുമാണെന്ന യാഥാർഥ്യം നിരാകരിക്കാനാവില്ല. അപ്പോൾ തീർച്ചയായുമുണ്ട്, ഈ പദാർഥത്തിന്റെയും ഊർജത്തിന്റെയും ബന്ധപ്പെട്ട ഗുരുത്വബലം. ഇതുതന്നെ തെളിയിക്കുന്നു, ശൂന്യതയെ ഭൗതിക പശ്ചാത്തലമായി നിരൂപിക്കുന്ന നിലവിലെ സിദ്ധാന്തങ്ങളെല്ലാം ഒന്നുകിൽ അപൂർണങ്ങൾ അല്ലെങ്കിൽ പാടേ തെറ്റ്. പ്രപഞ്ചത്തിലെ പദാർഥത്തിന്റെയും ഊർജത്തിന്റെയും തോത് നിരീക്ഷണം വഴി ഇന്ന് നമുക്ക് മിക്കവാറും കൃത്യമായി തിട്ടപ്പെടുത്താൻ കഴിയും. അതുകൊണ്ട് ഗുരുത്വ സംബന്ധിയായ മുഴുവൻ ഭൗതികഫലങ്ങളും തിട്ടപ്പെടുത്താനാവും. ഇക്കാര്യത്തിലുള്ള ഏത് തിട്ടപ്പെടുത്തലും എന്റെ പരീക്ഷണ നിരീക്ഷണങ്ങളിലെ ഫലങ്ങളുമായി തികഞ്ഞ പൊരുത്തത്തിലാണ്. അങ്ങനെ എന്റെ സിദ്ധാന്തം അനുഭവൈക തെളിവിന്റെ അടിസ്ഥാനത്തിലും സാധുവാക്കപ്പെടുന്നു. ഈ ഫലങ്ങൾ ഐൻസ്റ്റൈന്റെ സവിശേഷാപേക്ഷികതാ സിദ്ധാന്തം തെറ്റാണെന്ന് വ്യക്തമാക്കുന്നു, അതിനെ കോസ്മിക് റിലേറ്റിവിറ്റികൊണ്ട് പകരം വെക്കണമെന്നും. അദ്ദേഹത്തിന്റെ ജനറൽ തിയറിയാകട്ടെ – അതും ഗുരുത്വത്തിന്റെ ഒരു സിദ്ധാന്തംതന്നെ – അപൂർണമാണ്. കോസ്മിക് റിലേറ്റിവിറ്റി സിദ്ധാന്തം ഉപയോഗിച്ച് അതിന് സവിശേഷമായ ഒരു തിരുത്തും നൽകേണ്ടതുണ്ട്. ഗലീലിയോയും ന്യൂട്ടനും ഏണസ്റ്റ് മാക്കും ഐൻൈസ്റ്റനും പല കാലങ്ങളിലായി ചർച്ചചെയ്ത് പരിഹരിക്കാതെ വിട്ട പല പ്രശ്നങ്ങളും പ്രഹേളികകളുമുണ്ട് ബലതന്ത്രത്തിലും ആപേക്ഷികതയിലും. അതെല്ലാം ഈ പുതിയ സിദ്ധാന്തം പരിഹരിക്കുന്നു എന്നത് ഒരതിശയോക്തിയല്ല.
ഭൗതികശാസ്ത്രം കുറേക്കാലമായി ഒരു പ്രതിസന്ധിയിലാണെന്നത് അത്ര പരസ്യമല്ലാത്ത വസ്തുതയല്ലേ? സ്റ്റാൻഡേഡ് മാതൃകയുമായി പല നിർണായകവസ്തുതകളും പൊരുത്തപ്പെടുന്നില്ല. താങ്കളുടെ സിദ്ധാന്തം ഈ പ്രശ്നങ്ങൾ എത്ര കണ്ട് പരിഹരിക്കുന്നുണ്ട്?
നിലവിലുള്ള അടിസ്ഥാന സിദ്ധാന്തങ്ങളെ ഭൗതിക പ്രതിഭാസങ്ങളിലേക്ക് പ്രയോഗിക്കുന്നതിൽ വലിയ പ്രതിസന്ധിയൊന്നും പൊതുവേ നേരിടുന്നില്ല. കാരണം, നിരീക്ഷണങ്ങളിൽ കാണപ്പെടുന്നതിനെ ഈ സിദ്ധാന്തങ്ങളോടു പാകപ്പെടുത്താൻ ആവശ്യമായ സാങ്കേതിക രീതിമാർഗങ്ങൾ കണക്കുകൂട്ടലുകളിൽ (Calculation) ചമച്ചുവെച്ചിട്ടുണ്ട്. എന്നാൽ, പല സാഹചര്യങ്ങളിലും ഈ ‘രീതിമാർഗങ്ങളും’ ‘ചമക്കലുകളും’ തൃപ്തികരമായ ന്യായീകരണങ്ങൾ തരുന്നവയല്ല. ഇത് മാതൃകകൾ ‘പ്രവർത്തനക്ഷമ’മായിരിക്കുമ്പോഴും അവയുടെ അടിസ്ഥാനങ്ങൾ പിശകാണെന്നതിന്റെ വ്യക്തമായ സൂചനയാണ്. ഇത്തരം പ്രയോജനവാദപരമായ ഉദാഹരണങ്ങൾ പണ്ടുമുള്ളതാണ് – ടോളമിയുടെ ഭൂകേന്ദ്രിത ജ്യോതിശാസ്ത്രത്തിലേതുപോലെ. നിർണായക വിടവുകൾ തിരിച്ചറിയപ്പെട്ടാലും അവയെ ചില വ്യതിചലനങ്ങളായി കണ്ട് അവഗണിക്കുകയും പിൽക്കാലത്ത് മനസ്സിലാക്കാൻ വേണ്ടി വിടുകയുമാണ് പതിവ്. ഭൗതിക യാഥാർഥ്യത്തെ തിരിച്ചറിയുന്ന ഒരു സമ്പൂർണ മാതൃകമാറ്റമേ കാര്യങ്ങൾ ശരിപ്പെടുത്തുകയുള്ളൂ. അതാണ് കോസ്മിക് റിലേറ്റിവിറ്റി ചെയ്യുന്നത്, എല്ലാ വിടവുകളും അടക്കുകയും എല്ലാ വ്യതിചലനങ്ങളും മാറ്റുകയും. ശരിയായ ഭൗതിക സാഹചര്യത്തെ അത് അനാവരണം ചെയ്യുന്നു. പ്രപഞ്ചം ശൂന്യമല്ല അതിന് വമ്പൻ ഗുരുത്വബലമുണ്ട് എന്ന് വരുമ്പോൾ ഭൗതികശാസ്ത്രത്തിൽ ഒരു സമ്പൂർണ സങ്കൽപന മാറ്റം സ്വാഭാവികമായ അനിവാര്യതയാണ്. ഇത് കോപ്പർ നിക്കസിന്റെ സൗരകേന്ദ്രിത വ്യവസ്ഥയിലേക്കുള്ള പണ്ടത്തെ മാറ്റത്തേക്കാൾ വളരെയേറെ വിപുലവും സവിശേഷവുമായ ഒന്നാണ്. ബലതന്ത്രത്തിലും ആപേക്ഷികതയിലുമുള്ള ഏത് പ്രശ്നത്തെയും അഭിമുഖീകരിക്കാനും ഇന്നറിയപ്പെടുന്നതിലും ഏറെ തൃപ്തികരവും വിശ്വസനീയവുമായ ഉത്തരം നൽകാനും ഈ സിദ്ധാന്തത്തിന് കഴിയുന്നു.
െഎൻസ്റ്റൈൻ മൂർത്തിയും മാമൂൽവാഴ്ചയും
പദാർഥവും ഊർജവും തമ്മിലുള്ള ബന്ധത്തിന്മേലായിരുന്നു ഐൻസ്റ്റൈന്റെ പ്രധാന അന്വേഷണം. ചില സുസ്ഥിര ഘടകങ്ങളിലും (invariants) പ്രതിസമതയിലു (symmetry)മാണ് അദ്ദേഹം തന്റെ വാദങ്ങൾക്ക് നങ്കൂരമൊരുക്കിയത്. എന്നാൽ അദ്ദേഹം നിരൂപിച്ച ചില സ്ഥിരഘടകങ്ങൾ പിന്നീട് പിശകാണെന്ന് വന്നിട്ടുണ്ട്. ഉദാഹരണത്തിന് പ്രകാശവേഗം. എന്നിട്ടും അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങൾ കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിച്ച് ഒരു നൂറ്റാണ്ട് കടന്നിരിക്കുന്നു. ഒരു ഭൗതിക ശാസ്ത്രജ്ഞന്റെ വിഗ്രഹപരിവേഷത്തിന് മുന്നിൽ ഭൗതിക ശാസ്ത്രം പക്കമേളമായിത്തീർന്ന വൈചിത്ര്യമാണോ ഇത്?
ആപേക്ഷികതാ സിദ്ധാന്തത്തിന്റെ ഒരു സുപ്രധാന ഫലമായിരുന്നു പദാർഥവും ഊർജവും തമ്മിലുള്ള ഐൻസ്റ്റൈന്റെ ബന്ധം. വാസ്തവത്തിൽ അത് ഇലക്ട്രോ-മാഗ്നറ്റിക് ഊർജവും തത്തുല്യമായൊരു പിണ്ഡവും തമ്മിൽ ലോറൻസ് കണ്ടെത്തിയ ബന്ധത്തിന്റെ ഒരു സാമാന്യവത്കരണമായിരുന്നു.
അതൊരു പ്രധാനപ്പെട്ട സാമാന്യവത്കരണം തന്നെയായിരുന്നു. കാരണം, ഗുരുത്വബലത്തിന്റെ സ്രോതസ്സാണ് പിണ്ഡം. ഐൻൈസ്റ്റന്റെ നിർണയത്തോടെ ഏത് രൂപത്തിലുള്ള ഊർജവും ഗുരുത്വ സ്രോതസ്സാണെന്ന് വ്യക്തമായി. ആ സിദ്ധാന്തത്തിലെ പല സ്ഥിരഘടകങ്ങളും പിശകായിരുന്നു എന്ന് കണ്ടെത്തി എന്നുപറഞ്ഞാൽ ശരിയാവില്ല. പ്രത്യേകിച്ചോർക്കേണ്ടത്, പ്രകാശത്തിന്റെ ആപേക്ഷിക പ്രവേഗം സ്ഥിരമാണെന്ന അദ്ദേഹത്തിന്റെ ഊഹനിഗമനം – അതിനെ ലൈറ്റ് െഹെപ്പോതിസിസ് എന്ന് ചുരുക്കിവിളിക്കാം. അത് കിറുകൃത്യമാണെന്ന് ഇന്നുള്ള മിക്കവാറും എല്ലാ ഭൗതികശാസ്ത്രജ്ഞരും കരുതുന്നു – ഞാനൊഴികെ! അതുകൊണ്ടാണ് അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങൾ പൂർണമായും സാധുവായി ഇന്നും കരുതപ്പെടുന്നത്; ആളിന്റെ വിഗ്രഹ പരിവേഷംകൊണ്ട് മാത്രമല്ല. 15 കൊല്ലം മുമ്പ് ഞാനൊരു പരീക്ഷണം നടത്തി, പ്രകാശ പ്രസരണത്തിന്റെ യഥാർഥ പ്രകൃതം പരിശോധിക്കുന്ന യുക്തമായ പരീക്ഷണമൊന്നും അതിനുമുമ്പ് ആരും നടത്തിയിരുന്നില്ല. എന്നുപറഞ്ഞാൽ അതിശയം തോന്നാം. പ്രകാശ പ്രസരണത്തിന്റെ ഒരു കൂട്ടിപ്പിരിക്കലും ക്ലോക്കുകൾ ചലിക്കുമ്പോൾ എങ്ങനെ അവയിലെ സമയം മാറുന്നു (time dilation) എന്നു നോക്കലുമാണ് പരീക്ഷണം. പ്രകാശത്തിന്റെ ആപേക്ഷിക പ്രവേഗം സ്ഥിരമാണോ അല്ലയോ എന്ന് നോക്കാൻ ഞാനൊരു പുതിയ മാർഗം കണ്ടുപിടിച്ചു. ടൈം ഡൈലേഷന്റെ സന്ദിഗ്ധതകളൊന്നുമില്ലാത്ത ഒരു മാർഗം.
എന്റെ ഈ പരീക്ഷണം ശ്രദ്ധിക്കുകയും അതിന്മേൽ സംവാദം നടത്തി കാര്യം മനസ്സിലാക്കുകയും ചെയ്താൽ പ്രകാശത്തിന്റെ ആപേക്ഷിക പ്രവേഗം സ്ഥിരതയുള്ളതല്ലെന്ന് ഗ്രഹിക്കാനാവും. ഐൻസ്റ്റൈന്റെ സിദ്ധാന്തത്തിന് പിന്നെ നിലനിൽപില്ല. പരീക്ഷണഫലം ആ സിദ്ധാന്തത്തെ അപ്പാടെ ഒരു യേസ്/നോ രീതിയിൽ പൊളിക്കുന്നു. കാൾ പോപ്പറുടെ സമീപനപ്രകാരം പറഞ്ഞാൽ, എന്റെ പരീക്ഷണഫലങ്ങളാൽ ഐൻസ്റ്റൈന്റെ സവിശേഷാപേക്ഷികതാ സിദ്ധാന്തം തെറ്റാണെന്ന് തെളിയുന്നു. ചില വിമർശനങ്ങളെയും പരീക്ഷണ ഫലങ്ങളെയും മുൻകാലങ്ങളിൽ പരിശോധിക്കാതെ അവഗണിക്കാൻ ഐൻസ്റ്റൈന്റെ വിഗ്രഹ പരിവേഷം ഇടയാക്കിയിട്ടുണ്ടെന്നത് നേരാണ്. ഞാനും ഇന്ന് സമാന സ്ഥിതിവിശേഷം നേരിടുന്നു. എന്റെ പരീക്ഷണഫലങ്ങൾ മുൻവിധിയില്ലാതെ ആത്മാർഥമായി ചർച്ചചെയ്യുന്ന പക്ഷം സ്ഥലകാലങ്ങളുടെ absolutes ഭൗതികശാസ്ത്രത്തിൽ തിരിച്ചെത്തും. പക്ഷേ, അനഭിലഷണീയമായ ഇത്തരമൊരു സ്ഥിതിവിശേഷം ഭൗതികശാസ്ത്രത്തിൽ വലിയൊരളവോളം നിലനിൽക്കുകയാണ്. കാരണം, സൈദ്ധാന്തിക ഭൗതിക ശാസ്ത്രകാരന്മാരാണ് സിദ്ധാന്തങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങളെ നിയന്ത്രിക്കുന്നത്. അവരിൽ ഇന്നുള്ള ഭൂരിപക്ഷത്തിനും പരീക്ഷണങ്ങളുമായി വേണ്ടത്ര പരിചയമില്ല. ആശയങ്ങളുടെ വികാസ ചരിത്രത്തെപ്പറ്റിയുള്ള ധാരണയും കമ്മി.
എതിർവാദങ്ങളും ഇതുപോലുള്ള എതിർ തെളിവുകളുമുണ്ടെങ്കിലും ഐൻസ്റ്റൈന്റെ സങ്കൽപനങ്ങൾ ഭൗതിക ശാസ്ത്ര സമൂഹത്തിൽ പരമമായി തുടരുകയാണ്. താങ്കളുടെ പുസ്തകത്തിലും ചൂണ്ടിക്കാണിച്ചിട്ടുണ്ട്, ഐൻസ്റ്റൈന്റെ നിഗമനങ്ങളുടെ സംഗതമായ സുഷിരങ്ങൾ. യുക്തിന്യായ തീക്ഷ്ണതയേയും അനുഭവൈക ധാരണയേയും ഇത്രകണ്ട് ആശ്രയിച്ചുനിൽക്കുന്ന ഒരു ശാസ്ത്രം എങ്ങനെയാണ് നിർണായകമായ ഈ ശൂന്യതകൾ അവഗണിക്കുന്നത് – ഐൻസ്റ്റൈൻ ഉണ്ടെങ്കിലും ഇല്ലെങ്കിലും? സ്വന്തം ഗവേഷണങ്ങളുടെയും കണ്ടെത്തലുകളുടെയും സാംഗത്യത്തെ ഹനിക്കാനിടയുള്ള ഇത്തരം ഉപേക്ഷക്ക് ഇരയാകാൻ മാത്രം ഭോഷരാണോ ഭൗതികശാസ്ത്രജ്ഞരെല്ലാം? താങ്കൾ പറയുന്ന പ്രകാരമാണ് കാര്യങ്ങളെങ്കിൽ അതിന് ഭൗതിക ശാസ്ത്രം ഇതിനോടകം വലിയ വില കൊടുത്തിട്ടുണ്ടാവണമല്ലോ.
സ്വന്തം അസ്തിവാരങ്ങളിൽ പല സുഷിരങ്ങളും ശേഷിപ്പിക്കുന്നതിന്റെ വില ഭൗതികശാസ്ത്രം കൊടുത്തുകൊണ്ടിരിക്കുകയാണ്. അതാണ് ക്വാണ്ടം ഫിസിക്സിലെ സ്ഥിതിവിശേഷം, ഒരു പരിധിവരെ ആപേക്ഷികതാ ശാസ്ത്രത്തിലെയും. എന്നാൽ, അത് ഫിസിക്സിന്റെ മുഖപ്പിൽ ഇപ്പോഴും പ്രതിഫലിച്ചിട്ടില്ല, അതുകൊണ്ട് ആളുകൾ തിരിച്ചറിയുന്നില്ല. ലളിതവും എളുപ്പത്തിൽ പരിശോധിച്ചറിയാവുന്നതുമായിരുന്നു കോപ്പർനിക്കസിന്റെ പ്ലാനറ്ററി സിസ്റ്റം: പക്ഷേ, രണ്ടു നൂറ്റാണ്ടോളം പണ്ഡിതരും ‘വിവേകശാലിക’ളും അതിനെ എതിർത്തു, പരിഹസിച്ചു. മതപരമായ എതിർപ്പും അന്നുണ്ടായിരുന്നു. ഇന്ന് അതില്ല. പക്ഷേ, ഐൻസ്റ്റൈന്റെ സിദ്ധാന്തങ്ങൾക്ക് മതഗ്രന്ഥങ്ങളുടെ പദവിയാണ്, രണ്ടു കാരണങ്ങളാൽ. ഒന്ന്, ആ സിദ്ധാന്തത്തിന്റെയും അബ്െസാല്യൂട്ട് ചട്ടക്കൂടുള്ള സിദ്ധാന്തങ്ങളുടെയും പ്രവചനങ്ങൾ സമാനമാണ്. ലോറൻസിന്റെ ഈതർ സിദ്ധാന്തമോ എന്റെ കോസ്മിക് റിലേറ്റിവിറ്റി സിദ്ധാന്തമോ പോലും മിക്ക പ്രായോഗിക സന്ദർഭങ്ങളിലും പരീക്ഷണങ്ങളിലും ഇതേ വിധം ഒരേപോലെയാണ്. അങ്ങനെ, ഐൻസ്റ്റൈന്റെ സവിശേഷാപേക്ഷികതാ സിദ്ധാന്തത്തിന് ഭൗതിക പ്രതിഭാസങ്ങളുടെ മിക്ക പ്രായോഗിക സാഹചര്യങ്ങളുമായി ഉപരിപ്ലവമായ ഒരു പൊരുത്തമുണ്ട്. ചില നിർണായക സന്ദർഭങ്ങളിൽ മാത്രമാണ് സ്ഥലകാലങ്ങൾക്ക് കേവലത്വമുള്ള ഒരു സൂചക ചട്ടക്കൂട് ആവശ്യമാണെന്നതിന്റെ തെളിവു കിട്ടുക. സുഷിരങ്ങൾ ചില കോണുകളിൽനിന്നേ വെട്ടപ്പെടൂ എന്നർഥം.
രണ്ട്, ഇപ്പറഞ്ഞ സവിശേഷാപേക്ഷികതാ സിദ്ധാന്തത്തെ അടിസ്ഥാനമാക്കി ഐൻസ്റ്റൈൻ കൊണ്ടുവന്ന ജനറൽ തിയറി ജ്യോതിശാസ്ത്രപരമായ ആവശ്യങ്ങൾക്കും ലബോറട്ടറി പ്രയോഗങ്ങൾക്കും ഗണ്യമായിത്തന്നെ അനുയോജ്യമാണ്. അതിന്റെ പോരായ്മ അതിന്റെ അപൂർണതയിലാണ്. ആ കുറവ് സംഗതമാവുക, ജഡത്വത്തിന്റെ (inertia) പ്രഭവത്തെ കുറിച്ചുള്ള ചിരപുരാതന പ്രശ്നങ്ങളിലാണ്. ഐൻസ്റ്റൈന്റെ സിദ്ധാന്തം പരിഹരിക്കാത്ത ആ പ്രശ്നവും കോസ്മിക് റിലേറ്റിവിറ്റി പരിഹരിക്കുന്നുണ്ട്.
മറ്റൊന്ന് കൂടിയുണ്ട്. ഇന്ത്യൻ ശാസ്ത്രവുമായി ബന്ധപ്പെട്ടതാണത്. ഇന്ത്യയിൽനിന്നാണ് എന്റെ ഗവേഷണം വരുന്നത് – വിദേശവേദികളിൽ ഞാൻ ഇതിനെപ്പറ്റി സംസാരിച്ചിട്ടുണ്ടെങ്കിലും; ഇന്ത്യപോലൊരു രാജ്യത്തുനിന്നുള്ള ഗവേഷണത്തെ ആഗോള ശാസ്ത്രസമൂഹം ശ്രദ്ധിക്കണമെങ്കിൽ ആദ്യം അത് ഇന്ത്യയിൽ ചർച്ചയാവണം. സംവാദങ്ങൾ നടക്കണം, അംഗീകരിക്കപ്പെടണം. പരീക്ഷണത്തെളിവുകളും യുക്തിന്യായ തെളിവുകളും സഹിതം ഞാൻ ഇന്ത്യയിൽ ഡസൻകണക്കിന് അവതരണങ്ങൾ നടത്തി. ഒരൊറ്റ സീനിയർ ഭൗതികശാസ്ത്രജ്ഞനും സംവാദത്തിന് വരുകയോ താൽപര്യം കാട്ടുകയോ ഉണ്ടായിട്ടില്ല: അവർ ചുമ്മാ കേട്ടിരിക്കും, വല്ല വിദേശിയും വന്ന് ഈ സിദ്ധാന്തത്തെ വെടിവെച്ചിടും എന്ന് പ്രതീക്ഷിച്ചാവാം, ഒരുപക്ഷേ. അങ്ങനെ സിദ്ധാന്തം കുഴിച്ചുമൂടാം. ഇവിടത്തെയും ഭൗതിക ശാസ്ത്രജ്ഞർ ഭോഷന്മാരല്ല, പക്ഷേ, ഏകരൂപേണ ഭീരുക്കളാണ്. ഫിസിക്സിന്റെ അസ്തിവാരങ്ങളായി പാശ്ചാത്യലോകത്തുനിന്ന് തരുന്നതിനെ അവർ ഒരിക്കലും ചോദ്യംചെയ്യില്ല! ഇന്ത്യൻ ഭൗതികശാസ്ത്ര സമൂഹത്തിന്റെ ജാഡ്യമാണ് ഈ കണ്ടെത്തലിനെ ആഗോള അവബോധം കിട്ടുന്നതിൽനിന്ന് തടഞ്ഞുവെക്കുന്നത്.
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാതി ഫിസിക്സിന്റെ സുവർണ യുഗമുണ്ടാക്കി – ആപേക്ഷികതാ ശാസ്ത്രത്തിനും ക്വാണ്ടം പ്രതിഭാസത്തിനും നന്ദി. ആ കാലയളവിലുണ്ടായ പ്രസിദ്ധ സിദ്ധാന്തങ്ങളുടെ പിഴവുകൾക്ക് മുഖ്യകാരണം ജ്യോതിശാസ്ത്രത്തിന്റെ പ്രാകൃതാവസ്ഥയാണെന്ന് പറയാം. പിന്നീട് ജ്യോതിശാസ്ത്രം വൻ കുതിപ്പുകൾ നടത്തി. നമ്മുടെ പ്രപഞ്ച കാഴ്ച ഗംഭീരമായി വികസിച്ചു. ഭൗതികശാസ്ത്രം അത് മുതലാക്കി അടിസ്ഥാനങ്ങൾ പരിഷ്കരിക്കാതെ നിൽക്കുന്നെന്നാണോ? എങ്കിൽ ഫിസിക്സ് ഒരു നൂറ്റാണ്ട് പാഴാക്കി എന്നാണോ?
പാഴാക്കിയിട്ടില്ല. ന്യൂക്ലിയർ ഫിസിക്സിലെയും സബ് ന്യൂക്ലിയർ ഫിസിക്സിലെയും കണ്ടെത്തലുകളെല്ലാം 20ാം നൂറ്റാണ്ടിലാണ് സംഭവിച്ചത്. പ്രതിഭാസങ്ങൾ കണ്ടെത്തുന്നതിന്റെ അടിസ്ഥാനത്തിലാണെങ്കിൽ അത് വളരെ ബിസിയായ നൂറ്റാണ്ടായിരുന്നു. പക്ഷേ, അസ്തിവാരങ്ങൾ ഒരു നൂറ്റാണ്ടായി മുരടിച്ചുനിൽക്കുന്നു. മുരടിപ്പ് മാത്രമല്ല, അവ തെറ്റും അസ്ഥിരവുമാണ്. അവ പാടേ മാറ്റേണ്ടതുണ്ട്.
കാരണം, നമ്മുടെ അടിസ്ഥാന സിദ്ധാന്തങ്ങളെല്ലാം 1930 കാലയളവിന് മുമ്പുതന്നെ പൂർത്തിയാക്കപ്പെട്ടവയാണ്. അന്നത്തെ സങ്കൽപത്തിലുള്ള പ്രപഞ്ചം നന്നേ ചെറുതാണ്. സ്വാഭാവികമായും ആ കൊച്ചുപ്രപഞ്ചത്തിലെ പദാർഥസഞ്ചയവും അവയുടെ ഗുരുത്വബലവും തീരെ ചെറുതായിരിക്കുമല്ലോ. ശിഷ്ടമുള്ള സ്ഥലം (space) ശൂന്യമാണെന്നും അന്ന് കരുതി. അങ്ങനെ, ബലതന്ത്രത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങൾ രണ്ടും – സവിശേഷാപേക്ഷികതാ സിദ്ധാന്തവും ക്വാണ്ടം മെക്കാനിക്സും– ഈ ശൂന്യതയെ ഭൗതിക പ്രപഞ്ചത്തിന്റെ പശ്ചാത്തലമാക്കി. ഭൗതികശാസ്ത്രത്തിലെ മറ്റെല്ലാ സിദ്ധാന്തങ്ങളും ഈ രണ്ടെണ്ണത്തെ ആധാരമാക്കിയുള്ളതാകയാൽ അവയെല്ലാംതന്നെ ഇപ്പറഞ്ഞ ശൂന്യതയെ വരിച്ചാണ് നിലകൊള്ളുന്നത്. ശൂന്യതക്ക് പ്രകൃതവിശേഷങ്ങളില്ലാത്തതിനാൽ എല്ലായിടത്തുമുള്ള പദാർഥത്തോട് സംബന്ധിച്ചല്ലാതെ സമയത്തെ നിർവചിക്കാനാവില്ല. നിലവിലുള്ള അടിസ്ഥാന സിദ്ധാന്തങ്ങളാകട്ടെ സ്ഥല-കാലങ്ങൾക്ക് അഥവാ ചലനത്തിനും സമയത്തിനും കേവലസൂചകം നിരാകരിക്കുന്നവയാണ്.
അന്നത്തെ പ്രപഞ്ചത്തിന്റെ ആയിരം മടങ്ങെങ്കിലും വിപുലമാണ് യഥാർഥത്തിലുള്ള പ്രപഞ്ചമെന്ന് ഇന്നു നമുക്കറിയാം. അതിൽ അന്ന് നിരൂപിച്ചതിന്റെ നൂറുകോടി മടങ്ങ് പദാർഥമുണ്ടെന്നും. ഈ യാഥാർഥ്യം സകലതിനെയും മാറ്റിമറിക്കുന്നതാണ്. ചലനത്തിന്റെ കേവല ചട്ടക്കൂടായി ഈ അതിഭീമ പദാർഥലോകം നിലകൊള്ളുന്നു എന്നു മാത്രമല്ല, അതിന്റെ പരിണാമം – ബിഗ് ബാങ്ങോ മറ്റേതെങ്കിലും തരം തുടക്കമോ ആകട്ടെ, അതിൽനിന്നുള്ള പരിണാമം – കേവല സമയത്തിന്റെ ചട്ടക്കൂടായി നിൽക്കുന്നു. അതിലും പ്രധാനം, ഇത്രക്ക് ഭീമമായ പദാർഥത്തിന്റെയും ഊർജത്തിന്റെയും ഗുരുത്വബലമാണ്. എല്ലാത്തിനെയും എല്ലാ പ്രതിഭാസങ്ങളെയും ബാധിക്കുന്ന പരസ്പര പ്രവർത്തനമാണല്ലോ ഗുരുത്വബലം. അതിൽനിന്ന് ഒന്നിനും വിമുക്തിയില്ല. സമയം എങ്ങനെ പുരോഗമിക്കുന്നു, പ്രകാശം എങ്ങനെ പ്രസരിക്കുന്നു, വസ്തുക്കൾ എങ്ങനെ ചലിക്കുന്നു തുടങ്ങി സകലതും അതിന്റെ സ്വാധീനത്തിലാണ്. ഇത് മനസ്സിലാക്കിയാൽ പിന്നെ ആകപ്പാടെ ചെയ്യേണ്ടത്, യഥാർഥ ലോകത്ത് ബലതന്ത്രമായി നാം കാണുന്നതിനെയൊക്കെ വിശദീകരിക്കാൻ പ്രപഞ്ചത്തിലെ ഇപ്പറഞ്ഞ പദാർഥവും ഊർജവും മതിയാവുന്നതാണോ എന്ന് പരിശോധിച്ചു നോക്കുകയാണ്. അതാണ് കഴിഞ്ഞ 15 കൊല്ലമായി ഞാൻ ചെയ്തുവന്നത്. ആ പ്രപഞ്ച ഗുരുത്വബലം മതിയാവുന്നു എന്നു തന്നെയല്ല, അത് നാം കാണുന്ന സകല പ്രതിഭാസങ്ങളോടും കൃത്യമായി പൊരുത്തപ്പെടുകയും ചെയ്യുന്നു. ഒരു കൊച്ചു പന്തിന്റെ ചലനവും ഒരു റോക്കറ്റിന്റെ പാച്ചിലും തൊട്ട് ഇലക്ട്രോൺ കണത്തിന്റെ സങ്കീർണമായ ക്വാണ്ടം ചലനം വരെ എവിടെയും.
ഇങ്ങനെ പ്രപഞ്ചഗുരുത്വം നിർണായകമാവുമ്പോൾ, പ്രകാശത്തിന്റെ ആപേക്ഷിക പ്രവേഗം സ്ഥിരാങ്കമാണെന്ന ഐൻസ്റ്റൈന്റെ ഊഹനിഗമനം തെറ്റാണെന്ന് വരുന്നു – ഈ ഊഹമാണ് അദ്ദേഹത്തിന്റെ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ അടിത്തറ എന്നോർക്കണം. മറിച്ച്, പ്രകാശം പെരുമാറുന്നത് ശബ്ദത്തിന്റെ മാതിരിയാണ്; അതിന്റെ ആപേക്ഷിക പ്രവേഗം നിരീക്ഷകന് അനുസൃതമായി മാറുന്നു. ഇതാണ് ഐൻസ്റ്റൈന്റെ സിദ്ധാന്തത്തിൽനിന്ന് എന്റെ സിദ്ധാന്തത്തെ വേർതിരിക്കുന്ന നിർണായകമായ പരീക്ഷണത്തെളിവ്. ഇത് ഊഹ നിഗമനമല്ല. എന്റെ പരീക്ഷണങ്ങളിലും ജി.പി.എസ് നാവിഗേഷന്റെ പ്രവർത്തനത്തിലുമൊക്കെയായി പലകുറി പരിശോധിച്ചുറപ്പിച്ചതാണ്. ഇനി, അക്കാര്യത്തിൽ സംശയത്തിന് പഴുതേയില്ല.
നവ സിദ്ധാന്തത്തിന്റെ ഉൽപത്തിയും വികാസവും
താങ്കളുടെ സിദ്ധാന്തത്തിലേക്ക് മടങ്ങിവരാം. ഈ ആശയത്തിൽ എങ്ങനെയാണ് എത്തിച്ചേർന്നത്? നിലവിലെ യാഥാർഥ്യ വീക്ഷണത്തിൽ സംശയം തോന്നിത്തുടങ്ങിയത് എപ്പോഴാണ്? ആഴത്തിൽ അന്വേഷിക്കാൻ പ്രേരിപ്പിച്ചതെന്താണ്?
അടിസ്ഥാന ഭൗതിക ശാസ്ത്രത്തിന്റെ ഘടന പഠിക്കുമ്പോൾ പല ഊഹനിഗമനങ്ങളും (Postulates) കാണാം, പലതും വിശ്വാസയോഗ്യമല്ലാതെ കിടക്കുന്നു. അതേസമയം, ഭൗതിക ശാസ്ത്രത്തിന്റെ ഉപരിഘടനയും മുഖപ്പും പരിശോധിച്ചുറപ്പിക്കാത്ത ഈ നിഗമനങ്ങളെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. അവയിൽ ചിലത് പ്രതീക്ഷിക്കപ്പെടുന്നതിൽനിന്ന് വിപരീതമായി സംഭവിക്കുന്ന തരത്തിലാണ്, ഫിസിക്സിൽ അറിവുള്ള വസ്തുതകളുമായി പൊരുത്തപ്പെടുന്നില്ല. മിക്കവരും ഇത്തരം ചുറ്റുപാടുകളെ അവഗണിച്ച് ഉപരിഘടനയിൽ പണിഞ്ഞുകൊണ്ടിരിക്കുന്നു. അങ്ങനെ പുതിയ ഫലങ്ങൾ ഉരുത്തിരിക്കുകയും പുതിയ ഭൗതിക പ്രതിഭാസങ്ങൾ കണ്ടെത്തുകയും ചെയ്യുന്നു. ചില ഗവേഷകർ അസ്തിവാരങ്ങളെ ശ്രദ്ധിക്കുന്നു. കാരണം, ഉപരിഘടനയിൽ നിർമിച്ചുവെച്ചിട്ടുള്ള മിക്കതിനെയും അലോസരപ്പെടുത്താതെ അടിത്തറയിൽ ശക്തമായ മാറ്റങ്ങൾ സാധിക്കാം. പഴയതിനെ മാറ്റാൻ പര്യാപ്തമായ ഒരു പുതിയ അടിത്തറ കൂടുതൽ സമൃദ്ധവും സ്ഥിരതയുള്ളതുമായിരിക്കും – ഭൗതിക സത്യത്തോട് കൂടുതൽ അടുത്തതെന്ന നിലയിൽ. നിരീക്ഷിത പ്രതിഭാസം മാറുന്നില്ല, എന്നാൽ, അതിനെ കുറിച്ച വ്യാഖ്യാനവും ധാരണയും കാതലായി മാറ്റാനാവും.
ആപേക്ഷികതയിൽ ഏറ്റവും സംശയാസ്പദമായ നിഗമനം തന്നെയാണ് ഇന്ന് ഏറ്റവും അടിസ്ഥാനമായിരിക്കുന്നത്. അതായത്, പ്രകാശത്തിന്റെ പ്രസരണമാണ് നമുക്കറിവുള്ള മറ്റെല്ലാ തരംഗങ്ങളുടെയും പ്രസരണത്തിൽനിന്നും വ്യത്യസ്തമാണെന്ന ഊഹനിഗമനം. ഐൻസ്റ്റൈന്റെ ‘ലൈറ്റ് ഹൈപോതിസിസ്’ പറയുന്നത്, ഒരു നിരീക്ഷകന്റെ പ്രവേഗത്തിന് അനുസൃതമായി പ്രകാശത്തിന്റെ ആപേക്ഷിക പ്രവേഗം മാറുന്നതേയില്ല എന്നാണ്. ശബ്ദതരംഗംപോലെ മറ്റെല്ലാ തരംഗങ്ങളുടെയും ആപേക്ഷിക പ്രവേഗങ്ങൾ നിരീക്ഷകന്റെ പ്രവേഗത്തിനൊത്ത് മാറുന്നതാണ്. ഒരു തരംഗത്തെ നാം പിന്തുടർന്നാൽ അതിന്റെ ആപേക്ഷിക പ്രവേഗം കുറഞ്ഞിരിക്കും. തരംഗത്തിനടുത്തേക്ക് നാം കുതിക്കുന്നപക്ഷം നേരെ മറിച്ചും. ഐൻസ്റ്റൈൻ നിരൂപിച്ചത് നിരീക്ഷകന്റെ ചലനാവസ്ഥ എന്തുതന്നെയായാലും പ്രകാശത്തിന്റെ ആപേക്ഷിക പ്രവേഗം ഒരേവിധമായിരിക്കും എന്നാണ്. വിചിത്രമായൊരു നിഗമനമാണിത്. എങ്കിലും ഇതിനെ ഒരു നിഗമനമായി നിരൂപിച്ചു കഴിഞ്ഞാൽ, ആപേക്ഷികതാ ശാസ്ത്രത്തിലെ പല ഭൗതികഫലങ്ങളും പിന്നാലെ വന്നുകൊള്ളും. അവയാണ് ഇന്നത്തെ ഭൗതിക ശാസ്ത്രത്തിന്റെ അടിസ്ഥാനം തന്നെ. എന്നിട്ടും സിദ്ധാന്തമുണ്ടായി കൊല്ലം നൂറുകഴിഞ്ഞിട്ടും വിചിത്രമായ ഈ ഊഹവാദത്തിന് പരീക്ഷണം മുഖേനയുള്ള സാധൂകരണമൊന്നുമില്ല. മിക്ക പരീക്ഷണങ്ങളും ഈ ഊഹവാദത്തെ പിൻപറ്റുന്നവയാണ്. എന്നാൽ, അതിന്റെ സത്യാവസ്ഥ തെളിയിക്കുന്ന ഒരു പരീക്ഷണംപോലുമില്ല. ഈ ഊഹവാദമാണ് ഞാൻ വീണ്ടും വീണ്ടും പഠിച്ചുനോക്കിയത്, മനസ്സിലാക്കാൻ വേണ്ടി. അതൊരു വ്യർഥവ്യായാമമായിരുന്നു. കാരണം, യഥാർഥ ചലനം തിരിച്ചറിയാനുള്ള ഏതെങ്കിലും സൂചക ചട്ടക്കൂടുണ്ടാവണമല്ലോ. അങ്ങനെയൊന്നിന്റെ നിരാകരണത്തിന് തുല്യമായിരുന്നു ഈ ഊഹനിഗമനം.
എന്നാൽ, 1990കളുടെ ഒടുവോടെ എനിക്കൊരു സംഘർഷം കാണാൻ കഴിഞ്ഞു – കേവലത്വമുള്ളൊരു സൂചക ചട്ടക്കൂടിന്റെ ആ നിരാകരണവും യഥാർഥ പ്രപഞ്ചവും തമ്മിൽ. ബൃഹത്തായ പദാർഥശേഖരവും കോസ്മിക് മൈക്രോവേവ് ബാക്ഗ്രൗണ്ട് റേഡിേയഷനും ഉൾവഹിക്കുന്ന പ്രപഞ്ചം യഥാർഥ ചലനത്തിന് യുക്തമായ പശ്ചാത്തല ചട്ടക്കൂടാവുന്നു. ശരിയായ ഉദ്ദീപന ബിന്ദുവായത്, ചലിക്കുന്ന ഒരു ക്ലോക്കിന് എന്തേ വേഗം കുറയുന്നു എന്ന് മനസ്സിലാക്കാൻ ഞാൻ പാടുപെടുന്ന ഘട്ടത്തിലാണ്. എന്നെ സംബന്ധിച്ച് ക്ലോക്ക് ഒരു ഭൗതികവസ്തുവാണ്, അതിന്റെ പ്രവർത്തനേത്താതിലെ ഏതു മാറ്റവും സംഭവിക്കുക ഒരു ഭൗതിക ഇടപെടൽ വഴി മാത്രമാണ്. എന്നാൽ, ഐൻസ്റ്റൈന്റെ ആപേക്ഷികതയിലെ സമയമാറ്റങ്ങൾ അത്തരം ഏതെങ്കിലും ഇടപെടൽ വഴിയുള്ളതല്ല. അതുപോലെത്തന്നെ പാഠപുസ്തകങ്ങളിലും ഗവേഷണ പ്രബന്ധങ്ങളിലും ട്വിൻ പാരഡോക്സ് എന്ന് വിളിക്കുന്ന സംഗതിയെപ്പറ്റിയുള്ള വഴുവഴുക്കനും വിശ്വാസ്യതയില്ലാത്തതുമായ വിശദീകരണങ്ങളിൽ ഞാൻ പാടേ അതൃപ്തനായിരുന്നു. ഐൻസ്റ്റൈന്റെ സിദ്ധാന്തത്തിന്റെ ആദികാലം തൊട്ടേ ചർച്ചചെയ്തുവരുന്ന ഒരു പ്രഹേളികയാണ് ട്വിൻ പാരഡോക്സ്. (അതായത്, ഇരട്ട സഹോദരന്മാരിൽ ഒരുവൻ ഒരു ക്ലോക്കുമായി ഭൂമിയിലിരിക്കുന്നു. അതേ സമയം കാണിക്കുന്ന മറ്റൊരു ക്ലോക്കുമായി രണ്ടാമൻ പ്രകാശവേഗത്തോടടുത്ത് ബഹിരാകാശത്തേക്ക് വിക്ഷേപിക്കപ്പെടുന്നു. സഞ്ചാരം കഴിച്ച് അവൻ ഭൂമിയിൽ മടങ്ങിയെത്തുമ്പോൾ നിശ്ചലനായിരിക്കുന്ന സ്വന്തം സഹോദരന്റെ ക്ലോക്കിലെ സമയം മറ്റേ ക്ലോക്കിനേക്കാൾ ഒരുപാട് കടന്നുപോയിരിക്കും. അഥവാ ചലിക്കുന്ന ക്ലോക്കിലെ സമയത്തിന് കാര്യമായ വേഗക്കുറവു വന്നിരിക്കും. ഇതാണ് ഈ ചിന്താപരീക്ഷണത്തിന്റെ പ്രഥമരൂപം – ലേഖകൻ). ഈ പ്രശ്നമുണ്ടാവുന്നത്, ഐകരൂപ്യമുള്ള ചലനത്തിലുള്ള എല്ലാ നിരീക്ഷകരും തുല്യാവസ്ഥയിലാണെന്നും മറ്റുള്ളവർ ചലിക്കുമ്പോൾ ഇതിൽ ആർക്കും നിശ്ചലാവസ്ഥ അവകാശപ്പെടാനാവുമെന്നും ഐൻസ്റ്റൈൻ ഉറപ്പിക്കുന്നതുകൊണ്ടാണ്. അപ്പോൾപിന്നെ ആദ്യ ക്ലോക്കിലാണോ മറ്റേതിലാണോ സമയം മെല്ലെ ചലിക്കേണ്ടതെന്ന് പറയാൻ കഴിയില്ല. ഒന്നാം ക്ലോക്കാണ് നിശ്ചലാവസ്ഥയിലെന്ന് അവകാശപ്പെട്ടാൽ സമയവിളംബമുണ്ടാവുക രണ്ടാം ക്ലോക്കിലാവും, രണ്ടാം ക്ലോക്കാണ് നിശ്ചലാവസ്ഥ അവകാശപ്പെടുന്നതെങ്കിൽ മറിച്ചും. സിദ്ധാന്തത്തിന് പ്രത്യേകിച്ചൊരു മുൻഗണനാ താൽപര്യവുമില്ല. വാസ്തവത്തിൽ പക്ഷേ, രണ്ടു ക്ലോക്കുകളിൽ ഒന്നു മാത്രമേ വിളംബിത കാലത്തിലാകാറുള്ളൂ, പ്രകൃതിയിൽ ഈ ചോയ്സ് എങ്ങനെയാണ് നടക്കുന്നത്? ഐൻസ്റ്റൈന്റെ സിദ്ധാന്തത്തിന് സ്വയം സാധൂകരിക്കാൻ പറ്റിയ ഉത്തരമില്ല.
പിന്നീട് ഞാൻ തിരിച്ചറിഞ്ഞു, ട്വിൻ പാരഡോക്സ് പരിഹരിക്കപ്പെടുന്നത് പ്രപഞ്ചം ചലനത്തിന്റെ പശ്ചാത്തല ചട്ടക്കൂടായി വരുമ്പോൾ മാത്രമാണ്. പ്രപഞ്ചത്തിലെ പദാർഥത്തോട് കൂടുതൽ ആപേക്ഷികമായി ചലിക്കുന്ന ക്ലോക്കിലെ സമയമാവും മെല്ലെയാവുക. അതായിരുന്നു തുടക്കം. പക്ഷേ, അതുമാത്രം കൊണ്ട് ചലിക്കുന്ന ക്ലോക്ക് എന്തുകൊണ്ട് ‘സ്ലോ’ ആകുന്നു എന്നതിന് ഉത്തരമാവുന്നില്ല. അവിടെ ഒരു പരസ്പര പ്രവർത്തനം ^ ഇന്ററാക്ഷൻ- വേണമല്ലോ. ക്രമേണ എനിക്ക് മനസ്സിലായി, പ്രപഞ്ചത്തിലെ പദാർഥത്തിന്റെ ഗുരുത്വബലമാണ് ആ ഇന്ററാക്ഷന്റെ ഉത്തരവാദി. കാരണം, ഗുരുത്വബലത്തിന് ക്ലോക്കുകളെയും പ്രകാശ ചലനത്തെപോലും ‘സ്ലോ’ ആക്കാൻ കഴിയുമെന്ന് നമുക്കറിയാം. എന്നാൽ, ഈ തിരിച്ചറിവിന് വല്ലാത്തെരു ‘വലുപ്പ’മുണ്ടായിരുന്നു. അത് നിലവിലുള്ള അസ്തിവാരങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തും. ഞാൻ ഒന്നറച്ചുനിന്നു. പിന്നെ അനവധി പരീക്ഷണങ്ങളിലെ തെളിവുകൾ പരിശോധിച്ചു. അതെല്ലാം എന്റെ കാഴ്ചപ്പാടിനെ പിന്തുണക്കുന്നു എന്നു കണ്ടപ്പോൾ മുന്നോട്ടുപോകാമെന്നു തോന്നി. ശേഷിച്ചത്, ഗണിത വിശദാംശങ്ങൾ ചിട്ടപ്പെടുത്തലും ഓരോ പരീക്ഷണങ്ങളുടെയും സ്ഥൈര്യം ഉറപ്പുവരുത്തലുമായിരുന്നു. കൂടുതൽ അന്വേഷിക്കുന്തോറും എന്റെ നിലപാടുതറ കൂടുതൽ ബലപ്പെടുകയായിരുന്നു. ഐൻസ്റ്റൈന്റെ സിദ്ധാന്തത്തിലെ കൂടുതൽ പിഴവുകൾ തെളിഞ്ഞുവന്നു. സ്വന്തം സിദ്ധാന്തത്തിനുവേണ്ടി അദ്ദേഹംതന്നെ മുന്നോട്ടുവെച്ച ന്യായവാദങ്ങളിലെ നിർണായകമായ പിശകുകൾ കാണാൻ കഴിഞ്ഞു. അവയിൽ ചിലതൊക്കെ അത്ഭുതമുളവാക്കുന്നവയായിരുന്നു. എല്ലാത്തിനുമുപരിയായി, ഐൻസ്റ്റൈന്റെ സിദ്ധാന്തത്തെ പൊളിക്കുന്നതും കോസ്മിക് റിലേറ്റിവിറ്റിയെ തുണക്കുന്നതുമായിരുന്നു പരീക്ഷണത്തെളിവുകൾ. അതോടെ ഞാൻ എന്റേതായ പരീക്ഷണങ്ങൾ രൂപകൽപന ചെയ്തു. അങ്ങനെ എന്റെ നിലപാട് ഭദ്രമാക്കി.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.