കൊങ്കണി ഭാഷയിലെ ശ്രദ്ധേയ എഴുത്തുകാരിയും നാടോടി ഗവേഷകയും ബാലസാഹിത്യകാരിയുമായ ജയന്തി നായക് സംസാരിക്കുന്നു.കൊങ്കണി ഭാഷയിലെ ശ്രദ്ധേയ എഴുത്തുകാരിയും ഗോവയിൽനിന്നുള്ള നാടോടി ഗവേഷകയുമാണ് ജയന്തി നായക്. കഥാകൃത്ത്, നാടകകൃത്ത്, ബാലസാഹിത്യകാരി, പുരാണ കഥാകാരി, പരിഭാഷക എന്നീ നിലകളിലും പ്രശസ്ത. 1962 ആഗസ്റ്റ് ആറിന് ജനിച്ച ജയന്തി നായക് ഗോവ സർവകലാശാലയുടെ കൊങ്കണി വകുപ്പിൽനിന്ന്...
കൊങ്കണി ഭാഷയിലെ ശ്രദ്ധേയ എഴുത്തുകാരിയും നാടോടി ഗവേഷകയും ബാലസാഹിത്യകാരിയുമായ ജയന്തി നായക് സംസാരിക്കുന്നു.
കൊങ്കണി ഭാഷയിലെ ശ്രദ്ധേയ എഴുത്തുകാരിയും ഗോവയിൽനിന്നുള്ള നാടോടി ഗവേഷകയുമാണ് ജയന്തി നായക്. കഥാകൃത്ത്, നാടകകൃത്ത്, ബാലസാഹിത്യകാരി, പുരാണ കഥാകാരി, പരിഭാഷക എന്നീ നിലകളിലും പ്രശസ്ത. 1962 ആഗസ്റ്റ് ആറിന് ജനിച്ച ജയന്തി നായക് ഗോവ സർവകലാശാലയുടെ കൊങ്കണി വകുപ്പിൽനിന്ന് ആദ്യമായി ഡോക്ടറേറ്റ് നേടിയ വ്യക്തിയാണ്. സാഹിത്യ അക്കാദമി അവാർഡ് ജേതാവാണ്. 50 പുസ്തകങ്ങൾ രചിച്ചു. ‘രഥാ തുജയ ഗുഡിയൊ’, ‘കന്നെർ ഖുന്തി നാരി’, ‘ട്രോയ് ഉഖള്ളി കെല്ലിയാനി’, ‘മനാലിം ഗീതം’ , ‘പെഡാനിച്ചോ ദൊസാരോ’, ‘ലോക്ബിംബ്’ എന്നിവ പ്രശസ്ത കൃതികൾ.
അവരുമായി നടത്തിയ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങളാണ് ചുവടെ:
എഴുത്തുകാരിയായ ജയന്തി നായകിന്റെ തുടക്കം എങ്ങനെയായിരുന്നു?
18ാമത്തെ വയസ്സിലാണ് എഴുത്തിലേക്ക് എത്തിയത്. അന്ന് ഞാന്‍ 12ാം ക്ലാസില്‍. മറാത്തിയില്‍ എഴുതിയ ഒരു ചെറുകഥ. ഗോവയിലെ ഹിന്ദുക്കളുടെ ഇടയില്‍ മറാത്തിയില്‍ എഴുത്തും വായനയും സജീവമായിരുന്ന കാലമായിരുന്നു അത്. എന്റെ വീടിന്റെ ഉള്‍ത്തളങ്ങളും ഈ ഭാഷാ സംസ്കാരത്തിന്റെ സ്വാധീനത്തിലായിരുന്നു. എന്റെ പ്രൈമറി വിദ്യാഭ്യാസം മറാത്തിയിലായിരുന്നു. കൂടാതെ, ഹൈസ്കൂളിലെ മൂന്നാം ഭാഷയും മറാത്തിയായിരുന്നു. വായന ലഹരിയായിരുന്ന അമ്മ ലഫ്റ്റ്. രാജീയാണ് എന്നെ പുസ്തകങ്ങളുമായി അടുപ്പിച്ചത്. സമപ്രായക്കാരായ കുട്ടികളുടെ ഒപ്പം നടക്കാനോ കളിക്കാന്‍പോലും അനുവദിക്കാതെ എന്റെ കാര്യങ്ങളില്‍ അതി ശ്രദ്ധാലുവായ അമ്മയാണ് ഏകാന്തതയില്‍ പുസ്തകങ്ങളുമായി കൂട്ടുകൂടാന്‍ പ്രേരിപ്പിച്ചത്. കൂടാതെ അമച്വര്‍ നാടക കലാകാരനായിരുന്ന അച്ഛന് ഇരുനൂറിലധികം പുസ്തകങ്ങളുടെ ശേഖരം ഉണ്ടായിരുന്നു. ഇവയെല്ലാം വായനയിലേക്കെത്തിച്ചു. ഗ്രാമവാസികളുടെ ജീവിതത്തിന്റെ സഹനങ്ങളും ഇവരെപ്പോലെ എനിക്കും എഴുത്തിലൂടെ കൊണ്ടുവരണമെന്ന് തോന്നി. എനിക്ക് എടുത്തുപറയാനുള്ള ഒരു കാര്യം എന്റെ അമ്മ എന്നെ മറ്റു കുട്ടികളുടെ ഒപ്പം നടക്കാന്‍ അനുവദിക്കുകയില്ലായിരുന്നെങ്കിലും ഗ്രാമത്തിലെ ഒരേ ഒരു അഭ്യസ്തവിദ്യയെന്ന നിലക്ക് ഗ്രാമവാസികള്‍ക്ക് ആരോഗ്യപരമായും, സാമ്പത്തികമായും കുടുംബകാര്യങ്ങളിലും ലോഭമില്ലാതെ സഹായിച്ചിരുന്നു. അവര്‍ പറയുന്ന പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും ദുഃഖങ്ങള്‍ക്കും എല്ലാം ഞാനും നല്ല ഒരു കേൾവിക്കാരിയായിരുന്നു. എന്തുകൊണ്ട് ഇതൊക്കെ എഴുത്തിലൂടെ പുറത്തേക്ക് കൊണ്ടുവന്നുകൂടാ എന്ന ചിന്ത മനസ്സിനെ മഥിച്ചുവെങ്കിലും ആത്മവിശ്വാസക്കുറവ് എന്നെ പിന്നിലേക്ക് പിടിച്ചുവലിച്ചുകൊണ്ടിരുന്നു. 1980 ഒക്ടോബറിലാണെന്നു തോന്നുന്നു എന്റെ സഹോദരന് കോളജ് മാഗസിനിലേക്ക് ഒരു കവിത എഴുതുന്നത് കണ്ണില്പെട്ടത് എന്റെ എഴുത്തുവഴിയിലെ ആദ്യ പ്രചോദനമായി. അങ്ങനെ മറാത്തിയില്‍ ‘വന്നവ’ എന്ന എന്റെ ആദ്യ ചെറുകഥ എഴുത്തുമഷി പുരണ്ടു. ആദ്യ കാലങ്ങളില്‍ മറാത്തിയില്‍ അമ്പതു കവിതകളും അഞ്ചു കഥകളും എഴുതിയിട്ടുണ്ട്. എല്ലാ കഥകളും ചില കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവസാന വര്‍ഷം ബിരുദത്തിനു പഠിക്കുമ്പോഴായിരുന്നു ചില കൊങ്കണി ഭാഷാപ്രേമികളെ കണ്ടതും കൊങ്കണിയില്‍ എഴുതാന്‍ പ്രചോദനം ലഭിച്ചതും. സ്കൂളില്‍ കൊങ്കണി പഠിച്ചിട്ടില്ലെങ്കിലും കൊങ്കണിയിലെ ആദ്യത്തെ പിഎച്ച്.ഡി നേടാന്‍ കഴിഞ്ഞതും ഭാഗ്യമായി കരുതുന്നു.
ജോലിചെയ്യുന്ന ആളെന്ന നിലയില്‍ ജോലിയും എഴുത്തും കൂടി എങ്ങനെ സമന്വയിപ്പിച്ചു കൊണ്ടുപോകുന്നു? ഒരു എഴുത്തുകാരി എന്ന നിലയില്‍ നേരിടുന്ന വെല്ലുവിളികള്‍?
നിശ്ചയദാർഢ്യം എപ്പോഴും കൂടെക്കൂട്ടുന്ന എനിക്ക് എഴുത്താണ് വിശ്രമവേള. ശരീരം ആവശ്യപ്പെടുന്നതുവരെ ഞാന്‍ എഴുതിക്കൊണ്ടേയിരിക്കും. ജീവിതത്തില്‍ ഞാന്‍ പ്രാധാന്യം കൊടുക്കുന്ന മൂന്നു കാര്യങ്ങളാണ് കൊങ്കണി ഭാഷ, എഴുത്ത്, ഗവേഷണം. എഴുത്തുകാരി എന്ന നിലയില്‍ തീര്‍ച്ചയായും എഴുത്തിന്റെ ആദ്യ കാല്വെപ്പുകളില് ധാരാളം വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ആത്മാർഥതയും നിശ്ചയദാർഢ്യവും തടസ്സങ്ങളെ തട്ടിമാറ്റി. ഒമ്പതു വര്‍ഷം അമ്മ സുഖമില്ലാതെ കിടന്നിട്ടാണ് മരിച്ചത്. സാമൂഹിക മര്യാദയനുസരിച്ച് ഒരേ ഒരു മകളായ ഞാന്‍തന്നെയായിരുന്നു വീട്ടുകാര്യങ്ങള്‍ നോക്കിനടത്തേണ്ടത്. സുഖമില്ലാത്ത അമ്മ, വീട്, ജോലി, ഗവേഷണം, ഇതിനിടയില്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ ഗോവയില്‍ അങ്ങോളം ഇങ്ങോളം യാത്രചെയ്ത് നാടോടി ജീവിതങ്ങളുടെ ആധികാരിക പ്രമാണങ്ങള്‍ ശേഖരിച്ചു സൂക്ഷിക്കുക, കേപ്പെമില്നിന്നും 55 കിലോമീറ്റര്‍ ദൂരമുള്ള പനാജിയില്‍ ദിവസവും പോയിവരുക, രാവിനൊപ്പം എഴുത്തുമായി ഉണര്‍ന്നിരിക്കുക എന്നതൊക്കെ ഒന്നിച്ചു കൊണ്ടുപോകുന്നത് എളുപ്പമായിരുന്നില്ല. 1985-1987ല്‍ 555 ദിവസം നീണ്ടുനിന്ന ഔദ്യോഗിക ഭാഷാ പ്രക്ഷോഭത്തില്‍ സജീവമായി പങ്കെടുക്കുകയും കൊങ്കണി ഭാഷയുടെ ഉന്നമനത്തിനായി ഉണ്ടാക്കിയ കമ്മിറ്റികളില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. 1994 സെപ്റ്റംബര്‍ 30ന് അമ്മയുടെ മരണത്തിനുശേഷം അച്ഛന്റെയും മുത്തച്ഛന്റെയും അനുജന്റെയും ചുമതലയും എന്നിലെത്തി. നാടോടി പഠനത്തില്‍ മൈസൂര്‍ സര്‍വകലാശാലയില്‍നിന്നും പി.ജി ഡിപ്ലോമ, സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദം, പിഎച്ച്.ഡി ഇതെല്ലാം പതിവ് തിരക്കുകള്‍ക്കിടയിലെ തിരക്കുകളായിരുന്നു -ഇതെല്ലാം എനിക്ക് വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് മാതൃഭാഷയോടും മാതൃ സംസ്ഥാനത്തോടുമുള്ള സ്നേഹവും എന്റെ നിശ്ചയദാർഢ്യവുംകൊണ്ട് മാത്രമായിരുന്നു.
ഇതുവരെ എത്ര പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്? അതില്‍ ഏറെ പ്രിയം ഏതിനോടാണ്? ഏതെങ്കിലും കഥാപാത്രം മനസ്സില്‍ തങ്ങിനില്ക്കുന്നുണ്ടോ? അങ്ങനെയെങ്കില്‍ ഏത്?
ഉത്തരം: ചെറുകഥ, കവിത, നാടകം, ലേഖനം, രേഖാചിത്രം, ബാലസാഹിത്യം, വിവര്‍ത്തനം, നാടോടി ജീവിതം, എഡിറ്റിങ് അടക്കം അമ്പതോളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഹൃദയം ചേര്‍ത്തു വെച്ചെഴുതിയ ഈ പുസ്തകങ്ങളെല്ലാം പ്രിയപ്പെട്ടതാണ്. ഒരു പുസ്തകത്തിന്റെ ഉള്ളടക്കത്തില്‍ മാത്രമല്ല കവര്‍, പേപ്പര്‍, ബൈന്റിങ്, പ്രിന്റിങ് എല്ലാം ഞാന്‍ നന്നായി ശ്രദ്ധിക്കും.
‘അതാങ്ക്’ കഥാസമാഹാരത്തിലെ ‘ബസാവോ’ എന്ന കഥയിലെ ഗോവിന്ദ് താക്കര്‍ മനസ്സില്‍ കുടിയിരിക്കുന്ന ഒരു കഥാപാത്രമാണ്. യാഥാർഥ്യത്തിന്റെ ഇടയിലെ ചെറു തിരുത്തലുകളിലൂടെ ഉരുത്തിരിഞ്ഞ കഥയാണത്. പിന്തലമുറയുടെ വികാരങ്ങളെ മാനിച്ചുകൊണ്ട് കൃഷ്ണാ താക്കര്‍ എന്ന ശരിക്കുള്ള പേര് മാറ്റി ഗോവിന്ദ് താക്കര്‍ എന്നാക്കുകയായിരുന്നു.
വിവരശേഖരണ സൂക്ഷിപ്പിന്റെ ഭാഗമായി കാളയെ അലങ്കരിച്ചു വീടുതോറും കൊണ്ടുനടക്കുന്നത് കുലത്തൊഴിലാക്കിയിരുന്ന കൃഷ്ണാ താക്കറിന്റെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. ആചാരരീതികളോട് ആത്മാർഥതയും കൂറുമുള്ള അദ്ദേഹം പിന്നീട് ഞങ്ങളുടെ കുടുംബത്തില്‍ ഒരാളെപ്പോലെയായി. അമ്മ മരിച്ചതറിഞ്ഞപ്പോള്തന്നെ തന്റെ കുഗ്രാമത്തില്‍നിന്നും വെള്ളംപോലും കുടിക്കാതെ അതിരാവിലെ എത്തിയ അദ്ദേഹം എന്റെ സഹോദരന് നിര്‍ബന്ധിച്ചിട്ടുപോലും വൈകീട്ട് ഏഴു മണിക്ക് ശവസംസ്കാരവും കഴിഞ്ഞാണ് തിരിച്ചുപോയത്. പിറ്റേ ദിവസമാണ് ഞാനതറിഞ്ഞത്. അതെന്നെ വല്ലാതെ സ്പര്‍ശിച്ചു. ‘ബസാവോ’ കഥ എനിക്ക് പൂർണമായ സംതൃപ്തി നല്‍കിയില്ല. അതിനാല്‍ പിന്നീട് അദ്ദേഹത്തെക്കുറിച്ച് ‘എന്റെ മണ്ണും മനുഷ്യനും ഒരു വ്യക്തിചിത്രം’ എന്ന ലേഖനത്തിലൂടെ സത്യസന്ധമായി സംഭവം വെളിപ്പെടുത്തി.
താങ്കളുടെ അഭിപ്രായത്തില്‍ ഒരു നല്ല കഥ എന്തെന്ന് വിശദീകരിക്കാമോ?
എഴുതുന്ന ഭാഷ അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവിനൊപ്പം സൂക്ഷ്മതലങ്ങളെ ഒപ്പിയെടുത്തു കഥാബീജം വികസിപ്പിച്ചെടുക്കാനുള്ള കഴിവാണ് ഒരു നല്ല കഥയെ സൃഷ്ടിക്കുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു.
എന്താണ് ആദ്യം മനസ്സിലേക്കെത്തുന്നത്? ഇതിവൃത്തമാണോ, കഥാപാത്രങ്ങളാണോ?
ആദ്യം വിഷയം, പിന്നീട് കഥാപാത്രങ്ങള്‍, ഒടുവില്‍ ഇതിവൃത്തം.
ഉള്‍നാടന്‍ ഗ്രാമത്തില്‍ ജീവിക്കുന്ന ആളെന്നനിലയില്‍ എഴുത്തില്‍ അതെങ്ങനെ പ്രതിഫലിക്കുന്നു? നിത്യജീവിതത്തില്നിന്നാണോ അതോ മറ്റെന്തെങ്കിലും വഴിയിലൂടെയാണോ കഥാപാത്രങ്ങളെ കണ്ടെത്തുന്നത്?
എന്റെ കൂടുതല്‍ രചനകളും ഗോവയിലെ ഗ്രാമജീവിതങ്ങളെക്കുറിച്ചാണ്. ആദ്യകാലങ്ങളില്‍ അവയുടെ സ്വാധീനം കൂടുതലായിരുന്നു. എന്റെ 16 കഥകളടങ്ങിയ ആദ്യ സമാഹാരമായ ‘ഗര്ജ്ജന്’ പൂർണമായും ഗ്രാമീണ ജീവിതമാണ്. പിന്നീട് നഗരവും വിദ്യാഭ്യാസവും പ്രത്യേകിച്ചും നാടോടി ജീവിതങ്ങളുടെ ഗവേഷണം എന്റെ എഴുത്തിനെ വളരെയധികം സ്വാധീനിച്ചു.
അതെ. എന്റെ കഥാപാത്രങ്ങള്‍ നിത്യജീവിതത്തിലെ നേർക്കാഴ്ചകളില്‍ എത്തുന്നവരും, നാടോടികളുടെ വിവരശേഖരണത്തിനായി സഞ്ചരിച്ച കൂട്ടത്തില്‍ ലഭിച്ചവരുമാണ്.
‘അതാങ്കി’നു സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചപ്പോള്‍ എങ്ങനെയാണ് പ്രതികരിച്ചത്?
എന്നെങ്കിലും എന്റെ പ്രയത്നം സാഹിത്യ അക്കാദമി തിരിച്ചറിയുമെന്ന് ഉറപ്പുണ്ടായിരുന്നു എങ്കിലും എന്റെ നാൽപതുകളില്, 2004ല്‍ അത് കിട്ടുമെന്ന് ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. മുതിര്‍ന്നവര്‍ ക്യൂ നില്ക്കുമ്പോള് എനിക്ക് ലഭിച്ചതില്‍ ഒരേസമയം അത്ഭുതവും ആഹ്ലാദവും തോന്നി.
എഴുത്തുകാരി എന്ന നിലയില്‍ ഇന്നത്തെ തലമുറക്ക് നല്‍കാനുള്ള സന്ദേശം എന്താണ്?
ഉത്തരം: ഇന്നത്തെ തലമുറ ഇംഗ്ലീഷ് ഭാഷയില്‍ ആകൃഷ്ടരാണ്. അതതു പ്രാദേശിക ഭാഷകളില്‍ അവര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നാണ് എനിക്ക് അപേക്ഷിക്കാനുള്ളത്. കാരണം, എഴുത്തുകാര്‍ക്ക് എഴുതുവാനുള്ള ഊർജം ലഭിക്കുന്നത് അവരുടെ വായനയിലൂടെയാണ്. ധാരാളം രചനകള്‍ വെളിച്ചം കണ്ടെങ്കിലേ ഭാഷക്ക് നിലനില്‍പ്പ് സാധ്യമാകൂ. എങ്കിലേ അതതു പ്രദേശത്തെ തനതു സംസ്കാരവും സ്വത്വബോധവും നിലനില്ക്കുകയുള്ളൂ.
2021ലെ ജ്ഞാനപീഠം അവാര്‍ഡ് ജേതാവ് ദാമോദര്‍ മൗജോജിയെക്കുറിച്ച്?
ഉത്തരം: ദാമോദര്‍ മൗജോ ഞങ്ങളുടെ തലമുതിര്‍ന്ന എഴുത്തുകാരനാണ്. ഞാന്‍ എപ്പോഴും അഭിമാനംകൊള്ളുന്ന എഴുത്തുകാരന്. അദ്ദേഹത്തിന്റെ ആദ്യകാല എഴുത്തുശൈലിയാണ് ഇപ്പോഴത്തെ എഴുത്തുകളെക്കാള്‍ കൂടുതല്‍ ഞാനിഷ്ടപ്പെടുന്നത്. സമകാലിക പ്രശ്നങ്ങള്‍ക്ക് എന്നും ഊന്നല്‍ നല്കുന്ന എഴുത്തുകാരനാണ് അദ്ദേഹം.
വീട്ടുവിശേഷങ്ങള്‍..?
ഗോവ, കേപ്പെമിലെ അമോണ എന്ന സ്ഥലത്ത് തറവാട്ടു വീട്ടില്‍ ഇളയ അനുജനോടും കുടുംബത്തോടുമൊപ്പം താമസിക്കുന്നു. ഒരു മൂത്ത സഹോദരനും ഇളയ സഹോദരനും കൂടിയുണ്ട്. അവര്‍ ഗോവയില്‍തന്നെ മറ്റു സ്ഥലങ്ങളില്‍ താമസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.