'അ​​​പ്പോ​​​ള്‍ ഞാ​​​നൊ​​​രു ബൂ​​​ര്‍ഷ്വാ ക​​​ലാ​​​കാ​​​ര​​​നാ​​​യി​​​രു​​​ന്നു'; ഗൊ​ദാ​ർ​ദ് തന്റെ സിനിമകളെക്കുറിച്ച് സംസാരിക്കുന്നു

ലോ​ക​സി​നി​മ​യു​ടെ ഭാ​ഷ​യെ മാ​റ്റി​യെ​ഴു​തി​യ സം​വി​ധാ​യ​ക​നാ​ണ് ഴാങ് ലൂക് ഗൊ​ദാ​ർ​ദ്. സെ​പ്റ്റം​ബ​ർ 14ന് ​ഗൊ​ദാ​ർ​ദ് വി​ട​പ​റ​ഞ്ഞു. ആ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ഴ്ച​പ്പ​തി​പ്പി​ന്റെ ല​ക്കം 1199ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ച അ​ഭി​മു​ഖം പു​ന​ഃപ്ര​സി​ദ്ധീ​ക​രി​ക്കു​ന്നു. ച​ല​ച്ചി​ത്രപ്ര​വ​ർ​ത്ത​ക​രാ​യ ഗൊ​​​ദാ​​​ർ​​​ദും ഗോ​​​റി​​​നു​​​മാ​​​യി വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് Kent Karrol ന​​​ട​​​ത്തി​​​യ സം​ഭാ​ഷ​ണ​ത്തി​ൽനി​ന്ന് ഗൊ​ദാ​ർ​ദി​ന്റെ ഭാ​ഗം മാ​ത്ര​മാ​ണ് ഇ​വി​ടെ ചേ​ർ​ത്തി​ട്ടു​ള്ള​ത്. ത​ന്റെ സി​നി​മ​യെ​ക്കു​റി​ച്ചാ​ണ് ഇ​തി​ൽ ഗൊ​ദാ​ർ​ദ് സം​സാ​രി​ക്കു​ന്ന​ത്. ഈ ​നി​ല​പാ​ടു​ക​ളി​ൽനി​ന്ന് പി​ന്നീ​ട് ഗൊ​ദാ​ർ​ദ് മു​ന്നോ​ട്ടു​പോ​യെ​ങ്കി​ലും 1960ക​ളുടെ അ​വ​സാ​നം അ​ദ്ദേ​ഹ​ത്തെ രൂ​പ​പ്പെ​ടു​ത്തി​യ സി​നി​മാ ചി​ന്ത​ക​ൾ എ​െ​ന്ത​ന്ന് അ​ഭി​മു​ഖം വ്യ​ക്ത​മാ​ക്കു​ന്നു.

ഒ​​​രു കൂ​​​ട്ടാ​​​യ്മ എ​​​ന്ന നി​​​ല​​​യി​​​ല്‍ പ്ര​​​വ​​​ര്‍ത്തി​​​ക്കേ​​​ണ്ട ആ​​​വ​​​ശ്യ​​​മു​​​ണ്ടോ? ഒ​​​രു വ്യ​​​ക്തി​​​ക്ക്, സ്വ​​​ത​​​ന്ത്ര സം​​​വി​​​ധാ​​​യ​​​ക​​​ന് രാ​​​ഷ്​​​ട്രീ​​യ​​​മാ​​​യി (Politically) സി​​​നി​​​മ​​​ക​​​ള്‍ ഉ​​​ണ്ടാ​​​ക്കാ​​​ന്‍ പ​​​റ്റു​​​മോ?

അ​​​ത് പ​​​ല​​​തി​​​നെ​​​യും ആ​​​ശ്ര​​​യി​​​ച്ചി​​​രി​​​ക്കു​​​ന്നു. ആ​​​ദ്യം നി​​​ല​​​നി​​​ല്‍ക്കു​​​ന്ന ഭ​​​ര​​​ണ​​​വ​​​ർ​​ഗ സ​​​മ്പ​​​ദ്​​​വ്യ​​​വ​​​സ്ഥ​​​യി​​​ൽ​​നി​​​ന്ന് സ്വ​​​ത​​​ന്ത്ര​​​മാ​​​വ​​​ണം. സ്വ​​​ത​​​ന്ത്ര​​​മാ​​​വു​​​ക എ​​​ന്നാ​​​ല്‍ എ​​​ന്താ​​​ണ് എ​​​ന്ന് മ​​​ന​​​സ്സി​​​ലാ​​​ക്ക​​​ണം. അ​​​തി​​​ന് കാ​​മ്പ​​​സി​​​ല്‍ ഒ​​​രു ഹി​​​പ്പി ആ​​​വു​​​ക എ​​​ന്ന് അ​​​ർ​​ഥ​​​മി​​​ല്ല. ബ​​​ർക്കലി ഒ​​​രു സ്വ​​​ത​​​ന്ത്ര​​​മാ​​​യ പ്ര​​​ദേ​​​ശ​​​മാ​​​ണ് എ​​​ന്ന് പ​​​ല​​​രും വി​​​ശ്വ​​​സി​​​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും, സ്വ​​​ത​​​ന്ത്ര​​​മാ​​​യ ഈ ​​​പ്ര​​​ദേ​​​ശ​​​ത്തി​​ന്റെ അ​​​തി​​​ര്‍ത്തി​​​യി​​​ലേ​​​ക്ക്‌ പോ​​​വു​​​മ്പോ​​​ള്‍ ജ​​​യി​​​ല്‍ അ​​​ഴി​​​ക​​​ള്‍ പ​​​ഴ​​​യ​​​തു​​​പോ​​​ലെ നി​​​ല​​​നി​​​ല്‍ക്കു​​​ന്നു, അ​​​ത് കൂ​​​ടു​​​ത​​​ല്‍ അ​​​ദൃ​​​ശ്യ​​​മാ​​​ണ് എ​​​ന്നു മാ​​​ത്രം. നി​​​ങ്ങ​​​ള്‍ ആ​​​ദ്യ​​​മാ​​​യി ബൂ​​​ര്‍ഷ്വാ പ്ര​​​ത്യ​​​യ​​​ശാ​​​സ്ത്ര​​​ത്തി​​​ൽ​​നി​​​ന്നാ​​​ണ് മോ​​​ച​​​നം നേ​​​ടേ​​​ണ്ട​​​ത്, അ​​​പ്പോ​​​ള്‍ നി​​​ങ്ങ​​​ള്‍ക്ക്‌ വി​​​പ്ല​​​വ​​​ത്തിന്റെ പ്ര​​​ത്യ​​​യ​​​ശാ​​​സ്ത്ര​​​ത്തി​​​ലേ​​​ക്ക് പോ​​​കാ​​​ന്‍ പ​​​റ്റും. അ​​​പ്പോ​​​ൾ ഒ​​​രു കൂ​​​ട്ടാ​​​യ്മ​​​യാ​​​യി, സം​​​ഘ​​​മാ​​​യി പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ക എ​​​ന്ന​​​ത് പ്ര​​​ധാ​​​ന​​​മാ​​​ണ്. ഐ​​​ക്യ​​​ത്തി​​​നാ​​​യി സം​​​ഘ​​​ടി​​​ക്കു​​​ക. സി​​​നി​​​മ ഐ​​​ക്യം ഉ​​​ണ്ടാ​​​ക്കാ​​​ന്‍ സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​താ​​​ണ്. സി​​​നി​​​മ ഉ​​​ണ്ടാ​​​ക്കു​​​ക എ​​​ന്ന​​​ത് രാ​​​ഷ്​​​ട്രീ​​യ​​​ത്തി​​ന്റെ പു​​​തി​​​യ ആ​​​ശ​​​യ​​​ങ്ങ​​​ൾ സൃ​​​ഷ്​​​ടി​​​ക്കാ​​​നു​​​ള്ള​​​തി​​​ലെ ഒ​​​രു സ്ക്രൂ ​​​മാ​​​ത്ര​​​മാ​​​ണ്.

ക​​​ര്‍തൃ​​​ത്വം എ​​​ന്ന സ​​​ങ്ക​​​ൽ​​പം, സ്വ​​​ത​​​ന്ത്ര​​​മാ​​​യ ഭാ​​​വ​​​ന എ​​​ന്ന​​​ത് വ്യാ​​​ജ​​​മാ​​​ണ്. പ​​​ക്ഷേ, ഈ ​​​ബൂ​​​ര്‍ഷ്വാ ആ​​​ശ​​​യം ഇ​​​തു​​​വ​​​രെ​​​യും മാ​​​റ്റിസ്ഥാ​​​പി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ല. ആ​​​ള്‍ക്കാ​​​രെ ഒ​​​ന്നി​​​ച്ചു കൊ​​​ണ്ടു​​​വ​​​രു​​ക എ​​​ന്ന​​​താ​​​യി​​​രി​​​ക്കും ഇ​​​തി​​ന്റെ ആ​​​ദ്യ​​​പ​​​ടി. അ​​​പ്പോ​​​ള്‍ നി​​​ങ്ങ​​​ള്‍ക്ക്‌ സ്വ​​​ത​​​ന്ത്ര​​​മാ​​​യ ച​​​ര്‍ച്ച സാ​​​ധ്യ​​​മാ​​​ണ്. പ​​​ക്ഷേ, രാ​​​ഷ്​​​ട്രീ​​യ​​​പ​​​ര​​​മാ​​​യ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​ല്ലെ​​​ങ്കി​​​ല്‍ സ്വ​​​ത​​​ന്ത്ര ച​​​ര്‍ച്ച സാ​​​ധ്യ​​​മ​​​ല്ല. അ​​​ല്ലെ​​​ങ്കി​​​ല്‍ സം​​​ഘ​​​ടി​​​ത​​​മാ​​​യ സൃ​​​ഷ്​​​ടി ഒ​​​രു ഭ​​​ക്ഷ​​​ണ​​​ശാ​​​ല​​​യി​​​ലെ കൂ​​​ട്ടഭ​​​ക്ഷ​​​ണം മാ​​​ത്ര​​​മാ​​​വും.

ഇ​​​ത് നി​​​ശ്ചി​​​ത​​​മാ​​​യ നൈ​​​പു​​​ണ്യ​​​മോ നി​​​ശ്ചി​​​ത​​​മാ​​​യ അ​​​റി​​​വോ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു​​​ണ്ടോ?

ഉ​​​ണ്ട്, പ​​​ക്ഷേ ആ ​​​നൈ​​​പു​​​ണ്യ​​​വും അ​​​റി​​​വും സാ​​​മൂ​​​ഹി​​​ക​​​മാ​​​ണ്. ശ​​​രി​​​യാ​​​ണ്, ഒ​​​രു തോ​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ന്‍ അ​​​തി​​​നു​​​ള്ള ക​​​ഴി​​​വും പ്രാ​​​പ്തി​​​യും ആ​​​വ​​​ശ്യ​​​മാ​​​ണ്‌. വേ​​​ഗ​​​ത്തി​​​ല്‍ ഓ​​​ടാ​​​ന്‍ ശ​​​ക്തി​​​യു​​​ള്ള കാ​​​ലു​​​ക​​​ളും പ​​​രി​​​ശീ​​​ല​​​ന​​​വും ആ​​​വ​​​ശ്യ​​​മാ​​​ണ്‌. ഫോ​​​ട്ടോ എ​​​ടു​​​ക്കു​​​മ്പോ​​​ള്‍ ഔ​​​ട്ട്‌ ഓ​​​ഫ് ഫോ​​​ക്ക​​​സ്‌ ആ​​​വാ​​​തി​​​രി​​​ക്കാ​​​ന്‍ അ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള ക​​​ഴി​​​വ് ആ​​​വ​​​ശ്യ​​​മാ​​​ണ്‌. പ​​​ക്ഷേ, ക​​​ഴി​​​വി​​ന്റെ സാ​​​മൂ​​​ഹി​​​ക ഉ​​​പ​​​യോ​​​ഗ​​​വും ഉ​​​ണ്ട്. ആ ​​​സാ​​​ങ്കേ​​​തി​​​ക അ​​​റി​​​വ്, അ​​​ല്ലെ​​​ങ്കി​​​ല്‍ ആ ​​​പ്രാ​​​പ്തി വാ​​​യു​​​വി​​​ല്‍ മേ​​​ഘ​​​ങ്ങ​​​ളെ​​​പ്പോ​​​ലെ നി​​​ല​​​നി​​​ല്‍ക്കു​​​ന്ന​​​ത​​​ല്ല.

സി​​​നി​​​മ​​​യു​​​ടെ സൗ​​​ന്ദ​​​ര്യ​​​ശാ​​​സ്ത്രം മാ​​​ത്ര​​​മ​​​ല്ല, ച​​​രി​​​ത്ര​​​വും ത​​​ക​​​ര്‍ക്ക​​​ണം എ​​​ന്നാ​​​ണോ താ​​​ങ്ക​​​ള്‍ അ​​​ർ​​ഥ​​​മാ​​​ക്കു​​​ന്ന​​​ത്? അ​​​പ്പോ​​​ള്‍ ആ​​​ദ്യം ഒ​​​രു റാ​​​ഡി​​​ക്ക​​​ല്‍ ആ​​​വു​​​ക, പി​​​ന്നീ​​​ട് ഒ​​​രു ച​​​ല​​​ച്ചി​​​ത്ര​​​കാ​​​ര​​​ന്‍ ആ​​​വു​​​ക എ​​​ന്ന​​​ത​​​ല്ലേ ന​​​ല്ല​​​ത്?

ഞ​​​ങ്ങ​​​ള്‍ ര​​​ണ്ടു​​​പേ​​​രും ഇ​​​തി​​​ന് ഒ​​​രു ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​ണ്. ഞാ​​​ന്‍ ഒ​​​രു ബൂ​​​ര്‍ഷ്വാ സി​​​നി​​​മാ​​​ക്കാ​​​ര​​​ന്‍ ആ​​​യി​​​രു​​​ന്നു. പി​​​ന്നീ​​​ട് ഒ​​​രു പു​​​രോ​​​ഗ​​​മ​​​ന സി​​​നി​​​മാ​​​ക്കാ​​​ര​​​ന്‍. പി​​​ന്നീ​​​ട് ഒ​​​രു സി​​​നി​​​മാ ജോ​​​ലി​​​ക്കാ​​​ര​​​ന്‍ മാ​​​ത്രം. ഴാ​​​ന്‍-​​​പെ​​​രി (ഗോ​​​റി​​​ന്‍) ഒ​​​രു വി​​​ദ്യാ​​​ർ​​ഥി​​​യും പി​​​ന്നെ ഒ​​​രു തീ​​​വ്ര​​​വാ​​​ദി​​​യും ആ​​​യി​​​രു​​​ന്നു. പി​​​ന്നെ സി​​​നി​​​മ​​​യി​​​ലേ​​​ക്ക് പോ​​​ക​​​ണം എ​​​ന്ന് ഒ​​​രു​​​വേ​​​ള അ​​​ദ്ദേ​​​ഹം വി​​​ചാ​​​രി​​​ച്ചു. കാ​​​ര​​​ണം, സി​​​നി​​​മ പ്ര​​​ത്യ​​​യ​​​ശാ​​​സ്ത്ര സ​​​മ​​​ര​​​ത്തി​​​ലെ ഒ​​​രു പ്ര​​​ധാ​​​ന ഭാ​​​ഗ​​​മാ​​​ണ്. ഇ​​​ത് ഇ​​​ന്ന​​​ത്തെ ഫ്രാ​​​ന്‍സി​​​ൽ വ​​​ർ​​ഗ​​സ​​​മ​​​ര​​​ത്തി​​​ലെ പ്രാ​​​ഥ​​​മി​​​ക​​​മാ​​​യ വ​​​ശ​​​മാ​​​ണ്. അ​​​തി​​​നാ​​​ല്‍ ഞ​​​ങ്ങ​​​ള്‍ ഒ​​​ന്നി​​​ച്ചു. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് സി​​​നി​​​മ​​​യു​​​ടെ സ​​​ങ്കേ​​​ത​​​ങ്ങ​​​ള്‍ എ​​​ന്നെ​​​ക്കാ​​​ള്‍ കൂ​​​ടു​​​ത​​​ല്‍ പ​​​ഠി​​​ക്കേ​​​ണ്ടി​​​യി​​​രി​​​ക്കു​​​ന്നു. എ​​​നി​​​ക്ക് രാ​​​ഷ്​​​ട്രീ​​യ പ്ര​​​വ​​​ര്‍ത്ത​​​നം ക​​​ര്‍ത്ത​​​വ്യം എ​​​ന്ന നി​​​ല​​​യി​​​ല്‍ പ​​​ഠി​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്നു, ഹോ​​​ബി എ​​​ന്ന രീ​​​തി​​​യി​​​ല്‍ അ​​​ല്ല.


നൈ​​​പു​​​ണ്യ​​​ത്തി​​ന്റെ പ്ര​​​യോ​​​ജ​​​ന​​​ങ്ങ​​​ള്‍ ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തു​​​ക സാ​​​ധ്യ​​​മാ​​​ണോ? താ​​​ങ്ക​​​ള്‍ കൂ​​​ടെ പ്ര​​​വ​​​ര്‍ത്തി​​​ച്ചു​​​കൊ​​​ണ്ട് ഏ​​​തു​​​ത​​​ര​​​ത്തി​​​ലു​​​ള്ള സി​​​നി​​​മ​​​യാ​​​ണ് ഉ​​​ണ്ടാ​​​ക്കു​​​ന്ന​​​ത്‌ എ​​​ന്ന് അ​​​റി​​​ഞ്ഞു​​​കൊ​​​ണ്ട് താ​​​ങ്ക​​​ളു​​​ടെ കാ​​മ​​​റാ​​​മാ​​​നാ​​​യ റാ​​​വു​​​ള്‍ കോ​​​ര്‍ട്ടാ​​​ര്‍ഡി​​​നെ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​മോ?

എ​​​ന്തു​​​കൊ​​​ണ്ട് ഇ​​​ല്ല? ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​യി, ഈ ​​​സ​​​മ​​​യ​​​ത്ത് ഞ​​​ങ്ങ​​​ള്‍ക്ക്‌ ഒ​​​രു എ​​​ഡി​​​റ്റ​​​ര്‍ വേ​​​ണം. ഞ​​​ങ്ങ​​​ള്‍ക്ക്‌ അ​​​ത് ചെ​​​യ്യാ​​​ന​​​റി​​​യാ​​​ത്ത​​​തു​​​കൊ​​​ണ്ടോ ക​​​ഴി​​​യാ​​​ത്ത​​​തു​​​കൊ​​​ണ്ടോ അ​​​ല്ല. ന​​​ന്നാ​​​യി പ​​​രി​​​ശീ​​​ല​​​നം കി​​​ട്ടി​​​യ ഒ​​​രാ​​​ള്‍ വേ​​​ണം. അ​​​പ്പോ​​​ള്‍ കാ​​​ര്യ​​​ങ്ങ​​​ള്‍ വേ​​​ഗ​​​ത്തി​​​ല്‍ നീ​​​ങ്ങും. ഞ​​​ങ്ങ​​​ള്‍ക്ക്‌ എ​​​ത്ര​​​യും വേ​​​ഗ​​​ത്തി​​​ല്‍ പോ​​​വേ​​​ണ്ട​​​തു​​​ണ്ട്. ഞാ​​​ന്‍ അ​​​ർ​​ഥ​​​മാ​​​ക്കു​​​ന്ന​​​ത് ഒ​​​രു സ്ഥ​​​ല​​​ത്തു​​​നി​​​ന്ന് മ​​​റ്റൊ​​​രു സ്ഥ​​​ല​​​ത്തേ​​​ക്ക്‌ പോ​​​കാ​​​ന്‍ ലെ​​​നി​​​ന് ഒ​​​രു ടാ​​​ക്സി പി​​​ടി​​​ക്കാം. ടാ​​​ക്സി ഡ്രൈ​​​വ​​​ര്‍ ഒ​​​രു ഫാ​​​ഷി​​​സ്റ്റ്​ ആ​​​ണോ എ​​​ന്ന് നോ​​​ക്കേ​​​ണ്ട ആ​​​വ​​​ശ്യ​​​മി​​​ല്ല. എ​​​ഡി​​​റ്റി​​ങ്ങിന്റെ കാ​​​ര്യ​​​വും ഇ​​​തു​​​പോ​​​ലെ​​​യാ​​​ണ്. അ​​​ൽ ഫ​​​ത്ത​​​ക്കു​​വേ​​​ണ്ടി (Al Fatah) ഞ​​​ങ്ങ​​​ള്‍ ചെ​​​യ്ത ര​​​ണ്ടു വ്യ​​​ത്യ​​​സ്ത രീ​​​തി​​​ക​​​ളി​​​ല്‍ രാ​​​ഷ്​​​ട്രീ​​യ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന ര​​​ണ്ടു പെ​​​ണ്‍കു​​​ട്ടി​​​ക​​​ളെ കു​​​റി​​​ച്ചു​​​ള്ള സി​​​നി​​​മ​​​യെ കു​​​റി​​​ച്ച് (Here and Elsewhere) ഞ​​​ങ്ങ​​​ള്‍ സം​​​ശ​​​യാ​​​ലു​​​ക്ക​​​ളാ​​​ണ്. ഇ​​​വ​​​ര്‍ വി​​​പ്ല​​​വപ്ര​​​ക്രി​​​യ​​​യു​​​ടെ വ്യ​​​ത്യ​​​സ്ത അ​​​വ​​​സ്ഥ​​​ക​​​ളി​​​ലാ​​​ണ്. ഇ​​​തി​​​ല്‍നി​​​ന്ന് സി​​​നി​​​മ​​​ക്ക്​ അ​​​നു​​​യോ​​​ജ്യ​​​മാ​​​യ​​​ത് ഏ​​​താ​​​ണെ​​​ന്ന് ഒ​​​രു രാ​​​ഷ്​​​ട്രീ​​യ വീ​​​ക്ഷ​​​ണ​​​കോ​​​ണി​​​ലൂ​​​ടെ ഞ​​​ങ്ങ​​​ള്‍ക്ക്‌ തി​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​ണ​​​മാ​​​യി​​​രു​​​ന്നു. വ​​​ള​​​രെ കൃ​​​ത്യ​​​മാ​​​യ രാ​​​ഷ്​​​ട്രീ​​യ കാ​​​ര്യ​​​പ​​​രി​​​പാ​​​ടി​​​യു​​​ള്ള ഒ​​​രു സം​​​ഘ​​​വു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള​​​വ​​​ളാ​​​യി​​​രു​​​ന്നു ഒ​​​രു പെ​​​ണ്‍കു​​​ട്ടി. ആ ​​​സ​​​മ​​​യ​​​ത്ത് ഞ​​​ങ്ങ​​​ള്‍ ഈ ​​​സം​​​ഘ​​​ത്തോ​​​ട് യോ​​​ജി​​​ക്കു​​​ന്നു​​​ണ്ടാ​​​യി​​​രു​​​ന്നു. മ​​​റ്റേ കു​​​ട്ടി രാ​​​ഷ്​​​ട്രീ​​യ​​​പ​​​ര​​​മാ​​​യി അ​​​ൽ​​പം തീ​​​വ്ര​​​ത കു​​​റ​​​ഞ്ഞ​​​വ​​​ളാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ ഈ ​​​സി​​​നി​​​മ​​​യി​​​ല്‍ പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന​​​ത് അ​​​വ​​​ളെ സം​​​ബ​​​ന്ധി​​​ച്ച് പു​​​രോ​​​ഗ​​​മ​​​നം ആ​​​യി​​​രി​​​ക്കാം. മാ​​​ത്ര​​​വു​​​മ​​​ല്ല, ഈ ​​​പു​​​രോ​​​ഗ​​​മ​​​ന​​​ത്താ​​​ൽ ഞ​​​ങ്ങ​​​ള്‍ക്ക്‌ ത​​​മ്മി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ ഫ​​​ല​​​വ​​​ത്താ​​​യ രാ​​​ഷ്​​​ട്രീ​​യ ബ​​​ന്ധം ഉ​​​ണ്ടാ​​​കും.

സാ​​​ങ്കേ​​​തി​​​ക പ്ര​​​ശ്ന​​​ങ്ങ​​​ള്‍ എ​​​ന്നു വി​​​ളി​​​ക്ക​​​പ്പെ​​​ടു​​​ന്ന എ​​​ല്ലാ കാ​​​ര്യ​​​ങ്ങ​​​ളെ​​​യും അ​​​വ​​​യു​​​ടെ വ​​​ള​​​രെ ല​​​ളി​​​ത​​​മാ​​​യ ത​​​ല​​​ത്തി​​​ലേ​​​ക്ക് ചു​​​രു​​​ക്കി​​​യ​​​തോ​​​ടു​​​കൂ​​​ടി ഞ​​​ങ്ങ​​​ള്‍ ഒ​​​രു ചു​​​വ​​​ട് മു​​​ന്നോ​​​ട്ടു​​വെ​​​ച്ചു. നി​​​ങ്ങ​​​ള്‍ ഫോ​​​ട്ടോ​​​ഗ്ര​​ഫി​​​യെ കു​​​റി​​​ച്ച് ഒ​​​രു പു​​​സ്ത​​​കം വാ​​​യി​​​ക്കു​​​മ്പോ​​​ൾ, അ​​​ത് ഹോ​​​ളി​​​വു​​​ഡ്‌ ഫോ​​​ട്ടോ​​​ഗ്രാ​​​ഫ​​​റു​​​ടേ​​​ത് ആ​​​വ​​​ട്ടെ, അ​​​ല്ലെ​​​ങ്കി​​​ല്‍ കൊ​​​ഡാ​​​ക്കി​​ന്റെ ആ​​​വ​​​ട്ടെ, അ​​​തൊ​​​രു ആ​​​റ്റം​​​ബോം​​​ബ്‌ ഉ​​​ണ്ടാ​​​ക്കു​​​ന്ന​​​തു​​​പോ​​​ലെ ആ​​​യി തോ​​​ന്നാം, എ​​​ന്നാ​​​ല്‍ അ​​​ങ്ങ​​​നെ അ​​​ല്ല. ഇ​​​ത് സ​​​ത്യ​​​ത്തി​​​ല്‍ വ​​​ള​​​രെ ല​​​ളി​​​ത​​​മാ​​​ണ്. അ​​​തു​​​കൊ​​​ണ്ട് ഞ​​​ങ്ങ​​​ൾ വ​​​ള​​​രെ കു​​​റ​​​ച്ചു ദൃ​​​ശ്യ​​​ങ്ങ​​​ള്‍ മാ​​​ത്രം ഉ​​​ണ്ടാ​​​ക്കു​​​ക​​​യാ​​​ണ്. ര​​​ണ്ടി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ ട്രാ​​​ക്കു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കി​​​ല്ല, അ​​​പ്പോ​​​ള്‍ മി​​​ക്​​​സി​​ങ്​ ല​​​ളി​​​ത​​​മാ​​​വും.

ഹോ​​​ളി​​​വു​​​ഡി​​​നെ കു​​​റി​​​ച്ച് സം​​​സാ​​​രി​​​ക്കു​​​മ്പോ​​​ള്‍ ഹോ​​​ളി​​​വു​​​ഡ്‌ എ​​​ല്ലാ​​​വ​​​രുമാ​​​ണെന്ന് ഞ​​​ങ്ങ​​​ള്‍ മ​​​ന​​​സ്സി​​​ലാ​​​ക്കു​​​ന്നു. അ​​​ത് ന്യൂ​​​സ് റീ​​​ല്‍ ആ​​​വ​​​ട്ടെ, ക്യ​​​ബി​​​ന്‍സ്‌ ആ​​​വ​​​ട്ടെ, യൂ​​​ഗോ​​​സ്​​​ലാ​​​വി​​​യ​​​ക്കാ​​​ര്‍ ആ​​​വ​​​ട്ടെ, അ​​​ല്ലെ​​​ങ്കി​​​ല്‍ ന്യൂ​​​യോ​​​ർക് ഫി​​​ലിം ഫെ​​​സ്റ്റി​​വ​​​ല്‍ ആ​​​വ​​​ട്ടെ, അ​​​ല്ലെ​​​ങ്കി​​​ല്‍ വേ​​​ണ്ട, കാ​​​ന്‍ ഫെ​​​സ്റ്റി​​വ​​​ല്‍ ആ​​​വ​​​ട്ടെ, അ​​​ല്ലെ​​​ങ്കി​​​ല്‍ Cinematheque Francaise ആ​​​വ​​​ട്ടെ, അ​​​ല്ലെ​​​ങ്കി​​​ല്‍ Cahiers du Cinema ആ​​​വാം. ഹോ​​​ളി​​​വു​​​ഡ്‌ എ​​​ന്നാ​​​ല്‍ സി​​​നി​​​മ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട എ​​​ല്ലാം. ഞ​​​ങ്ങ​​​ള്‍ ഓ​​​രോ പ്രാ​​​വ​​​ശ്യ​​​വും ഹോ​​​ളി​​​വു​​​ഡ്‌ എ​​​ന്നു പ​​​റ​​​യു​​​മ്പോ​​​ള്‍ അ​​​ത് സി​​​നി​​​മ എ​​​ന്ന പ്ര​​​ത്യ​​​യ​​​ശാ​​​സ്ത്ര ഉ​​​ൽ​​പ​​​ന്ന​​​ത്തി​​ന്റെ സാ​​​മ്രാ​​​ജ്യ​​​ത്വ​​​മാ​​​ണ്.


നി​​​ങ്ങ​​​ള്‍ വി​​​ശ​​​ദീ​​​ക​​​രി​​​ച്ച രീ​​​തി​​​യി​​​ലു​​​ള്ള വി​​​പ്ല​​​വ രാ​​​ഷ്​​​ട്രീ​​യ പ്ര​​​ക്രി​​​യ​​​യി​​​ലൂ​​​ടെ നി​​​ങ്ങ​​​ള്‍ ആ​​​ദ്യ​​​മാ​​​യി ഉ​​​ണ്ടാ​​​ക്കി​​​യ സി​​​നി​​​മ​​​യാ​​​ണോ See You at Mao?

ആ​​​ദ്യ​​​ത്തേ​​​ത് A Movie like the Others എ​​​ന്ന സി​​​നി​​​മ​​​യാ​​​യി​​​രു​​​ന്നു. 1968 മേ​​​യ്‌-​​​ജൂ​​​ണി​​​ല്‍ ഫ്രാ​​​ന്‍സി​​​ൽ ഉ​​​ണ്ടാ​​​യ സം​​​ഭ​​​വ​​​ങ്ങ​​​ള്‍ക്ക് തൊ​​​ട്ടു പി​​​ന്നാ​​​ലെ​​​യാ​​​ണ് ഈ ​​​സി​​​നി​​​മ ഉ​​​ണ്ടാ​​​ക്കി​​​യ​​​ത്. പ​​​ക്ഷേ, അ​​​തൊ​​​രു പൂ​​​ർ​​ണ പ​​​രാ​​​ജ​​​യ​​​മാ​​​യി​​​രു​​​ന്നു. അ​​​തു​​​കൊ​​​ണ്ട് അ​​​ൽ​​പം ചി​​​ന്തി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള ശ​​​രി​​​യാ​​​യ ആ​​​ദ്യസം​​​രം​​​ഭം See You at Mao ആ​​​ണെ​​​ന്ന് പ​​​റ​​​യാം. ഈ ​​​സി​​​നി​​​മ ഒ​​​രു ത​​​ര​​​ത്തി​​​ലു​​​ള്ള ബൂ​​​ര്‍ഷ്വാ സി​​​നി​​​മ​​​യാ​​​ണ്. അ​​​തേ​സ​​​മ​​​യം നി​​​ർ​​മാ​​​ണ​​​ത്തി​​​ൽ പ​​​ല വ​​​ശ​​​ങ്ങ​​​ളി​​​ലും അ​​​ത് പു​​​രോ​​​ഗ​​​മ​നാ​​​ത്മ​​​ക​​​മാ​​​ണ്. അ​​​തി​​ന്റെ സാ​​​ങ്കേ​​​തി​​​ക ലാ​​​ളി​​​ത്യ​​​ത്തി​​ന്റെ കാ​​​ര്യ​​​ത്തി​​​ല്‍.

ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​യി, ഈ ​​​സി​​​നി​​​മ​​​യി​​​ലെ ന​​​ഗ്​​​ന​​​യാ​​​യ സ്ത്രീ​​​യു​​​ടെ ഷോ​​​ട്ട് വ​​​ള​​​രെ പു​​​രോ​​​ഗ​​​മ​​​നാ​​​ത്മ​​​ക​​​മാ​​​യ സം​​​വാ​​​ദം ഉ​​​ണ്ടാ​​​ക്കും. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം ഹ്യൂസ്​​​റ്റ​​നി​​​ല്‍െ​​വ​​​ച്ച് ഒ​​​രു വി​​​ദ്യാ​​​ർ​​ഥി പ​​​റ​​​യു​​​ക​​​യു​​​ണ്ടാ​​​യി: ''Zabriskie Point (സം​​​വി​​​ധാ​​​നം: ആ​​ന്റോണി​​​യോ​​​ണി) എ​​​ന്ന സി​​​നി​​​മ​​​യും ഈ ​​​സി​​​നി​​​മ​​​യും ത​​​മ്മി​​​ല്‍ ഒ​​​രു വ്യ​​​ത്യാ​​​സ​​​വുമി​​​ല്ല.'' ഞാ​​​ന്‍ പ​​​റ​​​ഞ്ഞു: ''ശ​​​രി. Zabriskie Point ക​​​ണ്ട​​​തി​​​നുശേ​​​ഷം നി​​​ങ്ങ​​​ള്‍ എ​​​ന്താ​​​ണ് ചെ​​​യ്ത​​​ത്?'' അ​​​യാ​​​ള്‍ പ​​​റ​​​ഞ്ഞ​​​ത്: "ഞാ​​​ന്‍ കൂ​​​ടു​​​ത​​​ല്‍ ചി​​​ന്തി​​​ക്കു​​​ന്നു." ഞാ​​​ന്‍ പ​​​റ​​​ഞ്ഞു: ''ശ​​​രി. എ​​​ന്തി​​​നെ കു​​​റി​​​ച്ചാ​​​ണ് താ​​​ങ്ക​​​ള്‍ കൂ​​​ടു​​​ത​​​ല്‍ ചി​​​ന്തി​​​ക്കു​​​ന്ന​​​ത്?'' "എ​​​നി​​​ക്ക് അ​​​റി​​​യി​​​ല്ല", അ​​​യാ​​​ള്‍ പ​​​റ​​​ഞ്ഞു. See You at Mao എ​​​ന്ന സി​​​നി​​​മ​​​യെ കു​​​റി​​​ച്ച് അ​​​യാ​​​ള്‍ തി​​​രി​​​ച്ചു ചോ​​​ദി​​​ച്ചു: ''സ്ത്രീശ​​​രീ​​​ര​​​ത്തി​​​നു പ​​​ക​​​രം എ​​​ന്തു​​​കൊ​​​ണ്ട് ഒ​​​രു പു​​​രു​​​ഷശ​​​രീ​​​രം ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​ല്ല?'' അ​​​പ്പോ​​​ള്‍ ഞാ​​​ന്‍ പ​​​റ​​​ഞ്ഞു: ''സ്ത്രീ ​​​വി​​​മോ​​​ച​​​ന​​​ത്തി​​​നാ​​​യി ഒ​​​രു ദൃ​​​ശ്യം സൃ​​​ഷ്​​​ടി​​​ക്കാ​​​നാ​​​യി എ​​​ങ്ങ​​​നെ ശ്ര​​​മി​​​ക്കു​​​ക​​​യും നി​​​ർ​​മി​​​ക്കു​​​ക​​​യും ചെ​​​യ്യാം എ​​​ന്നാ​​​ണ് ഞ​​​ങ്ങ​​​ള്‍ ച​​​ര്‍ച്ചചെ​​​യ്യു​​​ന്ന​​​ത്. പി​​​ന്നെ ഞ​​​ങ്ങ​​​ള്‍ യ​​​ഥാ​​​ർ​​ഥ രാ​​​ഷ്​​​ട്രീ​​യ​​​പ​​​ര​​​വും പു​​​രോ​​​ഗ​​​മ​​​ന​​​പ​​​ര​​​വു​​​മാ​​​യ ച​​​ര്‍ച്ച​​​ക​​​ൾ ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. ഇ​​​ത് Zabriskie Pointല്‍ ​​​നി​​​ങ്ങ​​​ള്‍ക്ക്‌ ഒ​​​രി​​​ക്ക​​​ലും ക​​​ണ്ടെ​​​ത്താ​​​ന്‍ ക​​​ഴി​​​യി​​​ല്ല. ല​​​ളി​​​ത​​​മാ​​​യ സ​​​ങ്കേ​​​ത​​​ങ്ങ​​​ള്‍ പു​​​രോ​​​ഗ​​​മ​​​നാ​​​ത്മ​​​ക​​​മാ​​​യ രാ​​​ഷ്​​​ട്രീ​​യ ആ​​​ശ​​​യ​​​ങ്ങ​​​ള്‍ ഉ​​​ണ്ടാ​​​ക്കും എ​​​ന്ന​​​തു​​​കൊ​​​ണ്ട് ഞ​​​ങ്ങ​​​ള്‍ ഇ​​​താ​​​ണ് അ​​​ർ​​ഥ​​​മാ​​​ക്കു​​​ന്ന​​​ത്.''

സി​​​നി​​​മ കാ​​​ണു​​​ന്ന പ്രേ​​​ക്ഷ​​​ക​​​രു​​​ടെ പ്ര​​​തി​​​ക​​​ര​​​ണ​​​ത്തെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യും സി​​​നി​​​മ​​​യോ​​​ടു​​​ള്ള നി​​​ങ്ങ​​​ളു​​​ടെ സ്വ​​​ന്തം മ​​​നോ​​​ഭാ​​​വ​​​ങ്ങ​​​ളെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​ണോ നി​​​ങ്ങ​​​ളു​​​ടെ തു​​​ട​​​ര്‍ന്നു​​​ള്ള ഓ​​​രോ സി​​​നി​​​മ​​​യു​​​ടെ​​​യും വി​​​ജ​​​യം?

പ്ര​​ധാ​​ന​​​മാ​​​യും ഞ​​​ങ്ങ​​​ളു​​​ടെ മ​​​നോ​​​ഭാ​​​വ​​​മാ​​​ണ് പു​​​രോ​​​ഗ​​​തി​​​യെ നി​​ർ​​ണ​​​യി​​​ക്കു​​​ന്ന​​​ത്. കാ​​​ര​​​ണം, ഇ​​​തു​​​വ​​​രെ ഞ​​​ങ്ങ​​​ളു​​​ടെ സി​​​നി​​​മ​​​ക​​​ളി​​​ല്‍ നെ​​​ഗ​​​റ്റി​​​വ് വ​​​ശ​​​ങ്ങ​​​ള്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍, ഈ ​​​നെ​​​ഗ​​​റ്റി​​വ് വ​​​ശ​​​ങ്ങ​​​ളെ തു​​​ട​​​ര്‍ന്നു​​വ​​​രു​​​ന്ന സി​​​നി​​​മ​​​ക​​​ളി​​​ല്‍ പോ​​​സി​​​റ്റി​​വ്​ വ​​​ശ​​​ങ്ങ​​​ളാ​​​ക്കി പ​​​രി​​​വ​​​ര്‍ത്തി​​​പ്പി​​​ക്കാ​​​ൻ ക​​​ഴി​​​യും എ​​​ന്ന​​​താ​​​ണ് വ​​​സ്തു​​​ത. എ​​​ന്നി​​​രു​​​ന്നാ​​​ലും അ​​​വ പു​​​രോ​​​ഗ​​​മ​​​നാ​​​ത്മ​​​ക​​​മാ​​​യ വ​​​ഴി​​​യി​​​ലൂ​​​ടെ​​​യാ​​​ണ് കൈ​​​വ​​​രി​​​ച്ച​​​ത്.

വി​​​ത​​​ര​​​ണ​​​ത്തി​​​ലെ പ്ര​​​ശ്ന​​​ങ്ങ​​​ള്‍ എ​​​ന്തൊ​​​ക്കെ​​​യാ​​​ണ്?

നി​​​ർ​​മാ​​​ണ​​​വും വി​​​ത​​​ര​​​ണ​​​വും ത​​​മ്മി​​​ലു​​​ള്ള വൈ​​​രു​​​ധ്യ​​​മാ​​​ണ് ഒ​​​ന്ന്. സാ​​​മ്രാ​​​ജ്യ​​​ത്വ ശ​​​ക്തി​​​ക​​​ളാ​​​ണ് ഈ ​​​വൈ​​​രു​​​ധ്യം ഉ​​​ണ്ടാ​​​ക്കി​​​യ​​​ത്. വി​​​ത​​​ര​​​ണം അ​​​വ​​​രു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​ക്കി. "ഞ​​​ങ്ങ​​​ള്‍ ഉ​​​ൽ​​പ​​​ന്നം വി​​​ത​​​ര​​​ണം ചെ​​​യ്യ​​​ണം എ​​​ന്ന​​​തി​​​നാ​​​ല്‍ വി​​​ത​​​ര​​​ണ​​​ത്തി​​​ന് പ​​​റ്റി​​​യ രീ​​​തി​​​യി​​​ല്‍ സി​​​നി​​​മ ഉ​​​ണ്ടാ​​​ക്ക​​​ണം" എ​​​ന്ന് അ​​​വ​​​ര്‍ പ​​​റ​​​യു​​​ന്നു. ഞ​​​ങ്ങ​​​ള്‍ക്ക്‌ നേ​​​രെ വി​​​പ​​​രീ​​​ത​​​മാ​​​യി പ്ര​​​വ​​​ര്‍ത്തി​​​ക്കേ​​​ണ്ടി​​​യി​​​രി​​​ക്കു​​​ന്നു. സി​​​നി​​​മ എ​​​ങ്ങ​​നെ നി​​​ർ​​മി​​​ക്ക​​​ണം, സി​​​നി​​​മ എ​​​ങ്ങ​​​നെ ഉ​​​ണ്ടാ​​​ക്ക​​​ണം എ​​​ന്ന് ആ​​​ദ്യം പ​​​ഠി​​​ക്ക​​​ണം. പി​​​ന്നെ വി​​​ത​​​ര​​​ണം എ​​​ങ്ങ​​​നെ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് ഞ​​​ങ്ങ​​​ള്‍ പ​​​ഠി​​​ക്കും. അ​​​താ​​​യ​​​ത്, ഞ​​​ങ്ങ​​​ളു​​​ടെ ഏ​​​താ​​​നും സി​​​നി​​​മ​​​ക​​​ള്‍, വ​​​ള​​​രെ കു​​​റ​​​ച്ച് പ​​​ണം, നി​​​ല​​​വി​​​ലു​​​ള്ള രീ​​​തി​​​യി​​​ല്‍ വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​ന്‍ ഞ​​​ങ്ങ​​​ള്‍ ശ്ര​​​മി​​​ക്കി​​​ല്ല. വി​​​ല്‍ക്കാ​​​നാ​​​യി ഉ​​​ണ്ടാ​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ് പ​​​ഴ​​​യ രീ​​​തി. മ​​​റ്റൊ​​​രാ​​​ള്‍ക്ക്‌ വി​​​ല്‍ക്കാ​​​നാ​​​യി ഉ​​​ണ്ടാ​​​ക്കു​​​ക. പു​​​തു​​​താ​​​യി മ​​​റ്റൊ​​​ന്ന് ഉ​​​ണ്ടാ​​​ക്കാ​​​നാ​​​യി വി​​​ല്‍ക്കു​​​ക. ഇ​​​പ്പോ​​​ള്‍ ഇ​​​ത് അ​​​വ​​​സാ​​​നി​​​ച്ചി​​​രി​​​ക്കു​​​ന്നു. സാ​​​മ്പ​​​ത്തി​​​കം കാ​​​ര​​​ണ​​​മാ​​​യി സി​​​നി​​​മ ഉ​​​ണ്ടാ​​​ക്കു​​​ന്ന രീ​​​തി ഞ​​​ങ്ങ​​​ള്‍ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്നു. സി​​​നി​​​മ ഉ​​​ണ്ടാ​​​ക്കു​​​ക എ​​​ന്ന​​​ത് വ​​​ള​​​രെ പ്ര​​​ധാ​​​ന​​​മ​​​ല്ല എ​​​ന്ന് ഒ​​​രു പ്ര​​​ത്യേ​​​ക ച​​​രി​​​ത്രനി​​​മി​​​ഷ​​​ത്തി​​​ൽ ഞ​​​ങ്ങ​​​ള്‍ക്ക്‌ മ​​​ന​​​സ്സി​​​ലാ​​​കും.

യ​​​ഥാ​​​ർ​​ഥ വി​​​പ്ല​​​വ​​​ക​​​ര​​​മാ​​​യ സി​​​നി​​​മ​​​ക​​​ള്‍, രാ​​​ഷ്​​​ട്രീ​​യ വ​​​ഴി​​​യി​​​ലൂ​​​ടെ​​​യു​​​ള്ള രാ​​​ഷ്​​​ട്രീ​​യ സി​​​നി​​​മ​​​ക​​​ള്‍ക്ക് ഉ​​​ദാ​​​ഹ​​​ര​​​ണം എ​​​ന്തെ​​​ങ്കി​​​ലും ഉ​​​ണ്ടോ?

ഉ​​​ണ്ടാ​​​യി​​​രി​​​ക്കാം. ഉ​​​ണ്ടെ​​​ങ്കി​​​ല്‍ത്ത​​​ന്നെ അ​​​റി​​​യ​​​പ്പെ​​​ടാ​​​ത്ത​​​വ​​​യാ​​​കും. ഏ​​​ഷ്യ​​​യി​​​ല്‍ ഒ​​​ന്നോ ര​​​ണ്ടോ ഉ​​​ണ്ടാ​​​യി​​​രി​​​ക്കാം. അ​​​തു​​​പോ​​​ലെ ആ​​​ഫ്രി​​​ക്ക​​​യി​​​ലും. എ​​​നി​​​ക്ക് അ​​​റി​​​യി​​​ല്ല. ചൈ​​​ന​​​യി​​​ല്‍ അ​​​വ​​​ര്‍ ആ ​​​രീ​​​തി​​​യി​​​ല്‍ പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്നു​​​ണ്ടാ​​​യി​​​രി​​​ക്കാം. പ​​​ക്ഷേ, ചൈ​​​ന​​​യു​​​ടെ സാ​​​ഹ​​​ച​​​ര്യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട്, ചൈ​​​ന​​​ക്കാ​​​രെ സം​​​ബ​​​ന്ധി​​​ച്ച് അ​​​ത് എ​​​ളു​​​പ്പ​​​മാ​​​ണ്. കാ​​​ര​​​ണം, അ​​​വി​​​ടെ ഇ​​​രു​​​പ​​​തു വ​​​ര്‍ഷ​​​ക്കാ​​​ല​​​ത്തെ ജ​​​ന​​​ങ്ങ​​​ളു​​​ടെ സ​​​ർ​​വാ​​​ധി​​​പ​​​ത്യം ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​പ്പോ​​​ള്‍ പ്ര​​​ത്യ​​​യ​​​ശാ​​​സ്ത്ര ഉ​​​പ​​​രി​​​ഘ​​​ട​​​ന​​​യെ ജ​​​ന​​​ങ്ങ​​​ള്‍ ഏ​​​റ്റെ​​​ടു​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​തി​​​ന​​​ർ​​ഥം അ​​​വ​​​ര്‍ക്ക്‌ ക​​​ല​​​യി​​​ലും സാ​​​ഹി​​​ത്യ​​​ത്തി​​​ലും ശ​​​രി​​​യാ​​​യ, വി​​​പ്ല​​​വാ​​​ത്മ​​​ക​​​മാ​​​യ രീ​​​തി​​​യി​​​ല്‍ പ്ര​​​വ​​​ര്‍ത്തി​​​ക്കാ​​​നു​​​ള്ള പ്രാ​​​പ്തി ഉ​​​ണ്ട് എ​​​ന്നാ​​​ണ്.

Battle of Algiers (സം​​​വി​​​ധാ​​​നം: Gillo Pontecorvo), Z (സം​​​വി​​​ധാ​​​നം: Costa Gavras) എ​​​ന്നീ സി​​​നി​​​മ​​​ക​​​ളെ താ​​​ങ്ക​​​ള്‍ എ​​​ങ്ങ​​നെ​​​യാ​​​ണ് കാ​​​ണു​​​ന്ന​​​ത്?

വ​​​ർ​​ഗ​​സ​​​മ​​​ര​​​ത്തി​​​ല്‍നി​​​ന്നോ അ​​​ല്ലെ​​​ങ്കി​​​ല്‍ വി​​​മോ​​​ച​​​ന പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍നി​​​ന്നോ ആ​​​ണ് ഒ​​​രു വി​​​പ്ല​​​വസി​​​നി​​​മ ഉ​​​ണ്ടാ​​​വേ​​​ണ്ട​​​ത്. ഈ ​​​സി​​​നി​​​മ​​​ക​​​ള്‍ സ​​​മ​​​ര​​​ത്തി​​ന്റെ ഭാ​​​ഗ​​​മ​​​ല്ല, അ​​​വ റെ​​​ക്കോ​​​ഡ്​ ചെ​​​യ്യു​​​ക മാ​​​ത്ര​​​മാ​​​ണ്. അ​​​വ വെ​​​റും രാ​​​ഷ്​​​ട്രീ​​യ​​​ത്തെ കു​​​റി​​​ച്ചു​​​ള്ള സി​​​നി​​​മ​​​ക​​​ളാ​​​ണ്. രാ​​​ഷ്​​​ട്രീ​​യ​​​ക്കാ​​​രെ​െ​​വ​​​ച്ച് ചി​​​ത്രീ​​​ക​​​രി​​​ച്ച​​​ത്. അ​​​വ​​​ര്‍ റെ​​​ക്കോ​‍ഡ്‌ ചെ​​​യ്യു​​​ന്ന പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ക്ക് മു​​​ഴു​​​വ​​​നാ​​​യും പു​​​റ​​​ത്താ​​​ണ് ഈ ​​​സി​​​നി​​​മ​​​ക​​​ള്‍. ഒ​​​രു ത​​​ര​​​ത്തി​​​ലും ആ ​​​പ്ര​​​വ​​​ര്‍ത്ത​​​ന​​​ത്തി​​ന്റെ ഫ​​​ല​​​മ​​​ല്ല. കൂ​​​ടി​​​വ​​​ന്നാ​​​ല്‍, അ​​​വ ഉ​​​ൽ​​പ​​​തി​​​ഷ്ണു​​​വാ​​​യ സി​​​നി​​​മ​​​ക​​​ളാ​​​ണ്.

അ​​​വ​​​ര്‍ ആ​​​ക്ര​​​മി​​​ക്കു​​​ക​​​യാ​​​ണ് എ​​​ന്നാ​​​ണ് അ​​​വ​​​ര്‍ അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന​​​ത്. എ​​​ന്നാ​​​ല്‍ ചൈ​​​ന​​​ക്കാ​​​ര്‍ പ​​​റ​​​യു​​​ന്ന​​​തു​​​പോ​​​ലെ പ​​​ഞ്ച​​​സാ​​​ര​​​യി​​​ൽ പൊ​​​തി​​​ഞ്ഞ വെ​​​ടി​​​യു​​​ണ്ട​​​യാ​​​ണി​​​ത്. ഈ ​​​പ​​​ഞ്ച​​​സാ​​​ര വെ​​​ടി​​​യു​​​ണ്ട​​​ക​​​ളാ​​​ണ് ഏ​​​റ്റ​​​വും അ​​​പ​​​ക​​​ട​​​കാ​​​രി​​​ക​​​ള്‍.

പ്ര​​​ശ്ന​​​ത്തെ അ​​​പ​​​ഗ്ര​​​ഥി​​​ക്കു​​​ന്ന​​​തി​​​നു മു​​​മ്പ്‌ അ​​​വ​​​ര്‍ ഒ​​​രു പ്ര​​​തി​​​വി​​​ധി മു​​​ന്നോ​​​ട്ടുവെ​​​ക്കു​​​ന്നു. ഇ​​​തി​​​ലൂ​​​ടെ അ​​​വ​​​ര്‍ പ്ര​​​ശ്ന​​​ത്തി​​​നു മു​​​മ്പ്‌ പ്ര​​​തി​​​വി​​​ധി​​​യെ വെ​​​ക്കു​​​ന്നു. അ​​​തേ നി​​​മി​​​ഷം അ​​​വ​​​ര്‍ യാ​​​ഥാ​​​ർ​​ഥ്യ​​​ത്തെ പ്ര​​​തി​​​നി​​​ധാ​​​ന​​​മാ​​​യി തെ​​​റ്റി​​​ദ്ധ​​​രി​​​ക്കു​​​ന്നു. ഒ​​​രു സി​​​നി​​​മ യാ​​​ഥാ​​​ർ​​ഥ്യ​​​മ​​​ല്ല. അ​​​ത് പ്ര​​​തി​​​നി​​​ധാ​​​നം മാ​​​ത്ര​​​മാ​​​ണ്. ബൂ​​​ര്‍ഷ്വാ സി​​​നി​​​മാ​​​ക്കാ​​​ര്‍ യാ​​​ഥാ​​​ർ​​ഥ്യ​​​ത്തി​​ന്റെ പ്ര​​​തി​​​നി​​​ധാ​​​ന​​​ത്തി​​​ലാ​​​ണ് കേ​​​ന്ദ്രീ​​​ക​​​രി​​​ക്കു​​​ക. ഞ​​​ങ്ങ​​​ള്‍ ആ ​​​പ്ര​​​തി​​​നി​​​ധാ​​​ന​​​ത്തി​​ന്റെ യാ​​​ഥാ​​​ർ​​ഥ്യ​​​ത്തെ കു​​​റി​​​ച്ചാ​​​ണ് ചി​​​ന്തി​​​ക്കു​​​ന്ന​​​ത്.

അ​​​വ​​​രെ ക​​​ഠി​​​ന​​​മാ​​​യി ആ​​​ക്ര​​​മി​​​ക്കു​​​ന്നു എ​​​ന്ന​​​തി​​​നാ​​​ല്‍ ഞ​​​ങ്ങ​​​ളു​​​ടെ പ​​​ല പ​​​ദ്ധ​​​തി​​​ക​​​ളും ബ്രി​​​ട്ടീ​​​ഷ്‌, ഇ​​​റ്റാ​​​ലി​​​യ​​​ന്‍, ഫ്ര​​​ഞ്ച് ടെ​​​ലി​​​വി​​​ഷ​​​നു​​​ക​​​ള്‍ നി​​​ര​​​സി​​​ച്ചു. അ​​​വ​​​ര്‍ ഞ​​​ങ്ങ​​​ളെ എ​​​ഫ്.​​​ബി.​​​ഐ​​​യെ​​പോ​​​ലെ കാ​​​ണു​​​ന്നു. ഞ​​​ങ്ങ​​​ള്‍ക്ക്‌ ഓ​​​സ്‌​​​കറി​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യി​​​ല്ല. മാ​​​ത്ര​​​മ​​​ല്ല, സി.​​​ബി.​​​എ​​​സി​​​ന് വി​​​ല്‍ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യും ഇ​​​ല്ല.

എ​​​മി​​​ലി സോ​​​ള ഒ​​​രു ന​​​ല്ല ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​ണ്. അ​​​ദ്ദേ​​​ഹം ഒ​​​രു പു​​​രോ​​​ഗ​​​മ​​​ന എ​​​ഴു​​​ത്തു​​​കാ​​​ര​​​നാ​​​യാ​​​ണ് ആ​​​രം​​​ഭി​​​ച്ച​​​ത്. ഖ​​​നി​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ​​​യും തൊ​​​ഴി​​​ലാ​​​ളി വ​​​ർ​​ഗ​​​ത്തെ​​​യും കു​​​റി​​​ച്ച് അ​​​ദ്ദേ​​​ഹം എ​​​ഴു​​​തി. അ​​​ദ്ദേ​​​ഹം പി​​​ന്നീ​​​ട് ത​​ന്റെ പു​​​സ്ത​​​ക​​​ത്തി​​ന്റെ ധാ​​​രാ​​​ളം കോ​​​പ്പി​​​ക​​​ള്‍ വി​​​റ്റു. അ​​​യാ​​​ള്‍ ഒ​​​രു യ​​​ഥാ​​​ർ​​ഥ ബൂ​​​ര്‍ഷ്വാ​​​സി​​​യാ​​​യി മാ​​​റി. പി​​​ന്നീ​​​ട് ഫോ​​​ട്ടോ​​​ഗ്ര​​​ഫി ക​​​ണ്ടു​​​പി​​​ടി​​​ച്ചു. അ​​​പ്പോ​​​ള്‍ അ​​​ദ്ദേ​​​ഹം ഫോ​​​ട്ടോ​​​ഗ്രാ​​​ഫു​​​ക​​​ള്‍ ഉ​​​ണ്ടാ​​​ക്കി. അ​​​വ​​​സാ​​​ന​​​കാ​​​ല​​​ത്ത് അ​​​ദ്ദേ​​​ഹം ഉ​​​ണ്ടാ​​​ക്കി​​​യി​​​രു​​​ന്ന​​​ത് പൂ​​​ന്തോ​​​ട്ട​​​ത്തി​​​ല്‍ ഇ​​​രി​​​ക്കു​​​ന്ന ത​​ന്റെ ഭാ​​​ര്യ​​​യു​​​ടെ​​​യും കു​​​ട്ടി​​​ക​​​ളു​​​ടേ​​​തു​​​മാ​​​ണ്. തു​​​ട​​​ക്ക​​​ത്തി​​​ല്‍ അ​​​ദ്ദേ​​​ഹ​​​ത്തി​​ന്റെ പു​​​സ്ത​​​കം ഖ​​​നി​​​ത്തൊ​​​ഴി​​​ലാ​​​ളി സ​​​മ​​​രം പ്ര​​​തി​​​പാ​​​ദി​​​ക്കു​​​ന്ന​​​താ​​​യി​​​രു​​​ന്നു. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് സ​​​മ​​​രംചെ​​​യ്യു​​​ന്ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ ഫോ​​​ട്ടോ​​​ക​​​ള്‍ എ​​​ടു​​​ക്കാ​​​മാ​​​യി​​​രു​​​ന്നു. പ​​​ക്ഷേ, അ​​​ദ്ദേ​​​ഹം അ​​​ങ്ങ​​നെ ചെ​​​യ്തി​​​ല്ല. പ​​​ക​​​രം ത​​ന്റെ ഭാ​​​ര്യ​​​യു​​​ടെ ഫോ​​​ട്ടോ​​​ക​​​ൾ എ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ംപ്ര​​​ഷ​​​നി​​​സ്റ്റ് ചി​​​ത്ര​​​കാ​​​ര​​​ന്മാ​​​രെ​​​പ്പോ​​​ലെ. Manet റെ​​​യി​​​ൽവേ സ്​​​റ്റേ​​​ഷ​​ന്റെ ചി​​​ത്രം വ​​​ര​​​ച്ചു. എ​​​ന്നാ​​​ല്‍ സ്​​​റ്റേ​​​ഷ​​​നി​​​ല്‍ വ​​​ലി​​​യ സ​​​മ​​​രം ന​​​ട​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തെ കു​​​റി​​​ച്ച് അ​​​യാ​​​ള്‍ ബോ​​​ധ​​​വാ​​​നാ​​​യി​​​രു​​​ന്നി​​​ല്ല. അ​​​പ്പോ​​​ള്‍ സി​​​നി​​​മ​​​യു​​​ടെ വി​​​ക​​​സ​​​ന​​​വും കാ​​​മ​​​റ​​​യു​​​ടെ ക​​​ണ്ടു​​​പി​​ടി​​ത്ത​​​വും പു​​​രോ​​​ഗ​​​മ​​​നം ആ​​​യി​​​രു​​​ന്നി​​​ല്ല. നോ​​​വ​​​ലി​​​ല്‍ ഉ​​​ള്ള പ​​​ല കാ​​​ര്യ​​​ങ്ങ​​​ള്‍ പ​​​ക​​​രാ​​​നു​​​ള്ള പ​​​ലത​​​ര​​​ത്തി​​​ലു​​​ള്ള സൂ​​​ത്ര​​​മാ​​​യി​​​രു​​​ന്നു. നോ​​​വ​​​ലും സി​​​നി​​​മ​​​യു​​​ണ്ടാ​​​ക്കു​​​ന്ന​​​തും ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധം, സ്ക്രി​​​പ്റ്റ് എ​​​ഴു​​​തു​​​ന്ന രീ​​​തി, സം​​​വി​​​ധാ​​​യ​​​ക​​​ന്‍ സി​​​നി​​​മ​​​യെ രൂ​​​പ​​​പ്പെ​​​ടു​​​ത്തു​​​ന്ന രീ​​​തി – എ​​​ല്ലാം ഭ​​​ര​​​ണ​​​വ​​​ർ​​ഗ പ്ര​​​ത്യ​​​യ​​​ശാ​​​സ്ത്ര​​​ത്തെ ഉ​​​റ​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണ്.

നേ​​​ര്‍രേ​​​ഖ​​​യി​​​ലു​​​ള്ള ആ​​​ഖ്യാ​​​നം നോ​​​വ​​​ലി​​​നെ മ​​​ര​​​ണ​​​ത്തി​​​ല്‍ എ​​​ത്തി​​​ച്ചു. യാ​​​ഥാ​​​ർ​​ഥ്യ​​​ത്തെ ഒ​​​രു വി​​​പ്ല​​​വാ​​​ത്മ​​​ക സ​​​ന്ദ​​​ര്‍ഭ​​​ത്തി​​​ലേ​​​ക്ക്‌ പ​​​രി​​​വ​​​ര്‍ത്ത​​​നം ചെ​​​യ്യാ​​​ന്‍ നോ​​​വ​​​ലി​​​സ്റ്റു​​​കള്‍ പ്രാ​​​പ്ത​​​രാ​​​യി​​​രു​​​ന്നി​​​ല്ല. കാ​​​ര​​​ണം, ആ​​​ഖ്യാ​​​നരീ​​​തി എ​​​വി​​​ടെ​​​നി​​​ന്നാ​​​ണ് വ​​​രു​​​ന്ന​​​ത് എ​​​ന്ന് അ​​​വ​​​ര്‍ ഒ​​​രി​​​ക്ക​​​ലും അ​​​പ​​​ഗ്ര​​​ഥി​​​ച്ചി​​​ല്ല. ആ​​​രാ​​​ണ് ഇ​​​ത് ക​​​ണ്ടു​​​പി​​​ടി​​​ച്ച​​​ത്? ആ​​​ര്‍ക്കു​​​വേ​​​ണ്ടി? ആ​​​ര്‍ക്ക് എ​​​തി​​​രെ? ഒ​​​രു സി​​​നി​​​മ​​​യി​​​ല്‍ ശു​​​ദ്ധ​​​മാ​​​യ സ​​​ങ്കേ​​​ത​​​ങ്ങ​​​ള്‍ ഇ​​​ല്ല. നി​​​ഷ്പ​​​ക്ഷ​​​മാ​​​യ കാ​​​മ​​​റ അ​​​ല്ലെ​​​ങ്കി​​​ല്‍ സൂം ​​​എ​​​ന്നൊ​​​ന്നി​​​ല്ല. ഇ​​​വ​​​യു​​​ടെ സാ​​​മൂ​​​ഹി​​​ക ഉ​​​പ​​​യോ​​​ഗം മാ​​​ത്ര​​​മേ ഉ​​​ള്ളൂ. 16 mm കാ​​​മ​​​റ​​​യു​​​ടെ സാ​​​മൂ​​​ഹി​​​ക ഉ​​​പ​​​യോ​​​ഗം ഉ​​​ണ്ടാ​​​വാം. എ​​​ന്നാ​​​ല്‍, ഇ​​​ത് ക​​​ണ്ടു​​​പി​​​ടി​​​ച്ച​​​പ്പോ​​​ള്‍ വെ​​​ളി​​​ച്ച​​​ത്തെ കു​​​റി​​​ച്ചോ എ​​​ളു​​​പ്പ​​​ത്തി​​​ല്‍ കൊ​​​ണ്ടു​​​ന​​​ട​​​ക്കാ​​​ന്‍ പ​​​റ്റു​​​ന്ന കാ​​മ​​​റ​​​യെ കു​​​റി​​​ച്ചോ വി​​​ശ​​​ക​​​ല​​​ന​​​ങ്ങ​​​ള്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. അ​​​തി​​​നാ​​​ല്‍ ഇ​​​വ​​​യു​​​ടെ സാ​​​മൂ​​​ഹി​​​ക ഉ​​​പ​​​യോ​​​ഗം ഹോ​​​ളി​​​വു​​​ഡ്‌ നി​​​യ​​​ന്ത്രി​​​ച്ചു.

കൂ​​​ടു​​​ത​​​ല്‍ സി​​​നി​​​മ​​​ക​​​ള്‍ ഉ​​​ണ്ടാ​​​ക്കേ​​​ണ്ട എ​​​ന്ന് തീ​​​രു​​​മാ​​​നി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള സ​​​ന്ദ​​​ര്‍ഭം എ​​​പ്പോ​​​ഴെ​​​ങ്കി​​​ലും ഉ​​​ണ്ടാ​​​യി​​​ട്ടു​​​ണ്ടോ? പ​​​ക​​​രം ത​​ന്റെ ഊ​​​ര്‍ജം മു​​​ഴു​​​വ​​​ന്‍ സി​​​നി​​​മ ഉ​​​ണ്ടാ​​​ക്കാ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്കാ​​​ത്ത വി​​​ധ​​​ത്തി​​​ലു​​​ള്ള മ​​​റ്റൊ​​​രുത​​​ര​​​ത്തി​​​ലു​​​ള്ള വി​​​പ്ല​​​വ പ്ര​​​വ​​​ര്‍ത്ത​​​ന​​​ത്തി​​​ന് സ​​​മ​​​ര്‍പ്പി​​​ക്ക​​​ണം എ​​​ന്ന് തീ​​​രു​​​മാ​​​നി​​​ക്കാ​​​ന്‍ തോ​​​ന്നി​​​യി​​​ട്ടു​​​ണ്ടോ?

പൊ​​​രു​​​തി​​​ക്കൊ​​​ണ്ടാ​​​ണ് ചെ​ ​​ഗു​​​വേ​​​ര മ​​​രി​​​ച്ച​​​ത്. ആ ​​​രീ​​​തി​​​യി​​​ലാ​​​ണ് പ​​​ല​​​രും അ​​​ദ്ദേ​​​ഹ​​​ത്തെ നോ​​​ക്കു​​​ന്ന​​​ത്. അ​​​വ​​​രും അ​​​തു​​​പോ​​​ലെ ചെ​​​യ്യ​​​ണം എ​​​ന്നാ​​​ണ് അ​​​വ​​​ര്‍ ചി​​​ന്തി​​​ക്കു​​​ന്ന​​​ത്. അ​​​തൊ​​​രു വ​​​ലി​​​യ കാ​​​ൽ​​പ​​​നി​​​ക സ​​​ങ്ക​​​ൽ​​പ​​​മാ​​​ണ്.

സി​​​നി​​​മ​​​യി​​​ലെ സാ​​​മ്പ​​​ത്തി​​​കം എ​​​ന്ന വി​​​ഷ​​​യ​​​ത്തെ കു​​​റി​​​ച്ച് എ​​​ന്തു പ​​​റ​​​യു​​​ന്നു? താ​​​ങ്ക​​​ള്‍ ഉ​​​ണ്ടാ​​​ക്കാ​​​ന്‍ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന സി​​​നി​​​മ​​​ക​​​ളെ കു​​​റി​​​ച്ചും. എ​​​ന്തു​​​കൊ​​​ണ്ടാ​​​ണ് താ​​​ങ്ക​​​ള്‍ ഈ ​​​സി​​​നി​​​മ​​​ക​​​ള്‍ ഉ​​​ണ്ടാ​​​ക്കു​​​ന്ന​​​ത്‌ എ​​​ന്ന​​​തി​​​നെ കു​​​റി​​​ച്ചും പ​​​ല വി​​​ത​​​ര​​​ണ മാ​​​ർ​​ഗ​​​ങ്ങ​​​ളും ടി.​​വി സ്​​​റ്റേ​​​ഷ​​​നു​​​ക​​​ളും കൂ​​​ടു​​​ത​​​ല്‍ കൂ​​​ടു​​​ത​​​ല്‍ ബോ​​​ധ​​​വാ​​​ന്മാ​​​രാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ പ​​​ണ​​​ത്തി​​ന്റെ സാ​​​ധാ​​​ര​​​ണ സ്രോ​​​ത​​​സ്സു​​​ക​​​ള്‍ ല​​​ഭ്യ​​​മ​​​ല്ലാ​​​താ​​​വി​​​ല്ലേ?

ഇ​​​തു​​​കൊ​​​ണ്ടാ​​​ണ് ഞ​​​ങ്ങ​​​ള്‍ക്ക്‌ ന​​​ഗ​​​രപ്രാ​​​ന്ത​​​ങ്ങ​​​ളി​​​ലോ ഫാ​​​ക്ട​​​റി​​​യി​​​ലോ വി​​​ഡി​​​യോ ടേ​​​പ്പ്‌ ഉ​​​പ​​​യോ​​​ഗി​​​ച്ച് പ്ര​​​വ​​​ര്‍ത്തി​​​ക്കേ​​​ണ്ട​​​താ​​​യി വ​​​രു​​​ന്ന​​​ത്. ഇ​​​രു​​​നൂ​​റ് ആ​​​ള്‍ക്കാ​​​രോ​​​ട് അ​​​വ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ള്‍ അ​​​വ​​​ര്‍ക്ക്‌ എ​​​ത്തി​​​ക്കാ​​​നാ​​​യി ആ​​​ഴ്ച​​​യി​​​ല്‍ ഇ​​​രു​​​പ​​​തു സെ​​​ന്റ്​ വീ​​​തം ചോ​​​ദി​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ് ഏ​​​ക സാ​​​ധ്യ​​​ത. അ​​​വ​​​രി​​​ല്‍നി​​​ന്നു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ള്‍ അ​​​വ​​​ര്‍ക്ക്‌ എ​​​ത്തി​​​ക്കു​​​ക. അ​​​പ്പോ​​​ള്‍ ഇ​​​തൊ​​​രു രാ​​​ഷ്​​​ട്രീ​​യ പ്ര​​​വ​​​ര്‍ത്ത​​​ന​​​മാ​​​ണ്. അ​​​പ്പോ​​​ഴും ഗ്രോ​​​വ് പ്ര​​​സി​​നു​​​വേ​​​ണ്ടി ഞ​​​ങ്ങ​​​ള്‍ ചെ​​​യ്യാ​​​ന്‍ പോ​​​വു​​​ന്ന നാ​​​ല് സി​​​നി​​​മ​​​യാ​​​ണ് ഉ​​​ള്ള​​​ത്. ഗ്രോ​​​വ് പ്ര​​​സ്​ ര​​​ണ്ടു സി​​​നി​​​മ​​​ക​​​ള്‍ മു​​​ന്‍കൂ​​​റാ​​​യി വാ​​​ങ്ങി​​​ച്ചു​​ക​​​ഴി​​​ഞ്ഞു. ഞ​​​ങ്ങ​​​ളെ സം​​​ബ​​​ന്ധി​​​ച്ച് ഇ​​​തി​​ന്റെ അ​​​ർ​​ഥം എ​​​ന്താ​​​ണ്? അ​​​മേ​​​രി​​​ക്ക​​​യി​​​ല്‍ ഒ​​​ഴി​​​ച്ച് മ​​​റ്റെ​​​ല്ലാ സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും ഞ​​​ങ്ങ​​​ള്‍ക്ക്‌ ആ ​​​സി​​​നി​​​മ​​​യെ നി​​​യ​​​ന്ത്രി​​​ക്കാ​​​ന്‍ പ​​​റ്റും. അ​​​തി​​​ന​​​ർ​​ഥം, ഇ​​​ത് ക​​​ഴി​​​ഞ്ഞ ര​​​ണ്ടു വ​​​ര്‍ഷ​​​ങ്ങ​​​ളി​​​ല്‍ ഞ​​​ങ്ങ​​​ള്‍ക്കു​​​ണ്ടാ​​​യി​​​രു​​​ന്ന പ​​​ണ​​​ത്തേ​​​ക്കാ​​​ള്‍ കൂ​​​ടു​​​ത​​​ലാ​​​ണ്. അ​​​താ​​​യ​​​ത് ആ​​​റേ​​​ഴു മാ​​​സ​​​ക്കാ​​​ലം സി​​​നി​​​മ​​​യെ കു​​​റി​​​ച്ച് ചി​​​ന്തി​​​ക്കാ​​​നും പ്ര​​​വ​​​ര്‍ത്തി​​​ക്കാ​​നു​​​മു​​​ള്ള പ്രാ​​​പ്തി ഞ​​​ങ്ങ​​​ള്‍ക്കു​​​ണ്ടാ​​​വും. അ​​​താ​​​യ​​​ത്, ആ​​​റു​​​മാ​​​സ​​​ക്കാ​​​ലം ഭ​​​ക്ഷ​​​ണ​​​ത്തെ കു​​​റി​​​ച്ച് വേ​​​വ​​​ലാ​​​തി​​​പ്പെ​​​ടേ​​​ണ്ട. അ​​​പ്പോ​​​ള്‍ സ​​​ര്‍ഗ​പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ക്ക്‌ കൂ​​​ടു​​​ത​​​ല്‍ സാ​​​ധ്യ​​​ത​​​യു​​​ണ്ട്.

Vladmir and Rosa സിനിമയിൽ നിന്ന് 

Vladmir and Rosa എ​​​ന്ന ആ​​​ദ്യ സി​​​നി​​​മ ലൈം​​​ഗി​​​ക​​​ത​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട​​​താ​​​ണ്. ഗ്രോ​​​വ് പ്ര​​​സ്‌ ര​​​തി​​​ജ​​​ന്യ​​​മാ​​​യ സി​​​നി​​​മ​​​ക​​​ളി​​​ലും അ​​​തു​​​പോ​​​ലെ രാ​​​ഷ്​​​ട്രീ​​യ അ​​​വാ​​​ങ് ഗാ​​​ർ​​​ദ് ക​​​ല​​​യി​​​ലും അ​​​വ​​​ര്‍ ത​​ൽ​​പ​​​ര​​​രാ​​​ണ്. അ​​​തേ​​​സ​​​മ​​​യം, തീ​​​വ്ര​​​വാ​​​ദി​​​ക​​​ള്‍ക്ക് സി​​​നി​​​മ​​​യി​​​ല്‍നി​​​ന്ന് എ​​​ന്തെ​​​ങ്കി​​​ലും പ​​​ഠി​​​ക്കാ​​​ന്‍ ക​​​ഴി​​​യും. ഗ്രോ​​​വ് പ്ര​​​സാ​​​ണ് സി​​​നി​​​മ​​​ക്ക്​ പി​​​ന്നി​​​ല്‍ എ​​​ന്ന​​​റി​​​യു​​​മ്പോ​​​ള്‍ അ​​​വ​​​ര്‍ കു​​​പി​​​ത​​​രാ​​​വു​​​ക​​​യാ​​​ണെ​​​ങ്കി​​​ല്‍ അ​​​തൊ​​​രു വൈ​​​രു​​​ധ്യ​​മാ​​​ണ്. ജ​​​ന​​​ങ്ങ​​​ളെ പ്ര​​​കോ​​​പി​​​പ്പി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള ഒ​​​രു സി​​​നി​​​മ കാ​​​ഴ്ച​​​വെ​​​ക്കാ​​​ന്‍ ക​​​ഴി​​​ഞ്ഞു എ​​​ന്ന​​​ത് തീ​​​ര്‍ത്തും പു​​​രോ​​​ഗ​​​മ​നാ​​​ത്മ​​​കം ത​​​ന്നെ​​​യാ​​​ണ്. അ​​​വ​​​ര്‍ ശ​​​രി​​​ക്കും രോ​​​ഷാ​​​കു​​​ല​​​രാ​​​വു​​​ക​​​യാ​​​ണെ​​​ങ്കി​​​ല്‍ അ​​​ത് രാ​​​ഷ്​​​ട്രീ​​യ പ്ര​​​വ​​​ര്‍ത്ത​​​ന​​​ത്തി​​​ലേ​​​ക്ക്‌ ന​​​യി​​​ക്കും. അ​​​താ​​​യ​​​ത് ഒ​​​രു വൈ​​​രു​​​ധ്യം ഉ​​​ണ്ട് എ​​​ന്ന​​​ത് തീ​​​ര്‍ച്ച​​​യാ​​​ണ്, എ​​​ന്നാ​​​ല്‍ ഉ​​​ത്ത​​​രം വ​​​ള​​​രെ വ്യ​​​ക്ത​​​മാ​​​ണ്: ഞ​​​ങ്ങ​​​ളു​​​ടെ സ​​​മീ​​​പ​​​ന​​​ത്തി​​​ല്‍ ഞ​​​ങ്ങ​​​ള്‍ക്ക്‌ കൂ​​​ടു​​​ത​​​ല്‍ വ്യ​​​ക്ത​​​ത ഉ​​​ണ്ട്. വി​​​പ്ല​​​വം ഇ​​​തി​​​ന​​​കം സം​​​ഭ​​​വി​​​ച്ചു​​ക​​​ഴി​​​ഞ്ഞു എ​​​ന്ന രീ​​​തി​​​യി​​​ല്‍ പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന​​​വ​​​രേ​​​ക്കാ​​​ൾ കൂ​​​ടു​​​ത​​​ല്‍ യാ​​​ഥാ​​​ർ​​ഥ്യ ബോ​​​ധ​​​മു​​​ള്ള​​​വ​​​രാ​​​ണ് ഞ​​​ങ്ങ​​​ൾ.

Vladmir and Rosa, 18th Brumaire എ​​​ന്നീ സി​​​നി​​​മ​​​ക​​​ൾ ഫി​​​ക്​​​ഷ​​നല്‍ സി​​​നി​​​മ​​​ക​​​ള്‍ ആ​​​യി​​​രി​​​ക്കു​​​മോ? വി​​​പ്ല​​​വ ക​​​ൽ​​പി​​ത സി​​​നി​​​മ​​​ക​​​ള്‍ ഉ​​​ണ്ടാ​​​ക്കു​​​ക​​​യാ​​​ണോ താ​​​ങ്ക​​​ളു​​​ടെ ല​​​ക്ഷ്യം?

Vladmir and Rosa എ​​​ന്ന സി​​​നി​​​മ​​​യോ​​​ടു​​​കൂ​​​ടി ഞാ​​​ന്‍ വീ​​​ണ്ടും ഫി​​​ക്​​​ഷ​​​നി​​​ല്‍ തു​​​ട​​​ങ്ങാ​​​ന്‍ ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണ്. പ​​​ക്ഷേ, അ​​​ത് വ​​​ള​​​രെ ബു​​​ദ്ധി​​​മു​​​ട്ടാ​​​യി​​​രി​​​ക്കും. ഫി​​​ക്​​​ഷ​​​നി​​​ലേ​​​ക്ക് പോ​​​വു​​​ന്ന പാ​​​ത ഇ​​​പ്പോ​​​ഴും വ്യ​​​ക്ത​​​മ​​​ല്ല. അ​​​ത് ഇ​​​പ്പോ​​​ഴും കു​​​റ്റി​​​ക്കാ​​​ടു​​​ക​​​ളും മ​​​ര​​​ങ്ങ​​​ളും മാ​​​ത്ര​​​മാ​​​ണ്. സി​​​നി​​​മ ഫി​​​ക്​​​ഷ​​ന്‍ ആ​​​ണെ​​​ന്ന് ഞ​​​ങ്ങ​​​ള്‍ വി​​​ശ്വ​​​സി​​​ക്കു​​​ന്നു. യാ​​​ഥാ​​​ർ​​​ഥ്യം യാ​​​ഥാ​​​ർ​​​ഥ്യ​​​വും. ഡോ​​​ക്യു​​​മെ​​​ന്ററി യാ​​​ഥാ​​​ർ​​​ഥ്യ​​മാ​​​ണെ​​​ന്ന് ഞ​​​ങ്ങ​​​ള്‍ വി​​​ശ്വ​​​സി​​​ക്കു​​​ന്നി​​​ല്ല. ഫി​​​ക്​​​ഷ​​​ന്‍ ഫി​​​ക്​​​ഷ​​​നാ​​​ണ്. യാ​​​ഥാ​​​ർ​​​ഥ്യം യാ​​​ഥാ​​​ർ​​​ഥ്യ​​​വും. സി​​​നി​​​മ ഫി​​​ക്​​​ഷ​​നാ​​​ണ്. വി​​​പ്ല​​​വ ക​​​ൽ​​പി​​​ത / ഫി​​​ക്​​​ഷ​​നല്‍ സി​​​നി​​​മ​​​ക​​​ള്‍ ഉ​​​ണ്ടാ​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ് വി​​​ഷ​​​യം. ബൂ​​​ര്‍ഷ്വാ ഫി​​​ക്​​​ഷ​​​ന്‍ ഉ​​​ണ്ടാ​​​ക്കി​​​യ​​​തി​​​നു ശേ​​​ഷം വി​​​പ്ല​​​വ ഫി​​​ക്​​​ഷ​​​നി​​​ലേ​​​ക്ക് പോ​​​വു​​​ക എ​​​ന്ന​​​ത് ധാ​​​രാ​​​ളം ഇ​​​രു​​​ണ്ട രാ​​​ജ്യ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യു​​​ള്ള യാ​​​ത്ര​​​ക്ക്​ സ​​​മ​​​മാ​​​ണ്.

ഒ​​​രു പ്ര​​​ത്യേ​​​ക രാ​​​ഷ്​​​ട്രീ​​യ സാ​​​ഹ​​​ച​​​ര്യ​​​വു​​​മാ​​​യു​​​ള്ള താ​​​ങ്ക​​​ളു​​​ടെ പ​​​ങ്കാ​​​ളി​​​ത്ത​​​ത്തി​​ന്റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണോ ആ ​​​സി​​​നി​​​മ​​​യു​​​ടെ പ്ര​​​വ​​​ര്‍ത്ത​​​ന​​​ത്തെ കാ​​​ണു​​​ന്ന​​​ത്?

ഇ​​​ത് സ്ത്രീ​​​യും പു​​​രു​​​ഷ​​​നും ത​​​മ്മി​​​ല്‍ എ​​​ന്ന​​​പോ​​​ലെ​​​യാ​​​ണ്. ഒ​​​രാ​​​ള്‍ മ​​​റ്റൊ​​​രാ​​​ളു​​​ടെ പു​​​റം​​​ഭാ​​​ഗ​​​വും അ​​​കം​​ഭാ​​​ഗ​​​വും ആ​​​വു​​​മ്പോ​​​ള്‍ മാ​​​ത്ര​​​മേ നി​​​ങ്ങ​​​ള്‍ക്ക്‌ ഒ​​​ന്നി​​​ച്ച് പ്ര​​​വ​​​ര്‍ത്തി​​​ക്കാ​​​ൻ പ​​​റ്റൂ. അ​​​ല്ലെ​​​ങ്കി​​​ല്‍ അ​​​തൊ​​​രു ബൂ​​​ര്‍ഷ്വാ വി​​​വാ​​​ഹം മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കും. Grove Pressമാ​​​യു​​​ള്ള ഞ​​​ങ്ങ​​​ളു​​​ടെ ക​​​രാ​​​ര്‍ ഒ​​​രു ബൂ​​​ര്‍ഷ്വാ വി​​​വാ​​​ഹം ആ​​​യി​​​രു​​​ന്നു. പ​​​ക്ഷേ, ഇ​​​ത് ശ​​​രി​​​യാ​​​ണ്, കാ​​​ര​​​ണം ആ​​​ളു​​​ക​​​ള്‍ ഇ​​​ത്ത​​​ര​​​ത്തി​​​ലാ​​​ണ് ഇ​​​ന്ന് വി​​​വാ​​​ഹി​​​ത​​​രാ​​​വു​​​ന്ന​​​ത്.

താ​​​ങ്ക​​​ളു​​​ടെ ആ​​​ദ്യ​​​കാ​​​ല സി​​​നി​​​മ​​​ക​​​ളെ, വി​​​ശേ​​​ഷി​​​ച്ച് വ്യ​​​ക്ത​​​മാ​​​യ രാ​​​ഷ്​​​ട്രീ​​യ​​​മു​​​ള്ള La Chinoise പോ​​​ലു​​​ള്ള സി​​​നി​​​മ​​​ക​​​ളെ താ​​​ങ്ക​​​ള്‍ ഇ​​​പ്പോ​​​ള്‍ എ​​​ങ്ങ​​നെ​​​യാ​​​ണ് കാ​​​ണു​​​ന്ന​​​ത്?

അ​​​വ ഹോ​​​ളി​​​വു​​​ഡ്‌ സി​​​നി​​​മ​​​ക​​​ളാ​​​ണ്. കാ​​​ര​​​ണം, അ​​​പ്പോ​​​ള്‍ ഞാ​​​നൊ​​​രു ബൂ​​​ര്‍ഷ്വാ ക​​​ലാ​​​കാ​​​ര​​​നാ​​​യി​​​രു​​​ന്നു. അ​​​വ എ​​ന്റെ ശ​​​വ​​​ങ്ങ​​​ളാ​​​ണ്.

ബൂ​​​ര്‍ഷ്വാ സി​​​നി​​​മ​​​യി​​​ല്‍നി​​​ന്ന് വി​​​പ്ല​​​വ സി​​​നി​​​മ​​​യി​​​ലേ​​​ക്കു​​​ള്ള വി​​​ച്ഛേ​​​ദ​​​നം ഏ​​​ത് സ​​​മ​​​യ​​​ത്താ​​​ണ് സം​​​ഭ​​​വി​​​ച്ച​​​ത്?

1968 മേ​​​യ്‌-​​​ജൂ​​​ണി​​​ല്‍ ഫ്രാ​​​ന്‍സി​​​ല്‍ അ​​​ര​​​ങ്ങേ​​​റി​​​യ സം​​​ഭ​​​വ​​വി​​​കാ​​​സ​​​ങ്ങ​​​ൾ​​ക്കി​​ട​​​യി​​​ല്‍.

ആ​​​ദ്യ​​​കാ​​​ല സി​​​നി​​​മ​​​ക​​​ളെ ഇ​​​ന്ന് പ​​​രി​​​ശോ​​​ധി​​​ക്കു​​​മ്പോ​​​ള്‍ ഏ​​​തി​​​നെ​​​ങ്കി​​​ലും നി​​​ഷേ​​​ധാ​​​ത്മ​​​ക​​​മാ​​​യ രീ​​​തി​​​യി​​​ല്‍ അ​​​ല്ലാ​​​തെ​​​യു​​​ള്ള യോ​​​ഗ്യ​​​ത ഉ​​​ള്ള​​​താ​​​യി താ​​​ങ്ക​​​ള്‍ക്ക് തോ​​​ന്നു​​​ന്നു​​​ണ്ടോ?

ഒ​​​രു​​പ​​​ക്ഷേ, Weekend, Pierrot le Fou എ​​​ന്നീ സി​​​നി​​​മ​​​ക​​​ള്‍. Two or Three Things I Know About Her എ​​​ന്ന സി​​​നി​​​മ​​​യി​​​ലും ചി​​​ല കാ​​​ര്യ​​​ങ്ങ​​​ള്‍ ഉ​​​ണ്ട്. പോ​​​സി​​​റ്റി​​​വ് ആ​​​യ ചി​​​ല കാ​​​ര്യ​​​ങ്ങ​​​ള്‍ ഈ ​​​സി​​​നി​​​മ​​​ക​​​ളി​​​ല്‍ ഉ​​​ണ്ട്. One Plus One ആ​​​യി​​​രു​​​ന്നു എ​​ന്റെ അ​​​വ​​​സാ​​​ന​​​ത്തെ ബൂ​​​ര്‍ഷ്വാ സി​​​നി​​​മ. അ​​​ന്ന് ഞാ​​​ന്‍ വ​​​ലി​​​യ ധാ​​​ര്‍ഷ്​​​ട്യ​​​മു​​​ള്ള ആ​​​ളാ​​​യി​​​രു​​​ന്നു. വെ​​​റു​​​തെ ദൃ​​​ശ്യ​​​ങ്ങ​​​ള്‍ ഉ​​​ണ്ടാ​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ ഈ ​​​ദൃ​​​ശ്യ​​​ങ്ങ​​​ള്‍ എ​​​ന്താ​​​ണ് എ​​​ന്ന് എ​​​നി​​​ക്ക് അ​​​റി​​​യാം എ​​​ന്ന് ചി​​​ന്തി​​​ച്ചു​​​കൊ​​​ണ്ട് വി​​​പ്ല​​​വ​​​ത്തെ കു​​​റി​​​ച്ച് സം​​​സാ​​​രി​​​ക്കാ​​​ന്‍ ക​​​ഴി​​​യും എ​​​ന്നാ​​​യി​​​രു​​​ന്നു ഞാ​​​ന്‍ ചി​​​ന്തി​​​ച്ചി​​​രു​​​ന്ന​​​ത്.

One AM (One American Movie) എ​​​ന്ന സി​​​നി​​​മ എ​​​ന്താ​​​യി? ഇ​​​വി​​​ടേ​​​ക്ക്‌ ര​​​ണ്ടു വ​​​ര്‍ഷ​ം മു​​​മ്പ്‌ താ​​​ങ്ക​​​ള്‍ അ​​​വ​​​സാ​​​ന​​​മാ​​​യി അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്ക്‌ വ​​​ന്ന​​​പ്പോ​​​ള്‍ ചി​​​ത്രീ​​​ക​​​രി​​​ച്ച സി​​​നി​​​മ? താ​​​ങ്ക​​​ള്‍ ഈ ​​​സി​​​നി​​​മ എ​​​പ്പോ​​​ഴെ​​​ങ്കി​​​ലും പൂ​​​ര്‍ത്തി​​​യാ​​​ക്കു​​​മോ?

ഇ​​​ല്ല. അ​​​ത് മ​​​രി​​​ച്ചു. ഇ​​​ത് ര​​​ണ്ടു​​​കൊ​​​ല്ലം പ​​​ഴ​​​ക്ക​​​മു​​​ള്ള​​​താ​​​ണ്. തീ​​​ര്‍ത്തും വ്യ​​​ത്യ​​​സ്ത​​​മാ​​​യ ഒ​​​രു സ​​​മ​​​യ​​​ത്തേ​​​ത്. അ​​​ത് ചി​​​ത്രീ​​​ക​​​രി​​​ച്ച സ​​​മ​​​യ​​​ത്ത്, ഒ​​​രു ബൂ​​​ര്‍ഷ്വാ ക​​​ലാ​​​കാ​​​ര​​െ​​ന​​​പ്പോ​​​ലെ Eldridge Cleaver (അ​​​മേ​​​രി​​​ക്ക​​​ന്‍ എ​​​ഴു​​​ത്തു​​​കാ​​​ര​​​ന്‍, രാ​​​ഷ്​​​ട്രീ​​യ പ്ര​​​വ​​​ര്‍ത്ത​​​ക​​​ന്‍) അ​​​ല്ലെ​​​ങ്കി​​​ല്‍ Tom Haydenനെ (​​​അ​​​മേ​​​രി​​​ക്ക​​​ന്‍ സാ​​​മൂ​​​ഹി​​ക-​​രാ​​​ഷ്​​​ട്രീ​​യ പ്ര​​​വ​​​ര്‍ത്ത​​​ക​​​ന്‍, എ​​​ഴു​​​ത്തു​​​കാ​​​ര​​​ന്‍) പോ​​​ലു​​​ള്ള​​​വ​​​രു​​​ടെ അ​​​ടു​​​ത്തു ചെ​​​ന്ന് അ​​​ഭി​​​മു​​​ഖം ന​​​ട​​​ത്താ​​​മെ​​​ന്നാ​​​ണ് ഞാ​​​ന്‍ വി​​​ചാ​​​രി​​​ച്ചി​​​രു​​​ന്ന​​​ത്. പ​​​ക്ഷേ, എ​​​നി​​​ക്ക് തെ​​​റ്റി. അ​​​തു​​​പോ​​​ലെ Tom Haydenനും ​​​തെ​​​റ്റി, എ​​​ന്നെ അ​​​തി​​​ന് അ​​​നു​​​വ​​​ദി​​​ച്ച​​​തി​​​ന്. കാ​​​ര​​​ണം, അ​​​ത് സി​​​നി​​​മാ പ്ര​​​വ​​​ര്‍ത്ത​​​ന​​​മാ​​​യി​​​രു​​​ന്നു. അ​​​ല്ലാ​​​തെ രാ​​​ഷ്​​​ട്രീ​​യ പ്ര​​​വ​​​ര്‍ത്ത​​​നം ആ​​​യി​​​രു​​​ന്നി​​​ല്ല. ഞാ​​​ന്‍ ബ​​​ര്‍ക്ക​​​ലി​​​യി​​​ൽ ആ​​​യി​​​രു​​​ന്ന​​​പ്പോ​​​ള്‍ ഞാ​​​ന്‍ ടോ​​​മി​​​നോ​​​ട് സം​​​സാ​​​രി​​​ക്കു​​​ക​​​യും ക്ഷ​​​മ ചോ​​​ദി​​​ക്കു​​​ക​​​യും ചെ​​​യ്തു. മാ​​​ത്ര​​​മ​​​ല്ല, അ​​​യാ​​​ള്‍ക്ക് തെ​​​റ്റി എ​​​ന്ന് ഞാ​​​ന്‍ വി​​​ചാ​​​രി​​​ച്ചു എ​​​ന്ന് പ​​​റ​​​യു​​​ക​​​യും ചെ​​​യ്തു. പ​​​ക്ഷേ, Cleaver ശ​​​രി​​​യാ​​​യി​​​രു​​​ന്നു. ഞ​​​ങ്ങ​​​ള്‍ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് ആ​​​യി​​​രം ഡോ​​​ള​​​ര്‍ ന​​​ല്‍കി. ആ ​​​പ​​​ണം സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത് അ​​​ദ്ദേ​​​ഹ​​​ത്തെ സം​​​ബ​​​ന്ധി​​​ച്ച് ശ​​​രി​​​യാ​​​യ തീ​​​രു​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു. അ​​​ദ്ദേ​​​ഹ​​​ത്തി​​ന്റേത് ഒ​​​രു രാ​​​ഷ്​​​ട്രീ​​യ തീ​​​രു​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു. അ​​​മേ​​​രി​​​ക്ക​​​യി​​​ല്‍നി​​​ന്ന് ര​​​ക്ഷ​​​പ്പെ​​​ടാ​​​ന്‍ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് ആ ​​​പ​​​ണം ആ​​​വ​​​ശ്യ​​​മാ​​​യി​​​രു​​​ന്നു.

ബൂ​​​ര്‍ഷ്വാ കാ​​​ല​​​ത്തു​​​ള്ള ആ​​​രെ​​​ങ്കി​​​ലു​​​മാ​​​യി, ത്രൂ​​​ഫോ അ​​​ല്ലെ​​​ങ്കി​​​ല്‍ കോ​​​ര്‍ത്താ​​​ര്‍ഡ് (Raoul Coutard) പോ​​​ലു​​​ള്ള ആ​​​രെ​​​ങ്കി​​​ലു​​​മാ​​​യി താ​​​ങ്ക​​​ള്‍ ഇ​​​പ്പോ​​​ള്‍ ബ​​​ന്ധം പു​​​ല​​​ര്‍ത്തു​​​ന്നു​​​ണ്ടോ?

ഇ​​​ല്ല. സം​​​സാ​​​രി​​​ക്കാ​​​നാ​​​യി ഇ​​​പ്പോ​​​ള്‍ ഞ​​​ങ്ങ​​​ള്‍ക്ക്‌ ഒ​​​ന്നും ഇ​​​ല്ല. ഞ​​​ങ്ങ​​​ള്‍ പ​​​ര​​​സ്പ​​​രം വ്യ​​​ക്തി​​​ക​​​ള്‍ എ​​​ന്ന നി​​​ല​​​യി​​​ല്‍ പൊ​​​രു​​​തു​​​ക​​​യ​​​ല്ല. അ​​​വ​​​ര്‍ ബൂ​​​ര്‍ഷ്വാ ച​​​വ​​​റ് ഉ​​​ണ്ടാ​​​ക്കു​​​ക​​​യാ​​​ണ്, ഞാ​​​ന്‍ വി​​​പ്ല​​​വ ച​​​വ​​​റ് ഉ​​​ണ്ടാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

Tags:    
News Summary - Jean-Luc Godard interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.