'സി.എൽ. ജോസ്, 'ജീവിതം ഒരു കൊടുങ്കാറ്റ്', തൃശൂർ' - കൈയിൽ കിട്ടിയ കത്തിലെ അഡ്രസ് കണ്ടപ്പോഴേ പോസ്റ്റ്മാന് മനസ്സിലായി, ഇത് ജോസേട്ടനുള്ളതാണെന്ന്. അമ്പതുകളുടെ അവസാനത്തിൽ നടന്ന സംഭവം ഇന്നലെത്തെപോലെ ഓർക്കുന്നുണ്ട് സി.എൽ. ജോസ് എന്ന നാടകാചാര്യൻ. ആ കത്തെഴുതിയത് സ്കൂൾ വിദ്യാർഥിയാണ്. ''നാടകം കണ്ടു. ഇഷ്ടപ്പെട്ടു. പല രംഗങ്ങളും കണ്ടപ്പോൾ വിഷമം തോന്നി''- ഇത്രയേ ഉണ്ടായിരുന്നുള്ളൂ ആ കത്തിൽ. ഒരു കാലത്ത് സി.എൽ. ജോസിന്‍റെ നാടകമെത്താത്ത പൂരപ്പറമ്പുകളുണ്ടായിരുന്നില്ല. റേഡിയോയിൽ ജോസേട്ടന്‍റെ നാടകത്തിന് വേണ്ടി കാതോർത്തിരിക്കാത്ത മലയാളി ഉണ്ടായിരുന്നില്ല. തനിക്ക് മേൽവിലാസമുണ്ടാക്കിത്തന്ന നാടകംതന്നെയാണ് ജീവിതം എന്നു...
'സി.എൽ. ജോസ്, 'ജീവിതം ഒരു കൊടുങ്കാറ്റ്', തൃശൂർ' - കൈയിൽ കിട്ടിയ കത്തിലെ അഡ്രസ് കണ്ടപ്പോഴേ പോസ്റ്റ്മാന് മനസ്സിലായി, ഇത് ജോസേട്ടനുള്ളതാണെന്ന്. അമ്പതുകളുടെ അവസാനത്തിൽ നടന്ന സംഭവം ഇന്നലെത്തെപോലെ ഓർക്കുന്നുണ്ട് സി.എൽ. ജോസ് എന്ന നാടകാചാര്യൻ. ആ കത്തെഴുതിയത് സ്കൂൾ വിദ്യാർഥിയാണ്. ''നാടകം കണ്ടു. ഇഷ്ടപ്പെട്ടു. പല രംഗങ്ങളും കണ്ടപ്പോൾ വിഷമം തോന്നി''- ഇത്രയേ ഉണ്ടായിരുന്നുള്ളൂ ആ കത്തിൽ. ഒരു കാലത്ത് സി.എൽ. ജോസിന്‍റെ നാടകമെത്താത്ത പൂരപ്പറമ്പുകളുണ്ടായിരുന്നില്ല. റേഡിയോയിൽ ജോസേട്ടന്‍റെ നാടകത്തിന് വേണ്ടി കാതോർത്തിരിക്കാത്ത മലയാളി ഉണ്ടായിരുന്നില്ല. തനിക്ക് മേൽവിലാസമുണ്ടാക്കിത്തന്ന നാടകംതന്നെയാണ് ജീവിതം എന്നു പറഞ്ഞ് തൃശൂർ ലൂർദ് പുരത്തെ വീട്ടിൽ 90ാം പിറന്നാളിന്‍റെ മധുരമുണ്ട് ഇപ്പോഴും സജീവമാണ് സി.എൽ. ജോസ്. ഏപ്രിൽ നാലിനാണ് 90 വയസ്സ് തികയുന്നത്. സി.എൽ. ജോസ് മനസ്സ് പങ്കുവെക്കുന്നു.
90 എന്ന് പറയുന്നത് ചെറിയ സംഖ്യ അല്ലല്ലോ...നവതി ആഘോഷങ്ങളില്ലേ?
എന്‍റെ സപ്തതി 20 കൊല്ലം മുമ്പാണ് നടത്തിയത്. സുകുമാർ അഴീക്കോടിന്‍റെ അധ്യക്ഷതയിൽ പ്രൗഢഗംഭീര പരിപാടിയായിരുന്നു അത്. എന്‍റെ നാടകങ്ങളിലൂടെ നിത്യസാന്നിധ്യമറിയിച്ച് പിന്നീട് സിനിമയിലെത്തിയ എൻ.എഫ്. വർഗീസ്, ഫിലോമിന, സി.ഐ. പോൾ തുടങ്ങിയവരൊക്കെ ഉണ്ടായിരുന്നു. ആഘോഷങ്ങൾ അവിടെ തീർന്നു. നവതി ഗംഭീരമാക്കുന്നില്ല. ഇത്രയും ആയുസ്സും ആരോഗ്യവും തന്നല്ലോ എന്നതിന് ദൈവത്തോട് നന്ദി പറയുന്നു. അത്ര മാത്രം.
സി. എല്‍. ജോസിന്റെ വിവാഹം
എഴുത്തിന്‍റെ ലോകത്ത് ഇപ്പോഴും സജീവമാണല്ലോ. ആരോഗ്യപ്രശ്നങ്ങളില്ലാതെ ഉഷാറല്ലേ ജീവിതം?
എന്‍റെ കുടുംബത്തിലാരും 90 വയസ്സ് കടന്നവരില്ല. പഴയ ആൾക്കാരുടെ ആയുസ്സ് 60ഉം 70ഉം ഒക്കെയാണ്. ഷഷ്ടിപൂർത്തി തന്നെ വലിയ ആഘോഷമായിരുന്നു. കാലത്തിന്‍റെ മാറ്റവും ആളുകളുടെ സാമ്പത്തിക വളർച്ചയും ആരോഗ്യം കൂട്ടി. എനിക്ക് ആരോഗ്യപ്രശ്നങ്ങളില്ല. കൊളസ്ട്രോളും ബി.പിയും ഒന്നും ഇല്ല. അത്യാവശ്യം നല്ലപോലെ നടക്കും. ശരീരത്തിന് ആവശ്യമുള്ള വ്യായാമം കിട്ടുന്നുണ്ട്. വീട്ടിലെല്ലാവർക്കും കോവിഡ് വന്നിരുന്നു, ഒന്നര വർഷം മുമ്പ്. ഭാഗ്യത്തിന് പെട്ടെന്നുതന്നെ മാറി.
ഉത്സവപ്പറമ്പുകളിൽ നാടകങ്ങൾ പ്രതിസന്ധിയിലായിട്ട് വർഷങ്ങളായി. കോവിഡ് മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കി, അല്ലേ..?
മൂന്ന് നാല് കൊല്ലമായി അമേച്വർ നാടകങ്ങൾ ഇല്ലാതായിട്ട്. സ്കൂളുകളിലും കോളജുകളിലും നാടകങ്ങൾ ഇല്ല. കലാസമിതി വാർഷികങ്ങൾ ഇല്ല. അവ ഉണ്ടായിരുന്നപ്പോഴാണ് എന്നേപോലെ അമേച്വർ നാടകകൃത്തുക്കളുടെ നാടകങ്ങൾ വാങ്ങി അവതരിപ്പിക്കാറ്. നാടകപുസ്തക വിൽപന ഇല്ല. റോയൽറ്റി ഇല്ല. നാടകം കാണാൻ ആളെ കിട്ടാനില്ല. അമേച്വർ നാടകകൃത്തുക്കളുടെ പുസ്തകങ്ങൾ ഇല്ല. തൃശൂരിലെ റീജനൽ തിയറ്റർപോലുള്ള വേദികളിൽ ആളുകൾ കൂടാൻ പാടില്ല എന്നു പറഞ്ഞ് പരിപാടികൾ നടത്താറില്ല. എല്ലാ മാസവും ഒരു പ്രഫഷനൽ നാടകം കാണിക്കാറുള്ള ഫൈൻ ആർട്സ് സൊസൈറ്റി എന്ന ഞങ്ങളുടെ സംഘടനയുടെ നാടകാവതരണവും മുടങ്ങിയിരുന്നു. പ്രഫഷനൽ നാടകരംഗത്തെ കലാകാരന്മാരുടെ സ്ഥിതി ആലോചിച്ചുനോക്കൂ. മൊത്തം എല്ലാ രംഗത്തും തകർച്ചയായി.
കോവിഡ് കാലത്ത് എങ്ങനെയാണ് ജീവിതം?
കാലം മോശമായിപ്പോയി എന്നുപറഞ്ഞ് പരിതപിച്ച് സമയം കളഞ്ഞിട്ടെന്തു കാര്യം. വെറുതെ ഇരുന്നിട്ടില്ല, ഞാൻ. കോവിഡ് കാലത്തെ അവസ്ഥകളും അനുഭവങ്ങളും ഏകാംഗവും മറ്റുമായി നാൽപത് എണ്ണം എഴുതിത്തീർത്തു. എല്ലാം പ്രസിദ്ധപ്പെടുത്താനല്ല, കേട്ടോ. കേരള സൈഗാൾ എന്നറിയപ്പെടുന്ന സി.എം. പാപ്പുക്കുട്ടി ഭാഗവതരുമായി നല്ല സൗഹൃദമുണ്ടായിരുന്നു. രണ്ട് വർഷം മുമ്പ് 107ാം വയസ്സിലാണ് മരിച്ചത്. എല്ലാ വർഷവും മാർച്ച് മാസം 29ന് എല്ലാ പിറന്നാളിനും ഞാനാണ് അദ്ദേഹത്തെ ആദ്യമായി വിളിച്ചിരുന്നത്. അദ്ദേഹം മരിച്ചപ്പോൾ കേളി മാസികയിൽ ദീർഘലേഖനം ഞങ്ങളുെട സൗഹൃദത്തെപ്പറ്റി എഴുതിയിരുന്നു. കോവിഡ് സമയമായതിനാൽ പുറത്തുപോവലും കുറഞ്ഞു. എഴുത്ത് ഇപ്പോഴും തുടരുന്നു. അവസാനമായി പ്രസിദ്ധപ്പെടുത്തിയത് മൂന്ന് കൊല്ലം മുമ്പ് നാഷനൽ ബുക്ക് സ്റ്റാൾ പ്രസിദ്ധീകരിച്ച 'ജോസിന്‍റെ തെരഞ്ഞെടുത്ത ലഘുനാടകങ്ങൾ' എന്നതാണ്. 20 ലഘുനാടകങ്ങളുെട സമാഹാരമാണ്.
ഒരുകാലത്ത് റേഡിയോ നാടകങ്ങൾ എന്നത് ലോകമെമ്പാടുമുള്ള മലയാളികൾ കാത്തിരുന്ന ഒന്നാണ്. നല്ല നാടകങ്ങൾ മാറ്റുരയ്ക്കുന്ന റേഡിയോ വാരത്തിലെ അവിഭാജ്യ ഘടകമായിരുന്നു ജോസേട്ടന്‍റെ നാടകങ്ങൾ..?
നാടകവാര സമയത്ത് കേരളം ഒട്ടാകെ നേരത്തേ അത്താഴവും പ്രാർഥനയും കഴിഞ്ഞ് റേഡിയോ പെട്ടിക്ക് മുന്നിൽ െചന്നിരിക്കും. രാത്രി 9.30 മുതൽ 10 വരെയായിരുന്നു നാടകവാരം. 15 വർഷക്കാലം നാടകവാരത്തിൽ എന്‍റെ ഓരോ നാടകം ഉണ്ടായിരുന്നു. ആ ഭാഗ്യം കേരളത്തിലെ മറ്റൊരു നാടകകൃത്തിനും കിട്ടിയിട്ടില്ലെന്നാണ് തോന്നുന്നത്. നാടകവാരം കഴിയുമ്പോൾ അവ വിലയിരുത്തുന്ന 'എഴുത്തുപെട്ടി'യിൽ കൂടുതൽ ശ്രോതാക്കൾ അഭിനന്ദിച്ചിരുന്നത് എന്‍റെ നാടകത്തിനെയായിരുന്നു. ആ കാലഘട്ടത്തിൽ 'മണൽക്കാട് ' എന്ന നാടകം എനിക്ക് സമ്മാനിച്ച അവിസ്മരണീയ അനുഭവങ്ങൾ ഏറെയുണ്ട്. തിരുവനന്തപുരം ആകാശവാണി നിലയം എന്നോട് പറയാതെ, ഞാനറിയാതെ ആ നാടകത്തിന്‍റെ സ്ക്രിപ്റ്റ് ഡൽഹിയിലയച്ചു.''എല്ലാവരും ഇഷ്ടപ്പെട്ട നാടകമാണ്. ഇത് നാഷണൽ പ്രോഗ്രാമിൽ വന്നാൽ കൊള്ളാം'' എന്ന അപേക്ഷയും കൂടെ ഉണ്ടായിരുന്നു. മാസങ്ങൾക്ക് ശേഷം അത് തിരഞ്ഞെടുക്കപ്പെട്ടു എന്ന അറിയിപ്പ് എത്തി. അങ്ങനെ ഇന്ത്യ മുഴുവൻ അതത് ഭാഷകളിൽ ഞാനെഴുതിയ നാടകം കേൾപ്പിച്ചു. തീർന്നില്ല. എന്റെ 'അഗ്നിവലയം' എന്ന നാടകത്തിനും അതേ ഭാഗ്യമുണ്ടായി. ആ ഭാഗ്യം മറ്റുള്ളവർക്ക് കിട്ടിയിട്ടുണ്ടോ എന്നറിയില്ല. 15 നാടകവാര നാടകങ്ങൾക്ക് പുറമെ ഒരു മണിക്കൂറുള്ള അഞ്ച് നാടകങ്ങൾ, 15 മിനിട്ടിന്‍റെ മൂന്നുനാല് കുടുംബ സീരിയൽ നാടകങ്ങളും ആകാശവാണിയിൽ അവതരിപ്പിക്കപ്പെട്ടു.
ഇപ്പഴത്തെ നാടകങ്ങളെ വിലയിരുത്തുന്നത് എങ്ങനെയാണ്?
ജീവിതബന്ധിയാകണം നാടകങ്ങൾ. നാടകം എന്നത് ജനകീയ കലയാണ്. അത് ജനങ്ങളിൽനിന്ന് അകലുമ്പോൾ ജനങ്ങൾ നാടകത്തിൽനിന്ന് അകലും. പ്രേക്ഷകന്‍റെ മനസ്സിലാണ് നാടകം നടക്കേണ്ടത്. അവൻ നാടകം കണ്ടുകൊണ്ടിരിക്കുമ്പോൾ എനിക്കുണ്ടായ അനുഭവമാണ്, എെന്‍റ സുഹൃത്തിന്‍റെ ജീവിതമാണിത് എന്ന് തോന്നലുണ്ടാകണം. അങ്ങനെ നാടകം ഉള്ളിൽ തട്ടണം.
അമേരിക്കയിലെ സുപ്രസിദ്ധ സംവിധായകനും നടനുമായ റോബർട്ട് കോഹൻ പറഞ്ഞിട്ടുണ്ട്, ജനം നാടകം കാണാൻ വരുന്നത് മൂന്ന് കാര്യങ്ങൾക്കാണെന്ന്- ദുഃഖകരമായ രംഗങ്ങൾ കണ്ട് കണ്ണീരൊഴുക്കാൻ, ഉദ്വേഗഭരിതമായ രംഗങ്ങൾ കണ്ട് അമ്പരക്കാൻ, നർമരസങ്ങൾ കണ്ട് പൊട്ടിച്ചിരിക്കാൻ. അവ എന്‍റെ നാടകത്തിലുണ്ട്.
ഇന്ന് ആധുനിക നാടകങ്ങളുടെ ശൈലി വേറെയാണ്. ജീവിതത്തിലെ നീറുന്ന പ്രശ്നങ്ങളെക്കാൾ അവർ പ്രാധാന്യം കൊടുക്കുന്നത് സംഗീതം, ദൃശ്യഭംഗി, ലൈറ്റിങ് എന്നിവ അടങ്ങുന്ന സാങ്കേതിക കാര്യങ്ങൾക്കാണ്. അതിന് പ്രാധാന്യം കൊടുക്കുമ്പോൾ നാടകത്തിന് വേണ്ടത് എന്താണ് എന്നത് ചോർന്നുപോകുന്നു. ദുർഗ്രഹമായ ഇതിവൃത്തങ്ങൾ പ്രേക്ഷകനെ മടുപ്പിക്കുന്നു. നാടകം കണ്ടുകഴിയുമ്പോൾ എന്താണ് ഉദ്ദേശിച്ചത് എന്നത് ചോദിച്ചു മനസ്സിലാക്കേണ്ട ഗതികേടുണ്ട്. മറ്റൊരാൾ മനസ്സിലാക്കിപ്പിച്ചുകൊടുത്താലേ നാടകം മനസ്സിലാകൂവെങ്കിൽ നല്ല നാടകമായി ഞാൻ വിലയിരുത്തില്ല.
ജനങ്ങളുടെ പ്രശ്നങ്ങൾ അഭിമുഖീകരിക്കാത്തതിനാലാണ് നാടകം പിന്നിലായിപോയത് എന്നതാണോ?
അപചയത്തിന് പല കാരണമുണ്ട്. ഞാൻ സജീവമായി റേഡിയോ നാടകങ്ങളും മറ്റും എഴുതിക്കൊണ്ടിരുന്ന സുവർണ കാലഘട്ടത്തിന് ശേഷം അൽപം മാന്ദ്യം അനുഭവപ്പെട്ടു. നാടക അവതരണങ്ങൾ കുറഞ്ഞു. അേമച്വർ നാടകങ്ങൾ യൂത്ത് ഫെസ്റ്റിവലുകളിലൊതുങ്ങി. പിന്നീട് അത്യന്താധുനിക നാടകത്തിന്‍റെ കാലമായിരുന്നു. പരീക്ഷണ നാടകങ്ങൾ ഏറെയെത്തി. നാടകത്തിൽ പരീക്ഷണമാകാം. ആ പരീക്ഷണങ്ങളിൽ ജീവിതത്തിന്‍റെ തുടിക്കുന്ന വിഷയങ്ങൾ ഉണ്ടാകണം. ഇല്ലെങ്കിൽ ജനങ്ങളെ നാടകത്തിൽനിന്ന് അകറ്റും. സജീവമായ ജീവിതപ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിൽ ഇന്നത്തെ അമേച്വർ നാടകങ്ങൾ വീഴ്ചവരുത്തുന്നു എന്ന അഭിപ്രായമുണ്ട്. പക്ഷേ പ്രഫഷനൽ നാടകങ്ങൾ അത്തരം വിഷയങ്ങൾ ഏറ്റെടുക്കുന്നുണ്ട്. അവർക്ക് ബുക്കിങ് ഇല്ലാത്ത പ്രശ്നമേയുള്ളൂ.
കണക്കെഴുത്തായിരുന്നല്ലോ ജോലി; സാംസ്കാരിക ആസ്ഥാനമായിട്ടും തൃശൂരിലെ സാംസ്കാരിക നായകർക്കിടയിലോ പൊതുസദസ്സുകളിലോ അധികം പ്രത്യക്ഷപ്പെട്ടിട്ടില്ല?
രാവിലെ 10 മുതൽ അഞ്ചു വരെ കുറിക്കമ്പനിയായിരുന്നു എന്‍റെ ലോകം. വീട്ടിലെത്തിയാൽ പാതിരാത്രിവരെ നാടകമെഴുത്ത്. 60 വയസ്സുവരെ ജോലി ചെയ്തു. കണക്കും കലയും പൊരുത്തപ്പെടില്ല എന്ന് പറയും. പക്ഷേ പൊരുത്തപ്പെടില്ലെങ്കിൽ ജീവിതം മുന്നോട്ടുപോവില്ല എന്നതായിരുന്നു എന്‍റെ അവസ്ഥ. ഒൻപത് മക്കളിൽ മൂത്തവനാണ് ഞാൻ. അപ്പൻ ചെറുപ്പത്തിലേ മരിച്ചുപോയി. പിന്നെ എല്ലാ ഭാരവും എന്‍റെ തലയിലായിരുന്നു. കണക്കിനെയും കലയെയും പൊരുത്തപ്പെടുത്തുന്ന കാര്യത്തിൽ വിജയിച്ചു. ജോലിയും നാടകമെഴുത്തും മാത്രമായി ജീവിതം. അതിനാൽ സാഹിത്യരംഗത്ത് എനിക്ക് ക്ലിക്കില്ല, ഗ്രൂപ്പില്ല, സ്തുതിപാടകരില്ല, പ്രചാരണ സേനകളില്ല. ഇതെല്ലാം ഞാൻ സ്വന്തമായി ഉണ്ടാക്കിയതാണ്. ഐ ആം എ സെൽഫ് മേയ്ഡ് മാൻ. ഞാൻ ആരെയും അനുകരിക്കാറുമില്ല.
ചെറുപ്പത്തിലേ ജീവിതഭാരം തലയിൽ വന്നുവെന്ന് പറഞ്ഞു. ഇതിനിടയിൽ എങ്ങനെയായിരുന്നു കല-സാംസ്കാരിക പ്രവർത്തനം?
എഴുത്തിനോട് അഭിരുചിയുള്ളവർ കുടുംബത്തിൽ ഇല്ല. എനിക്ക് ചെറുപ്പത്തിലേ കല-സാംസ്കാരിക പ്രവർത്തനങ്ങളിൽ താൽപര്യം ഉണ്ടായിരുന്നു. ചിത്രകല, കഥാപ്രസംഗം, കഥയെഴുത്ത് എന്നീ രംഗങ്ങളിൽ കഴിവുതെളിയിച്ചിരുന്നു. 1956ൽ ഞാനിരിക്കുന്ന ഇടവക ദേവാലയത്തിലേക്ക് നാടകം ലഭിക്കാതായതോടെയാണ് സുഹൃത്ത് ജോസ് നാടകമെഴുതാൻ നിർബന്ധിച്ചത്. ആ നിർബന്ധാവസ്ഥയിൽ എഴുതിയതാണ് 'മാനം തെളിഞ്ഞു' എന്ന നാടകം. ആ നാടകം തൃശൂര്‍ മരിയപുരത്തെ എം.എം പ്രസുകാർ പുസ്തകമാക്കി. സാഹിത്യകാരനായ പുത്തേഴത്ത് രാമമേനോനായിരുന്നു അവതാരിക. അതിനുശേഷം എല്ലാ വര്‍ഷവും ഓരോ നാടകം എഴുതിത്തുടങ്ങി. പിന്നെ നിരന്തരമായി നാടകരചനയില്‍ ഏര്‍പ്പെട്ടു. സംവിധായകനും നടനുമൊക്കെയായി തിളങ്ങി. 12 നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
ചെറുപ്രായത്തിൽ നടനും രചയിതാവും സംവിധായകനുമായി. സ്വാഭാവികമായും നാടകരചനക്ക് ഇത് ഗുണംചെയ്തിരിക്കുമല്ലോ?
തീർച്ചയായും. എന്നിലൊരു നടനുണ്ട്. നടനായ നാടകകൃത്ത് എഴുതുന്ന നാടകങ്ങൾക്ക് സ്റ്റേജ് ഇഫക്ട് കൂടും. നാടകം എഴുതിക്കൊണ്ടിരിക്കുമ്പോൾ സംഘർഷ മുഹൂർത്തങ്ങൾ വരുമ്പോൾ എന്‍റെ കണ്ണ് നിറഞ്ഞിട്ടുണ്ട്. ഏകാന്തതയുടെ പൂർണതയിൽ രാത്രിയുടെ നിശ്ശബ്ദതയിൽ എഴുതുമ്പോൾ എന്‍റെ കണ്ണ് നിറഞ്ഞിട്ടുണ്ടെങ്കിൽ ലോകത്ത് ഏത് കോണിൽ നാടകം അവതരിപ്പിച്ചാലും പ്രേക്ഷകരിൽ കണ്ണുനിറയുമെന്നുറപ്പുണ്ട്. ഉള്ളിൽ തട്ടിയാണ് എഴുതുന്നത്. വികാരതീവ്രമായ രംഗങ്ങൾ എഴുതുമ്പോൾ ഞാൻ വാച്ച് ഊരിവെച്ച് എഴുതാനിരിക്കും. ആ ഇരിപ്പ് പുലർച്ചവരെ നീളും. കഥാപാത്രങ്ങൾ മനോതീവ്രതയിൽ നിൽക്കുമ്പോൾ അത് എഴുതിക്കഴിയാതെ എനിക്ക് ഉറങ്ങാൻ പറ്റാറില്ല.
ഒരു പേജ് നാടകം എഴുതാൻ എനിക്ക് ഒരു മണിക്കൂർ വേണം. 100 മണിക്കൂറെടുത്താണ് 100 പേജ് നാടകങ്ങൾ എഴുതിത്തീർക്കുന്നത്.
താങ്കളുടെ നാടകം അരങ്ങേറാത്ത പൂരപ്പറമ്പും കിട്ടാത്ത അവാർഡും ഇല്ലെന്ന് തോന്നുന്നു. സംതൃപ്തനല്ലേ?
നടൻ തിക്കുറിശ്ശിയും പി. കേശവദേവും ഉൾപ്പെടെ പലരും പറഞ്ഞിട്ടുണ്ട്, എന്‍റെ നാടകം അരങ്ങേറാത്ത പൂരപ്പറമ്പുകളില്ലെന്ന്. 36 സമ്പൂർണ നാടകങ്ങൾ, എൺപതോളം ഏകാംഗങ്ങൾ, ഒരുപാട് റേഡിയോ നാടകങ്ങൾ. ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുന്നു. അംഗീകാരം ഇനി കേരളത്തിൽ കിട്ടാത്തതായി ഒന്നുമില്ല. കഴിഞ്ഞ ദിവസം മലയാള നാടകവേദി സമഗ്രസംഭാവനക്ക് അബൂദബി ശക്തി അവാർഡും ലഭിച്ചു. ഇതുവരെ മൂന്ന് നാടകങ്ങൾ സിനിമകളായി. ഭൂമിയിലെ മാലാഖയും ശാപലക്ഷ്മി എന്ന നാടകം അഗ്നിനക്ഷത്രമായും മണൽക്കാട് എന്ന നാടകം 'അറിയാത്ത വീഥികൾ' ആയും വെള്ളിത്തിരയിലെത്തി. കുറിക്കമ്പനിയിൽനിന്ന് കിട്ടുന്ന ശമ്പളംകൊണ്ട് സഹോദരിമാരെ കെട്ടിച്ചു, അനിയന്മാരെ പഠിപ്പിച്ചു, മക്കളെ പഠിപ്പിച്ചു. ഞാൻ സംതൃപ്തനാണ് ഇന്നുവരെ.
അനുഭവങ്ങളുടെ പെരുമഴയുണ്ടാകും ജോസേട്ടന്. ഏതെങ്കിലും അനുഭവങ്ങൾ പങ്കുവെക്കാമോ?
എറണാകുളത്ത് തകഴി മുഖ്യാതിഥിയായ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു. ചെറുപ്പക്കാരിയായ കന്യാസ്ത്രീ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ചടങ്ങിന് ശേഷം അവർ എന്നെ കാണാനെത്തി. പട്ടത്താനം സ്കൂളിലെ അധ്യാപികയാണവർ. ''സാറ് കാരണമാണ് ഞാൻ കന്യാസ്ത്രീയായത്''- അവർ പറഞ്ഞു. ഞാൻ ഞെട്ടി. അവർ തുടർന്നു: ''സാറിന്‍റെ 'കന്യാസ്ത്രീയുടെ മകൾ' എന്ന നാടകത്തിലെ സിസ്റ്റർ സിൽവിയയുടെ റോൾ സ്കൂളിൽ യൂത്ത് ഫെസ്റ്റിവലിന് അവതരിപ്പിച്ചിരുന്നു. സിസ്റ്റർ ത്യാഗം സഹിക്കുന്നതും മരിച്ചുപോകുന്നതും ആണ് ഇതിവൃത്തം. എന്നിൽ ആ കഥാപാത്രം ചലനമുണ്ടാക്കി. വീട്ടുകാർ എതിർത്തു. ഒടുവിൽ വികാരിച്ചൻ ഇടപെട്ടാണ് 'കന്യാസ്ത്രീ' ആയത്.''- അവർ പറഞ്ഞു. ഇങ്ങെന ഒരുപാട് അനുഭവങ്ങളുണ്ട്. അത് പറഞ്ഞാൽ തീരില്ല.
90 വർഷത്തിനിടെ നാടകത്തിന് സമ്മാനിച്ചത് എന്താണെന്ന് സ്വയം വിലയിരുത്തിയിട്ടുണ്ടോ?
സമൂഹത്തിന് വെളിച്ചം കൊടുക്കാനാണ് ഞാൻ നാടകങ്ങൾ എഴുതുന്നത്. അതായത് വിവിധ വ്യഥകളിൽ ഇരുട്ടിൽ തപ്പുന്നവർക്ക് തുണയാകണം. സമൂഹത്തിന്‍റെ പുരോഗതിയെ മുന്നോട്ടുചലിപ്പിക്കുന്ന നാടകങ്ങൾ എഴുതാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്. നാടകം എഴുതും മുമ്പ് ഞാൻ എന്‍റെ മനസ്സിനോട് ചോദിക്കും -നീ എന്തിനാണ് ഈ നാടകം എഴുതുന്നത്. ഞാൻ ഒരു ആശയത്തിലെത്തും. ആ ലക്ഷ്യത്തിലേക്ക് എത്തുന്നവിധം രംഗങ്ങളെ പെറുക്കിവെച്ച് കഥാപാത്രങ്ങളെ സജ്ജീകരിക്കും. രംഗങ്ങളൊരുക്കും. അവസാനം കരുതിവെച്ച ൈക്ലമാക്സിലെത്തിക്കും. മൂല്യവാഹികയായ, ജീവിതഗന്ധിയായ നാടകങ്ങൾ പിറക്കുന്നത് അങ്ങനെയാണ്. ആയിരം സദസ്സുകളിൽ മൂല്യവാഹിയായ എന്‍റെ നാടകങ്ങൾ അരങ്ങേറുമ്പോൾ അത്രയും സദസ്സുകളിൽ മൂല്യശൂന്യങ്ങളായ നാടകങ്ങൾ നിർമാർജനം ചെയ്യപ്പെട്ടു എന്നതിലാണ് സന്തോഷം. എഴുത്തുകാർ വെളിച്ചത്തിന്‍റെ പ്രവാചകരായേ തീരൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.