ഫലസ്തീൻ വിഷയത്തിൽ ആരാണ്​ നിലപാട്​ മാറ്റുന്നത്​?

ഫലസ്​തീ​ന്റെ ചരി​ത്രത്തെയും വർത്തമാനത്തെയും കുറിച്ച്​ ഡ​ൽ​ഹി ജെ.എൻ.യുവിൽ പ​ശ്ചി​മേ​ഷ്യ​ൻ പ​ഠ​ന​വ​കു​പ്പി​ലെ പ്രഫസറായ ​എ.കെ. ​രാ​മ​കൃ​ഷ്‌​ണ​നുമായി നടത്തിയ സംഭാഷണത്തി​ന്റെ രണ്ടാം ഭാഗം.ദേ​ശീ​യ-​അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ൽ കോ​ള​നി ഭ​ര​ണ​കൂ​ട സം​വി​ധാ​ന​ത്തി​ന് എ​തി​രെ ശ​ക്ത​മാ​യ രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ൾ എ​ടു​ത്ത രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ് ഇ​ന്ത്യ. ഇപ്പോൾ കു​ടി​യേ​റ്റ കൊ​ളോ​ണി​യ​ൽ രാ​ഷ്ട്ര​ത്തി​​ന്റെ കൂ​ടെ നി​ന്നു​കൊ​ണ്ട് ഇ​സ്രാ​യേ​ൽ അ​നു​കൂ​ല നി​ല​പാ​ടാ​ണ് ഇ​ന്ത്യ​ൻ ഭ​ര​ണ​കൂ​ടം നി​ല​വി​ൽ സ്വീ​ക​രി​ക്കു​ന്ന​ത്. സാ​മ്പ​ത്തി​ക​വും പ്ര​ത്യ​യ​ശാ​സ്ത്ര​പ​ര​വു​മാ​യ...

ഫലസ്​തീ​ന്റെ ചരി​ത്രത്തെയും വർത്തമാനത്തെയും കുറിച്ച്​ ഡ​ൽ​ഹി ജെ.എൻ.യുവിൽ പ​ശ്ചി​മേ​ഷ്യ​ൻ പ​ഠ​ന​വ​കു​പ്പി​ലെ പ്രഫസറായ ​എ.കെ. ​രാ​മ​കൃ​ഷ്‌​ണ​നുമായി നടത്തിയ സംഭാഷണത്തി​ന്റെ രണ്ടാം ഭാഗം.

ദേ​ശീ​യ-​അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ൽ കോ​ള​നി ഭ​ര​ണ​കൂ​ട സം​വി​ധാ​ന​ത്തി​ന് എ​തി​രെ ശ​ക്ത​മാ​യ രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ൾ എ​ടു​ത്ത രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ് ഇ​ന്ത്യ. ഇപ്പോൾ കു​ടി​യേ​റ്റ കൊ​ളോ​ണി​യ​ൽ രാ​ഷ്ട്ര​ത്തി​​ന്റെ കൂ​ടെ നി​ന്നു​കൊ​ണ്ട് ഇ​സ്രാ​യേ​ൽ അ​നു​കൂ​ല നി​ല​പാ​ടാ​ണ് ഇ​ന്ത്യ​ൻ ഭ​ര​ണ​കൂ​ടം നി​ല​വി​ൽ സ്വീ​ക​രി​ക്കു​ന്ന​ത്. സാ​മ്പ​ത്തി​ക​വും പ്ര​ത്യ​യ​ശാ​സ്ത്ര​പ​ര​വു​മാ​യ മാ​ന​ങ്ങ​ളി​ൽ വ​ന്ന മാ​റ്റ​മാ​ണോ ഇ​തി​നു​ പി​ന്നി​ൽ?

സോ​വി​യ​റ്റ് യൂ​നി​യന്റെ പ​ത​ന​ത്തി​നുശേ​ഷം ജോ​ർ​ഡ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ല അ​റ​ബ് രാ​ജ്യ​ങ്ങ​ളും ഇ​സ്രാ​യേ​ലു​മാ​യി ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്താ​ൻ ശ്ര​മം ന​ട​ത്തി​യി​രു​ന്നു. പി​.എ​ൽ.​ഒ ത​ന്നെ യാ​സ​ർ അ​റ​ഫാ​ത്തി​​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഇ​സ്ര​ായേ​ലു​മാ​യി​ സ​ന്ധിസം​ഭാ​ഷ​ണം ആ​രം​ഭി​ച്ചു. മഡ്രി​ഡ് സ​മാ​ധാ​ന സ​മ്മേ​ള​ന​വും ഓ​സ് ലോ ക​രാ​റു​ക​ളുമൊ​ക്കെ ഈ​യൊ​രു സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു. അ​തേ സ​ന്ദ​ർ​ഭ​ത്തി​ലാ​ണ് ഇ​സ്രാ​​േയ​ലു​മാ​യി പൂ​ർണ​മാ​യ ന​യ​ത​ന്ത്ര ബ​ന്ധം 1992ൽ ന​ര​സിം​ഹ​റാ​വു പ്ര​ധാ​ന​മ​ന്ത്രി​യാ​യ സ​മ​യ​ത്ത് ഇ​ന്ത്യ​യും സ്ഥാ​പി​ക്കു​ന്ന​ത്. ഇ​വി​ടെ പ്ര​ധാ​ന​മാ​യും ശ്ര​ദ്ധി​ക്കേ​ണ്ട​ത്, ദീ​ർ​ഘ​കാ​ലം കോ​ള​നി​വാ​ഴ്ച അ​നു​ഭ​വി​ച്ച ഒ​രു ജ​ന​ത എ​ന്നനി​ല​ക്ക് ഇ​ന്ത്യ​ക്ക് ഫ​ല​സ്തീ​നി​നോ​ട് വ​ള​രെ അ​നു​ഭാ​വ​പൂ​ർ​ണ​മാ​യ സ​മീ​പ​ന​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്.

ഇ​ന്ത്യ​യി​ലെ രാ​ഷ്ട്രീ​യം തീ​വ്ര വ​ല​തു​പ​ക്ഷ​ത്തേ​ക്ക് നീ​ങ്ങി​യ ഒ​രു സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഗ​വ​ൺ​മെ​ന്റി​ന്റെ മാ​ത്ര​മ​ല്ല, ഒ​രു വി​ഭാ​ഗം ജ​ന​ങ്ങ​ളു​ടെ​യും നി​ല​പാ​ട് ഇ​സ്ര​ായേ​ൽ അ​നു​കൂ​ല​മാ​യി മാ​റു​ന്ന​ത്. അ​ത് ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​​ന്റെ ത​ന്നെ വ​ല​തു​പ​ക്ഷ​വ​ത്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ്. ഈ ​ഫ​ല​സ്തീ​ൻ വി​രു​ദ്ധ നി​ല​പാ​ട് ഇ​ന്ത്യ​യു​ടെ ആ​ഭ്യ​ന്ത​ര രാ​ഷ്ട്രീ​യ​ത്തി​ൽ ഒ​രു ഇ​സ്‍ലാ​മി​ക വി​രു​ദ്ധ കാ​ഴ്ച​പ്പാ​ട് എ​ന്ന നി​ല​യി​ലാ​ണ് ഇ​വ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​തി​ന് സ്വീ​കാ​ര്യ​ത കി​ട്ടു​ക എ​ന്ന​ത് ന​മ്മു​ടെ രാ​ഷ്ട്ര​ത്തിന്റെ വ​ലി​യ അ​പ​ച​യ​മാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്. എ​ങ്ങ​നെ​യാ​ണ് കൊ​ളോ​ണി​യ​ൽ അ​നു​ഭ​വ​മു​ള്ള ഒ​രു രാ​ഷ്ട്രം, കൊ​ളോ​ണി​യ​ൽ അ​നു​ഭ​വ​ത്തി​ലൂ​ടെ ഇ​ന്നും ക​ട​ന്നു​പോ​കു​ന്ന ഒ​രു സ​മൂ​ഹ​ത്തോ​ട് മു​ഖംതി​രി​ഞ്ഞു നി​ൽ​ക്കു​ക? ആ ​രൂ​പ​ത്തി​ലു​ള്ള ഒ​രു അ​ധ​ഃപ​ത​നം യ​ഥാ​ർ​ഥ​ത്തി​ൽ ന​മ്മു​ടെ രാ​ഷ്ട്രീ​യ​ത്തി​ൽ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

പൂ​ർ​ണ​മാ​യും ഇ​ന്ത്യ​ൻ ജ​ന​ത അ​ങ്ങ​നെ മാ​റി​യി​ട്ടി​ല്ലെ​ങ്കി​ലും വ​ലി​യൊ​രു വി​ഭാ​ഗം അ​ങ്ങ​നെ ആ​യി​ട്ടു​ണ്ട്. എ​​ന്റെ ചെ​റു​പ്പ​കാ​ല​ത്ത് ഒ​ന്നും ഇ​ല്ലാ​ത്ത ഒ​രു മാ​റ്റ​മാ​ണ് ഇ​പ്പോ​ൾ ഉ​ള്ള​ത്. അ​ത് വ​ള​രെ പ​രി​താ​പ​ക​ര​മാ​യ ഒ​രു രാ​ഷ്ട്രീ​യ നി​ല​പാ​ടാ​ണ്. പ​ക്ഷേ, വ​ർ​ണവി​വേ​ച​നം അ​നു​ഭ​വി​ച്ച സൗ​ത്ത് ആ​ഫ്രി​ക്ക​ൻ ജ​ന​ത​യും, അ​മേ​രി​ക്ക​യി​ലെ ക​റു​ത്ത വം​ശ​ജ​രും ഐ​റി​ഷ് ജ​ന​ത​യും ഉ​ൾ​പ്പെ​ടെ സ​മ​ര​ത്തി​ലൂ​ടെ ക​ട​ന്നുപോ​യ ജ​ന​ത​ക​ളൊ​ക്കെ ഇ​ന്നും ഫ​ല​സ്തീ​നി​ന്റെ കൂ​ടെ നി​ൽ​ക്കു​ന്നു​ണ്ട്. ബ്രി​ട്ടീ​ഷ് കൊ​ളോ​ണി​യ​ലി​സം ത​ന്നെ നേ​രി​ട്ട് അ​നു​ഭ​വി​ച്ച​വ​രാ​ണ് ന​മ്മ​ളും ഫ​ല​സ്തീ​ൻ​കാ​രും. ഏ​താ​ണ്ട് ഇ​ന്ത്യ​യി​ൽ വി​ഭ​ജ​നം ന​ട​ക്കു​ന്ന സ​മ​യ​ത്ത് ത​ന്നെ​യാ​ണ് അ​വി​ടെ​യും വി​ഭ​ജ​ന​ത്തി​​ന്റെ പ​ദ്ധ​തി വ​രു​ന്ന​ത്. അ​നു​ഭ​വ​ത്തി​ന്റെ പശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു മു​ൻ​കാ​ല രാ​ഷ്ട്രീ​യ നേ​തൃ​ത്വം, ബ്രി​ട്ടീ​ഷ് വി​രു​ദ്ധ​മാ​യി​ട്ടു​ള്ള മൂ​ന്നാം ലോ​ക രാ​ഷ്ട്ര​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന കോ​ള​നിവി​രു​ദ്ധ പോ​രാ​ട്ട​ങ്ങ​ളു​ടെ കൂ​ടെനി​ന്ന​ത്.

ഫ​ല​സ്തീ​ൻ​കാ​രു​ടെ പോ​രാ​ട്ട​വും ആ ​രൂ​പ​ത്തി​ലു​ള്ള ഒ​ന്നാ​യി​ട്ടാ​യി​രു​ന്നു ക​ണ്ട​ത്. ഇ​ന്ന് സാ​മ്രാ​ജ്യ​ത്വ വി​രു​ദ്ധ​ത എ​ന്ന​തും ആ​ധി​പ​ത്യ​വി​രു​ദ്ധ​ത എ​ന്ന​തും ഒ​രു രാ​ഷ്ട്രീ​യമൂ​ല്യംപോ​ലും അ​ല്ലാ​താ​യി മാ​റു​ന്നു എ​ന്ന​താ​ണ് ന​മ്മു​ടെ രാ​ഷ്ട്രീ​യ​ത്തി​ന്റെ അ​ധഃ​പ​ത​നം. ഇ​സ്‍ലാമോ​ഫോ​ബി​യ​യി​ലൂ​ന്നി​യ വ​ല​തു​പ​ക്ഷ പ്ര​ത്യ​യ​ശാ​സ്ത്രം പ്ര​ധാ​ന​പ്പെ​ട്ട രാ​ഷ്ട്രീ​യ മൂ​ല്യ​ങ്ങ​ൾ പ​ണ​യംവെ​ക്കു​ന്ന രീ​തി​യി​ലേ​ക്ക് ന​മ്മു​ടെ രാ​ഷ്ട്ര​ത്തെ മാ​റ്റി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ആ​ർ​.എ​സ്.എ​സും ബി​.ജെ.​പി​യും പോ​ലെ​യു​ള്ള സം​ഘ​ട​ന​ക​ൾ ഇ​ത്ത​രം നി​ല​പാ​ട് ആ​ദ്യം മു​ത​ലേ എ​ടു​ക്കു​ന്ന​താ​ണ്. പ​ക്ഷേ, ഇ​ത് ഇ​ന്ത്യ​യി​ലെ പ​ല ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ​യും കൂ​ടി കാ​ഴ്ച​പ്പാ​ടാ​യി മാ​റു​ന്നി​ട​ത്താ​ണ് വ​ലി​യ രാ​ഷ്ട്രീ​യപ്ര​ശ്നം.

 

പ്രഫ. എ.​കെ. രാ​മ​കൃ​ഷ്ണ​ൻ

ന​മ്മു​ടെ നാ​ട്ടി​ൽ ഇ​പ്പോ​ൾ ഫ​ല​സ്തീ​ൻ പ്ര​ശ്നം ഏ​ക​മു​ഖ​മാ​യി​ട്ടു​ള്ള ഒ​രു വീ​ക്ഷ​ണ​ത്തി​ലാ​ണ് അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. ഇ​ത് മു​സ്‍ലിംക​ളും യ​ഹൂ​ദ​രും ത​മ്മി​ലു​ള്ള ഏ​തോ ഒ​രു യു​ദ്ധം എ​ന്ന നി​ല​ക്കാ​ണ് ഉ​യ​ർ​ത്തിക്കാ​ണി​ക്കു​ന്ന​ത്. ഫ​ല​സ്തീ​ൻ​കാ​രി​ൽ ബ​ഹു​ഭൂ​രി​പ​ക്ഷം മു​സ്‍ലിംകളാ​ണെ​ങ്കി​ലും ഒ​രു നി​ർ​ണാ​യ​ക ന്യൂ​ന​പ​ക്ഷമാ​യി​ട്ടു​ള്ള ക്രി​സ്ത്യ​ൻ ജ​ന​ത​യും ഉ​ണ്ട്. ‘പോ​പു​ല​ർഫ്ര​ണ്ട് ഫോ​ർ ദ ​ലി​ബ​റേ​ഷ​ൻ ഓ​ഫ് ഫ​ല​സ്തീ​ൻ’ എ​ന്ന സം​ഘ​ട​ന​യു​ടെ സ്ഥാ​പ​ക​ൻ ക്രൈ​സ്ത​വ​നാ​യ ജോ​ർ​ജ് ഹ​ബാ​ഷ് ആ​ണ്. ലോ​ക​പ്ര​ശ​സ്ത​രാ​യ എ​​േഡ്വഡ് സൈദി​നെ​പോ​ലു​ള്ള​വ​രും ക്രി​സ്ത്യ​ൻ ഫ​ല​സ്തീ​ൻ​കാ​ർ ആ​ണ്. അ​ൽ അ​ഖ്സ പ​ള്ളി​യി​ൽ ഇ​സ്രാ​യേ​ലി പ​ട്ടാ​ളം ക​യ​റി​യ​പ്പോ​ൾ അ​തി​നെ​തി​രെ ആ​ദ്യം വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച​ത് ജ​റൂ​സലം ആ​ർ​ച്ച് ബി​ഷ​പ്പാ​ണ്.

അ​ദ്ദേ​ഹ​വും കോ​ള​നി​യി​ൽ ആ​ധി​പ​ത്യം അ​നു​ഭ​വി​ച്ച ഫ​ല​സ്തീ​നി​ലെ നി​വാ​സി​യാ​ണ്. ക്രി​സ്ത്യാ​നി​ക​ളും മു​സ്‍ലിംക​ളുമൊ​ക്കെ ഒ​ന്നി​ച്ചാ​ണ് ഫ​ല​സ്തീ​നി​ന്റെ മോ​ച​ന​ത്തി​നുവേ​ണ്ടി പോ​രാ​ടു​ന്ന​ത്. അ​തി​​ന്റെ കൂ​ടെ നി​ൽ​ക്കു​ന്ന യ​ഹൂ​ദ​ർ ഇ​സ്രാ​യേ​ലി​​ന്റെ അ​ക​ത്തും പു​റ​ത്തു​മു​ണ്ട്. ഇ​തി​ൽ നി​ര​വ​ധി ബു​ദ്ധി​ജീ​വി​ക​ളും ജൂ​ത മ​ത നേ​താ​ക്ക​ന്മാ​രു​മു​ണ്ട്‌. ലോ​ക​ത്തി​​ന്റെ പ​ല സ്ഥ​ല​ത്തു​മു​ള്ള ഫ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​ക്ഷോ​ഭ​ങ്ങ​ളി​ൽ മു​ൻ​പ​ന്തി​യി​ൽ യ​ഹൂ​ദ നേ​തൃ​ത്വ​ത്തെ കാ​ണാ​ൻ സാ​ധി​ക്കും. നീ​തി​ക്കു​വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​ത്തി​ൽ വ്യ​ത്യ​സ്ത മ​ത​ത്തി​ലു​ള്ള​വ​ർ ഒ​ന്നി​ച്ചുചേ​രു​ക​യാ​ണി​വി​ടെ. ഇ​സ്രാ​യേ​ൽ-ഫ​ല​സ്തീ​ൻ സം​ഘ​ർ​ഷം മ​ത​സം​ഘ​ർ​ഷമാ​യി​ട്ടാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത് എ​ന്നാ​ൽപോ​ലും മു​ഖ്യ​മാ​യും ഇ​ത് ഒ​രു രാ​ഷ്ട്രീ​യ പ്ര​ശ്ന​മാ​ണ്. ഫ​ല​സ്തീ​ൻ/​അ​റ​ബ് ജ​ന​ത​ക്കു​ള്ളി​ൽ വ്യ​ത്യ​സ്ത മ​ത​വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​രു​ണ്ട് എ​ന്ന യാ​ഥാ​ർ​ഥ്യം ഇ​വി​ടെ മ​റ​ച്ചുവെ​ക്ക​പ്പെ​ടു​ന്നു.

അ​റ​ബ് ജൂ​ത​ൻ എ​ന്നൊ​രാ​ളെ​ക്കു​റി​ച്ച് ന​മ്മു​ടെ നാ​ട്ടി​ൽ കേ​ട്ടി​ട്ടുപോ​ലു​മു​ണ്ടാ​വി​ല്ല. ഈ ​അ​റ​ബി​ക​ളും യ​ഹൂ​ദ​രും വേ​റെ വേ​റെ ആ​യി​രി​ക്ക​ണം എ​ന്നു​ള്ള​താ​ണ് പൊ​തുധാ​ര​ണ. അ​പ്പോ​ൾ ബ​ഗ്ദാ​ദി​ൽനി​ന്നും മൊ​റോ​ക്കോ​യി​ൽനി​ന്നും തുനീ​ഷ്യ​യി​ൽനി​ന്നും അ​ൽ​ജീ​രി​യ​യി​ൽനി​ന്നു​മൊ​ക്കെ​യു​ള്ള യ​ഹൂ​ദ​രോ? അ​റ​ബ് യ​ഹൂ​ദ​രാ​യ നി​ര​വ​ധി പ്ര​സി​ദ്ധ​രാ​യ എ​ഴു​ത്തു​കാ​രു​ണ്ട്. ഇ​തു​പോ​ലു​ള്ള വ്യ​ത്യ​സ്ത​ത​ക​ൾ അ​റ​ബ് ജ​ന​ത​ക്ക​ക​ത്തു​മു​ണ്ട്. വ്യ​ത്യ​സ്ത മ​ത​ത്തി​ൽ​പെ​ട്ട അ​റ​ബ് ജ​ന​ത ഒ​രു രാ​ഷ്ട്രീ​യപ്ര​ശ്നം എ​ന്നനി​ല​ക്ക് ഫ​ല​സ്തീ​ന് അ​നു​കൂ​ല​മാ​യി നി​ല​പാ​ടുമെ​ടു​ക്കു​ന്നു​ണ്ട്. ത​ങ്ങ​ളു​ടെ മ​ത​വീ​ക്ഷ​ണ​ത്തി​ൽ പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട് ഫ​ല​സ്തീ​ൻ അ​നു​കൂ​ല നി​ല​പാ​ട് എ​ടു​ക്കു​ന്ന​വ​രും ധാ​രാ​ളമു​ണ്ട്. ഇ​ത്ത​രം വ​ശ​ങ്ങ​ളൊ​ന്നും ഇ​വി​ട​ത്തെ മാ​ധ്യ​മ​ങ്ങ​ൾ ച​ർ​ച്ചചെ​യ്യു​ന്നി​ല്ല. എ​​ന്റെ ത​ന്നെ വി​ദ്യാ​ർ​ഥി കാ​ല​ഘ​ട്ട​ത്തി​ൽ ഫ​ല​സ്തീ​നെ കു​റി​ച്ച് അ​തി​​ന്റെ അ​ന്ത​ഃസ​ത്ത ഏ​റ്റ​വും കൂ​ടു​ത​ൽ ബോ​ധ്യ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത് യ​ഹൂ​ദ​രാ​യി​ട്ടു​ള്ള എ​ഴു​ത്തു​കാ​രാ​ണ്.

മാ​ക്സിം റോ​ഡി​ൻ​സ​​ന്റെ കൃ​തി​ക​ളാ​ണ് ഞാ​ൻ ആ​ദ്യം വാ​യി​ക്കു​ന്ന​തി​ൽ പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്ന്. ഇ​സ്ര​ായേ​ലി​നെ കൊ​ളോ​ണി​യ​ൽ സെ​റ്റ്‌​ല​ർ സ്റ്റേ​റ്റ് എ​ന്നാ​ണ് അ​ദ്ദേ​ഹം വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. ഞാ​ൻ ജെ.എ​ൻ.യു​വി​ൽ വി​ദ്യാ​ർ​ഥി​യാ​യ സ​മ​യ​ത്ത് അ​ദ്ദേ​ഹം അ​വി​ടെ സ​ന്ദ​ർ​ശി​ച്ചി​ട്ടു​ണ്ട്. ഞാ​ൻ അ​ദ്ദേ​ഹ​ത്തെ ക​ണ്ടി​ട്ടു​മു​ണ്ട്. അ​ദ്ദേ​ഹം ഒ​രു ഫ്ര​ഞ്ച് യ​ഹൂ​ദ​നാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​​ന്റെ മാ​താ​പി​താ​ക്ക​ളെ നാ​സി​ക​ൾ ഓ​ഷ് വിറ്റ്സി​ൽ (Auschwitz) കൊ​ല ചെ​യ്ത​താ​ണ്. അ​താ​യ​ത് നാ​സി​ക​ളു​ടെ ഹോ​ളോ​​േകാ​സ്റ്റ് നേ​രി​ട്ട് അ​നു​ഭ​വി​ച്ച ഒ​രു വ്യ​ക്തി​യാ​ണ് ഇ​സ്ര​ായേ​ലി​നെ സെ​റ്റ്‌​ല​ർ കൊ​ളോ​ണി​യ​ൽ സ്റ്റേ​റ്റ് എ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. ഇ​തു​പോ​ലെ ത​ന്നെ​യാ​ണ് എ​​ന്റെ സു​ഹൃ​ത്താ​യ നോ​ർ​മ​ൻ ഫി​ങ്ക​ൽ​സ്റ്റെ​യി​നും.

അ​ദ്ദേ​ഹ​ത്തി​​ന്റെ മാ​താ​പി​താ​ക്ക​ൾ ഹോ​ളോ​​േകാ​സ്റ്റി​ൽനി​ന്നും ര​ക്ഷ​പ്പെ​ട്ട​താ​ണ്. ഇ​തു​പോ​ലെ നാ​സി ഹോ​ളോ​​േകാ​സ്റ്റ് നേ​രി​ട്ട് അ​നു​ഭ​വി​ച്ച പ​ല യ​ഹൂ​ദ​രും വ​ലി​യ ഫ​ല​സ്തീ​ൻ പി​ന്തു​ണ​ക്കാരാ​യി മാ​റി​യി​ട്ടു​ണ്ട്. യ​ഹൂ​ദ​രു​ടെ ഈ ​ഗ​തി മ​റ്റൊ​രു ജ​ന​വി​ഭാ​ഗ​ത്തി​നും വ​ര​രു​ത് എ​ന്ന ശാ​ഠ്യം അ​വ​ർ​ക്ക് ഉ​ണ്ടാ​യി​രു​ന്നു. ഇ​തു​പോ​ലെ​ത​ന്നെ അ​വി ശ്ലൈം, ​ഇ​ലാ​ൻ പാ​പ്പെ തു​ട​ങ്ങി​യ​വ​ർ ലോ​ക​പ്ര​സി​ദ്ധ​രാ​യി​ട്ടു​ള്ള യ​ഹൂ​ദ ച​രി​ത്ര​കാ​ര​ന്മാ​രാ​ണ്. ഇ​വ​രൊ​ക്കെ ഇ​സ്ര​ാ​േയ​ലി​ൽ നി​ന്നി​ട്ടാ​ണ് ഇ​സ്ര​ായേ​ലി​ന്റെ അ​പാ​ർ​തൈറ്റ് രീ​തി​യെ കു​റി​ച്ചും ഫ​ല​സ്തീ​നി​ൽ ഇ​സ്രാ​േ​യ​ൽ ന​ട​ത്തി​വ​ന്ന വം​ശ​ഹ​ത്യ​യെ​ക്കു​റി​ച്ചും എ​ഴു​തു​ന്ന​ത്. ഇ​ന്ന് നാം ​ഗ​സ്സയി​ൽ കാ​ണു​ന്ന​തും ഈ ​രൂ​പ​ത്തി​ലു​ള്ള വം​ശ​ഹ​ത്യ​യാ​ണ​ല്ലോ. ഇ​തി​നൊ​ക്കെ എ​തി​രെ പ​ല യ​ഹൂ​ദ​രും എ​ഴു​തു​ക​യും പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട് എ​ന്നൊ​രു ചു​രു​ങ്ങി​യ ധാ​ര​ണ​യെ​ങ്കി​ലും ഉ​ണ്ടാ​വേ​ണ്ട​തു​ണ്ട്.

ഇ​ന്ത്യ​യി​ലെ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ചു നോ​ക്കു​മ്പോ​ൾ കേ​ര​ള​ത്തി​ൽ ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ​ത്തി​ന്റെ ഒ​രു മു​ഖ്യ​ധാ​ര വി​ക​സി​ച്ചുവ​ന്നി​ട്ടു​ണ്ട​ല്ലോ. അ​ത്ത​ര​മൊ​രു നി​ല​പാ​ട് മു​മ്പും ഉ​ണ്ടാ​യ​താ​യി കാ​ണാം. പ്ര​ത്യേ​കി​ച്ച് കാ​മ്പ​സി​ന് അ​ക​ത്തും പു​റ​ത്തും ഫ​ല​സ്തീ​ൻ അ​നു​കൂ​ല​മാ​യി​ട്ടു​ള്ള ചി​ല ച​ല​ന​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട​ല്ലോ. ഈ​യൊ​രു സ​വി​ശേ​ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​നു​ള്ള കാ​ര​ണ​മെ​ന്താ​ണ്?

അ​തി​ൽ ഒ​രു കാ​ര​ണം, രാ​ഷ്ട്രീ​യ​പ​ര​മാ​യി​ട്ട് തീ​വ്ര ഹി​ന്ദു​ത്വ നി​ല​പാ​ടു​ള്ള​വ​രു​ടെ സ്വാ​ധീ​നം മ​റ്റു പ​ല സം​സ്ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കേ​ര​ള​ത്തി​ൽ കു​റ​വാ​ണ്. പ്ര​ത്യ​യ​ശാ​സ്ത്ര​പ​ര​മാ​യി തീ​വ്ര ഹി​ന്ദു നി​ല​പാ​ട് പ​ല​രും സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും സാ​ധാ​ര​ണ​ക്കാ​രെ ഇ​പ്പോ​ഴും മ​റ്റ് പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും ഉ​ള്ള​തു​പോ​ലെ ബാ​ധി​ച്ചി​ട്ടി​ല്ല. മു​മ്പ് മു​ത​ലേ ഫ​ല​സ്തീ​നോ​ട് സ്വീ​ക​രി​ക്കു​ന്ന മ​നോ​ഭാ​വം തു​ട​രാ​നും കൊ​ളോ​ണി​യ​ൽ ശ​ക്തി​ക​ൾ​ക്കെ​തി​രെ സ്വീ​ക​രി​ച്ച രാ​ഷ്ട്രീ​യമൂ​ല്യം പു​തി​യ ത​ല​മു​റ​യി​ലേ​ക്ക് കൈ​മാ​റാ​നും മ​ല​യാ​ളി​ക​ൾ​ക്ക് ഒ​രു പ​രി​ധിവ​രെ സാ​ധി​ച്ചി​ട്ടു​ണ്ട്. പ​ക്ഷേ, ഞാ​ൻ അ​തി​നെ വ​ള​രെ ശു​ഭ​ക​ര​മാ​യി​ട്ടു​ള്ള ഒ​രു കാ​ര്യ​മാ​യി​ട്ട് മാ​ത്രം കാ​ണു​ന്നി​ല്ല.

വ്യ​ത്യ​സ്ത​മാ​യ ജാ​തിമ​ത​സ്ഥ​ർ ഒ​ന്നി​ച്ച് താ​മ​സി​ക്കു​ന്ന, രാ​ഷ്ട്രീ​യ​മാ​യി ന​ല്ല അ​വ​ബോ​ധം ഉ​ണ്ടെ​ന്ന് ക​രു​ത​പ്പെ​ടു​ന്ന കേ​ര​ള​ത്തി​ൽപോ​ലും ഇ​സ്‍ലാം വി​രു​ദ്ധ​ത വെ​ച്ചുപു​ല​ർ​ത്തു​ന്ന​വ​രും ഫ​ല​സ്തീ​നി​ന് അ​നു​കൂ​ല​മാ​യ സ​മ​ര​ങ്ങ​ളെ വ​ള​രെ അ​സ​ഹി​ഷ്ണു​ത​യോ​ടെ നോ​ക്കി കാ​ണു​ന്ന​വ​രു​മാ​യി​ട്ടു​ള്ള ഒ​രു വി​ഭാ​ഗം വ​ള​ർ​ന്നുകൊ​ണ്ടി​രി​ക്കു​ന്നു​ണ്ട് എ​ന്ന​ത് എ​ന്നെ​പ്പോ​ലെ​യു​ള്ള​വ​ർ​ക്ക് വ​ള​രെ വി​ഷ​മം ഉ​ണ്ടാ​ക്കു​ന്നു​ണ്ട്. പ​ണ്ടും ഈ ​ഒ​രു നി​ല​പാ​ട് ഉ​ള്ള​വ​ർ ഉ​ണ്ടാ​യി​രു​ന്നു; പ​ക്ഷേ ഇ​പ്പോ​ൾ അ​തി​​ന്റെ വ്യാ​പ്തി വ​ള​രെ വ​ലു​താ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു.

ഇ​ന്ത്യ​യി​ലെ മ​റ്റു ഇ​ട​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ മി​ക​ച്ച​താ​യി ന​മു​ക്ക് തോ​ന്നു​ന്നു​ണ്ടെ​ങ്കി​ലും ന​മ്മു​ടെത​ന്നെ മു​ൻ​ കാ​ല​ഘ​ട്ട​ത്തെ അ​പേ​ക്ഷി​ച്ച് നോ​ക്കു​മ്പോ​ൾ പ്ര​ശ്ന​മു​ള്ള രീ​തി​യി​ലാ​ണ് പ​ല വി​ഭാ​ഗ​ത്തി​ൽനി​ന്നു​മു​ള്ള പ്ര​തി​ക​ര​ണം കാ​ണു​ന്ന​ത്. അ​തി​ന് മാ​ധ്യ​മ​ങ്ങ​ൾ പൊ​തു​വി​ലും സമൂഹമാ​ധ്യ​മ​ങ്ങ​ൾ പ്ര​ത്യേ​കി​ച്ചും വ​ലി​യ രൂ​പ​ത്തി​ൽ കാ​ര​ണ​മാ​വു​ന്നു​ണ്ട്.

 

പി.വി. നരസിംഹറാവു

ഇ​സ്രാ​യേ​ലി​ലും ഫ​ല​സ്തീ​നി​ലും ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക്ക് ശ​ക്ത​മാ​യ വേ​രോ​ട്ടം ഉ​ണ്ടാ​യി​രു​ന്നു. ഇ​രു കമ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക​ളു​ടെ ഇ​ട​യി​ൽ ഫ​ല​സ്തീ​ൻ പ്ര​ശ്ന​ത്തി​ന് പി​ന്നി​ലു​ള്ള വ​സ്തു​നി​ഷ്ഠ സാ​ഹ​ച​ര്യ​ത്തെ നി​ർ​വ​ചി​ക്കു​ന്ന​തി​ലും വി​ല​യി​രു​ത്തു​ന്ന​തി​ലും നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ലും എ​ന്തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ഭി​ന്ന​ത​യോ വെ​ല്ലു​വി​ളി​ക​ളോ നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ടോ?

ഈ ​മേ​ഖ​ല​യി​ൽ മു​ൻ​കാ​ല​ങ്ങ​ളി​ൽ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി വ​ള​രെ ശ​ക്ത​മാ​യി​രു​ന്നു. 1920ക​ളി​ലും 30ക​ളി​ലും ഫ​ല​സ്തീ​ൻ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക​ളി​ൽ ഫ​ല​സ്തീ​ൻ അ​റ​ബി​ക​ളും യ​ഹൂ​ദ​രും ഉ​ണ്ടാ​യി​രു​ന്നു. അ​തി​ൽത​ന്നെ ത​ദ്ദേ​ശീ​യ​രാ​യ യ​ഹൂ​ദ​ർ മാ​ത്ര​മ​ല്ല, യൂ​റോ​പ്പി​ൽനി​ന്നും കു​ടി​യേ​റ്റ​ക്കാ​രാ​യി വ​ന്ന യ​ഹൂ​ദ​രും ഉ​ണ്ടാ​യി​രു​ന്നു. 1936-39 കാ​ല​ഘ​ട്ട​ത്തി​ൽ യ​ഹൂ​ദ കു​ടി​യേ​റ്റ​ത്തി​നെ​തി​രെ അ​റ​ബി​ക​ളു​ടെ സാ​യു​ധ പ്ര​ക്ഷോ​ഭം ന​ട​ന്നു. അ​ന്ന​ത്തെ പോ​രാ​ട്ട​ത്തി​ൽ നേ​തൃ​ത്വം കൊ​ടു​ത്ത ഇ​സ്സു​ദ്ദീ​ൻ ഖ​സ​മി​​ന്റെ പേ​രി​ലാ​ണ് ഹ​മാ​സി​ന്റെ സാ​യു​ധ വി​ഭാ​ഗ​ത്തി​ന് ഖ​സം ബ്രി​ഗേ​ഡ്സ് എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. 1936ലെ ​ഫ​ല​സ്തീ​ൻ​കാ​രു​ടെ പ്ര​ക്ഷോ​ഭം ഇ​സ്‍ലാ​മി​ക നേ​തൃ​ത്വ​ത്തി​ന്റെ കീ​ഴി​ലാ​യി​രു​ന്നു.

അ​തി​നു​ശേ​ഷം ത​ദ്ദേ​ശീ​യ ജ​ന​വി​ഭാ​ഗ​വും യൂ​റോ​പ്പി​ൽനി​ന്നും വ​ന്ന കു​ടി​യേ​റ്റ​ക്കാ​രും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം കൂ​ടി​യ​പ്പോ​ൾ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക്ക് അ​ക​ത്തും വി​ഭ​ജ​നം വ​ന്നു. അ​തു​വ​രെ ഒ​രു പാ​ർ​ട്ടി എ​ന്നനി​ല​ക്ക്, ചി​ല​പ്പോ​ൾ അ​ഭി​പ്രാ​യവ്യ​ത്യാ​സം ഉ​ണ്ടെ​ങ്കി​ലും ഒ​ന്നി​ച്ചു നി​ൽ​ക്കു​ക​യും പ്ര​ശ്ന​ങ്ങ​ളെ കൈ​കാ​ര്യംചെ​യ്യു​ന്ന രീ​തി​യും ഉ​ണ്ടാ​യി​രു​ന്നു. ആ ​സ​മ​യ​ത്തു​ള്ള ക​മ്യൂ​ണി​സ്റ്റ് ഇ​ന്റ​ർ​നാ​ഷന​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്, ഫ​ല​സ്തീ​ൻ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യി​ൽ അ​റ​ബ് അം​ഗ​ങ്ങ​ളു​ടെ പ്രാ​തി​നി​ധ്യം കൂ​ട്ടു​ക​യും ഫ​ല​സ്തീ​ൻ ദേ​ശീ​യ സ്വാ​ത​ന്ത്ര്യത്തി​​ന്റെ പ്ര​ശ്നം ഒ​രു മു​ഖ്യ വി​ഷ​യ​മാ​യി കൊ​ണ്ടുവ​രുക​യും ചെ​യ്യു​ക എ​ന്ന​താ​യി​രു​ന്നു.

അ​തി​നു​വേ​ണ്ടി യൂ​റോ​പ്പി​ൽനി​ന്ന് കു​ടി​യേ​റി​യ യ​ഹൂ​ദ​രു​ടെ കൈ​യി​ലേ​ക്ക് ഫ​ല​സ്തീ​ൻ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ ആ​ധി​പ​ത്യം പോ​വ​രു​ത് എ​ന്നാ​യി​രു​ന്നു ക​മ്യൂ​ണി​സ്റ്റ് ഇ​ന്റ​ർ​നാ​ഷ​നലി​​ന്റെ താ​ൽ​പ​ര്യം. ആ ​സ​മ​യ​ത്ത് യൂ​റോ​പ്യ​ൻ യ​ഹൂ​ദ കു​ടി​യേ​റ്റ ആ​ധി​പ​ത്യം ഉ​ണ്ടാ​യ​തുകൊ​ണ്ട​ല്ല, മ​റി​ച്ച് അ​ങ്ങ​നെ​യൊ​രു സാ​ധ്യ​ത അ​വ​ർ അ​ന്ന് മു​ന്നി​ൽ ക​ണ്ടി​രു​ന്നു. സം​ഘ​ർ​ഷം കൂ​ടി​വ​രു​ന്ന സ​മ​യ​ത്ത് ഫ​ല​സ്തീ​ൻ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി വി​ഭ​ജി​ക്ക​പ്പെ​ട്ടു.

ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ ഒ​രു പ്ര​ത്യ​യ​ശാ​സ്ത്ര രീ​തി​യി​ൽ ഉ​ള്ള​വ​ർ മാ​ത്ര​മ​ല്ല, അ​തി​ൽ പ​ല രൂ​പ​ത്തി​ലു​ള്ള ആ​ളു​ക​ൾ ഉ​ണ്ടാ​വും. പ​ക്ഷേ പാ​ര​മ്പ​ര്യ​മാ​യി യൂ​റോ​പ്പി​ൽനി​ന്ന് കു​ടി​യേ​റി വ​ന്ന യ​ഹൂ​ദ​രി​ൽ പ​ല​ർ​ക്കും സോ​ഷ്യ​ലി​സ്റ്റ് ആ​ശ​യം ഉ​ണ്ടാ​യി​രു​ന്നു. ലേ​ബ​ർ സ​യ​ണി​സ്റ്റു​ക​ൾ ഒ​ക്കെ വ​ള​ർ​ന്നു​വ​ന്ന സ​മ​യ​ത്ത് അ​വ​ർ ഏ​റ്റ​വും വ​ലി​യ സ​യ​ണി​സ്റ്റു​ക​ളാ​യി മാ​റു​ക​യാ​ണ് ഉ​ണ്ടാ​യ​ത്. അ​വ​രു​ടെ ഭൂ​മി​യാ​ക്കി ഫ​ല​സ്തീ​നി​നെ മാ​റ്റു​ക​യാ​ണ് അ​വ​ർ ചെ​യ്ത​ത്. തു​ട​ക്ക​ക്കാ​ല​ത്ത് അ​ങ്ങ​നെ ആ​യി​രു​ന്നി​ല്ല. ഒ​ന്നി​ച്ചു പോ​കു​ന്ന ഒ​രു കാ​ല​ഘ​ട്ടം ഉ​ണ്ടാ​യി​രു​ന്നു.

ഇ​സ്ര​ായേ​ൽ അ​നു​കൂ​ല നി​ല​പാ​ട് അ​മേ​രി​ക്ക സ്വീ​ക​രി​ക്കു​ന്ന​തി​ൽ ഒ​രു മ​ത​പ​ര​മാ​യ കാ​ര​ണംകൂ​ടി​യു​ണ്ട് എ​ന്നാ​ണോ പ​റ​ഞ്ഞുവ​രു​ന്ന​ത്?

ക്രി​സ്ത്യ​ൻ സ​യ​ണി​സ്റ്റു​ക​ളു​ടെ വ​ള​ർ​ച്ച​ക്കുശേ​ഷം ഉ​ണ്ടാ​യ ഒ​രു ഇ​സ്ര​ായേ​ൽ അ​നു​കൂ​ല നി​ല​പാ​ട് ആ​ണെ​ങ്കി​ൽ ന​മു​ക്ക് അ​ങ്ങ​നെ പ​റ​യാം. പ​ക്ഷേ, അ​ത് അ​ങ്ങ​നെ​യ​ല്ല​ല്ലോ; ഇ​സ്ര​ായേ​ൽ സ്ഥാ​പ​ന​ത്തിന്റെ അ​ന്നു​മു​ത​ൽത​ന്നെ അ​മേ​രി​ക്ക ഇ​സ്ര​ായേ​ൽ അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ചു​വ​രു​ന്നു. അ​ന്നു​ള്ള അ​മേ​രി​ക്ക​ൻ നേ​തൃ​ത്വ​ത്തെ​യും ക്രി​സ്ത്യ​ൻ സ​യ​ണി​സ്റ്റു​ക​ൾ എ​ന്ന് വി​ളി​ക്കാ​മോ എ​ന്നു​ള്ള​ത് കൂ​ടു​ത​ൽ ആ​ലോ​ചി​ക്കേ​ണ്ട വി​ഷ​യ​മാ​ണ്.

അ​തു​കൊ​ണ്ടാ​ണ് ഞാ​ൻ ബ്രി​ട്ടന്റെ ഉ​ദാ​ഹ​ര​ണംകൂ​ടി കൂ​ട്ട​ത്തി​ൽ പ​റ​ഞ്ഞ​ത്. അ​ന്ന് ബ്രി​ട്ട​ൻ, ബാ​ൽ​ഫ​ർ പ്ര​ഖ്യാ​പ​നം ഉ​ൾ​പ്പെ​ടെ, ഇ​സ്രാ​യേ​ലി​ന് ന​ൽ​കി​യ പി​ന്തു​ണ​യി​ൽ മ​ത​പ​ര​മാ​യ ചി​ല ഘ​ട​ക​ങ്ങ​ൾകൂ​ടി ഉ​ണ്ടാ​യി​രു​ന്നു. പ​ക്ഷേ അ​മേ​രി​ക്ക​യി​ൽ ക്രി​സ്ത്യ​ൻ സ​യ​ണി​സ​ത്തി​ന് ഇ​ന്ന് കാ​ണു​ന്ന​ത്ര സ്വാ​ധീ​നം മു​മ്പ് ഉ​ണ്ടാ​യി​രു​ന്നി​ല്ല. മു​മ്പ് തീ​രെ ഉ​ണ്ടാ​യി​രു​ന്നി​ല്ല എ​ന്ന​ല്ല; ഇ​ന്ന് ഉ​ള്ള​തുപോ​ലെ ഒ​രു ശ​ക്ത​മാ​യ വി​ഭാ​ഗം ആ​യി​രു​ന്നി​ല്ല എ​ന്ന​ത് ഒ​രു യാ​ഥാ​ർ​ഥ്യ​മാ​ണ്.

 ഐ​ക്യ​രാ​ഷ്ട്ര​ സ​ഭ സു​ര​ക്ഷാ​സ​മി​തി പ​ല​പ്പോ​ഴും അ​മേ​രി​ക്ക​യു​ടെ വീ​റ്റോ പ​വ​ർ കാ​ര​ണം ഫ​ല​സ്തീ​ൻ വി​ഷ​യ​ത്തി​ൽ ശ​ക്ത​മാ​യ നി​ല​പാ​ടെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണു​ള്ള​ത്. ലോ​ക​ത്ത് സ​മാ​ധാ​നം കൊ​ണ്ടു​വ​രാ​ൻ സ്ഥാ​പി​ക്ക​പ്പെ​ട്ട ഒ​രു സ​മി​തി എ​ന്ന നി​ല​യി​ൽ ഐ​ക്യ​രാ​ഷ്ട്ര ​സ​ഭ​ക്ക് ഫ​ല​സ്തീ​ൻ വി​ഷ​യ​ത്തി​ൽ ഇ​നി എ​ന്തുചെ​യ്യാ​ൻ ക​ഴി​യും? ഐ​ക്യരാ​ഷ്ട്ര സ​ഭ​യി​ലു​ള്ള പ്ര​തീ​ക്ഷ​ക​ൾ പൂ​ർ​ണ​മാ​യി ഇ​ല്ലാ​താ​വാ​നു​ള്ള ഒ​രു രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​മാ​ണോ ഇ​പ്പോ​ൾ കാ​ണു​ന്ന​ത്?

1967ലെ ​യു​ദ്ധ​ത്തി​നു ശേ​ഷം ഐ​ക്യ​രാ​ഷ്ട്ര​ സ​ഭ സു​ര​ക്ഷാസ​മി​തി പ്ര​മേ​യം 242 പാ​സാ​ക്കി​യെ​ങ്കി​ലും ഫ​ല​സ്തീ​നി​ന്റെ കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ അ​തി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല. യു​ദ്ധ​ത്തി​ൽ പി​ടി​ച്ച​ട​ക്കി​യ സ്ഥ​ല​ങ്ങ​ളി​ൽനി​ന്നും ഇ​സ്രാ​യേ​ൽ പി​ൻ​വാ​ങ്ങ​ണ​മെ​ന്നാ​ണ് അ​തി​ലെ പ്ര​ധാ​ന നി​ർ​ദേ​ശം. എ​ന്തു​കൊ​ണ്ട് അ​ത് ന​ട​പ്പാ​ക്കു​ന്നി​ല്ല? അ​തു​പോ​ലെ​ത​ന്നെ പ്ര​മേ​യം 338 – പ​ര​സ്പ​ര സം​ഭാ​ഷ​ണ​ത്തി​ലൂ​ടെ ഫ​ല​സ്തീ​ൻ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണം എ​ന്നു​ള്ള​താ​യി​രു​ന്നു. സൈ​നികബ​ല​ത്തി​ലൂ​ടെ​യു​ള്ള ആ​ധി​പ​ത്യ​മാ​ണ​ല്ലോ അ​വി​ടെ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഐ​ക്യ​രാ​ഷ്ട്ര​ സ​ഭ ഒ​രുകാ​ല​ത്ത്, സ​യ​ണി​സം വം​ശീ​യ​ത​യാ​ണ് എ​ന്നു പ​റ​ഞ്ഞു​കൊ​ണ്ട് ഒ​രു പ്ര​മേ​യം പാ​സാ​ക്കി​യി​രു​ന്നു.

മ​ഡ്രി​ഡ് സ​മാ​ധാ​ന ച​ർ​ച്ച​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ ​പ്ര​മേ​യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ഇ​സ്രാ​യേ​ൽ ശാ​ഠ്യം പി​ടി​ച്ച​പ്പോ​ഴാ​ണ് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ പ്ര​സ്തു​ത പ്ര​മേ​യം മ​ര​വി​പ്പി​ച്ച​ത്. സ​യ​ണി​സം വം​ശീ​യത​യാ​ണ് എ​ന്ന നി​ല​പാ​ടെ​ടു​ത്ത ച​രി​ത്ര​മാ​ണ് ഐ​ക്യ​രാ​ഷ്ട്ര ​സ​ഭ​ക്ക് അ​ന്ന് ഉ​ണ്ടാ​യി​രു​ന്ന​ത്. ഐ​ക്യ​രാ​ഷ്ട്ര​ സ​ഭ വ​ഴി ഉ​ണ്ടാ​യി​ട്ടു​ള്ള ഒ​രു കാ​ര്യം, അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണ് ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന​ത് എ​ന്ന് പ​റ​യാ​നെ​ങ്കി​ലും ഇ​തു​പോ​ലെ​യു​ള്ള പ്ര​മേ​യ​ങ്ങ​ളി​ലൂ​ടെ സാ​ധി​ക്കു​ന്നു​ണ്ട് എ​ന്ന​താ​ണ്. അ​ല്ലെ​ങ്കി​ൽ എ​ന്താ​ണ് അ​ന്താ​രാ​ഷ്ട്ര നി​യ​മം എ​ന്ന​തി​നെ കു​റി​ച്ച് ന​മു​ക്ക് ഒ​രു അ​ള​വു​കോ​ൽപോ​ലും ഇ​ല്ല​ല്ലോ. ഐ​ക്യ​രാ​ഷ്ട്ര​ സ​ഭ പ്ര​മേ​യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ല​പ്പോ​ഴും അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ൾ രൂ​പംകൊ​ള്ളു​ന്ന​ത്.

അ​തു​കൊ​ണ്ടു​ത​ന്നെ ഏ​റ്റ​വും ചു​രു​ങ്ങി​യ​ത് ക​ട​ലാ​സ് വി​ല അ​തി​നു​ണ്ട്. അ​ന്താ​രാ​ഷ്ട്ര ബ​ന്ധ​ങ്ങ​ളെ കു​റി​ച്ച് പ​ഠി​ക്കു​ന്ന ന​മു​ക്കൊ​രു കാ​ര്യം അ​റി​യാം, ഐ​ക്യ​രാ​ഷ്ട്ര​ സ​ഭ എ​ന്ന് പ​റ​യു​ന്ന സം​ഘ​ട​നപോ​ലും ദേ​ശ​രാ​ഷ്ട്ര​ങ്ങ​ളു​ടെ അ​ധി​കാ​രവ്യ​വ​സ്ഥ​ക്ക് അ​ക​ത്ത് ക​ഴി​യു​ന്ന സം​വി​ധാ​ന​മാ​ണ്. പ​ര​മാ​ധി​കാ​ര രാ​ഷ്ട്ര​ങ്ങ​ൾ​ക്ക് അ​പ്പു​റ​ത്തു​ള്ള ഒ​രു പ​ര​മാ​ധി​കാ​ര സ​ങ്ക​ൽപ​മൊ​ന്നും ഐ​ക്യ​രാ​ഷ്ട്ര​ സ​ഭ എ​ന്ന സം​ഘ​ട​ന​ക്കി​ല്ല. അ​മേ​രി​ക്ക പോ​ലു​ള്ള വ​ലി​യ ശ​ക്തി​ക​ളു​ടെ ഇ​ച്ഛ​ക്ക് വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​യാ​ണ് ഐ​ക്യ​രാ​ഷ്ട്ര​ സ​ഭ എ​ന്ന് നാം ​വി​ശ്വ​സി​ക്കു​ന്ന​താ​ണ് ന​മ്മു​ടെ​യൊ​ക്കെ പ്ര​ശ്നം.

പ​ക്ഷേ ഒ​രു ലീ​ഗ​ൽ സ്റ്റാ​ൻ​ഡേ​ഡ് ഉ​ണ്ടാ​ക്കു​ന്ന​തി​ൽ, അ​തി​നു​ള്ള രേ​ഖ​ക​ൾ ഉ​ൽപാ​ദി​പ്പി​ക്കു​ന്ന​തി​ൽ വ​ലി​യ പ​ങ്ക് ഐ​ക്യ​രാ​ഷ്ട്ര​ സ​ഭ​ക്ക് വ​ഹി​ക്കാ​നു​ണ്ടെ​ന്ന​ത് യ​ാഥാ​ർ​ഥ്യ​മാ​ണ്. അ​ല്ലെ​ങ്കി​ൽ അ​ന്താ​രാ​ഷ്ട്ര നി​യ​മം എ​ന്താ​ണെ​ന്ന് വ്യാ​ഖ്യാ​നി​ക്കു​ന്ന​തി​ൽ വ​ലി​യ പ്ര​യാ​സ​ങ്ങ​ൾ ഉ​ണ്ടാ​കും.

ജ​നീ​വ ക​ൺ​വെ​ൻ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ല അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളും ലം​ഘി​ച്ചുകൊ​ണ്ടാ​ണ് ഫ​ല​സ്തീ​ൻ കൈയേ​റ്റ ഭൂ​മി​യി​ൽ ഇ​സ്രായേ​ൽ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. എ​ന്നി​രു​ന്നാ​ൽപോ​ലും ഈ ​വി​ഷ​യ​ത്തി​ൽ ഇ​സ്രാ​യേ​ലി​നെ​തി​രെ ന​ട​പ​ടിയെ​ടു​ക്കാ​ൻ അ​ന്താ​രാ​ഷ്ട്ര നീ​തി​ന്യാ​യ കോ​ട​തി​ക്കോ നി​ല​വി​ലു​ള്ള മ​റ്റ് അ​ന്താ​രാ​ഷ്ട്ര സം​ഘ​ട​ന​ക​ൾ​ക്കോ സാ​ധി​ക്കു​ന്നി​ല്ല. എ​ന്തു​കൊ​ണ്ടാ​ണ് ഇ​ങ്ങ​നെ സം​ഭ​വി​ക്കു​ന്ന​ത്? ഈ ​രൂ​പ​ത്തി​ലു​ള്ള അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ൾ ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ അ​പ്ര​സ​ക്ത​മാ​ണോ? റി​യ​ലി​സ്റ്റു​ക​ൾ വാ​ദി​ക്കു​ന്ന​തുപോ​ലെ ആ​യു​ധ​ബ​ലം മാ​ത്ര​മാ​ണോ ലോ​ക​രാ​ഷ്ട്രീ​യ​ത്തെ നി​യ​ന്ത്രി​ക്കു​ന്ന​ത്?

അ​തി​നു വ​ലി​യൊ​രു പ്ര​ശ്ന​മു​ണ്ട്. അ​ന്ത​ാരാ​ഷ്ട്ര ക്രി​മി​ന​ൽ കോ​ട​തി​യി​ൽ ഇ​സ്ര​ായേ​ലി​നെ​തി​രെ​യു​ള്ള അ​ന്വേ​ഷ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​ത് നീ​ണ്ടുപോ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. 2014ലെ ​ഇ​സ്ര​ായേ​ലി​ന്റെ ഗസ്സക്കെ​തി​രെ​യു​ള്ള ആക്ര​മ​ണ​ത്തി​ന്റെ സ​ന്ദ​ർ​ഭ​ത്തി​ലാ​ണ് അ​ന്താ​രാ​ഷ്ട്ര ക്രി​മി​ന​ൽ കോ​ട​തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. മാ​ന​വ​രാ​ശി​ക്കെ​തി​രെ​യു​ള്ള കു​റ്റ​മാ​ണ് ഇ​സ്രാ​യേ​ൽ ചെ​യ്ത​തെ​ന്ന് ര​ണ്ടു വ​ർ​ഷ​ത്തെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ കോ​ട​തി ക​ണ്ടെ​ത്തി​യ​താ​ണ്. ഇ​വി​ടെ​യു​ള്ള പ്ര​ധാ​ന​പ്പെ​ട്ട പ്ര​തി​സ​ന്ധി ഇ​സ്രാ​യേ​ൽ അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ല എ​ന്ന​താ​ണ്.

ഇ​സ്രാ​യേ​ലി​ലെ ത​ന്നെ പ​ല സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളും ഫ​ല​സ്തീ​ൻ അ​നു​കൂ​ല​ നി​ല​പാ​ടു​ക​ളു​ടെ ഉ​റ​ച്ച ശ​ബ്ദ​ങ്ങ​ളാ​ണ്. അ​വ ചി​ല പ്ര​തീ​ക്ഷ​ക​ൾ ന​ൽ​കു​ന്നു​ണ്ട​ല്ലോ? ഇ​ത്ത​ര​ത്തി​ലു​ള്ള വി​വി​ധ​ത​രം പൗ​രസ​മൂ​ഹ രൂ​പ​ങ്ങ​ൾ ഇ​ന്ന് ഇ​സ്രാ​യേ​ലി​ൽ ശ​ക്ത​മാ​ണോ?

ഇ​സ്രാ​യേ​ലി പൗ​രസ​മൂ​ഹ​ത്തി​ൽ ജ​നാ​ധി​പ​ത്യ രീ​തി​യി​ൽ വ​ലി​യ പ്ര​ക്ഷോ​ഭ​ങ്ങ​ൾ ക​ഴി​ഞ്ഞ കു​റ​ച്ചു മാ​സ​ങ്ങ​ളാ​യി നാം ​ക​ണ്ടു​വ​രു​ന്നു. അ​തി​ൽ ഒ​രു വി​ഭാ​ഗം, ഫ​ല​സ്തീ​ൻ പ്ര​ദേ​ശം അ​ധി​നി​വേ​ശ​പ്പെ​ടു​ത്തി​യ​ത് അ​വ​സാ​നി​പ്പി​ക്കു​ക​യെ​ന്ന​ത് ഇ​സ്രാ​യേ​ൽ ജ​നാ​ധി​പ​ത്യ​ത്തി​ന്റെ ഭാ​ഗ​മാ​ണെ​ന്ന് വാ​ദി​ക്കു​ന്ന​വ​രാ​ണ്. അ​ത്ത​രം വി​ഭാ​ഗ​ത്തോ​ട് ചേ​ർ​ന്നു​നി​ൽ​ക്കാ​ൻ മ​ടി​ക്കു​ന്ന​വ​രും ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​ർ ഇ​സ്രാ​യേ​ലി​ന്റെ ആ​ഭ്യ​ന്ത​ര ജ​നാ​ധി​പ​ത്യ​വ​ത്ക​ര​ണ​വു​മാ​യി ഫ​ല​സ്തീ​ൻ പ്ര​ശ്ന​ത്തെ ബ​ന്ധ​പ്പെ​ടു​ത്താ​ത്ത​വ​രാ​ണ്. ഫ​ല​സ്തീ​നി​യ​ൻ പ്ര​ദേ​ശം പി​ടി​ച്ചെ​ടു​ക്കു​ന്നി​ട​ത്തോ​ളം കാ​ലം ഇ​സ്രാ​യേ​ലി​ന്റെ ജ​നാ​ധി​പ​ത്യ​വ​ത്ക​ര​ണ​ത്തി​ന് വ​ലി​യ അ​ർ​ഥം ഒ​ന്നു​മി​ല്ലെ​ന്ന് വാ​ദി​ക്കു​ന്ന​വ​രാ​ണ് ആ​ദ്യം പ​റ​ഞ്ഞ വി​ഭാ​ഗം.

‘ഹാ​ര​റ്റ്സ്’ (Haaretz) പോ​ലു​ള്ള ഇ​സ്രാ​യേ​ലി പ​ത്ര​ങ്ങ​ളി​ൽ, ഫ​ല​സ്തീ​ൻ ഭാ​ഗ​ത്തു​നി​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ ധാ​രാ​ളം വ​രാ​റു​ണ്ട്. അ​ത് ഇ​പ്പോ​ഴും തു​ട​രു​ന്നു​ണ്ട്. ന​മു​ക്കൊ​ക്കെ അ​റി​യു​ന്ന​തു​പോ​ലെ, ഹ​മാ​സി​ന്റെ ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണം നെ​ത​ന്യാ​ഹു​വാ​ണ് എ​ന്ന രീ​തി​യി​ൽ ‘ഹാ​ര​റ്റ്സി​’ന്റെ മു​ഖ​പ്ര​സം​ഗം വ​ന്നി​രു​ന്ന​ല്ലോ. അ​തി​ന് വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ളൊ​ക്കെ ഇ​സ്രാ​യേ​ലി​ൽ ഉ​യ​ർ​ന്നു​വ​ന്നി​രു​ന്നു. ഗി​ദെ​യോ​ൺ ലെ​വി​യെ പോ​ലു​ള്ള ഏ​റ്റ​വും ശ​ക്ത​മാ​യി ഫ​ല​സ്തീ​നി​നെ പി​ന്തു​ണ​ക്കു​ന്ന മാ​ധ്യ​മപ്ര​വ​ർ​ത്ത​ക​രൊ​ക്കെ ‘ഹാ​ര​റ്റ്സി’​ലാ​ണ് എ​ഴു​തു​ന്ന​ത്. ഇ​സ്രാ​യേ​ലി​ൽ വ​ലി​യ പ്ര​ചാ​ര​മു​ള്ള പ​ത്ര​ങ്ങ​ളി​ലൊ​ന്നാ​ണി​ത്. അ​താ​യ​ത് ഇ​ത്ത​രം മേ​ഖ​ല​ക​ളി​ലൊക്കെ ഫ​ല​സ്തീ​ൻ ശ​ബ്ദ​ങ്ങ​ൾ കേ​ൾ​ക്കാ​ൻ ന​മു​ക്ക് സാ​ധി​ക്കും.

 

എ.കെ. രാമകൃഷ്ണൻ

ഒ​രു​കാ​ല​ത്ത് ഇ​സ്രാ​യേ​ലി​ലെ സ​മാ​ധാ​ന പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് വ​ലി​യ ശ​ക്തി ഉ​ണ്ടാ​യി​രു​ന്നു. ഇ​സ്രാ​യേ​ലി​ന്റെ തീ​വ്ര വ​ല​തു​പ​ക്ഷവ​ത്ക​ര​ണ​വും നെ​ത​ന്യാ​ഹു​വി​നെ പോ​ലു​ള്ള​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​വും കു​റെ കാ​ല​മാ​യി തു​ട​രു​ക​യാ​ണ്. അ​തി​ക​ഠി​ന ഫ​ല​സ്തീ​നി​യ​ൻ വി​രു​ദ്ധ​ത​യൊ​ക്ക കൊ​ണ്ടു​ന​ട​ക്കു​ന്ന ബ്‌​റൂ​ക് ഗോ​ൾ​സ്റൈ​ൻ സ്വീ​ക​രി​ച്ച നി​ല​പാ​ട് ന​മു​ക്ക​റി​യാം. 1994ൽ ​വെ​സ്റ്റ് ബാ​ങ്കി​ൽ ഫ​ല​സ്തീ​ൻ​കാ​രെ മെ​ഷീ​ൻഗ​ൺ ഉ​പ​യോ​ഗി​ച്ച് വെ​ടി​വെ​ച്ചു കൊ​ന്ന ഭീ​ക​രപ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം കൊ​ടു​ത്ത വ്യ​ക്തി​യാ​ണ് ബ്‌​റൂ​ക് ഗോ​ൾ​സ്റൈ​ൻ. അ​വ​രെ ഇ​സ്രാ​യേ​ൽ നി​യ​മവ്യ​വ​സ്ഥ ത​ന്നെ ഭീ​ക​ര​ർ എ​ന്നാ​ണ് വി​ശേ​ഷി​പ്പി​ച്ചി​രു​ന്ന​ത്. അ​വ​രു​ടെ​യൊ​ക്കെ കൂ​ട്ടാ​ളി​ക​ളും പി​ൻ​ത​ല​മു​റ​ക്കാ​രു​മാ​ണ് ഇ​ന്ന് ഇ​സ്രാ​യേ​ലി ഭ​ര​ണ​സം​വി​ധാ​ന​ത്തി​ൽ ശ​ക്ത​മാ​യി നി​ല​കൊ​ള്ളു​ന്ന​ത്.

ഇ​തി​നു​മു​മ്പൊ​ക്കെ, ഫെ​മി​നി​സ്റ്റ് സം​ഘ​ട​ന​ക​ളും സ​മാ​ധാ​ന പ്ര​സ്ഥാ​ന​ങ്ങ​ളും ഇ​സ്രാ​യേ​ലി​ലെ ശ​ക്ത​മാ​യ ഫ​ല​സ്തീ​ൻ പ​ക്ഷ ശ​ബ്ദ​ങ്ങ​ളാ​യി​രു​ന്നു. സ്ത്രീപ​ക്ഷ പ്ര​വ​ർ​ത്ത​ക​യും Women In Black എ​ന്ന സം​ഘ​ട​ന​യു​ടെ സ്ഥാ​പ​ക​രി​ൽ ഒ​രാ​ളു​മാ​യ ജൂ​ഡി ബ്ലാ​ങ്ക്, നി​യ​മ​ജ്ഞ​നും ഫ​ല​സ്തീ​ൻ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നും ‘Walking to Palestine’ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി പു​സ്ത​ക​ങ്ങ​ൾ ര​ചി​ച്ച രാ​ജാ​ഷ​ഹ​ദേ എ​ന്നി​വ​രൊ​ക്കെ ഇ​സ്രാ​േയ​ലി​ന്റെ അ​ധി​നി​വേ​ശ രാ​ഷ്ട്രീ​യ​ത്തി​നെ​തി​രെ ശ​ബ്‌​ദി​ച്ച​വ​രി​ൽ ചി​ല​രാ​ണ്. അ​വ​ർ ഒ​ന്നി​ച്ചു കേ​ര​ള​ത്തി​ലും വ​ന്നി​ട്ടു​ണ്ട്. ഫ​ല​സ്തീ​ൻ മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​യാ​യ അ​ൽ ഹ​ഖ് പോ​ലു​ള്ള പ്ര​സ്ഥാ​ന​ങ്ങ​ളെ തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ൾ എ​ന്ന് വി​ശേ​ഷി​പ്പി​ച്ചുകൊ​ണ്ട് ഇ​സ്രാ​േയ​ൽ ഭ​ര​ണ​കൂ​ടം നി​രോ​ധി​ച്ചി​രി​ക്കു​ന്നു. ഇ​സ്രാ​യേ​ലി​ക​ളും ഫ​ല​സ്തീ​നി​ക​ളും ഒ​ന്നി​ക്കു​ന്ന സ​മാ​ധാ​ന പ്ര​സ്ഥാ​ന​ങ്ങ​ളി​ലും സ്ത്രീ​പ​ക്ഷ പ്ര​സ്ഥാ​ന​ങ്ങ​ളി​ലു​മൊ​ക്കെ​യു​ള്ള​വ​ർ സ​മ​ര​ങ്ങ​ളി​ലും മ​റ്റും അ​ന്യോ​ന്യം പ​ങ്കെ​ടു​ക്കു​ന്ന രീ​തി​ക​ളൊ​ക്കെ ഒ​രു സ​ന്ദ​ർ​ഭ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

അ​ത്ത​രം ശ​ക്തി​ക​ൾ​ക്ക് പൂ​ർ​ണ തി​രി​ച്ച​ടി​യാ​ണ് വ​ല​തു​പ​ക്ഷ ശ​ക്തി​ക​ൾ ഇ​സ്രാ​യേ​ൽ രാ​ഷ്ട്രീ​യം കൈയ​ട​ക്കി​യ​തോ​ടുകൂ​ടി സം​ഭ​വി​ച്ച​ത്. അ​ത് ഇ​സ്രാ​യേ​ലി​ന്റെ ഉ​ള്ളി​ലു​ള്ള പൗ​രാ​വ​കാ​ശ സാ​മൂ​ഹിക​ധാ​ര​ക്ക് വ​ലി​യ തി​രി​ച്ച​ടി​യാ​ണ് ഉ​ണ്ടാ​ക്കി​യി​ട്ടു​ള്ള​ത്. ഇ​സ്രാ​യേ​ൽ രാ​ഷ്ട്രീ​യ​ത്തി​നു​ള്ളി​ൽ ഇ​ങ്ങ​നെ പ​രി​ധി​വി​ട്ട രൂ​പ​ത്തി​ൽ ഒ​രു വ​ല​തുപ​ക്ഷ​ധാ​ര ക്ര​മേ​ണ ശ​ക്തി​പ്പെ​ട്ടുവ​ന്നി​രി​ക്കു​ന്നു.

ഈ ​വ​ല​തു​പ​ക്ഷ​ധാ​ര ജു​ഡീ​ഷ്യ​റി ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ധി​കാ​രം കൈ​യാ​ളു​ന്ന ത​ര​ത്തി​ലേ​ക്ക് ഇ​സ്രാ​യേ​ൽ രാ​ഷ്ട്രം ശ​ക്തി​പ്പെ​ട്ട​പ്പോ​ഴാ​ണ് ഇ​സ്രാ​യേ​ലി ജ​ന​ത ഇ​ന്ന് കാ​ണു​ന്ന​തു​പോ​ലെ​യു​ള്ള ജ​നാ​ധി​പ​ത്യ സ​മ​ര​ങ്ങ​ൾ അ​വി​ടെ രൂ​പംകൊ​ണ്ട​ത്. ഇ​ത്ത​രം പൗ​രസ​മൂ​ഹ മു​ന്നേ​റ്റ​ങ്ങ​ൾ ഇ​സ്രാ​യേ​ലി​ന്റെ ഫ​ല​സ്തീ​ൻ അ​ധി​നി​വേ​ശ രാ​ഷ്ട്രീ​യ​വും ച​ർ​ച്ച​ചെ​യ്യാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

2002ൽ ​മേ​ഖ​ല​യി​ലെ ഏ​റ്റ​വും സ്വാ​ധീ​ന​മു​ള്ള ഇ​സ്‍ലാ​മി​ക, ക്രൈ​സ്ത​വ, ജൂ​ത മ​ത പ​ണ്ഡി​ത​ർ അ​ല​ക്സാ​ൻഡ്രിയ പ്ര​ഖ്യാ​പ​നം (Alexandria Declaration) ന​ട​ത്തു​ക​യു​ണ്ടാ​യി. ഇ​തു​പോ​ലെ​യു​ള്ള മ​ത​നേ​താ​ക്ക​ന്മാ​ർ​ക്ക് ഈ ​സം​ഘ​ർ​ഷം അ​യ​വ് വ​രു​ത്തു​ന്ന​തി​ൽ വ​ല്ല പ​ങ്കും വ​ഹി​ക്കാ​ൻ പ​റ്റു​മോ?

മ​ത നേ​താ​ക്ക​ളൊ​ക്കെ ഒ​രു പൊ​തുപ്ര​സ്താ​വ​ന ഇ​റ​ക്കു​ന്ന​ത് ന​ല്ല​താ​ണ്. മ​ത​ങ്ങ​ൾ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​വും അ​തി​ന് രാ​ഷ്ട്രീ​യ​പ​ര​മാ​യു​ള്ള വ്യാ​ഖ്യാ​ന​ങ്ങ​ളുമൊ​ക്കെ നി​ല​നി​ൽ​ക്കു​ന്ന സ​ന്ദ​ർ​ഭ​ത്തി​ൽ മ​ത നേ​താ​ക്ക​ളു​ടെ ഉ​ദ്യ​മ​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യ​മു​ണ്ട്. പ​ക്ഷേ, ഒ​രു പ​രി​ധി​ക്ക​പ്പു​റം ഇ​ത്ത​രം രാ​ഷ്ട്രീ​യ സം​ഘ​ർ​ഷ​ങ്ങ​ൾ ഈ ​വ​ഴി​യി​ലൂ​ടെ പ​രി​ഹ​രി​ക്ക​പ്പെ​ടും എ​ന്ന ധാ​ര​ണ​യും വേ​ണ്ട. ഫ​ല​സ്തീ​ൻ പ്ര​ശ്ന​ത്തി​ന് രാ​ഷ്ട്രീ​യ പ​രി​ഹാ​ര​മാ​ണ് വേ​ണ്ട​ത്.

ദൈ​നം​ദി​ന​മാ​യ ഒ​രു കൊ​ളോ​ണി​യ​ൽ ന​യ​ത്തെ ത​ട​യ​ണ​മെ​ങ്കി​ൽ അ​തി​ന് രാ​ഷ്ട്രീ​യ പ​രി​ഹാ​രം മാ​ത്ര​മേ ഉ​ള്ളൂ. പ​ക്ഷേ, മ​ത​നേ​തൃ​ത്വ​ങ്ങ​ൾക്ക് അ​തി​ന് ഗു​ണ​പ​ര​മാ​വു​ന്ന രീ​തി​യി​ലു​ള്ള ചി​ല നി​ല​പാ​ടു​ക​ൾ പ്ര​ഖ്യാ​പി​ക്കാ​വു​ന്ന​താ​ണ്. ഒ​ന്നി​ച്ചു പൊ​രു​തു​ന്ന ക്രി​സ്ത്യാ​നി​ക​ളും മു​സ്‍ലിംക​ളും എ​ന്ന കാ​ഴ്ച​ക്ക​പ്പു​റം അ​വ​ർ ത​മ്മി​ലു​ള്ള മ​തസം​ഘ​ർ​ഷ​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന രീ​തി​യാ​ണ​ല്ലോ കേ​ര​ള​ത്തി​ൽ ഉ​ൾ​പ്പെ​ടെ നാം ​ക​ണ്ടു​വ​രു​ന്ന​ത്. അ​തി​ലൊ​ക്കെ​യു​ള്ള പൊ​ള്ള​ത്ത​ര​ങ്ങ​ൾ തു​റ​ന്നു​കാ​ട്ടേ​ണ്ട​തു​ണ്ട്.

ഫ​ല​സ്തീ​ൻ-ഇ​സ്രാ​യേ​ൽ സം​ഘ​ർ​ഷം ജറൂസ​ല​മി​ന്റെ ഭാ​വി​യെ സം​ബ​ന്ധി​ക്കു​ന്ന​തുകൂ​ടി ആ​യ​തു​കൊ​ണ്ട് അ​തി​ൽ മ​തം ഒ​രു പ്ര​ധാ​ന​പ്പെ​ട്ട ഘ​ട​കംത​ന്നെ​യാ​ണ്. പ​ക്ഷേ, അ​ത് ഒ​രു ഘ​ട​കം മാ​ത്ര​മാ​ണ്. പ്ര​ധാ​ന​മാ​യും ഇ​ത് രാ​ഷ്ട്രീ​യപ്ര​ശ്ന​മാ​യ​തുകൊ​ണ്ട് ത​ന്നെ പ​ല​വി​ധ​ത്തി​ലു​ള്ള ഇ​ട​പെ​ട​ൽ ഉ​ണ്ടാ​കാം. അ​ത്ത​രം ഘ​ട​ക​ങ്ങ​ൾ ഒ​ന്നും ഇ​ട​പെ​ടാ​ത്ത ഒ​രു പ​രി​ശു​ദ്ധ രാ​ഷ്ട്രീ​യ​വും ല​ഭ്യ​മ​ല്ല. പ​ാശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളി​ലെ മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ളാ​യ ഹ്യൂ​മ​ൻ റൈ​റ്റ്സ് വാ​ച്ച്, ആം​ന​സ്റ്റി ഇ​ന്റ​ർ​നാ​ഷ​ന​ൽ, ഇ​സ്രാ​യേ​ൽ മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​യാ​യ B'Tselem തു​ട​ങ്ങി​യ​വ ഉ​യ​ർ​ത്തു​ന്ന ഒ​രു പൊ​തു അ​ഭി​പ്രാ​യ​മു​ണ്ട്; ക​ട​ന്നാ​ക്ര​മ​ണങ്ങ​ളും അ​പാ​ർ​തൈറ്റ് ന​യ​ങ്ങ​ളും മാ​ന​വ​രാ​ശ​ിക്കെ​തി​രെ​യു​ള്ള കു​റ്റ​മാ​ണ്.

ജോ​ർ​ഡ​ൻ ന​ദി മു​ത​ൽ മെ​ഡി​റ്റ​റേ​നി​യ​ൻ തീ​രം വ​രെ (ഇ​സ്രാ​യേ​ലി​ന് അ​ക​ത്തും അ​ധി​നി​വേ​ശ പ്ര​ദേ​ശ​ങ്ങ​ളി​ലും) ആ​ക​മാ​നം അ​പാ​ർ​തൈറ്റ് ന​യ​ങ്ങ​ളാ​ണ് ഇ​സ്രാ​േയ​ൽ ന​ടപ്പാ​ക്കു​ന്ന​ത്. ഇ​സ്രാ​യേ​ലി​നു​ള്ളി​ൽ ഏ​ക​ദേ​ശം 20 ശതമാനത്തോ​ളം ഫ​ല​സ്തീ​ൻ ജ​ന​ത​യാ​ണു​ള്ള​ത്. ഇ​സ്രാ​യേ​ൽ പൗ​ര​ന്മാ​രാ​യ ഫ​ല​സ്തീ​ൻ​കാ​രാ​ണ് അ​വ​ർ. പ​ക്ഷേ, അ​വ​ർ​ക്കും പൂ​ർ​ണ​മാ​യ പൗ​ര​ത്വ​വും പൗ​രാ​വ​കാ​ശ​വും ഇ​സ്രാ​േയ​ൽ ഭ​ര​ണ​കൂ​ടം നി​ഷേ​ധി​ക്കു​ന്നു. അ​വ​രോ​ടും അ​പാ​ർ​തൈറ്റ് ന​യ​മാ​ണ് ഇ​സ്രാ​യേ​ൽ രാ​ഷ്ട്രം സ്വീ​ക​രി​ക്കു​ന്ന​ത്.

മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ളു​ടെ ഇ​തു​പോ​ലെ​യു​ള്ള റി​പ്പോ​ർ​ട്ടു​ക​ളി​ൽ ചൂ​ണ്ടിക്കാ​ണി​ക്കു​ന്ന യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​തി​ന് പ​ക​രം, മു​ൻ​ധാ​ര​ണ​ക​ളോ​ടു​കൂ​ടി​യാ​ണ് പ​ല​രും ഫ​ല​സ്തീ​ൻ-​ഇ​സ്രാ​േയ​ൽ വി​ഷ​യ​ത്തെ സ​മീ​പി​ക്കു​ന്ന​ത്. ഇ​സ്‍ലാം വി​രു​ദ്ധ​ത​യോ​ടുകൂ​ടി​യു​ള്ള മു​ൻ​ധാ​ര​ണ​ക​ൾ ഇ​തി​ൽ ശ​ക്ത​മാ​ണ്. ഇ​ത്ത​രം യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​തി​ലൂ​ടെ അ​ടി​യു​റ​ച്ച മു​ൻ​ധാ​ര​ണ​ക​ൾ മാ​റ്റാ​ൻ ക​ഴി​യു​മോ എ​ന്ന് എ​നി​ക്ക​റി​യി​ല്ല. എ​ന്നി​രു​ന്നാ​ലും ഇ​തൊ​ക്കെ പ​റ​യേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് തോ​ന്നു​ന്നു.

ജറൂസ​ല​മി​നെ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള മ​ത​പ​ര​മാ​യ ത​ർ​ക്കം, ഫ​ല​സ്തീ​ൻ അ​ഭ​യാ​ർ​ഥിക​ളു​ടെ തി​രി​ച്ചു​വ​രാ​നു​ള്ള അ​വ​കാ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്കം എ​ന്നി​വ​യൊ​ക്കെ​യാ​ണ് പ​ല​പ്പോ​ഴും പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് ഒ​രു ത​ട​സ്സ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടാ​റു​ള്ള​ത്. ഇ​തൊ​ക്കെ​യാ​ണോ മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷ പ​രി​ഹാ​ര​ത്തി​നു​ള്ള പ്ര​ധാ​ന ത​ട​സ്സ​ങ്ങ​ൾ?

അ​ഭ​യാ​ർ​ഥി​ക​ളാ​യ ഫ​ല​സ്തീ​ൻ​കാ​രു​ടെ തി​രി​ച്ചു​വ​ര​വ് അ​ടി​സ്ഥാ​ന​പ​ര​മാ​യ വി​ഷ​യ​മാ​ണ്. ലോ​ക​ത്തെ​വി​ടെ​യു​ള്ള ജൂ​ത​ന്മാ​ർ​ക്കും ഇ​സ്രാ​യേലി​ലേ​ക്ക് തി​രി​ച്ചു​വ​രാ​നു​ള്ള അ​വ​കാ​ശ​മു​ണ്ട്. സ്വ​ന്തം നാ​ട് ന​ഷ്ട​പ്പെ​ട്ട ഫ​ല​സ്തീ​ൻ​കാ​ർ​ക്ക് തി​രി​ച്ചു​വ​രാ​നു​ള്ള ഒ​രു അ​വ​കാ​ശ​വു​മി​ല്ല. തി​രി​ച്ചു​വ​രാ​നു​ള്ള അ​വ​കാ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ല ഐ​ക്യ​രാ​ഷ്ട്ര​ സ​ഭ പ്ര​മേ​യ​ങ്ങ​ളു​മു​ണ്ട്. അ​ത്ത​രം അ​വ​കാ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലോ​ക​ത്തി​ന്റെ പ​ല സ്ഥ​ല​ങ്ങ​ളി​ലും അ​ഭ​യാ​ർ​ഥിക​ളാ​യി​ട്ടു​ള്ള ഫ​ല​സ്തീ​ൻ ജ​ന​വി​ഭാ​ഗം യോ​ഗ​ങ്ങ​ൾ വി​ളി​ച്ചു ചേ​ർ​ക്കാ​റു​ണ്ട്. എ​ഡ്വേ​ഡ് സൈ​ദ്, നോം​ ചോം​സ്കി, ഇ​ലാ​ൻ പാ​പ്പെ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട അ​മേ​രി​ക്ക​യി​ലെ ബോ​സ്‌​റ്റ​ണി​ൽ ന​ട​ന്ന അ​ത്ത​രം ഒ​രു യോ​ഗ​ത്തി​ൽ ഞാ​നും പ​ങ്കെ​ടു​ത്തി​രു​ന്നു.

വെ​സ്റ്റ് ബാ​ങ്കി​ലെ​യും ഗ​സ്സയി​ലെ​യും അ​ഭ​യാ​ർ​ഥി​ക​ളെ കു​റി​ച്ച് നാം ​അ​റി​യു​ന്നു​ണ്ടെ​ങ്കി​ലും, അ​തി​നു പു​റ​ത്ത് ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ഴി​യു​ന്ന ഫ​ല​സ്തീ​ൻ അ​ഭയാ​ർഥി​ക​ളു​ടെ അ​വ​സ്ഥ എ​ന്താ​ണെ​ന്ന് അ​റി​യേ​ണ്ട​തും വ​ള​രെ പ്ര​ധാ​ന​മാ​ണ്. ഫ​ല​സ്തീ​നി​ന്റെ ഭാ​വി​യെ കു​റി​ച്ചു​ള്ള ആ​ലോ​ച​ന​ക​ളി​ൽ ഇ​തും പ്ര​സ​ക്ത​മാ​ണ്. ഫ​ല​സ്തീ​ൻ ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് മ​ട​ങ്ങി​വ​രാ​നും, ഫ​ല​സ്തീ​ൻ ജ​ന​ത​ക്കും യ​ഹൂ​ദ ജ​ന​ത​ക്കും ഒ​ന്നി​ച്ചുജീ​വി​ക്കാ​നും സാ​ധി​ക്കു​ന്ന ഒ​രു രാ​ഷ്ട്രീ​യ പ​രി​ഹാ​രം ക​ണ്ടെ​ത്താ​നും, അ​ങ്ങ​നെ​യൊ​രു ജ​നാ​ധി​പ​ത്യ രാ​ഷ്ട്ര​ത്തെ​ക്കു​റി​ച്ച് ചി​ന്തി​ക്കാ​നും എ​ഡ്വേ​ഡ് ​ൈസദി​നെ പോ​ലു​ള്ള​വ​ർ ന​മ്മോ​ട് ആ​ഹ്വ​ാനം ചെ​യ്യു​ന്നു. അ​ങ്ങ​നെ​യു​ള്ള ഒ​രു സ്വ​ത​ന്ത്ര ഫ​ല​സ്തീ​ൻ രാ​ഷ്ട്ര​ത്തെ​യാ​ണ് അ​ദ്ദേ​ഹം വി​ഭാ​വ​നം ചെ​യ്ത​ത്.

ഫ​ല​സ്തീ​ൻ രാ​ഷ്ട്രം സ്ഥാ​പി​ച്ചി​ട്ട് യ​ഹൂ​ദവി​രു​ദ്ധ നി​ല​പാ​ടു​മാ​യി, ഇ​ന്ന് ഇ​സ്രാ​യേ​ൽ ചെ​യ്യു​ന്ന​തുപോ​ലെ മ​റ്റൊ​രു രാ​ഷ്ടം ഉ​ണ്ടാ​കു​ന്ന​തി​ൽ വ​ലി​യ കാ​ര്യ​മൊ​ന്നു​മി​ല്ല. വി​വേ​ച​നം ഇ​ല്ലാ​ത്ത ഒ​രു രാ​ഷ്ട്രീ​യവ്യ​വ​സ്ഥ​യാ​ണ് അ​വ​ർ മു​ന്നി​ൽ കാ​ണു​ന്ന​ത്. ഒ​രു രാ​ഷ്ട്രം വേ​ണോ, ര​ണ്ടു രാ​ഷ്ട്രം വേ​ണോ എ​ന്നൊ​ക്കെ​യു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക് ഒ​രു പ​രി​ധി​ക്ക​പ്പു​റം വ​ലി​യ പ്ര​സ​ക്തി​യൊ​ന്നു​മി​ല്ല. കാ​ര​ണം, ഒ​രു ജ​ന​ത അ​വ​രു​ടെ സ​മ​ര​ങ്ങ​ളി​ലൂ​ടെ ആ​ർ​ജി​ക്കു​ന്ന അ​നു​ഭ​വംവെ​ച്ച് അ​വ​ർത​ന്നെ തീ​രു​മാ​നി​ക്കു​ന്ന​താ​ണ്, അ​വ​രു​ടെ രാ​ഷ്ട്രീ​യ ഭാ​വി. അ​ത് സ​മ​ര​ത്തി​ലൂ​ടെ ഉ​രു​ത്തി​രി​ഞ്ഞുവ​രു​ന്ന ഒ​രു പ്ര​ക്രി​യ​യാ​ണ്.

അ​തു​കൊ​ണ്ട് ഫ​ല​സ്തീ​ൻ​കാ​രു​ടെ ഹ്യൂ​മ​ൻ ഏ​ജ​ൻ​സി അം​ഗീ​ക​രി​ക്കു​ക​യാ​ണ് നാം ​ചെ​യ്യേ​ണ്ട​ത്. ഞാ​ൻ നേ​ര​ത്തേ സൂ​ചി​പ്പി​ച്ച​തു​പോ​ലെ അ​വ​രു​ടെ സ​മ​രരീ​തി, അ​തി​ന്റെ ഭാ​വി എ​ന്നി​വ​യൊ​ക്കെ നാം ​മു​ൻ​കൂ​ട്ടി തീ​രു​മാ​നി​ക്കു​ന്ന​തി​ൽ അ​ർ​ഥ​മി​ല്ല. അ​വ​ർത​ന്നെ, അ​വ​രു​ടെ സാ​ഹ​ച​ര്യ​ത്തി​ന​നു​സ​രി​ച്ച് ഉ​രു​ത്തി​രി​ച്ചെ​ടു​ക്കേ​ണ്ട രാ​ഷ്ട്രീ​യ പ​രി​ഹാ​ര​ങ്ങ​ളാ​ണ​വ.

(അവസാനിച്ചു)

കേരള സർവകലാശാലയിലെ ഇ​സ്‍ലാ​മി​ക് ആ​ൻ​ഡ് വെ​സ്റ്റ് ഏ​ഷ്യ​ൻ സ്റ്റ​ഡീ​സ് അധ്യാപകരാണ്​ ഡോ. ​രാ​ജീ​വ​ൻ കു​ന്ന​ത്തും ഡോ. ​ഷ​മീ​ർ മൊ​ടോ​ങ്ങ​ലും.

Tags:    
News Summary - weekly interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.