‘ഇടതു’പക്ഷത്തുനിന്ന് ഇരപക്ഷത്തേക്ക്

യാക്കോബായ സഭയുടെ നിരണം ഭദ്രാസന മെത്രാപ്പോലീത്ത പദവിയിൽനിന്ന് അടുത്തിടെ ഒഴിഞ്ഞ ഡോ. ഗീവർഗീസ് കൂറിലോസ് സംസാരിക്കുന്നു. ജീവിതവഴികൾ, സഭ, നിലപാടുകൾ, രാഷ്​ട്രീയം എന്നിവയെല്ലാം ഇൗ സംഭാഷണത്തിന്​ വിഷയങ്ങളാകുന്നു.യാക്കോബായ സഭയുടെ നിരണം ഭദ്രാസന മെത്രാപ്പോലീത്താ പദവിയിൽനിന്ന് ഡോ. ഗീവർഗീസ് കൂറിലോസ് അടുത്തിടെ ഒഴിഞ്ഞു. ഇപ്പോൾ തിരുവല്ല മല്ലപ്പള്ളിയിൽ ‘അൻപ്’ എന്ന പേരിൽ നടത്തുന്ന വയോജന കേന്ദ്രത്തി​ന്റെ പ്രവർത്തനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും, വായനയും യാത്രകളുമൊക്കെയായി സജീവമാകുകയുമാണ് അദ്ദേഹം. കോട്ടയം ജില്ലയിലെ വാകത്താനത്ത് നാലുന്നാക്കൽ എന്ന ഗ്രാമത്തിലാണ് ഗീവർഗീസ് കൂറിലോസി​ന്റെ ജനനം. സബ്...

യാക്കോബായ സഭയുടെ നിരണം ഭദ്രാസന മെത്രാപ്പോലീത്ത പദവിയിൽനിന്ന് അടുത്തിടെ ഒഴിഞ്ഞ ഡോ. ഗീവർഗീസ് കൂറിലോസ് സംസാരിക്കുന്നു. ജീവിതവഴികൾ, സഭ, നിലപാടുകൾ, രാഷ്​ട്രീയം എന്നിവയെല്ലാം ഇൗ സംഭാഷണത്തിന്​ വിഷയങ്ങളാകുന്നു.

യാക്കോബായ സഭയുടെ നിരണം ഭദ്രാസന മെത്രാപ്പോലീത്താ പദവിയിൽനിന്ന് ഡോ. ഗീവർഗീസ് കൂറിലോസ് അടുത്തിടെ ഒഴിഞ്ഞു. ഇപ്പോൾ തിരുവല്ല മല്ലപ്പള്ളിയിൽ ‘അൻപ്’ എന്ന പേരിൽ നടത്തുന്ന വയോജന കേന്ദ്രത്തി​ന്റെ പ്രവർത്തനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും, വായനയും യാത്രകളുമൊക്കെയായി സജീവമാകുകയുമാണ് അദ്ദേഹം.

കോട്ടയം ജില്ലയിലെ വാകത്താനത്ത് നാലുന്നാക്കൽ എന്ന ഗ്രാമത്തിലാണ് ഗീവർഗീസ് കൂറിലോസി​ന്റെ ജനനം. സബ് രജിസ്ട്രാർ ആയിരുന്ന പി.സി. മാത്യുവി​ന്റെയും മേരിക്കുട്ടിയുടെയും മകൻ. ബാല്യകാല പഠനം നാട്ടിൽതന്നെ. ബിരുദ പഠനം ചങ്ങനാശ്ശേരി എസ്.ബി കോളജിൽ. ബാംഗ്ലൂരിൽനിന്ന് ബിരുദാനന്തര ബിരുദമെടുത്തശേഷം ഇംഗ്ലണ്ടിൽ ഗവേഷണം പൂർത്തീകരിച്ച് പിഎച്ച്.ഡി നേടി. പരിസ്ഥിതി ദൈവശാസ്ത്രത്തി (Ecotheology)ലായിരുന്നു ഗവേഷണം. വിമോചന ദൈവശാസ്ത്രത്തെക്കുറിച്ച അഗാധ പഠനം നടത്തിയ ഗീവർഗീസ് കൂറിലോസ് പ്രവർത്തന മേഖലയിലുടനീളം ഈ ആശയങ്ങളുയർത്തിപ്പിടിച്ചാണ് നിലപാടുകൾ രൂപപ്പെടുത്തിയത്. മികച്ച വാഗ്മിയും എഴുത്തുകാരനുമായ അദ്ദേഹം വിവിധ മേഖലകളെക്കുറിച്ച് വ്യത്യസ്ത പുസ്തകങ്ങൾ രചിച്ചിട്ടുമുണ്ട്.

സഭയിലും സമൂഹത്തിലും ഗീവർഗീസ് കൂറിലോസ് ത​ന്റെ നിലപാടുകൾ മറകൂടാതെ തുറന്നുപറയുന്നു. അതിജീവന സമരങ്ങളിൽ നേരിട്ടെത്തി വ്യവസ്ഥയോട് കലഹിച്ചും അധികാരത്തോട് നീതിയുക്തമായ നിലപാടുകൾ പറഞ്ഞ് അടിസ്ഥാന സമൂഹത്തോട് കൂറു പ്രഖ്യാപിച്ച് നിലയുറപ്പിക്കുകയും ചെയ്യുന്ന മതനേതാവു കൂടിയാണ്​ അദ്ദേഹം. ഇടത് സഹയാത്രികനായാണ് അറിയപ്പെട്ടിരുന്നതെങ്കിലും മുഖംനോക്കാത്ത വിമർശനത്തി​ന്റെ ചൂട് അറിഞ്ഞവരാണ്​ ഇടതുപക്ഷത്തുമുള്ളത്​. വൈദിക രംഗത്തെ ഔദ്യോഗിക പരിവേഷങ്ങളെല്ലാം അഴിച്ചു വെച്ച് നിലപാടുകൾക്ക് മൂർച്ച കൂട്ടുകയാണ് അദ്ദേഹമിപ്പോൾ.

‘അൻപി’ൽ വെച്ച്​ അദ്ദേഹവുമായി നടത്തിയ സംഭാഷണത്തി​ന്റെ പ്രസക്തഭാഗങ്ങളാണ്​ ചുവടെ.

വൈദികരംഗം ആഗ്രഹിച്ച് തിരഞ്ഞെടുത്തതാണോ?

വൈദികനാകുക എന്നത് ബാല്യകാലത്തെ തീവ്രമായ ഒരു ആഗ്രഹമായിരുന്നു. മാതൃദേവാലയമായ നാലുന്നാക്കൽ സെന്റ് ആദായിസ് പള്ളിയുടെ ആത്മീയ സ്വാധീനം ഈ ആഗ്രഹത്തെ വളർത്തി. അതി​ന്റെ ഭാഗമായി സ്കൂളിൽ പഠിക്കുന്ന കാലം മുതലേ നാലുന്നാക്കൽ പള്ളിയിൽ അൾത്താര ശുശ്രൂഷകനായി. വൈദികനാകുക എന്ന ഏക ലക്ഷ്യമായിരുന്നു ദൈവശാസ്ത്രപഠനത്തിനുള്ള ഏക കാരണം. എന്നാൽ, ദൈവശാസ്ത്രപഠനം തുടങ്ങിയതോടെ ആഗ്രഹത്തിന് മാറ്റമുണ്ടായി തുടങ്ങി. പ്രത്യേക സാഹചര്യത്തിലാണ് ബംഗളൂരുവിലുള്ള എക്യുമെനിക്കൽ കലാലയമായ യുനൈറ്റഡ് തിയോളജിക്കൽ കോളജിൽ (UTC) ദൈവശാസ്ത്രപഠനം നടത്തിയത്.

ഏറെ പുരോഗമനപരമായ ദൈവശാസ്ത്ര ധാരക്ക് പേരുകേട്ട യു.ടി.സിയിലെ പഠനം ആത്മീയതയെയും ദൈവശാസ്ത്ര ചിന്തകളെയും മാറ്റിമറിച്ചു. അതോടെ, വൈദികനാകുക എന്ന ആഗ്രഹം കൂടുതൽ പഠനവും ചിന്തയും എന്ന ​േമഖലക്ക് വഴിമാറി. വൈദിക ശുശ്രൂഷയാണോ എ​ന്റെ നിയോഗം എന്ന ചോദ്യം എന്നെ നിരന്തരം അലട്ടിക്കൊണ്ടിരുന്നു. ഉറച്ചൊരു തീരുമാനമെടുക്കാൻ വളരെ സമയമെടുത്തു. പ്രാഥമിക ദൈവശാസ്ത്രപഠനം കഴിയുമ്പോൾ സാധാരണ വൈദിക പട്ടം സ്വീകരിക്കുകയാണ് സഭയിലെ പതിവ്. പതിവുകളെ തള്ളുക എന്ന ശൈലി അവിടെ തുടങ്ങി. വൈദികപട്ടം പെട്ടെന്ന് സ്വീകരിക്കാതെ അൽമായനായിതന്നെ സഭയുടെ വൈദിക സെമിനാരിയിൽ അധ്യാപകനായി.

അതും ഒരു പതിവ് തെറ്റിക്കലായിരുന്നു. കാരണം, വൈദികരല്ലാതെ സെമിനാരിയിൽ അൽമായർ പഠിപ്പിക്കുന്നത് പതിവല്ല. പിന്നീട് ഇംഗ്ലണ്ടിലെ കാന്റർ​െബറിയിൽ കെന്റ് സർവകലാശാലയിൽ പിഎച്ച്​.ഡി ചെയ്യാനായി പോയി. പരിസ്ഥിതി ദൈവശാസ്ത്രമായിരുന്നു ഗവേഷണ വിഷയം. പ്രകൃതിയെക്കുറിച്ചുള്ള മനുഷ്യ​ന്റെ കരുതലും മനുഷ്യരുടെ ഉത്തരവാദിത്തവും പ്രകൃതിയുടെ പ്രശ്നങ്ങളും പാവപ്പെട്ടവരുടെ പ്രശ്നങ്ങളും തമ്മിലുള്ള ബന്ധം തുടങ്ങിയവയായിരുന്നു പരിസ്ഥിതി ദൈവശാസ്ത്രത്തിൽ എ​ന്റെ ഗവേഷണം ഊന്നൽ നൽകിയത്.

ബംഗളൂരുവിൽ പഠിക്കുമ്പോൾതന്നെ വി​േമാചന ദൈവശാസ്ത്രം (Liberation theology) എന്നെ അടിമുടി സ്വാധീനിച്ചിരുന്നു. വി​മോചന ദൈവശാസ്ത്രത്തിന് ഒരു ഹരിതമുഖം നൽകുകയായിരുന്നു എ​ന്റെ ഗവേഷണ ലക്ഷ്യം. ഹരിത ദൈവശാസ്ത്രം അത്ര സജീവമായിരുന്ന കാലമല്ലായിരുന്നു 1990കൾ. പ്രത്യേകിച്ച് വിമോചന ദൈവശാസ്ത്രം പരിസ്ഥിതി പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ വിസമ്മതിക്കുന്ന കാലഘട്ടംകൂടിയായിരുന്നു അത്.

വിമോചന ദൈവശാസ്ത്രം സമൂഹത്തെ വായിക്കാൻ ഉപയോഗിച്ച മാർക്സിയൻ വർഗവിശകലനം പരിസ്ഥിതി പ്രശ്നങ്ങളെയും ജാതി, ലിംഗം, ഗോത്രം തുടങ്ങിയ മേഖലകളെക്കൂടി വിശകലനംചെയ്യാൻ അപര്യാപ്തമാണെന്ന ചിന്തയും എന്നെ സ്വാധീനിച്ചു. ഈ സ്വാധീനം എന്നിൽ ആദ്യം ഉണർത്തിയത് ഫാദർ സെബാസ്റ്റ്യൻ കാപ്പൻ ആയിരുന്നു. ആ സ്വാധീനം ഉൾക്കൊണ്ട് വി​മോചന ദൈവശാസ്ത്രത്തെ, കീഴാള സമൂഹങ്ങളുടെയും പ്രത്യേകിച്ച് അവരിലെ സ്ത്രീകളുടെ കാഴ്ചപ്പാടിൽ പുനർവായിക്കാനുള്ള ശ്രമമായിരുന്നു എ​ന്റെ പിഎച്ച്.ഡി പ്രബന്ധം ‘ഗ്രീൻ ലിബറേഷൻ’ എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ടത്.

പിഎച്ച്.ഡി പൂർത്തീകരിച്ചശേഷം ഇംഗ്ലണ്ടിൽനിന്ന് നാട്ടിൽ തിരിച്ചെത്തിയിട്ടും വൈദികപട്ടം എടുക്കുന്ന കാര്യത്തിൽ തീരുമാനത്തിലെത്താൻ സാധിച്ചില്ല. അങ്ങനെ ഇന്ത്യയിലെ സഭകളുടെ ഐക്യവേദിയായ നാഷനൽ കൗൺസിൽ ഒാഫ് ചർച്ചസിൽ (NCCI) സേവനം ചെയ്യാൻ നാഗ്പൂരിലേക്ക് പോയി. അവിടെ മൂന്നു വർഷം മിഷൻ ആൻഡ്​ ഇവാഞ്ജലിസം എക്സിക്യൂട്ടിവ് സെക്രട്ടറിയായി പ്രവർത്തിച്ചു. ഈ കാലയളവിലാണ് 2000ൽ വൈദികപ്പട്ടം സ്വീകരിക്കാൻ മനസ്സ് ഒരുങ്ങിയതും അത് നടപ്പിലായതും. കോട്ടയം ഭദ്രാസനത്തിലെ പള്ളം, സെന്റ് ഇഗ്നാത്തിയോസ്, കൊച്ചറ സെന്റ് പീറ്റേഴ്സ് തുടങ്ങിയ പള്ളികളിലായിരുന്നു ആദ്യ നിയമനം.

2004ൽ ഞാൻ പഠിച്ച ബംഗളൂരു യു.ടി.സിയിൽ രണ്ടു വർഷം അധ്യാപകനായി. 2006ൽ ബിഷപ് ആകാനുള്ള നിയോഗമെത്തി ആറു വർഷം മാത്രം വൈദിക ശുശ്രൂഷ പരിചയമുള്ള എനിക്ക് ബിഷപ് സ്ഥാനം ലഭിച്ചതും അപൂർവമായ ഒരു കാര്യമായിരുന്നു. അതോടെ, ജോർജ് മാത്യൂ നാലുന്നാക്കൽ എന്ന ഞാൻ ഗീവർഗീസ് കൂറിലോസ് ആയി മാറി. നിരണം ഭദ്രാസനം മെത്രാപ്പോലീത്തയായി 17 വർഷങ്ങൾ. ദീർഘമായ ഒരു അധ്യായത്തിനാണ് കഴിഞ്ഞമാസത്തെ വിരമിക്കലോടെ തിരശ്ശീല വീഴുന്നത്.

പൗരോഹിത്യ കാലത്തെ പ്രവർത്തനം എങ്ങനെയായിരുന്നു?

വെറും ആറു വർഷംമാത്രം വൈദിക ശുശ്രൂഷ പരിചയമുണ്ടായിരുന്ന എനിക്ക് ബിഷപ് എന്ന നിലയിലുള്ള ശുശ്രൂഷ തികച്ചും ഒരു പുതിയ ലോകംതന്നെയായിരുന്നു. ഭദ്രാസന മെത്രാപ്പോലീത്തയാകുമ്പോൾ ഭരണ നിർവഹണം (Administration) അതി​ന്റെ ഭാഗമാണ്. എനിക്കാകട്ടെ വലിയ താൽപര്യമില്ലാത്ത മേഖലയുമാണത്. എന്നാൽ, ചെറിയ ഭദ്രാസനമായിരുന്നതുകൊണ്ട് കുറേ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിച്ചു. പ്രത്യേകിച്ച് സാമ്പത്തിക അച്ചടക്കം, സുതാര്യത എന്നീ കാര്യങ്ങളിൽ വലിയ മാറ്റമുണ്ടായി.

സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ കാര്യങ്ങൾ ചെയ്യാനും സാധിച്ചു. എന്നാൽ, പെരുന്നാൾ ചടങ്ങുകൾ, വിവാഹ ശുശ്രൂഷകൾ തുടങ്ങിയ കാര്യങ്ങൾ കാലക്രമേണ യാന്ത്രികമായി അനുഭവപ്പെടുകയും ഒരുതരം വിരക്തി തോന്നുകയും ചെയ്തു. അതും വിരമിക്കാനുള്ള തീരുമാനത്തിന് ഒരു കാരണമാണ്. familiarity breeds contempt എന്നാണല്ലോ ചൊല്ല്. വിമോചന ദൈവശാസ്ത്രധാര എ​ന്റെ കൂടെ എപ്പോഴും സ്വാധീനമായി ഉണ്ടായിരുന്നു. കാലക്രമത്തിലെ രൂപഭാവ ഭേദങ്ങൾ കൈവന്നു എന്നുമാത്രം.

ഈ ചിന്തകൾ വെച്ചുള്ള വൈദിക പ്രവർത്തനങ്ങൾ മനസ്സിനെ അലോസരപ്പെടുത്തിയിരുന്നോ?

പൗരോഹിത്യത്തിനുള്ള ‘വിളി’ അതി​ന്റെ ആഴമായ അർഥത്തിൽ ഒരു വെല്ലു‘വിളി’ കൂടിയാണ്. പ്രത്യേകിച്ച്, പൊതുവെ യാഥാസ്ഥിതികമായ ഒരു സഭയിൽ പുരോഗമന കാഴ്ചപ്പാടും വീക്ഷണവുമുള്ള ഒരു പുരോഹിതന് ശുശ്രൂഷ വലിയ വെല്ലുവിളികൾ സമ്മാനിക്കും. ആ സംഘർഷങ്ങൾ എന്റെ ശുശ്രൂഷയിലും അനവധി ഉണ്ടായിട്ടുണ്ട്.

അതിന്റെ ഭാഗമായി വ്യവസ്ഥകളോട് ചിലപ്പോഴൊക്കെ സന്ധിചെയ്യേണ്ടി വന്നിട്ടുമുണ്ട്. എന്നാൽ, സാധിക്കുന്നിടത്തോളം ദൈവശാസ്ത്രപരമായ പുരോഗമന വീക്ഷണങ്ങളിലും ആത്മീയബോധ്യങ്ങളിലും ഉറച്ചുനിന്നുകൊണ്ടുതന്നെ പ്രവർത്തിക്കാൻ ശ്രമിച്ചിട്ടുമുണ്ട്. എന്നാൽ, ചിലപ്പോഴെങ്കിലും നിശ്ശബ്ദനായിരിക്കാനോ സന്ധിചെയ്യാനോ നിർബന്ധിക്കപ്പെടുമ്പോൾ നിരാശ തോന്നിയിട്ടുമുണ്ട്. അത്തരം നിരാശകളും വിരമിക്കൽ തീരുമാനത്തിന് പ്രേരകമായിട്ടുണ്ട്.

ആറു വർഷം വൈദികവൃത്തി, പതിനേഴ് വർഷം ബിഷപ്, നീണ്ട ഇരുപത്തിമൂന്ന് വർഷം പൗരോഹിത്യക്കുപ്പായത്തിലായിരുന്നു. ഇപ്പോൾ സംതൃപ്തിയോ ആശങ്കയോ?

സംതൃപ്തി ലഭിച്ച സന്ദർഭങ്ങളും ആശങ്കകൾ സമ്മാനിച്ച നിമിഷങ്ങളും ധാരാളമുണ്ടായിട്ടുണ്ട്. ഞാൻ ജോർജ് മാത്യു നാലുന്നാക്കൽ ആയിരുന്ന കാലത്ത് പറഞ്ഞിരുന്നതും എഴുതിയതുമായ കാര്യങ്ങൾതന്നെയാണ് പിന്നീട് ബിഷപ് ആയപ്പോഴും അടിസ്ഥാനപരമായി പറഞ്ഞതും എഴുതിയതും. എന്നാൽ ബിഷപ് എന്നനിലയിൽ അത് എഴുതുമ്പോഴും പറയുമ്പോഴും അതിന് കൂടുതൽ ശ്രദ്ധ ലഭിച്ചിട്ടുണ്ട്. അങ്ങനെ ഒരു പ്ലസ് പോയന്റ് എനിക്ക് ലഭിച്ചിട്ടുണ്ട്. മറുവശത്ത് വ്യക്തിപരമായും അല്ലാതെയും ധാരാളം വിമർശനങ്ങളും ഏറ്റെടുക്കേണ്ടിവരും. മാധ്യമശ്രദ്ധ കിട്ടാൻ പറയുന്നു, സ്വന്തം സമുദായത്തെ തള്ളിപ്പറയുന്നു, പൊതുവിൽ ക്രൈസ്തവ സഭകളുടെ നിലപാടുകൾക്ക് എതിരു നിൽക്കുന്നു എന്നൊക്കെയുള്ള വിമർശനങ്ങൾ പലപ്പോഴും നേരിട്ടിട്ടുണ്ട്. അന്നും ഇന്നും അതൊന്നും എന്നെ തളർത്തിയിട്ടില്ല.

എഴുതിയതും പറഞ്ഞതും എല്ലാം എന്റെ തികഞ്ഞ ബോധ്യങ്ങൾതന്നെയായിരുന്നു. തികഞ്ഞ ധൈര്യത്തോടും ആത്മവിശ്വാസത്തോടുംകൂടി അത്തരം വിമർശനങ്ങളെ നേരിടാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. വ്യക്തിപരമായി വളരെ നീചമായ ‘ടാർഗറ്റിങ്ങിന്’ ഞാൻ വിധേയനായിട്ടുണ്ട്. ഇന്നും അതൊക്കെ തുടരുന്നുമുണ്ട്. പക്ഷേ, അതൊന്നും എന്നെ സ്പർശിക്കാറില്ല. ശ്രീബുദ്ധൻ പറഞ്ഞിട്ടുള്ളതുപോലെ അത്തരം നീചമായ വിമർശന ശരങ്ങൾ നമ്മൾ സ്വീകരിക്കാതെ വിട്ടാൽ അത് തൊടുക്കുന്നവരിലേക്കുതന്നെ തിരിച്ചു പൊയ്ക്കൊള്ളും. അതുകൊണ്ട് വിമർശനങ്ങളിൽനിന്ന് ഞാൻ ഒരിക്കലും ഒളിച്ചോടീട്ടുമില്ല. എഴുതിയതും പറഞ്ഞതുമായ ഒരു കാര്യംപോലും തിരുത്തേണ്ടിയും വന്നിട്ടില്ല. അൽപം പ്രയാസമൊക്കെ ഉണ്ടായത് മാതാപിതാക്കൾ ജീവിച്ചിരുന്ന കാലത്ത് ചില ടാർഗറ്റിങ് ആണ്.

ഞാൻ വിമർശിക്കപ്പെടുമ്പോൾ അപ്പനും അമ്മക്കും വേദനിക്കുമോ എന്ന പ്രയാസം എനിക്കും ഉണ്ടായിരുന്നു. അതുകൊണ്ടുകൂടിയാണ് വിരമിക്കൽ അൽപം വൈകിപ്പോയത്. അല്ലെങ്കിൽ പത്തു വർഷം എന്നുള്ളതായിരുന്നു എന്റെ മനസ്സിൽ. മാതാപിതാക്കളുടെ സാന്നിധ്യം അതൽപം നീട്ടി. കഴിഞ്ഞവർഷം അമ്മകൂടി വിടപറഞ്ഞപ്പോൾ വിരമിക്കാനുള്ള തീരുമാനം പെട്ടെന്നെടുക്കുകയായിരുന്നു.

ഇങ്ങനെ വിമർശനങ്ങൾക്ക് ഇടവരുത്തിയ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്ന ഓർമകൾ പങ്കുവെക്കാമോ?

കുറെ വർഷങ്ങൾക്കുമുമ്പ് തിരുവനന്തപുരത്ത് സി.പി.എം സംഘടിപ്പിച്ച ഒരു ചരിത്രപ്രദർശനത്തിൽ പങ്കെടുത്ത്​ ഞാൻ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. അവരുടെ ഒരു ചിത്രപ്രദർശനത്തിൽ നിരവധി രക്തസാക്ഷികളുടെ ചിത്രങ്ങളോടൊപ്പം യേശുക്രിസ്തുവിന്റെയും മദർ തെരേസയുടെയും ചിത്രങ്ങളും ഉണ്ടായിരുന്നു. പല സഭാപിതാക്കന്മാരും അതിനെ വിമർശിച്ച് രംഗത്തെത്തിയ അവസരത്തിലായിരുന്നു ആ ചിത്രപ്രദർശനം കാണാൻ ഞാനും എത്തിയത്. യേശുക്രിസ്തുവിന്റെയും ചെഗുവേരയുടെയും ചിത്രങ്ങൾ ഒരുമിച്ച് പ്രദർശിപ്പിക്കുന്നതിൽ വൈരുധ്യമില്ലേ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കമ്യൂണിസ്റ്റുകാർ യേശുക്രിസ്തുവിനെ ഒരു രക്തസാക്ഷിയായി കാണാൻ മനസ്സു കാണിക്കുന്നതിനെ സ്വാഗതംചെയ്യണമെന്നാണ് ഞാൻ പറഞ്ഞത്.

വ്യക്തിപരമായി എനിക്ക് യേശുക്രിസ്തു രക്ഷകനാണെന്നും എന്നാൽ, കമ്യൂണിസ്റ്റുകാർ യേശുവിനെ ഒരു രക്തസാക്ഷിയായി കാണുന്നുവെങ്കിൽ അത്രത്തോളം ഞാൻ അതിനെ സ്വാഗതംചെയ്യുന്നുവെന്നുമാണ് എന്റെ നിലപാട്. എന്റെ സ്വീകരണമുറിയിലെ അലമാരയിൽ എനിക്ക് ലഭിച്ച സമ്മാനങ്ങളിൽ യേശുക്രിസ്തുവിന്റെയും ചെഗുവേരയുടെയും അംബേദ്കറുടെയും ഒക്കെ ചിത്രങ്ങളുണ്ട് എന്ന് ഞാൻ പറഞ്ഞു. എന്നാൽ, ഒരു മാധ്യമം അതിനെ വളച്ചൊടിച്ച് ‘‘എന്റെ പ്രാർഥനാമുറിയിൽ ഞാൻ യേശുക്രിസ്തുവിന്റെ ചിത്രത്തോടൊപ്പം ചെഗുവേരയുടെയും ചിത്രം വെച്ചിട്ടുണ്ട്’’ എന്ന് റിപ്പോർട്ട് ചെയ്തു. അത് ഉദ്ധരിച്ച് ഞാൻ യേശുക്രിസ്തുവിനെയും ചെഗുവേരയെയും സമീകരിച്ചു എന്ന രീതിയിൽ സഭക്ക് അകത്തും പുറത്തുമുള്ളവർ അതിനെ ഒരു വലിയ വിവാദമാക്കി.

പരിശുദ്ധ പാത്രിയാർക്കീസ് ബാവക്ക് പരാതി കൊടുക്കുകയും അന്വേഷണ കമീഷനെ വെക്കുകയും ചെയ്തു. അതൊക്കെ വാർത്താമാധ്യമങ്ങളിൽ വന്നപ്പോൾ എന്റെ മാതാപിതാക്കൾക്കും ഒത്തിരി വിഷമമുണ്ടായിക്കാണും എന്നോർത്ത് എനിക്ക് വിഷമമുണ്ടായി. പ്രത്യേകിച്ച് 98ാമത്തെ വയസ്സിൽ മരിക്കുന്നതുവരെയും കണ്ണാടിവെക്കാതെ എല്ലാ ദിവസവും പത്രം വായിക്കുന്ന എന്റെ അമ്മ ഇതൊക്കെ വായിച്ചും അറിഞ്ഞും ഒത്തിരി വിഷമിച്ചിട്ടുണ്ടാകുമെന്ന് ഓർത്ത് എനിക്ക് പ്രയാസമുണ്ടായിട്ടുണ്ട്. എന്നാൽ, അന്വേഷണ കമീഷന് സത്യം മനസ്സിലാവുകയും എന്റെ ഭാഗത്ത് തെറ്റൊന്നും ഉണ്ടായിട്ടില്ല എന്ന് ബോധ്യപ്പെടുകയുംചെയ്തു. അക്കാലത്താണ് ചെഗുവേര എന്ന ഒരു വിളിപ്പേര് എനിക്ക് ചിലർ ചാർത്തിത്തന്നത്.അതൊക്കെ ഞാൻ അഭിമാനത്തോടെയാണ് സ്വീകരിച്ചിട്ടുള്ളതും. ഇങ്ങനെ നിരവധി ഓർമകളുണ്ട്.

ചെങ്ങറ ഭൂസമരം ഉൾപ്പെടെ നിരവധി ജനകീയ സമരങ്ങളിലെ പങ്കാളിത്തം, സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളിലുള്ള എന്റെ നിലപാടുകൾ തുടങ്ങി നിരവധി പ്രശ്നങ്ങൾ... ഒരനുഭവംകൂടി പറയാം. ഇന്റർ ചർച്ച് കൗൺസിലിന്റെ ഒരു യോഗം ചങ്ങനാശ്ശേരിയിൽ നടന്നപ്പോൾ അതിൽ യാക്കോബായ സഭയുടെ പ്രതിനിധിയായി ഞാൻ പങ്കെടുക്കാൻ സഭാ നേതൃത്വം എന്നോട് ആവശ്യപ്പെടുകയുണ്ടായി. അതിൽ പങ്കെടുത്ത മിക്കവാറും എല്ലാ പിതാക്കന്മാരും അന്നത്തെ സർക്കാറിന്റെ സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ ഇടപെടലുകളെ നിശിതമായി വിമർശിച്ചു.

എന്നാൽ, ഞാൻ അതിനോട് ശക്തമായി വിയോജിക്കുകയും സഭകളുടെ സ്ഥാപനങ്ങളിൽ നടക്കുന്ന അഴിമതിയും കോഴയും ഒക്കെ തിരുത്തപ്പെടണമെന്നും നിലപാട് പറഞ്ഞു. അതിൽ പ്രതിഷേധിച്ച് എന്നെ ഈ യോഗത്തിലേക്ക് മേലാൽ അയക്കരുത് എന്ന് കൗൺസിലിന്റെ അധ്യക്ഷൻ എന്റെ സഭാനേതൃത്വത്തോട് പറയുകയും ചെയ്തു. ഞാൻ അതിനെ ഒരു അംഗീകാരമായിട്ടാണ് കണ്ടത്. ഇങ്ങനെ നിരവധി അനുഭവങ്ങൾ.

ചെങ്ങറ സമരത്തി​ന്റെ ആറാം വാർഷിക യോഗത്തിൽ ഡോ. ​ഗീ​വ​ർ​ഗീ​സ് കൂ​റി​ലോ​സ് സംസാരിക്കുന്നു 

പൗരോഹിത്യത്തി​ന്റെ അടിസ്ഥാനമായി നിൽക്കുന്ന ഒന്നാണ് സംബോധനകൾ. ഇതിൽ താൽപര്യമില്ലായ്മ തുറന്ന് പ്രകടിപ്പിച്ചിട്ടുണ്ട്. എന്നെ തിരുമേനി എന്നുപോലും വിളിക്കരുതെന്നാണ് പറഞ്ഞിട്ടുള്ളത്. അത് സവർണ ബാധയുടെ പ്രകടനമാണെന്നും പറഞ്ഞിട്ടുണ്ടല്ലോ..?

ഈ അടുത്തകാലത്ത് മാർത്തോമ സഭയിലെ മൂന്ന് പുതിയ ബിഷപ്പുമാരെ അനുമോദിക്കാൻ ചേർന്ന ഒരു യോഗത്തിൽ മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ പറഞ്ഞകാര്യങ്ങൾ വൈറലായി. അദ്ദേഹം പറഞ്ഞ അതേ കാര്യങ്ങൾ ഞാൻ വളരെ നാളുകൾക്കു മുമ്പ് പറഞ്ഞിട്ടുള്ളതാണ്. ‘തിരുമേനി’ പോലെയുള്ള സംബോധനകൾ ഇന്ത്യയിലെ ജാതിവ്യവസ്ഥയുടെയും ഫ്യൂഡലിസത്തിന്റെയും ‘തിരു’ശേഷിപ്പുകളാണ്. ഞാനും ഈ കാര്യങ്ങളിൽ സെൻസിറ്റിവ് ആയത് അംബേദ്കറിനെ വായിക്കാൻ ആരംഭിച്ചത് മുതലാണ്. നാഗ്പൂരിലെ എന്റെ ജീവിതം ഈ വഴിക്ക് ഒരു വലിയ തുറവിയായിരുന്നു.

‘ജാതി ഉന്മൂലനം’ എന്ന അദ്ദേഹത്തിന്റെ ക്ലാസിക് കൃതിയിൽ ഡോ. അംബേദ്കർ പറയുന്നു: നിങ്ങൾ ഇന്ത്യയിൽ മുന്നോട്ടോ പിറകോട്ടോ വലത്തോട്ടോ ഇടത്തോട്ടോ തിരിയുക, അവിടെയെല്ലാം നിങ്ങൾക്ക് ജാതി എന്ന ദുർബോധത്തെ അഭിമുഖീകരിക്കേണ്ടി വരും. ജാതീയത ഇന്ത്യയിൽ സർവതലസ്പർശിയാണ്. ഹിന്ദുമതത്തിലാണ് അതിന്റെ വേരുകളെങ്കിലും ഇന്നൊട്ടു മിക്കവാറും എല്ലാ മതങ്ങളെയും പ്രസ്ഥാനങ്ങളെയും ജാതീയത അടിമുടി സ്വാധീനിച്ചിട്ടുണ്ട്. യേശുക്രിസ്തുവിൽ എല്ലാവരും തുല്യരത്രെ എന്ന് പഠിപ്പിക്കുന്ന ക്രിസ്തീയ സഭകളും ജാതീയതയെ സ്വാംശീകരിച്ചിരിക്കുന്നു. പ്രത്യേകിച്ച് കേരളത്തിലെ ‘സുറിയാനി’ സഭകൾ എന്നറിയപ്പെടുന്ന വിഭാഗങ്ങൾ. സുറിയാനി എന്ന് പറയുന്നത് ഒരു ഭാഷയാണ്. ഒരു സംസ്കാരമാണ്.

ഒരു ദൈവശാസ്ത്ര ആരാധന ധാരയാണ്. എന്നാൽ അതിനെ ക്രൈസ്തവ സഭകൾ ഒരു ജാതിയാക്കി മാറ്റിയെടുത്തു. എന്റെ എസ്.എസ്.എൽ.സി ബുക്കിൽ ‘ജാതി’ എന്ന കോളത്തിൽ ‘സിറിയൻ’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സിറിയൻ എന്നത് എങ്ങനെയാണ് ഒരു ജാതി ആകുന്നത്? സിറിയയിൽ കൊണ്ടുവന്നത് ജാതി അല്ല മറിച്ച് ഒരു ആരാധനാ/ ദൈവശാസ്ത്ര പാരമ്പര്യമാണ്. എന്നാൽ, അതിനെ മനപ്പൂർവം ബ്രാഹ്മണ്യത്തോട് ചേർത്തുവെച്ച് ഒരു ജാതി ലേബൽ ആക്കി ബ്രാഹ്മണിസത്തിന്റെ ഒരു ക്രിസ്ത്യൻ മുഖമാക്കി മാറ്റിയെടുത്തു. അങ്ങനെ സിറിയൻ സഭകൾ ഇന്ത്യയിൽ സവർണ സഭകളായി മാറി. ഇതിന്റെ ഭാഗമായിട്ടാണ് ‘തിരുമേനി’, ‘അരമന’ തുടങ്ങിയ പദാവലികൾ ക്രൈസ്തവ സഭകളിലും പ്രചാരത്തിലായത്. സുറിയാനിക്കാരുടെ കുടുംബയോഗങ്ങളിൽ ഈ ബ്രാഹ്മണ്യം ഉറപ്പിക്കാനുള്ള പകലോമറ്റം വേരുകളുടെ മിത്തുകൾ ധാരാളമുണ്ട്.

മേൽജാതി സ്വത്വമുറപ്പിക്കാനും ജാതിമേൽക്കോയ്മ പ്രയോഗത്തിൽ വരുത്താനും ശ്രമിക്കുന്ന ഇത്തരം ഘടനകളോടുള്ള എന്റെ പ്രതിഷേധംകൂടിയാണ് ഇത്തരം കുടുംബയോഗങ്ങളിൽ ഇനി പങ്കെടുക്കുകയില്ല എന്നുള്ള തീരുമാനവും ‘തിരുമേനി’ എന്ന് എന്നെ സംബോധന ചെയ്യരുതെന്ന അഭിപ്രായവുമൊക്കെ. അപ്പോൾ പിന്നെ എന്താണ് വിളിക്കേണ്ടത് എന്ന് പലരും ചോദിക്കാറുണ്ട്. സുറിയാനി പാരമ്പര്യത്തിൽ ബിഷപ്പുമാരെ മെത്രാൻ എന്നാണ് വിളിക്കുക. അത് മലയാളീകരിച്ച് മെത്രാച്ചൻ എന്ന് വിളിക്കാറുണ്ട്. അല്ലെങ്കിൽ പിതാവ് എന്ന് വിളിക്കാം.

വിദേശത്തൊക്കെ ബിഷപ്പുമാരെ അവരവരുടെ സ്വന്തം പേരാണ് വിളിക്കുക. കേരളത്തിന് പുറത്തും ഇന്ത്യക്കു പുറത്തും എന്റെ സുഹൃത്തുക്കൾ എന്നെ വിളിക്കുക ജോർജ് എന്നാണ്. എനിക്ക് ഏറ്റവും സന്തോഷം തരുന്നതും അത്തരം വിളികളാണ്. അവിടെ സാഹോദര്യവും സുഹൃദ് ബന്ധവും അടങ്ങിയിരിക്കുന്നു. തിരുമേനി വിളിയിൽ അധികാരവും ശ്രേണീബദ്ധതയും ജാതി മേൽക്കോയ്മയുമാണ് നിലനിൽക്കുന്നത്. ചേട്ടാ, ബ്രോ എന്നു വിളിക്കട്ടെ എന്ന് ചോദിക്കുന്നവരുമുണ്ട്. അങ്ങനെ വിളിച്ചാൽ തെറ്റില്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.

സവർണബോധം പൗരോഹിത്യത്തെ ബാധിച്ചിട്ടുണ്ട്. അത് എതിർക്കപ്പെടേണ്ടതാണ് എന്നല്ലേ..?

പൗരോഹിത്യത്തെ അടിമുടി ജാതിമേൽക്കോയ്മയും സവർണബോധവും ഗ്രസിച്ചിരിക്കുകയാണ്. ഒരു വ്യക്തി ‘തിരുമേനി’ ആയാൽ പിന്നെ അദ്ദേഹം പറയുകയല്ല, ‘കൽപിക്കുകയാണ്’ ചെയ്യുന്നത്. അദ്ദേഹം വരുകയല്ല, ‘എഴുന്നള്ളുകയാണ്’. ഇത്തരം പ്രയോഗങ്ങൾ കേൾക്കുമ്പോൾ എനിക്ക് ജാള്യതയാണ് തോന്നുക. അടുത്ത ഇടക്ക് ഒരു പള്ളിയിൽ ചെന്നപ്പോൾ സ്വീകരിക്കാൻ വലിയ മുത്തുക്കുടയുമായി വന്നപ്പോൾ ഇപ്പോൾ മഴയൊന്നും ഇല്ലല്ലോ എന്ന തമാശ പറഞ്ഞു ഞാൻ അദ്ദേഹത്തെ തിരിച്ചയച്ചു. നിർഭാഗ്യവശാൽ ഇത്തരം സവർണ/ മേൽജാതി ബോധ്യങ്ങളിൽ അഭിരമിക്കുന്നവരാണ് കൂടുതൽ സ്ഥാനികളും. ഇത് മതങ്ങളിൽ മാത്രമല്ല പുരോഗമന രാഷ്ട്രീയപ്രസ്ഥാനങ്ങളിൽപോലും പ്രകടമാണ്.

നവോത്ഥാന/ പുരോഗമന കേരളത്തിൽ ഇപ്പോഴും നമ്മളൊക്കെ ആഘോഷിക്കുന്ന വലിയ നേതാക്കളും എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും ഒക്കെ തങ്ങളുടെ പേരിൽ വെച്ചിരിക്കുന്ന ജാതിവാൽ ഉപേക്ഷിക്കാൻപോലും തയാറാകാത്തവരാണ്. പേരിൽ എന്തിരിക്കുന്നു എന്ന ഷേക്സ്പിയർ ചോദ്യത്തിന് ഇന്ത്യയിൽ മറുപടി ജാതി എന്നാണ്. നമ്പൂതിരിയെ മനുഷ്യനാക്കിയ നവോത്ഥാന കേരളത്തിൽ ഇന്ന് മനുഷ്യൻ നമ്പൂതിരി ആകാനുള്ള തിരക്കിലാണ്.

സാംസ്കാരിക കേരളം മുന്നോട്ട് അല്ല പിന്നോട്ടാണ് ഇന്ന് നടക്കുന്നത്. കവി സി.എസ്. രാജേഷ് ത​ന്റെ ‘കടിയൻ പട്ടി’ എന്ന കവിതയിൽ പറയുന്നതുപോലെ അവർ ജാതിവാൽ ‘പുന്നാര പൈതൃക സ്വത്ത്’ ആയി സൂക്ഷിക്കുകയാണ്. അത്രയ്ക്കാണ് അതിന്റെ സാംസ്കാരിക മൂലധനം.

ചെങ്ങറ സമരം ^ഒര​ു ദൃശ്യം

സഭകൾതന്നെ ജാതിയായി മാറുകയായിരുന്നു എന്നാണോ?

അതെ. വിവിധതരത്തിലുള്ള ജാതിസഭകളാണ് ഇവിടെയുള്ളത്. അവയിൽ ‘സുറിയാനി’ വിഭാഗത്തിലുള്ള സഭകളാണ് ബ്രാഹ്മണ്യത്തിന്റെ ചട്ടക്കൂട് സൂക്ഷിക്കുന്നത്. യാക്കോബായ, ഓർത്തഡോക്സ്, കത്തോലിക്ക, മാർത്തോമാ, സി.എസ്.ഐ തുടങ്ങിയ സഭകളിലെ പ്രബലവിഭാഗം സുറിയാനി വിഭാഗത്തിലുള്ള ‘മേൽജാതി’ക്കാരാണ്. ദലിതർ ഗണ്യമായുള്ള സഭകളിൽപോലും അവർക്ക് അധികാരസ്ഥാനങ്ങൾ എത്താൻ എന്നും വളരെ പ്രയാസമാണ്. സി.എസ്.ഐ പോലെയുള്ള സഭകളിൽ അത് ഒരു ആശയസമരമായും രൂപപ്പെട്ടിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ ബഹുഭൂരിപക്ഷമുള്ള കേരളത്തിലെ ലത്തീൻ കത്തോലിക്ക സഭ ഇന്നും പല കാര്യങ്ങളിലും വിവേചനം അനുഭവിക്കുന്നു.

വിഴിഞ്ഞം വിഷയത്തിൽ വാസ്തവത്തിൽ ലത്തീൻ കത്തോലിക്ക സമുദായം എടുത്ത നിലപാടായിരുന്നു ശരി. സാമൂഹികനീതിക്കും പാരിസ്ഥിതിക നീതിക്കും വേണ്ടിയുള്ള നിലപാടായിരുന്നു അവരുടേത്. എന്നാൽ വികസനത്തിന്റെയും മൂലധനത്തിന്റെയും ലാഭക്കൊതിയുടെയും മത്തുപിടിച്ച അധികാര വർഗവും മതങ്ങളും സഭകളും ‘വികസനത്തിന്റെ’ യഥാർഥ ഇരകളായ മത്സ്യത്തൊഴിലാളികളെ വിട്ടുകൊടുക്കുകയും തള്ളിപ്പറയുകയും ചെയ്തു. യേശുക്രിസ്തുവിന്റെ ശിഷ്യന്മാർ ബഹുഭൂരിപക്ഷവും മത്സ്യത്തൊഴിലാളികൾ ആയിരുന്നു. ആ ശിഷ്യന്മാരുടെ നേരവകാശികളായ മത്സ്യത്തൊഴിലാളികളുടെ സഭയെ സത്യം പറഞ്ഞതിനും നീതിയുടെ പക്ഷം പിടിച്ചതിനും വികസനവിരുദ്ധരും തീവ്രവാദികളുമൊക്കെ ആക്കി.

പ്രളയകാലത്ത് കേരളത്തിന്റെ രക്ഷാസേനയായിരുന്നവർ എത്ര പെട്ടെന്നാണ് അധികാരികൾക്ക് സാമൂഹിക വിരുദ്ധരായത്! അവർ സവർണ ജാതിക്കാരായിരുന്നുവെങ്കിൽ അവരോട് അധികാരികൾ ഇങ്ങനെ ഒരു നിലപാട് എടുക്കുമായിരുന്നു? മറ്റു സഭകൾ ഇങ്ങനെ ഒരു നിലപാട് എടുക്കുമായിരുന്നോ? ഇവിടെയാണ് സഭകളും ജാതിസമൂഹങ്ങളായി തുച്ഛീകരിക്കപ്പെടുന്നത്. ഇതാണ് സഭകളിലെ ദുരവസ്ഥ.

കേരളം മതവർഗീയതയും വിദ്വേഷങ്ങളും പേറുന്ന നാടാണ് എന്ന് പലപ്പോഴും താങ്കൾ പറഞ്ഞിട്ടുണ്ട്. അനുഭവങ്ങളാണോ ഈ പറച്ചിലുകൾക്ക് കാരണം..?

ഒരു പുരോഹിതനായി മതത്തി​ന്റെ അധികാര ഘടനയ്ക്കകത്ത് നീണ്ടവർഷം പ്രവർത്തിച്ച ഒരു വ്യക്തി എന്ന നിലയിൽ എനിക്കുള്ള അനുഭവത്തി​ന്റെ വെളിച്ചത്തിലാണ് ഞാനത് പറയുന്നത്. മതം ഒരു അനിവാര്യതയല്ല. എന്നാൽ, മനുഷ്യത്വമില്ലാതെ ജീവിതം അസാധ്യമാണ്. മതം മനുഷ്യ​ന്റെ സൃഷ്ടിയാണെന്ന് വയലാർ എത്രയോ മുമ്പേ പാടിയിരിക്കുന്നു. മതം അനിവാര്യമല്ല എന്ന് പറയുമ്പോഴും മതത്തിന് രണ്ടു വശങ്ങളുണ്ട്. മതങ്ങൾ ചൂഷണത്തിന്റെയും വിമോചനത്തിന്റെയും ഉപാധിയായി ചരിത്രത്തിൽ വർത്തിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും കൂടുതൽ മനുഷ്യർ കൊല്ലപ്പെട്ടത് മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിലാണ്.

യുദ്ധങ്ങളും വർണവിവേചനങ്ങളും അധിനിവേശങ്ങളും എല്ലാം മതത്തിന്റെ പേരിൽ നടന്നിട്ടുണ്ട്. ഇപ്പോഴും നടക്കുന്നുമുണ്ട്. മതം ‘മനുഷ്യനെ മയക്കുന്ന കറുപ്പാണ്’ എന്ന് പറഞ്ഞ മാർക്സ് തന്നെ അത് ‘ആശയില്ലാത്തവരുടെ ലോകത്തിലെ ആശയാണെ’ന്നും നിരീക്ഷിച്ചിട്ടുണ്ട്. എന്നാൽ, ദൗർഭാഗ്യവശാൽ ഇന്ന് മനുഷ്യനെ കൂടുതൽ അപമാനവീകരിക്കുന്ന ഘടനകളായി മതങ്ങൾ രൂപാന്തരപ്പെട്ടിരിക്കുന്നു. എല്ലാ മതങ്ങളിലും ഒരു ന്യൂനപക്ഷമെങ്കിലും മതമൗലികവാദവും തീവ്രവാദവും പ്രചരിപ്പിക്കുന്നു. വ്യത്യസ്ത മതങ്ങളിൽ അതിന്റെ ഏറ്റക്കുറച്ചിലുകൾ ഉണ്ടെന്ന് മാത്രം. ഇന്ന് ഭാരതത്തിൽ സനാതന ധർമം ഒരു ചർച്ച ആവശ്യമാണല്ലോ. ഇവിടെയും അംബേദ്കർ ചിന്തകൾ വളരെ പ്രസക്തമാണ്.

ധർമം എന്നതിന് പകരം ‘ധാമ’ എന്ന ആശയമാണ് അംബേദ്കർ മുന്നോട്ടുവെക്കുന്നത്. അതാകട്ടെ ആചാരപ്പെരുമകളുടെ ആഘോഷമല്ല പ്രത്യുതനീതി, സമത്വം, സ്നേഹം തുടങ്ങിയ ധാർമികമൂല്യങ്ങളുടെ സാകല്യ അവസ്ഥയാണ്. സനാതന ധർമം ജാതിയുടെ അടിത്തറയിലുള്ള സവർണ മതസംഹിതയാണെങ്കിൽ ‘ധാമ’ സമത്വവും സമഭാവനയുമാണ് ഉദ്ഘോഷിക്കുന്നത്. ഇന്ന് മിക്കവാറും എല്ലാ മതങ്ങളുടെയും പൗരോഹിത്യ നേതൃത്വം മുതലാളിത്തത്തിനും പുരുഷാധിപത്യത്തിനും ജാതീയതക്കും സാധൂകരണം ഒരുക്കുന്ന സംവിധാനങ്ങളായി മാറിയിരിക്കുന്നു. ഇതിനു മാറ്റം ഉണ്ടാകുവാൻ എല്ലാ മതങ്ങളിലുംപെട്ട പ്രവാചക ശബ്ദങ്ങൾ ഒന്നിച്ചുചേരണം.

ജാതി ഉന്മൂലനത്തി​ന്റെ ആദ്യ പതിപ്പ്​

ഒട്ടേറെ വിഷയങ്ങളിൽ സത്യത്തെ ഉയർത്തിപ്പിടിച്ച് അഭിപ്രായം പറഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് ലവ് ജിഹാദ്, നാർക്കോട്ടിക് ജിഹാദ് പോലുള്ള കാര്യങ്ങളിൽ, ഭൂ സമരങ്ങളിലടക്കം നേരിട്ടെത്തി അധികാരങ്ങൾക്കും സഭക്കും ഒക്കെ എതിരെയാണ് പറയുന്നത്. ഇങ്ങനെ പറയാനുള്ള ധൈര്യം എവിടെനിന്നാണ്..?

എന്റെ നിലപാടുകൾ സത്യസന്ധമായും ആർജവത്തോടെയും അവതരിപ്പിക്കാനും പ്രകടിപ്പിക്കാനും എനിക്ക് ലഭിക്കുന്ന ധൈര്യം യേശുക്രിസ്തുവിൽനിന്ന് മാത്രമാണ്. യേശുക്രിസ്തുവാണ് എ​ന്റെ രക്ഷകനും മാതൃകയും അളവുകോലും. ഈ കാര്യത്തിൽ മറ്റൊരു ഊർജസ്രോതസ്സും എനിക്ക് ആവശ്യമില്ല. അഭിമുഖീകരിക്കുന്ന വിഷയത്തിൽ യേശുക്രിസ്തു എങ്ങനെ പ്രതികരിക്കുമായിരുന്നു എന്നാണ് എന്റെ ആദ്യ ചിന്ത. ആ ബോധ്യത്തിൽനിന്ന് പ്രതികരിക്കാനായിട്ടാണ് ഞാനും ശ്രമിച്ചിട്ടുള്ളത്. മനുഷ്യനു തെറ്റുപറ്റാം. എന്നാൽ, എനിക്ക് ശരി എന്ന് തോന്നുന്ന ബോധ്യങ്ങളെ വെള്ളം ചേർക്കാതെ ആവിഷ്കരിക്കാൻ എന്നാലാവുംവിധം ശ്രമിച്ചിട്ടുണ്ട്. ഇനിയും അങ്ങനെതന്നെയായിരിക്കും.

മതങ്ങൾ തമ്മിൽ തെറ്റിദ്ധരിക്കുന്ന പ്രയോഗങ്ങൾ മത അധ്യക്ഷന്മാരുടെ നാവിൽനിന്ന് വരാറുണ്ട്. ഇതെങ്ങനെ സംഭവിക്കുന്നു..?

മത മേലധ്യക്ഷന്മാർ ഉപയോഗിക്കേണ്ട ഭാഷ സ്നേഹത്തിന്റേതാണെന്നാണ് ഞാൻ എപ്പോഴും പറയുന്ന കാര്യം. സ്നേഹത്തി​ന്റെ ഭാഷ വിട്ട് വിദ്വേഷത്തി​ന്റെ ഭാഷയോ, സംശയത്തി​ന്റെ ഭാഷയോ ഉപയോഗിക്കുമ്പോൾ അവർ സുവിശേഷത്തെ ഒറ്റുകൊടുക്കുകയാണ് ചെയ്യുന്നത്. ശത്രുക്കളെപ്പോലും സ്നേഹിക്കാൻ പഠിപ്പിച്ച യേശുക്രിസ്തുവി​ന്റെ പിൻഗാമികളാണ് വിദ്വേഷിക്കാനും പകക്കുവാനും സംശയിക്കാനും മരുന്നിട്ടു കൊടുക്കുന്നു എന്ന് പറയുമ്പോൾ യേശുവി​ന്റെ പാഠങ്ങളിൽനിന്ന് പുരോഹിതരും നേതാക്കന്മാരും എത്രമാത്രം അകന്നുപോകുന്നു എന്ന് കാണാൻ കഴിയും. അവർക്ക് അതിന് സ്ഥാപിത താൽപര്യങ്ങൾ ഉണ്ട്.

അത് സംരക്ഷിക്കാനായി ഓരോ കാലത്തും ഓരോ അടവുനയങ്ങൾ പ്രയോഗിക്കുകയാണ്. പക്ഷേ, അതിന് അവർ ഒറ്റു കൊടുക്കുന്നത് സുവിശേഷത്തെയും യേശുക്രിസ്തുവിനെയുമാണെന്നത് ദുഃഖിപ്പിക്കുന്ന കാര്യമാണ്. ഒരു എഴുത്തിൽക്കൂടിയോ വാക്കിൽക്കൂടിയോ പ്രസംഗത്തിൽക്കൂടിയോ ഒരു സമൂഹത്തിൽ അനൈക്യമോ വൈരാഗ്യമോ കലഹമോ ഉണ്ടാക്കരുത്.

വോട്ട് കാര്യത്തിൽ മത നേതാക്കളെ പ്രീണിപ്പിക്കുന്ന രീതിയെ കടുത്ത ഭാഷയിൽ താങ്കൾ എതിർത്തിട്ടുണ്ട്. പാതിരിമാർ പറഞ്ഞാൽ വോട്ട് ചെയ്യുന്ന കാലം കഴിഞ്ഞുവെന്നും, പാതിരിയുടെ ഒരു വോട്ടിൽ മാത്രമാണ് അവർക്ക് സ്വാധീനം എന്നുമാണ് പറഞ്ഞത്. അപ്പോഴും ഈ പ്രീണനം പരസ്പരം തുടരുകയല്ലേ..?

ഇക്കാര്യത്തിൽ ഞാൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. മത നേതാക്കൾ പറയുന്നിടത്ത് വിശ്വാസികൾ വോട്ട് ചെയ്യുന്ന കാലം കഴിഞ്ഞുപോയിരിക്കുന്നു. വിമോചന സമരകാലത്ത് ഒക്കെ അങ്ങനെ സംഭവിച്ചിട്ടുണ്ടാവാം. ഇനി അതിനു സാധ്യതയില്ല. ഒരു മത നേതാവിന് സ്വാധീനമുള്ള ഏക വോട്ട് അദ്ദേഹത്തിന്റെ മാത്രമാണ്. ആത്മീയ കാര്യങ്ങളിൽ സ്വാധീനമുണ്ട്. എന്നാൽ, വിശ്വാസികൾ എവിടെ വോട്ട് ചെയ്യണമെന്നത് ഒരു ജനാധിപത്യ കർമമാണ്. അവരെ സ്വാധീനിക്കാൻ മതനേതാക്കൾക്ക് ഒരു അവകാശവുമില്ല. അങ്ങനെ ചെയ്താൽ അതിന് വഴിപ്പെടുവാൻ വിശ്വാസികൾക്ക് ബാധ്യതയുമില്ല.

താങ്കളുടെ രാഷ്ട്രീയത്തെക്കുറിച്ച് പലപ്പോഴും വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. സി.പി.എം ആണോ അങ്ങയുടെ പാർട്ടി..?

എനിക്ക് തീർച്ചയായും രാഷ്ട്രീയമുണ്ട്. അത് ഞാൻ ഒരിക്കലും മൂടിവെച്ചിട്ടുമില്ല. എന്റെ രാഷ്ട്രീയം യേശുക്രിസ്തുവിന്റെ കുരിശിന്റെ രാഷ്ട്രീയമാണ്. അത് നീതിയുടെയും പാവപ്പെട്ടവരുടെയും മർദിതരുടെയും പക്ഷംപിടിക്കുന്ന രാഷ്ട്രീയമാണ്. ആദർശപരമായി അതിനെ ഇടതുപക്ഷ രാഷ്ട്രീയമെന്ന് വിളിക്കുന്നതിൽ തെറ്റില്ല. എന്നാൽ, നിലവിലെ രാഷ്ട്രീയ കാലാവസ്ഥയിൽ ഇടതുപക്ഷം എന്ന വാക്ക് ഉപയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കാരണം, പ്രായോഗികതലത്തിൽ ഇടതു പക്ഷവും വലതുപക്ഷവും തമ്മിലുള്ള വേർതിരിവ് തികച്ചും അവ്യക്തമായിരിക്കുന്നു. കേരളത്തിൽ ഇടതും വലതും തമ്മിൽ തിരിച്ചറിയാൻ കഴിയാത്ത വിധം അവർ തമ്മിലുള്ള വിടവ് ഇല്ലാതായിരിക്കുന്നു.

ആശയപരമായും ആദർശപരമായും ഇടതുപക്ഷ മൂല്യങ്ങളിൽ ഇപ്പോഴും നിലനിൽക്കുമ്പോഴും മുമ്പ് സൂചിപ്പിച്ച മാറിയ രാഷ്ട്രീയ കാലാവസ്ഥയിൽ ഞാനിപ്പോഴും ‘ഇടതു’പക്ഷത്താണെന്ന് പറയുവാൻ ആഗ്രഹിക്കുന്നില്ല. ഇടതുപക്ഷം വലത്തോട്ട് തിരിയുന്ന കാലത്തൊക്കെ ഞാൻ അതിനെ വിമർശിച്ചിട്ടുണ്ട്. ഈ വലതുവത്കരണത്തെ അടുത്തകാലത്ത് ഞാൻ വിശേഷിപ്പിച്ചത് ഇടതുപക്ഷത്തിന് വന്നുഭവിച്ച ‘ജനിതക മാറ്റം’ എന്നാണ്. എന്റെ ചെറുപ്പകാലത്ത് ഇടതുപക്ഷത്തോടു ചേർന്നുനിന്ന ബിഷപ്പുമാരും പുരോഹിതരും വിശ്വാസികളും നന്നേ കുറവായിരുന്നു. അന്ന് ഇടതുപക്ഷത്തിനും അവരോട് ചേർന്ന് നിന്ന ക്രൈസ്തവ നേതാക്കൾക്കും പ്രത്യയശാസ്ത്രപരമായ ഒരു ബോധ്യവും അടിത്തറയും ഉണ്ടായിരുന്നു.

 

മാർക്​സ്​

ഇന്ന് കാര്യങ്ങൾ മാറിയിരിക്കുന്നു. ഉള്ളിൽ ഒരു ഇടതുപക്ഷ ബോധ്യവും ഇല്ലാത്ത, അതേസമയം എക്കാലത്തും അധികാര ഘടനകളുടെ ഭാഗമായി പിന്തിരിപ്പൻ സമീപനങ്ങൾ എടുത്തിരുന്ന പല മത നേതാക്കളും ഇന്നത്തെ ഇടതുപക്ഷത്തോട് ചേർന്നുനിൽക്കുവാൻ അസാധാരണമായ മെയ് വഴക്കം കാണിക്കുന്നു. അധികാരം ഉറപ്പിച്ച് നിർത്താൻ ഇടതുപക്ഷവും അധികാരത്തോട് ചേർന്നുനിൽക്കുവാൻ സഭാ നേതൃത്വവും കാണിക്കുന്ന ഒരുതരം ‘electoral political engineering’ ആണിത്. അവിടെ പ്രത്യയശാസ്ത്രത്തിനും ആദർശങ്ങൾക്കോ മൂല്യങ്ങൾക്കോ എന്തുവില?

ഇവിടെ ഒരു തമാശക്കഥ ഓർമവരുന്നു. ട്രംപിനു അസുഖം വന്നപ്പോൾ ആശുപത്രിയിലായി. അദ്ദേഹത്തിന്റെ തലച്ചോറിനാണ് അസുഖം എന്ന് കണ്ടുപിടിച്ചു. തലച്ചോറിന് രണ്ടു വശമുണ്ടെന്നും രണ്ടുവശത്തും പ്രശ്നങ്ങളുണ്ടെന്നും ഡോക്ടർ പറഞ്ഞു. ഡോക്ടറുടെ രോഗനിർണയം ഇപ്രകാരമായിരുന്നു പോലും: ‘‘There is nothing right about your right brain and there is nothing left in your left brain!’’ ഇന്നത്തെ ഇടതുപക്ഷ വലതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ഈ കഥക്ക് പ്രസക്തിയുണ്ട്. ഇവിടെ ഇപ്പോൾ ഇടതുപക്ഷമില്ലാതെയായി. അതുകൊണ്ട് ഇനി ചേർന്നുനിൽക്കാവുന്ന പക്ഷം ഇരപക്ഷമാണ്. സമൂഹത്തിൽ അനീതിയുടെ ഇരകളാകുന്നവരുടെ പക്ഷം. അതാകുന്നു നാളത്തെ ഇടതുപക്ഷം എന്ന് ഞാൻ വിശ്വസിക്കുന്നു.

ജാതീയതയുടെയും മുതലാളിത്തത്തിന്റെയും പുരുഷ മേധാവിത്വത്തിന്റെയും ഇരകൾ, വികസനത്തിന്റെ പേരിൽ ഇരയാക്കപ്പെടുന്നവർ, ന്യൂനപക്ഷങ്ങൾ, പരിസ്ഥിതി ദുരന്തങ്ങളുടെ ഇരകൾ... ഇവർക്ക് ഒപ്പം നിൽക്കുന്ന രാഷ്ട്രീയമാണ് എന്റെ രാഷ്ട്രീയം. അതിനൊരു പാർട്ടിയുമായി ബന്ധമില്ല. കോൺഗ്രസ് ഗാന്ധിജിയെ കൈവിട്ടു, കമ്യൂണിസ്റ്റുകാർ മാർക്സിനെയും കൈവിട്ടു. ഇടതുപക്ഷം നിലവിൽ സാമ്പത്തിക ഉദാരവത്കരണത്തെ എതിർക്കുമ്പോഴും ഫലത്തിൽ അതിനെ സ്വാംശീകരിച്ചുകഴിഞ്ഞു. കമ്യൂണിസ്റ്റ് ഇടതുപക്ഷ ധാർമിക മൂല്യങ്ങൾ ഇത്തരം പ്രസ്ഥാനങ്ങളിൽനിന്ന് അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നു. കട്ടൻചായയും പരിപ്പുവടയും ഇപ്പോഴും നിലനിർത്തണം എന്നല്ല പറയുന്നത്.

അതിന് കാലികമായി മാറ്റങ്ങൾ വന്നോട്ടെ. എന്നാൽ, അതിന്റെ സ്ഥാനത്ത് കൊക്കക്കോളയും ഹാംബർഗറും വരുമ്പോൾ അതൊരു ഡി.എൻ.എ മാറ്റമാണ്. സമ്പത്തിന്റെ സ്വാധീനം, അഴിമതി, ധൂർത്ത്, അധികാരത്തോടുള്ള ആർത്തി, അതിനുവേണ്ടിയുള്ള പ്രത്യയശാസ്ത്രപരമായ വിട്ടുവീഴ്ചകൾ ഇതെല്ലാം ഇന്നത്തെ ഇടതുപക്ഷത്തെ പാടെ മാറ്റിയിരിക്കുന്നു. അതുകൊണ്ടാണ് ഇരപക്ഷത്താണ് എന്റെ രാഷ്ട്രീയം എന്ന് ഞാൻ പറയുന്നത്.

 

ഡോ. ബി.ആർ. അംബേദ്​കർ

വരുന്ന ഏതെങ്കിലും തെരഞ്ഞെടുപ്പിൽ താങ്കൾ മത്സരിക്കുമോ, പത്തനംതിട്ടയിൽനിന്ന് ലോക്സഭയിലേക്ക് മത്സരിക്കും എന്നുവരെ പറഞ്ഞുകേൾക്കുന്നു. ഇതിൽ യാഥാർഥ്യമുണ്ടോ?

കക്ഷി രാഷ്ട്രീയത്തിലോ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലോ എനിക്ക് ഒരു താൽപര്യവുമില്ല. ചില രാഷ്ട്രീയ പാർട്ടികളിലും പ്രസ്ഥാനങ്ങളിലും എനിക്ക് നല്ല വ്യക്തിബന്ധങ്ങളുണ്ട്. ഏതെങ്കിലും ഒരു പാർട്ടിയോട് പ്രത്യേകിച്ച് മമത ഒന്നുമില്ല. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും പാർട്ടി രാഷ്ട്രീയത്തിൽ ഇടപെടുന്നതും തെറ്റാണെന്ന അഭിപ്രായം എനിക്കില്ല. ലാറ്റിനമേരിക്കയിലുമൊക്കെ വിമോചന ദൈവശാസ്ത്രത്തിൽ കൂടി കടന്നുവന്ന പുരോഹിതരും ബിഷപ്പുമാരുമൊക്കെ രാഷ്ട്രീയത്തിൽ വരുകയും അധികാരസ്ഥാനങ്ങൾ അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്.

എനിക്ക് അത്തരം താൽപര്യങ്ങളില്ല. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ ചേരണമെന്ന് ഞാൻ ആഗ്രഹിച്ചാൽപോലും എനിക്ക് ആദർശപരമായി പൂർണമനസ്സോടെ ചേരാൻ നിലവിൽ ഒരു രാഷ്ട്രീയ പാർട്ടിയില്ല. മുഖ്യധാരക്ക് വെളിയിലുള്ള കീഴാള മുന്നേറ്റങ്ങളിലും നവ സാമൂഹിക പ്രസ്ഥാനങ്ങളിലും സിവിൽ സൊസൈറ്റി ഇടപെടലുകളിലും ഒക്കെയാണ് എനിക്ക് പ്രതീക്ഷ. അംബേദ്കർ സ്വാധീനമുള്ള മുന്നേറ്റങ്ങളെയാണ് ഞാൻ ഏറെ പ്രതീക്ഷയോടെ കാണുന്നത്.

ഇന്നത്തെ കേരളത്തിൽ അങ്ങനെ ഒരു പുതിയ രാഷ്ട്രീയ ബദൽ ഒരു വിദൂരസാധ്യതയാണ്. കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തമായ ആദ്യകാലത്ത് ജന്മിത്തത്തിനും ജാതീയതക്കും എതിരെ ശക്തമായ പോരാട്ടങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് അടിസ്ഥാന സമൂഹങ്ങളായ ദലിതർ മഹാഭൂരിപക്ഷവും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ഉൾപ്പെട്ടു. ഇന്ന് ദലിതർ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു സ്ഥിരം നിക്ഷേപമായി (fixed deposit ) മാറി. പാർട്ടിയിൽ ദലിതർക്ക് എന്ത് സ്ഥാനമാണുള്ളത്? മൂന്ന് പതിറ്റാണ്ടിലധികം പശ്ചിമ ബംഗാൾ ഭരിച്ച പാർട്ടിക്ക് ഒരു ദലിത് മുഖ്യമന്ത്രി ഉണ്ടായില്ല. പോളിറ്റ്ബ്യൂറോയിൽ ഇന്നും ഒരു ദലിതനില്ല. എന്തുകൊണ്ട് കേരളത്തിൽ ഗൗരിയമ്മ മുഖ്യമന്ത്രി ആയില്ല?

കുഞ്ഞാമൻ മാഷ് പറഞ്ഞതുപോലെ കേരളത്തിൽ ഒരു ‘‘ദലിതൻ മുഖ്യമന്ത്രി കസേരയിൽ ഇരിക്കണമെങ്കിൽ മൂട്ടയായി പിറക്കണം!’’ ഇതാണ് ഇന്നും വിപ്ലവ പ്രസ്ഥാനങ്ങളിലെ ദലിതാവസ്ഥ! ദലിത രക്ഷകനായി കാണുന്ന അംബേദ്കർ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ഇന്നും അന്യനാണ്. പക്ഷേ അണികൾ ഭൂരിപക്ഷവും ദലിതരുമാണ്. സി.എസ്. രാജേഷിന്റെ ‘പത്തി’ എന്ന കവിത ഈ യാഥാർഥ്യത്തെ ആവിഷ്കരിക്കുന്നുണ്ട്. നേതൃത്വം മുഴുവൻ സവർണരും അണികൾ മുഴുവൻ അവർണരും!

‘‘ഉപഗ്രഹ ചിത്രങ്ങളിൽ

ജാഥ വരുന്നത് കണ്ടിട്ടുണ്ടോ

നല്ല രസമാണ്

അനക്കോണ്ട പോലിരിക്കും

ഉടലെല്ലാം കറുത്തും

പത്തി മാത്രം വെളുത്തും.’’

ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ ഒരു ശരീരശാസ്ത്രം (anatomy) ഇതാണ്. ഇന്ത്യയിൽ സോഷ്യലിസം ഉണ്ടായാൽ അത് ബ്രാഹ്മണിക് സോഷ്യലിസം ആയിരിക്കുമെന്ന് പ്രവചിച്ചത് അംബേദ്കർ ആണ്. ദലിതർ ഒരു ദൈവത്തെപ്പോലെ കാണേണ്ടത് അംബേദ്കറെയാണ്, മാർക്സിനെ അല്ല. എന്നാൽ, അംബേദ്കറിന് ഇടതുപക്ഷത്ത് എന്ത് പ്രസക്തി? ഉപരി വിദ്യാഭ്യാസം ചെയ്യുന്ന ദലിത് ചെറുപ്പക്കാരുടെ ഇടയിൽ അംബേദ്കർ സ്വാധീനം ശക്തമാകുന്നുണ്ട്. എന്നാൽ, ഭൂരിപക്ഷം വരുന്ന ദലിത് സമൂഹങ്ങളും ഇന്ന് കമ്യൂണിസ്റ്റ് പാർട്ടിയിലെ അടിത്തട്ടായി തുടരുകയാണ്.

ഇ.എം.എസ് കേരളത്തെക്കുറിച്ച് എഴുതിയ ബൃഹത്തായ പുസ്തകത്തിൽപോലും ദലിതൻ എന്നൊരു വാക്ക് ഇല്ല. അംബേദ്കർ ഒരു സാന്നിധ്യവുമല്ല. സി.പി.ഐയിൽ ഇക്കാര്യത്തിൽ ചില്ലറ മാറ്റങ്ങൾ ഒക്കെ ഉണ്ടെങ്കിലും പൊതുവേ കേരളത്തിൽ, (ഇന്ത്യയിൽ ആകമാനവും), ഒരു ദലിത് കീഴാള രാഷ്ട്രീയ മുന്നേറ്റം ഒരു ബദൽ രാഷ്ട്രീയ അധികാരശക്തിയായി മാറുവാനുള്ള സാധ്യത നിർഭാഗ്യവശാൽ വിദൂരമാണ്. പക്ഷേ, ആ സാധ്യതയാണ് എന്റെ സ്വപ്നം.

 

ജിജി തോംസൺ

സ്വത്വ രാഷ്ട്രീയത്തെ കുറിച്ച് അങ്ങയുടെ നിലപാട് എന്താണ്?

സ്വത്വ രാഷ്ട്രീയത്തെ രണ്ടായി കാണാം. ഒന്ന് പുരോഗമനപരവും മറ്റൊന്ന് പ്രതിലോമകരവും. മതത്തിന്റെ അടിത്തറയിലുള്ള ഹിന്ദുത്വ രാഷ്ട്രീയം പ്രതിലോമകരമായ സ്വത്വ രാഷ്ട്രീയമാണ്. ഇന്ത്യയിൽ രണ്ട് കൂട്ടർക്കാണ് പ്രധാനമായും പുരോഗമനപരമായ സ്വത്വ രാഷ്ട്രീയം വികസിപ്പിക്കുവാൻ ധാർമിക അവകാശമുള്ളത്. ദലിതർക്കും/ ആദിവാസികൾക്കും സ്ത്രീകൾക്കും. ദലിതർ അവരുടെ ജാതിയുടെ പേരിലും സ്ത്രീകൾ അവരുടെ ജെൻഡറിന്റെ പേരിലുമാണ് അടിസ്ഥാനപരമായി വിവേചനം അനുഭവിക്കുന്നത്. അവരുടെ പ്രാഥമിക സ്വത്വത്തിന്റെ പേരിലാണ് വിവേചനം. അംബേദ്കർ പറയുന്നത് ശ്രദ്ധിക്കൂ: നിങ്ങൾ മുന്നോട്ടോ പിറകോട്ടോ ഇടത്തോട്ടോ വലത്തോട്ടോ തിരിഞ്ഞാലും ഇന്ത്യയിൽ ജാതി എന്ന ദുർഭൂതത്തെ അഭിമുഖീകരിക്കാതെ നിങ്ങൾക്ക് അനങ്ങാൻ സാധിക്കുകയില്ല.

ജാതിയെ ചുറ്റിപ്പറ്റിയാണ് മറ്റെല്ലാ അസമത്വങ്ങളും അനീതിയും ഇന്ത്യയിൽ നടക്കുക. എന്റെ ഭാഷയിൽ ജാതിയാണ് ഇന്ത്യയുടെ ആദിപാപം (original sin). മാർക്സിനു അത് മനസ്സിലായില്ല. അതുകൊണ്ട് മാർക്സിസ്റ്റുകൾക്ക് അംബേദ്കറിനെയും മനസ്സിലായില്ല. അല്ലെങ്കിൽ മനസ്സിലാക്കുവാൻ ആഗ്രഹിച്ചില്ല. അതുകൊണ്ട് ഞാൻ മുമ്പേ സൂചിപ്പിച്ചതുപോലെ വർഗരാഷ്ട്രീയം പേരില്ലെങ്കിലും ദലിതരുടെ അടിത്തറയിൽ ഇവിടെ ശക്തമായി നിലനിൽക്കുമ്പോൾ ആ മതിൽ ഭേദിച്ച് ഒരു ദലിത് സ്വത്വ രാഷ്ട്രീയം വികസിപ്പിക്കുകയും പ്രയോഗത്തിൽ വരുത്തുകയും ചെയ്യുക ദുഷ്കരമായ ഒരു കാര്യമാണ്. അതുകൊണ്ടാണ് മുഖ്യധാര ഇടതുപക്ഷം നിരന്തരമായി സ്വത്വ രാഷ്ട്രീയത്തെ തള്ളിപ്പറയുന്നത്. മറിച്ചൊരു സാധ്യത യാഥാർഥ്യമാകണമെങ്കിൽ കമ്യൂണിസ്റ്റ് പാർട്ടികൾ തിരുത്തലിന് തയാറായി അംബേദ്കറിനെ ഉൾക്കൊള്ളണം.

പിണറായി ഒരു ക്യാപ്റ്റനായി വാഴ്ത്തപ്പെട്ടതിനെ കുറിച്ച്, വി.ഡി. സതീശൻ എന്ന പ്രതിപക്ഷ നേതാവിനെക്കുറിച്ച് ..?

Small minds discuss people, Great minds discuss ideas എന്നാണല്ലോ ചൊല്ല്. വ്യക്തികളെക്കുറിച്ച് അധികം പറയാൻ ആഗ്രഹിക്കുന്നില്ല. ഭരണത്തെ കുറിച്ച് നേരത്തേ പറഞ്ഞുവല്ലോ. ഭരണപക്ഷവും പ്രതിപക്ഷവും മൂല്യത്തകർച്ച നേരിടുന്ന കാഴ്ചയാണ് കേരളത്തിൽ കാണുന്നത്. അതിനാൽ, വലിയ പ്രതീക്ഷ എനിക്കില്ല. ആരു വന്നാലും പോയാലും ഒരു കാര്യവുമില്ല എന്ന തോന്നലാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കാര്യമായി ചിലത് ചെയ്യുന്നെങ്കിലും അവരുടെ പാർട്ടി അ​േദ്ദഹത്തിന് അവസരം നൽകുമോ എന്നറിയില്ല.

മുസ് ലിം ലീഗ് വർഗീയ പാർട്ടിയല്ല എന്ന് മാത്രമല്ല, ലീഗിനെ വർഗീയ പാർട്ടി എന്ന് പറഞ്ഞ എം.വി. ജയരാജനെ താങ്കൾ കണക്കിന് വിമർശിക്കുകയും ചെയ്തിരുന്നു..?

എന്റെ അനുഭവത്തിൽ വളരെ പ്രതിസന്ധി നിറഞ്ഞ കാലത്തൊക്കെ മുസ് ലിം ലീഗ് എടുത്ത നിലപാടുകൾ മതേതരമാണ്. മാതൃകാപരമാണ്. അവരുടെ ധീരമായ ചില നിലപാടുകൾ വർഗീയത വളരാതിരിക്കാൻ സഹായിച്ചിട്ടുണ്ട്. എല്ലാ പാർട്ടികൾക്കുമുള്ള പരിമിതികൾ ലീഗിൽ കണ്ടേക്കാം. മതേതരത്വത്തി​ന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ഉള്ളത്. അതിൽ ഞാൻ ഉറച്ച് നിൽക്കുകയും ചെയ്യുന്നു.

അടുത്ത കാലത്തായി കേരളത്തിൽ ക്രിസ്ത്യൻ, മുസ് ലിം സമുദായങ്ങൾക്കിടയിൽ സംശയങ്ങൾ രൂപപ്പെടുന്നതായി കാണുന്നു. ഇക്കാര്യം ശ്രദ്ധയിൽപെട്ടിട്ടുണ്ടോ?

അടുത്ത കാലത്തായി അങ്ങനെ ഒരു ചിന്താഗതി പ്രബലമാകുന്നു എന്നാണ് എ​ന്റെ വിചാരം. അത് കുറച്ചു കാലമായി രൂപപ്പെടുന്ന വളരെ ആസൂത്രണങ്ങളുടെ ഭാഗമായി സംഭവിക്കുന്നതായാണ് ഞാൻ മനസ്സിലാക്കുന്നത്. ചിലയാളുകൾ അതി​ന്റെ പിന്നിൽ പ്രവർത്തിച്ചുകൊണ്ട് രൂപപ്പെടുത്തിയെടുക്കുന്ന ആശയസംഹിതയും രാഷ്ട്രീയ പരീക്ഷണങ്ങളുമാണത്. അതി​ന്റെ ഭാഗമായി പല വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന വ്യക്തി എന്ന നിലയിൽ ഞാൻ പറയുന്നു, ഇതൊരു അപകടം പിടിച്ച പ്രവണതയാണ്.

ഫാഷിസ്റ്റ് ശക്തികളുടെ പരീക്ഷണശാലയിൽ ഉത്ഭവിച്ച ആശയത്തിന് ചില ക്രൈസ്തവ സംഘടനകൾ നിന്നുകൊടുക്കുകയാണ്. അതിന്റെ ഫലം ഭീകരമായിരിക്കും. ഇന്ത്യയിലെ രണ്ടാമത്തെ ന്യൂനപക്ഷ ശക്തിയെ മൂന്നാമത്തെ ന്യൂനപക്ഷത്തെ ഉപയോഗിച്ച് ഇല്ലായ്മ ചെയ്യുകയാണ്. ആ ശ്രമം കഴിഞ്ഞാൽ മൂന്നാമത്തെ ന്യൂനപക്ഷത്തെ ഇല്ലാതാക്കും. ഇതൊരു തന്ത്രമാണെന്ന് തിരിച്ചറിയാൻ ഇപ്പോൾ കൂട്ടുനിൽക്കുന്ന ന്യൂനപക്ഷ ശക്തിക്ക് തിരിച്ചറിയാത്തത് മഹാ ദുരന്തമാണ്. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളിലെ ഒരു ചെറിയ വിഭാഗമാണ് ഈ അജണ്ടക്ക് പിന്നിൽ പ്രവർത്തിക്കുന്നത്.

അവർക്ക് അതിന് സാധിക്കുന്നത് അവരുടെ ഡി.എൻ.എയിലുള്ള ജാതിബോധമാണ്. സവർണരുമായി അടുത്ത് നിൽക്കാനുള്ള താൽപര്യം കൂടുതലാണ്. അവർ പ്രതിനിധാനംചെയ്യുന്ന ആശയങ്ങളും താൽപര്യങ്ങളും ഒന്നാണ്. ഇതിനുള്ള പരിഹാരം എളുപ്പമല്ല. അധികാരത്തോട് ചേർന്നുനിന്ന് പ്രീണിപ്പിച്ചു കാര്യങ്ങൾ നേടിയെടുക്കാനുള്ള വ്യവസ്ഥാപിത സഭകളുടെ താൽപര്യമാണത്. മറ്റൊന്ന് ഇ.ഡി, ഇൻകം ടാക്സ് എന്നൊക്കെ കേട്ടാൽ ഞെട്ടുന്ന നേതാക്കളുണ്ട്. അവർക്ക് അതിൽനിന്ന് രക്ഷപ്പെട്ടു നിൽക്കണമെങ്കിൽ പ്രീണിപ്പിച്ചു നിന്നേ പറ്റൂ. പണമെന്ന മൂലധനവുമായി ഒട്ടിനിൽക്കാനുള്ള ശ്രമമാണ്.

നേർക്കു നേരെ ചോദിച്ചാൽ കാസ (CASA) പോലുള്ള പേരിൽ സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണം സ്പർധക്ക് ആക്കം കൂട്ടുന്നില്ലേ..?

ഞാൻ ഏതെങ്കിലും സംഘടനകളെ മാത്രം ഒറ്റപ്പെടുത്തി പറയുന്നില്ല. എല്ലാ വശത്തും ഇത്തരം സംഘങ്ങളുണ്ട്. എല്ലാ മതങ്ങളും ശ്രദ്ധിക്കണം, ഇങ്ങനെയുള്ള തീവ്രവാദം പ്രചരിപ്പിക്കുന്നവർ എല്ലാ മതങ്ങളിലും ഇന്ന് രൂപപ്പെട്ടുവരുന്നുണ്ട്. എല്ലാ മതങ്ങളും പുരോഗമനപരമായി മുന്നോട്ടു വരണം.

ഇസ്‌ലാമോഫോബിയയെ കുറിച്ചും അത് വളർന്നുവരുന്ന അപകടങ്ങളെക്കുറിച്ചും താങ്കൾ സവിശേഷമായി ശ്രദ്ധിക്കുന്നുണ്ടല്ലോ..?

ഇസ്‌ലാമോഫോബിയ ഒരു സാമ്രാജ്യത്വ പ്രത്യയശാസ്ത്രമാണ്. ഞാനിത് പല ആവർത്തി പറഞ്ഞിട്ടുള്ളതുമാണ്. ഫലസ്തീൻ പ്രശ്നത്തിലൊക്കെ ഇത് വളരെ പ്രകടമാണ്. എന്നെ അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം പറയാം. എന്റെ മാതൃസഭ സിറിയയിലാണ്. അവിടെ എന്റെ സഭയുടെ നേതാക്കളും മധ്യപൂർവദേശത്തെ ക്രൈസ്തവ സഭകളുടെ നേതാക്കളും സഭകളും എല്ലാം ഫലസ്തീൻ വിഷയത്തിൽ ഇസ്രായേലിന്റെ അധിനിവേശ നിലപാടിനെ നിരന്തരം വിമർശിക്കുന്നവരാണ്. കേരളത്തിലെ ഒട്ടുമിക്ക ബിഷപ്പുമാർ ഉള്ളിലും പുറത്തും ഇസ്രായേൽ പക്ഷമാണ്.

ഇതും ഇസ്‍ലാമോഫോബിയയുമായി ബന്ധപ്പെട്ടതാണ്. ഫലസ്തീനിൽ മുസ്‍ലിംകളും ക്രിസ്ത്യാനികളും നീതിബോധമുള്ള യഹൂദന്മാരും എല്ലാവരും ചേർന്നാണ് ഫലസ്തീൻ എന്ന രാജ്യത്തിനുവേണ്ടി, ഇസ്രായേലിന്റെ അധിനിവേശത്തിനെതിരെ പോരാടുന്നത് എന്നറിയാതെ അതൊരു മുസ്‍ലിം പ്രശ്നമായി ഇക്കൂട്ടർ കാണുകയാണ്. ക്രിസ്ത്യൻ സയണിസം ഇന്ന് ശക്തി പ്രാപിച്ചു വരുകയാണ്. വേദപുസ്തകത്തെ മനസ്സിലാക്കാനുള്ള കാഴ്ചക്കുറവും കേൾവിക്കുറവും ഇക്കൂട്ടർക്കു സാരമായിട്ടുണ്ട്. പഴയ നിയമത്തിൽ പറയുന്ന ഇസ്രായേലിനെ (ബിബിളിക്കൽ ഇസ്രായേൽ) ഇന്നത്തെ പൊളിറ്റിക്കൽ ഇസ്രായേലുമായി അവർ സമീകരിക്കുകയാണ്.

ഒരു രാജ്യത്തിന്റെ പരമാധികാരത്തിനും സ്വാതന്ത്ര്യത്തിനും അതിലെ ജനതയുടെ നീതിക്കും വേണ്ടിയുള്ള പോരാട്ടമാണ് ഫലസ്തീനിൽ നടക്കുന്നത്. ഇത് ലോകസമാധാനത്തിന്റെ കൂടി പ്രശ്നമാണ്. ഇതിനെ ഒരു മുസ്‍ലിം പ്രശ്നമായി ന്യൂനീകരിക്കുന്നത് സാമ്രാജ്യത്വ അജണ്ടയുടെ ഭാഗമാണ്. അതുകൊണ്ട് ആഗോളതലത്തിൽതന്നെ എല്ലാവരും ഒരുമിച്ച് ചേർന്ന് എതിർക്കേണ്ട ഒന്നാണ് ഇസ്‍ലാമോഫോബിയ. അമേരിക്ക സാമ്പത്തികമായി ഭരിക്കുന്നത് അവിടത്തെ യഹൂദ ലോബിയാണ്. അതുകൊണ്ട് അവർ ഒരിക്കലും ഫലസ്തീൻ വിഷയത്തിൽ നീതിയുടെ പക്ഷം പിടിക്കില്ല.

വയലാർ രാമവർമ

ഇപ്പോൾ രൂപംകൊണ്ട ‘ഇൻഡ്യ’ മുന്നണി രാജ്യത്തിനു പ്രതീക്ഷ നൽകുന്നുണ്ടോ?

രാജ്യം മു​െമ്പങ്ങുമില്ലാത്ത വിധത്തിലുള്ള അസാധാരണമായ ഒരു പ്രതിസന്ധിയാണ് നേരിടുന്നത്. നമ്മുടെ ഭരണഘടന തന്നെ ഭീഷണിയിലാണ്. ജനാധിപത്യവും മതേതരത്വവും പുറന്തള്ളപ്പെടുന്നു. ഫാഷിസം അതിന്റെ മൂർത്തഭാവം പുറത്തെടുത്തിരിക്കുന്നു. ഒരു മതരാഷ്ട്ര സംവിധാനത്തിലേക്കാണ് നാം മുന്നോട്ട് നീങ്ങുന്നത്. ചില ചിന്തകർ അഭിപ്രായപ്പെടുന്നതുപോലെ ഒരുതരം ‘constitutional theocracy’യിലേക്കാണ് രാജ്യത്തിന്റെ പ്രയാണം. ഇതിനെ പ്രതിപക്ഷം എത്ര ഗൗരവത്തോടുകൂടിയാണ് കാണുന്നത് എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്. അധികാരം നിലനിർത്തുവാൻ അവർ തമ്മിലടിക്കുകയും ഒത്തുതീർപ്പുകൾ ഉണ്ടാക്കുകയും ചെയ്യുന്നു.

ഇത്രയും വലിയ ഭീഷണി നിലനിൽക്കുമ്പോൾ മറ്റെല്ലാം മറന്ന് ജനാധിപത്യവും മതേതരത്വവും നിലനിർത്തുവാൻ ഒന്നിക്കേണ്ട കാലഘട്ടമാണിത്. മതേതരത്വത്തിന്റെ കാര്യത്തിൽ ശക്തമായ നിലപാടുകൾ ഉള്ള ഇടതുപക്ഷംപോലും ഇക്കാര്യത്തിൽ കൂടുതൽ ആർജവം കാണിക്കേണ്ടിയിരിക്കുന്നു. ഇൻഡ്യാ മുന്നണിയുടെ നിർണായക സമിതികളിൽനിന്ന് മാറിനിൽക്കുന്നത് നല്ല സൂചന അല്ല. കൂടുതൽ ഐക്യത്തോടെ പ്രതിപക്ഷം ഒന്നായി നിൽക്കേണ്ട കാലമാണിത്. Do or die അഥവാ now or never എന്നൊക്കെ പറയാവുന്ന ഒരു കാലം.

വൈദികനായി നിന്ന കാലത്ത് ഉണ്ടായ സഭകൾക്കിടയിലെ തർക്കമാണ് ഏറെ വേദനിപ്പിച്ചത് എന്ന് പറഞ്ഞിട്ടുണ്ട്. ഇത് രമ്യമായി പരിഹരിക്കുന്ന കാലത്തെ പ്രതീക്ഷിക്കുന്നില്ലേ?

യാക്കോബായ സഭയിലെ ഒരംഗം എന്ന നിലയിൽ അനുദിനം ഞാൻ അനുഭവിക്കുന്ന ഒരു യാഥാർഥ്യമാണിത്. നിർഭാഗ്യവശാൽ മലങ്കര സഭാ തർക്കം ഇന്നും പരിഹരിക്കപ്പെട്ടിട്ടില്ല. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ തർക്കം പലപ്പോഴും കേരളീയ സമൂഹത്തിൽ ക്രമസമാധാന വിഷയങ്ങളായി മാറിയിട്ടുണ്ട്. അപ്പോഴൊക്കെ ദുഃഖവും ലജ്ജയും തോന്നിയിട്ടുണ്ട്. ഇത്തരം സംഘർഷങ്ങൾ വഴി ക്രിസ്തുവിനെ നഷ്ടപ്പെടുത്തുന്നതും സമൂഹത്തിന് എതിർസാക്ഷ്യം നൽകുന്നതും ഓർത്ത് പ്രയാസപ്പെട്ടിട്ടുണ്ട്. പലപ്പോഴും നിസ്സഹായനായും എന്നാൽ, എപ്പോഴും ഈ കാര്യത്തിൽ ശരിയുടെ പക്ഷവും ചേർന്നുനിൽക്കുവാനാണ് അനുസരിച്ചിട്ടുള്ളത്.

ഒരു പൗരൻ എന്ന നിലയിൽ കോടതിവിധി അംഗീകരിക്കുവാൻ ബാധ്യസ്ഥനാണ്. എന്നാൽ, എല്ലാ വിധികളും നീതിയുക്തമല്ല എന്ന് നമുക്കറിയാമല്ലോ. നീതിമാനായിരുന്ന യേശുക്രിസ്തുവും ഒരു കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ക്രൂശിക്കപ്പെട്ടത്. വിധിച്ച ജഡ്ജി ആകട്ടെ യേശുക്രിസ്തുവിൽ ഒരു കുറ്റവും കണ്ടുപോലുമില്ല. ആ വിധി നീതിക്കെതിരെ ആയിരുന്നുവെങ്കിലും നടപ്പാക്കപ്പെട്ടു. സഭാ തർക്കത്തിലും ഇത്തരം വിധിയുടെ അടിസ്ഥാനത്തിൽ യാക്കോബായ സഭക്ക് 60ലേറെ പള്ളികൾ നഷ്ടപ്പെട്ടു. അപ്പോഴും ഈ പ്രശ്നത്തിന് ഒരു ശാശ്വതപരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് യാക്കോബായ സഭ. എൽ.ഡി.എഫ് സർക്കാർ സെമിത്തേരി ബിൽ കൊണ്ടുവന്നത് വഴി ശവസംസ്കാരം സംബന്ധിച്ച തർക്കം ശാശ്വതമായി പരിഹരിക്കപ്പെട്ടു.

ഇപ്പോൾ എൽ.ഡി.എഫ് അംഗീകരിച്ചിരിക്കുന്ന ചർച്ച് ബിൽ സർക്കാർ നടപ്പിലാക്കുവാൻ ആർജവം കാണിച്ചാൽ ശേഷിക്കുന്ന സഭാ തർക്കവും ആത്യന്തികമായി പരിഹരിക്കപ്പെടും. നിർഭാഗ്യവശാൽ സർക്കാർ ഇക്കാര്യത്തിൽ അൽപം പിറകോട്ട് പോയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരുപക്ഷേ രാഷ്ട്രീയ സമുദായിക സമ്മർദങ്ങൾ ഉണ്ടായേക്കാം. വോട്ട് ഭയങ്കര രാഷ്ട്രീയമാണല്ലോ ഇവിടെ ശക്തമായിട്ടുള്ളത്. ഇരു സഭകളായി നിലനിന്ന് പരസ്പരം തെരുവിൽ പോരാടാതെ ആദരവോടും സഹവർത്തിത്വത്തോടുംകൂടി മുന്നോട്ടുപോകുവാൻ കഴിയുന്ന സംവിധാനം ഉണ്ടാവണം. അതിനു ചർച്ച് ബിൽ മാത്രമാണ് പരിഹാരം. ഈ സർക്കാറിൽനിന്ന് പൊതുസമൂഹവും യാക്കോബായ സഭയും അത് പ്രതീക്ഷിക്കുന്നു.

സി.എസ്​. രാജേഷ്​

മത മേലധ്യക്ഷൻമാർ നടത്തുന്ന അഴിമതി, അതിലെ കോടതി വ്യവഹാരങ്ങൾ ഒക്കെ ഇപ്പോൾ വാർത്തകളിൽ നിറയുകയാണല്ലോ?

ബൈബിൾ പറയുന്ന ഒന്നുണ്ട്, എല്ലാ തിന്മകളുടെയും അടിസ്ഥാനം സമ്പത്താണ്. മാമോൻ എന്ന പദമാണ് ബൈബിൾ ഉപയോഗിക്കുന്നത്. ദൈവത്തെയും മാമോനെയും ഒരേസമയം സേവിക്കാൻ കഴിയില്ല. ഒരേസമയം ഒന്നിനെ മാത്രമേ സ്വീകരിക്കാൻ കഴിയൂ. ആ ബൈബിൾ പ്രസംഗിക്കുന്ന സഭാ അധ്യക്ഷൻമാരാണ് ഇന്നിത് രണ്ടും ഒന്നിച്ചു നടക്കും എന്ന് തെളിയിക്കുന്നത്. മാമോനെ സേവിക്കൽ ദൈവത്തെ തള്ളിപ്പറയലാണ്. ദൈവത്തി​ന്റെ പേര് പറഞ്ഞ് മാമോൻ സേവയാണ് ഇപ്പോൾ നടക്കുന്നത്. അതിന് ഏതെങ്കിലും ഒരു സഭ അപവാദമാണെന്നുപോലും പറയാൻ കഴിയാത്ത അവസ്ഥയാണുള്ളത്. അകത്തുനിന്ന് കണ്ടതുകൊണ്ട് എനിക്ക് നേരിട്ട് ബോധ്യമുള്ള കാര്യമാണ്.

നമ്മളൊക്കെ വിചാരിക്കുന്നതിന് അപ്പുറമാണ് പണത്തി​ന്റെ ദുഃസ്വാധീനം ഉള്ളത്. അത് സഭാ മേലധ്യക്ഷന്മാർ വഹിക്കുന്ന ജീവിതശൈലിയിൽ കാണാം. അവരുപയോഗിക്കുന്ന വാഹനം, അവരുടെ ബാങ്ക് ബാലൻസ്, നിക്ഷേപങ്ങൾ, അവർ ഏർപ്പെടുന്ന വ്യവസായരംഗങ്ങൾ, ഇതൊക്കെ ചിന്തക്ക് അതീതമാണ്. വലിയ ദുരന്തമാണിത്.

Tags:    
News Summary - weekly interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.