ചിന്തകനും എഴുത്തുകാരനും ന്യൂയോർക് യൂനിവേഴ്സിറ്റി മീഡിയ സ്റ്റഡീസ് പ്രഫസറുമായ അരവിന്ദ് രാജഗോപാൽ സംസാരിക്കുന്നു –രാജ്യത്തെപ്പറ്റി, ഹിന്ദുത്വ നീക്കങ്ങളെപ്പറ്റി. അതിനേക്കാൾ ബാബരി മസ്ജിദിനെയും അവിടെ ഉയരുന്ന രാമക്ഷേത്രത്തെയും കുറിച്ചുള്ളതാണ് ഇൗ സംഭാഷണം.
ചരിത്രം, സാമൂഹികശാസ്ത്രം, മാധ്യമ സിദ്ധാന്തം എന്നിങ്ങനെ വിവിധ മേഖലകളെ സമന്വയിപ്പിക്കുന്ന ചിന്തകനും എഴുത്തുകാരനുമാണ് അരവിന്ദ് രാജഗോപാൽ. ദക്ഷിണ ലോകത്ത് (Global South) സംഭവിച്ചുകഴിഞ്ഞ ആശയവിനിമയ വിപ്ലവത്തെക്കുറിച്ച് ആധികാരിക വ്യക്തിത്വമാണ് അദ്ദേഹം. ന്യൂയോർക് യൂനിവേഴ്സിറ്റി മീഡിയ സ്റ്റഡീസ് പ്രഫസറായ അരവിന്ദ് രാജഗോപാൽ അവിടെ സോഷ്യോളജി, സോഷ്യൽ ആൻഡ് കൾചറൽ അനാലിസിസ് വിഭാഗം അധ്യാപകനുമാണ്. ഹെൽസിങ്കി, സ്റ്റാൻഫോഡ്, പ്രിൻസ്റ്റൺ എന്നിവിടങ്ങളിലും മറ്റും അഡ്വാൻസ്ഡ് സ്റ്റഡി സെന്ററുകളിൽ ഫെലോഷിപ്പുമുണ്ട്.
അസോസിയേഷൻ ഓഫ് ഏഷ്യൻ സ്റ്റഡീസിന്റെ ആനന്ദ കെന്റിഷ് കുമാരസ്വാമി പുരസ്കാരം, ന്യൂയോർക് യൂനിവേഴ്സിറ്റി ഡാനിയൽ ഗ്രിഫിത്ത്സ് പുരസ്കാരം എന്നിവ നേടിയ ‘Hindu Nationalism and the Reshaping of the Public in India’ (Cambridge, 2001), ‘The Indian Public Sphere: Structure and Transformation’ (Oxford, 2009) തുടങ്ങിയവ പ്രശസ്ത രചനകളാണ്. മക്കാർത്തർ ഫൗണ്ടേഷൻ, റോക്ക്ഫെലർ ഫൗണ്ടേഷൻ എന്നിവയുടെ അവാർഡുകളും നേടിയിട്ടുണ്ട്. ഗ്രന്ഥങ്ങൾക്ക് പുറമെ എസ്.എസ്.ആർ.സിയുടെ Immanent Frame, opendemocracy.net എന്നിവയിലും നിരവധി പത്രങ്ങൾ, മാഗസിനുകൾ എന്നിവയിലും എഴുതിയിട്ടുണ്ട്.
ക്രിട്ടിക്കൽ ഇൻക്വയറി ജേണലിൽ പ്രസിദ്ധീകരിച്ച ‘Communicationism: Cold War Humanism’, ജാവ്നോസ്റ്റിലെ ‘Media Theory from the Global South’ എന്നിവയാണ് ഒടുവിലെ രചനകൾ. മാധ്യമ സിദ്ധാന്തങ്ങളുടെ ആഗോള വംശാവലിയെക്കുറിച്ച പുസ്തകം ഡ്യൂക് യൂനിവേഴ്സിറ്റി പ്രസ് പുറത്തിറക്കാനിരിക്കുകയാണ്.
ബാബരി മസ്ജിദ് തകർക്കൽ കേസിൽ എല്ലാ പ്രതികളെയും കുറ്റമുക്തരാക്കിയതിനെക്കുറിച്ചും ‘രാമക്ഷേത്ര’ത്തെക്കുറിച്ചും സംസാരിക്കുകയാണ് അദ്ദേഹം ഇൗ അഭിമുഖത്തിൽ. സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങളാണ് ചുവടെ:
അയോധ്യയിലെ ബാബരി മസ്ജിദ് തകർക്കൽ കേസിൽ, പ്രതിചേർക്കപ്പെട്ടവർ സംഭവസ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് ഉറപ്പുനൽകുന്ന തെളിവുകളുണ്ടായിട്ടും ഒരാളുടെ പേരിലും കുറ്റം ചുമത്തപ്പെട്ടില്ല. ബാബരി മസ്ജിദ് തകർത്തതിൽ കുറ്റക്കാരെ ശിക്ഷിക്കുന്നതിൽ എന്തുകൊണ്ടാണ് ഇന്ത്യൻ നീതിന്യായ സംവിധാനം പരാജയമായത്? നീതി പുലരുന്നതിൽ ഇന്ത്യൻ ജുഡീഷ്യറിയുടെ പ്രതിബദ്ധത കളങ്കപ്പെടുത്തി, ബി.ജെ.പിയുടെയും അനുബന്ധ സംഘടനകളുടെയും നേതാക്കളുടെ സാന്നിധ്യം തെളിയിക്കുന്ന എല്ലാ തെളിവുകളും എങ്ങനെയാണ് മായ്ച്ചുകളയപ്പെട്ടത്?
കുറ്റകൃത്യം എത്രത്തോളം വലുതാകുന്നോ അത്രകണ്ട് അത് നടത്തിയവർ വില്ലനു പകരം ഹീറോ ആയി ഉയരാൻ സാധ്യത കൂടുമെന്ന് പറയാറുണ്ട്. അയോധ്യയിൽ ശ്രീരാമന്റെ പേരിലുള്ള ക്ഷേത്രത്തിന്റെ ഉദ്ഘാടനം ആഘോഷമാക്കുന്ന തിരക്കിലാണിപ്പോൾ രാജ്യം. അഥവാ, രാജ്യത്തിന്റെ സുപ്രധാന ദേശീയ സ്മാരകങ്ങൾ ഇനി അണക്കെട്ടുകളും വൈദ്യുതി നിലയങ്ങളുമെന്നതിന് പകരം ക്ഷേത്രങ്ങളും സ്തൂപങ്ങളുമായി രൂപമെടുക്കുകയാണ്. ഹിന്ദുസ്വത്വം അംഗീകരിക്കപ്പെടാതെ, മുമ്പ് വഴിയിൽ മറന്നുവെച്ചുപോയ മാനസിക ശാക്തീകരണം തിരിച്ചുപിടിച്ചേ പറ്റൂ എന്നാണ് നമ്മോടിപ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്നത്.
എന്നാൽ, അഭിമാനമുള്ള ഹിന്ദു യാഥാർഥ്യങ്ങളോട് പുറംതിരിഞ്ഞുനിൽക്കരുത്. ബാബരി മസ്ജിദ് ഉടമസ്ഥത 400 വർഷമായി സുന്നി വഖഫ് ബോർഡിനായിരുന്നു. ഹിന്ദുത്വ അവകാശവാദം വിശ്വാസത്തിന്റെ പുറത്താണ്, അടിസ്ഥാനപരമായി ഭരണഘടനാനിയമാനുസൃതമല്ല. എന്നാൽ, ഭരിക്കുന്നത് രാമക്ഷേത്ര വാഗ്ദാനവുമായി അധികാരമേറിയ ബി.ജെ.പിയാണെന്ന യാഥാർഥ്യത്തിനു മുന്നിൽ നീതിപീഠങ്ങൾ തലകുനിച്ചു. ജനകീയ നീതിന്യായം അക്ഷരങ്ങളിലെ നീതിക്കുമേൽ വിജയം വരിച്ചു. അത് സ്വാംശീകരിക്കാൻ കോടതികൾ ബുദ്ധി കാണിക്കുകയും ചെയ്തു. മൗലികാവകാശങ്ങളെയാണ് നീതിപീഠം ഇവിടെ പക്ഷപാതപരമായി മാറ്റിനിർത്തിയത്.
17 വർഷം നീണ്ട ലിബർഹാൻ അന്വേഷണ കമീഷൻ വിദിതമായി തിരിച്ചറിഞ്ഞതാണ്, തകർക്കാൻ ആർ.എസ്.എസ് പദ്ധതിയിട്ടുവെന്ന്. എന്നാൽ, സുപ്രധാനമായ ഈ തെളിവുകൾ അവഗണിക്കാനായിരുന്നു സുപ്രീംകോടതിയുടെയും സി.ബി.ഐ പ്രത്യേക കോടതിയുടെയും മനസ്സ്. അതോടെ, ആസൂത്രിതമായ തകർക്കലിന് ഒടുക്കം മതിയായ തെളിവില്ലാതായി. തകർക്കൽതന്നെയായിരുന്നു ബി.ജെ.പിക്ക് രാഷ്ട്രീയ ടിക്കറ്റ് എന്നിടത്താണ് ഇതത്രയുമെന്ന് ഓർക്കണം. നിലവിലെ രാഷ്ട്രീയ ഭരണകൂടത്തെ അസ്ഥിരപ്പെടുത്തുമെന്നതിനാൽ നിയമം പ്രയോഗിക്കൽ നിർവാഹമില്ലാത്തതായിരുന്നു.
രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ മസ്തിഷ്കം ആരായിരുന്നു? ഇതിന് നാന്ദി കുറിച്ചവർ മാതൃകയാക്കിയ മുൻമാതൃകകൾ ചരിത്രത്തിൽ മുമ്പുണ്ടായിരുന്നോ? രാജ്യം മുഴുക്കെ ഹിന്ദുത്വയുടെ പേരിൽ ജനത്തെ അണിനിരത്തിയും 2019 വരെ ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് വിജയം ഉറപ്പാക്കിയും അത് വളർന്നുകഴിഞ്ഞു.
‘‘ഞാൻ അതിന് ദേശീയ മുഖം നൽകി’’ –എന്ന് മുൻ ബി.ജെ.പി ജനറൽ സെക്രട്ടറി ഗോവിന്ദാചാര്യ ഒരിക്കൽ എന്നോട് പറഞ്ഞിരുന്നു. അവർ (ബി.ജെ.പിയിലെ മറ്റുള്ളവർ) മുസ്ലിം വിരുദ്ധതമാത്രം ആവേശിച്ചവരായിരുന്നെന്നും അദ്ദേഹം അന്ന് പറഞ്ഞു. പ്രചോദനമായത് ഏതെന്ന ചോദ്യത്തിന് രാമാനന്ദ് സാഗറിന്റെ ‘രാമായണം’ സുപ്രധാന പങ്കുവഹിച്ചെന്ന് പറയാനാകും. 1987ൽ അഹ്മദാബാദിൽ നടന്ന ബി.ജെ.പി ദേശീയ കോൺക്ലേവിൽ ആരും വന്നില്ലെന്നും ആ സമയത്തെ ‘രാമായണ’ സംപ്രേഷണമാണ് കാരണമെന്നും ‘ഫിനാൻഷ്യൽ പ്രസ്’ കോളമിസ്റ്റ് കൂടിയായ ബി.ജെ.പി നേതാവ് ജയ് ദുബാഷി പറഞ്ഞു.
അതേക്കുറിച്ച് ചോദിച്ചപ്പോൾ ദുബാഷി എന്നോട് പറഞ്ഞു, ‘‘അതിൽ ചിലതുണ്ടെന്ന് ഞങ്ങൾ അപ്പോൾ ചിന്തിച്ചുതുടങ്ങി.’’ അങ്ങനെ ടി.വി സീരിയൽ ചിത്രം വി.എച്ച്.പി തങ്ങളുടെ പ്രചാരണങ്ങളിൽ ഉപയോഗിച്ചുതുടങ്ങി. രാമായണ സീരിയലിൽതന്നെ കൃത്യമായ വി.എച്ച്.പി സന്ദേശങ്ങൾ ഉണ്ടെന്നു കാണാം. എന്റെ പുസ്തകത്തിൽ അത് കുറിച്ചിട്ടുണ്ട്. ആർ.എസ്.എസ് നേതാവ് സുദർശന്റെ വാക്കുകൾ ഒരു ഉദാഹരണം.
ഒരർഥത്തിൽ ഒരു ഹിന്ദു ഭൂരിപക്ഷ സമൂഹത്തിൽ പരസ്യമായി ഹിന്ദു നിലപാടുള്ള കക്ഷി ജയം പിടിക്കൽ അത്ഭുതപ്പെടുത്തുന്നതൊന്നുമല്ല. കോൺഗ്രസും ബി.ജെ.പിയും തമ്മിൽ അവിടെ അളവിലെ വ്യത്യാസങ്ങളേയുള്ളൂ. ഇരു കക്ഷികളും ഉയർന്ന ജാതിക്കാർക്ക് മേൽക്കൈയുള്ളവയാണ്. രാഷ്ട്രീയത്തിലെ വ്യത്യാസമാകട്ടെ, രീതികളിൽ മാത്രം –എങ്ങനെ ഒരു ഹിന്ദുവാകണം, ഹിന്ദു രാഷ്ട്രീയം എങ്ങനെ സ്വീകരിക്കണം, ഹിംസ പ്രകടമായി വേണോ എന്നിങ്ങനെ...
ഇന്ത്യ പോലൊരു വലിയ തെരഞ്ഞെടുപ്പ് ജനാധിപത്യ രാജ്യത്ത് ഒരു ന്യൂനപക്ഷ കക്ഷി എങ്ങനെ ഇത്രമേൽ പ്രതാപമുള്ള ശക്തിയായി സ്വയം എഴുന്നുനിന്നുവെന്നതിന് മുൻമാതൃകകളില്ല. ഒരു ചെറുസ്ഫുലിംഗം അതിവേഗം എല്ലാം വിഴുങ്ങുന്ന അഗ്നിയായി പടരുകയായിരുന്നു. 1984 വരെ ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രകടനപത്രിക ശരിയായ അർഥത്തിൽ കോൺഗ്രസിന്റെ ഒരു ജൂനിയർ കക്ഷി എന്ന നിലക്കുള്ളതായിരുന്നു. രഥയാത്രവരെ അവർ ഭരണകക്ഷിയാകുന്നതിനെക്കുറിച്ച് ആലോചിക്കുക പോലും ചെയ്തില്ല. അതിനുപോലും ഉണ്ടാക്കാവുന്ന സ്വാധീനം പരിമിതമായിരുന്നു. ഹിന്ദി മാധ്യമങ്ങളിലാണ് ഇത് അഗ്നി ചിതറിയത്. ഭൂരിപക്ഷ മത സ്വത്വത്തിലൂന്നിയ രാഷ്ട്രീയ അസ്തിത്വത്തിന്റെ ശക്തിയാണിത്. ഹിന്ദു വൈവിധ്യമുൾക്കൊള്ളുന്ന നിരവധി കക്ഷികൾ ഇവിടെയുണ്ട്. എന്നിട്ടും ഒന്നേ പാടുള്ളൂ എന്നാണ് നമ്മോടിപ്പോൾ പറയുന്നത്.
രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ നായകനും ശിൽപിയുമായ എൽ.കെ. അദ്വാനി, ഇന്ത്യൻ രാഷ്ട്രീയത്തിൽ ഹിന്ദുത്വക്ക് അടിത്തറ പാകിയ ആളായിട്ടും എന്തുകൊണ്ടാകും ബി.ജെ.പി നേതൃത്വം രണ്ടാം സ്ഥാനത്തേക്ക് അദ്ദേഹത്തെ തള്ളിയത്? ആ തീരുമാനത്തിൽ ആർ.എസ്.എസിന്റെ പങ്ക് എന്താണ്?
ഹിന്ദുത്വയുടെ മുഖമായ എൽ.കെ. അദ്വാനിയെ എങ്ങനെയാണ് അടുത്ത തലമുറ നേതൃത്വം അരികിലാക്കിയത് എന്നത് വിരോധാഭാസമാണ്. പ്രയോഗത്തിലുള്ള കക്ഷിരാഷ്ട്രീയത്തിലെ അന്തർധാരകളാകാം അവിടെയും പ്രവർത്തിച്ചത്. തനിക്ക് പൂർവഗാമികളില്ലെന്ന് അവകാശപ്പെടാനാണ് മോദിക്ക് താൽപര്യം. അദ്വാനിയെ അംഗീകരിക്കണമെന്ന് അദ്ദേഹത്തിനില്ല. നിർണായക മധ്യസ്ഥനായി നിലയുറപ്പിച്ച് മോദിയെ ഉപദേശിക്കുകയും ദേശീയ മാധ്യമങ്ങളുമായി ബന്ധം സ്ഥാപിച്ചെടുക്കാൻ സഹായിക്കുകയും ചെയ്ത, അന്തരിച്ച അരുൺ ജെയ്റ്റ്ലിയെ ഓർക്കണം.
ഇന്ത്യയെ കാവിവത്കരിക്കാനുള്ള സംഘ്പരിവാർ നീക്കത്തിൽ രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ ഉത്തരകാണ്ഡമാണോ ഗുജറാത്ത് വംശഹത്യ? അയോധ്യ സംഭവത്തിനു പിന്നാലെ നടന്നതുപോലെ ഗുജറാത്തിലും നടന്ന വംശഹത്യയും നാശങ്ങളും മാത്രമല്ല, സംസ്ഥാനത്തെ കാവിവത്കരിക്കൽ, ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി 2014ലെ തെരഞ്ഞെടുപ്പിൽ ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി അവരോധിക്കപ്പെടൽ... ഇവയെല്ലാം ഈ സന്ദേഹം സ്ഥിരീകരിക്കാൻ പോന്നതാണ്. ഇങ്ങനെയൊക്കെ സംശയിക്കുന്നതിൽ വസ്തുതയുണ്ടോ?
ആർ.എസ്.എസ് ഒരു രാഷ്ട്രീയ സംഘടനയല്ല –പലഘട്ടങ്ങളിൽ നിരോധനം നേരിട്ട ഒരു നിഗൂഢ സംഘടനയായിരുന്നു. അതുകൊണ്ടുതന്നെ 100 വർഷത്തെ അതിന്റെ ചരിത്രത്തിൽ പലപ്പോഴും അത്ര ആദരിക്കപ്പെട്ടതുമല്ല. എന്നാൽ, ആർ.എസ്.എസ് രാഷ്ട്രീയവിഭാഗം അധികാരമേറിയതോടെ അതിന്റെ നയങ്ങളിപ്പോൾ രാഷ്ട്രീയ നയമായി രൂപമെടുത്തിട്ടുണ്ട്.
സ്വാഭാവികമായും നാം പ്രതീക്ഷിക്കുംപോലെ കാവിവത്കരണത്തിന്റെ ആ പദ്ധതി പരുഷമാണ്. ഒത്തുതീർപ്പുകൾക്ക് വിസമ്മതം, അംഗീകരിക്കുക മാത്രമേ പാടുള്ളൂ, വിമർശനമരുത്... എന്നിവ മോദി അധികാര സൗന്ദര്യശാസ്ത്രത്തിന്റെയും കറകളഞ്ഞ സാമർഥ്യത്തിന്റെയും പാർശ്വഫലങ്ങളാണ്. മോദി നിലവിൽ ഒരു ആർ.എസ്.എസുകാരനാണ് എന്നതിനൊപ്പം ആർ.എസ്.എസ് തന്റെ അധികാരത്തെ ചോദ്യംചെയ്യുന്നത് അനുവദിക്കാനിടയില്ലാത്ത നേതാവ് കൂടിയാണ്.
എന്നുവെച്ചാൽ, ആർ.എസ്.എസിനെ നിർവചിക്കുന്നതിപ്പോൾ മോദിയാണ്. കിസാൻ ആന്ദോളനിൽ സംഭവിച്ചപോലെ ഒരു പോരാട്ടം പരാജയപ്പെട്ടെന്നുവെച്ച് അടുത്ത പോരാട്ടത്തിൽ കൂടുതൽ വഴക്കവും പൊതുജന ശബ്ദങ്ങളോട് അനുതാപവും അദ്ദേഹത്തിൽനിന്ന് പ്രതീക്ഷിക്കാനാകുമോ? അദ്ദേഹത്തിന്റെ കർമപരിപാടി മാറ്റമില്ലാതെ തുടരുമെന്നാണ് തോന്നുന്നത്. തോൽവി ഒരു ചെറിയ തിരിച്ചടി മാത്രം. പുനർവിചിന്തനത്തിന് അവസരമാകുന്നില്ല.
ഇന്ത്യക്കാർ എത്രകണ്ട് സഹിഷ്ണുക്കളും ജനാധിപത്യവാദികളുമാണെന്ന് നമ്മോട് പറഞ്ഞുകൊണ്ടിരുന്നതാണ്, ഇപ്പോഴും മോദിയുടെ വാദം അതുതന്നെയാണ് താനും. ഇന്നിപ്പോൾ എത്രത്തോളം പരസ്യമായ അക്രമം നേരിട്ട് അനുഭവിക്കാനുള്ള അവസരമാണ് ഇന്ത്യക്കാർക്ക്. ഗുജറാത്ത് കലാപങ്ങൾ മുൻ ആസൂത്രിതമല്ലെന്നാണ് വ്യക്തമാകുന്നത്.
‘കത്തുന്ന ട്രെയിൻ’ –അതുപോലും അപ്രതീക്ഷിതമാകാം– അവർ അവസരമാക്കിയെന്ന് മാത്രം. സബർമതി എക്സ്പ്രസിൽ സംഭവിച്ചപോലെ കോച്ചിനകത്തെ അഗ്നിബാധ അഗ്നിസുരക്ഷാ ചട്ടങ്ങൾ പറയുന്നിടത്ത് ഏവർക്കും പരിചയമുള്ളതാണ്. അവയുടെ വ്യാപനം പലപ്പോഴും മാരകമായിരിക്കും.
വർഷങ്ങളായി സംഭവിച്ചുകഴിഞ്ഞ വർഗീയ ധ്രുവീകരണമാണ് ഇവിടെ ചിലർക്ക് ഗുണം ചെയ്തത്. അതിന് തദ്ദേശീയമായ സ്വഭാവംകൂടി ഉണ്ടായിരുന്നെന്ന് മാത്രം. എൻ.ഡി.ടി.വിയും മറ്റുമുള്ളതിനാൽ ഇന്ത്യയിലെ ആദ്യത്തെ തത്സമയ സംപ്രേഷണം നടന്ന കലാപം, നൂറ്റാണ്ടുകളായി അനുഭവിച്ചുപോരുന്ന പീഡനമെന്ന പതിവു വാദങ്ങളിൽനിന്ന് ഉരുളക്ക് ഉപ്പേരിയെന്നതലത്തിലും അവതരിപ്പിക്കപ്പെട്ടു.
സാധ്യതകളെല്ലാം സൂചിപ്പിച്ചത് യാദൃച്ഛികതയിലേക്കായിരുന്നെങ്കിലും ജനങ്ങളെ കൊല്ലാൻ മുസ്ലിം ഗൂഢാലോചനയുണ്ടെന്നായി പ്രഖ്യാപനം. നിയമപ്രക്രിയ നടക്കട്ടെയെന്ന് പറയുന്നതിന് പകരം രാഷ്ട്രീയ നേതാക്കളും പ്രതികാരവുമായി ഇറങ്ങാൻ ആഹ്വാനം ചെയ്തപ്പോൾ വലിയ ജനാവലി അവർക്കായി രംഗത്തിറങ്ങുക സ്വാഭാവികം. കേന്ദ്രത്തിലും സംസ്ഥാനത്തും അപ്പോൾ ബി.ജെ.പിക്കായിരുന്നു അധികാരം. അതോടെ, കലാപത്തിന് ദേശീയഛായയും കൈവന്നു. ഒരു പ്രാദേശിക വിഷയമെന്നതിനു പകരം മോശം പെരുമാറ്റം നേരിട്ട, രോഷാകുലനായ ഹിന്ദുവിന്റെ ദേശീയ പ്രതികരണമാണെന്നും അത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും വന്നു.
അങ്ങനെ ‘രാമജന്മഭൂമി’ക്കുശേഷം കാവിവത്കരണത്തെ വളർത്തുന്നതിൽ തീർച്ചയായും ഏറ്റവും വലിയ സമാനഘടകമായി ഗുജറാത്ത് കലാപങ്ങൾ മാറി. ബാബരി മസ്ജിദ് തകർത്തയുടൻ, ‘ഇന്ത്യ ടുഡേ പോലുള്ള മാസികകൾ എങ്ങനെ രാജ്യത്ത് മതേതരമൂല്യങ്ങൾ തിരികെ പിടിക്കാമെന്ന സർവേ നടത്തിയിരുന്നു. എന്നാൽ, ഗുജറാത്ത് വംശഹത്യക്കുശേഷം അതിക്രമങ്ങളെക്കുറിച്ച് മാത്രമായി വിഷയങ്ങൾ ഒതുങ്ങി. മുസ്ലിംകൾക്കെതിരെ നടന്ന പരസ്യമായ അതിക്രമങ്ങൾ ഇവിടെ ജനകീയവത്കരിക്കപ്പെടുകയായിരുന്നു. മുമ്പുണ്ടായപോലെ മാപ്പു ചോദിക്കേണ്ട ഒന്നാകുകയായിരുന്നില്ല.
ദൂരദർശൻ സംപ്രേഷണം ചെയ്ത ‘രാമായണം’ പോലുള്ള പരമ്പരകൾ രാജ്യത്ത് സംഘ്പരിവാറിന്റെ ഹിന്ദുത്വ ദേശീയത പദ്ധതിക്ക് എത്രകണ്ട് പിന്തുണയായിട്ടുണ്ട്? 1980കളിൽ രാമജന്മഭൂമി പ്രസ്ഥാനത്തിന് ആളെകൂട്ടുന്ന സമയത്തുതന്നെ രാമായണ സംപ്രേഷണം പരമ്പരയായി വന്നത് ഹിന്ദുത്വ ദേശീയതയെ വളർത്താനുള്ള വലിയ പദ്ധതിയുടെ ഭാഗമാണെന്നു പറയാമോ? വല്ല തെളിവും?
അവയെല്ലാം യാദൃച്ഛികമായി സംഭവിച്ചവയാണ്. പിന്തിരിഞ്ഞുനോക്കിയാൽ എല്ലാം അനിവാര്യതപോലെ തോന്നും. നമ്മുടെ പ്രശ്നം –വല്ലതിനെയും വേറിട്ടുകാണാൻ നമുക്കാകില്ലെന്നതാണ്. ആകസ്മികമായി മറ്റു ചില സംഭവങ്ങളാണ് അരങ്ങേറിയിരുന്നതെങ്കിൽ കാര്യങ്ങൾ മറ്റൊരു രീതിയിലാകുമായിരുന്നു. ഹിന്ദുത്വ എന്നത് ദീർഘകാലമായുള്ള പദ്ധതിയാണ്. അതുകൊണ്ടുതന്നെ, ആ അർഥത്തിൽ ഇവക്കെല്ലാം ആസൂത്രണവുമുണ്ടായിരുന്നു. വിശദമാക്കിയാൽ, ആർ.എസ്.എസ് നേതാവ് ഗോൾവാൾക്കർ സംഘടനയെ നയിച്ചു. ബി.ജെ.പി ഓരോ സുഭഗമായ ഇടവേള കഴിഞ്ഞും അടുത്തത് വരിച്ചുകൊണ്ടിരുന്നു.
ആദ്യമായി, രാമജന്മഭൂമി സമരവുമായി ഇറങ്ങുന്നത് കോൺഗ്രസ് എം.പി ദൗ ദയാൽ ഖന്നയായിരുന്നു. അതിനുശേഷം രാജീവ് ഗാന്ധിക്കു കീഴിൽ ബാബരി മസ്ജിദിന്റെ വാതായനങ്ങൾ ഹിന്ദു ആരാധനക്കായി തുറന്നുകൊടുക്കുന്നു. പിന്നീട്, ഔദ്യോഗിക ടെലിവിഷൻ ചാനൽ പുലർത്തേണ്ട മതേതര മൂല്യങ്ങൾ മാറ്റിനിർത്തി ഹിന്ദു ഭക്തി പരിപാടികൾ സംപ്രേഷണം ചെയ്യുന്നു. രാജീവ് ഗാന്ധിക്കു കീഴിൽ വിവര, സംപ്രേഷണ സെക്രട്ടറിയായിരുന്ന എസ്.എസ്. ഗിൽ പറഞ്ഞിട്ടുണ്ട്, ‘രാമായണ’ തന്റെ ആശയമായിരുന്നെന്ന്. ഭക്തി രീതിയിൽ രാമാനന്ദ സാഗർ അതിനെ കൈകാര്യം ചെയ്തത് വിമർശിക്കുന്ന ഗിൽതന്നെ അവതരിപ്പിച്ചത് കോൺഗ്രസുകാരനായ ഇടതുപക്ഷക്കാരനായാണ്.
1984ൽ ബി.ജെ.പിക്ക് ലോക്സഭയിൽ രണ്ടായിരുന്നു സീറ്റ്. രാമായണ പരമ്പരയും രാമജന്മഭൂമി ആന്ദോളനും കൂടിയായതോടെ 1998ൽ പാർട്ടി അധികാരത്തിലെത്തി. വ്യത്യസ്ത തീരുമാനങ്ങളെടുക്കാൻ കാര്യങ്ങൾ പലതുണ്ടാകാം. പക്ഷേ, കാവിവത്കരണത്തിലേക്ക് നയിച്ച് ഇതെല്ലാം ചേർന്നാണ്.
അത്രയും മുൻനിർത്തി പറഞ്ഞാൽ, അധികാരം പിടിക്കാൻ രാഷ്ട്രീയ യുക്തി പ്രയോഗിക്കുകയും അതിന് സൈദ്ധാന്തിക അർഥം തേടുകയും ചെയ്യുന്നതിൽ ശരിയുണ്ട്. രാമായണത്തിൽ തുടങ്ങി ടെലിവിഷൻ പരിപാടിയുടെ ജനപ്രിയത തെരഞ്ഞെടുപ്പ് വിജയമാക്കി പരിവർത്തിപ്പിച്ച ആദ്യ കക്ഷിയാണിത്. ആ പരമ്പര ശരിക്കും ബി.ജെ.പിയെ പുനർനിർമിക്കുകയായിരുന്നു. അവരെയങ്ങനെ ദേശീയ ശ്രോതാക്കൾക്കായി മത്സരിക്കുന്നവരാക്കി. കോൺഗ്രസിന് സാധ്യമാകുന്നതിലുപരി വേഗത്തിൽ അവർ സ്വന്തം കേൾവിക്കാരെ വളർത്തിയെടുത്തു.
അപ്പോഴും പുതിയ കാല സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഒരു ആർ.എസ്.എസ് തിരക്കഥയുണ്ടെന്ന് പറയാനാകില്ല. കാഡറുകളെ രൂപപ്പെടുത്തിയെടുക്കാൻ ദീർഘകാല പദ്ധതികളല്ലാതെ ‘പരസ്യങ്ങളെ’ അവലംബിക്കുന്ന രീതിക്കെതിരെ ഗോൾവാൾക്കർ മുന്നറിയിപ്പ് നൽകുന്നുണ്ട്. സ്വതന്ത്രമായ രാഷ്ട്രീയ സ്വത്വത്തിനു പകരം കോൺഗ്രസിനെ പിന്തുണക്കാനായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം. നേരെ മറിച്ച്, 1993 ആകുമ്പോഴേക്ക് വിജയമെന്ന മായാദർശനം മുന്നിൽ നിർത്തുന്നതിനെക്കുറിച്ചാണ് എൽ.കെ. അദ്വാനി സംസാരിക്കുന്നത്. എന്നുവെച്ചാൽ, ഇത്തരം ചിന്തകൾ ബി.ജെ.പിക്ക് ഈ ഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിലുള്ളത് മാത്രമായിരുന്നു. കാഡറുകളല്ലാത്ത പ്രേക്ഷകർക്ക് ഹിന്ദുത്വയെ എങ്ങനെ അവതരിപ്പിക്കുമെന്നത് പുതുമയേറിയതും. അപ്പോൾ പിന്നെ, ഒരു പദ്ധതിയായി അവതരിപ്പിക്കുന്നതിന് പകരം മായാബോധമായാണ് ശ്രോതാക്കളോട് പങ്കുവെക്കുന്നത്.
എല്ലാറ്റിലുമുപരി, ഹിന്ദുരാഷ്ട്ര നിർമിതിക്കായി സ്വന്തം വ്യക്തിത്വത്തെ മാറ്റിനിർത്താൻ ആർ.എസ്.എസ് ഓരോരുത്തരെയും പരിശീലിപ്പിക്കുന്നുണ്ട്. എന്നിട്ടും, ഈ ചട്ടക്കൂട് പൊളിച്ച് തനിക്ക് ചുറ്റും ഒരു പരിവേഷവും പ്രഭാവലയവും മോദി തീർത്തിട്ടുണ്ട്. ഗോൾവാൾക്കർ വിഭാവന ചെയ്തപോലെ രാജ്യത്തോളം വിശാലമായ, അഥവാ രാജ്യ സമർപ്പണത്തിന് പ്രതിഫലം എല്ലാവരും പങ്കുപറ്റുന്ന ഒരു കർമനിരക്ക് പകരം നാം പുറത്തുകാണുന്നത് വ്യത്യസ്തമായ മറ്റൊന്നാണ്. വിപുലവും ചലിച്ചുകൊണ്ടിരിക്കുന്നതുമായ ഒരു രക്ഷകസേന പിറവിയെടുത്തിട്ടുണ്ട്. അവർ ഗോചരലോകത്തെന്നപോലെ ഓൺലൈനിലുമുണ്ട്. അവിടെ ത്യാഗത്തിന്റെ സ്വഭാവത്തിനിത്തിരി മാറ്റമുണ്ട്. ത്യാഗം മറ്റുള്ളവന്റേതാകും. ആ കാഴ്ച നാം ആസ്വദിക്കും.
അയോധ്യയിൽ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. ഈ ക്ഷേത്രം നൽകുന്ന ദീർഘകാല ഫലങ്ങളും സൂചനകളും എന്തൊക്കെയാകും? പോയവർഷങ്ങളിൽ ഇന്ത്യ നിലയുറപ്പിച്ചതിനെയെല്ലാം ഇല്ലാതാക്കുന്ന ശാപമായി മാറുമോ?
അത് നേരത്തേ പറഞ്ഞതാണ്, ഇനിയും ആവർത്തിക്കുന്നില്ല.
ഹിന്ദുത്വവാദികൾ ബാബരി മസ്ജിദ് തകർക്കുന്നു
അയോധ്യപോലെ ഒരു മതചിഹ്നം ദേശീയ വികസനവുമായി ഇത്രമേൽ രാഷ്ട്രീയ നേതാക്കൾ ചേർത്തുപറഞ്ഞ രാജ്യാന്തര മാതൃകകൾ വല്ലതുമുണ്ടോ?
മക്കയിലെ കഅ്ബ നവീകരണവുമായി ബന്ധപ്പെട്ട് സൗദി അറേബ്യയിൽ രാജാക്കന്മാർ ചെയ്യുന്നത് വേണേൽ ഒരു മാതൃകയായി പറയാം. പാശ്ചാത്യ രാജ്യങ്ങൾ മതം ആഘോഷിക്കുന്നുണ്ട്. ലൂഥറുടെ നവോത്ഥാനത്തിന് 500 ആണ്ട് തികഞ്ഞത് ജർമനി ആഘോഷിച്ചിരുന്നു. ഇവിടെ പക്ഷേ, മതമെന്നത് സാമൂഹിക പരിഷ്കരണ മൂല്യങ്ങളും ഒപ്പം സമർപ്പണത്തിന്റെ മുദ്രയുമാണ്. രാമക്ഷേത്രം നിരവധി കാര്യങ്ങളെ പ്രതീകവത്കരിക്കാം. എന്നാൽ, ഉദ്ഘാടനം പ്രതിനിധാനം ചെയ്യുന്നത് മറ്റു പലതുമെന്നപോലെ ഹിന്ദു പ്രതീകാത്മകതയെ ദേശീയവത്കരിക്കാനുള്ള ശ്രമംകൂടിയാണ്. അവിടെ പിറവിയെടുക്കുന്ന എല്ലാ കവിതയും ഗദ്യവും ഹിന്ദുത്വയുടെ സന്ദേശം വഹിക്കുന്നതായി മാറുന്ന രാഷ്ട്രീയ പദാവലിയുമാണ്. ഇത് പരാജയപ്പെടുമെന്ന് നമുക്ക് പ്രവചനം നടത്താം. അപ്പോഴും, ഹിന്ദുമതത്തെ ബി.ജെ.പി കണ്ടുപിടിച്ച ഒരു രാഷ്ട്രീയ ദേവാലയമാക്കി പരിവർത്തിപ്പിക്കാനുള്ള സാധ്യതയും അവിടെ നിലനിൽക്കുന്നു. നിലവിൽ, ഹിന്ദുമതത്തെ ഏകീകരിക്കാനുള്ള നീക്കങ്ങൾ രാഷ്ട്രീയമാണ്, മതപരമല്ല. അമേരിക്കയിലെ ഇവാഞ്ചലിക്കൽ ക്രിസ്ത്യൻ ദർശനംപോലെ രാഷ്ട്രീയ അവസരം പ്രയോജനപ്പെടുത്താനുള്ള ബോധപൂർവമായ തീരുമാനത്തിന്റെ പുറത്താണിത്. ട്രംപായിരുന്നു അതിന്റെ വക്താവ്. ആത്മീയതയുടെ ഘടകം ഒരു ഘടകം മാത്രം.
വിഷയം തങ്ങളുടേത് എന്നതിലുപരി ബി.ജെ.പിയുടേതായിട്ടും ബാബരി മസ്ജിദ് തകർക്കപ്പെടാൻ എന്തുകൊണ്ടാണ് കോൺഗ്രസ് അനുവദിച്ചിട്ടുണ്ടാകുക?
അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു ചിന്തിച്ചത് തനിക്ക് ഇത് പൊളിക്കുന്നത് തടയാനാകില്ലെന്നാണ്. അതിന് അദ്ദേഹം ശ്രമം നടത്തിയാൽതന്നെ ഈ എതിർപ്പ് ഒരു അവസരമാക്കി സമരം ഊർജിതമാക്കാനാകും ബി.ജെ.പി നീക്കം. മുലായം സിങ്ങിനു കീഴിൽ അത് അവർ ചെയ്തതാണ്. മുല്ല മുലായം സിങ് എന്നായിരുന്നു ബി.ജെ.പി അദ്ദേഹത്തെ വിളിച്ചത്. ഇത് തകർത്തിട്ടും അത് രാഷ്ട്രീയ വിജയമാക്കി മാറാതെ ശ്രദ്ധിക്കുന്നതിൽ നരസിംഹ റാവു വിജയിച്ചു –1990കളിലേറെയും കോൺഗ്രസ് തന്നെയായിരുന്നു ഭരണത്തിൽ. അതിനുശേഷം പക്ഷേ, പൊതുസമൂഹത്തിൽ കാവി പരക്കൽ അതിവേഗത്തിലായെന്നത് വേറെ കാര്യം.
ഉമാ ഭാരതിയും എൽ.കെ. അദ്വാനിയും
ഹിന്ദുത്വയെ പരസ്യമായി എതിർക്കുന്ന മുഖ്യധാരാ ഇടതുകക്ഷികൾപോലും എന്തുകൊണ്ടാണ് ബാബരി മസ്ജിദ് തകർക്കുന്നതിനെ വേണ്ടത്ര ചെറുത്തുനിൽക്കാതിരുന്നത്?
ഭീതിയും ഹിംസയും അഴിച്ചുവിട്ടാണ് പലപ്പോഴും സാമുദായിക ഏകോപനം സാധ്യമാക്കുന്നത്. ഹിന്ദുമതം അപകടാവസ്ഥയിൽ എന്നത് ആളുകളെ സ്വരുക്കൂട്ടാൻ ശേഷിയേറെയുള്ള കരച്ചിലാണ്. തൊഴിലാളി വർഗം അപകടാവസ്ഥയിൽ എന്നോ സോഷ്യലിസം അപകടത്തിൽ എന്നോ പറയുന്നതിന് അത്രമേൽ ആളെ കൂട്ടാനാകില്ല. ഇടതുകക്ഷികൾ ഇത്തരം സ്വത്വങ്ങളിലാണ് ശ്രദ്ധയൂന്നിയത്. ഇതാകട്ടെ, പലതായി ചിതറാൻ സാധ്യതയുള്ളവയാണ്. തൊഴിലാളികൾക്ക് സാമ്പത്തിക നേട്ടങ്ങൾക്കായി യൂനിയനുകളെയും മാനസിക നേട്ടങ്ങൾക്ക് ബി.ജെ.പിയെയും തുണച്ചാൽ മതി എന്നുവന്നു.
അവിടെ, ഹിന്ദു അഭിമാനത്തെ ആണയിട്ടുറപ്പിക്കലുണ്ട്. ഒരിടത്ത് ചേർന്നുനിൽക്കാനായതിന്റെ അഭിമാനമുണ്ട്. അതിലുപരി, യഥാർഥ ഐക്യമെന്നത് ഏറിയകൂറും അമൂർത്തവും സാങ്കൽപികവുമാണെന്ന ധാരണയുമുണ്ട്. പ്രയോഗത്തിൽ വേറിട്ടുനിൽക്കലിന്റെയും പുറംതള്ളലിന്റെയും അരികുവത്കരണത്തിന്റെയും അടരുകൾ പലത് നിലനിൽക്കുന്നുണ്ട്. അവയെല്ലാം ചേർന്ന് സാമുദായിക ഘടനയെ ചിതറിക്കുന്നുമുണ്ട്. രാഷ്ട്രീയ സ്വാധീനങ്ങൾക്ക് വശംവദമാകാൻ ഇതത്രയും എളുപ്പമെന്നുറപ്പ്.
(മൊഴിമാറ്റം: കെ.പി. മൻസൂർ അലി)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.