ജ്ഞാനപീഠ ജേതാവും കൊങ്കണി ഭാഷയുടെ കുലപതിയുമായ ദാമോദർ മൗജോ സംസാരിക്കുന്നു. എഴുത്ത്, ജീവിതം, നിലപാടുകൾ, സാഹിത്യത്തിലെ പുതുകാല പ്രവണതകൾ, പരിസ്ഥിതി എന്നിങ്ങനെ വിവിധ വിഷയങ്ങളിലൂടെയാണ് സംഭാഷണം മുന്നോട്ടുനീങ്ങുന്നത്.
മജോര്‍ദാ റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്ന് കിടക്കുന്ന പഴയൊരു ഓടിട്ട വീട്ടിലാണ് ജ്ഞാനപീഠം ജേതാവായ ദാമോദര്‍ മൗജോ താമസിക്കുന്നത്. കൊങ്കണിയെന്ന ചെറിയ ഭാഷ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ രചനകളിലൂടെയാണ്. പോർചുഗീസിലും ഇംഗ്ലീഷിലും മറാത്തിയിലും പ്രാവീണ്യമുണ്ടായിട്ടും സ്വന്തം ഭാഷയെ സ്നേഹത്തോടെ ചേര്‍ത്തുപിടിക്കുന്നതുകൊണ്ടാണ് അദ്ദേഹം വ്യത്യസ്തനാകുന്നത്. ലാളിത്യമാണ് ഈ എഴുത്തുകാരന്റെ മുഖമുദ്ര.
ഭാഷയുടെ രൂപകങ്ങള്‍ക്കപ്പുറം സാഹിത്യത്തിലൂടെ സാധാരണമനുഷ്യരുടെ ജീവിതമാണ് അദ്ദേഹം തുറന്നുവെക്കുന്നത്. പ്രാദേശിക ഭാഷകളെ ഉന്മൂലനം ചെയ്താണ് അധിനിവേശം അപമാനവീകരണത്തിന്റെ ഭൂപടങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. കല, സാഹിത്യം, കൃഷി തുടങ്ങി മനുഷ്യന്റെ വിനിമയമേഖലകളൊന്നുംതന്നെ തന്റെ എഴുത്തിന് അന്യമല്ലെന്ന് അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ അടിവരയിടുന്നു. മലയാളഭാഷ നിലനിൽപിനായുള്ള സമരത്തിലേര്‍പ്പെടുന്ന സാഹചര്യത്തില്‍ കൊങ്കണിഭാഷയില്‍ മൗലികമായ രചനകള്‍ നടത്തുന്ന ക്രാന്തദര്‍ശിയായ മൗജോയുടെ വാക്കുകള്‍ നമുക്ക് കേള്‍ക്കാം.
ഒരെഴുത്തുകാരനെന്ന നിലയില്‍ താങ്കളുടെ സാമൂഹികബോധം സൃഷ്ടിച്ചെടുക്കുന്നതില്‍ ബാല്യകാലാനുഭവങ്ങള്‍ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്?
എഴുത്തുകാരെ മാത്രമല്ല, സകലമനുഷ്യരെയും സൃഷ്ടിക്കുന്നത് ബാല്യമാണ്. എന്റെ മാതാപിതാക്കള്‍ സ്വതന്ത്രചിന്തയുള്ളവരായിരുന്നു. ഗോവയില്‍ പ്രാഥമികവിദ്യാഭ്യാസത്തില്‍ എല്ലാവര്‍ക്കും പോർചുഗീസ് ഭാഷ നിര്‍ബന്ധിതമായിരുന്നു. നാലാം ക്ലാസിനുശേഷം ഞങ്ങള്‍ മറ്റുഭാഷകളിലേക്ക് കടന്നു. കലയും സംഗീതവും നാടോടിപ്പാട്ടുകളും നിറഞ്ഞ ചുറ്റുപാട് എന്റെ ബാല്യത്തെ ആഴത്തില്‍ സ്പര്‍ശിച്ചിരുന്നു. ‘‘മൈ നയിം ഈസ് ആന്റണി ഗോണ്‍സാല്‍വസ്’’ എന്ന ബോളിവുഡ് സിനിമാഗാനം രചിച്ച ലക്ഷ്മണ്‍കാന്ത് പ്യാരിലാലിനെ ഞാന്‍ ഓര്‍ക്കുന്നു. നമ്മള്‍ പുസ്തകം വായിക്കുന്നതുപോലെ തുടര്‍ച്ചയായി അയാള്‍ പാട്ടുപാടുമായിരുന്നു. പിയാനോപോലെ, വയലിന്‍പോലെ സംഗീതവും കുട്ടികള്‍ക്ക് ഹരം പകര്‍ന്നു.
പാട്ടുപാടാനും ഗാനം രചിക്കാനുമൊക്കെ അദ്ദേഹം ആളുകളെ പഠിപ്പിച്ചു. അദ്ദേഹം മജോര്‍ദയിലായിരുന്നു. സംഗീതത്തിന് മനുഷ്യനെ അടുപ്പിക്കാനാകും. അയാളുടെ ഇളയ സഹോദരന്‍ എന്റെ പ്രായക്കാരനായിരുന്നു. ഈ വഴിയിലൂടെയായിരുന്നു അവന്റെ അമ്മ പള്ളിയില്‍ പോയിരുന്നത്. എന്റെ അമ്മയുമായി അവര്‍ സംസാരിക്കും. ഒരുദിവസം അമ്മയെ കാണാതിരുന്നപ്പോള്‍ അവര്‍ ചോദിച്ചു. അമ്മ എവിടെപ്പോയി? അമ്മ പനിച്ചുകിടക്കുകയായിരുന്നു. അവരെന്റെ കരച്ചില്‍ കേട്ടു. അമ്മ ഭക്ഷണംപോലും കഴിക്കാനാവാതെ കിടക്കുന്നു. എനിക്കവന് മുല കൊടുക്കാനാവില്ല. അമ്മ പറഞ്ഞു. അവനെ ഇങ്ങോട്ട് കൊണ്ടുവരൂ.
ഞാന്‍ മുലയൂട്ടാം. അവര്‍ പറഞ്ഞു. എന്റെ അമ്മ ആഹ്ലാദവതിയായി. അവര്‍ ക്രിസ്ത്യാനിയായിരുന്നു. എന്റെ വീട്ടിലാരെങ്കിലും വേണ്ടെന്ന് പറഞ്ഞോ? ഇന്നാണെങ്കില്‍ ബന്ധുക്കള്‍പോലും ഇങ്ങനെ ചെയ്യില്ല. അവരൊന്നും സ്നേഹിക്കാനും മുലപ്പാലടക്കം പങ്കുവെക്കാനും മതത്തെ ഒരു തടസ്സമായി കണ്ടില്ല. ഇതുപോലുള്ള സാംസ്കാരികമായ നേര്‍വിനിമയങ്ങള്‍ കുറയുന്പോഴാണ് മതത്തിന് ജീവനില്ലാതാകുന്നത്. മതാതീതമായ സാഹോദര്യം മാതാപിതാക്കളില്‍നിന്നും ചുറ്റുപാടുകളില്‍നിന്നും പഠിക്കുന്നതാണ്. ഞങ്ങള്‍ ഗ്രാമത്തിലുള്ളവരെല്ലാം ഒരേ അമ്മയുടെ മക്കളായിരുന്നു.
സാമൂഹികജീവിതത്തിന്റെ ചാലകശക്തിയായ കൃഷിയും കച്ചവടവുമൊക്കെ ഒത്തൊരുമയോടെ സഹകരിച്ച് ചെയ്യുന്നതിന്റെ മൂല്യങ്ങള്‍ അവരിലുണ്ടായിരുന്നു. ആഹാരം പാചകം ചെയ്ത് പങ്കുവെച്ചു കഴിക്കുന്നത് ഞങ്ങളുടെ സാംസ്കാരിക വിനിമയം അരക്കിട്ടുറപ്പിച്ചിരുന്നു. ഇന്നത്തെ പാക്കറ്റ് ഫുഡ് സംസ്കാരത്തിന് അത് സാധ്യമാവുന്നില്ലല്ലോ. കഴിക്കുന്ന ആഹാരവും ധരിക്കുന്ന വസ്ത്രവും നമ്മുടെ ഭൂമിശാസ്ത്രത്തിനും ആരോഗ്യത്തിനും ഉചിതമാണോയെന്ന് തിരിച്ചറിയാതെയാണ് ഇപ്പോഴത്തെ തലമുറ സ്വീകരിക്കുന്നത്. പലഹാരങ്ങള്‍ ക്രിസ്മസിനും ദീപാവലിക്കും ഉണ്ടാക്കി വീടുകളില്‍ വിതരണം ചെയ്യുന്നത് കുട്ടികളുടെ സൗഹൃദങ്ങളില്‍ കൂടുതല്‍ ഇഴയടുപ്പമുണ്ടാക്കിയിരുന്നു.
സ്വാതന്ത്ര്യത്തിനു മുന്പും ശേഷവും നമ്മുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചിന്തയില്‍ വന്ന മാറ്റങ്ങളെ എങ്ങനെയാണ് കാണുന്നത്?
അന്ന് ഇന്ത്യക്ക് ബ്രിട്ടീഷുകാരില്‍നിന്നും ഗോവക്ക് പോർചുഗീസുകാരില്‍നിന്നും രാഷ്ട്രീയസ്വാതന്ത്ര്യം വേണമായിരുന്നു. ഇന്ന് സാമൂഹിക സ്വാതന്ത്ര്യം വേണം. നമുക്കിതുവരെ ജാതിമത സങ്കുചിത കാഴ്ചപ്പാടില്‍നിന്നും സ്വാതന്ത്ര്യം കിട്ടിയിട്ടില്ല. നമ്മള്‍ ഒന്നായി വിഭാഗീയതകളില്ലാതെ ജീവിച്ച് അസമത്വം മായ്ച്ചുകളയണം. നമ്മള്‍ അതിനായി ഭരണഘടനയുടെ സത്ത മനസ്സിലാക്കണം. വൈവിധ്യം സൂക്ഷിക്കാനും സാമൂഹികസുസ്ഥിതി കൈവരിക്കാനും അതിലൂടെ കഴിയും. ബൈബിളിനും ഗീതക്കും ഖുർആനും അതില്‍ സ്ഥാനമുണ്ട്.
മൗലികമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. നാം ശരിക്കും സ്വാതന്ത്ര്യം അനുഭവിക്കുക എല്ലാവരും സ്വതന്ത്രരാവുന്ന സമയത്തായിരിക്കും. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിനു പകരം സ്വന്തം സാധ്യത തിരിച്ചറിയണം. ശബ്ദമില്ലാത്തവരുടെ ശബ്ദമാവണം സര്‍ഗാത്മകതയുള്ളവര്‍. ഞാന്‍ എന്റെ ജീവിതംകൊണ്ട് എന്തുചെയ്യുന്നുവെന്നത് ഓരോരുത്തരും ചോദിച്ചാല്‍ മതി. ആ സ്വയം വിശകലനം പരമപ്രധാനമാണ്. നടക്കാന്‍ പോകുന്പോള്‍ ഒരു നായയെ കണ്ടാല്‍ കല്ലെറിയുന്നതെന്തിനാണ്? മറ്റു മനുഷ്യരോടും ജീവജാലങ്ങളോടും അനീതി കാണിച്ചുകൊണ്ട് നമുക്ക് നീതി കിട്ടിയില്ലെന്ന് പരിതപിക്കുന്നതില്‍ കാര്യമുണ്ടോ?
നിങ്ങളുടെ എഴുത്തിന്റെ വേരുകള്‍ പടരുന്നത് പ്രാദേശികസംസ്കൃതിയിലാണ്. സാമൂഹികമായ വിനിമയങ്ങള്‍ക്കും പാരിസ്ഥിതികമായ ഇടപെടലുകള്‍ക്കും അതിലിടമുണ്ടുതാനും. സ്വന്തം ഭാഷക്ക് മുതല്‍ക്കൂട്ടായ പൂര്‍വസൂരികളെ എങ്ങനെയാണ് വിലയിരുത്തുന്നത്?
ഷിനോയ് ഗോയംബെയാണ് ആധുനിക കൊങ്കണി സാഹിത്യത്തിന്റെ സ്ഥാപകനായി അറിയപ്പെടുന്നത്. അദ്ദേഹമാണ് ഭാഷയെ നവീകരിച്ചത്. അദ്ദേഹത്തിനു മുന്പും ഭാഷക്കായി ജീവിതം സമര്‍പ്പിച്ച പരിശ്രമങ്ങളുണ്ടായിരുന്നു. ഗോയംബെയുടെ ഭാര്യയെക്കൂടി ഓര്‍ക്കണം. അവര്‍ നിരക്ഷരയായിരുന്നു. എന്നാല്‍, അവര്‍ക്ക് വൈദ്യം, കൃഷി, പാചകം എന്നിവയിലൊക്കെ അഗാധമായ പരിജ്ഞാനമുണ്ടായിരുന്നു. എഴുത്തുകാരുടെ ഭാഷ ജീവിതപരിസരത്തുനിന്നും രൂപപ്പെടുന്നതാണ്. സാധാരണമനുഷ്യര്‍ക്കിടയില്‍ നടക്കുന്ന ജീവിതവ്യാപാരങ്ങളിലൂടെയാണ് ഭാഷ വളര്‍ന്നു തിടംവെക്കുന്നത്. ഞാനത് പകര്‍ത്തിവെക്കുന്നുവെന്നു മാത്രം.
നിത്യവൃത്തിക്ക് തൊഴിലെടുത്ത് ജീവിക്കുന്ന സാധാരണക്കാരുടെ ജീവിതമാണ് പ്രധാനം. ഭാഷയും എഴുത്തുകാരനും ജീവിതത്തില്‍നിന്ന് വേറിട്ടുപോകുന്പോഴാണ് സത്യസന്ധത ചോര്‍ന്നുപോകുന്നത്. ഗ്രാമ്യജീവിതത്തിന്റെ തനിമ നഷ്ടപ്പെടാതെ എഴുത്തുകളില്‍ ആവിഷ്കരിക്കപ്പെടണം. നമ്മുടെ കലയുടെയും സാഹിത്യത്തിന്റെയും വേര് കിടക്കുന്നത് ജൈവവൈവിധ്യത്തിലും സാംസ്കാരികവൈവിധ്യങ്ങളിലുമാണ്.
വൈവിധ്യത്തെ തമസ്കരിക്കാനാണ് അധികാരം പഠിപ്പിക്കുന്നത്. പോർചുഗീസുകാരും ഇംഗ്ലീഷുകാരും പോയി നൂറ്റാണ്ടുകളായിട്ടും അധികാരവും അധിനിവേശവും പല രൂപത്തിലും തുടരുന്നുണ്ട്. ഭാഷ നഷ്ടപ്പെട്ടവര്‍ക്ക് ഇത് തിരിച്ചറിയാനോ ചെറുത്തുനില്‍ക്കാനോ കഴിഞ്ഞെന്നുവരില്ല. പലരും മറക്കുന്നതിനെ ഓര്‍മപ്പെടുത്താനുള്ള ചെറിയശ്രമങ്ങളാണ് കഥകളും നോവലുകളുമൊക്കെ.
അധിനിവേശം നടത്തിയവരുടെ ഭാഷയോടും സംസ്കാരത്തോടും അടിമത്തമെന്നു തന്നെ പറയാവുന്ന വിധത്തില്‍ ആഭിമുഖ്യം പുലര്‍ത്തുന്നവരായി നാം മാറുകയാണോ? സാക്ഷരതക്ക് പേരുകേട്ട ഞങ്ങളുടെ നാട്ടില്‍പ്പോലും ഇംഗ്ലീഷ് മീഡിയത്തോടാണ് പൊതു താൽപര്യം. മലയാളം തെറ്റില്ലാതെ എഴുതാന്‍ കഴിയുന്നവര്‍ കുറഞ്ഞുവരുന്നു. സ്കൂളില്‍ െവച്ച് പോർചുഗീസ് പഠിച്ചിട്ടും താങ്കള്‍ മാതൃഭാഷയായ കൊങ്കണിയില്‍ എഴുതുന്നത് എന്തുകൊണ്ടാണ്? തനതുഭാഷയെ തിരിച്ചുപിടിക്കാന്‍ സര്‍ഗാത്മകസാഹിത്യത്തിലൂടെ കഴിയില്ലേ?
എന്റെ മാതൃഭാഷയില്‍ ഞാന്‍ എഴുതുന്നത് സാംസ്കാരികമായ ഒരു തുടര്‍ച്ചയുടെ ഭാഗമായിട്ടാണ്. കൊങ്കണിയുടെ കനം ഇംഗ്ലീഷിനോ പോർചുഗീസിനോ മറാത്തിക്കോ കിട്ടില്ല. എന്റെ സ്വന്തം ഭാഷ നൂറ്റാണ്ടുകളായി പ്രതിസന്ധിയിലായിരുന്നു. പോർചുഗീസുകാര്‍ കൊങ്കണി ഭാഷ നിരോധിച്ചു. പോർചുഗീസ് മിഷനറിമാര്‍ പതിനാറാം നൂറ്റാണ്ടിനുമുന്പുള്ള സാഹിത്യകൃതികള്‍ പോലും മായ്ച്ചുകളഞ്ഞു.
ഒരു നാടിന്റെ സാംസ്കാരികമായ അടയാളങ്ങള്‍ ഇല്ലാതാക്കാനായിരുന്നു ശ്രമം. ആരാധനാലയങ്ങളും തകര്‍ക്കപ്പെട്ടു. ഇന്ന് ഈ ഭാഷ സംസാരിക്കുന്നവരുടെ കടമയാണ് അതിന്റെ മൂല്യം വീണ്ടെടുക്കുകയെന്നത്. കൊങ്കണിയെ ഔദ്യോഗികഭാഷയായി അംഗീകരിക്കാനായി ഞങ്ങള്‍ക്ക് പോരാടേണ്ടിവന്നു. ഞാന്‍ സാഹിത്യത്തിലൂടെയാണ് പ്രതിരോധത്തിന് ശ്രമിക്കുന്നത്. സാഹിത്യം വഴിയാണ് ഭാഷ എപ്പോഴും അതിന്റെ അതിരുകള്‍ ഭേദിച്ച് വളരുന്നത്.
ഭാഷയെ തകര്‍ക്കാതെ സംസ്കാരത്തെ തകര്‍ക്കാനാവില്ലെന്ന് അന്നേ അവര്‍ക്ക് ബോധ്യമായിരുന്നു. പോർചുഗീസ് സംസ്കാരം വ്യാപിപ്പിക്കാനും അടിച്ചേൽപിക്കാനുമാണ് അവര്‍ ശ്രമിച്ചത്. തീര്‍ച്ചയായും അത് അധിനിവേശത്തിന്റെ പാശ്ചാത്യസംസ്കാരമായിരുന്നു. എന്നാല്‍, ജനങ്ങള്‍ അത് മനസ്സുകൊണ്ട് പൂര്‍ണമായും സ്വീകരിച്ചിരുന്നില്ല. പൊതു ഇടങ്ങളില്‍ സംസാരിക്കുന്നതും പാടുന്നതുമൊക്കെ നിരോധിക്കപ്പെട്ടപ്പോള്‍ വീടിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ അവരത് വളര്‍ത്തിയെടുത്തു. കുടുംബാംഗങ്ങള്‍ തമ്മില്‍ വീട്ടില്‍ സംസാരിക്കുന്നതുപോലും നിര്‍ത്തലാക്കിയ അവസ്ഥയുണ്ടായിരുന്നു. സംഭാഷണംതന്നെ നിയമവിരുദ്ധമായ നൂറ്റാണ്ടുകളെ അതിജീവിച്ചാണ് ഞങ്ങളുടെ ഭാഷ സഞ്ചരിക്കുന്നത്.
ഈ ഭാഷാധിനിവേശം ഇന്ത്യയില്‍ മാത്രം സംഭവിച്ചതല്ല. ജര്‍മന്‍പട്ടാളം ഫ്രാന്‍സിനെ കീഴടക്കിയപ്പോള്‍ അവരുടെ ഭാഷ നിരോധിച്ചിരുന്നു. ഫ്രഞ്ച് പഠനം സ്കൂളുകളിലും കോളജുകളിലും ഇല്ലാതായി. എല്ലാവരും ജര്‍മന്‍ നിര്‍ബന്ധമായും പഠിക്കണമെന്ന നിയമംവന്നു. എന്നാല്‍, വര്‍ഷങ്ങള്‍കൊണ്ട് അവര്‍ സ്വന്തം ഭാഷ വീണ്ടെടുത്തു.
ഭാഷ നഷ്ടപ്പെടുന്നതോടെ നമുക്ക് എല്ലാം നഷ്ടപ്പെടുന്നു. ഒരാളെ സെല്ലുകള്‍ക്കുള്ളില്‍ അടച്ചുപൂട്ടി താക്കോല്‍ എങ്ങോട്ടോ വലിച്ചെറിഞ്ഞു കളയുന്നപോലെ. അയാള്‍ എക്കാലത്തേക്കും കൂട്ടിലടക്കപ്പെടുന്നു. ഭാഷയെ ജീവനുള്ളതായി നിലനിര്‍ത്തുന്ന പ്രക്രിയയാണ് എഴുത്ത്. എഴുത്തുകാർ സമൂഹത്തിന്റെ ജീര്‍ണത തുറന്നുകാണിക്കുന്നവരാണ്, എക്കാലവും.
ഗോവയിലെ തദ്ദേശീയര്‍ അനുഭവിച്ച ദുരിതങ്ങള്‍ സമാനതകളില്ലാത്തതായിരുന്നു. അവര്‍ സ്വന്തം ഭാഷ സംസാരിച്ചതുകൊണ്ടുമാത്രം ആട്ടിയോടിക്കപ്പെട്ടു. അന്ന് പലായനംചെയ്തവരുടെ പിന്മുറക്കാർ മഹാരാഷ്ട്രയിലും കര്‍ണാടകയിലും കൊച്ചിയിലുമൊക്കെ ഇപ്പോഴും കാണും. ഇപ്പോള്‍ ഞങ്ങള്‍ തിരിച്ചുവരവിന്റെ പാതയിലാണ്. നൂറ്റാണ്ടുകള്‍ തുടര്‍ന്നുപോരുന്നത് ഒറ്റയടിക്ക് മാറ്റാനാവില്ലെങ്കിലും. ഇന്ന് പോർചുഗീസുകാര്‍ തന്നെ മക്കളെ കൊങ്കണി പഠിപ്പിക്കുന്നത് മാതൃഭാഷയുടെ മഹത്ത്വം ആളുകള്‍ തിരിച്ചറിയുന്നതിന്റെ സൂചനയായി കാണാം.
ഇന്നലെ രാത്രി സാവന്ത് വാടിയിലെ ചന്തയില്‍ വെച്ച് ഒറ്റക്ക് പച്ചക്കറി വില്‍ക്കുന്ന സ്ത്രീയെ കണ്ടു. കുന്നിന്‍ചെരുവിലെ സ്വന്തം വീട്ടുമുറ്റത്ത് വിളയിച്ചത് ആവശ്യത്തിനുള്ളതെടുത്ത് ബാക്കി അവര്‍ വില്‍ക്കുന്നു. സ്വാശ്രയജീവിതത്തിന്റെ മാതൃക. ഇവര്‍ നദിയുടെ നീര്‍മറിപ്രദേശങ്ങള്‍ സംരക്ഷിക്കുന്നതരത്തില്‍ ജീവിച്ച് പ്രാദേശിക ആവാസവ്യവസ്ഥ സൂക്ഷിക്കുന്പോള്‍ സാക്ഷരത നേടിയ നാഗരികർ ഇക്കോസിസ്റ്റം നശിപ്പിക്കുന്നു. ഈ വൈരുധ്യം ശ്രദ്ധയിൽപെട്ടിട്ടുണ്ടോ?
ആ സ്ത്രീ നിരക്ഷരയെങ്കിലും വിദ്യ നേടിയവരാണെന്ന് ഞാന്‍ വിചാരിക്കുന്നു. അവര്‍ക്ക് എഴുതാനും വായിക്കാനും അറിയണമെന്നില്ല. എന്നാല്‍ അറിവുണ്ട്. എനിക്ക് അറിയാത്തതും ചെയ്യാന്‍ കഴിയാത്തതുമാണ് അവര്‍ വര്‍ഷങ്ങളായി ചെയ്തുവരുന്നത്. ജീവിതനൈപുണി നേടലാണ് അക്ഷരം പഠിക്കുന്നതിനേക്കാള്‍ പ്രധാനമെന്ന് നാമറിഞ്ഞിട്ടേയില്ല. നമ്മുടെ നാഗരികമനുഷ്യര്‍ പരിസ്ഥിതിസാക്ഷരതയെക്കുറിച്ചും വിഭവസാക്ഷരതയെക്കുറിച്ചും പറയാന്‍ തുടങ്ങുംമുന്പേ ഇവരതില്‍ ജീവിച്ചു ശീലിച്ചിട്ടുണ്ട്. ഇത്തരം മനുഷ്യര്‍ എന്റെ കഥകളില്‍ ധാരാളമുണ്ട്.
ഉദാത്തമായ ജീവിതം നയിക്കുന്നവരെ നിരീക്ഷിച്ചെഴുതാനാണ് നല്ലൊരെഴുത്തുകാരന്‍ എപ്പോഴും ശ്രദ്ധിക്കുക. ജീവിതാനുഭവങ്ങളോട് ചേര്‍ന്നുനിന്ന് അവര്‍ തിരിച്ചറിഞ്ഞ കാര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതാവണം വിദ്യാഭ്യാസം. അവരെ പ്രാകൃതരെന്ന് വിശേഷിപ്പിച്ച് നമ്മളെപ്പോലെ പെരുമാറാന്‍ ശീലിപ്പിക്കുന്നത് ശരിയാണോ? പ്രകൃതിയെ ശ്രദ്ധയോടെ നിരീക്ഷിക്കാനും പരിപാലിക്കാനും പഠിക്കുന്ന പ്രക്രിയയാണ് വിദ്യാഭ്യാസമെന്ന് ഈ തലമുറക്ക് പറഞ്ഞുകൊടുക്കാന്‍ ക്രാന്തദര്‍ശിയായ എഴുത്തുകാര്‍ക്ക് കഴിയും. പരിഷ്‍കാരം വരുന്പോള്‍ സംസ്കാരം ഇല്ലാതാവരുത്. കലാകാരന്മാരും എഴുത്തുകാരും ജൈവവ്യവസ്ഥയെ നിലനിര്‍ത്തുന്ന സംസ്കാരത്തിന്റെ കാവല്‍ക്കാരാവണം. പുല്ലിലും പുല്‍ച്ചാടിയിലും തവളയിലും പാന്പിലും കഴുകനിലും മനുഷ്യനിലും ഒഴുകുന്ന ജീവനെക്കുറിച്ച് സൗന്ദര്യാത്മകമായി പറയാന്‍ സര്‍ഗാത്മകത വേണം.
‘‘മഴുകൊണ്ട് വെട്ടിക്കോ. ആദ്യം എന്നെ. പിന്നെ നിന്റെ മഴു എന്റെ പിള്ളാരെ തൊട്ടാ മതി.’’ താങ്കളുടെ ഒരു കഥയില്‍നിന്നുള്ള സംഭാഷണമാണിത്. ജലസംഭരണികളായ കുന്നുകളും തണ്ണീര്‍ത്തടങ്ങളിലെ ആവാസവ്യവസ്ഥകളും നശിപ്പിച്ച് റോഡുകളും മേൽപാലങ്ങളും നിര്‍മിക്കുന്പോള്‍ മണ്ണിന്റെ ചൂടും ചൂരും ഉള്ളില്‍ സൂക്ഷിക്കുന്ന മനുഷ്യര്‍ പിഴുതെറിയപ്പെടുന്ന കാഴ്ച വേദനിപ്പിക്കുന്നില്ലേ?
തീര്‍ച്ചയായും. കൊങ്കണ്‍ റെയില്‍വേക്ക് ഭൂമി ഏറ്റെടുക്കുന്പോള്‍ വീട്ടുമുറ്റത്തെ തെങ്ങ് വെട്ടിമുറിക്കാന്‍ വന്ന ഉദ്യോഗസ്ഥരെ തടയുന്ന ഒരു സ്ത്രീയെ നേരിൽക്കണ്ടാണ് ഞാന്‍ ആ കഥയെഴുതുന്നത്. മരങ്ങളെ മനുഷ്യരെപ്പോലെ സ്നേഹിക്കുന്നവരെ നമ്മള്‍ ശ്രദ്ധിക്കാറില്ല. മക്കള്‍ വീട് വിട്ടുപോയാല്‍ അവര്‍ക്ക് പകരം മരങ്ങള്‍ നട്ട് പരിപാലിക്കുന്നവര്‍. ‘ദയവായി മരങ്ങളെ തൊടരുത്. അവരെന്റെ കുട്ടികളാണ്.’ ഈ ആശയം കൂടുതല്‍ കൂടുതല്‍ മനുഷ്യരിലേക്കെത്തണം.
ഗോവയില്‍ പോർചുഗീസ് അധിനിവേശമുള്ള കാലത്താണ് ഞാന്‍ ജനിക്കുന്നത്. ഗോവക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ എനിക്ക് പതിനേഴ് വയസ്സ്. അവര്‍ എങ്ങനെ ഭരിച്ചുവെന്നും എങ്ങനെ ജനങ്ങളോട് പെരുമാറിയെന്നും നിങ്ങള്‍ക്കറിയാമോ?
സാധാരണ മനുഷ്യര്‍ക്കുമേല്‍ അധികാരം പ്രയോഗിക്കുന്നവരെ ഒഴിച്ചുനിര്‍ത്തിയാല്‍ പോർചുഗീസുകാരില്‍പ്പോലും നല്ലവരുണ്ടായിരുന്നു. വാസ്തവത്തില്‍ ദേശം, ജാതി, മതം വേര്‍തിരിവുകള്‍ അധികാരത്തിന്റെ സൃഷ്ടിയാണ്. പോർചുഗീസുകാരെയും നല്ല മനുഷ്യരായാണ് ഞാന്‍ കാണുന്നത്. ഞങ്ങള്‍ക്ക് അവരില്‍നിന്ന് സ്വാതന്ത്ര്യം കിട്ടിയെങ്കിലും ജനാധിപത്യം എന്താണെന്നും എങ്ങനെ പ്രതികരിക്കണമെന്നും അറിയില്ലായിരുന്നു.
സ്വാതന്ത്ര്യത്തിനുശേഷം ഗോവ മഹാരാഷ്ട്രയില്‍ ചേരാന്‍ ധൃതിപിടിച്ചു. ഞങ്ങള്‍ക്ക് ഞങ്ങളുടെ വ്യക്തിത്വം സൂക്ഷിക്കണമായിരുന്നു. കൊങ്കണി മറാത്തിയിലെ നാട്ടുഭാഷയാണെന്നാണ് അവര്‍ വിചാരിച്ചത്. ഗോവക്ക് തനത് ഭാഷയും സംസ്കാരവും സ്വാതന്ത്ര്യവുമുണ്ടെന്നു ഞങ്ങള്‍ വിശ്വസിച്ചു. ഞങ്ങളുടെ അസ്തിത്വം വെച്ച് പ്രത്യേകം സ്റ്റേറ്റ് തരണമെന്ന് വാദിച്ചു. നൂറ്റാണ്ടുകള്‍കൊണ്ട് സംഭവിച്ച സാംസ്കാരികത്തകര്‍ച്ചയെ അതിജീവിക്കാനാണ് ഞങ്ങള്‍ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരുന്നത്.
വളരെ നിശ്ശബ്ദമായാണ് ഗോവയില്‍ അധിനിവേശം നടന്നത്. സ്കൂളുകളില്‍ മാതൃഭാഷക്ക് പ്രാധാന്യം നഷ്ടപ്പെട്ടു. ആഹാരത്തിലും വസ്ത്രധാരണത്തിലും മാറ്റങ്ങള്‍ വന്നു. എല്ലാം ഫാഷനായിരുന്നു. പ്രാദേശിക രുചികള്‍ക്കുമീതെ പുതിയ റെസിപ്പികള്‍ വന്നു. മദ്യവും മയക്കുമരുന്നും ഉപഭോഗജീവിതത്തിന്റെ സേഫ്റ്റിവാല്‍വുകളായി മാറി. മനുഷ്യര്‍ സാമൂഹികവിനിമയത്തിലൂടെ വളരുന്നവരാണ്. അവരുടെ പ്രാദേശിക വിനിമയങ്ങളില്‍ സിനിമപോലുള്ള ജനപ്രിയ മാധ്യമങ്ങള്‍ കടന്നുകയറി.
അഭിരുചികളെ അട്ടിമറിച്ചു. പാരസ്പര്യത്തിന്റെ വിനിമയങ്ങളെ ഇല്ലാതാക്കിയാൽ മനുഷ്യരെ മനുഷ്യരല്ലാതാക്കി മാറ്റാം. ഗോവയെ നമുക്ക് ഒരു സൂചികയായി എടുക്കാം. തനതുമനുഷ്യരെ ഇല്ലായ്മ ചെയ്യുകയാണ് ചൂഷകരുടെ ലക്ഷ്യം. എന്റെ മതം, നിന്റെ മതം ചിന്തകള്‍ എന്റെ കുട്ടിക്കാലത്ത് ഉണ്ടായിരുന്നില്ല. സാംസ്കാരികമായ പ്രതിരോധമില്ലെങ്കില്‍ നാളെയത് എല്ലായിടത്തേക്കും വരും.
എക്കാലവും എന്റെ ഏറ്റവും അടുത്ത സ്നേഹിതര്‍ ക്രിസ്ത്യാനികളായിരുന്നു. ഒരിക്കലും അവരോട് അപരത്വം തോന്നിയിട്ടില്ല. എല്ലാ ആഘോഷങ്ങളും ഒരുമയുടേതായിരുന്നു. ഗോവയില്‍ അന്ന് തൊണ്ണൂറു ശതമാനം ക്രിസ്ത്യാനികളും പത്ത് ശതമാനം ഹിന്ദുക്കളും. അമ്പലങ്ങളെയും പള്ളികളെയും ഞങ്ങള്‍ വേറിട്ട് കണ്ടിരുന്നില്ല. ഹൈന്ദവപ്രതിമകളിലും ക്രൈസ്തവബിംബങ്ങളിലും ആളുകള്‍ പൂക്കള്‍ അര്‍പ്പിക്കുമായിരുന്നു. ഗണേശചതുർഥിയും ദീപാവലിയും ഒരുമിച്ചു കൊണ്ടാടി. കൊടുക്കല്‍ വാങ്ങലിന്റേതായ ഒരു സന്ദേശം എല്ലാ വിനിമയങ്ങളിലുമുണ്ടായിരുന്നു. അരനൂറ്റാണ്ടു മുന്പ് ഞങ്ങള്‍ ഒന്നാണെന്ന ബോധമുണ്ടായിരുന്നു. എല്ലാ മനുഷ്യരുടെയും പിന്മുറക്കാര്‍ ഒന്നാണെന്ന ആ ചിന്തയിലാണ് ജീവിതം പുലര്‍ന്നുപോന്നിരുന്നത്. ഉത്സവങ്ങളിലൂടെ തദ്ദേശീയതബോധം ഉറപ്പിക്കപ്പെടുകയായിരുന്നു.
ആഘോഷങ്ങളിലും തൊഴിലുകളിലും ചേര്‍ന്നുനിന്ന മനുഷ്യരെങ്ങനെയാണ് പിന്നീടൊരു ഘട്ടത്തില്‍ വേറിട്ടുപോകുന്നത്?
പോർചുഗീസുകാരുടെ ലക്ഷ്യം തദ്ദേശീയര്‍ മൂര്‍ത്തിപൂജക്കാരാണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു. അവരുടെ ഭാഷയില്‍ ബാര്‍ബേറിയന്‍സ്. ഞങ്ങളുടെ തായ് വേര് മുറിച്ചുകളയാനാണ് അധിനിവേശം ശ്രമിച്ചത്. നമ്മുടെ സംസ്കാരത്തിന്റെ നന്മയും തനിമയും ഉള്‍ക്കൊള്ളാന്‍ വിദേശികള്‍ക്ക് സാധിച്ചില്ല. അവരത് വിശ്വസിച്ചില്ല. എന്നാല്‍, വഴങ്ങരുതെന്ന ബോധം ഞങ്ങളുടെ ഉള്ളിലുണ്ടായിരുന്നു. ഒരുനാള്‍ നാടോടിക്കഥകളും പാട്ടുകളുമെല്ലാം അപ്രത്യക്ഷമായി. എഴുതപ്പെട്ടത് പലതും നശിപ്പിക്കപ്പെട്ടു. നമ്മള്‍ ബോധപൂര്‍വം ശ്രമിച്ചില്ലെങ്കില്‍ അധികാരത്തിന്റെ തിന്മയെ അതിജീവിക്കാനാവില്ലെന്നാണിത് തെളിയിക്കുന്നത്.
എന്നാല്‍, നിരോധനാജ്ഞകൊണ്ട് ഉത്സവങ്ങളെ ഇല്ലാതാക്കാന്‍ അവര്‍ക്ക് സാധിക്കുമായിരുന്നില്ല. സാമൂഹിക കൂട്ടായ്മയുടെ ആഹ്ലാദത്തിന് ആഴത്തില്‍ വേരുകളുണ്ടായിരുന്നു. ദീപാവലിക്ക് ഹിന്ദുക്കള്‍ കരന്‍ജിയുണ്ടാക്കും; ക്രിസ്ത്യന്‍സും. മറ്റൊരിടത്തും ക്രിസ്ത്യന്‍സ് കരന്‍ജിയുണ്ടാക്കുന്നത് നിങ്ങള്‍ക്ക് കാണാനാവില്ല. പണ്ട് മിഷനറീസ് ജനങ്ങള്‍ തമ്മിലുള്ള അടുപ്പം നിഷേധിക്കുകയായിരുന്നു. വീടുകളില്‍ പാചകം ചെയ്യുന്ന സമയംപോലും മാറ്റാനുള്ള ശ്രമങ്ങളുണ്ടായിരുന്നു. എന്നാല്‍, ജനങ്ങള്‍ പരസ്പരം ചേര്‍ന്നുനിന്നു.
മതപുരോഹിതന്മാര്‍ മനുഷ്യരെ എക്കാലവും വിഭജിച്ചുനിര്‍ത്തുന്നുവെന്നാണോ പറയുന്നത്?
മതവും അധികാരവും തമ്മിലുള്ള ബന്ധം കൂടുതല്‍ തെളിഞ്ഞുവരുന്ന കാലമാണിത്. മതത്തെ അധികാരത്തിലേക്കുള്ള വഴിയായി കണ്ട് മനുഷ്യരെ അടിമകളാക്കാന്‍ ശ്രമിക്കുന്നവരാണ് എന്നും എവിടേയും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. വിഭജിച്ച് ഭരിക്കുക. മനുഷ്യര്‍ പരസ്പരം സ്നേഹവും വിശ്വാസവും പുലര്‍ത്തുന്നിടത്ത് അധികാരം ആവശ്യമില്ല. അപ്പോള്‍ അധികാരത്തിലേറാന്‍ പരസ്പരവിശ്വാസം തകര്‍ക്കണം. അവര്‍ക്ക് ജനങ്ങളെ സ്വതന്ത്രരാക്കാന്‍ വയ്യ. പണ്ട് നിയന്ത്രണത്തിന് മതത്തെ ഉപയോഗിച്ചു. ഇപ്പോള്‍ കക്ഷിരാഷ്ട്രീയത്തെ ഉപയോഗിക്കുന്നുവെന്നു മാത്രം. പ്രസ്ഥാനങ്ങളെയല്ല, സ്വതന്ത്രരായ മനുഷ്യരെയാണ് അധികാരം ഭയപ്പെടുന്നത്. പ്രസ്ഥാനങ്ങള്‍ മറ്റൊരു വിധത്തിലുള്ള അധികാരകേന്ദ്രങ്ങള്‍തന്നെയാണല്ലോ?
ജനാധിപത്യമുള്ളിടത്തെല്ലാം ഭൂരിപക്ഷമാണ് ഭരിക്കുന്നത്. എന്നാല്‍, ന്യൂനപക്ഷം സംരക്ഷിക്കപ്പെടേണ്ടതാണെന്ന ബോധ്യത്തിലാണ് നമ്മള്‍ ഭരണഘടനയുണ്ടാക്കിയിരിക്കുന്നത്. ഒരാള്‍മാത്രം സംസാരിക്കുന്ന ഭാഷപോലും സംരക്ഷിക്കപ്പെടണം. മതവിശ്വാസികള്‍ക്കും വിവിധ രാഷ്ടീയകക്ഷികള്‍ക്കും പരസ്പരം സഹിഷ്ണുത വേണം.
ഇവിടെ കുടുംബവ്യവസ്ഥയിലായാലും ഔദ്യോഗികസംവിധാനങ്ങളിലായാലും ആധിപത്യം വരുന്നു. ആധിപത്യത്തിന്റെ സംസ്കാരമാണ് പ്രശ്നം. വ്യവസ്ഥയോട് സന്ധിചെയ്യാത്തവര്‍ ഒരിക്കലും അധികാരത്തിന്റെ ഭാഗമാവില്ല. ഏറ്റവും താഴെത്തട്ടിലെ മനുഷ്യനുമായി സംസാരിക്കുകയും അയാളോട് താദാത്മ്യപ്പെടുകയും ചെയ്യുന്നവര്‍ക്ക് അയാളുടെ മേല്‍ അധികാരം പ്രയോഗിക്കാന്‍ സാധിക്കില്ല. ഇത്തരം മനുഷ്യരാണ് അധികാരപ്രയോഗത്തെ എക്കാലവും ചെറുത്തു തോൽപിക്കുന്നത്. ആത്മാഭിമാനം പണയപ്പെടുത്താതെ ജീവിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടനയിലൂടെ ഉറപ്പുവരുത്തുന്നത് അത് കൈകാര്യംചെയ്യുന്നവര്‍ക്ക് ഇന്റഗ്രിറ്റിയുണ്ടാവുന്പോഴാണ്.
നമുക്ക് ഭരണഘടന തരുന്ന അവകാശങ്ങളും തിരിച്ച് നമുക്ക് സമൂഹത്തോടുള്ള കടമകളും ഉത്തരവാദിത്തങ്ങളും കൃത്യമായി മനസ്സിലാക്കണം. അങ്ങനെ മനസ്സിലാക്കുന്നവരുടെ എണ്ണം കൂടുന്പോഴാണ് ജനാധിപത്യം സാർഥകമാവുന്നത്. മതത്തിലെ തത്ത്വബോധനങ്ങളേക്കാള്‍ കുട്ടികള്‍ക്ക് ഭരണഘടന എന്താണെന്ന് പറഞ്ഞുകൊടുക്കണം. ഇല്ലെങ്കില്‍ ഭരണഘടനയുടെ പേരില്‍ ഭരിക്കുന്നവര്‍ എന്തൊക്കെയാണ് ചെയ്തുകൂട്ടുന്നതെന്ന് അവര്‍ക്ക് മനസ്സിലാവില്ല. ജനാധിപത്യസംവിധാനത്തെ മെച്ചപ്പെടുത്താതെ മതത്തില്‍ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യംപോലും നിലനില്‍ക്കില്ലെന്ന് നാമറിയണം. ഭരണഘടനയെ മാനിച്ച്, മൂല്യാധിഷ്ഠിതമായി ജീവിക്കാന്‍ സാധിക്കുന്നുണ്ടോയെന്ന് എല്ലാ വിഭാഗം വിശ്വാസികളും ആത്മപരിശോധന നടത്തണം.
ദാമോദർ മൗജോക്ക് ഒപ്പം ഷബിൽ കൃഷ്ണൻ
സാധാരണ പൗരന്മാര്‍ ജനാധിപത്യത്തിലെ പിഴവുകളെയും ഭരണാധികാരികളെയും വിമര്‍ശിക്കാന്‍ ഭയപ്പെടുന്നത് എന്തുകൊണ്ടായിരിക്കും?
ഭരിക്കുന്നവരെ പുകഴ്ത്താനാണ് ഭൂരിപക്ഷത്തിന്റേയും ശ്രമം. നമ്മുടെ വിമര്‍ശനങ്ങളും നിർദേശങ്ങളും അവരെ മെച്ചപ്പെടുത്തും. എന്നാല്‍, ഭരിക്കുന്നവരെ പൂവിട്ടു പൂജിക്കുന്ന ശീലം നാം മാറ്റുന്നേയില്ല. മുന്പ് നമ്മള്‍ ആരാധിച്ചിരുന്നത് ദൈവങ്ങളെയായിരുന്നു. ഇന്നത് രാഷ്ട്രീയനേതാക്കളും ആള്‍ദൈവങ്ങളുമായി മാറി. അത്രതന്നെ. നിങ്ങള്‍ ഞങ്ങളുടെ സംരക്ഷകരാണ് എന്ന തരത്തിലാണ് ഭരിക്കുന്നവരെ ആരാധിക്കുന്നത്. ഭരിക്കുന്നവരും പൗരന്മാര്‍ മാത്രമല്ലേ? ഭരണാധികാരികള്‍ക്ക് വിശേഷാധികാരങ്ങള്‍ നൽകിയത് ജനങ്ങളല്ലേ? തെരെഞ്ഞടുക്കപ്പെടുന്നവര്‍ വോട്ടര്‍മാരുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ല.
സാധാരണക്കാര്‍ക്ക് ജീവിതസാഹചര്യമൊരുക്കേണ്ടവര്‍ വിഷലിപ്തമായ വാക്കുകള്‍കൊണ്ട് അവരെ മുറിവേൽപിക്കുന്നതും പത്തോ ഇരുപതോ ശതമാനം മനുഷ്യരുടെ ആര്‍ഭാടങ്ങള്‍ക്കുവേണ്ടി നമ്മുടെ രാജ്യത്തെ ഉള്‍നാടന്‍ഗ്രാമങ്ങളിലെ കുടിയൊഴിപ്പിക്കലുകള്‍ തുടര്‍ക്കഥയാകുന്നതും ജനാധിപത്യം പരാജയപ്പെടുന്നതിന്റെ കഥ പറയുന്നു.
ഭഗവദ്ഗീതയെക്കുറിച്ചും ജീവിതത്ത്വശാസ്ത്രത്തെക്കുറിച്ചും വാചാലനാകുന്ന ബാബയ് എന്ന കഥാപാത്രം ‘സിനിക്ക്’ എന്ന കഥയിലുണ്ട്. ഒരേ ഗീതയെ ഗാന്ധിയും ഗോദ്സെയും തിലകനുമൊക്കെ വ്യത്യസ്തമായി വ്യാഖ്യാനിക്കുന്നതിനെ എങ്ങനെയാണ് നോക്കിക്കാണുന്നത്?
ഗീത ഒരു പുസ്തകം മാത്രമല്ല. എല്ലാ പുസ്തകങ്ങളിലും ഒരു ഗീതയുണ്ട്. മനുഷ്യനെ നവീകരിക്കാനുള്ള പരിശ്രമം ഏതെഴുത്തിലുമുണ്ട്. ഒരാള്‍ എന്തു വായിക്കുന്നുവെന്നതിനേക്കാള്‍ വായനയില്‍നിന്നും എന്ത് സ്വീകരിക്കുന്നുവെന്നത് പ്രധാനമാണ്. സ്വന്തം ഹൃദയത്തിലേക്കൊരു വഴി കണ്ടെത്താന്‍ വായന സഹായിച്ചേക്കും. സത്യാന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ഞാന്‍ എഴുതുന്നത്. എന്നാല്‍, പലരും പലതരത്തില്‍ അന്വേഷിക്കുന്നവരായിരിക്കും.
സത്യത്തിലേക്കുള്ള പ്രയാണം തുടരാന്‍ സഹായിക്കുന്നതെന്താണോ അതാണ് നല്ല സാഹിത്യം എന്ന് ഞാന്‍ വിചാരിക്കുന്നു. നെഹ്റുവിന്റെ കാഴ്ചപ്പാടിലെ സത്യമല്ല ഗാന്ധിയുടേത്. എന്റെ സത്യം നിങ്ങളുടേതുമാവണമെന്ന് നിര്‍ബന്ധം പിടിക്കാനാവുമോ? നമ്മള്‍ എവിടെയോവെച്ച് സ്വയം തിരിച്ചറിയുന്നുണ്ടാവണം. കലഹങ്ങളും കലാപങ്ങളും വൈജാത്യങ്ങളെ തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടുന്പോഴാണല്ലോ നടക്കുന്നത്. സത്യത്തിന്റെ മറുപുറത്തും സത്യംതന്നെയാവില്ലേ?
ടെക്നോളജി മനുഷ്യന്റെ അനുഭവമേഖലയെ പരിമിതപ്പെടുത്തുന്നതായി തോന്നിയിട്ടുണ്ടോ? കാഴ്ചയുടെ വൈവിധ്യം കുറയുന്നത് പ്രശ്നം തന്നെയല്ലേ?
ഒരിക്കലും സാങ്കേതികവിദ്യക്ക് പുറംതിരിഞ്ഞുനില്‍ക്കാന്‍ നമുക്ക് കഴിയില്ല. എന്നാല്‍, നമ്മുടെ പാരന്പര്യങ്ങളും സംസ്കാരവും നഷ്ടപ്പെടുത്താതെ പുതിയ സങ്കേതങ്ങളെ ഉപയോഗിക്കാന്‍ പഠിക്കണം. സ്ഥലത്തിനും കാലത്തിനുമൊത്ത് മതങ്ങള്‍പോലും മാറിക്കൊണ്ടിരിക്കുന്നു. ഉദാഹരണത്തിന് ഗോവയിലെ ആചാരമല്ല ഷിംലയിലേത്. വസ്ത്രങ്ങളും ആരാധനാരീതികളും വേറെ.
സ്വെറ്ററും കന്പിളിയുമൊക്കെ ഷിംലയില്‍ ധരിക്കണം. ഗോവയില്‍ വേണ്ട. വസ്ത്രം കാലാവസ്ഥക്കും ഭൂപ്രകൃതിക്കുമനുസരിച്ചാണെന്നത് വ്യക്തമല്ലേ. എന്നാല്‍, നമ്മുടെ കാഴ്ചയും കേള്‍വിയും മറ്റാരൊക്കെയോ അവരുടെ താൽപര്യത്തിനായി മാറ്റിക്കളയുന്നുണ്ട്. നമ്മള്‍പോലുമറിയാതെ. ഇതിന് സാങ്കേതികവിദ്യയെ കരുവാക്കുന്നതിനെതിരെ നല്ല ജാഗ്രത വേണം.
വീട്ടില്‍ ഒരു കിണറുണ്ട്. വെള്ളം കോരിയാണ് ഞാന്‍ ഉപയോഗിക്കുന്നത്. വളരെക്കാലം ടാപ് ഇല്ലാതെതന്നെ വെള്ളമെടുത്തു. പിന്നീട് പൈപ്പില്‍നിന്നെടുത്തു. എന്നാല്‍ പൈപ്പില്‍നിന്ന് അനാവശ്യമായി വെള്ളമെടുക്കുന്നവരുണ്ട്. അങ്ങനെ ചെയ്താല്‍ അതൊരു ധൂര്‍ത്തായി മാറും. കോരിയെടുക്കുന്പോള്‍ അത്യാവശ്യത്തിനു മാത്രം മതിയാകും. ഇന്ന് ടാപ് വാട്ടര്‍ വ്യാപകമാകുന്നത് ഞങ്ങളുടെ തലമുറക്ക് സൗജന്യമായി ലഭിച്ച ജീവജലം കച്ചവടച്ചരക്കാവുന്നതിന്റെ സൂചനയാണ്. ഇത് അഭികാമ്യമാണോ? ഭൂഗര്‍ഭജലം അനുദിനം കുറഞ്ഞുവരുന്നതും ഗ്രാമങ്ങളില്‍പ്പോലും പ്ലാസ്റ്റിക് ബോട്ടിലില്‍ വെള്ളം കാശുകൊടുത്ത് വാങ്ങേണ്ടിവരുന്നതും ദുരന്തംതന്നെയാണ്.
നല്ല ഉള്‍ക്കാഴ്ചയും ദീര്‍ഘവീക്ഷണവുമുണ്ടെങ്കില്‍ ഇത്തരം ചൂഷണങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനായേക്കും. അതൊരു സാംസ്കാരികപ്രതിരോധത്തിന്റെ ഭാഗമാണ്. ഇത്തരം സാംസ്കാരികാധിനിവേശങ്ങളെ തുറന്നുകാട്ടാന്‍ സര്‍ഗാത്മക സാഹിത്യത്തിലൂടെ സാധിക്കും. ഞാന്‍ മാത്രമല്ല, ലോകവീക്ഷണമുള്ള എല്ലാ എഴുത്തുകാരും കാലങ്ങളായി ഇതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.
ദാമോദർ മൗജോ ജ്ഞാനപീഠ പുരസ്കാരം േഗാവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയിൽനിന്ന് ഏറ്റുവാങ്ങുന്നു
മൗജോയുടെ എഴുത്തുശൈലി ലളിതമായ വാചകങ്ങളും സംഭാഷണശകലങ്ങളും സ്നേഹത്തിന്റെ നൂലില്‍ തുന്നിച്ചേര്‍ത്തതു പോലെയാണ്. ഏത് കൊച്ചുകുട്ടിക്കും മനസ്സിലാകും. എം.ടി, യു.ആര്‍. അനന്തമൂര്‍ത്തി, പാമുക്... എഴുത്തുകാരുമായുള്ള സൗഹൃദം സ്വയം നവീകരിക്കാന്‍ സഹായിക്കാറുണ്ടോ?
ഭാഷകൊണ്ടും ക്രാഫ്റ്റ്കൊണ്ടും എന്നെ വിസ്മയിപ്പിക്കുന്നവരുണ്ട്. എനിക്കിഷ്ടം ലളിതമായി കാര്യങ്ങള്‍ അവതരിപ്പിക്കുന്നതാണ്. ഭാഷയെ മോടിപിടിപ്പിക്കാന്‍ എനിക്കറിയില്ല. അങ്ങനെയെഴുതുന്നവരുണ്ട്. അത് മറ്റൊരുതരം പ്രതിഭയാണ്. സാഹിത്യാഭിരുചിയില്ലാത്ത സാധാരണ മനുഷ്യര്‍ക്ക് മനസ്സിലാവണമെന്ന നിര്‍ബന്ധബുദ്ധി എനിക്ക് എപ്പോഴുമുണ്ട്. എഴുതുന്ന ആളുടെ ഭാഷാപരിചയത്തിനും അയാളുടെ ശൈലി രൂപപ്പെടുത്തുന്നതില്‍ നല്ല പങ്കുണ്ട്. എന്റെ മാതൃഭാഷക്ക് സംസ്കൃതത്തിന്റെ സ്വാധീനമില്ല. അതിന് ഗ്ലാമറും തൊങ്ങലുകളുമില്ല. അതൊരു പ്രാദേശിക ഭാഷയാണ്. അതിന്റെ സാധ്യതയാണ് തെളിമയോടെ ആവിഷ്കരിക്കാന്‍ ശ്രമിക്കുന്നത്.
പാരിസ്ഥിതികത്തകര്‍ച്ചയെക്കുറിച്ച് വേവലാതിപ്പെടുന്ന ഒരു മനസ്സ് ഒട്ടേറെ കഥാപാത്രങ്ങളില്‍ കടന്നുവരുന്നുണ്ടല്ലോ?
മനുഷ്യരെ മൊത്തം വിഴുങ്ങുന്ന വിപണിയുടെ കൈകളില്‍പ്പെടാതെ മാറിനില്‍ക്കാന്‍ കഴിയണം. നമ്മുടെ ആവശ്യങ്ങളെന്താണ്? എന്തായിരിക്കണം? നമുക്ക് വേഗത്തിലെത്താന്‍ റെയില്‍ വേണം. എന്നാല്‍, കാടുകള്‍ വെട്ടിത്തെളിച്ച് തീവണ്ടിക്ക് വഴിയൊരുക്കേണ്ടതുണ്ടോ? ഏതൊരു പരിഷ്കൃതസമൂഹവും കാടിന്റെ ജൈവസന്പത്താണ് നാടിനെ നിലനിര്‍ത്തുന്നതെന്നും കാലാവസ്ഥയെ നിയന്ത്രിക്കുന്നതെന്നും തിരിച്ചറിയും. ഗോവ പോലെ ചെറിയൊരു സംസ്ഥാനത്ത് വലിയ തോതില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ വികസനരീതിക്ക് എന്തോ കുഴപ്പമുണ്ടെന്നർഥം.
ഗോവയില്‍ ഐ.ഐ.ടി വേണോ? ഞാന്‍ എതിരല്ല. എന്നാല്‍ അവിടെ പഠിക്കാന്‍ വരുന്നവര്‍, അവര്‍ക്കുവേണ്ട സൗകര്യങ്ങള്‍, കെട്ടിടനിര്‍മാണങ്ങള്‍, ഗതാഗതം ഇതെല്ലാം കൂടി എത്ര വരുമെന്നു നോക്കണം. സാധാരണ മനുഷ്യരെ ബാധിക്കുമോയെന്നറിയണം. അതിനുവേണ്ടിയാണ് നാം സര്‍ക്കാറിനെ തെരഞ്ഞെടുക്കുന്നത്. അവരത് ചെയ്യുന്നില്ലെങ്കില്‍ ജനങ്ങള്‍ പദ്ധതിയുടെ പ്രയോക്താക്കളെ വസ്തുതകള്‍ നിരത്തി പറഞ്ഞു മനസ്സിലാക്കണം. തീരുമാനം മാറ്റണം. ഇതാണ് ജനാധിപത്യം. പരിസ്ഥിതിയേക്കുറിച്ചോ മാതൃഭാഷയെക്കുറിച്ചോ അവബോധമില്ലെങ്കില്‍ സമൂഹത്തില്‍ നടക്കുന്ന അനീതികളെ ചോദ്യം ചെയ്യാന്‍ ആളില്ലാതാകും. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇതുതന്നെയല്ലേ?
മാധ്യമം ആഴ്ചപ്പതിപ്പിന്റെ സിൽവർ ജൂബിലി പതിപ്പുമായി ദാമോദർ മൗജോ
യാത്രകളെക്കുറിച്ചു പറയാമോ?
വൈവിധ്യമാര്‍ന്ന ജീവിതം, സംസ്കാരങ്ങള്‍, ഭാഷകള്‍. എഴുത്തുകാരനെ നിര്‍ണയിക്കുന്നതില്‍ യാത്രകള്‍ക്ക് പങ്കുണ്ട്. ഒരു പ്രക്ഷോഭം ആരംഭിക്കുന്നതിനു മുന്നേ ഇന്ത്യാ മഹാരാജ്യം മുഴുവനും സഞ്ചരിക്കാനും ജനങ്ങളെ അറിയാനും ഗാന്ധിയെ സഹായിച്ചതും യാത്രയായിരുന്നു. നമ്മുടെ വീക്ഷണം രൂപവത്കരിക്കുന്നതും പുതുക്കിപ്പണിയുന്നതും യാത്രകളാണ്. അതേക്കാള്‍ വലിയൊരു വിദ്യാഭ്യാസമില്ല.
ഇന്ത്യയിലെ പുതിയ വിദ്യാഭ്യാസ പദ്ധതികളെക്കുറിച്ച് എന്താണ് അഭിപ്രായം?
എന്തിനാണ് വിദ്യാഭ്യാസം? അറിവുള്ളവരാവാന്‍. വിദ്യാഭ്യാസം കഴിഞ്ഞിട്ടും അറിവില്ലെങ്കിലോ? നിങ്ങളില്‍നിന്ന് വ്യത്യസ്തരായ മനുഷ്യരില്‍നിന്നും നിങ്ങള്‍ പഠിക്കുന്നതാണ് വിദ്യാഭ്യാസം. പാഠപുസ്തകങ്ങള്‍ വേണം. അതിലൊതുങ്ങിയാല്‍ കാര്യമില്ല. സമസ്ഥിതി സൂക്ഷിക്കണം. കര്‍ഷകന്റെ മകന്‍ കോളജില്‍ പോയി കൃഷി ഉപേക്ഷിക്കുന്നു. കച്ചവടക്കാരന്റെ മകന് പഠനം കഴിയുന്നതോടെ ആ ജോലി മോശമാണെന്ന് തോന്നുന്നു. കൃഷിയിലുള്ള അറിവ് പാഠപുസ്തകങ്ങളിലുള്ളതിനേക്കാള്‍ മോശമാണോ? തൊഴിലിനോട് ആഭിമുഖ്യം വളര്‍ത്താന്‍ കഴിയാത്ത വിദ്യാഭ്യാസം അടിമകളെ സൃഷ്ടിക്കുമെന്ന് ഗാന്ധിയെപ്പോലുള്ളവര്‍ മുന്നറിയിപ്പ് തന്നിട്ടുണ്ട്. അടിമകളെ ആവശ്യമുള്ള വ്യവസ്ഥയില്‍നിന്ന് രക്ഷപ്പെടാന്‍ നമ്മുടെ വിദ്യാഭ്യാസ സംവിധാനം പാടെ മാറണം.
സമകാലിക ലിറ്റററി ഫെസ്റ്റിവലുകള്‍ സാംസ്കാരിക വിനിമയത്തിനു വേദിയായി മാറുന്നുണ്ടോ?
ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള എഴുത്തുകാര്‍ക്ക് ഒരുമിച്ചിരിക്കാന്‍ ഇത്തരം വേദികള്‍ സഹായിക്കും. കന്നട, മലയാളം, ഹിന്ദി എല്ലാം പരസ്പരം പരിചയപ്പെടുത്തുന്നു. സമൂഹത്തെ കൂടുതല്‍ അറിവിലേക്കും നന്മയിലേക്കും അവബോധത്തിലേക്കും ബുദ്ധിപരമായ ഉണര്‍ച്ചയിലേക്കും നയിക്കാത്ത സാഹിത്യംകൊണ്ട് എന്ത് പ്രയോജനമെന്നും നാം കൂട്ടായിരുന്ന് ആലോചിക്കണം. സമൂഹത്തെ കൂടുതല്‍ കെട്ടുറപ്പുള്ളതാക്കുന്ന സാഹിത്യമാണ് വേണ്ടതെന്നതില്‍ എഴുത്തുകാര്‍ക്ക് ഒരേ അഭിപ്രായമായിരിക്കും.
മാധ്യമം ആഴ്ചപ്പതിപ്പിന്റെ സിൽവർ ജൂബിലി ആഘോഷത്തിൽ മുഖ്യാതിഥിയായി എത്തിയ ദാമോദർ മൗജോ സംസാരിക്കുന്നു
എന്തുകൊണ്ടാണ് ഭരണകൂടത്തെ വിമര്‍ശിക്കാന്‍ എഴുത്തുകാര്‍ പൊതുവെ ഭയപ്പെടുന്നത്?
എഴുത്തിലൂടെ ശക്തമായ വിമര്‍ശനം നടത്തുന്നവര്‍ പ്രത്യക്ഷത്തില്‍ മൗനം പാലിക്കുന്നത് കണ്ടിട്ടുണ്ട്. അതൊക്കെ അവരുടെ രീതിയായി കണ്ടാല്‍ മതി. ഭരിക്കുന്നവര്‍ക്ക് എന്നെ എന്തുചെയ്യാന്‍ കഴിയും? ഏറിയാല്‍ കൊല്ലും. മരിക്കാന്‍ എന്തിന് ഭയപ്പെടണം. പ്രപഞ്ചത്തിന്റെ വലുപ്പം സങ്കൽപിച്ചു നോക്കൂ. നാം ഒന്നുമല്ലല്ലോ. സത്യസന്ധമായ ജീവിതം നയിക്കാന്‍ ശ്രമിക്കുകയെന്നതാണ് പ്രധാനം. മറ്റുള്ളവര്‍ തെറ്റാണെന്ന് പറയാന്‍ എളുപ്പമാണ്. എന്റെ ചിന്താപദ്ധതിയില്‍, പ്രവര്‍ത്തനങ്ങളില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുമെന്ന് ആലോചിക്കാനാണ് പ്രയാസം. നമ്മുടെ ചിന്തയില്‍ ഉറച്ചുപോകുന്നതാണ് വളര്‍ച്ചക്കും വികാസത്തിനും തടസ്സമാകുന്നത്.
സാംസ്കാരികത്തകര്‍ച്ചയുടെ ലക്ഷണങ്ങള്‍ കാണുന്പോഴും ഞാന്‍ ശുഭാപ്തിവിശ്വാസിയാണ്. കുറച്ചുപേരാണ് രാജ്യത്ത് പ്രശ്നങ്ങളുണ്ടാക്കുന്നത്. ഭൂരിപക്ഷത്തെ എക്കാലവും വിഡ്ഢികളാക്കാന്‍ കഴിയില്ല. ഒരിക്കല്‍ അവര്‍ സത്യം തിരിച്ചറിയും. ഭരിക്കുന്നവര്‍ക്ക് നിലപാടുകള്‍ മാറ്റേണ്ടിവരും. സമൂഹവും അതിനൊത്ത് മാറും. സര്‍ഗാത്മകതയുള്ള മനുഷ്യര്‍ ഒരുമിക്കുന്പോഴാവും അത് സാധ്യമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.